ഡോ. നജാത്തുല്ലാ സിദ്ദീഖി (1931-2022) പലിശരഹിത ബാങ്കിംഗിന്റെ ശില്‍പി
ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിനാളുകള്‍ പലിശ രഹിത ബാങ്കിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കുന്നുണ്ട്. പക്ഷേ, അവരില്‍ ബഹുഭൂരിക്ഷവും അറിഞ്ഞിട്ടുണ്ടാവില്ല, ആധുനിക സമ്പദ് ശാസ്ത്രത്തെ കൂട്ടുപിടിച്ച് തങ്ങള്‍ക്ക് ഈ നേട്ടങ്ങളൊക്കെ ഉണ്ടാക്കിത്തന്ന പണ്ഡിതന്‍, 1931-ല്‍ താന്‍ ജനിച്ച വടക്കേ ഇന്ത്യയിലെ ഗോരഖ്പൂര്‍ എന്ന ഗ്രാമത്തില്‍നിന്ന് എണ്ണായിരം കിലോമീറ്റര്‍ അപ്പുറമുള്ള അമേരിക്കയിലെ സാന്‍ജോസില്‍ വെച്ച് 2022 നവംബര്‍ പതിനൊന്നിന് ഇഹലോകത്തോട് വിടവാങ്ങിയ വിവരം. അതെ, പലിശരഹിത വായ്പകള്‍ എത്തിപ്പിടിക്കുന്ന സ്വപ്‌ന സദൃശമായ പുതിയ ഉയരങ്ങള്‍ തന്നെയാണ് ഡോ. മുഹമ്മദ് നജാത്തുല്ലാ സിദ്ദീഖി അവശേഷിപ്പിക്കുന്ന പൈതൃകം. 'നജാത്ത്' എന്നാല്‍ 'മോക്ഷം' എന്നാണ് അര്‍ഥം. അതിശക്തമായ മത്സരം നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയില്‍ മൂലധനം കണ്ടെത്താനാവാതെ സാമ്പത്തികമായി ഉയരാനും വളരാനും കഴിയാതിരുന്ന ജനവിഭാഗങ്ങള്‍ക്ക് മോക്ഷത്തിന്റെയും വിജയത്തിന്റെയും പുതുവഴികള്‍ കാണിച്ചുകൊടുക്കുകയായിരുന്നു ഡോ. നജാത്തുല്ലായുടെ കൃതികള്‍. കൊളോണിയല്‍ ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ഡോ. നജാത്തുല്ല ലോകത്തെ രണ്ട് പ്രമുഖ യൂനിവേഴ്‌സിറ്റികളില്‍ (അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, സുഊദി അറേബ്യയിലെ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി) പ്രഫസറായി നിയമിതനാകുമെന്നോ, അക്കാദമിക മികവിന്റെ കൊടുമുടി എത്തിപ്പിടിക്കുമെന്നോ അന്നാരും കരുതിയിട്ടുണ്ടാവില്ല. ആഗോള വ്യാപകമായി ആയിരക്കണക്കിന് വികസന പ്രോജക്ടുകള്‍ക്ക് ധനസഹായം നല്‍കുന്ന ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് പോലുള്ള ഒരു സ്ഥാപനത്തെ വികസിപ്പിച്ചെടുക്കാന്‍, ഉയരങ്ങള്‍ തേടാന്‍ കൊതിക്കുന്ന ഒരു മുസ്‌ലിം വിദ്യാര്‍ഥിക്ക് അവസരം നല്‍കുന്നതായിരുന്നില്ല ബ്രിട്ടീഷ് ഇന്ത്യയിലെ വിദ്യാഭ്യാസ രീതി.
