Prabodhanm Weekly

Pages

Search

2022 നവംബര്‍ 11

3276

1444 റബീഉല്‍ ആഖിര്‍ 16

എല്ലാം  പടച്ചവന്റെ  തീരുമാനമാണ്

ജി.കെ എടത്തനാട്ടുകര

വഴിയും വെളിച്ചവും / 


എന്തെങ്കിലും അപകടങ്ങളിലോ പ്രതിസന്ധികളിലോ പെട്ടുപോയ വിശ്വാസികളില്‍ നിന്ന് പൊതുവില്‍ ഉണ്ടാവാറുള്ള പ്രതികരണം, 'എല്ലാം പടച്ചവന്റെ തീരുമാനമാണ്' എന്നായിരിക്കും. ഇത് ജീവിതത്തിനു നല്‍കുന്ന ആശ്വാസവും പ്രതീക്ഷയും ചെറുതല്ല. മനുഷ്യന്റെ കേവല യുക്തിക്ക് മനസ്സിലാവാത്ത വിധിവിശ്വാസവുമായിട്ടാണ് അതിന്റെ ബന്ധം. ദൈവ വിശ്വാസത്തിന്റെ തന്നെ ഭാഗമായി വരുന്ന ഒന്നാണ് വിധിവിശ്വാസം എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.
പ്രതീക്ഷ ഇല്ലായ്മയാണ് പലപ്പോഴും മനുഷ്യനെ 'ഇനി ജീവിച്ചിട്ടു കാര്യമില്ല' എന്ന തോന്നലിലേക്ക് നയിക്കുന്നത്. അസഹ്യമായ അനുഭവങ്ങളും താങ്ങാനാവാത്ത സംഭവങ്ങളും അത്തരം ചിന്തകളിലേക്ക് മനുഷ്യനെ നയിക്കും. മനസ്സിലെ ഭാരം ഇറക്കിവെക്കാന്‍ ഒരു അത്താണിയും ഇല്ലാതെ വരുമ്പോള്‍ ജീവിതം തന്നെ താങ്ങാനാവാത്ത ഭാരമായി തോന്നും. അപ്പോഴാണ് പലരും 'ജീവിത ഭാര'ത്തെ 'മരണ ഗര്‍ത്ത'ത്തിലേക്ക് തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്.
ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ വിധിവിശ്വാസം വലിയൊരു ആശ്വാസമാണ് നല്‍കുക. 'ദൈവവിധി അങ്ങനെയെങ്കില്‍ അങ്ങനെത്തന്നെ ആവട്ടെ' എന്നത് ഒരു നിലപാടാണ്. യഥാര്‍ഥത്തില്‍ ഒരു 'കീഴടങ്ങല്‍' ആണത്. ഇസ്‌ലാം പഠിപ്പിക്കുന്നതനുസരിച്ച്  അത് ദൈവത്തിനുള്ള കീഴടങ്ങലാണ്. കാരണം, വിധി ദൈവത്തിന്റേതാണ്. ഈ കീഴടങ്ങലിലൂടെ ഒരു വിശ്വാസി യഥാര്‍ഥത്തില്‍ ചെയ്യുന്നത് നിസ്സഹായതയെ കീഴടക്കുകയാണ്. അതില്‍നിന്നുണ്ടാവുന്ന സംതൃപ്തി ബുദ്ധിയിലല്ല അനുഭവപ്പെടുക; ഹൃദയത്തിലാണ്.
ബുദ്ധിയെ തൃപ്തിപ്പെടുത്താനാവാത്ത, എന്നാല്‍ ഹൃദയത്തെ തൃപ്തിപ്പെടുത്തുന്ന ഇങ്ങനെ ചിലതുണ്ട് ജീവിതത്തില്‍. വിധിവിശ്വാസം അങ്ങനെയാണ് അനുഭവപ്പെട്ടിട്ടുള്ളത്. അത് യുക്തിക്ക് വഴങ്ങാത്ത ഭക്തികൊണ്ട് അനുഭവിക്കുന്ന കാര്യമാണ്. ജീവിതത്തില്‍ ഇങ്ങനെയുള്ള ധാരാളം കാര്യങ്ങളുണ്ട്.
