Prabodhanm Weekly

Pages

Search

2022 നവംബര്‍ 11

3276

1444 റബീഉല്‍ ആഖിര്‍ 16

ഋഷി  സുനകും  വംശീയതയുടെ  രാഷ്ട്രീയവും

പി.കെ നിയാസ് [email protected] 

ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ അവതരിപ്പിച്ചത് അഞ്ചു പ്രധാനമന്ത്രിമാരെയാണ്.  2019-ല്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും അധികാരം നിലനിര്‍ത്തിയ ശേഷം ഭരണം പകുതി പിന്നിട്ടപ്പോഴേക്ക് മൂന്നാമത്തെ പ്രധാനമന്ത്രിയെയും പാര്‍ട്ടി സംഭാവന ചെയ്തിരിക്കുന്നു. 1987-നുശേഷം ചരിത്രത്തിലെ ഏറ്റവും വലിയ വിജയം കണ്‍സര്‍വേറ്റീവുകള്‍ക്ക് നേടിക്കൊടുത്ത് പ്രധാനമന്ത്രി പദവിയിലെത്തിയ ബോറിസ് ജോണ്‍സണ്‍, ഭരണ കെടുകാര്യസ്ഥത കാരണം മൂന്നു വര്‍ഷം തികക്കുമ്പോഴേക്ക് സ്ഥാനമൊഴിയേണ്ടി വന്നതോടെയാണ് പുതിയ പ്രതിസന്ധികള്‍ക്ക് കളമൊരുങ്ങുന്നത്.
പാര്‍ലമെന്റില്‍ 365 സീറ്റുകളുമായി, മുഖ്യ എതിരാളികളായ ലേബര്‍ പാര്‍ട്ടിയെക്കാള്‍ 80 സീറ്റുകളുടെ ഭൂരിപക്ഷമുണ്ടായിട്ടും നിരാശാജനകമായ ഭരണമാണ് ജോണ്‍സന്റെ നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ കാഴ്ചവെച്ചത്. സാമ്പത്തിക-വിദേശ നയങ്ങളിലെ വന്‍ പരാജയം, സ്വജനപക്ഷപാതം, കോവിഡ് കാലത്തെ നിയമങ്ങള്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി ലംഘിച്ചത് തുടങ്ങി ജനങ്ങളെ മടുപ്പിക്കുന്ന ഭരണമാണ് കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ തുടര്‍ന്നത്. ക്യാബിനറ്റ് സെക്രട്ടറിമാര്‍, ജൂനിയര്‍ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി ഏതാണ്ട് അറുപതോളം പേര്‍ ബോറിസ് ജോണ്‍സന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് ദിവസങ്ങള്‍ക്കകം രാജിവെച്ചിട്ടും, വലിയ ആത്മവിശ്വാസത്തോടെ കടിച്ചുതൂങ്ങുകയായിരുന്നു ജോണ്‍സണ്‍. 
എന്നാല്‍, ഇക്കഴിഞ്ഞ ജൂലൈയില്‍ ജോണ്‍സണ്‍ രാജിവെച്ചൊഴിയാന്‍ നിര്‍ബന്ധിതനായി. രാജിക്ക് ചരടുവലിച്ചതിനു പിന്നില്‍ അദ്ദേഹത്തിന്റെ ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനകുമുണ്ടായിരുന്നു. ഒമ്പതു മിനിറ്റുകള്‍ക്കിടയിലാണ് ആരോഗ്യ മന്ത്രി സാജിദ് ജാവീദും ഋഷി സുനകും രാജിവെച്ച് ജോണ്‍സണെ ഞെട്ടിച്ചത്. ജോണ്‍സന്റെ അടുത്ത അനുയായിയും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന ലിസ് ട്രസ്സ്, പ്രതിരോധ മന്ത്രിയായിരുന്ന ബെന്‍ വാല്ലസ് എന്നിവരോടൊപ്പം സുനകും പ്രധാനമന്ത്രി പദവിക്കായി രംഗത്തുവരുന്നതാണ് പിന്നീട് കണ്ടത്. എന്നാല്‍, അവസാന വട്ട പോരാട്ടത്തില്‍ സുനകിനെക്കാള്‍ ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ നേടി ലിസ് ട്രസ്സ് പ്രധാനമന്ത്രി പദവിയിലെത്തി.
