Prabodhanm Weekly

Pages

Search

2022 നവംബര്‍ 11

3276

1444 റബീഉല്‍ ആഖിര്‍ 16

ഗീതയിലെ 'ജിഹാദ്'  വെളിപ്പെട്ടപ്പോള്‍

ബശീര്‍ ഉളിയില്‍  [email protected] 

പ്രതിവിചാരം /


കാവി രാഷ്ട്രീയത്തിന് ബദലായി വന്ന പ്രസ്ഥാനങ്ങള്‍ പോലും 'അതുതാനല്ലയോ ഇത്' എന്ന് വര്‍ണ്യത്തിലാശങ്ക വിതറികൊണ്ടാണ് ഓരോ ദിവസവും നമ്മെയെല്ലാം സംഭ്രമിപ്പിച്ചുക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന് ഐശ്വര്യം വരാന്‍ കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ അച്ചടിക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ (മാധ്യമം 27-10-2022) ആവശ്യപ്പെടുമ്പോള്‍ ശരിക്കും അസ്സലേത്, ബദലേത് എന്ന് ഉല്‍പ്രേക്ഷാഖ്യയലംകൃതിയില്‍ പെട്ട് ഞെട്ടിയും മരവിച്ചുമിരിക്കുകയാണ് പൊതുജനമെന്ന ഗര്‍ദഭം.  നോട്ട് നിരോധം എന്ന 'സംഘടിത കുറ്റവും നിയമാനുസൃത കൊള്ള'യും നടത്തിയ ശേഷം ഒന്നും നേരെയായില്ലെങ്കില്‍ അമ്പത്തൊന്നാം ദിവസം ജീവനോടെ ചുട്ടോളാന്‍ ഗദ്ഗദകണ്ഠനായ പ്രജാപതി, ആയിരത്തി നാനൂറ് ദിവസങ്ങള്‍ക്ക് ശേഷവും ഒറ്റ നേരത്തെ ഭക്ഷണത്തില്‍ വെറും 30,000 രൂപയുടെ കൂണ്‍ ഉള്‍പ്പെടുത്തി ഓജസ്സോടെ രാജ്യഭരണം നടത്തിക്കൊണ്ടിരിക്കുന്ന വേളയിലാണ് തകര്‍ച്ചയുടെ സര്‍വകാല റെക്കോര്‍ഡും തകര്‍ത്ത് മുന്നേറുന്ന ഇന്ത്യന്‍ രൂപയുടെ രക്ഷക്ക് പുതിയ മന്ത്രവുമായി 'ബദല്‍ പ്രധാന്‍ മന്ത്രി' രംഗത്തു വന്നത്.
'മോദി'ഫിക്കേഷന് മുമ്പുള്ള ഇന്ത്യയില്‍ ഇത്തരം വാര്‍ത്തകള്‍ കേട്ടാല്‍ 'ഞെട്ടുക' എന്ന ഒരു ആചാരമെങ്കിലും നിലവിലുണ്ടായിരുന്നു. എന്നാല്‍, ഹൈന്ദവ ധര്‍മത്തെ ഹിന്ദുത്വ ഹൈജാക്ക് ചെയ്ത ശേഷം 'നല്ലതല്ലാത്തതോ അശാസ്ത്രീയമായതോ ആയ ഒന്നും ഹൈന്ദവമല്ല' എന്നതാണ് 'പൂജനീയ' ഗോപാലകൃഷ്ണന്മാര്‍ നല്‍കുന്ന വിശദീകരണം. 'ഗുണകര്‍മ വിഭാഗശഃ' ചാതുര്‍വര്‍ണ്യത്തെ നിരസിക്കുന്നതെന്തും ഹീനവും അപരിഷ്‌കൃതവുമാണ് എന്നതാണ് അതിന്റെ എതിര്‍വായന. ഈയൊരു 'ധര്‍മ ബോധ'ത്തിന്റെ ആനുകൂല്യത്തിലാണ് ബില്‍ഖീസ് ബാനു ബലാത്സംഗക്കേസ് പ്രതികള്‍ക്ക് ഞങ്ങള്‍ ഹിന്ദുക്കളാണ്, അതുകൊണ്ട് തെറ്റ് ചെയ്യുകയില്ല എന്ന് ഒട്ടും ചര്‍മ സങ്കോചമില്ലാതെ പറയാന്‍ കഴിയുന്നതും അതു കേട്ട് സാംസ്‌കാരിക നായകരടക്കമുള്ളവര്‍ കാര്യമായി ഞെട്ടാത്തതും. അതേസമയം ഹിന്ദുത്വ നിര്‍മിച്ചെടുത്ത 'ബ്യൂട്ടിഫൈഡ് ഹൈന്ദവത'യുടെ തൊലി ചെറുതായൊന്ന് ചുരണ്ടി  ഉള്ളിലുള്ളത്  ആരെങ്കിലും വെളിവാക്കിയാല്‍   വെളിച്ചപ്പാടും  കഴകക്കാരും ഒന്നിച്ചുറഞ്ഞുതുള്ളി വരുന്നതും കാണാം.
