കപ്പിത്താന്‍ കീഴടക്കിയ അറിവിന്റെ തീരങ്ങള്‍
മാസപ്പിറവി നിര്‍ണയ വിവാദവുമായി ബന്ധപ്പെട്ടാണ് മണിക്ഫാന്‍ എന്ന പേര് ശ്രദ്ധിക്കപ്പെടുന്നത്. ഹിലാലിന്റെ ഗണിതശാസ്ത്രം മുന്‍നിര്‍ത്തി നിരവധി കുറിപ്പുകളും കത്തുകളും അദ്ദേഹം പത്രപ്രസിദ്ധീകരണങ്ങളില്‍ എഴുതിയിരുന്നു. ആ നിലക്ക് തന്നെയാണ് മൂന്നര പതിറ്റാണ്ട് മുമ്പ് നേരില്‍ കാണാന്‍ അവസരം കൈവന്നതും. ഗോളശാസ്ത്രവും ഗണിതശാസ്ത്രവും പഠിച്ച സാത്വികനായ ഉസ്താദ് എന്നേ ആദ്യകാലങ്ങളില്‍ തോന്നിയിരുന്നുള്ളൂ. മറ്റെന്തൊക്കെയോ കൂടി ചേര്‍ന്നതാണ് ആ ഉസ്താദ് എന്ന് ക്രമേണ മനസ്സിലായി. ഇതിനിടെയാണ് സദ്‌റുദ്ദീന്‍ വാഴക്കാട് രചിച്ച കണ്ടുപിടുത്തങ്ങളുടെ കപ്പിത്താന്‍ എന്ന പുസ്തകം ശ്രദ്ധയില്‍ പെടുന്നത്. അലി മണിക്ഫാന്റെ ജീവിതം പറയുന്ന പ്രസ്തുത കൃതി അറിവിന്റെ പുതിയ ആകാശവും ഭൂമിയും കാണിച്ചു തരുന്നു. ഉള്ളടക്ക ഭദ്രതകൊണ്ടും രചനാ വൈഭവത്താലും പ്രശംസനീയമായ ഈ കൃതി കേവലം ജീവിത കഥനം എന്നതിനപ്പുറം കടന്നുചെല്ലുന്നുണ്ട്.
സ്വപരിശ്രമത്താല്‍ പലതും കണ്ടെത്തിയ ആളാണ് അലി മണിക്ഫാന്‍. എന്നാല്‍, ആ കണ്ടുപിടിത്തക്കാരനെ മറ്റൊരു ശാസ്ത്രജ്ഞന്‍ കണ്ടുപിടിക്കുകയായിരുന്നുവത്രെ. കൗതുകകരമായ ആ രഹസ്യം അനാവരണം ചെയ്താണ് രചയിതാവ് മുഖവാക്ക് ആരംഭിക്കുന്നത്. മിനിക്കോയി ദ്വീപിലെ കുടിലില്‍ കഴിയുന്ന, ഒട്ടും മോടിയില്ലാത്ത കൃശഗാത്രം പൊതിഞ്ഞുവെച്ചിരിക്കുന്ന മസ്തിഷ്‌കത്തിന്റെ അല്‍ഭുതകരമായ സിദ്ധിവൈഭവം കണ്ടറിയുന്നത് ഡോ. ജോണ്‍സനാണ്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ സാധൂകരിക്കുന്നവയാണ് തുടര്‍ന്നുള്ള ഓരോ അധ്യായവും. അറിവിന്റെ തീരം തേടി ഏതെല്ലാം ചാലുകളിലൂടെയാണ് ആ മനുഷ്യന്‍ തന്റെ അന്വേഷണ കപ്പല്‍ ഓടിച്ചു പോയിരിക്കുന്നത്! സമാന സ്വഭാവമുള്ള ഒന്നോ രണ്ടോ വിഷയങ്ങളില്‍ അവഗാഹം നേടുന്നവര്‍ വിരളമല്ല. പല വിഷയങ്ങളില്‍ സാമാന്യ അറിവ് ആര്‍ജിച്ച പലരെയും കാണാം. എന്നാല്‍, ധ്രുവാന്തരമുള്ള വിഷയങ്ങളുടെ അതോറിറ്റി ആകാന്‍ കഴിയുക എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വം തന്നെ. ഒരിടത്തും ഒതുക്കി നിര്‍ത്താനാവാത്ത പ്രകൃതം.