  ജോണ്‍സന്റെ പിന്‍ഗാമിയായി ഋഷി സുനക് ബ്രിട്ടന്റെ പ്രഥമ ഹിന്ദു പ്രധാനമന്ത്രിയാകാന്‍ കാത്തിരുന്നത് അദ്ദേഹത്തിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അനുയായികളെക്കാള്‍ ഇന്ത്യയിലെ സംഘ് പരിവാര്‍ നേതാക്കളും അണികളുമായിരുന്നു എന്നതാണ് കൗതുകകരമായ കാര്യം.  വലതുപക്ഷവാദിയും വൈറ്റ് സുപ്രമാസിസ്റ്റും സയണിസ്റ്റ് അനുകൂലിയും സര്‍വോപരി നരേന്ദ്ര മോദിയുടെ സുഹൃത്തുമായ ഡോണള്‍ഡ് ട്രംപ് രണ്ടാംവട്ടവും യു.എസ് പ്രസിഡന്റ് പദവിയിലെത്താന്‍ ക്ഷേത്രങ്ങളില്‍ ടണ്‍ കണക്കിന് ലിറ്റര്‍ പാലൊഴുക്കിയ സംഘ് ഭക്തര്‍ സുനകിനുവേണ്ടിയും പ്രത്യേക പൂജകളുമായി രംഗത്തുവന്നിരുന്നു.
പ്രധാനമന്ത്രി പദവിയില്‍ കടുത്ത വെല്ലുവിളി നേരിട്ട ട്രസ്സ് 45 ദിവസത്തിനുശേഷം പടിയിറങ്ങിയപ്പോള്‍ ഒരിക്കല്‍ കൂടി ഭാഗ്യം പരീക്ഷിക്കാന്‍ സുനക് എത്തി. ജോണ്‍സണ്‍ വീണ്ടും മല്‍സരിക്കാന്‍ ഉറച്ചെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ പിന്മാറി. മറ്റു സ്ഥാനാര്‍ഥികള്‍ക്ക് മത്സര രംഗത്ത് നിലനില്‍ക്കാനാവശ്യമായ നൂറ് അംഗങ്ങളുടെ പിന്തുണയും കിട്ടിയില്ല. അതിനാല്‍, സുനക് എതിരില്ലാതെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും അതുവഴി പ്രധാനമന്ത്രിയുമായി തെരഞ്ഞെടുക്കപ്പെട്ടു.
 ഋഷി സുനക് 'ബ്രിട്ടന്റെ പ്രഥമ ഹിന്ദു പ്രധാനമന്ത്രി'യെന്നായിരുന്നു  അന്താരാഷ്ട്ര മാധ്യമങ്ങളുടെ തലക്കെട്ട്. 1832-ല്‍ ജനാധിപത്യ രാജ്യമായി പ്രഖ്യാപിച്ചതു മുതല്‍ ക്രിസ്തുമത വിശ്വാസികള്‍ മാത്രമാണ് ബ്രിട്ടനില്‍  പ്രധാനമന്ത്രി പദവി അലങ്കരിച്ചിട്ടുള്ളത്. അതിനാല്‍, സുനകിന്റെ സ്ഥാനാരോഹണം ഒരു വാര്‍ത്ത തന്നെ. അതുപോലെയാണ് അമേരിക്കയില്‍ കമലാ ഹാരിസിന്റെ സ്ഥാനാരോഹണവും. വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയെന്ന നിലയിലാണ് കമലാ ഹാരിസ് ചരിത്രം കുറിച്ചത്.
