ഒരൊറ്റ ഭാഷ
വിശപ്പ് പുതച്ചുറങ്ങി
ഒടുവില്‍, മൃതി ഊട്ടിയപ്പോള്‍
ഏമ്പക്കം വിട്ടവനും
വെളിക്കിരിക്കെ
തീവണ്ടിച്ചക്രത്തില്‍ പിടഞ്ഞ്
കുര്‍ളക്ക് പോയവനും
ദാരിദ്ര്യക്കയത്തില്‍ നീന്തി
മരണച്ചുടലയിലെ ചുഴികള്‍
തുരുതുരാ വാരിത്തിന്നവനും
വിത്തെറിഞ്ഞ് വെള്ളംപാര്‍ന്ന്
മുളപൊട്ടും മുമ്പേ
ഒരുചാണ്‍ കയറിലാടിയവനും
ജപ്തി നോട്ടീസിന്റെ വക്കുകീറി
മരണത്തിനൊരു പ്രണയക്കുറി
സ്വന്തം കൈപ്പടയിലെഴുതിയവനും
പോഷകാഹാരക്കുറവിനാല്‍
സ്വപ്‌നങ്ങള്‍ ചുമക്കാന്‍ കനമുള്ള
നെഞ്ചിന്‍കൂടില്ലാതെ പോയവളും
വിചാരണയുടെ നൂറ് വര്‍ഷങ്ങള്‍
തടവറയില്‍ കിടക്കെ മരണത്തിന്റെ
സെല്ലിലേക്ക് മാറിത്താമസിച്ചവരും
ജനിക്കും മുമ്പേ
തൃശൂലമുനയിലേറി വംശവെറിയുടെ
തുള്ളല്‍ക്കാഴ്ച കണ്ട ഉണ്ണികളും
മാനഭംഗം ചെയ്യപ്പെട്ട മുറിവിലെ
മണ്ണെണ്ണ നീറ്റലില്‍ തീപ്പെട്ടിയുരച്ചപ്പോള്‍
പച്ചയോടെ വെന്തെരിഞ്ഞവളും
പൗരാവകാശം പ്രസംഗിക്കേ
വെടിയുണ്ടയാല്‍ തുളഞ്ഞവനും
ഏതു ഭാഷയിലാകും
ഇനി മുതല്‍ നിലവിളിക്കുക?
ഹിന്ദി......!
Comments