വിധിവിശ്വാസത്തിന്റെ യുക്തി തേടി പല വായനകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. വിധിവിശ്വാസവുമായി ബന്ധപ്പെട്ട ഏറ്റവും സങ്കീര്‍ണമായി തോന്നിയ ചോദ്യങ്ങളിതാണ്:
'എല്ലാം നേരത്തെതന്നെ ദൈവം വിധിച്ചു വച്ചതാണെങ്കില്‍ പിന്നെ, മനുഷ്യന്‍ ചെയ്യുന്ന കര്‍മങ്ങള്‍ക്ക് ഉത്തരവാദി ദൈവം തന്നെയല്ലേ? എങ്കില്‍ രക്ഷാ ശിക്ഷകള്‍ക്ക് പിന്നെന്തു പ്രസക്തി? പിന്നെ എന്തിനാണ് പ്രാര്‍ഥനകള്‍?' എന്നൊക്കെ പലരും ചോദിക്കാറുണ്ട്.
ഇസ്‌ലാമിനെ പഠിച്ചപ്പോള്‍ മനസ്സിലായത്, ഒരു മനുഷ്യന്‍ എന്തെല്ലാം കര്‍മങ്ങളാണ് ചെയ്യുക എന്ന് ദൈവം നേരത്തെ തീരുമാനിച്ചു വെച്ചിട്ടില്ല എന്നാണ്. അതേസമയം, മനുഷ്യന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം ദൈവത്തിനറിയും. കാരണം, ദൈവം സര്‍വജ്ഞനാണ്. അതുകൊണ്ടാണല്ലോ ദൈവമാകുന്നതും. ഇതാണ് ഇവിടത്തെ പ്രധാനമായ ഒരു കാര്യം. സര്‍വജ്ഞനായ ദൈവം അത്യുന്നതനുമാണ്. കഴിഞ്ഞുപോയതും നടന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ എല്ലാം സര്‍വജ്ഞനും അത്യുന്നതനുമായ ദൈവം  അറിയുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഡോ. ജഫ്രി ലാംഗ് പറഞ്ഞ ഒരു ഉദാഹരണം ശ്രദ്ധേയമായി തോന്നി. അമേരിക്കയിലെ കാന്‍സാസ് യൂനിവേഴ്‌സിറ്റിയില്‍ ഗണിതശാസ്ത്ര വിഭാഗം തലവനും ബുദ്ധിജീവിയുമായ അദ്ദേഹം നേരത്തെ ഒരു നാസ്തികനായിരുന്നു. പിന്നീടെപ്പോഴോ ഖുര്‍ആന്‍ വായിക്കാന്‍ അവസരമുണ്ടായി. അങ്ങനെയാണ് ഇസ്‌ലാം സ്വീകരിക്കുന്നത്.
അരിച്ച് നീങ്ങുന്ന ഒരു ഉറുമ്പിന്‍ ചാര്‍ത്ത് നോക്കിക്കാണുന്ന മനുഷ്യനെ ഉദാഹരിച്ചു കൊണ്ടാണദ്ദേഹം കാര്യം വിവരിക്കുന്നത്. മുകളില്‍ നിന്ന് നോക്കുന്ന ഒരു മനുഷ്യന്  ഉറുമ്പുകളുടെ വരിയിലെ  ഏറ്റവും മുമ്പിലെ ഉറുമ്പുകളും ഏറ്റവും പിന്നിലെ ഉറുമ്പുകളും ഇടക്കുള്ള ഉറുമ്പുകളും എന്തെല്ലാം തരണം ചെയ്തു, എന്തെല്ലാം തരണം ചെയ്തു കൊണ്ടിരിക്കുന്നു, ഇനി എന്തെല്ലാം തരണം ചെയ്യാനുണ്ട് എന്നൊക്കെ അറിയാം. അതേസമയം, ഏറ്റവും മുമ്പിലുള്ള ഉറുമ്പുകള്‍ക്ക് ഏറ്റവും പിന്നിലുള്ള ഉറുമ്പുകളുടെ അവസ്ഥയോ പിന്നിലുള്ളവക്ക് മുമ്പിലുള്ളവയെക്കുറിച്ചോ ഇടക്കുള്ളവക്ക് മുന്നിലും പിന്നിലുമുള്ളവയെക്കുറിച്ചോ അറിയില്ല. ഇവിടെ ഉറുമ്പുകളെക്കാള്‍ ഔന്നത്യത്തിലുള്ളത് മനുഷ്യനാണ്. അതുകൊണ്ടുതന്നെ ഉറുമ്പുകള്‍ക്കറിയാത്ത ചില കാര്യങ്ങള്‍ മനുഷ്യനറിയാം.
