സഹോദരികള്‍ക്കു വേ@ി ജീവിച്ച ജാബിര്‍
ചരിത്രം
ശത്രുക്കളുമായുള്ള പോരാട്ടത്തില്‍ തന്റെ പിതാവ് അബ്ദുല്ല രക്തസാക്ഷിയായ വിവരം ജാബിറി(റ)നെ ദുഃഖാകുലനാക്കി. പിതാവിന്റെ സംരക്ഷണത്തിലായിരുന്ന തന്റെ കുഞ്ഞു സഹോദരികളെ പ്രതി വല്ലാത്ത ആലോചനയിലായി. ഇനി അവര്‍ക്ക് തണലേകേണ്ടത് യുവാവായ തന്റെ ബാധ്യതയാണ്. യൗവനത്തിന്റെ ചാപല്യങ്ങള്‍ക്ക് അടിപ്പെട്ട് നീങ്ങുന്ന ജീവിതമായിരുന്നില്ല ജാബിറിന്റേത്. ആകസ്മിക സംഭവങ്ങള്‍ മനുഷ്യനെ അമ്പരപ്പിലാക്കുക സ്വാഭാവികമാണ്. തന്റെ സ്വര്‍ഗ പ്രവേശനത്തിനായുള്ള കവാടങ്ങള്‍ തുറക്കപ്പെട്ടിരിക്കയാണെന്ന ബോധ്യം അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചു. പെണ്‍കുട്ടികളെ നന്നായി പോറ്റിവളര്‍ത്തുന്നവന്‍ സ്വര്‍ഗത്തിലാണെന്ന ലോക മഹാഗുരുവും തന്റെ ജീവിത ശിക്ഷകനുമായ പ്രവാചകന്റെ തിരുമൊഴി അദ്ദേഹം ഓര്‍ത്തെടുത്തു. അത് മനസ്സിനെ പുളകമണിയിച്ചു. സ്വര്‍ഗം പൂകാന്‍ സര്‍വശക്തന്‍ അവസരം നല്‍കിയതില്‍ കൃതജ്ഞനായി.
തന്റെയും സഹോദരികളുടെയും ജീവിതയാത്ര സുഗമമായി മുന്നോട്ട് നീങ്ങാന്‍ വിവാഹം അത്യാവശ്യമാണ്. യൗവനത്തില്‍ കഴിയുന്ന ജാബിര്‍ ഒരു മധ്യവയസ്‌കയെ ജീവിത പങ്കാളിയായി വരിച്ചു. വിവാഹാനന്തരം ജാബിര്‍ പ്രവാചക സന്നിധിയിലെത്തിയപ്പോള്‍ അവിടുന്ന് ചോദിച്ചു: 'നിന്നെക്കാള്‍ പ്രായമുള്ള ഒരു സ്ത്രീയെ നീ ജീവിത പങ്കാളിയാക്കിയതായി അറിഞ്ഞു. നീ സല്ലപിക്കുകയും നിന്നോട് സല്ലപിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരി കന്യകയെ കല്യാണം ചെയ്തുകൂടായിരുന്നോ?'
'പ്രവാചകരേ, ചെറുപ്രായത്തിലുള്ള സഹോദരികളെ വിട്ടേച്ചുകൊണ്ടാണ് പിതാവ് രക്തസാക്ഷിയായത്. ഞാനാണെങ്കില്‍ അവരെ അതിയായി സ്‌നേഹിക്കുന്നു.... ഞാന്‍ ഒരു യുവതിയെ തെരഞ്ഞെടുത്താല്‍ അവളും അവരും സമപ്രായക്കാരായിരിക്കും. അപ്പോള്‍ അവരുടെ പരിചരണവും ശിക്ഷണവും എങ്ങനെ നടക്കും? അവരുടെ നിത്യജീവിതത്തിലെ ആവശ്യങ്ങളും മേല്‍നോട്ടവും ആരു നിര്‍വഹിക്കും? പ്രവാചകരേ, എന്റെ കുഞ്ഞു സഹോദരികളുടെ നന്മക്കായി തന്റേടവും കാര്യപ്രാപ്തിയുമുള്ള ഒരു സ്ത്രീയെ ജീവിത സഖിയായി തെരഞ്ഞെടുക്കുന്നതാണ് അനുയോജ്യമെന്ന് ഞാന്‍ ചിന്തിച്ചു. അവള്‍ അവരോട് സ്‌നേഹത്തോടെ പെരുമാറുകയും അവരുടെ ദൈനംദിന കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം ചെയ്തുകൊടുക്കുകയും ചെയ്യുമല്ലോ. അതിലൂടെ അവരോടുള്ള ചില ബാധ്യതകളെങ്കിലും പൂര്‍ത്തീകരിക്കാന്‍ കഴിയുമല്ലോ.'
ജാബിറിന്റെ മറുപടി ശ്രദ്ധാപൂര്‍വം കേട്ട പ്രവാചകന്റെ മുഖം സന്തോഷാധിക്യത്താല്‍ വെട്ടിത്തിളങ്ങി.
(റോഷന്‍ സിതാരെ എന്ന കൃതിയില്‍ നിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുര്‍റശീദ്, അന്തമാന്‍)
Comments