സദാ സഞ്ചാരത്തിലും പഠനത്തിലുമാണ് ജീവിതം. ദ്വീപിലെ ഏറ്റവും കുലീന വിഭാഗത്തില്‍ ജാതനായതിനാല്‍ ഒരു ജോലിയും ചെയ്യാതെ കഴിഞ്ഞുകൂടാന്‍ വകയുണ്ടായിട്ടും ഗുമസ്തപ്പണി മുതല്‍ മെക്കാനിക്ക് വരെ പല പല തൊഴിലും ചെയ്തു നോക്കിയ അനുഭവങ്ങളുടെ പട്ടിക തന്നെയുണ്ട് പുസ്തകത്തില്‍. ഇത്തരക്കാര്‍ക്ക് നാട്ടുമ്പുറ മനഃശാസ്ത്രമനുസരിച്ച് പെണ്ണ് കെട്ടിച്ചു കൊടുക്കാന്‍ വരെ വിസമ്മതിക്കും. പിടിച്ചിടത്ത് നില്‍ക്കാത്തവന്‍ എന്ന് ചാപ്പ കുത്തി അസ്പൃശ്യത കല്‍പിക്കാന്‍ നോക്കും. അത്തരം മനസ്സുകളുടെ ശക്തിയും ചൈതന്യവും തിരിച്ചറിയാന്‍ ജോണ്‍സുമാര്‍ തന്നെ വേണ്ടിവരും. അലി മണിക്ഫാന്‍ മുറാദ് ഗണ്ടവറു അലി മണിക്ഫാനിലേക്ക് നീണ്ടുനിവര്‍ന്ന് ഇതുവരെ കേള്‍ക്കാത്ത കഥ പറഞ്ഞു തുടങ്ങുകയാണ്; ഭൂമിയെക്കുറിച്ചും സൂര്യചന്ദ്രന്‍മാരെക്കുറിച്ചും നക്ഷത്രജാലങ്ങളെക്കുറിച്ചുമുള്ള കഥകള്‍. അതില്‍ ശാസ്ത്രമുണ്ട്, മതമുണ്ട്, ദര്‍ശനമുണ്ട്. തന്നെക്കുറിച്ചും തന്റെ കുടുംബ ജാതിയെ കുറിച്ചും നാട്ടുകാരെക്കുറിച്ചും പറയുന്നുണ്ട്; വ്യക്തമായ കാഴ്ചപ്പാടോടെ. ആത്മപ്രശംസയോ അത്യുക്തിയുടെ ധാരാളിത്തമോ അനുഭവപ്പെടാതെ കേവല പ്രസ്താവന പോലെ അതങ്ങനെ വായിച്ചു പോകാം. ആദ്യമായി മോട്ടോര്‍ വാഹനം ഓടിച്ച ആള്‍ എങ്ങനെയാണ് ഡ്രൈവിംഗ് പഠിച്ചത് എന്ന ചിരകാല സംശയത്തിന് അറുതിയാവുന്നുണ്ട് മണിക്ഫാന്റെ കാറു വാങ്ങിയ കഥ.
