Prabodhanm Weekly

Pages

Search

2022 നവംബര്‍ 25

3278

1444 ജമാദുല്‍ അവ്വല്‍ 01

നജാത്തുല്ലാ സിദ്ദീഖി: കാലത്തെ വായിച്ച നേതാവ്

എം.ഐ അബ്ദുല്‍ അസീസ് അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള

ഡോ. മുഹമ്മദ് നജാത്തുല്ലാ സിദ്ദീഖി അല്ലാഹുവിലേക്ക് യാത്രയായി. ഇരുപതാം നൂറ്റാണ്ടില്‍ ഉടലെടുത്ത  ലോക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഭാവിയിലേക്കുള്ള സഞ്ചാര പാതയൊരുക്കുന്നതില്‍ ചിന്താപരവും പ്രായോഗികവുമായ സംഭാവനകളര്‍പ്പിച്ച നേതാക്കളിലൊരാളാണ് ഡോ. സിദ്ദീഖി.  ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ പലിശമുക്ത ഇസ്ലാമിക സാമ്പത്തിക പദ്ധതിയെ സംബന്ധിച്ചാണ് ആര്‍ക്കും ഓര്‍മവരിക. പലിശയിലും ചൂഷണത്തിലുമധിഷ്ഠിതമായ ആഗോള സാമ്പത്തിക വ്യവസ്ഥ വാഴുമ്പോള്‍ ഇസ്ലാമിന്റെ ചൂഷണമുക്തവും പലിശരഹിതവുമായ ധനപദ്ധതിക്ക് സമകാലിക ലോകത്ത് ഇത്രയും സംവാദത്തിന്റെ ഇടമൊരുക്കിയ ഗവേഷകന്‍ വേറെ ഇല്ല എന്നത് അതിശയോക്തിയല്ല.
കാലത്തോടുള്ള രചനാത്മകമായ സംവാദമാണ് പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും പ്രസക്തി നിര്‍ണയിക്കുന്നത്. പല പ്രസ്ഥാനങ്ങളും ഇതിന് സാധ്യമാകാതെ മരവിച്ചു പോയിട്ടുണ്ട്. മുക്കാല്‍ നൂറ്റാണ്ട് മുമ്പ് ജനിച്ച പ്രസ്ഥാനത്തെ, പഴയ നിലപാടുകളിലും അജണ്ടകളിലും ശാഠ്യം പുലര്‍ത്താതെ, മുന്‍ഗണനാക്രമങ്ങളില്‍ മാറ്റം വരുത്തി, പുതിയ നയങ്ങളും പ്രവര്‍ത്തന പദ്ധതികളും പരിപാടികളും ആവിഷ്‌കരിക്കാന്‍ പ്രാപ്തമാക്കിയത് ഡോ. നജാത്തുല്ലാ സിദ്ദീഖിയെ പോലുള്ളവരുടെ സാന്നിധ്യമാണ്. നിശിതമായ ആത്മവിചാരണയും അവധാനതയോടെയുള്ള തിരുത്തലുകളും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ധീരമായ ചുവടുവെപ്പുകള്‍ക്ക് ഇസ്ലാമിക പ്രസ്ഥാനത്തെ ഇതേറെ സഹായിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ നേതാക്കളോടൊപ്പം പ്രസ്ഥാനത്തിന്റെ ധൈഷണിക മുന്നേറ്റത്തിന് ആക്കം വര്‍ധിപ്പിച്ച വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു ഏറക്കാലം കേന്ദ്ര മജ്ലിസ് ശൂറായിലും കേന്ദ്ര പ്രതിനിധി സഭയിലും അംഗമായ അദ്ദേഹം. ജമാഅത്തെ ഇസ്ലാമിയുടെ വൈജ്ഞാനിക, ഗവേഷണ കേന്ദ്രമായ മര്‍ക്കസീ ദര്‍സ്ഗാഹിന്റെ ആദ്യ തലമുറയില്‍ പെട്ടവരാണ് ഡോ. എഫ്.ആര്‍ ഫരീദി, ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി, ഡോ. നജാത്തുല്ലാ സിദ്ദീഖി എന്നിവര്‍. അതിലേക്ക് ടി.കെ അബ്ദുല്ലാ സാഹിബിനെ കൂടി ചേര്‍ത്തുവെക്കുമ്പോള്‍ പുതിയ കാലത്തോട് സജീവമായി പ്രതിസ്പന്ദിക്കുന്ന ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഒരു അടരിനെ അനുഭവിക്കാനാവും.
