വാചാ കൃഷ്ണനും കര്‍മണാ കംസനും
പ്രതിവിചാരം /
'മനയ്ക്കലെ പാറുക്കുട്ടി' ഒരു ആനയാണ് എന്ന് പോലുമറിയാതെയാണ് പല എട്ട്കാലി മമ്മൂഞ്ഞികളും 'സംഗതി അറിഞ്ഞോ, അത് ഞമ്മളാണ്' എന്ന് പറഞ്ഞ് സകല ഗര്‍ഭങ്ങളും ഏറ്റെടുക്കുന്നത്. ഉദാഹരണത്തിന്, പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ജനിച്ചത് ബ്രിട്ടനിലാണ്. അച്ഛന്റെ ജന്മദേശം കെനിയ. അമ്മയും അമ്മൂമ്മയും ജനിച്ചത് താന്‍സാനിയയില്‍. താവഴിയിലും പിതൃവഴിയിലുമുള്ള മുത്തച്ഛന്മാര്‍ സ്വാതന്ത്ര്യ പൂര്‍വ പഞ്ചാബില്‍ നിന്ന് 1930-കളില്‍ ആഫ്രിക്കയിലേക്കു കുടിയേറിയവരാണ്. ആയിടം അവിഭക്ത ഇന്ത്യയിലായതിനാല്‍ അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന നേരിയ ജനിതക വേരാണ് സുനകിനുള്ളത്. എന്നാലും യുനൈറ്റഡ് കിങ്ഡം ഇപ്പോള്‍ ഭരിക്കുന്നത് 'ഭാരതീയ'നാണ്. കാരണം, പേരിലൊരു ഋഷി ഉണ്ട്. ലോകാഃ സമസ്താഃ സുഖിനോ ഭവന്തുപ്പെടാന്‍ ലണ്ടനില്‍ ഗോപൂജ നടത്തി ആരതി ഉഴിഞ്ഞ ആളാണ്. ഇസ്ലാം വെറുപ്പില്‍ മോദിക്ക് സമാസമനാണ്. 'ബ്രിട്ടനെ ഇസ്ലാമിക തീവ്രവാദികളും ചൈനീസ് ഡ്രാഗണും ചേര്‍ന്ന് ഇല്ലാതാക്കുന്നു എന്നത് ആ രാജ്യത്തെ ജനങ്ങളെ ആശങ്കയിലാക്കുന്നു. അതുകൊണ്ടാണ് ഇക്കാര്യം ഋഷി തെരഞ്ഞെടുപ്പു വിഷയമാക്കിയത്. ഇതുതന്നെയാണ് മോദിയും ഉയര്‍ത്തിപ്പിടിക്കുന്നത്' (കേസരി 12-8-2022).
ധൃതരാഷ്ട്രാലിംഗന ന്യായ പ്രകാരം ലോകം മുഴുവന്‍ വൃന്ദാവനവും ലോകരെല്ലാം വസുധൈവകുടുംബാംഗങ്ങളുമാണ് ഇവര്‍ക്ക്. ''മേരെ പ്യാരേ ദേശ് വാസിയോം! പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ സേക്രഡ് ഇന്ത്യന്‍ ഗാലറി എന്ന പേരില്‍ ഒരു ആര്‍ട്ട് ഗാലറിയുണ്ട്. ആസ്ത്രേലിയക്കാരിയായ ജഗത് താരിണി 'ജി'യാണത് പണികഴിപ്പിച്ചത്. 13 വര്‍ഷം നമ്മുടെ വൃന്ദാവനത്തില്‍ വന്നു താമസിച്ച അവര്‍ ആസ്ത്രേലിയയില്‍ മടങ്ങിയെത്തി, അവിടെ വൃന്ദാവനം നിര്‍മിച്ചു. ഒരു കലാരൂപത്തില്‍ കൃഷ്ണ ഭഗവാന്‍ തന്റെ ചെറുവിരലില്‍ ഗോവര്‍ധന പര്‍വതത്തെ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്നു. അതിനടിയില്‍ വൃന്ദാവനത്തിലെ ജനങ്ങള്‍ അഭയം തേടിയിരിക്കുന്നു.'' (മന്‍ കീ ബാത്ത് - നരേന്ദ്ര മോദി 28 -11- 2021). വാഷിങ്ടണ്‍ ജങ്ഷനിലെ കമല മുതല്‍ ലണ്ടന്‍ താഴെത്തെരുവിലുള്ള ഋഷി വരെ വസുധൈവ കുടുംബത്തിലെ വിശിഷ്ടാംഗങ്ങളാകുന്നത് അങ്ങനെയാണ്. ലോകം തന്നെയാണ് കുടുംബം എന്നാണ് 'വസുധൈവ കുടുംബക'ത്തിന്റെ സാരം. മഹാ ഉപനിഷത്തിലെ ഈ വാക്യം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പ്രവേശന ഹാളിലും കൊത്തിവച്ചിട്ടുണ്ട്. കോവിഡ് വാക്‌സിനു പോലും ഈ 'കുടുംബക' ബന്ധമുണ്ട്! 