പക്ഷേ സ്വയം സമര്‍പ്പിതനായി, പ്രതിബദ്ധതയോടെ അദ്ദേഹം നിലയുറപ്പിച്ചു; ജനങ്ങള്‍ക്ക് പ്രയോജനപ്പെടും വിധം ആശയങ്ങളെ മൂര്‍ത്തമായ പദ്ധതികളാക്കി മാറ്റാനുള്ള ഒടുങ്ങാത്ത ആഗ്രഹത്തോടെ. ഇതിനു വേണ്ടി അദ്ദേഹം അത്യധ്വാനം ചെയ്ത് രചിച്ചത് 63 വിലപ്പെട്ട ഗ്രന്ഥങ്ങള്‍, നൂറ് കണക്കിന് പ്രബന്ധങ്ങള്‍, നടത്തിയത് ലോകമൊട്ടുക്ക് ആയിരക്കണക്കിന് പ്രഭാഷണങ്ങള്‍. ഇതിനിടയിലൂടെ അദ്ദേഹം സ്വന്തമായി രൂപകല്‍പന ചെയ്തത് നീതി, സമത്വം എന്നീ ദൈവിക തത്ത്വങ്ങളില്‍ അധിഷ്ഠിതമായ ഒരു സമ്പദ് ശാസ്ത്രത്തെ. പരക്കെ വായിക്കപ്പെട്ട അദ്ദേഹത്തിന്റെ കൃതി ബാങ്കിംഗ്, പലിശയില്ലാതെ (Banking without Interest) തന്നെയാണ്. 1983-2022 കാലയളവില്‍ ഇതിന്റെ മുപ്പത് പതിപ്പുകളാണ് പുറത്തിറങ്ങിയത്. Islam’s View on Property (1969), Recent Theories of Profit: A Critical Examination (1971), Economic Enterprise in Islam (1972), Muslim Economic Thinking (1981), Issues in Islamic Banking: Selected Papers (1983), Partnership and Profit - Sharing in Islamic Law (1985), Insurance in an Islamic Economy (1985), Teaching Economics in Islamic Perspective (1996), Role of State in Islamic Economy (1996), Dialogue in Islamic Economics (2002) എന്നിവയാണ് സാമ്പത്തിക ശാസ്ത്ര സംബന്ധമായ മറ്റു പ്രധാന കൃതികള്‍. ഇസ്‌ലാമിക പഠനത്തിനായുള്ള കിംഗ് ഫൈസല്‍ അന്താരാഷ്ട്ര പുരസ്‌കാരവും, സാമ്പത്തിക ശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ക്ക് ഷാ വലിയ്യുല്ലാഹ് അവാര്‍ഡും നേടിയിട്ടുണ്ട്.
2013-ല്‍ ഇസ്‌ലാമിക സമ്പദ് ശാസ്ത്രത്തെക്കുറിച്ച് എഴുതവെ, മാറുന്ന ലോകം നമ്മുടെ സമീപനത്തില്‍ അഞ്ച് സ്ട്രാറ്റജിക് മാറ്റങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്ന്: സാമ്പത്തിക വിശകലനത്തിന്റെ തുടക്കം കമ്പോളത്തില്‍ നിന്നാവരുത്; കുടുംബത്തില്‍ നിന്നാവണം. രണ്ട്: ഒരു സമ്പദ് ഘടനയില്‍ മുഖ്യ റോള്‍ വഹിക്കുന്നത് സഹകരണം (Co-operation) ആവണം. മത്സരത്തിന് അനുപൂരകവും ആണത്. മൂന്ന്: ധന കമ്പോളങ്ങളില്‍ കടങ്ങള്‍ക്ക് മുഖ്യ പങ്ക് ഉണ്ടാവരുത്; അനുബന്ധ പങ്കേ ഉണ്ടാകാവൂ. നാല്: ധന കൈകാര്യത്തിലോ ധന നിര്‍മിതിയിലോ പലിശക്കോ പലിശാധിഷ്ഠിത ഉപകരണങ്ങള്‍ക്കോ ക്രിയാത്മകമായ ഒരു പങ്കും വഹിക്കാനില്ലെന്ന് തിരിച്ചറിയണം. അഞ്ച്: ഇസ്‌ലാമിക സമ്പദ്ശാസ്ത്ര ചിന്തയിലേക്ക് സാദൃശ്യ ന്യായവാദ(Analogical Reasoning)ത്തിന് പകരം ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളെ വിശകലനം ചെയ്യുന്ന മഖാസിദീ ചിന്തകള്‍ കൊണ്ടുവരിക. നമുക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഈ നിര്‍ദേശങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനുതകും വിധം ചില കാര്യങ്ങള്‍ പറയാനാണ് ഉദ്ദേശിക്കുന്നത്.
