ബോസ്നിയയുടെ വികാരമായി അലി ഇസ്സത്ത് ബെഗോവിച്ച്
യാത്ര /
ബോസ്നിയയില്‍ നിന്ന് മടങ്ങുന്നതിനു മുമ്പെ അലിയാ അലി ഇസ്സത്ത് ബെഗോവിച്ചിന്റെ ഖബ്‌റില്‍ പോയി ഒരു സലാം പറയാന്‍ ബാക്കിയുണ്ട്. ഞാന്‍ താമസിച്ച അദ്നാന്റെ ഹോട്ടലിനെ കുറിച്ച് ചെറിയൊരു മതിപ്പ് തോന്നിയത് ഈ ആവശ്യത്തിനായി പുറത്തിറങ്ങിയപ്പോഴാണ്. ഇന്റര്‍നെറ്റില്‍ കണ്ട ഹോട്ടലിന്റെ ചിത്രവും താരതമ്യേന കുറഞ്ഞ നിരക്കും നോക്കി ബുക്ക് ചെയ്തതുകൊണ്ട് പറ്റിയ വലിയ അക്കിടികളിലൊന്നായിരുന്നു, മിഹിര്‍വോദ് എന്ന നഗരപ്രാന്തത്തില്‍ ഒരു ഹൗസിംഗ് കോളനിക്കു നടുവിലുള്ള ആ ഹോട്ടല്‍. ഗൂഗിള്‍ മാപ്പ് തുറന്നാല്‍ താഴെ ബസ്‌കാര്‍ഷ്യയില്‍ നിന്നാണ് ബെഗോവിച്ച് സ്മാരകത്തിലേക്ക് വഴി കാണിക്കുന്നത്. അദ്നാന്റെ ഹോട്ടലില്‍ നിന്ന് ബസ്‌കാര്‍ഷ്യയിലേക്ക് ഒന്നര കിലോമീറ്ററാണ് ദൂരം. കുത്തനെ കുന്നിറങ്ങി വീണ്ടും മറ്റൊരു വഴിയിലൂടെ മുകളിലേക്കു കയറണം. സൂക്ഷിച്ചു നോക്കുമ്പോള്‍ ഗൂഗിളില്‍ ചെറിയ ഒരു റോഡ് കൂടി കാണുന്നുണ്ട്. അതുവഴി പോയാല്‍ ബസ്‌കാര്‍ഷ്യയിലേക്ക് ഇറങ്ങാതെ തന്നെ മിഹിര്‍വോദില്‍ നിന്ന് വ്രാട്നികിലൂടെ ഇടത്തോട്ടു നടന്ന് അലിയാ അലി ഇസ്സത്ത് ബെഗോവിച്ചിന്റെ ഖബ്‌റും രക്തസാക്ഷി സ്മാരകവും സ്ഥിതി ചെയ്യുന്ന പ്ളോച്ച കുന്നിലേക്കെത്താന്‍ എളുപ്പമാണ്. ദൂരം ഒരല്‍പ്പം കൂടുതലാണെങ്കിലും കുറെക്കൂടി അനായാസമായിരുന്നു ആ നടത്തം. സരായേവോ നഗരം മുഴുവനും കണ്ടുകൊണ്ടങ്ങനെ രണ്ട് മലകള്‍ക്കു വിലങ്ങനെയായിരുന്നു എനിക്ക് പോകേണ്ടിയിരുന്നത്.
ഒരു വീടിന്റെ മുകള്‍ഭാഗം തട്ടിക്കൂട്ടിയതാണ് അദ്നാന്റെ ഹോട്ടല്‍. സരായേവോവില്‍ പലരുടെയും ജീവിത മാര്‍ഗം ഇങ്ങനെയുള്ള ഹോംസ്റ്റേകളാണ്. ബുക്കിംഗ് പോര്‍ട്ടലുകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഈയൊരു സംവിധാനം ഒരിക്കലും സഞ്ചാരികളുടെ കണ്ണില്‍ പെടുമായിരുന്നില്ല. വളരെ കുടുസ്സായ മുറികളും ടോയ്ലറ്റുമൊക്കെയായി ആകക്കൂടി ശ്വാസം മുട്ടുന്ന അവസ്ഥയായിരുന്നു അതിനകത്ത്. ഒരു ഹോട്ടല്‍ മുറി അതിനെക്കാളും ചെറുതാവുന്നത് സങ്കല്‍പ്പങ്ങളില്‍ മാത്രമായിരിക്കും! മൂന്നടി വീതിയുള്ള കട്ടില്‍ കഴിഞ്ഞാല്‍ രണ്ടടി കൂടി റൂമില്‍ സ്ഥലം ബാക്കിയുണ്ട്. വാതില്‍ തുറന്ന് അകത്തേക്ക് കടക്കുന്നിടത്ത് മാത്രമാണ് നിവര്‍ന്നു നില്‍ക്കാനാവുക. പക്ഷേ, എന്തുകൊണ്ടോ ഈ ഹോട്ടലില്‍ നിന്ന് മാറാന്‍ തോന്നിയില്ല. രാത്രിയാകുമ്പോള്‍ വന്ന് കിടന്നുറങ്ങാന്‍ അത്രയൊക്കെ ധാരാളം മതിയായിരുന്നു. ഇതുപോലുള്ള സാഹചര്യങ്ങളില്‍ ചെന്നു പെടുമ്പോള്‍ ചിലപ്പോഴൊക്കെ ഒരുതരം രസവും തോന്നും. കോവണി കയറിയെത്തുന്നിടത്ത് ഒരു കുഞ്ഞു ബാല്‍ക്കണിയുണ്ട്. അവിടെ നിന്നാല്‍ താഴെ സരായേവോ നഗരവും അപ്പുറത്ത് ട്രെബേവിച്ച് മലനിരകളും കാണാനാവും. പ്രഭാതങ്ങളില്‍ അതിമനോഹരമായിരുന്നു ആ കാഴ്ച. എന്നാല്‍ വൈകുന്നേരങ്ങളില്‍ നഗരത്തിലൂടെ നടന്നലഞ്ഞ് തിരിച്ചുവരുന്ന വഴിയിലെ കയറ്റം അതി കഠിനവുമായിരുന്നു. ഹോട്ടലിന്റെ ഉടമ അദ്നാന്‍ പക്ഷേ, എപ്പോള്‍ വിളിച്ചാലും കുന്നിനു താഴെ കാറുമായെത്തും. അതിന് രണ്ട് യൂറോയാണ് അയാള്‍ക്ക് വാടകക്കു പുറമെ അധികം കൊടുക്കേണ്ട ചാര്‍ജ്. ഏതാണ്ട് അതു തന്നെയേ മറ്റു ടാക്സികളും വാങ്ങുന്നുള്ളൂ എന്നതുകൊണ്ട് അസാധാരണമായ ലാഭമൊന്നും ഈ ഇടപാടില്‍ ഉണ്ടായിരുന്നില്ല. എങ്കിലും രാത്രി സമയം വൈകുമ്പോഴൊക്കെ അദ്നാനെ വിളിക്കലായിരുന്നു തമ്മില്‍ ഭേദം.
