പ്രവാചകനെ അനുസരിക്കുന്നതിന്റെയും പിന്തുടരുന്നതിന്റെയും വിവക്ഷ
മൗലാനാ ഹാഫിസ് മുഹമ്മദ് അസ്‌ലം ജിറാജ്പൂരി*യുടെ തഅ്‌ലീമാതെ ഖുര്‍ആന്‍ (ഖുര്‍ആന്റെ അധ്യാപനങ്ങള്‍) എന്ന പുസ്തകത്തെ നിരൂപണം ചെയ്യുന്നതാണ് ഈ ലേഖനം.
ഗ്രന്ഥകര്‍ത്താവ് പ്രവാചകത്വത്തെ കുറിച്ച വിധികള്‍ വിശദീകരിച്ചുകൊണ്ട് പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ എന്നെ സംബന്ധിച്ചേടത്തോളം തദ്വിഷയകമായി ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന സങ്കല്‍പവുമായി ഒത്തുപോകുന്നതല്ല. പുസ്തകത്തിന്റെ 59-ാം പേജില്‍ മാന്യ ഗ്രന്ഥകാരന്‍ എഴുതുന്നു: ''അടിസ്ഥാന നിയമം അല്ലാഹുവിന്റെ വേദഗ്രന്ഥം മാത്രമാകുന്നു.''
''നിങ്ങളുടെ നാഥങ്കല്‍നിന്ന് നിങ്ങള്‍ക്ക് ഇറക്കപ്പെട്ടതിനെ പിന്തുടരുക. അതല്ലാത്ത ഒരു രക്ഷാകര്‍ത്താക്കളെയും നിങ്ങള്‍ പിന്തുടരരുത്'' (അല്‍ അഅ്‌റാഫ് 3). ''ഇതര നിയമങ്ങളെല്ലാം ഇതിന്റെ തന്നെ വെളിച്ചത്തില്‍ പരസ്പര കൂടിയാലോചനയിലൂടെ നിര്‍മിക്കേണ്ടതാണ്.''
''അവരുടെ ഭരണം പരസ്പര കൂടിയാലോചനയിലൂടെയാണ് നിര്‍വഹിക്കപ്പെടുക'' (ശൂറാ 38).
ഇവിടെ ഗ്രന്ഥകാരന്‍ ഇടക്ക് പ്രവാചകന്റെ മാതൃക (ഉസ്‌വത്തുര്‍റസൂല്‍) തീര്‍ത്തും എടുത്തുമാറ്റി തുടച്ചു വൃത്തിയാക്കിയിരിക്കുകയാണ്. വിശുദ്ധ ഖുര്‍ആനില്‍നിന്ന് അടിസ്ഥാന പ്രമാണങ്ങള്‍ സ്വീകരിച്ച് പരസ്പരം കൂടിയാലോചനയിലൂടെ മൗലിക നിയമങ്ങള്‍ നിര്‍മിക്കേണ്ടതാണ്. എന്നാല്‍, ഈ രണ്ട് കണ്ണികള്‍ക്കിടയില്‍ അല്ലാഹു ഈ ശൃംഖലയില്‍ കോര്‍ത്തുവെച്ച മറ്റൊരു കണ്ണി കൂടിയുണ്ട്. അതിതാണ്: ''നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുന്നതാണ്'' (ആലു ഇംറാന്‍ 31).