എന്നാല്‍, ഇന്ത്യയിലെയും വിദേശങ്ങളിലെയും സംഘ് പരിവാറുകാര്‍ സുനകിനെയും കമലാ ഹാരിസിനെയും തങ്ങളുടെ സ്വന്തക്കാരാക്കി അവതരിപ്പിക്കുന്നതാണ് കണ്ടത്. ഹിന്ദുമത വിശ്വാസിയും പശുവിനെ സ്നേഹിക്കുന്നയാളുമായ സുനക് ഭഗവദ്ഗീതയില്‍ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്തതും അവരെ ആവേശം കൊള്ളിച്ചു. വിവര സാങ്കേതിക രംഗത്ത് വലിയ സംഭാവനകളര്‍പ്പിച്ച ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ ആണെന്നതും സുനകിന്റെ ഇന്ത്യന്‍ പാരമ്പര്യം ഊട്ടിയുറപ്പിക്കാനുള്ള അധിക യോഗ്യതയായി അവര്‍ കണ്ടു. ഹിന്ദു കുടുംബത്തിലെ ജനനവും ഇഡ്ഡലി ഭക്ഷിക്കുന്ന ചിത്രവുമാണല്ലോ കമലാ ഹാരിസിന്റെ പേരില്‍ അഭിമാനം കൊള്ളാന്‍ ഇക്കൂട്ടരെ പ്രേരിപ്പിച്ചത്. ക്രിസ്ത്യാനിയായ പിതാവിനും മദ്രാസില്‍നിന്ന് യു.എസിലേക്ക് കുടിയേറിയ ഹിന്ദുവായ മാതാവിനും ജനിച്ച കമലാ ഹാരിസ് വിവാഹം ചെയ്തത് ജൂത വിശ്വാസിയെയാണ്. അവര്‍ പിന്തുടരുന്നത് ക്രൈസ്തവ വിശ്വാസവും. മാത്രമല്ല, തന്റെ ആഫ്രിക്കന്‍ -അമേരിക്കന്‍ പാരമ്പര്യത്തെക്കുറിച്ചാണ് കമലാ ഹാരിസ് അഭിമാനം കൊള്ളുന്നത്.
ഋഷി സുനകിന്റെ വല്യഛനും അമ്മൂമ്മയും കിഴക്കനാഫ്രിക്കയിലേക്ക് കുടിയേറിയത് അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന ഗുജ്റന്‍വാലയില്‍നിന്നാണ്. ഇപ്പോള്‍ പാകിസ്താന്റെ ഭാഗമായ ഗുജ്റന്‍വാലയിലെ ജനങ്ങള്‍ സുനകിന്റെ സ്ഥാനാരോഹണം ആഘോഷിക്കുന്നതിന്റെ വാര്‍ത്തകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്.

സംഘ് പരിവാറിന്റെ റഡാര്‍

ഇന്ത്യയുമായി ബന്ധമുള്ള എല്ലാ വിദേശ നേതാക്കളെയും സംഘ് പരിവാര്‍ മാര്‍ക്കറ്റ് ചെയ്യാറില്ല. എന്നാല്‍, പരിവാറിന്റെ റഡാറിനുള്ളില്‍ വരുന്നവരെല്ലാം ആഘോഷിക്കപ്പെടും. ഭഗവദ്ഗീത, പശു ആരാധന, ഹലാല്‍ വിരുദ്ധ പ്രസ്താവനകള്‍, സയണിസ്റ്റ് പ്രേമം, മുസ്‌ലിം വിരുദ്ധത തുടങ്ങിയവയാണ് ആ റഡാറിന്റെ പരിധിയില്‍ വരാനുള്ള മാനദണ്ഡങ്ങള്‍.
ഹവായിയില്‍നിന്ന് യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തുള്‍സി ഗബ്ബാര്‍ഡ് സ്വയം പ്രഖ്യാപിത ഹിന്ദുവും സസ്യാഹാരി(vegan)യുമാണ്. 2014-ല്‍ കോണ്‍ഗ്രസ് അംഗമായി ഭഗവദ്ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഗബ്ബാര്‍ഡ് അതോടെ സംഘ്പരിവാര്‍ സ്പോണ്‍സേര്‍ഡ് സെലിബ്രിറ്റിയായി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഡമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റിനുവേണ്ടി ശ്രമിച്ച് പരാജയപ്പെടുകയും ഇപ്പോള്‍ ട്രംപ് ക്യാമ്പിലേക്ക് കൂറുമാറുകയും ചെയ്ത  ഗബ്ബാര്‍ഡിന്റെ മുസ്ലിം വിരുദ്ധതയും മോദി പ്രേമവുമാണ് സംഘ് പരിവാറിന്റെ അമേരിക്കന്‍ ബ്രാന്‍ഡുകളായ ഓവര്‍സീസ് ഫ്രന്റ് ഓഫ് ബി.ജെ.പി, വിശ്വഹിന്ദു പരിഷത്ത് അമേരിക്ക, ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ എന്നിവയെ ആവേശം കൊള്ളിച്ചത്. 