ബസ്‌കാര്‍ഷ്യയില്‍ നിന്ന് മുകളിലേക്ക് നോക്കുമ്പോള്‍ കാണുന്ന വെളുത്ത മാര്‍ബിള്‍ കല്ലുകള്‍ പതിച്ച വിശാലമായ ആ ഖബ്ര്‍സ്ഥാന്റെ മധ്യത്തിലാണ് ബെഗോവിച്ചിന്റെ സ്മാരകം. ബോസ്നിയന്‍ വംശഹത്യയില്‍ സരായേവോ നഗരത്തില്‍ രക്തസാക്ഷികളായവരെ അടക്കംചെയ്ത കൊവാച്ചി എന്നറിയപ്പെടുന്ന ഖബ്ര്‍സ്ഥാനാണിത്. അതിന്റെ ഒത്ത നടുവില്‍ രക്തസാക്ഷികളുടെ തലവന്മാരുടേതെന്ന് തോന്നിക്കുന്ന രീതിയില്‍ വളരെ ലളിതമായ ഒരു ഇടം ഒരു ബോസ്നിയയുടെ ഈ രാഷ്ട്രപിതാവിനുമുണ്ട്. മറ്റുള്ളതില്‍ നിന്നും അതിനെ വേര്‍തിരിച്ചു നിര്‍ത്തുന്നത് ഒരു തുറന്ന മേല്‍പ്പുരയും അതിനോടു ചേര്‍ന്നുള്ള ചെറിയൊരു വേലിക്കെട്ടും മാത്രം. അതില്‍ ഒരു വാചകം ഇങ്ങനെ എഴുതിവെച്ചിട്ടുണ്ട്: 'ദൈവത്താണ, ഞങ്ങളൊരിക്കലും അടിമകളായിരിക്കില്ല.' ഒരു രാജ്യത്തിന്റെ പോരാട്ടവീര്യത്തെയും ആത്മാഭിമാനത്തെയും ത്രസിപ്പിച്ച അദ്ദേഹത്തിന്റെ ജീവിതം പരിചയപ്പെടുത്തുന്ന മ്യൂസിയവും ഈ ഖബ്ര്‍സ്ഥാനോടു ചേര്‍ന്നുണ്ട്. പക്ഷേ, എന്തുകൊണ്ടോ എനിക്കവിടം അപൂര്‍ണമായാണ് അനുഭവപ്പെട്ടത്. ഒരു വീഡിയോ ഒഴികെ, ബെഗോവിച്ചിന്റെ ജീവിതത്തിലെ നിര്‍ണായകമായ പല നിമിഷങ്ങളും ആ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നില്ല. ഈ മ്യൂസിയത്തെ കുറിച്ച് ഒരു മുന്‍ധാരണ ഉണ്ടായിരുന്നതു കൊണ്ട് അദ്ദേഹത്തിന്റെ മക്കളെയോ അദ്ദേഹവുമായി അടുപ്പമുള്ള മറ്റു നേതാക്കളെയോ കാണാന്‍ എന്താണ് ചെയ്യേണ്ടതെന്നന്വേഷിച്ച് ദുബൈയില്‍ നിന്ന് പുറപ്പെടുന്നതിനു മുമ്പേ തന്നെ മ്യൂസിയത്തിലേക്ക് മെയില്‍ അയച്ചിരുന്നു. പക്ഷേ, ഒരു മറുപടിയും കിട്ടിയില്ല. നേരിട്ട് മ്യൂസിയത്തില്‍ അന്വേഷിച്ചപ്പോഴും അങ്ങനെയൊരു മെയില്‍ വന്ന കാര്യം അവര്‍ക്ക് ഓര്‍മയുണ്ടായിരുന്നില്ല.