അടിസ്ഥാന നിയമങ്ങള്‍ ഖുര്‍ആന്‍ തന്നെയാണെന്നതില്‍ യാതൊരു സംശയവുമില്ല. പക്ഷേ, ഈ നിയമം യാതൊരു മാധ്യമവുമില്ലാതെയല്ല നമുക്ക് അയച്ചുതന്നിട്ടുള്ളത്. ദൈവദൂതനിലൂടെയാണ് ദൈവം അത് നമുക്ക് എത്തിച്ചു തന്നിട്ടുള്ളത്. റസൂലിനെ ഇടയിലൊരു മാധ്യമമാക്കിയിട്ടുള്ളത് തന്റെയും തന്റെ സമുദായത്തിന്റെയും കര്‍മജീവിതത്തില്‍ അവ നടപ്പാക്കിക്കൊണ്ട് ഒരു മാതൃക സമര്‍പ്പിക്കാനും, ദൈവദത്തമായ ഉള്‍ക്കാഴ്ചയിലൂടെ ഈ അടിസ്ഥാന നിയമങ്ങള്‍ നമ്മുടെ സാമൂഹിക ജീവിതത്തിലും വ്യക്തിപരമായ വ്യവഹാരങ്ങളിലും നടപ്പാക്കാനാവാശ്യമായ രീതികള്‍ നിര്‍ണയിച്ചു തരാനുമാണ്. ചുരുക്കത്തില്‍, ഖുര്‍ആന്റെ ദൃഷ്ടിയില്‍ ആദ്യം അല്ലാഹു അയച്ചുതന്ന നിയമം, പിന്നീട് പ്രവാചകന്‍ വിവരിച്ചുതന്ന രീതി, തുടര്‍ന്ന് അവ രണ്ടിന്റെയും വെളിച്ചത്തില്‍ അധികാരികളുടെ ഗവേഷണം (ഇജ്തിഹാദ്)- ഇതാണ് ശരിയായ രൂപമാതൃക.
''നിങ്ങള്‍ അല്ലാഹുവിനെയും പ്രവാചകനെയും നിങ്ങളുടെ അധികാരസ്ഥരെയും അനുസരിക്കുക. ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കമുണ്ടായാല്‍ അത് അല്ലാഹുവിലേക്കും ദൈവദൂതനിലേക്കും മടക്കുക'' (അന്നിസാഅ് 59).
'അത് അല്ലാഹുവിലേക്കും ദൈവദൂതനിലേക്കും മടക്കുക' എന്ന വാക്യം പ്രത്യേകം ചിന്തനീയമത്രെ. നിയമ (ശറഈ) വിഷയങ്ങളില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തര്‍ക്കവും ഭിന്നതയും ഉടലെടുക്കുമ്പോള്‍ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടങ്ങുക എന്നതാണ് വിധി. ആധികാരിക റഫറന്‍സ് ഖുര്‍ആന്‍ മാത്രമാണെങ്കില്‍ 'അത് അല്ലാഹുവിലേക്ക് മടക്കുക' എന്ന് മാത്രം പറഞ്ഞാല്‍ മതിയാകുമായിരുന്നു. എന്നാല്‍, അതോടൊപ്പം 'റസൂലിലേക്കും മടക്കുക' എന്ന് പറഞ്ഞപ്പോള്‍ ഖുര്‍ആന് ശേഷം ദൈവദൂതന്റെ കര്‍മരീതി നിങ്ങളുടെ ആധികാരിക റഫറന്‍സാണ് എന്നത്രെ അതിന്റെ വ്യക്തമായ സൂചന.
ഇതിനു ശേഷം ഗ്രന്ഥകര്‍ത്താവ് 128-ാം പേജില്‍ ഇങ്ങനെ എഴുതുന്നു: ''സന്ദേശമെത്തിക്കുക എന്നതല്ലാതെ യാതൊരു ബാധ്യതയും ദൈവദൂതനില്ല'' (അല്‍മാഇദ 99). ''വ്യക്തമായ സന്ദേശം എത്തിക്കുകയല്ലാതെ നമുക്ക് ഒരു ബാധ്യതയുമില്ല'' (യാസീന്‍ 17).
മുന്നോട്ടുപോയി, 155-ാം പേജില്‍ എഴുതുന്നു: പ്രവാചകത്വ പദവിയുടെ അടിസ്ഥാനത്തില്‍ റസൂലിന്റെ കടമ ദൈവിക സന്ദേശം ജനങ്ങള്‍ക്ക് എത്തിക്കുക എന്നത് മാത്രമാകുന്നു: ''നിനക്ക് സന്ദേശമെത്തിക്കുക എന്നതല്ലാതെ ഒരു കടമയുമില്ല'' (അശ്ശൂറാ 48). ''നിങ്ങള്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ നമ്മുടെ വ്യക്തമായ സന്ദേശം നല്‍കുകയല്ലാതെ മറ്റൊരു കടമയും നമ്മുടെ ദൂതനില്ല'' (അത്തഗാബുന്‍ 12). ''സന്ദേശമെത്തിക്കുക മാത്രമേ നിനക്ക് ചുമതലയുള്ളൂ; വിചാരണ നടത്തേണ്ട ചുമതല നമുക്കും'' (അര്‍റഅ്ദ് 40).