ഇസ്‌ലാമിക സമ്പദ് ശാസ്ത്രത്തിലേക്ക് താന്‍ വന്നുചേര്‍ന്നതിനെക്കുറിച്ച് അദ്ദേഹം എഴുതുന്നു: ''എന്റെ ആയുസ്സിന്റെ ഒട്ടുമിക്ക സമയവും ഞാന്‍ ചെലവിട്ടത് ഇസ്‌ലാമിക സമ്പദ് ശാസ്ത്രത്തിലാണ്. സ്‌കൂളില്‍ ഞാന്‍ പഠിച്ചത് ശാസ്ത്ര വിഷയങ്ങളായിരുന്നു. പിന്നീട്, ബി.എ ഡിഗ്രി പഠനകാലത്ത് സമ്പദ് ശാസ്ത്രം, അറബിക്, ഇംഗ്ലീഷ് സാഹിത്യം എന്നീ വിഷയങ്ങളിലേക്ക് മാറി. ബി.എക്ക് ഞാന്‍ അലീഗഢില്‍ ചേര്‍ന്നത് 1949-ലായിരുന്നു. എന്റെ വായനയുടെ സ്വഭാവം എന്റെ തീരുമാനത്തെ സ്വാധീനിച്ചുകൊണ്ടിരുന്നു. കവിയും നിരൂപകനും ചിന്തകനും സ്വാതന്ത്ര്യ സമരത്തിലെ മുന്നണിപ്പോരാളികളിലൊരാളുമായ മൗലാനാ അബുല്‍ കലാം ആസാദ് (1880-1958) പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന അല്‍ ഹിലാല്‍, അല്‍ ബലാഗ് മാഗസിനുകള്‍ മുടങ്ങാതെ വായിച്ചു. അത്തബ്‌ലീഗ് പത്രവും വായിക്കുമായിരുന്നു. അങ്ങനെ ദയൂബന്ദി പണ്ഡിതനായ മൗലാനാ അശ്‌റഫ് അലി ഥാനവി (1863-1943)യുടെ ചിന്തകളാലും സ്വാധീനിക്കപ്പെട്ടു. എന്റെ കാലത്തും പ്രായത്തിലുമുള്ള പല യുവാക്കളെയും പോലെ മൗലാനാ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി(1903-1979)യുടെ കൃതികളും ഞാന്‍ പഠനവിധേയമാക്കി. തൊള്ളായിരത്തി നാല്‍പതുകളുടെ മധ്യത്തില്‍ മൗലാനാ മൗദൂദി ലഖ്‌നൗ നദ്‌വത്തുല്‍ ഉലമായില്‍ ചെയ്ത പ്രഭാഷണങ്ങളും അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിക്ക് സമര്‍പ്പിച്ച മാര്‍ഗരേഖയും (ഇവ തഅ്‌ലീമാത്ത് എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്) എന്നെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ഈ പണ്ഡിത ശ്രേഷ്ഠരുടെ സ്വാധീനഫലമായി ഞാന്‍ ശാസ്ത്ര പഠനത്തില്‍നിന്ന് പിന്മാറി. തൊഴിലായി സ്വീകരിക്കണമെന്ന് കരുതിയിരുന്ന എഞ്ചിനീയറിംഗിനോടും വിട