ഇതുപോലെ, അത്യുന്നതനും സര്‍വജ്ഞനുമായ ദൈവത്തിന്  ഭൂത- ഭാവി -വര്‍ത്തമാനങ്ങളെക്കുറിച്ചെല്ലാം അറിയാം. കാരണം, ദൈവം സര്‍വജ്ഞനും അത്യുന്നതനുമാണ്. മനുഷ്യന്‍ പക്ഷേ അങ്ങനെയല്ല. പരിമിതമായ അറിവേ മനുഷ്യനുള്ളൂ.
ദൈവത്തിന് എല്ലാം അറിയും എന്നതിന്, മനുഷ്യന്റെ എല്ലാ കര്‍മങ്ങളും നേരത്തെ തീരുമാനിച്ച് വെച്ചിരിക്കുന്നു എന്നര്‍ഥമില്ല. ഖുര്‍ആന്‍ പഠിപ്പിക്കുന്ന വിധിവിശ്വാസം അങ്ങനെയല്ല എന്നാണ് അത് സംബന്ധമായ പഠനം ബോധ്യപ്പെടുത്തിത്തന്നത്.
മനുഷ്യന്‍ ചെയ്യുന്ന കര്‍മങ്ങള്‍ക്ക് രക്ഷാ ശിക്ഷകളുണ്ട് എന്നാണല്ലോ പ്രവാചകന്മാരിലൂടെയുള്ള ദൈവത്തിന്റെ വെളിപാട്. അതു തന്നെ വ്യക്തമാക്കുന്നത് മനുഷ്യന്‍ ചെയ്യേണ്ട കര്‍മങ്ങള്‍ എന്തൊക്കെയെന്ന് മുന്‍കൂട്ടി തീരുമാനിച്ചിട്ടില്ല എന്നാണ്. കാരണം, അങ്ങനെ നേരത്തെ തീരുമാനിച്ചു വച്ചാല്‍ പിന്നെ രക്ഷാ ശിക്ഷകള്‍ക്ക് ഒരര്‍ഥവുമില്ലല്ലോ.    
വിശ്വാസികള്‍ ഓരോ നമസ്‌കാരത്തിലും നിര്‍ബന്ധമായും പറയണം, 'പ്രതിഫലദിനത്തിന്റെ ഉടമസ്ഥനായ നാഥാ' എന്ന്. വിശുദ്ധ ഖുര്‍ആന്‍ ഒന്നാം അധ്യായത്തിലെ നാലാം സൂക്തമാണിത്. പ്രതിഫലദിനം എന്നതുകൊണ്ടുദ്ദേശിച്ചിട്ടുള്ളത് ഭൂമിയില്‍ മനുഷ്യന്‍ ചെയ്ത കര്‍മങ്ങള്‍ക്ക് രക്ഷാ ശിക്ഷകള്‍ വിധിക്കുന്ന അന്ത്യദിനമാണ്. അന്നത്തെ പ്രത്യേകതയായി ഖുര്‍ആന്‍ തൊണ്ണൂറ്റി ഒമ്പതാം അധ്യായം ഏഴ്, എട്ട് സൂക്തങ്ങളില്‍ പറയുന്നത് 'അണുത്തൂക്കം നന്മ ചെയ്തവന്‍ അത് കാണും. അണുത്തൂക്കം തിന്മ ചെയ്തവന്‍ അതും കാണും' എന്നാണ്. മനുഷ്യന്‍ ചെയ്യേണ്ട കര്‍മങ്ങള്‍ മുന്‍കൂട്ടി ദൈവം നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ പിന്നെ ഈ പറയുന്നതിനെന്തര്‍ഥം?