ഇന്ത്യയുമായി പുലബന്ധം പോലുമില്ലാത്ത ഗബ്ബാര്‍ഡിനെ ഹിന്ദുമത വിശ്വാസം സ്വീകരിച്ചുവെന്ന ഏക കാരണത്താല്‍ ഇന്ത്യന്‍ വംശജയായി അവതരിപ്പിക്കുകയായിരുന്നു സംഘ് പരിവാര്‍ സംഘടനകളും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും. തനിക്ക് ഇന്ത്യയുമായി നേരിട്ട് ബന്ധമില്ലെന്ന് 2012-ലും 2014-ലും ട്വിറ്ററിലൂടെ അവര്‍ തന്നെ വ്യക്തമാക്കിയിട്ടും വ്യാജ പ്രചാരണം തുടരുകയായിരുന്നു സംഘ് പരിവാര്‍. അമേരിക്കയിലെ ഹവായി സംസ്ഥാനത്തെ സമോവന്‍ വംശപരമ്പരയില്‍പെട്ടയാളാണ് ഗബ്ബാര്‍ഡെന്നും അവര്‍ക്ക് ഇന്ത്യയുമായി ബന്ധമില്ലെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഗബ്ബാര്‍ഡിനെപ്പോലെ അവരുടെ മാതാവും ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതാണ്. പിതാവ് കത്തോലിക്കനായി തുടരുന്നു.
ബോബി ജിന്‍ഡാല്‍, പ്രമീള ജയ്പാല്‍ തുടങ്ങിയ യഥാര്‍ഥ ഇന്ത്യന്‍ വംശജര്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പ്രശസ്തരായിട്ടുണ്ടെങ്കിലും ഗബ്ബാര്‍ഡിനെപ്പോലുള്ള വ്യാജന്മാരെയാണ് സംഘ് പരിവാര്‍ പ്രമോട്ട് ചെയ്യുന്നത്. അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ പഞ്ചാബി ഹിന്ദു കുടുംബത്തില്‍ ജനിച്ച പിയുഷ് ജിന്‍ഡാല്‍ ലൂയിസിയാനാ ഗവര്‍ണറും കോണ്‍ഗ്രസ് അംഗവുമൊക്കെയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്രിസ്തുമതം സ്വീകരിച്ചതോടെ അദ്ദേഹം സംഘ് പരിവാര്‍ റഡാറില്‍നിന്ന് അപ്രത്യക്ഷനായി.
മലയാളി വേരുകളുള്ള പ്രമീള ജയ്പാല്‍ ജനിച്ചത് ചെന്നൈയില്‍. മാതാപിതാക്കള്‍ ഇന്ത്യക്കാരും. 1982-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ അവര്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗവും യു.എസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പ്രഥമ ഇന്ത്യന്‍-അമേരിക്കന്‍ വനിതയുമാണ്. കശ്മീരുമായി ബന്ധപ്പെട്ട് പരസ്യ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിനാല്‍ അനഭിമതയായ പ്രമീള ജയ്പാലുമായി നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ച പോലും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ റദ്ദാക്കുകയുണ്ടായി. കാനഡയിലെ ഉന്നത രാഷ്ട്രീയ മേഖലയില്‍ സ്ഥാനം പിടിച്ചവരില്‍ നിരവധി സിഖ് സമുദായക്കാരുണ്ടെങ്കിലും സംഘ്  പരിവാര്‍ ദൃഷ്ടിയില്‍ അവരൊക്കെ ഖലിസ്ഥാന്‍ അനുകൂലികളാണ്.
അയര്‍ലണ്ട് ഉപ പ്രധാനമന്ത്രി ലിയോ വരാദ്കറും പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയും സംഘ് പരിവാറിന്റെ ഗുഡ്ലിസ്റ്റില്‍ വരാത്തത് അവര്‍ ഹിന്ദുക്കള്‍ അല്ലാത്തതു കൊണ്ടാണ്. വരാദ്കറുടെ അഛന്‍ അശോക് ജനിച്ചത് മുംബൈയില്‍ ഒരു ഹിന്ദു കുടുംബത്തിലായിരുന്നുവെങ്കിലും ബ്രിട്ടനില്‍ കുടിയേറി മിറിയം എന്ന നഴ്സിനെ വിവാഹം കഴിക്കുകയായിരുന്നു. ഡോക്ടറായ ലിയോ വരാദ്കര്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയത് മുംബൈയിലെ കെ.ഇ.എം ആശുപത്രിയില്‍. ഇതൊന്നും പക്ഷേ, അദ്ദേഹത്തിന് ഇന്ത്യന്‍ വേരുകള്‍ നല്‍കാന്‍ മതിയാകില്ല. കാരണം, വരാദ്കര്‍ വിശ്വാസം കൊണ്ട് ക്രിസ്ത്യാനിയായിപ്പോയി.