പശ്ചാത്തലത്തില്‍ വായിക്കുമ്പോള്‍
ഗ്രന്ഥകാരന്‍ ഇവിടെ ഖുര്‍ആന്‍ സൂക്തങ്ങളുടെ പശ്ചാത്തലവും സന്ദര്‍ഭവും വാക്യങ്ങളുടെ കഴമ്പും അവഗണിച്ച് റസൂലിന്റെ പദവിയെ കുറിച്ച് (നഊദു ബില്ലാഹ്) ഒരു തപാല്‍ ശിപായി എന്നോണമാണ് വിവരിക്കുന്നത്. എന്നാല്‍, ഈ വാചകങ്ങള്‍ അവ വന്നിട്ടുള്ള സാക്ഷാല്‍ പശ്ചാത്തലത്തില്‍ വെച്ചു വായിക്കുകയാണെങ്കില്‍ യഥാര്‍ഥത്തില്‍ എന്താണ് അവയുടെ വിവക്ഷയെന്ന് ഗ്രന്ഥകാരന് സ്വയം തന്നെ മനസ്സിലാകുമായിരുന്നു. നബിയില്‍ വിശ്വസിക്കുന്നവരുമായല്ല, നബിയെ നിഷേധിക്കുന്നവരുമായാണ് ഇതിനു ബന്ധം; റസൂലിന്റെ അധ്യാപനങ്ങള്‍ സ്വീകരിക്കാന്‍ തയാറാകാത്തവരുമായി; തുടരെത്തുടരെ നബിയെ തള്ളിപ്പറയുന്നവരുമായി. റസൂലിന്റെ ദൗത്യം നിങ്ങള്‍ക്ക് നമ്മുടെ സന്ദേശം എത്തിച്ചു തരല്‍ മാത്രമാണെന്നും അതദ്ദേഹം എത്തിച്ചു തന്നു കഴിഞ്ഞുവെന്നും അവരോടാണ് പറഞ്ഞത്. ''ഞങ്ങളുടെ അടുക്കല്‍ ഒരു പ്രവാചകനും വന്നിട്ടില്ലെന്ന് പറയാന്‍ നിങ്ങള്‍ക്ക് സാധ്യമല്ല. ഞങ്ങളുടെ അടുക്കല്‍ സന്തോഷവാര്‍ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ല'' (അല്‍മാഇദ 19). ഇനി അല്ലാഹുവിനെതിരില്‍ നിങ്ങള്‍ക്ക് യാതൊരു ന്യായവും പറയാനില്ല. ''പ്രവാചകന്മാരുടെ ആഗമനാനന്തരം അല്ലാഹുവിനെതിരെ ജനത്തിന് യാതൊരു ന്യായവും ഇല്ലാതിരിക്കാന്‍'' (അന്നിസാഅ് 165). ''ഇനി നിങ്ങള്‍ അംഗീകരിക്കാത്ത പക്ഷം നിങ്ങള്‍ സ്വയം പിഴച്ചു. അതിനു ശേഷം നിങ്ങളിലാരെങ്കിലും നിഷേധിച്ചാല്‍ അവന്‍ നേര്‍വഴിയില്‍നിന്ന് വ്യതിചലിച്ചു'' (അല്‍മാഇദ 12). അവിശ്വാസികള്‍ മുഖം തിരിച്ചുകളയുന്നതില്‍ നിനക്ക് എന്തിന് മനഃസ്താപമുണ്ടാകണം എന്ന് ഇതോടനുബന്ധിച്ച് ദൈവദൂതനോടും പറയുകയുണ്ടായി. താങ്കള്‍ക്ക് അവരുടെ മേല്‍ യാതൊരു ഉത്തരവാദിത്വവുമില്ല. താങ്കള്‍ ചെയ്യേണ്ട സേവനം അവരുടെ മുന്നില്‍ ശരിയായ പാത കാണിച്ചുകൊടുക്കുക മാത്രമാകുന്നു. അത് താങ്കള്‍ നിര്‍വഹിച്ചുകഴിഞ്ഞു. ഇനി അവര്‍ ആ വഴിക്ക് വന്നോ, ഇല്ലേ എന്നതിനെ സംബന്ധിച്ചേടത്തോളം അതിന്റെ ബാധ്യത താങ്കള്‍ക്കില്ല. അവരെ പിടിച്ചു വലിച്ചു ഈ വഴിക്ക് കൊണ്ടുവരേണ്ട ജോലി താങ്കള്‍ക്കില്ല. അവര്‍ താങ്കളുടെ സന്ദേശത്തില്‍നിന്നും അധ്യാപനങ്ങളില്‍നിന്നും മുഖം തിരിച്ച് അബദ്ധ മാര്‍ഗങ്ങളില്‍ ചരിക്കുന്ന പക്ഷം അതിനെക്കുറിച്ച് താങ്കള്‍ വിചാരണ ചെയ്യപ്പെടുകയില്ല. ''ഇനി അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം, അവരുടെ കാവലാളായി താങ്കളെ നാം നിയോഗിച്ചിട്ടില്ല. എത്തിച്ചു കൊടുക്കല്‍ മാത്രമേ താങ്കള്‍ക്ക് ബാധ്യതയുള്ളൂ'' (അശ്ശൂറാ 48). ''അവരെ ഉദ്‌ബോധിപ്പിക്കുക. ഒരു ഉദ്‌ബോധകന്‍ മാത്രമാകുന്നു താങ്കള്‍. അവരുടെ മേല്‍ അധികാരം വാഴുന്നവനല്ല'' (അല്‍ഗാശിയ 21,22).
ഇതെല്ലാം തന്നെ സത്യനിഷേധികള്‍ക്കെതിരെയാണ്. ഇനി ഇസ്‌ലാം സ്വീകരിക്കുകയും മുസ്‌ലിം സമുദായത്തിനകത്ത് കടന്നുവരികയും ചെയ്തവരെ സംബന്ധിച്ചേടത്തോളം ദൈവദൂതന്റെ അവസ്ഥ വെറും സന്ദേശമെത്തിക്കുന്നവന്റേതല്ല. പ്രത്യുത, ദൈവദൂതന്‍ അവരെ സംബന്ധിച്ചേടത്തോളം ഒരു അധ്യാപകനും ശിക്ഷകനും കൂടിയാകുന്നു. അവര്‍ക്ക് അദ്ദേഹം ഇസ്‌ലാമിക ജീവിതത്തിന്റെ മാതൃകയും, എക്കാലത്തേക്കും ചോദ്യം കൂടാതെ അനുസരിക്കേണ്ട അമീറും കൂടിയാകുന്നു. അധ്യാപകന്‍ എന്ന നിലയില്‍ റസൂലിന്റെ ദൗത്യം ദൈവിക സന്ദേശത്തിന്റെ അധ്യാപനങ്ങളും അതിന്റെ നിയമങ്ങളുടെ വിശദീകരണങ്ങളും വിവരണങ്ങളും നല്‍കലുമാണ്. ''അവര്‍ക്ക് അവന്‍ വേദവും തത്ത്വജ്ഞാനവും പഠിപ്പിച്ചു കൊടുക്കുന്നു'' (അല്‍ബഖറ 129).