നന്മ-തിന്മകളെക്കുറിച്ച ബോധവും അത് ചെയ്യാനുള്ള പൂര്‍ണ സ്വാതന്ത്ര്യവും മനുഷ്യനുണ്ട്. ഖുര്‍ആന്‍ പല ഭാഗങ്ങളിലായി ഇത് വ്യക്തമാക്കിയിട്ടുണ്ട്. ദൈവത്തിന് എല്ലാം അറിയും എന്നത് മനുഷ്യന്റെ കര്‍മ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഒന്നല്ല.
മനുഷ്യന്റെ തീരുമാനങ്ങളിലും കര്‍മങ്ങളിലും ദൈവത്തിന്റെ ഇടപെടല്‍ എങ്ങനെ എന്നത് വിധിവിശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ വളരെ പ്രധാനമാണ്. ഈ വിഷയത്തില്‍ വളരെ അര്‍ഥവത്തായി തോന്നിയ ഒരു വിശദീകരണം കിട്ടിയത് ആലപ്പുഴ ജില്ലയിലെ വടുതലക്കാരനായ സലീം എന്ന സുഹൃത്തില്‍ നിന്നാണ്.
അതിന്റെ ചുരുക്കം ഇതാണ്: വിശുദ്ധ ഖുര്‍ആനിലെ പതിനെട്ടാം അധ്യായത്തില്‍, മൂസാ നബി ഒരു തത്ത്വജ്ഞാനിയുടെ കൂടെ യാത്ര പോവുമ്പോള്‍ ഉണ്ടാവുന്ന മൂന്ന് സംഭവങ്ങള്‍ പറയുന്നുണ്ട്. അതിലൊന്ന്, അവര്‍ ഒരു കപ്പലില്‍ കയറി. തത്ത്വജ്ഞാനി ആ കപ്പലിന് ഒരു ദ്വാരമുണ്ടാക്കി. രണ്ടാമത്തെ സംഭവം, അവര്‍ യാത്ര തുടരവേ വഴിയില്‍ വച്ച് കണ്ട ഒരു ബാലനെ തത്ത്വജ്ഞാനി കൊന്നുകളഞ്ഞു. മൂന്നാമത്തേത്, യാത്ര തുടരവേ അവര്‍ ചെന്നെത്തിയ ഒരു നാട്ടുകാരോട് ഭക്ഷണം ചോദിച്ചപ്പോള്‍ ഭക്ഷണം നല്‍കിയില്ല. എന്നിട്ടും അവിടെ പൊളിഞ്ഞു വീഴാറായ ഒരു മതില്‍ കണ്ടപ്പോള്‍ തത്ത്വജ്ഞാനി അത് നേരെയാക്കി.