'വസുധൈവ കുടുംബകം എന്ന കാഴ്ചപ്പാടില്‍ ഉള്ളതും വാക്സിന്‍ ലഭ്യതയുടെ കാര്യത്തില്‍ ആരും പിന്നിലാകില്ല എന്ന് ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നതുമാണ് ഇന്ത്യയുടെ 'വാക്സിന്‍ മൈത്രി' നയം' (എസ്. ജയശങ്കര്‍ - ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി - ഏപ്രില്‍ 14, 2021) എന്ന് പറഞ്ഞത് സാക്ഷാല്‍ വിദേശകാര്യ മന്ത്രി തന്നെയാണ്. 'ഭാരതത്തിന്റെ പരമ്പരാഗത സമീപനം ലോകത്തെ ഒരു കുടുംബമായി കാണുന്നതാണ്. വസുധൈവ കുടുംബകം എന്ന വൈദിക പാരമ്പര്യത്തോട് അത് ബന്ധപ്പെട്ടിരിക്കുന്നു' എന്നാണ് 2014-ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞത്. അങ്ങനെ സംഘ് പരിവാര്‍ നിര്‍മിച്ചെടുത്ത ഇന്ത്യയുടെ 'വിശ്വഗുരു'ത്വാകര്‍ഷണ വലയം ബ്രഹ്മത്തോളം വികസിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, വാചാ കൃഷ്ണനും കര്‍മണാ കംസനും എന്നതാണ് ഇക്കാര്യത്തിലും ഹിന്ദുത്വയുടെ ലൈന്‍. അഥവാ, ചൊല്ലില്‍ ആസകലത്വവും ചെയ്ത്തില്‍ ആട്ടിയകറ്റലുമാണ് 'വസുധൈവകുടുംബ'ത്തിലെ നടപ്പുരീതി.
എല്ലാം ഒറ്റയിലൊതുക്കിയും ചിലരെ ഒറ്റപ്പെടുത്തിയുമുള്ളതാണ് ഈ കുടുംബക സംവിധാനം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ഒരു രാജ്യം ഒരു ഭാഷ; ഒരു രാജ്യം ഒരു ഭക്ഷണം; ഒരു രാജ്യം ഒരു സിവില്‍ കോഡ് തുടങ്ങി ഒട്ടനേകം 'ഒരു'കള്‍ക്ക് വേണ്ടി അണിയറയില്‍ ഒരുക്കങ്ങള്‍ നടത്തിവരികയാണ്. ഏറ്റവുമൊടുവില്‍ ജി-20 യുടെ 2023-ലെ അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തപ്പോഴും പ്രസ്തുത ഏകകം കടന്നു വന്നു. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' (One Earth, One Family, One Future) എന്നതാണ് 2023-ല്‍ ദില്ലി പ്രഗതി മൈതാനിയില്‍ ചേരാന്‍ പോകുന്ന ജി 20 ഉച്ചകോടിയുടെ പ്രമേയം. ''ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ്' എന്ന ഊര്‍ജ വിപ്ലവത്തിന് ഇന്ത്യ നേതൃത്വം നല്‍കി. ഒരു ഭൂമി, ഒരു ആരോഗ്യം എന്ന ആഗോള ആരോഗ്യ സംരംഭത്തെ ഇന്ത്യ ശക്തിപ്പെടുത്തി. ഇനി ജി 20-യുടെ തീം ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നായിരിക്കും. ലോകത്തോടുള്ള ഇന്ത്യയുടെ കാരുണ്യത്തിന്റെ അടയാളമാണ് 'വസുധൈവ കുടുംബകം''. (ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി; 'ജി-20 മന്ത്ര' പ്രഖ്യാപിച്ച് പ്രധാനമന്ത്രി - മാധ്യമം 9-11-2022). പാറിത്തെറിച്ച വംശത്വത്തിന്റെ പേരില്‍ ഋഷി സുനക് ഭാരതപുത്രനാവുന്നതും ഭാരതത്തിന്റെ സ്വന്തം മരുമകള്‍ സോണിയാ ഗാന്ധി ഇറ്റലിക്കാരി മദാമ്മയാകുന്നതുമാണ് ഈ ഏകകത്തിന്റെ രസതന്ത്രം. ''ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങള്‍ തീര്‍ച്ചയായും ഒന്നുകില്‍ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദു മതത്തോടുള്ള ആദരവ് നിലനിര്‍ത്താനും ബഹുമാനിക്കാനും പഠിക്കണം. അല്ലെങ്കില്‍ യാതൊന്നും അവകാശപ്പെടാതെയും യാതൊരു സവിശേഷ അവകാശങ്ങള്‍ക്കും അര്‍ഹരാവാതെയും ആനുകൂല്യങ്ങളോ പൗരാവകാശങ്ങള്‍ പോലുമോ ഇല്ലാതെ ഹിന്ദു രാജ്യത്തിന് സമ്പൂര്‍ണമായി കീഴടങ്ങിക്കൊണ്ട് വേണമെങ്കില്‍ ഈ രാജ്യത്ത് ജീവിക്കാം'' (ഗോള്‍വാള്‍ക്കര്‍) എന്നതാണ് ഭീകരമായ ആ ഏകകത്തിന്റെ പ്രചോദകം! ഇതേ ഗോള്‍വാള്‍ക്കറാണ് തന്റെ രാഷ്ട്രീയ ഗുരുവെന്നു തുറന്നു പ്രഖ്യാപിച്ചയാളാണ് നമ്മുടെ പ്രധാനമന്ത്രി.
ആരെയും അകറ്റിനിര്‍ത്താതെ, പലതുകള്‍ ചേര്‍ത്തുവെച്ചു ഒരു വലിയ ഒന്ന് ഉണ്ടാക്കിയവരാണ് ഗാന്ധി, നെഹ്‌റു, അബുല്‍ കലാം ആസാദ് തുടങ്ങിയ ഭാരത ശില്‍പികള്‍. ആ ബഹുസ്വരതയെ തകര്‍ത്തുകൊണ്ടാണ് ഇന്ത്യയെ ഹിന്ദു എന്ന ഏകകത്തിലേക്ക് ചുരുക്കുകയും ആ ഏകകം രൂപകല്‍പന ചെയ്ത ആഭ്യന്തര ശത്രുക്കളെ വസുധൈവ കുടുംബത്തിന്റെ പുറമ്പോക്കിലൊതുക്കുകയും ചെയ്യുന്നത്. എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നും അനുശാസിച്ച ശ്രീ നാരായണ ഗുരുവിനെ പോലും ഈ 'ഏകക'ത്തിന്റെ ഭാഗമാക്കി തെറ്റിയെഴുതിയിരിക്കുന്നു. ''ഏകം സത് വിപ്രാ ബഹുധാ വദന്തി' എന്ന ഉപനിഷത് വാക്യത്തിന്റെ പച്ച മലയാളത്തിലുണ്ടായ ഏറ്റവും സുന്ദരമായ വ്യാഖ്യാനമാണ് 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്നത്. ഇത് ഒരു ഹിന്ദു സന്യാസിക്ക് മാത്രമേ പറയാന്‍ കഴിയൂ. ഒരു സെമിറ്റിക് മതാചാര്യനും എല്ലാ മതവും തുല്യമാണ് എന്നു പറയാന്‍ കഴിയില്ല.'' (മാര്‍ക്സിസ്റ്റ് മൗലവിമാരുടെ ഹാലിളക്കം - കേസരി 6-5-2022) എന്നതാണ് ഈ തെറ്റെഴുത്ത്. 'ദൈവം ഒന്നാണ്. പക്ഷേ അതേക്കുറിച്ച് പഠിച്ചവര്‍, പലതരത്തിലാണ് ദൈവത്തെ വിവരിക്കുന്നത്' എന്നര്‍ഥമുള്ള 'ഏകം സത് വിപ്രാ' 2019-ല്‍ യു.എ.ഇയില്‍ ചേര്‍ന്ന ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍) സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായെത്തിയ സുഷമാ സ്വരാജും ഇസ്ലാമിനെ പുകഴ്ത്താന്‍ കാച്ചിയിരുന്നു എന്നതാണ് രസകരം.