ലിസ്ബണില്‍ ജനിച്ച അന്റോണിയോ കോസ്റ്റ പകുതി പോര്‍ച്ചുഗീസും പകുതി ഇന്ത്യനുമാണ്. ഇന്ത്യന്‍ വംശജനെന്ന നിലയില്‍ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാര്‍ഡിനുടമ. ഇദ്ദേഹത്തിന്റെ പിതാവ് ഗോവന്‍ കുടുംബാംഗമാണ്. കൊങ്കണ്‍ ഭാഷയില്‍ ഏറ്റവും പ്രിയപ്പെട്ടവരെ അഭിസംബോധന ചെയ്യുന്ന 'ബാബുഷ്' എന്ന വിളിപ്പേരും അന്റോണിയോ കോസ്റ്റക്കുണ്ട്. പറഞ്ഞിട്ടെന്ത്, അദ്ദേഹത്തിന്റെ പേരുപോലും ഇവിടെ ചര്‍ച്ച ചെയ്യപ്പെടാറില്ല. ഋഷി സുനകിന് അവകാശപ്പെടാനില്ലാത്ത ഒ.സി.ഐ പദവി ഉണ്ടായിട്ടും അന്റോണിയോ കോസ്റ്റക്ക് ഇന്ത്യന്‍ വംശജനെന്ന പരിഗണന നല്‍കാത്തിനു പിന്നില്‍ അദ്ദേഹത്തിന്റെ വിശ്വാസമാണ്.
മറ്റൊന്നു കൂടിയുണ്ട്. വോട്ടവകാശമില്ലാതെ ഇന്ത്യയില്‍ ജീവിക്കാന്‍ അവസരം നല്‍കുന്ന ഒ.സി.ഐ കാര്‍ഡ് ഇല്ലാത്ത, അഥവാ തന്റെ ഭാര്യയും അവരുടെ മാതാപിതാക്കളും ജനിച്ച നാട്ടിനെ രണ്ടാം രാജ്യമായി കാണാന്‍ പോലും തയാറാവാത്ത സുനക് പക്ഷേ, ബ്രിട്ടീഷ് പൗരനായിരിക്കെ അമേരിക്കയില്‍ സ്ഥിര താമസത്തിനു അനുമതിയുള്ള ഗ്രീന്‍ കാര്‍ഡിനുടമയായിരുന്നു. ബ്രിട്ടന്റെ ധനമന്ത്രിയായപ്പോഴും ഗ്രീന്‍ കാര്‍ഡ് നിലനിര്‍ത്തിയ സുനക് വിവാദം ശക്തിപ്പെട്ടതോടെ കഴിഞ്ഞ വര്‍ഷം മാത്രമാണ് അത് കൈയൊഴിയാന്‍ തയാറായത്. അദ്ദേഹത്തിന്റെ ഭാര്യ അക്ഷത മൂര്‍ത്തിയാവട്ടെ, വിദേശത്തുള്ള വരുമാനത്തിന് ബ്രിട്ടനില്‍ നികുതി നല്‍കേണ്ടതില്ലാത്ത നോണ്‍ ഡോം ടാക്സ് പദവിയും  നേടിയെടുക്കുകയുണ്ടായി.
മൗറീഷ്യസിലും ഫിജിയിലും തെക്കെ അമേരിക്കന്‍ രാജ്യമായ സുരിനാമിലുമൊക്കെ ഇന്ത്യന്‍ വംശജര്‍ ഉന്നത പദവിയിലെത്താറുണ്ട്. മൗറീഷ്യസിലെ ഇന്ത്യക്കാരില്‍ വലിയൊരു വിഭാഗം തികഞ്ഞ ഹിന്ദു മത വിശ്വാസികളാണ്. മുന്‍ പ്രധാനമന്ത്രി അനിരുദ്ധ് ജഗന്നാഥും ഇപ്പോഴത്തെ പ്രധാനമന്ത്രിയായ അദ്ദേഹത്തിന്റെ മകന്‍ പ്രവിന്ദ് കുമാര്‍ ജഗന്നാഥും ഉദാഹരണം. കരീബിയന്‍ രാജ്യമായ ഗയാനയിലെ പ്രധാനമന്ത്രി ഡോ. ഇര്‍ഫാന്‍ അലി ജനിച്ചത് ഇന്തോ ഗയാനീസ് കുടുംബത്തിലാണ്.