ഖുര്‍ആനികാധ്യാപനങ്ങള്‍ക്കും നിയമങ്ങള്‍ക്കുമനുസരിച്ച് മുസ്‌ലിംകള്‍ക്ക് ശിക്ഷണം നല്‍കുകയും അവരുടെ ജീവിതം അതേ മൂശയില്‍ വാര്‍ത്തെടുക്കുകയും ചെയ്യുക എന്നതാണ് ശിക്ഷകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ദൗത്യം (വയുസക്കീഹിം). സ്വയം ഖുര്‍ആനികാധ്യാപനങ്ങളുടെ കര്‍മപരമായ മൂര്‍ത്ത രൂപം കാണിക്കുക എന്നതാണ് മാതൃകയാവുക എന്നതിന്റെ വിവക്ഷ. അങ്ങനെ, ഒരു മുസ്‌ലിമിന്റെ ജീവിതം അല്ലാഹുവിന്റെ വേദത്തിന്റെ ഉദ്ദേശ്യമനുസരിച്ച് എങ്ങനെയാവണമോ, ശരിക്കും അതുപോലെ സ്വന്തം ജീവിതം വരച്ചു കാണിക്കാനാണ് നബിയോട് ആവശ്യപ്പെടുന്നത്. തിരുമേനിയുടെ ഓരോ വാക്കും ഓരോ പ്രവൃത്തിയും കണ്ടിട്ടു വേണം ഒരു മുസ്‌ലിമിന് താന്‍ എങ്ങനെ സംസാരിക്കണമെന്നും എങ്ങനെ പ്രവര്‍ത്തിക്കണമെന്നും മനസ്സിലാക്കാന്‍. ഈ ലോകത്ത് അങ്ങനെ ജീവിക്കുമ്പോഴാണ് അവന്റെ ജീവിതം അല്ലാഹുവിന്റെ വേദത്തിനനുസരിച്ചാകുന്നത്. അതിന് എതിരാകുമ്പോഴാണ് വേദഗ്രന്ഥത്തിന് അത് എതിരാകുന്നത്. ''നിങ്ങള്‍ക്ക് ദൈവദൂതനില്‍ ഉത്തമ മാതൃകയുണ്ട്'' (അല്‍ അഹ്‌സാബ് 21). ''അദ്ദേഹം ദേഹേഛക്ക് വഴങ്ങി സംസാരിക്കുകയില്ല. അദ്ദേഹം സംസാരിക്കുന്നത് അല്ലാഹുവിന്റെ വെളിപാട് മാത്രമാകുന്നു'' (അന്നജ്മ് 3,4). ഇതോടെല്ലാമൊപ്പം മുസ്‌ലിംകളുടെ അമീര്‍ (നേതാവ്) എന്ന ഒരു പദവി കൂടി പ്രവാചകനുണ്ട്. വഴക്കടിക്കാനുള്ള അമീറല്ല; ഖുര്‍ആനിലെ സൂക്തങ്ങള്‍ അംഗീകരിക്കല്‍ എങ്ങനെ ബാധ്യതയാണോ അതുപോലെ, ഏതൊരു കല്‍പനയും ചോദ്യം ചെയ്യാതെ അപ്പടി അനുസരിക്കല്‍ നിര്‍ബന്ധമായ നേതാവ്. ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കമുണ്ടായാല്‍ 'നിങ്ങള്‍ അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുക' (അന്നിസാഅ് 59). ''ആരെങ്കിലും ദൈവദൂതനെ അനുസരിച്ചാല്‍ അവന്‍ അല്ലാഹുവിനെ അനുസരിച്ചു'' (അന്നിസാഅ് 80). അദ്ദേഹം നമ്മുടെ ജീവിതകാലത്തെ മാത്രം നേതാവല്ല; അന്ത്യനാള്‍ വരെ മുഴുവന്‍ മുസ്‌ലിം സമൂഹത്തിന്റെയും നേതാവാണ്. അദ്ദേഹത്തിന്റെ കല്‍പനകള്‍ മുസ്‌ലിംകള്‍ക്ക് എല്ലാ കാലത്തും, ഏതവസ്ഥയിലും നിര്‍ബന്ധമാണ്. എന്തുകൊണ്ടെന്നാല്‍, ഖുര്‍ആനില്‍നിന്നുള്ള ഏതെല്ലാം സൂക്തങ്ങളാണോ മുകളില്‍ സമര്‍പ്പിച്ചിട്ടുള്ളത് അവയൊന്നും തന്നെ ഏതെങ്കിലും ഒരു പ്രത്യേക കാലത്തേക്ക് മാത്രം ബാധകമായതല്ല; ദുര്‍ബലമാക്കപ്പെട്ടതുമല്ല.
(തുടരും)
വിവ: വി.എ.കെ
* മൗലാനാ അസ്‌ലം ജിറാജ്പൂരി (1882- 1955) അലീഗഢ് യൂനിവേഴ്‌സിറ്റിയുടെയും ജാമിഅ മില്ലയ്യയിലെയും അറബി -ഫാര്‍സി ഭാഷാധ്യാപകനായിരുന്നു. ഹദീസിന്റെ പ്രാമാണികതയെ ചോദ്യം ചെയ്ത മതപണ്ഡിതനായിരുന്നു അദ്ദേഹം- വിവര്‍ത്തകന്‍.
Comments