ചൊല്ലി. അറബി പഠിക്കണം. അങ്ങനെ ഇസ്‌ലാമിക സ്രോതസ്സുകളിലേക്ക് നേരിട്ടുള്ള പ്രവേശനം സാധ്യമാകണം. എങ്ങനെ ഇസ്‌ലാമികാധ്യാപനങ്ങളും ആധുനിക ജീവിതവും ഇന്ററാക്ട് ചെയ്യുന്നുവെന്ന് കണ്ടെത്തണം. ഇതായി ചിന്ത. ഞാന്‍ എന്റെ ദൗത്യത്തില്‍ ഉറച്ചുനിന്നു. ആറു വര്‍ഷം നീണ്ട ആ പ്രയാണത്തില്‍ ഞാന്‍ റാംപൂരില്‍ ജമാഅത്ത് നടത്തിവന്നിരുന്ന സാനവി ദര്‍സ്ഗാഹിലും സറായെ മീറിലെ മദ്‌റസത്തുല്‍ ഇസ്വ്‌ലാഹിലും വന്നുചേര്‍ന്നു. ഒടുവില്‍ ഇക്കണോമിക്‌സില്‍ പി.എച്ച്.ഡി ചെയ്യാന്‍ അലീഗഢിലുമെത്തി.
റാംപൂരിലും സറായെ മീറിലും ചെലവഴിച്ച വര്‍ഷങ്ങള്‍ പണ്ഡിതന്മാരുമായുള്ള ഇടപഴക്കങ്ങളാല്‍ വളരെ സജീവമായിരുന്നു. ഖുര്‍ആന്‍, സുന്നത്ത്, തഫ്‌സീര്‍, ഫിഖ്ഹ്, ഉസ്വൂലുല്‍ ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടാണ് മിക്ക സമയങ്ങളും ഞങ്ങള്‍ കഴിച്ചുകൂട്ടിയത്. ഇതേ ആവേശത്തോടെ എന്നോടൊപ്പം ചേര്‍ന്ന എന്റെ പ്രായത്തിലുള്ള വേറെയും ചെറുപ്പക്കാരുണ്ടായിരുന്നു. അത് വലിയ പ്രചോദനമായി. സാമൂഹിക ശാസ്ത്രം, തത്ത്വചിന്ത, സമ്പദ് ശാസ്ത്രം എന്നീ വിഷയങ്ങളാണ് ഞങ്ങള്‍ തെരഞ്ഞെടുത്തത്. ആധുനിക ജീവിതത്തെ മനസ്സിലാക്കാന്‍ ഈ മൂന്ന് വിഷയങ്ങളാണ് കൂടുതല്‍ ഉതകുക എന്ന് ഞങ്ങള്‍ മനസ്സിലാക്കി. ആധുനിക വിദ്യാഭ്യാസത്തിലും പഴയ മത വിദ്യാഭ്യാസത്തിലും ഒരുപോലെ വ്യുല്‍പത്തി നേടി, ലോകത്തിന് പിഴച്ചതെന്തോ അത് നേരെയാക്കാനായി ഞങ്ങളുടെ യത്‌നം. മുന്‍ ഇന്ത്യന്‍ പ്രസിഡന്റും അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി വൈസ് ചാന്‍ലറുമായ ഡോ. സാകിര്‍ ഹുസൈന്‍ (1897-1969), ദല്‍ഹി ജാമിഅ മില്ലിയ്യയിലെ ഇക്കണോമിക്‌സ് പ്രഫസര്‍ മുഹമ്മദ് അഖീല്‍, ഹൈദരാബാദ് ഉസ്മാനിയാ യൂനിവേഴ്‌സിറ്റിയിലെ പ്രമുഖ അധ്യാപകര്‍ ഇവരെല്ലാം അന്ന് ഞങ്ങളെ നന്നായി പ്രോത്സാഹിപ്പിച്ചു.