അക്കൂട്ടത്തില്‍ ഒടുവിലത്തേതാണ് ഭഗവദ്ഗീതയിലെ 'ജിഹാദ്' 'വെളിപ്പെട്ട'പ്പോള്‍ ഉയര്‍ന്ന കോലാഹലങ്ങള്‍. ഇന്ത്യയുടെ മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശിവരാജ് പാട്ടീലാണ് ആ 'രഹസ്യം' പുറത്തു വിട്ടത്.' 'ഇസ്‌ലാം മതത്തില്‍ ജിഹാദിനെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എല്ലാ ശ്രമങ്ങള്‍ക്ക് ശേഷവും ആര്‍ക്കെങ്കിലും ശുദ്ധമായ ആശയം മനസ്സിലാകുന്നില്ലെങ്കില്‍ അധികാരം ഉപയോഗിക്കാമെന്ന് ഖുര്‍ആനിലും ഗീതയിലും പറയുന്നുണ്ട്. ഗീതയുടെ ഭാഗമാണ് ജിഹാദ്. ക്രിസ്തുമതത്തിലും ജിഹാദിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്' എന്നാണ് ശിവരാജ് പാട്ടീല്‍ പറഞ്ഞത്. അജശുനക ന്യായമനുസരിച്ചു നേരത്തെ തന്നെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ട പദമാണ് ജിഹാദ്. അതൊരിക്കലും 'പശുമാര്‍ക്ക് സനാതന ധര്‍മ'വുമായി ചേര്‍ത്തുവെക്കപ്പെടേണ്ട പദമല്ല. എന്തുകൊണ്ടെന്നാല്‍ 'നമ്മുടെ ആന്തരികതയെ നിയന്ത്രിക്കുന്ന അനശ്വര നിയമമാണ് ഗീത!' (സനാതന ധര്‍മം  അനശ്വരമായ നിയമത്തിന്റെ പാലനം- സദ്ഗുരു - ജഗ്ഗി വാസുദേവ് https://isha.sadhguru.org). ഫാഷിസത്തിന്റെയും കമ്യൂണിസത്തിന്റെയും പരാജയത്തോടെ പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളല്ല, സംസ്‌കാരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളായിരിക്കും ഉണ്ടാവുക എന്ന സിദ്ധാന്തം (The Clash of Civilizations and the Remaking of World Order by Samuel P. Huntington) ചമയ്ക്കപ്പെട്ടതോടെയാണ് ആഗോള നിഘണ്ടുവില്‍ 'ജിഹാദ്' ഹിംസയുടെ പര്യായ പദമായി എഴുതിച്ചേര്‍ക്കപ്പെട്ടത്. 
'ജാഹദ' എന്ന അറബി പദത്തില്‍ നിന്ന് നിഷ്പന്നമായ ജിഹാദ് എന്ന വാക്കിന് 'ലക്ഷ്യത്തിലെത്താന്‍ കഠിനമായി പരിശ്രമിക്കുക' എന്നാണ് വാചികാര്‍ഥം. സായുധ ജിഹാദിന് ജിഹാദുസ്സയ്ഫ് എന്നാണ് പറയുക. 'ഖിതാല്‍' ആണ് അറബി ഭാഷയില്‍ യുദ്ധം. അംഗുലീപരിമിതമാണ് സായുധ ജിഹാദിനെ കുറിച്ച ഖുര്‍ആന്‍ പരാമര്‍ശങ്ങള്‍. 'നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക' (ഖുര്‍ആന്‍ 2:190) എന്നതാണ് ഖുര്‍ആനിലെ യുദ്ധനിയമങ്ങളുടെ കാതല്‍. എന്നിട്ടും, മനുഷ്യ മനസ്സില്‍ യുദ്ധോത്സുകതയെ ഉണര്‍ത്തുന്ന പാഠപുസ്തകം എന്നാണ് ഖുര്‍ആനെ കുറിച്ചുള്ള പ്രചണ്ഡമായ പ്രചാരണം.  പ്രതിരോധത്തിനും സ്വയം നിര്‍ണയാവകാശം സ്ഥാപിക്കാനും വേണ്ടി മാത്രമാണ് ഖുര്‍ആന്‍ യുദ്ധത്തിന് അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍, അഗ്രഛേദം ചെയ്തും അംഗഭംഗം വരുത്തിയും സംഘ് ശാഖകളില്‍ പാകം ചെയ്യുന്ന ഖുര്‍ആന്‍  സൂക്തങ്ങളുടെ വ്യാഖ്യാനങ്ങള്‍ ആധികാരിക പ്രമാണങ്ങളായി അംഗീകരിച്ചു കൊണ്ടാണ് ജിഹാദ് എന്നാല്‍ 'ഗളച്ഛേദ'മാണെന്ന് ഉത്തരവാദപ്പെട്ടവര്‍ പോലും വിധി പറയുന്നത്.