ജനിച്ചുവളര്‍ന്ന മണ്ണില്‍നിന്ന് മതത്തിന്റെ പേരില്‍ മുസ്ലിംകളെ നാടുകടത്താന്‍ നിയമങ്ങള്‍ പടച്ചുവിടുന്നവരാണ്, മറ്റൊരു രാജ്യത്ത് ന്യൂനാല്‍ ന്യൂനപക്ഷത്തില്‍പെട്ട ഒരാള്‍ പ്രധാനമന്ത്രി പദവിയില്‍ എത്തിയത് ആഘോഷിക്കുന്നത് എന്നതാണ് വൈരുധ്യം. ഒരു ഹിന്ദുമത വിശ്വാസിയും കുടിയേറ്റക്കാരന്റെ മകനുമായ ഒരാള്‍ക്ക് പ്രധാനമന്ത്രിയാവുന്നതിന് ബ്രിട്ടനില്‍ വിലക്കില്ല എന്നു മാത്രമല്ല, പ്രധാനമന്ത്രിയെന്ന നിലയില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവികളുടെ നിയമനത്തില്‍ ഇടപെടാനുള്ള അധികാരം പോലും സുനകിന് ലഭിച്ചിരിക്കുന്നു. കത്തോലിക്കന്‍, ജൂത വിശ്വാസികള്‍ക്ക് ലഭിക്കാത്ത അധികാരമാണിത്.

സങ്കുചിത വംശീയ ഭ്രാന്ത്

ഇന്ത്യന്‍ പൗരത്വമുണ്ടായിട്ടും പാര്‍ലമെന്റിലേക്ക് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചിട്ടും ഇറ്റലിയില്‍ ജനിച്ചുവെന്ന കാരണത്താല്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ പട നയിച്ചവരാണ് സംഘ് പരിവാര്‍ സംഘടനകള്‍. 'വിദേശി'യായ സോണിയാ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ തല മുണ്ഡനം ചെയ്ത്, വെള്ള സാരി ധരിച്ച്, കടലക്കറി മാത്രം ഭക്ഷിച്ച് തറയില്‍ കിടന്നുറങ്ങുമെന്ന് ഭീഷണി മുഴക്കിയത് ബി.ജെ.പി നേതാവും വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമ സ്വരാജ് ആയിരുന്നു. ഇത്രയും പരസ്യമായി സങ്കുചിത വംശീയ ഭ്രാന്ത് പ്രകടിപ്പിക്കുന്ന സംഘ് പരിവാര്‍ ഇന്ത്യയിലെ ഏറ്റവും വലിയ മത ന്യൂനപക്ഷമായ മുസ്ലിംകളെ ഭരണത്തിന്റെ മുഴുവന്‍ മേഖലയില്‍നിന്നും പുറന്തള്ളിയിരിക്കുകയാണ്. ജന്മനാട്ടില്‍ പോലും മുസ്ലിംകളുടെ പ്രാതിനിധ്യം ഭരണതലത്തില്‍ ഇല്ലാതാക്കാന്‍ തീവ്രശ്രമം നടത്തുന്നവരാണ് അന്യ നാട്ടിലെ ഹിന്ദു ഭരണാധികാരിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നത്!
ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ മുസ്ലിം മോര്‍ച്ച ഉണ്ടാക്കുന്നതും നേതൃത്വത്തിലേക്ക് മുസ്ലിം നാമധാരികളെ അവരോധിക്കുന്നതും വലിയ  അജണ്ടയുടെ ഭാഗമാണ് എന്നത് രഹസ്യമല്ല. ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ സിക്കന്തര്‍ ഭക്തുമാരെയും ഷാനവാസ്, നഖ്വി, അക്ബര്‍മാരെയും അവര്‍ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എ.പി.ജെ അബ്ദുല്‍ കലാമിനെ രാഷ്ട്രപതിയാക്കിയത് അദ്ദേഹത്തിന്റെ മുസ്‌ലിം നാമം മാര്‍ക്കറ്റ് ചെയ്യാനായിരുന്നുവെന്ന് ആര്‍ക്കാണ് അറിയാത്തത്.