ഇംഗ്ലീഷ് അറിയുന്നവരെ കണ്ടുമുട്ടുമ്പോഴെല്ലാം ബെഗോവിച്ചിനെ കുറിച്ച് ഞാന്‍ സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹം ആ നാട്ടിന്റെ വികാരമായിരുന്നു എന്നു തന്നെയാണ്, ഏതൊരാളോട് സംസാരിക്കുമ്പോഴും എനിക്കനുഭവപ്പെട്ടത്. അദ്ദേഹത്തിന്റെ ആത്മാവിനു വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടല്ലാതെ ബോസ്നിയന്‍ മുസ്ലിംകള്‍ പൊതുവെ ആ പേര് ഉച്ചരിക്കുന്നതും കേട്ടിട്ടില്ല. ഇസ്ലാമിക ലോകം കണ്ട മികച്ച ചിന്തകനും എഴുത്തുകാരനുമായി അദ്ദേഹത്തെ അംഗീകരിക്കുമ്പോഴും ബെഗോവിച്ച് ഒരു നല്ല ഭരണാധികാരി ആയിരുന്നില്ല എന്നാണ് പൊതുവേ ഈ സംസാരങ്ങളിലെല്ലാം ഉണ്ടായിരുന്നത്.
അന്താരാഷ്ട്ര സമൂഹം അടിച്ചേല്‍പ്പിച്ച കുടിലമായ തന്ത്രങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ബോസ്നിയ തിരിച്ചറിയുന്നത് എന്നതുകൊണ്ടായിരിക്കാം അദ്ദേഹത്തിലെ പ്രസിഡന്റിനെ അവര്‍ അംഗീകരിക്കാന്‍ മടിക്കുന്നത്. അന്നത്തെ തീരുമാനങ്ങളിലുണ്ടായ അശ്രദ്ധകള്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്ന ദുരന്തങ്ങളിലൂടെയാണ് ഇന്ന് രാജ്യം മുന്നോട്ടുപോകുന്നത്. പക്ഷേ, അദ്ദേഹം അതല്ലാതെ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് കുറെക്കൂടി ബെഗോവിച്ചിനെ അടുത്തറിയുന്ന ആരെങ്കിലുമാണ് പറയേണ്ടിയിരുന്നത്. അത്തരമൊരു അന്വേഷണം നടത്താനുള്ള എന്റെ ശ്രമങ്ങള്‍ ഏറെയൊന്നും മുന്നോട്ടുപോയില്ല. യുദ്ധത്തിന്റെ തുടക്കം 1991-ല്‍ ക്രോട്ടുകളും സെര്‍ബുകളും തമ്മിലായിരുന്നുവെന്നും അതില്‍ മുസ്ലിംകള്‍ ക്രോട്ടുകളെ പിന്തുണക്കാതിരുന്നത് ബെഗോവിച്ചിന്റെ തെറ്റായ തീരുമാനമായിരുന്നുവെന്നുമാണ് പ്രധാന ആക്ഷേപം. എന്നാല്‍, ക്രോട്ടുകളെ വിശ്വസിക്കാതിരിക്കാന്‍ ബെഗോവിച്ചിന് കൃത്യമായ കാരണങ്ങളുണ്ടായിരുന്നു. ആ കാരണങ്ങള്‍ തന്നെയാണ് ചുരുങ്ങിയ കാലത്തിനകം യുദ്ധം മുസ്ലിംകള്‍ക്കു നേരെയായി മാറാന്‍ വഴിയൊരുക്കിയതും.
ക്രോട്ടുകളോ സെര്‍ബുകളോ ബോസ്നിയാക് മുസ്ലിംകളെ അംഗീകരിക്കുന്നവരല്ലെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് അദ്ദേഹം തുജ്മാനും മിലോസെവിച്ചിനുമൊപ്പം 'സമാധാനക്കരാര്‍' എന്ന പ്രഹസനത്തിന് കൂട്ടുനിന്നു എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന മറ്റൊരു പരാതി. ഈ കരാറിനെത്തുടര്‍ന്ന് ബോസ്നിയക്കകത്ത് ക്രൊയേഷ്യയുടെയും സെര്‍ബിയയുടെയും രണ്ട് സമാന്തര അധികാര കേന്ദ്രങ്ങളെ ബെഗോവിച്ച് വകവെച്ചുകൊടുത്തതിനു ശേഷമാണ് മൂന്നു വര്‍ഷം നീണ്ട യുദ്ധം അവസാനിച്ചത്. ഹെര്‍സഗോവിന തത്ത്വത്തില്‍ ബോസ്നിയക്കകത്തെ ക്രൊയേഷ്യയാണ്. ബന്‍യാലൂക്ക ഉള്‍പ്പെടുന്ന സബ്സ്‌ക മേഖല സെര്‍ബുകളുടെ സമ്പൂര്‍ണ നിയന്ത്രണത്തിലും. ഇത് ബെഗോവിച്ച് ചെയ്തില്ലായിരുന്നുവെങ്കില്‍ അന്നത്തെ സാഹചര്യത്തില്‍ കുറെക്കൂടി ചെറിയതാണെങ്കിലും, പരമാധികാരമുള്ള ഒരു ബോസ്നിയ രൂപംകൊണ്ടേനെയെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