തികച്ചും അസ്വാഭാവികമായ ചെയ്തികളാണല്ലോ ഇത്. കൂടെ യാത്ര ചെയ്യാനുള്ള അനുവാദം ചോദിക്കുമ്പോള്‍ തന്നെ മൂസാ നബിയോട് 'അകം പൊരുള്‍ അറിഞ്ഞിട്ടില്ലാത്ത കാര്യത്തില്‍ താങ്കള്‍ക്കെങ്ങനെ ക്ഷമിച്ചിരിക്കാന്‍ കഴിയും' എന്ന് തത്ത്വജ്ഞാനി ചോദിക്കുന്നുണ്ട്. മൂസാ നബിക്ക് ക്ഷമിക്കാന്‍ കഴിയാതെ വന്നപ്പോള്‍ യാത്ര അവസാനിപ്പിച്ചു. ശേഷം തത്ത്വജ്ഞാനി മൂന്നു സംഭവങ്ങളുടെയും അകം പൊരുള്‍ പറഞ്ഞുകൊടുത്തു. പതിനെട്ടാം അധ്യായത്തില്‍  എഴുപത്തി ഒമ്പത് മുതല്‍ എണ്‍പത്തി രണ്ട് വരെയുള്ള സൂക്തങ്ങളിലാണത് പറയുന്നത്. അതിങ്ങനെയാണ്: ''ആ കപ്പലില്ലേ; അത് കടലില്‍ കഠിനാധ്വാനം ചെയ്തുകഴിയുന്ന ഏതാനും പാവങ്ങളുടേതാണ്. അതിനാല്‍, ഞാനത് കേടുവരുത്തണമെന്ന് കരുതി. കാരണം, അവര്‍ക്ക് പിന്നില്‍ എല്ലാ നല്ല കപ്പലും ബലാല്‍ക്കാരം പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു.''
ഈ സംഭവത്തില്‍, 'ഞാനത് കേടുവരുത്തണമെന്നു കരുതി' എന്നാണല്ലോ പറയുന്നത്. ഇതില്‍ ദൈവത്തിന്റെ പങ്ക് പരാമര്‍ശിക്കുന്നില്ല. രണ്ടാമത്തെ സംഭവത്തെപ്പറ്റി പറയുന്നത് ഇങ്ങനെ: ''ആ ബാലന്റെ കാര്യമിതാണ്: അവന്റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു. എന്നാല്‍, ബാലന്‍ അവരെ അതിക്രമത്തിനും സത്യനിഷേധത്തിനും നിര്‍ബന്ധിതരാക്കുമെന്ന് നാം ഭയപ്പെട്ടു.''
ഇവിടെ 'നാം ഭയപ്പെട്ടു' എന്നാണ് പറയുന്നത്. 'ഞാന്‍ ഭയപ്പെട്ടു' എന്നല്ല. ദൈവത്തിന്റെ പങ്ക് കൂടി ഇവിടെ പരാമര്‍ശിക്കുന്നുണ്ട്. ശേഷം മൂന്നാമത്തെ സംഭവത്തെപ്പറ്റി പറയുന്നത് ഇതാണ്: ''പിന്നെ ആ മതിലിന്റെ കാര്യം: അത് ആ പട്ടണത്തിലെ രണ്ട് അനാഥക്കുട്ടികളുടേതാണ്. അതിനടിയില്‍ അവര്‍ക്കായി കരുതിവെച്ച ഒരു നിധിയുണ്ട്. അവരുടെ പിതാവ് നല്ലൊരു മനുഷ്യനായിരുന്നു. അതിനാല്‍, അവരിരുവരും പ്രായപൂര്‍ത്തിയെത്തി തങ്ങളുടെ നിധി പുറത്തെടുക്കണമെന്ന് നിന്റെ നാഥന്‍ ഉദ്ദേശിച്ചു. ഇതൊക്കെയും നിന്റെ നാഥന്റെ അനുഗ്രഹമത്രെ. ഞാനെന്റെ സ്വന്തം ഹിതമനുസരിച്ച് ചെയ്തതല്ല ഇതൊന്നും. താങ്കള്‍ക്കു ക്ഷമിക്കാന്‍ കഴിയാതിരുന്ന കാര്യങ്ങളുടെ പൊരുളിതാണ്.''
ഇവിടെ പറയുന്നത്, 'നിന്റെ നാഥന്‍ ഉദ്ദേശിച്ചു' എന്നാണല്ലോ. തത്ത്വജ്ഞാനിയുടെ പങ്ക് ഇവിടെ വരുന്നില്ല.