മുസ്ലിംകളെ പരിഗണിക്കേണ്ട കാലഘട്ടം കഴിഞ്ഞുവെന്നതാണ്  സംഘ് പരിവാര്‍ നല്‍കുന്ന ഏറ്റവും പുതിയ സന്ദേശം. 2022 ജൂലൈ ഏഴിനു ശേഷം ലോക്‌സഭയിലോ രാജ്യസഭയിലോ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 31 നിയമ സഭകളിലോ മുസ്‌ലിം നാമധാരികളായ ഒരൊറ്റ അംഗവും ബി.ജെ.പിക്കില്ല. രാജ്യസഭാ കാലാവധി അവസാനിച്ചതിനാല്‍ നരേന്ദ്ര മോദി മന്ത്രിസഭയിലെ 'ഏക മുസ്‌ലിം മുഖം' മുഖ്താര്‍ അബ്ബാസ് നഖ്‌വി രാജിവെച്ചതോടെയാണ് പേരിനെങ്കിലും ഒരു മുസ്‌ലിം ഇല്ലാതായത്. ന്യൂനപക്ഷകാര്യ മന്ത്രിയും രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡറുമായ നഖ്‌വിക്ക് ബി.ജെ.പി വീണ്ടും നോമിനേഷന്‍ നല്‍കിയില്ല.
യു.പിയിലെ അജയ് സിംഗ് ബിഷ്ത് എന്ന ആദിത്യനാഥിന്റെ മന്ത്രിസഭയില്‍ ഒരു മുസ്‌ലിം നാമധാരിയുണ്ട് - ദാനിഷ് ആസാദ് അന്‍സാരി എന്ന പഴയ എ.ബി.വി.പി/യുവമോര്‍ച്ചക്കാരന്‍. ദാനിഷ് പക്ഷേ, എം.എല്‍.എ ആവാതെ മന്ത്രിയായതാണ്. മുസ്‌ലിം നാമം പേറുന്ന ഒരാളെപ്പോലും മത്സരിപ്പിച്ചിരുന്നില്ലല്ലോ കഴിഞ്ഞ അസംബ്ലി ഇലക്ഷനില്‍. ആദിത്യനാഥിന്റെ ഒന്നാംവട്ട സര്‍ക്കാറിലും മുഹ്‌സിന്‍ റസ എന്നയാളെ മല്‍സരിപ്പിക്കാതെ 'ഓടുപൊളിച്ച് അകത്തു കയറ്റി'യിരുന്നു. ഒടുവില്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ മത്സരിപ്പിച്ച് ജയിപ്പിച്ചു.
മുസ്‌ലിംകളെ സ്ഥാനാര്‍ഥികളായി പരിഗണിക്കാത്തതിനെക്കുറിച്ച ചോദ്യത്തിന് വിജയിക്കുന്നവരെയാണ് തങ്ങള്‍ പരിഗണിക്കുന്നത് എന്നായിരുന്നു കഴിഞ്ഞ അസംബ്ലി ഇലക്ഷന്‍ കാലത്ത് അമിത് ഷാ നല്‍കിയ മറുപടി. ശരിയാണ്, തങ്ങളെ വംശഹത്യ നടത്താന്‍ തക്കം പാര്‍ത്തിരിക്കുന്നവരെ വടക്കേ ഇന്ത്യയിലെ മുസ്‌ലിംകള്‍ വൈകിയെങ്കിലും തിരിച്ചറിഞ്ഞതിനാല്‍ കാവി പാര്‍ട്ടിക്കാരെ സഭകളിലേക്ക് അവര്‍ അയക്കാറില്ല.