ശരി-തെറ്റുകളെ കുറിച്ച ഈ വാദപ്രതിവാദങ്ങള്‍ക്കിടയിലെവിടെയോ ആണ് ബെഗോവിച്ചിന്റെ സ്ഥാനം. ദേശീയതയുടെ മുഖംമൂടിയിട്ട് ബോസ്നിയാക്കുകളോട് മറ്റുള്ളവര്‍ ചെയ്തുകൊണ്ടിരുന്ന ആ തെറ്റ് ബെഗോവിച്ച് ആവര്‍ത്തിച്ചില്ല. ബാല്‍ക്കന്‍ രാജ്യങ്ങളില്‍ ഇസ്ലാമിനെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ കച്ചകെട്ടിയിറങ്ങിയ യൂറോപ്യന്‍ ക്രൈസ്തവതയാണ് യഥാര്‍ഥ വില്ലനെന്ന് ബെഗോവിച്ച് തിരിച്ചറിഞ്ഞിരുന്നു. ഉസ്മാനിയാ കാലഘട്ടം മുതല്‍ ഉള്ളില്‍ കൊണ്ടുനടന്ന കുടിപ്പകയും അസൂയയും വംശഹത്യാ കാലത്ത് യൂറോപ്പ് പരസ്യമായി പ്രകടിപ്പിച്ചു എന്നേയുള്ളൂ. അപ്പോഴും അവരെക്കൂടി ഉള്‍ക്കൊള്ളുന്ന ബോസ്നിയയെയാണ് അദ്ദേഹം ആഗ്രഹിച്ചത്. ക്രോട്ടുകളും സെര്‍ബുകളും തമ്മില്‍ 1991-ല്‍ ഏറ്റുമുട്ടല്‍ ആരംഭിച്ച ആദ്യകാലത്ത്, ഈ യുദ്ധം ഞങ്ങളുടേതല്ലെന്ന് ബെഗോവിച്ചിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നത്തെ കൂട്ടക്കൊലയോട് പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം പുറംതിരിഞ്ഞു നിന്നതാണ് യൂറോപ്പിനെ ചൊടിപ്പിച്ചതെന്നും സെര്‍ബുകളില്‍ നിന്ന് ക്രോട്ടുകളെ രക്ഷിക്കാന്‍ ബെഗോവിച്ച് ഇടപെടണമായിരുന്നുവെന്നുമാണ് ഈ വാദം. ഈ യുദ്ധത്തിന്റെ അടിസ്ഥാനം എന്തായിരുന്നു എന്ന ചോദ്യം പക്ഷേ, ഈ വാദമുന്നയിക്കുന്നവര്‍ സൗകര്യപൂര്‍വം മറക്കുന്നു. അത് കാത്തലിക്ക് വംശീയതയും ഓര്‍ത്തഡോക്സ് വംശീയതയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. അവരുടെ മതമേലധ്യക്ഷന്‍മാര്‍ക്ക് ഇടപെടാനാവാത്ത ഈ വൃത്തികെട്ട യുദ്ധത്തില്‍ ബെഗോവിച്ച് ആരുടെ പക്ഷത്ത് ചേരണമായിരുന്നു?
തത്ത്വത്തില്‍ അന്നും ബാക്കിയുണ്ടായിരുന്ന യൂഗോസ്ലാവിയന്‍ സൈന്യത്തോട് കലാപം അടിച്ചമര്‍ത്താന്‍ ആവശ്യപ്പെടുക എന്നതിലപ്പുറം ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒരു സമൂഹം എന്ന നിലയില്‍ ബോസ്നിയാക്കുകള്‍ ഈ യുദ്ധത്തില്‍ ഇടപെടുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യില്ലെന്ന ബെഗോവിച്ചിന്റെ വിലയിരുത്തലായിരുന്നു ശരി. ഹിതപരിശോധനയില്‍ ബോസ്നിയയോടൊപ്പം നിന്നു എന്നത്, ഇസ്ലാമികമായി ന്യായമില്ലാത്ത ഒരു യുദ്ധത്തില്‍ പങ്കെടുക്കാനുള്ള കാരണമേ ആയിരുന്നില്ല. ക്രോട്ടുകള്‍ക്ക് ബോസ്നിയയെ ആവശ്യമുള്ളതുകൊണ്ടു കൂടിയാണ് അവര്‍ പിന്തുണച്ചത്. കരമാര്‍ഗമുള്ള അവരുടെ വാണിജ്യപാതകളില്‍ ബോസ്നിയക്ക് അതീവ പ്രാധാന്യമുണ്ടായിരുന്നു. എന്നാല്‍, സെര്‍ബുകളും ക്രോട്ടുകളും ഏറ്റുമുട്ടിയതിന്റെ കാരണം സാമ്പത്തികവും ഭൂമിശാസ്ത്രപരവും എന്നതിനെക്കാളുപരി മതപരം കൂടിയായിരുന്നുവല്ലോ. മാത്രമല്ല, രാജ്യത്തിനകത്തെ ക്രോട്ടുകള്‍ ഹിതപരിശോധനയില്‍ ബോസ്നിയയെ പിന്തുണച്ചതു പോലെ ക്രൊയേഷ്യ എന്ന രാജ്യത്തിന്റെ അതിര്‍ത്തികളെ ഭൂമിശാസ്ത്രപരമായി അംഗീകരിക്കാന്‍ ബെഗോവിച്ചും തയാറായിരുന്നു. മറുഭാഗത്ത് നിയൂം നഗരം വിട്ടുകൊടുത്ത് സമുദ്രത്തിലേക്ക് വഴി അനുവദിക്കണമെന്ന ബോസ്നിയയുടെ അഭ്യര്‍ഥന ഇതേ ക്രൊയേഷ്യ നിരസിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് പിന്നീട് ക്രൊയേഷ്യയെ അംഗീകരിച്ച കരാറിനെ ബോസ്നിയ തള്ളിപ്പറഞ്ഞതും.