'ഞാനത് കേടുവരുത്തണമെന്നു കരുതി', 'നാം ഭയപ്പെട്ടു', 'നിന്റെ നാഥന്‍ ഉദ്ദേശിച്ചു.' ഈ മൂന്നു പ്രയോഗങ്ങള്‍ വെച്ചുകൊണ്ടുള്ള, സുഹൃത്ത് സലീം സാഹിബിന്റെ വിശദീകരണം കേട്ടപ്പോള്‍ വല്ലാത്ത  കൗതുകം തോന്നി.
ഓരോ മനുഷ്യനും സ്വന്തമായി കാര്യങ്ങള്‍ തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്നതിലേക്കാണ് 'ഞാനത് കേടുവരുത്തണമെന്നു കരുതി' എന്ന ഒന്നാമത്തെ പ്രയോഗം വിരല്‍ ചൂണ്ടുന്നത്. മനുഷ്യന്റെ തീരുമാനം നടപ്പാവുന്നത് ദൈവത്തിന്റെ തീരുമാനം കൂടി ഉണ്ടാവുമ്പോഴാണ്. ഇതിലേക്കാണ് 'നാം ഭയപ്പെട്ടു' എന്ന പ്രയോഗം സൂചന നല്‍കുന്നത്. തീരുമാനം നടപ്പായതിന്റെ ഫലം ദൈവ തീരുമാനപ്രകാരം മാത്രമാണ് നടക്കുക. ഇതിലേക്കാണ് മൂന്നാമത്തെ സംഭവത്തിലെ, 'നിന്റെ നാഥന്‍ ഉദ്ദേശിച്ചു' എന്ന പ്രയോഗം വിരല്‍ ചൂണ്ടുന്നത്. ഒരു ഉദാഹരണത്തിലൂടെ പറഞ്ഞാല്‍: 'ഒരാള്‍ക്ക് മറ്റൊരാളെ കൊല്ലാന്‍ തീരുമാനിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. കൊല നടത്താനുള്ള ശ്രമം വിജയിക്കണമെങ്കില്‍ ദൈവത്തിന്റെ തീരുമാനം കൂടി ഉണ്ടാവണം. കൊലപാതക ശ്രമത്തിന്റെ ഫലം എന്ന നിലക്ക് മരണം നടക്കുന്നത് ദൈവത്തിന്റെ മാത്രം തീരുമാനത്തില്‍ പെട്ടതാണ്. മനുഷ്യന് അതില്‍ ഇടപെടാന്‍ കഴിയില്ല.'
ഇതിന്റെ യാഥാര്‍ഥ്യം ദൈവത്തിനു മാത്രമാണറിയുക. എന്നാലും, മനസ്സില്‍ കൗതുകം മാത്രമല്ല തൃപ്തികൂടി തോന്നിയ ഒരു വിശദീകരണമായിരുന്നു അത്.

ലക്ഷ്യബോധം
ആത്മഹത്യയിലേക്ക് നയിക്കുന്ന മറ്റൊരു ഘടകം, ജീവിതത്തെ സംബന്ധിച്ച ലക്ഷ്യബോധമില്ലായ്മയാണ്. ഇസ്‌ലാം ജീവിതത്തിന് കൃത്യമായ ദിശ നിര്‍ണയിച്ചുതരുന്നുണ്ട്. ഇസ്ലാം പഠിപ്പിക്കുന്ന സത്യവിശ്വാസം കൊണ്ട് മറികടക്കാനാവാത്ത ഒരു പ്രതിസന്ധിയും ഭൂമിയിലില്ല എന്നാണ് തോന്നിയിട്ടുള്ളത്. ഭൂമിയെയും ഇഹലോക ജീവിതത്തെയും ലക്ഷ്യമാക്കുന്നതിനു പകരം  ദൈവപ്രീതിയെയും പരലോക ജീവിതത്തെയും ലക്ഷ്യമാക്കണം എന്നു മാത്രം. അതാണ് ഇസ്ലാം പഠിപ്പിച്ചു തന്നിട്ടുള്ളത്.