ഞങ്ങളുടെ ലക്ഷ്യം ഇസ്‌ലാമിക ആശയങ്ങളെ സമ്പദ് ശാസ്ത്രത്തിലേക്ക് സന്നിവേശിപ്പിക്കുക എന്നതായിരുന്നു. മൂന്ന് തലങ്ങളിലായാണ് അത് നടന്നത്. ഇസ്‌ലാമിന്റെ ലോക വീക്ഷണം സാമ്പത്തിക കാര്യങ്ങളെ എങ്ങനെ അവയുടെ സമഗ്രതയിലും സാകല്യത്തിലും കാണുന്നു എന്നതിനെ സംബന്ധിച്ച പശ്ചാത്തല വിവരണം നല്‍കലാണ് ആദ്യ പടി. രണ്ടാമത്തേത്, വ്യക്തികളുടെ പെരുമാറ്റത്തിനും ധന നയത്തിനുമായി ഒരു കൂട്ടം ലക്ഷ്യങ്ങള്‍ നിര്‍ണയിച്ച് നല്‍കലാണ്. മൂന്നാമത്തേത്, അതത് സ്ഥാപനങ്ങളില്‍ മൂല്യങ്ങളും ചട്ടങ്ങളും എങ്ങനെ രൂപപ്പെടുന്നു എന്നതും.
ഇത്തരം സാമൂഹിക വിമര്‍ശങ്ങള്‍ ഒരു 'ഇസ്‌ലാമിക സമൂഹ'ത്തിന്റെ നിര്‍മിതിയിലേക്ക് വളരുമെന്ന് മൗലാനാ മൗദൂദി സമര്‍ഥിച്ചുകൊണ്ടിരുന്ന കാലമാണ്. ആ സമര്‍ഥനം എന്നെ അടിമുടി വിലയ്ക്കു വാങ്ങി എന്നു പറഞ്ഞാല്‍ മതിയല്ലോ. അന്ന് ലോകമെമ്പാടും ഇസ്‌ലാമും മുസ്‌ലിംകളും കടന്നുപോയിക്കൊണ്ടിരുന്ന അസാധാരണമായ അവസ്ഥാ വിശേഷങ്ങളും ഞങ്ങളെ സ്വാധീനിച്ചു. മൂന്ന് നൂറ്റാണ്ടുകളുടെ കോളനിഭരണത്തിനും അതിന് മുമ്പുള്ള പിന്നെയും മൂന്ന് നൂറ്റാണ്ട് കാലത്തെ ബൗദ്ധിക മരവിപ്പിനും പിന്നാക്കാവസ്ഥക്കും ശേഷം ഇസ്‌ലാം ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണെന്ന പ്രതീക്ഷ! തൊള്ളായിരത്തി മുപ്പതുകളിലെ മഹാ മാന്ദ്യം മുതലാളിത്തത്തിന്റെ ഇരുണ്ട വശങ്ങള്‍ തുറന്നു കാട്ടാന്‍ പര്യാപ്തമായിരുന്നു. റഷ്യന്‍ സ്‌പോണ്‍സേഡ് സോഷ്യലിസത്തിനും അനുഭാവികളെ കിട്ടിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണ്. ആര്‍ക്കും ബോധ്യമാവും വിധം അവതരിപ്പിച്ചാല്‍ ഇസ്‌ലാമിനും ഒരു ചാന്‍സുണ്ട് എന്ന് ഞങ്ങള്‍ ചിന്തിച്ചു.''