താമരയാണ് ഈ ഹിന്ദുത്വ ഏകകത്തിന്റെ പ്രതീകം. കാഴ്ചയില്‍ ഒരു നനുത്ത മലര്! ഭരിക്കുന്ന പാര്‍ട്ടിയുടെ ചിഹ്നം എന്നത് മാത്രമല്ല താമരയുടെ പ്രസക്തി. മഹാലക്ഷ്മിയുടെ ഇരിപ്പിടമാണ് താമര. സാക്ഷാല്‍ ബ്രഹ്മാവിന്റെ സൃഷ്ടി നടന്നതും താമരയിലാണ്! ''ബ്രഹ്മം താമര ഇലയില്‍ പുരുഷരൂപമായ ബ്രഹ്മാവിനെ സൃഷ്ടിച്ചു. ബ്രഹ്മാവ് ഓംകാരത്തെ സൃഷ്ടിച്ചു. ഓംകാരം പ്രപഞ്ചത്തെ സൃഷ്ടിച്ചു'' (ഗോപഥബ്രാഹ്മണം) എന്നാണ് പ്രമാണം. ജി-20 ഉച്ചകോടി 2023-ന്റെ ലോഗോ താമരയായതും യാദൃഛികമല്ല. ബി.ജെ.പി പതാകയിലെ നിറങ്ങളും താമരയില്‍ ലോകം ഇരിക്കുന്നതുപോലെയുള്ള ലോഗോയുമാണ് ജി-20യ്ക്ക് വേണ്ടി രൂപകല്‍പന ചെയ്തിരിക്കുന്നത്. 'ജി-20 ലോഗോയിലെ താമര ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെയും ഏകലോക വിശ്വാസത്തിന്റെയും പ്രതീകമാണ്.' (ജന്മഭൂമി 9-11-2022) എന്നാണ് പ്രധാനമന്ത്രി തന്നെ ഇതേക്കുറിച്ചു പറഞ്ഞത്. എന്നാല്‍, പൂ പോലെ നിര്‍മലമല്ല കാര്യങ്ങള്‍. താമര ഒരു പ്രതീകവും രൂപകവുമാണ്. സൈന്യത്തെ താമരയുടെ ആകൃതിയില്‍ അണിനിരത്തുന്നതിനാണ് പത്മവ്യൂഹം എന്ന് പറയുക. കൂമ്പടയുവാന്‍ തുടങ്ങുന്ന ഒരു താമരയുടെ രൂപത്തിലുള്ളതാണ് മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്ന ഈ സേനാവ്യൂഹം. ലക്ഷ്യത്തിലെത്തും തോറും താമരയുടെ ഉള്ളിലേക്കുള്ള പ്രവേശനം ചെറുതായി വരുന്ന രീതിയിലുള്ള പടനീക്കം. കരിവണ്ട് എപ്രകാരം അടഞ്ഞുപോയ താമരയുടെ ഉള്ളില്‍ പെടുന്നുവോ അപ്രകാരം എതിരാളിയെ ബന്ധനസ്ഥനാക്കുന്ന യുദ്ധതന്ത്രം. താമരയോട് ചേര്‍ന്ന് നില്‍ക്കുന്ന പരമശിവന്റെ സത്വ, രജ, തമോ ഗുണങ്ങളുടെ പ്രതീകമായ ത്രിശൂലത്തിന്റേതാണ് അടുത്ത ഊഴം. ഒന്നും യാദൃഛികമല്ല. 'ആദിപരാശക്തി' ശ്രീ പാര്‍വതിയുടെ കൈകളില്‍ ത്രിശൂലവും താമരയുമുണ്ട്. അനിഷ്ടക്കാരെയും അനഭിമതരെയും നൈസായി ഒതുക്കുന്നതിനു വേണ്ടിയാണ് ഇത്തരം രൂപകങ്ങള്‍ നിര്‍മിക്കപ്പെടുന്നത്.
''നമ്മുടെ രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന വിപത്തിനെ നാം നേരിടേണ്ടത് ധാര്‍മികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും താത്ത്വികവും ചരിത്രപരവുമായി നമുക്കുള്ള സ്രോതസ്സുകള്‍ ഉപയോഗിച്ചാണ്. ആധുനിക ദേശീയത 19-ാം നൂറ്റാണ്ടില്‍ യൂറോപ്പിലാണ് ആരംഭിക്കുന്നത്. ഒരു ഭാഷ, ഒരു മതം, ഒരു ശത്രു എന്ന പ്രമാണത്തെ അടിസ്ഥാനമാക്കിയായിരുന്നു അത്.'' (ബംഗളൂരുവില്‍ പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കവെ, കസ്റ്റഡിയിലെടുക്കപ്പെടുന്നതിന്റെ തലേന്ന് ചരിത്രകാരനായ രാമചന്ദ്ര ഗുഹ നടത്തിയ പ്രഭാഷണത്തില്‍ നിന്ന് - 21 ഡിസംബര്‍ 2019).
Comments