അങ്ങനെ വരുമ്പോള്‍ ജീവിതത്തിലുണ്ടാവുന്ന പ്രയാസങ്ങളും പ്രതിസന്ധികളുമൊന്നും വിപത്തല്ല; പരീക്ഷണമാണ്. മരണം പോലും ലക്ഷ്യത്തിലെത്താനുള്ള നിമിത്തം മാത്രമാണ്. പരലോകം എന്ന യാഥാര്‍ഥ്യത്തെ അറിയുമ്പോഴാണ് ഈ സ്വഭാവത്തില്‍ ജീവിതത്തെ സമീപിക്കാനാവുക.
വിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഈ കാര്യം പറയുന്നുണ്ട്. കാരണം, മരണാനന്തര ജീവിതം ഒരു യാഥാര്‍ഥ്യമാണ്; കേവല വിശ്വാസമല്ല. വിശുദ്ധ ഖുര്‍ആനില്‍ എണ്‍പത്തി ഏഴാം അധ്യായം പതിനാറ്, പതിനേഴ് സൂക്തങ്ങളില്‍ പറയുന്നത്,
'നിങ്ങള്‍ ഐഹികജീവിതത്തിനാണ് പ്രാമുഖ്യം കല്‍പിക്കുന്നത്. എന്നാല്‍, പരലോക ജീവിതമാണ് ഉത്തമവും ശാശ്വതവുമായിട്ടുള്ളത്' എന്നാണ്.
പരലോകം ഒരു യാഥാര്‍ഥ്യമാണെന്നതിന് സത്യസന്ധരായ പ്രവാചകന്മാരുടെ സാക്ഷ്യവുമുണ്ട്. ഈ സാക്ഷ്യമാണ് മരണാനന്തരം ഒരു ജീവിതമുണ്ട് എന്നതിനുള്ള യഥാര്‍ഥ തെളിവായി തോന്നിയിട്ടുള്ളത്. മറ്റുള്ളതെല്ലാം സാധ്യതയുടെ തെളിവുകളാണ്. റോമാ ചക്രവര്‍ത്തി ഹിര്‍ഖലും പ്രവാചകന്റെ കഠിന ശത്രുവായിരുന്ന അബൂസുഫ്യാനും തമ്മിലുള്ള ഒരു സംഭാഷണം വായിച്ചപ്പോഴാണ് ഇങ്ങനെ ചിന്തിച്ചത്. മുഹമ്മദിന്റെ വ്യക്തിത്വവും സ്വഭാവ മഹിമകളും ചോദിച്ചറിഞ്ഞ കൂട്ടത്തില്‍ സത്യസന്ധതയെപ്പറ്റിയും ചോദിക്കുന്നുണ്ട്. മുഹമ്മദ് സത്യസന്ധനാണെന്ന് അബൂസുഫ്‌യാന്‍ സമ്മതിക്കുന്നുണ്ട്. മുഹമ്മദിന്റെ സ്വഭാവങ്ങളെപ്പറ്റിയെല്ലാം കേട്ടറിഞ്ഞ ശേഷം ഹിര്‍ഖല്‍ ചക്രവര്‍ത്തി പ്രതികരിച്ചത്, '....ദൈവദാസന്മാരോട് കളവ് പറയാത്ത ഒരാള്‍ ദൈവത്തെപ്പറ്റി കളവ് പറയുമോ?' എന്നാണ്. ചക്രവര്‍ത്തിയുടെ ഈ ചോദ്യം 'ഹൃദയം കൊണ്ടുള്ള ചിന്ത'ക്കാണ് കാരണമായത്.