മഖാസ്വിദുശ്ശരീഅയും
സമ്പദ് ശാസ്ത്രവും
മഖാസ്വിദുശ്ശരീഅ / ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളെക്കുറിച്ച് ഡോ. നജാത്തുല്ലാ സിദ്ദീഖി ഒരു മുഴു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. ഇമാം ഗസാലിയും പൂര്‍വകാല പണ്ഡിതന്മാരും അഞ്ച് കാറ്റഗറികളായിട്ടാണ് ഈ പഠനശാഖയുടെ ലക്ഷ്യങ്ങളെ ഇനം തിരിക്കുന്നത് (മതം/ആദര്‍ശം, ജീവന്‍, സന്താനം, ബുദ്ധി, ധനം എന്നിവയുടെ സംരക്ഷണം). ഈ അഞ്ചിനപ്പുറം പോകാന്‍ പാടില്ല എന്ന് ശഠിക്കുന്നവരോട് അദ്ദേഹം വിയോജിച്ചു. മറ്റു പല ലക്ഷ്യങ്ങളും ഇതില്‍ വരേണ്ടതുണ്ടെന്ന് അദ്ദേഹം വാദിച്ചു. മനുഷ്യന്റെ അന്തസ്സ്, മൗലികാവകാശങ്ങള്‍, നീതി, സമത്വം, ദാരിദ്ര്യ നിര്‍മാര്‍ജനം, എല്ലാവര്‍ക്കും ഉപജീവന മാര്‍ഗങ്ങള്‍, സാമൂഹിക നീതി, ഭീമമായ ധനിക-ദരിദ്ര അന്തരം ഇല്ലാതാക്കല്‍, സുരക്ഷയും സമാധാനവും, ഘടനയുടെ സംരക്ഷണം, ലോകതലത്തില്‍ സഹകരണം- ഇങ്ങനെ എത്രയും ലക്ഷ്യങ്ങള്‍ ഇതിലേക്ക് എഴുതിച്ചേര്‍ക്കാവുന്നതാണ്. തന്റെ വാദങ്ങള്‍ക്ക് ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും അദ്ദേഹം തെളിവുകള്‍ നിരത്തുന്നുമുണ്ട്.
ഈ പുസ്തകത്തില്‍ അദ്ദേഹം മഖാസ്വിദുശ്ശരീഅ എന്ന ആശയത്തിന്റെ ചരിത്രം അവലോകനം ചെയ്യുന്നുണ്ട്. ശരീഅ ലക്ഷ്യങ്ങള്‍ എന്ന ആശയം ഇസ്‌ലാമിക ചരിത്രത്തിന്റെ തുടക്കം മുതല്‍ തന്നെ നിലനിന്നിരുന്നതായി അദ്ദേഹം കണ്ടെത്തുന്നു. ഇമാം ജുവൈനി(മരണം 478/1085)യാണ് മഖാസ്വിദുശ്ശരീഅ എന്ന പ്രയോഗം ആദ്യമായി നടത്തിയത്. അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇമാം ഗസാലി(മരണം 505/1111)യാണ് അതിനെ അഞ്ചായി ഇനം തിരിച്ചത്. ഇബ്‌നു തൈമിയ്യ(മരണം 728/1328) സന്താന സംരക്ഷണത്തിന്റെ സ്ഥാനത്ത്, അന്തസ്സിന്റെയും അഭിമാനത്തിന്റെയും സംരക്ഷണം പകരം വെച്ചു. അരുതാത്തത് സംഭവിക്കാതിരിക്കാനുള്ള പ്രതിരോധത്തിലും സംരക്ഷണത്തിലും അത് പരിമിതമാകരുതെന്നും, സമൂഹത്തിന് സദ്ഫലങ്ങള്‍ നല്‍കുന്ന മേഖലകളിലേക്ക് കൂടി അത് വികസിക്കണമെന്നും ഇബ്‌നു തൈമിയ്യ വാദിച്ചു. ഏതായാലും ഇനങ്ങള്‍ അഞ്ചില്‍ ഒതുക്കാന്‍ കഴിയില്ല. ഇബ്‌നു തൈമിയ്യയുടെ ശിഷ്യന്‍ ഇബ്‌നുല്‍ ഖയ്യിം ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളില്‍ നീതിയുടെ നിര്‍വഹണം കൂടി ഉള്‍പ്പെടുത്തി. ഡോ. സിദ്ദീഖി തന്റെ പുസ്തകത്തില്‍ ഇമാം ശാത്വിബി (മരണം 790/1389), ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി (മരണം 1172/1763) എന്നിവരുടെ അഭിപ്രായങ്ങള്‍ മാത്രമല്ല, പുതിയ കാല മഖാസ്വിദീ ചിന്തകളെയും പരിശോധിക്കുന്നുണ്ട്.