സയ്യിദ് അബുല്‍ അഅ്ലാ മൗദൂദിയുടെ ശിഷ്യനാണ് ഡോ. നജാത്തുല്ലാ സിദ്ദീഖി. ആ ആശയധാരയെ അറിഞ്ഞുള്‍ക്കൊണ്ട അദ്ദേഹം, മൗദൂദീ ചിന്തകളിലും നിലപാടുകളിലും ഉറച്ചുനിന്ന്, അതിനെ വികസിപ്പിക്കാന്‍ ശ്രമിച്ചു. വിഭജനാനന്തര ഇന്ത്യയിലെ മുസ്ലിം സമുദായത്തിന് നല്‍കിയ കര്‍മപദ്ധതിയെ (മദ്രാസ് പ്രഭാഷണം) പുനര്‍വായിക്കാന്‍ ധൈര്യം കാണിച്ച ചിന്തകനാണ് ഡോ. നജാത്തുല്ല. അതോടൊപ്പം സൈദ്ധാന്തിക, ഗ്രന്ഥഗവേഷണങ്ങള്‍ക്കൊപ്പം ഇസ്ലാമിക പ്രസ്ഥാനത്തിന്റെ കര്‍മപഥത്തിലെ ഗവേഷണത്തിലൂടെ ഇസ്ലാമിന്റെ മാനുഷിക ദൗത്യത്തെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇന്ത്യന്‍ മുസ്ലിംകള്‍  അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ചിന്താവിഷയമായിരുന്നു. ആര്‍ത്തലച്ചുവന്ന ആധുനികത ഉല്‍പാദിപ്പിച്ച പ്രതിലോമ ആശയങ്ങളെ ഇസ്ലാമിന്റെ ബലത്തില്‍ ശങ്കയില്ലാതെ പ്രതിരോധിച്ച സയ്യിദ് മൗദൂദിക്ക് ശേഷം -വിഭജനത്തിന് ശേഷം- പുതിയ ഇന്ത്യയില്‍ ഇസ്ലാമിനെയും മുസ്ലിംകളെയും ഇസ്ലാമിക പ്രസ്ഥാനത്തെയും ചുവടുറപ്പിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമമാണ് ജമാഅത്തെ ഇസ്ലാമി മതേതര ഭാരതത്തില്‍ എന്ന പ്രൗഢമായ രചന. മുസ്ലിം ഉമ്മത്തിന്റെ അടിസ്ഥാന ദൗത്യത്തില്‍ മാറ്റമില്ലാതെ തന്നെ അതിന് അവരെ പ്രാപ്തരാക്കുന്നതില്‍ അടിയന്തരമായ ചില പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യമുണ്ട് എന്ന് അദ്ദേഹം കരുതി. നിരക്ഷരത, രോഗം, ദാരിദ്ര്യം, പട്ടിണി തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടു മാത്രമേ  ഇന്ത്യന്‍ മുസ്ലിംകളില്‍ ഇസ്ലാമിന്റെ ശരിയായ പ്രതിനിധാനവും, ഇസ്ലാമിന്റെ സത്യത എല്ലാ ജനങ്ങളിലും എത്തിക്കുകയെന്ന കര്‍ത്തവ്യത്തിന്റെ പൂര്‍ണശക്തിയോടെയുള്ള നിര്‍വഹണവും സാധ്യമാവുകയുള്ളൂ- സിദ്ദീഖിയുടെ സുചിന്തിത നിലപാടുകളിലൊന്നായിരുന്നു ഇത്. ഇന്ത്യന്‍ മുസ്ലിംകളുടെ പതിതാവസ്ഥയും, സമുദായത്തെ വ്യവസ്ഥ തന്നെ വേട്ടയാടുന്നതും അദ്ദേഹത്തെ വല്ലാതെ സ്പര്‍ശിച്ചിട്ടുണ്ട്. ഒപ്പം ക്ഷമയുടെയും സഹനത്തിന്റെയും യുക്തിദീക്ഷയുടെയും വഴിയിലൂടെ മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞിട്ടുമുണ്ട്. 
