Prabodhanm Weekly

Pages

Search

2022 നവംബര്‍ 11

3276

1444 റബീഉല്‍ ആഖിര്‍ 16

ലൈംഗിക ചൂഷണത്തിന്റെ ഇരകൾ

വജൂദ് സന്‍ സേ ഹെ തസ്വ്‌വീര്‍ കാഇനാത്ത് മേം രംഗ്
ഇസീ കെ സാസ് മേം ഹെ സിന്ദഗി കാ സോസെ ദറൂന്‍
(സ്ത്രീസത്തയത്രെ പ്രപഞ്ച ചിത്രങ്ങള്‍ക്ക് നിറം ചാര്‍ത്തുന്നത്; ആ വീണയാലല്ലോ ഹൃദയ വികാരങ്ങള്‍ പകര്‍ത്തപ്പെടുന്നത്). സ്ത്രീ മഹത്വം ഉദ്‌ഘോഷിക്കുന്ന മഹാകവി അല്ലാമാ ഇഖ്ബാലിന്റെ വരികള്‍. വേദവാക്യങ്ങളുടെ മനോഹരമായ കാവ്യാവിഷ്‌കാരമാണിത്. പക്ഷേ, ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് വരുമ്പോള്‍ അമ്മ, മകള്‍, സഹോദരി, ഭാര്യ എന്നീ നിലകളില്‍ സ്ത്രീയുടെ സ്ഥാനം ചിലപ്പോള്‍ ഞെട്ടലുളവാക്കും വിധം പരിതാപകരമാണ്. വലിയ മാധ്യമ ശ്രദ്ധയൊന്നും കിട്ടാതെ പോയ ഒരു വാര്‍ത്തയിലേക്ക് വരാം. കഴിഞ്ഞ ഒക്‌ടോബര്‍ പതിനാലിനാണ് ദേശീയ മനുഷ്യാവകാശ കമീഷന്‍ കേന്ദ്രത്തോടും ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടും, ഇപ്പോഴും തുടരുന്ന 'ദേവദാസി വിപത്തി'നെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പെണ്‍കുട്ടികളെ (അവരില്‍ പ്രായപൂര്‍ത്തിയെത്താത്തവരും ഉണ്ടാകും) ക്ഷേത്രങ്ങളിലെ ദേവന്മാര്‍ക്ക് നൈവേദ്യമായി സമര്‍പ്പിക്കുകയാണ് ദേവദാസി സമ്പ്രദായത്തിലൂടെ. താഴ്ന്ന ജാതിക്കാരായി മുദ്രകുത്തപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളാണ് ഇങ്ങനെ ദാനം ചെയ്യപ്പെട്ടിരുന്നത്. ഈ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരകളാവുകയും ഒടുവില്‍ വേശ്യാവൃത്തിയില്‍ എത്തിപ്പെടുകയും ചെയ്യുന്നു. മതത്തിന്റെ മറപിടിച്ച് സ്ത്രീയുടെ മാനവും അന്തസ്സും പിച്ചിച്ചീന്തുന്ന ഈ ഭീകരമായ അത്യാചാരം ഇന്ത്യയില്‍ കര്‍ശനമായി നിരോധിക്കപ്പെട്ടതാണ്. പെണ്‍കുട്ടികളെ ദേവന്മാര്‍ക്ക് സമര്‍പ്പിക്കുന്ന ആചാരത്തിനെതിരെ സുപ്രീം കോടതിയും കടുത്ത നിലപാടെടുത്തിട്ടുണ്ട്. പക്ഷേ, ദേവദാസി സമ്പ്രദായം ഇപ്പോഴും നിലനില്‍ക്കുന്നു. ഒറ്റപ്പെട്ട നിലയിലല്ല; ചിലയിടങ്ങളില്‍ വ്യാപകമായിത്തന്നെ. ദേവദാസികളാക്കപ്പെട്ടവരുടെ സംസ്ഥാനം തിരിച്ചുള്ള എണ്ണം കേട്ടാല്‍ ആരും ഞെട്ടും.