തന്റെ മൂന്ന് പുത്രന്മാരും രണ്ട് പുത്രിമാരും ചുറ്റും നില്‍ക്കെ 91-ാം വയസ്സില്‍ അന്ത്യശ്വാസം വലിച്ച ഡോ. നജാത്തുല്ലാ സിദ്ദീഖി, അപൂര്‍വം പേര്‍ മാത്രം കൈവരിക്കുന്ന നേട്ടങ്ങളുമായാണ് വിടവാങ്ങുന്നത്. മില്യന്‍ കണക്കിനാളുകളെ സാമ്പത്തിക സുസ്ഥിതിയിലേക്ക് കൊണ്ടുപോയ ഈ പുണ്യ പ്രവൃത്തിക്ക് തന്റെ രക്ഷിതാവിങ്കല്‍ അദ്ദേഹം പ്രതിഫലം ഉറപ്പാക്കിക്കഴിഞ്ഞു. മൂലധനമില്ലാതെ പുറമ്പോക്കിലേക്ക് തള്ളിമാറ്റപ്പെട്ടിരുന്ന ജനവിഭാഗങ്ങള്‍ സുസ്ഥിരമായ സാമ്പത്തിക ജീവിതം കെട്ടിപ്പടുക്കുന്നതാണ് നമുക്ക് കാണാനായത്. ദൈവിക നീതിസങ്കല്‍പത്തെ ഒരു അനുഭവ യാഥാര്‍ഥ്യമായി പരിവര്‍ത്തിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിക ബാങ്കിംഗിനെക്കുറിച്ച് അദ്ദേഹം പഠനം തുടങ്ങുമ്പോള്‍ ഇസ്‌ലാമിക തത്ത്വങ്ങളെ ആസ്പദിച്ചുള്ള ഒരു സ്ഥാപനവും അന്നുണ്ടായിരുന്നില്ല. ഇന്നുള്ളത് അഞ്ഞൂറിലധികം ഇസ്‌ലാമിക ബാങ്കുകള്‍; ആയിരക്കണക്കിന് പലിശ രഹിത സാമ്പത്തിക സ്ഥാപനങ്ങള്‍! അദ്ദേഹത്തിന്റെ പൈതൃകം ഇവിടെ അവശേഷിക്കും; ലോകത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ഗുണഫലങ്ങള്‍ നല്‍കിക്കൊണ്ട്. തന്റെ കൃതികള്‍ അദ്ദേഹത്തെ ഒരു ഇതിഹാസമാക്കി മാറ്റിയിരിക്കുന്നു. വരുംതലമുറ അദ്ദേഹത്തെ വളരെ ന്യായമായും 'ആധുനിക ഇസ്‌ലാമിക ബാങ്കിംഗിന്റെ ഭാവി' എന്ന് വിശേഷിപ്പിക്കാതിരിക്കില്ല. അദ്ദേഹത്തിന്റെ സഹോദര പുത്രനും അമേരിക്കയിലെ ഇല്ലിനോയിസില്‍ മീഡിയ സ്റ്റഡീസ് പ്രഫസറുമായ ഡോ. അഹ്മദുല്ലാ സിദ്ദീഖി പറഞ്ഞു: ''ആ വിയോഗം ഒരു കുടുംബത്തിന്റെ നഷ്ടമല്ല; അമ്മാവന്‍ നജാത്തുല്ലായെ പ്രചോദന സ്രോതസ്സായി കണ്ടിരുന്ന ഒരു തലമുറക്കുണ്ടായ നഷ്ടമാണ്.''