കപ്പല്‍ നിര്‍മാണമായാലും കാര്‍ അസംബ്ലിംഗായാലും കൃഷിയായാലും ആടുവളര്‍ത്തലായാലും ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക്, ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക്. കരയില്‍ നിന്ന് കടലിലേക്കും അവിടെ നിന്ന് ആകാശത്തേക്കും കണ്ണ് പായിച്ച് ഉന്‍മാദം കൊള്ളുന്ന ഗവേഷകന്‍. ഭൗതിക ശാസ്ത്രം, ജീവശാസ്ത്രം, ഗോളശാസ്ത്രം, സമുദ്രശാസ്ത്രം അങ്ങനെ പലതും നന്നായി വഴങ്ങുന്ന പ്രകൃതത്തിനുടമ. അതിന്റെയൊക്കെ വിജയ രഹസ്യം അറിവ് നേടൂ എന്ന ആഹ്വാനം മാത്രം. പ്രേരക ശക്തിയാകട്ടെ പരിശുദ്ധ ഖുര്‍ആനും. അതേ പ്രേരകം തന്നെയാണ് മാസപ്പിറവി വിഷയത്തിലും സ്വാധീനിച്ചത്. ലോകാടിസ്ഥാനത്തില്‍ മുസ്‌ലിം ഉമ്മത്തിനെ സാധ്യമാവും വിധം ഏകീകരിക്കുക എന്ന പോസിറ്റീവ് സമീപനം അവതരിപ്പിക്കുമ്പോള്‍ ഒരു മത, കര്‍മശാസ്ത്ര പക്ഷപാതി എന്ന നിലവിട്ട് പ്രഫഷനല്‍ അസ്‌ട്രോണമറുടെയും ജ്യോഗ്രഫറുടെയുമൊക്കെ തലത്തിലേക്ക് ഉയരുന്നത് കാണാം. ഖിബ്‌ലക്ക് കിഴക്കും പടിഞ്ഞാറും നിന്ന് ഒരേ സമയം പിറകോട്ട് നീങ്ങിയാല്‍ ഒടുവില്‍ ഇരുകൂട്ടരുടെയും പിന്‍ ഭാഗങ്ങള്‍ കൂട്ടിമുട്ടുന്ന ഒരു സ്ഥാനത്തെത്തുമെന്നും അവിടെയാണ് അന്താരാഷ്ട്ര സമയരേഖ എന്നുമുള്ള വിവരണം സാധാരണക്കാര്‍ക്കു പോലും ഗ്രാഹ്യമായ രീതിയില്‍ വലിയൊരു സിദ്ധാന്തം പഠിപ്പിച്ചു തരികയാണ്. ചുറ്റുവട്ടം നോക്കാതെ ആടുകൃഷി നടത്തിയ കാരണം തരിശായിപ്പോയ നിലം ഏറ്റെടുത്ത് അതേ കൃഷി നടത്താനും പച്ചപിടിപ്പിക്കാനും മണിക്ഫാന്‍ എന്ന കലര്‍പ്പില്ലാത്ത പരിസ്ഥിതി ശാസ്ത്രജ്ഞനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. ഔപചാരിക വിദ്യാഭ്യാസവും ബിരുദവും ഉണ്ടായിരുന്നുവെങ്കില്‍ പി.എച്ച്.ഡിയും പോസ്റ്റ് ഡോക്ടറല്‍ ഡോക്ടറേറ്റുമൊക്കെ എന്നോ നേടിയിട്ടുണ്ടായേനേ. പക്ഷേ, അത്തരം മുദ്രകളോ അവാര്‍ഡുകളോ ഒന്നും ആ വലിയ മനുഷ്യനെ സ്വാധീനിച്ചില്ല. ജാടയും പത്രാസും അതിനൊത്ത ലിബാസുമില്ലാതെ അംഗീകാരത്തിന്റെ കൊടുമുടിയിലെത്തിയ ഈ സാധാരണക്കാരന്‍ ഏറെ അസാധാരണത്വമുള്ള വലിയ അറിവാളന്‍ തന്നെ, സംശയമില്ല. സാധനയും സിദ്ധിവിശേഷവും ഒത്തിണങ്ങിയ ആ സപര്യയെ വായനാക്ഷമത നഷ്ടപ്പെടാതെ ഗ്രന്ഥകര്‍ത്താവ് അവതരിപ്പിച്ചിരിക്കുന്നു. ലക്ഷദ്വീപിനെക്കുറിച്ച് ഗ്രന്ഥകാരന്റെ വകയായി കൊടുത്ത അനുബന്ധ വിവരങ്ങള്‍ സാദാ വായനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്പെടും.
അലി മണിക്ഫാന്‍
കണ്ടുപിടുത്തങ്ങളുടെ കപ്പിത്താന്‍
സദ്‌റുദ്ദീന്‍ വാഴക്കാട്
പേജ്: 272, പ്രസാ: ബി.എസ്.എം ട്രസ്റ്റ്, എലാങ്കോട് പി.ഒ, പാനൂര്‍, തലശ്ശേരി
(സൗജന്യ വിതരണം, വാട്‌സാപ്പ് നമ്പര്‍: 9744615434)
Comments