ക്രോട്ടുകളെ സെര്‍ബുകള്‍ ആക്രമിച്ചപ്പോള്‍ ബെഗോവിച്ച് പിന്തുണക്കാതിരുന്നത് തെറ്റായിരുന്നുവെന്ന് വാദത്തിനുവേണ്ടി സമ്മതിക്കുക. അതിനോട് എങ്ങനെയാണ് ക്രൊയേഷ്യ പ്രതികരിക്കേണ്ടിയിരുന്നത്? സെര്‍ബുകളുടെ വംശീയ യുദ്ധം പിന്നീട് മുസ്ലിംകള്‍ക്കു നേരെ തിരിഞ്ഞപ്പോള്‍ അവര്‍ക്ക് ബോസ്നിയാക്കുകളെ സഹായിക്കാതിരുന്നാല്‍ മതിയായിരുന്നല്ലോ. പക്ഷേ, തക്കം നോക്കി ക്രോട്ടുകള്‍ ബോസ്നിയന്‍ മുസ്ലിംകളെ ആക്രമിക്കുകയാണ് ചെയ്തത്. ഫ്രാഞ്ഞോ തുജ്മാന്‍ പില്‍ക്കാലത്ത് ക്രൊയേഷ്യയുടെ രാഷ്ട്ര പിതാവായി മാറിയെങ്കിലും യുദ്ധക്കുറ്റങ്ങളില്‍ അദ്ദേഹത്തിന്റെ പങ്ക് നിഷേധിക്കാനാവില്ലെന്ന് അന്താരാഷ്ട്ര കോടതി ചൂണ്ടിക്കാട്ടിയില്ലേ? സഗ്രിബില്‍ ടൂറിസ്റ്റുകള്‍ വന്നിറങ്ങുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിനും രാജ്യത്തെ പ്രധാന തെരുവുകള്‍ക്കും പാര്‍ക്കുകള്‍ക്കുമൊക്കെ ക്രൊയേഷ്യ തുജ്മാന്റെ പേര് നല്‍കി ആദരിക്കുന്നുണ്ടാവാം. പക്ഷേ, ജീവിച്ചിരുന്നുവെങ്കില്‍ മിലോസെവിച്ചിനെപ്പോലെ ജയിലില്‍ ഒടുങ്ങുമായിരുന്ന കുറ്റവാളിയായിരുന്നു തുജ്മാന്‍. ഇരുവരും സ്റ്റാലിന്റെ ആരാധകരായിരുന്ന കമ്യൂണിസ്റ്റുകളായിരുന്നുവെന്നതും യാദൃഛികതയല്ല. ക്രൂരതയും കാപട്യവും രണ്ടുപേരുടെയും മുഖമുദ്രയായിരുന്നു. ഒരു ജനത എന്ന നിലയില്‍ ക്രോട്ടുകള്‍ ചരിത്രത്തിലുടനീളം പുലര്‍ത്തിയ ഇരട്ടത്താപ്പിന്റെ തുടര്‍ച്ച മാത്രമായിരുന്നു തുജ്മാന്റേതും. ക്രൊയേഷ്യക്കു വേണ്ടി ചെയ്തതെന്തും ശരിയാണെന്ന നിലപാടാണ് ഇന്നും ആ രാജ്യത്തിനുള്ളത്. 'പടിഞ്ഞാറിന്റേത് ഒരു സംസ്‌കാരമേ അല്ല' എന്ന ബെഗോവിച്ചിന്റെ പ്രശസ്തമായ വാചകം ഓര്‍ക്കുക. പാശ്ചാത്യ ലോകം നടത്തുന്ന എല്ലാ കൂട്ടക്കൊലകള്‍ക്കും എന്തെങ്കിലുമൊക്കെ ചെറിയ പ്രകോപനങ്ങള്‍ തന്നെ ധാരാളം മതിയായിരുന്നു. വംശഹത്യക്കാലത്ത് ക്രൊയേഷ്യയും സെര്‍ബിയയും പറഞ്ഞുകൊണ്ടിരുന്ന വിതണ്ഡാ വാദങ്ങള്‍ ഇന്നത്തെ ബോസ്നിയയില്‍ വീണ്ടും സജീവമാകുന്നത് കാണാനുണ്ട്. പക്ഷേ, ഈ തര്‍ക്കങ്ങള്‍ അന്തിമമായി എത്തിച്ചേരുന്നത് പഴയ വംശഹത്യയുടെ കാരണങ്ങള്‍ ശരിയായിരുന്നുവെന്ന സമീകരണത്തിലേക്കാണ്. അത് സാമൂഹികമായി സൃഷ്ടിക്കുന്ന അസ്വസ്ഥതകളുടെ കാര്‍മേഘങ്ങള്‍ ബോസ്നിയക്കു മുകളില്‍ വീണ്ടും കനത്തു തൂങ്ങിയിട്ടുണ്ട്.