കര്‍ണാടകയും ആന്ധ്രാപ്രദേശും യഥാക്രമം 1982-ലും 1988 -ലും ദേവദാസി സമ്പ്രദായത്തെ നിയമ വിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമീഷന്റെ കണക്ക് പ്രകാരം കര്‍ണാടകയില്‍ മാത്രം എഴുപതിനായിരത്തിലധികം സ്ത്രീകള്‍ ദേവദാസികളായാണ് ഇപ്പോഴും ജീവിക്കുന്നത്. ആന്ധ്രയിലും തെലുങ്കാനയിലുമായി എണ്‍പതിനായിരം ദേവദാസികളുണ്ടെന്ന് ജസ്റ്റിസ് രഘുനാഥ് റാവു കമീഷനും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ കൂടി കണക്കെടുത്താല്‍, ഈ വിധം മാനം നശിപ്പിക്കപ്പെടുകയോ ലൈംഗിക തൊഴിലാളികളായി മാറ്റപ്പെടുകയോ ചെയ്ത സ്ത്രീകളുടെ എണ്ണം നാലര ലക്ഷം വരും! ഈ വിഷയത്തില്‍ കേന്ദ്രവും അതത് സംസ്ഥാന ഭരണകൂടങ്ങളും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്നാണ് ദേശീയ മനുഷ്യാവകാശ കമീഷന്‍ എഴുതി ചോദിച്ചിരിക്കുന്നത്. ആറാഴ്ചക്കകം മറുപടി കൊടുക്കണം. സംസ്ഥാനം തിരിച്ച് കണക്കെടുത്താല്‍ ഒരു പക്ഷേ, ഏറ്റവും കൂടുതല്‍ ദേവദാസികളുണ്ടാവുക ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ തന്നെയായിരിക്കും. ഈ അത്യാചാരത്തിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കപ്പെടുന്നവര്‍ നൂറ് ശതമാനവും ഒരു മതവിഭാഗത്തില്‍ പെടുന്നവരാണ്. അവരുടെ മൊത്തക്കുത്തക ഏറ്റെടുത്തിരിക്കുന്നതാകട്ടെ സംഘ് പരിവാറും. ഇക്കാര്യത്തില്‍ ഇന്നേവരേക്കും കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിനവര്‍ക്ക് നേരം കിട്ടിയിട്ട് വേണ്ടേ! മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് സ്‌കൂളില്‍ വരുന്നത് തടയാന്‍ ആ ഭരണചക്രം തിരിക്കുന്നവര്‍ തലങ്ങും വിലങ്ങും ഓട്ടത്തിലാണല്ലോ.
ഈ ലൈംഗിക ചൂഷണം മതത്തിന്റെ പേരില്‍ ഒരു മറയുമില്ലാതെ നിലനില്‍ക്കുന്നതില്‍ ഭരണകൂടങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കെട്ടിച്ചമച്ച ഭീകരക്കഥകളുടെ പിന്നാലെ ഓടുന്ന മുഖ്യധാരാ മീഡിയ എന്തുകൊണ്ട് ദേവദാസി സമ്പ്രദായത്തിന് നേരെ കണ്ണ് ചിമ്മുന്നു? പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ ലൈംഗിക ചൂഷണത്തിന് എറിഞ്ഞുകൊടുക്കുന്ന നാട്ടുപ്രമാണിമാരെയും പൂജാരികളെയും പുരോഹിതന്മാരെയും എന്തുകൊണ്ട് അവര്‍ തുറന്നുകാട്ടുന്നില്ല? സാമൂഹിക ജീവിതത്തില്‍ നിന്ന് ബഹിഷ്‌കൃതരായ ദേവദാസികളെയും, പിതാവാരെന്നറിയാത്ത അവരുടെ കുഞ്ഞുങ്ങളെയും സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും സാമൂഹിക സംഘടനകളും രംഗത്തു വരേണ്ട സന്ദര്‍ഭമാണിത്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 44-48
ടി.കെ ഉബൈദ്‌

ഹദീസ്‌

മന്ത്രം, ഏലസ്സ്, മാരണം
ഡോ. കെ. മുഹമ്മദ് പാ@ിക്കാട് [email protected]