പാര്‍ലമെന്റിന്റെ ഇരു സഭകളിലും സംസ്ഥാന അസംബ്ലികളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 4908 സീറ്റുകളുണ്ട് - ലോക്‌സഭയില്‍ 543, രാജ്യസഭയില്‍ 245, അസംബ്ലികളില്‍ 4120. കഴിഞ്ഞ തവണയും ഇത്തവണയും ലോക്‌സഭയില്‍ മുസ്‌ലിം നാമധാരികളായ ഒരൊറ്റ അംഗവും ബി.ജെ.പിക്കില്ല. 2009-ലെ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ഭഗല്‍പൂരില്‍നിന്ന് ജയിച്ച ഷാനവാസ് ഹുസൈനാണ് ലോക്‌സഭയില്‍ പാര്‍ട്ടിയുടെ അവസാന മുസ്‌ലിം മുഖം. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 482 സ്ഥാനാര്‍ഥികളുടെ കൂട്ടത്തില്‍ ഏഴു മുസ്‌ലിംകളെ ബി.ജെ.പി അവതരിപ്പിച്ചെങ്കിലും ഒരാളും വിജയം കണ്ടില്ല. തോറ്റവരില്‍ ഷാനവാസ് ഹുസൈനും ഉണ്ടായിരുന്നു. 2019-ല്‍ ആറ് മുസ്‌ലിം മുഖങ്ങളെയാണ് അണിനിരത്തിയത്. മൂന്നു പേര്‍ ജമ്മു-കശ്മീരിലും രണ്ടു പേര്‍ പശ്ചിമ ബംഗാളിലും ഒരാള്‍ ലക്ഷദ്വീപിലും. ആരും വിജയിച്ചില്ല. രാജ്യസഭയില്‍ മൂന്നു പേരുണ്ടായിരുന്നു. അതിലൊരാളായ പഴയ മാധ്യമ പ്രവര്‍ത്തകന്‍ എം.ജെ. അക്ബര്‍ 'മീ റ്റൂ' ആരോപണങ്ങളില്‍പെട്ട്, സഹമന്ത്രി സ്ഥാനം 2018 ഒക്‌ടോബറില്‍ രാജിവെച്ചെങ്കിലും എം.പിയായി തുടര്‍ന്നു. ഇക്കഴിഞ്ഞ ജൂണ്‍ 29-ന് കാലാവധി അവസാനിച്ചു. പാര്‍ട്ടിയുടെ ദേശീയ വക്താവ് സയ്യിദ് സഫര്‍ ആലമിന്റെ കാലാവധി ജൂലൈ നാലിനും അവസാനിച്ചു.
ഇതാണ് മോദിയുടെ 'സബ്കാ സാഥ്, സബ്കാ വികാസ്.' തീവ്ര വംശീയതയും ന്യൂനപക്ഷ വിരുദ്ധതയും വാക്കിലും പ്രവൃത്തിയിലും കൊണ്ടുനടക്കുന്ന സംഘ് പരിവാര്‍, സുനകിനെപ്പോലുള്ള വിദേശ ഹിന്ദു ഐക്കണുകളെ മുന്നില്‍നിര്‍ത്തി തങ്ങളുടെ പിഴച്ച പ്രത്യയശാസ്ത്രത്തിന് മൈലേജുണ്ടാക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഋഷി സുനക് മാത്രമല്ല, അദ്ദേഹത്തിന്റെ ആഭ്യന്തര മന്ത്രി (ഹോം സെക്രട്ടറി) സുവേല ബ്രേവര്‍മാനും മുന്‍ ആഭ്യന്തര മന്ത്രി പ്രീതി പട്ടേലുമൊക്കെ ഇന്ത്യന്‍ വംശജരായ കുടിയേറ്റക്കാരാണെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള പുതിയ കുടിയേറ്റങ്ങളെ നിരുത്സാഹപ്പെടുത്തണമെന്ന ശക്തമായ നിലപാടുള്ളവരാണ്. മാത്രമല്ല, പ്രധാനമന്ത്രി പദവിയില്‍ ഋഷി സുനക് എത്ര കാലമുണ്ടാകുമെന്നതും കാത്തിരുന്നു കാണേണ്ടതാണ്. തന്നെ പുറത്താക്കിയ സുനകിനെതിരെ ബോറിസ് ജോണ്‍സണ്‍ ചരടുവലി തുടങ്ങിയെന്നാണ് വാര്‍ത്ത.    +974 6653 9864
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 44-48
ടി.കെ ഉബൈദ്‌

ഹദീസ്‌

മന്ത്രം, ഏലസ്സ്, മാരണം
ഡോ. കെ. മുഹമ്മദ് പാ@ിക്കാട് [email protected]