പഠനം, അക്കാദമിക പുരസ്‌കാരങ്ങള്‍
- ഇസ്‌ലാമിക പഠനങ്ങള്‍ക്കായുള്ള ഫൈസല്‍ അവാര്‍ഡ് (1982).
- അമേരിക്കന്‍ ഫിനാന്‍സ് അവാര്‍ഡ് (1993).
- അലീഗഢില്‍നിന്ന് ഇക്കണോമിക്‌സില്‍ പി.എച്ച്.ഡി (1966).
- റാംപൂരിലെ അറബിക്-ഇസ്‌ലാമിക പഠനം (1954).
അധ്യാപനവും മറ്റു ചുമതലകളും
- ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയില്‍ സാമ്പത്തിക ശാസ്ത്രം വിഭാഗം പ്രഫസര്‍ (1978 മുതല്‍).
- അലീഗഢ് യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക പഠന വിഭാഗം പ്രഫസര്‍ 1977-1978 (1978 മുതല്‍ 1983 വരെ അലീഗഢില്‍ നിന്ന് ലീവെടുക്കുന്നു).
- 1975-'76 വരെ അലീഗഢില്‍ ഇക്കണോമിക്‌സ് റീഡര്‍.
- 1961 മുതല്‍ 1974 വരെ അലീഗഢില്‍ ഇക്കണോമിക്‌സ് അസി. പ്രഫസര്‍.
- അലീഗഢ് യൂനിവേഴ്‌സിറ്റി, മക്കയിലെ ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റി, നൈജീരിയയിലെ സൊകോട്ടോ (Sokoto) യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിരവധി പി.എച്ച്.ഡി പ്രബന്ധങ്ങള്‍ക്ക് മേല്‍നോട്ടം.
എഡിറ്റോറിയല്‍/ ഉപദേശക സ്ഥാനങ്ങള്‍
- കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി പ്രസിദ്ധീകരിക്കുന്ന ഇസ്‌ലാമിക് ഇക്കണോമിക്‌സ് മാഗസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം (1983 മുതല്‍).
- യു.കെ ലെസ്റ്ററില്‍ പ്രസിദ്ധീകരിക്കുന്ന 'റിവ്യൂ ഓഫ് ഇസ്‌ലാമിക് ഇക്കണോമിക്‌സി'ന്റെ ഇന്റര്‍നാഷ്‌നല്‍ ബോര്‍ഡ് അംഗം. അവിടത്തെ ഇന്റര്‍നാഷ്‌നല്‍ അസോസിയേഷന്‍ ഓഫ് ഇസ്‌ലാമിക് ഇക്കണോമിക്‌സിലും അംഗം.
- ഇസ്‌ലാമിക് ഇക്കണോമിക് സ്റ്റഡീസ്, ഇസ്‌ലാമിക് റിസര്‍ച്ച് & ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ജിദ്ദയിലെ ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് എന്നിവയില്‍ അംഗം.
- ബഹ്‌റൈനിലെ AAOIF (Accounting and Auditing Organization for Islamic Financial Institutions)ല്‍ അംഗം (1999).
- ഇന്തോനേഷ്യയിലെ IQTISAD Journal of Islamic Journal എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം (1999).
- അമേരിക്കയിലെ ദി അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ഇസ്‌ലാമിക് സോഷ്യല്‍ സയന്‍സസിലെ എഡിറ്റോറിയല്‍ ഉപദേശക സമിതി അംഗം (1985 മുതല്‍ 1991 വരെ).
- കനഡയിലെ ടൊറണ്ടോയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന Humanomics-ന്റെ എഡിറ്റോറിയല്‍ ഉപദേശക സമിതി അംഗം (1985 മുതല്‍).
Comments