യുദ്ധം സമാധാനത്തിനു വേണ്ടി എന്നതാണ് ഗീത അടക്കമുള്ള സകല വേദങ്ങളുടെയും ഉദ്ഘോഷം. 'കരുണ'വും 'ശാന്ത'വുമാണ് ബൈബിളിന്റെ പൊതു ഭാവങ്ങളെങ്കിലും ('നിന്നെ ഒരു കവിളില്‍ അടിക്കുന്നവന് മറ്റേതും കാണിച്ചുകൊടുക്കുക'- ലൂക്കോസ് 6:29), രൗദ്ര-ഭയാനക രസങ്ങളും ഒരു പൊടിപ്പിന് അതിലുണ്ട്. 'ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ വന്നു എന്നു നിരൂപിക്കരുത്; സമാധാനം അല്ല, വാള്‍ അത്രേ വരുത്താന്‍ ഞാന്‍ വന്നത്' (മത്തായി 10:34) എന്നതാണ് വേദപുസ്തകം മുന്നോട്ടുവെക്കുന്ന 'സായുധ ജിഹാദ്' എന്നാണ് ശിവരാജ് പാട്ടീല്‍ പറഞ്ഞതിന്റെ പൊരുള്‍.
ഭഗവദ്ഗീതയുടെ സാരാംശം എന്ന പേരില്‍ ഒട്ടു മിക്ക ഹൈന്ദവ ഗൃഹങ്ങളിലും പ്രദര്‍ശിപ്പിക്കുന്ന  ഫലകമുണ്ട്. 'സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കുന്നതെല്ലാം നല്ലതിന്, ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന്, നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് എന്തിനു ദുഃഖിക്കുന്നു?' തുടങ്ങിയവയാണ് ആ പാഠങ്ങള്‍. ശ്രീകൃഷ്ണന്റേതായി ഉദ്ധരിക്കപ്പെടുന്ന ഈ ഗീതോപദേശങ്ങളുടെ 'അവതരണ പശ്ചാത്തലം' (സബബുന്നുസൂല്‍) കൂടി പരിശോധിക്കുമ്പോഴാണ് ശിവരാജ് പാട്ടീല്‍ പറഞ്ഞതിന്റെ അകംപൊരുള്‍ വ്യക്തമാവുക. യഥാര്‍ഥത്തില്‍ മറ്റു വേദഗ്രന്ഥങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ആദിമധ്യാന്തം 'സായുധ ജിഹാദി'ന്റെ അനിവാര്യത പരാമര്‍ശിക്കുന്ന ഗ്രന്ഥമാണ് ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന ഭഗവദ്ഗീത. അഥവാ.'സായുധ ജിഹാദ്'  മുഖ്യ പ്രമേയമായ ഒരേയൊരു വേദഗ്രന്ഥമാണ് ഗീത! അങ്ങനെയാവുന്നതില്‍ അസംഗതമായി ഒന്നുമില്ല. യഥാര്‍ഥത്തില്‍ 'യുദ്ധം സമാധാനത്തിനു വേണ്ടി' എന്നതാണ് സകല ധര്‍മങ്ങളും  ഉദ്‌ഘോഷിക്കുന്നത്. ധര്‍മ സംസ്ഥാപനാര്‍ഥം അനിവാര്യമായി വരുന്ന ഒരു തിന്മയാണ്  യുദ്ധം.