ജീവിതത്തിലൊരിക്കലും കളവ് പറഞ്ഞിട്ടില്ലാത്ത, സത്യത്തിനും ധര്‍മത്തിനും നീതിക്കും വേണ്ടി ജീവന്‍ ബലി നല്‍കിയ മഹാന്മാരാണല്ലോ പ്രവാചകന്മാര്‍. മനുഷ്യനെ തിന്മയില്‍നിന്ന് നന്മയിലേക്ക്, അധര്‍മത്തില്‍നിന്ന് ധര്‍മത്തിലേക്ക്, ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നയിച്ചവരാണവര്‍. മനുഷ്യനുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം സത്യം മാത്രം പറഞ്ഞവര്‍ ദൈവവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കളവ് പറയുമോ? ഇല്ലെന്നുറപ്പല്ലേ? അതിനാല്‍, മരണാനന്തര ജീവിതം ഉറപ്പാണ്. ബുദ്ധിയില്‍ ബോധ്യമായ ഈ കാര്യം ഹൃദയത്തില്‍ ഉറച്ചു പോയത് ഇങ്ങനെ ചിന്തിച്ചപ്പോഴാണ്. ആ കാര്യങ്ങള്‍ സത്യമാണെന്നതിന് വേറെ തെളിവുകള്‍ തേടേണ്ടതില്ല. കാരണം, ഒരു കാര്യത്തെ സംബന്ധിച്ചുള്ള സത്യസന്ധന്റെ സാക്ഷ്യം ആ കാര്യം സത്യമാണെന്നതിനു തെളിവാണ്.
മാത്രമല്ല, ഇഹലോകം തന്നെ പരലോകത്തിന് ധാരാളം തെളിവുകള്‍ തരുന്നുണ്ട്. എല്ലാറ്റിനെയും ഇണകളായി അല്ലെങ്കില്‍ ജോഡികളായാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ഇതിന്റെ വ്യാഖ്യാനത്തില്‍, ഇഹലോകത്തിന്റെ 'ഇണ'യാണ് പരലോകം എന്ന ഒരു പരാമര്‍ശം തഫ്ഹീമുല്‍ ഖുര്‍ആനിലുണ്ട്. അത്  വായിച്ചപ്പോള്‍ തോന്നിയത്, സത്യം-അസത്യം, നന്മ-തിന്മ, ശരി-തെറ്റ്, ധര്‍മം-അധര്‍മം, സന്മാര്‍ഗം-ദുര്‍മാര്‍ഗം എന്നു തുടങ്ങി പകല്‍-രാത്രി, വെളുപ്പ്-കറുപ്പ്, മധുരം-കയ്പ്, അകം-പുറം എന്നിങ്ങനെ നീളുന്ന ഈ ലിസ്റ്റില്‍ സുഖം-ദുഃഖം, ജനനം-മരണം എന്നതുവരെയും യാഥാര്‍ഥ്യമാണെന്നിരിക്കെ ഇഹലോകം- പരലോകം, സ്വര്‍ഗം-നരകം, നശ്വരം-അനശ്വരം എന്നീ കാര്യങ്ങള്‍ കൂടി യാഥാര്‍ഥ്യമാവാതിരിക്കുന്നതെങ്ങനെ?
ചുരുക്കത്തില്‍, പരലോകം ഒരു യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യബോധം മനുഷ്യ  ജീവിതത്തിന്റെ വിവിധ തലങ്ങളില്‍  ചെലുത്തിയ സ്വാധീനം വിലയിരുത്തിയപ്പോള്‍ അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. അനുഭവം വച്ചുള്ള ചില ഉദാഹരണങ്ങളാണ് നേരത്തെ പറഞ്ഞത്.
അതിമനോഹരമായ തത്ത്വചിന്തകളും ദര്‍ശനങ്ങളും ലോകത്ത് ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഈ സ്വഭാവത്തില്‍ ജനജീവിതത്തെ സ്വാധീനിക്കുന്ന, ജീവിതത്തിനര്‍ഥം നല്‍കുന്ന ഒരു ദര്‍ശനത്തെ വേറെ കണ്ടിട്ടേയില്ല. അതുകൊണ്ടു തന്നെയാണ് ഇസ്ലാം 'വഴിയും വെളിച്ച'വുമാണ് എന്ന് തോന്നിയതും അത് അംഗീകരിച്ച് അതനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നതും.   
  99617 60461
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 44-48
ടി.കെ ഉബൈദ്‌

ഹദീസ്‌

മന്ത്രം, ഏലസ്സ്, മാരണം
ഡോ. കെ. മുഹമ്മദ് പാ@ിക്കാട് [email protected]