ഞാന്‍ ബോസ്നിയയില്‍ ചെല്ലുന്നതിന്റെ ഒരു മാസം മുമ്പായിരുന്നു, സെര്‍ബിയന്‍ വംശീയ യുദ്ധക്കാലത്തെ പഴയ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ച് ബന്യാലൂക്കയില്‍ നടന്ന പട്ടാളക്കാരുടെ റാലിയില്‍ ഇപ്പോഴത്തെ പ്രസിഡന്റ് മിലോസ്ലാവ് ദോഡിക് സല്യൂട്ട് സ്വീകരിച്ചത്. എട്ടു മാസത്തിലൊരിക്കല്‍ ഭരണം മാറുന്ന ബോസ്നിയയില്‍ സെര്‍ബുകളുടെ ഊഴമായിരുന്നു അപ്പോഴുണ്ടായിരുന്നത്. ബോസ്നിയയിലെ സെര്‍ബ് പ്രവിശ്യയായ റിപ്പബ്ലിക് ഓഫ് സബ്സ്‌കയുടെ തലസ്ഥാന നഗരിയായ ബന്യാലൂക്കയിലാണ് ഈ പരേഡ് അരങ്ങേറിയത്. ബില്‍ ക്ലിന്റന്റെ നേതൃത്വത്തില്‍ ബോസ്നിയന്‍ വംശീയ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയിലെ ഡായ്ട്ടണില്‍ ഒപ്പുവെച്ച കരാറിന്റെ നഗ്നമായ ലംഘനമായിരുന്നു പ്രസിഡന്റ് ദോഡിക് നടത്തിയത്. ഇതെ തുടര്‍ന്ന് അമേരിക്ക ദോഡിക്കിനെ ശാസിക്കുകയും ചെയ്തു. ബോസ്നിയയെ ഇനിയും വെട്ടിമുറിക്കണമെന്ന താല്‍പര്യമാണ് അവിടത്തെ സെര്‍ബുകളില്‍ ഇപ്പോഴുമുള്ളത്. ഏതാണ്ട് സമാനമായ ചിന്ത തന്നെയാണ് ക്രോട്ടുകളിലും കാണാനാവുക. മുസ്ലിംകളെ രാജ്യത്ത് വേണ്ടെന്നും സെര്‍ബുകളും ക്രോട്ടുകളും മതിയെന്നും, ബിഹാച്ചിലെ ഒരു കഫേയില്‍ പരസ്യമായി പാട്ടുവെച്ച് രണ്ടുപേര്‍ നൃത്തം ചെയ്യുന്നത് ഈ ലേഖകന്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. വംശീയ യുദ്ധത്തിന് വഴിയൊരുക്കിയ കാരണങ്ങളെ ഇല്ലാതാക്കുകയല്ല ഡായ്ട്ടണ്‍ കരാര്‍ ചെയ്തത്, തല്‍ക്കാലത്തേക്ക് മരവിപ്പിക്കുക മാത്രമാണെന്ന നിരീക്ഷണത്തെ ശരിവെക്കുന്ന കാഴ്ചകളാണ് ബന്യാലൂക്കയിലും ബിയേലീനയിലും നോവിഗ്രാഡിലും മറ്റും കാണാനാവുക.
അങ്ങനെ നോക്കുമ്പോള്‍ ബെഗോവിച്ച് ശരിയായിരുന്നു എന്ന് സമ്മതിക്കേണ്ടി വരും. വംശീയതയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളാണ് അന്തിമമായി സത്യമായി മാറുന്നത്. ബെഗോവിച്ചിന്റെ ജീവിതത്തെ ഹ്രസ്വമായി പരിചയപ്പെടുത്തുന്നതാണ് പ്ളോച്ച കുന്നിന്‍ മുകളിലെ സ്മാരകം. ജയിലില്‍ ഓതിക്കൊണ്ടിരുന്ന ഖുര്‍ആന്‍, അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍, എഴുതാനുപയോഗിച്ച പേനകള്‍, കണ്ണട, വാച്ച്, ആദ്യമായി അനുവദിച്ച പാസ്പോര്‍ട്ട്, പ്രസിഡന്റായിരിക്കെ വിവിധ രാജ്യങ്ങള്‍ നല്‍കിയ സമ്മാനങ്ങള്‍, ബെഗോവിച്ചിന്റെ സൈനിക നേട്ടങ്ങള്‍ വിശദീകരിക്കുന്ന പോസ്റ്ററുകള്‍, ഫോട്ടോകള്‍ ഇതൊക്കെയാണ് ഈ മ്യൂസിയത്തിലുള്ളത്. യുദ്ധകാലത്ത് അദ്ദേഹം സ്വീകരിച്ച നിലപാടുകളെ മ്യൂസിയം പരിചയപ്പെടുത്തുന്നുണ്ട്. ബെഗോവിച്ചിന്റെ പ്രശസ്തമായ ചില വാചകങ്ങള്‍ എഴുതി തൂക്കിയിട്ട ഒരു ഇടനാഴിയിലൂടെയാണ് താഴേക്ക് നടക്കുന്നത്. ബങ്കറിനെ ഓര്‍മിപ്പിക്കുന്ന രീതിയിലുള്ള കരിങ്കല്ലുകള്‍ ആ വഴിയിലുടനീളം പുറത്തേക്ക് ഉന്തിനില്‍ക്കുന്നുണ്ട്. പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഇസ്ലാമിക് ഡിക്ലറേഷന്‍ എന്ന ഗ്രന്ഥം അതീവ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിച്ചതു കാണാം. ഈ പുസ്തകം മാര്‍ഷല്‍ ടിറ്റോ നിരോധിക്കുകയും പിന്നീട് കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇതിന്റെ പേരില്‍ ബെഗോവിച്ചിനെ ജയിലിലടക്കുകയും ചെയ്തിരുന്നു. കമ്യൂണിസ്റ്റ് ഭരണകൂടം തകര്‍ന്നതോടെ ജയില്‍ മോചിതനായ ബെഗോവിച്ച് 'പാര്‍ട്ടി ഓഫ് ഡെമോക്രാറ്റിക് ആക്ഷന്‍' എന്ന പേരില്‍ പുതിയൊരു സംഘടന രൂപവത്കരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അത് ബോസ്നിയയിലെ ഏറ്റവും വലിയ പാര്‍ട്ടിയായി അധികാരത്തിലേറുകയും ചെയ്തു.