കാലത്തോടൊപ്പം പ്രസ്ഥാനത്തെ നയിക്കാനുള്ള ആവേശമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. നമ്മുടെ ചിന്തയെക്കാള്‍ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന കാലത്ത് പഴഞ്ചരാവാതിരിക്കുക എന്നത് ഇസ്ലാമിക പ്രവര്‍ത്തകര്‍ക്കും പ്രസ്ഥാനത്തിനും പ്രധാനമാണെന്ന് ഡോ. സിദ്ദീഖി എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. സ്ത്രീസമൂഹത്തോടുള്ള യാഥാസ്ഥിതിക കാഴ്ചപ്പാടിനെ അദ്ദേഹം നിരാകരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളെ അതിജീവിക്കാന്‍ സ്ത്രീസമൂഹത്തിന്റെ പങ്കാളിത്തം കൂടിയേ തീരൂ എന്നും അവരുടെ സാന്നിധ്യം ഉറപ്പുവരുത്താനും സിദ്ദീഖി നിര്‍ദേശിക്കുന്നു.
ഇന്ത്യ എന്നതിനെക്കാള്‍ ലോകം തന്നെ പ്രവര്‍ത്തനമണ്ഡലമായി കരുതിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം വളരെയധികം ഇസ്ലാമിക പ്രസ്ഥാനത്തിന് ലഭിച്ചിട്ടില്ല. അതേസമയം, ലോക ഇസ്ലാമിക സമൂഹത്തിന്റെ മുന്നോട്ടു പോക്കില്‍ വലിയ സംഭാവനകളര്‍പ്പിക്കാന്‍ വിടപറഞ്ഞ ആ ചിന്തക്ക് സാധിച്ചു. ഇന്ന് എല്ലാവരും ചര്‍ച്ചക്കെടുക്കുന്ന ഇസ്ലാമിക് ബാങ്കിംഗിനെ സംബന്ധിച്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ബാങ്കിംഗ് വിത്തൗട്ട് ഇന്ററസ്റ്റ് എന്ന ആശയം അദ്ദേഹം മുന്നോട്ട് വെച്ചു. ഇന്ന് കോടിക്കണക്കിന് ഡോളറിന്റെ ക്രയവിക്രയം നടക്കുന്ന, വളര്‍ന്നുകൊണ്ടിരിക്കുന്ന രംഗമാണ് ഇസ്ലാമിക് ബാങ്കിംഗ്. സാമ്പത്തിക വിദഗ്ധന്‍ കൂടിയായിരുന്നതുകൊണ്ടായിരിക്കണം,  ഇസ്ലാമിക ധനതത്ത്വ ചിന്തകളും പ്രയോഗവും അദ്ദേഹത്തിനൊരു വികാരമായിരുന്നു. 
ചുരുങ്ങിയ സമയമേ അദ്ദേഹത്തെ അനുഭവിക്കാനായിട്ടുള്ളൂ. വലിയൊരു പണ്ഡിതനും ഗവേഷകനും അക്കാദമീഷ്യനും വിവിധ സര്‍വകലാശാലകളിലെ അധ്യാപകനുമൊക്കെയായിരിക്കെ തന്നെ, തികഞ്ഞ ലാളിത്യവും വിനയവും വ്യക്തിത്വത്തില്‍ ആകര്‍ഷകമായ വിധത്തില്‍ സൂക്ഷിച്ചു വെച്ചിരുന്നയാളായിരുന്നു ഡോ. നജാത്തുല്ലാ സിദ്ദീഖി. ഇടപഴകുന്ന ആര്‍ക്കും അത് അനുഭവവേദ്യമാകും. പ്രസന്നമായ മുഖഭാവം, ചെറുപ്പക്കാരോടുള്ള അതിരറ്റ സ്നേഹം,  പുതിയ കാര്യങ്ങളോടുള്ള താല്‍പര്യം, നര്‍മം ചേര്‍ത്ത സംസാരം തുടങ്ങിയവ അദ്ദേഹത്തിന്റെ മാതൃകാ ഗുണങ്ങളാണ്.
അല്ലാഹു അദ്ദേഹത്തിന് ജന്നാത്തുല്‍ ഫിര്‍ദൗസ് നല്‍കി അനുഗ്രഹിക്കട്ടെ. അദ്ദേഹത്തെ പോലുള്ളവര്‍ക്കൊക്കെ പകരമായി, കൂടുതല്‍ മികച്ച വ്യക്തിത്വങ്ങളെ നമുക്ക് പ്രദാനം ചെയ്യുമാറാവട്ടെ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് -01-08
ടി.കെ ഉബൈദ്‌