കുരുക്ഷേത്ര യുദ്ധത്തില്‍ ഭീഷ്മര്‍, ദ്രോണാചാര്യര്‍ തുടങ്ങിയ ബന്ധുജനങ്ങള്‍ക്കും ഗുരുക്കന്മാര്‍ക്കുമെതിരെ ആയുധമെടുക്കാനാകാതെ വിഷാദിച്ചു നിന്ന അര്‍ജുനനെ യുദ്ധോത്സുകനാക്കാന്‍ കൃഷ്ണന്‍ ഉപദേശിച്ച സന്ദേശങ്ങള്‍ മാത്രമാണ് 18 അധ്യായങ്ങളിലായി പരന്നുകിടക്കുന്ന ഭഗവദ്ഗീത. 'ദൃഷ്ട്വേമം സ്വജനം കൃഷ്ണ യുയുത്സും സമുപസ്ഥിതംന സീദന്തി മമ ഗാത്രാണി മുഖം ച പരിശുഷ്യതി'  (അല്ലയോ കൃഷ്ണാ, യുദ്ധത്തിനൊരുങ്ങി വന്നിട്ടുള്ള ഈ ബന്ധുമിത്രാദികളെ കണ്ടിട്ട് എന്റെ അവയവങ്ങള്‍ തളരുന്നു; മുഖം വരളുന്നു) എന്ന് വിലപിച്ചു ആകുലപ്പെട്ടും നിരാശപ്പെട്ടും തളര്‍ന്നിരിക്കുന്ന അര്‍ജുനനോട് 'ഹതോ വാ പ്രാപ്‌സ്യസി സ്വര്‍ഗം ജിത്വാ വാ ഭോക്ഷ്യസേ മഹീം / തസ്മാദുത്തിഷ്ഠ കൗന്തേയ യുദ്ധായ കൃതനിശ്ചയഃ' (മരിച്ചാല്‍ സ്വര്‍ഗം നേടാം, ജയിച്ചാലോ ഭൂമിയെയും അനുഭവിക്കാം. അതുകൊണ്ട് അര്‍ജുനാ, യുദ്ധത്തിന് നിശ്ചയിച്ചു നീ എഴുന്നേല്‍ക്ക്) എന്നാണ് കൃഷ്ണന്‍ പ്രചോദിപ്പിക്കുന്നത്. ഈയൊരു സത്യം തുറന്നു പറഞ്ഞു പോയതിനാണ് ശിവരാജ് പാട്ടീലിന് നേരെ അകത്തുനിന്നും പുറത്തു നിന്നും ഗാണ്ഡീവാസ്ത്രങ്ങള്‍ തൊടുത്തു വിട്ടത്. കാരണം, സനാതന സദാനന്ദന്മാര്‍ക്ക് മാത്രമല്ല, അഗ് മാര്‍ക്ക് ഗാന്ധിയന്‍സിനും ഹിന്ദുത്വയുടെ പക്കത്ത് നിന്ന് തന്നെയാണ്  ഊണ്. ''എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ ശിവരാജ് പാട്ടീല്‍ ഭഗവദ്ഗീതയെക്കുറിച്ച് അസ്വീകാര്യമായ ചില അഭിപ്രായങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ നിലപാട് വ്യക്തമാണ്. ഇന്ത്യന്‍ നാഗരികതയുടെ അടിസ്ഥാനമാണ് ഭഗവദ്ഗീത'' (ജയറാം രമേശ് - എ.ഐ.സി.സി സെക്രട്ടറി).
ഭഗവദ്ഗീതയാണ് ഭാരതത്തിന്റെ ഭരണഘടന ആവേണ്ടിയിരുന്നത് എന്ന് പറഞ്ഞ ന്യായാധിപരും നമുക്കുണ്ടായിരുന്നു. താന്‍ രാജ്യത്തെ സ്വേഛാധിപതിയായിരുന്നെങ്കില്‍ ഒന്നാം ക്ലാസ് മുതല്‍ കുട്ടികളെ ഗീത പഠിപ്പിക്കാന്‍ ഉത്തരവിടുമായിരുന്നുവെന്നാണ് സുപ്രീം കോടതി ജഡ്ജ് എ.ആര്‍ ദവേ പറഞ്ഞത്. ''ഗുരുശിഷ്യ പരമ്പര പോലുള്ള നമ്മുടെ പഴയ പാരമ്പര്യങ്ങള്‍ നഷ്ടപ്പെട്ടുപോയി. ആ പാരമ്പര്യങ്ങള്‍ ഇന്നും ഇവിടെയുണ്ടായിരുന്നെങ്കില്‍ ഇന്ന് കാണുന്ന അക്രമവും തീവ്രവാദവുമൊന്നും നിലനില്‍ക്കില്ലായിരുന്നു. കുട്ടികളെ ചെറുപ്പത്തിലേ ഭഗവദ്ഗീത പഠിപ്പിക്കുകയെന്നത് മാത്രമാണ് ഇതിന് പരിഹാരം. എന്നാല്‍, മതേതരവാദികള്‍ അത് അനുവദിക്കില്ല. രാജ്യത്ത് സ്വേഛാധിപത്യം നിലനില്‍ക്കുകയും ഞാന്‍ അതിന്റെ നേതൃസ്ഥാനം വഹിക്കുകയും ചെയ്താല്‍ അത്തരത്തിലുള്ള പാഠ്യപദ്ധതി നടപ്പാക്കും'' (A.R Dave - The Economic Times- 38 2014).
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 44-48
ടി.കെ ഉബൈദ്‌

ഹദീസ്‌

മന്ത്രം, ഏലസ്സ്, മാരണം
ഡോ. കെ. മുഹമ്മദ് പാ@ിക്കാട് [email protected]