ഇസ്ലാം ബിറ്റ്വീന്‍ ഈസ്റ്റ് ആന്റ് വെസ്റ്റ് എന്ന ബെഗോവിച്ചിന്റെ ഗ്രന്ഥം ഇസ്ലാം രാജമാര്‍ഗം എന്ന പേരില്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതം പരിചയപ്പെടുത്തുന്ന ഹ്രസ്വമായ ഒരു ഫിലിം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. ബെഗോവിച്ചിന്റെ ജയില്‍ജീവിതം അതിലെ ഒരു പ്രധാന പ്രതിപാദ്യമാണ്. അദ്ദേഹത്തിന് ജയിലിലേക്ക് ഏതാണ്ടെല്ലാ ദിവസവുമെന്ന പോലെ കത്തെഴുതിയ മകള്‍ സബീനയുടെ ഓര്‍മകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് വരുന്ന ആ കത്തുകള്‍ക്ക് ബെഗോവിച്ച് മറുപടി എഴുതാറുണ്ടായിരുന്നു. രാഷ്ട്രീയവും ജയില്‍ ജീവിതവുമൊക്കെ കൂട്ടിക്കലര്‍ത്തിയ ആ മറുപടികള്‍ സബീന സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഞാനവരെ കാണാനായിരുന്നു നേരെത്ത തന്നെ ഇമെയില്‍ അയച്ചത്. ദൗര്‍ഭാഗ്യവശാല്‍ അവരിലേക്കത് എത്തിയില്ല. ബെഗോവിച്ചിന്റെ മകന്‍ ബാക്കിര്‍ ഇസ്സത്ത് ബെഗോവിച്ച് ഇടക്കാലത്ത് ബോസ്നിയയുടെ മൂന്ന് പ്രസിഡന്റുമാരില്‍ ഒരാളായിരുന്നു. സെര്‍ബിയയുടെ വിരട്ടലിന് വഴങ്ങാതെ സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്ന ബാക്കിറിനെ പാശ്ചാത്യ മീഡിയ വേട്ടയാടുകയാണുണ്ടായത്. ബെഗോവിച്ചിന്റെ മ്യൂസിയം വലിയൊരളവില്‍ അദ്ദേഹത്തിന്റെ നിലപാടുകളെ വിശദീകരിക്കുന്നുണ്ട്. യുദ്ധ സമയത്ത് അദ്ദേഹം എന്തു ചെയ്തു എന്നതു തന്നെയാണ് അതില്‍ പ്രധാനം. ബോസ്നിയന്‍ സൈന്യത്തിനകത്ത് സെര്‍ബുകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍ ഓഫീസര്‍മാരെയും ഘട്ടംഘട്ടമായി നീക്കിയതു തന്നെയായിരുന്നു അതില്‍ പ്രധാനം. യൂഗോസ്ലാവിയന്‍ സൈന്യം ഏതാണ്ട് പൂര്‍ണമായും സെര്‍ബിയന്‍ താല്‍പര്യങ്ങളുടെ കൂടെ ചേര്‍ന്നപ്പോള്‍ ബോസ്നിയന്‍ സൈന്യത്തിന് ആത്മവിശ്വാസവും ആയുധവും പരിശീലനവും യൂനിഫോമും നല്‍കി ഉയര്‍ത്തിക്കൊണ്ടുവന്നത് എങ്ങനെയായിരുന്നുവെന്ന്, പട്ടാളവേഷത്തില്‍ നില്‍ക്കുന്ന ബെഗോവിച്ചിന്റെ ചിത്രങ്ങള്‍ സഹിതം മ്യൂസിയത്തിലെ ഒരു ഹാളില്‍ വിശദീകരിക്കുന്നുണ്ട്.
ടിറ്റോയുടെയും കമ്യൂണിസ്റ്റുകളുടെയും ഭരണകാലത്ത് വീടുകള്‍ക്ക് പുറത്ത് മതത്തിന്റെ ഒരു അടയാളങ്ങളും ബോസ്നിയയില്‍ അനുവദിച്ചിരുന്നില്ല. 1945 മുതല്‍ 49 വരെയുള്ള കാലത്ത് ടിറ്റോ, ജോസഫ് സ്റ്റാലിന്റെ ആരാധകനായിരുന്നു. അന്ന് റഷ്യന്‍ കമ്യൂണിസ്റ്റുകള്‍ ചെയ്തതൊക്കെയും ടിറ്റോയും ചെയ്തിട്ടുണ്ട്. വര്‍ഗശത്രുക്കളെ ഉന്‍മൂലനം ചെയ്യുക, നിര്‍ബന്ധിത തൊഴില്‍ശാലകളിലേക്ക് ആട്ടിത്തെളിക്കുക, ധനികരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുക തുടങ്ങിയ കമ്യൂണിസ്റ്റ് അജണ്ടകളുടെ മുഖ്യ ഇരകളായത് മുസ്ലിംകളാണ്. മസ്ജിദുകള്‍ ഏതാണ്ട് ഉപയോഗശൂന്യമായി മാറിത്തുടങ്ങിയിരുന്നു. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പള്ളികളില്‍ എത്തിയത്. യൂറോപ്പിന്റെ മറ്റൊരു കാപട്യമായിരുന്നു ഇത്. ടിറ്റോയെ കമ്യൂണിസ്റ്റുകാരനായ കത്തോലിക് എന്നാണ്, ബോസ്നിയയില്‍ ഞാന്‍ കണ്ടുമുട്ടിയ ഒരു അഭിഭാഷകന്‍ വിശേഷിപ്പിച്ചത്. ടിറ്റോ ഒരു ഭാഗത്ത് നിരീശ്വരവാദിയും കമ്യൂണിസ്റ്റും ആയിരിക്കുമ്പോഴും പോപ്പിന്റെ താല്‍പര്യങ്ങളെ വലിയൊരളവില്‍ സംരക്ഷിച്ചിരുന്നുവെന്നും, മോണ്ടിനെഗ്രോയുടെയും മാസിഡോണിയയുടെയും സെര്‍ബിയയുടെയും കാര്യത്തില്‍ യൂഗോസ്ലാവിയയുടെ പോളിസി മറ്റൊന്നായിരുന്നുവെന്നും ഈ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മറുഭാഗത്ത് ഇസ്ലാമിനെയും ബെഗോവിച്ചിനെയും കമ്യൂണിസ്റ്റുകള്‍ ഭയപ്പെട്ടു. പൊതുസമൂഹത്തില്‍ നിന്ന് ഇസ്ലാം പൂര്‍ണമായും അകറ്റിനിര്‍ത്തപ്പെട്ടിരുന്നു. അത്തരമൊരവസ്ഥയില്‍ നിന്നാണ് ബോസ്നിയയുടെ തനത് സംസ്‌കാരത്തെ ബെഗോവിച്ച് തിരിച്ചുപിടിച്ചത്. മതസ്വാതന്ത്ര്യം അനുവദിക്കുന്നതിലും യൂറോപ്പിലെ ഏക മുസ്ലിം രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിലും ബെഗോവിച്ച് വഹിച്ച പങ്ക് സരായേവോവില്‍ ഇന്ന് പ്രത്യക്ഷമായി തന്നെ കാണാനാവും. ബാഹ്യമായ ഇസ്ലാമിന്റെ അടയാളങ്ങള്‍ മാത്രമായിരുന്നില്ല അത്. ആന്തരികമായ ഒരുതരം നന്‍മയും അവിടത്തെ തെരുവുകളിലുണ്ട്.
അദ്നാന്റെ ഹോട്ടലിനെ കുറിച്ചാണല്ലോ പറഞ്ഞു തുടങ്ങിയത്. ബോസ്നിയക്കാരുടെ വീടുകള്‍ക്കിടയിലൂടെ, അവരുടെ കുട്ടികളുടെ ബഹളങ്ങള്‍ മറികടന്ന്, ഇടുങ്ങിയ ഗലികളിലൂടെ വളഞ്ഞും പുളഞ്ഞും വഴിതെറ്റാതെ, അതേ ഇടവഴികളിലൂടെ അതിസാഹസികമായി താഴേക്കിറങ്ങുന്ന കാറുകള്‍ക്ക് വഴിയൊഴിഞ്ഞു കൊടുത്ത്, വീടുകളില്‍ നിന്നുയരുന്ന പലതരം ബ്രഡുകളുടെയും ഭക്ഷണങ്ങളുടെയുമൊക്കെ ഗന്ധമാസ്വദിച്ച് മിഹിര്‍വോദിലേക്ക് അങ്ങനെ നടന്നുകയറുന്നത് നല്ല രസമായിരുന്നു. ഒരു പ്രദേശത്തിന്റെ ജനജീവിതം ശരിക്കും മനസ്സിലാക്കാനുള്ള അവസരമായിരുന്നു ആ കയറ്റം. റസ്റ്റാറന്റുകളില്‍ മാത്രമല്ല, വീടുകളിലും അവരുടെ ഭക്ഷണം കബാബും പിദയുമൊക്കെയാണെന്ന് ഈ നടത്തംകൊണ്ടാണ് മനസ്സിലായത്. തട്ടിന്‍ പുറങ്ങളിലേക്ക് പടര്‍ന്നുകയറിയ മത്തന്‍ വള്ളികളും കടും വര്‍ണങ്ങളിലുള്ള റോസാപുഷ്പങ്ങളുമൊക്കെ നഗരത്തിനു നടുവിലെ നാട്ടുമ്പുറക്കാഴ്ചകളായിരുന്നു. വഴിയില്‍ കണ്ടുമുട്ടുന്ന ജനങ്ങള്‍ അവരുടേതായ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയോ അന്യനാട്ടുകാരനായിട്ടും, എന്നോട് പുഞ്ചിരിക്കുകയോ ചെയ്തു. ബോസ്നിയയുടെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയ ഒരു കാര്യമാണത്. വഴിയിലൊരിടത്തും നിങ്ങള്‍ക്ക് അപരിചിതത്വം അനുഭവപ്പെടില്ല. എനിക്ക് വഴിതെറ്റിയെന്ന് അവര്‍ക്ക് ബോധ്യമായ എത്രയോ അവസരങ്ങളില്‍ സാധാരണഗതിയില്‍ ഉണ്ടാവാറുള്ള അനുഭവം, അവര്‍ സാധ്യമാവുന്നിടത്തോളം ദൂരം ഒപ്പം വരാറുണ്ട് എന്നതാണ്. ഭാഷ നമുക്കു മനസ്സിലാവുന്നില്ല എന്ന് തോന്നുമ്പോള്‍ അവര്‍ ഒപ്പം നടക്കാന്‍ തുടങ്ങും. അപ്പോഴും എന്തൊക്കെയോ സംസാരിക്കുന്നുമുണ്ടാവും.
9868428544
Comments