Prabodhanm Weekly

Pages

Search

2022 നവംബര്‍ 11

3276

1444 റബീഉല്‍ ആഖിര്‍ 16

കൊച്ചുമുഹമ്മദ് മാഷ്

പി.ഐ നൗഷാദ്

തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നി പ്രദേശത്ത്  മത, സാമൂഹിക സേവന മേഖലകളില്‍ നിറഞ്ഞുനിന്ന കൊച്ചുമുഹമ്മദ് മാഷ് അല്ലാഹുവിലേക്ക് യാത്രയായി. ചെന്ത്രാപ്പിന്നിയില്‍ ജമാഅത്തെ ഇസ്‌ലാമിയെ സ്ഥാപിക്കുന്നതിലും ജനകീയമാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചത് മാഷുടെ പ്രവര്‍ത്തനങ്ങളായിരുന്നു. പ്രാസ്ഥാനികവും സാമൂഹികവുമായി കര്‍മോത്സുകനായിരിക്കെ തന്നെയായിരുന്നു മരണത്തിന്റെ മാലാഖ അദ്ദേഹത്തെ അല്ലാഹുവിലേക്ക് ക്ഷണിക്കാനെത്തിയത്.
ദീര്‍ഘകാലം ഹല്‍ഖയിലെ നാസിമായിരുന്ന മാഷ് മരണസമയത്ത് പള്ളിയുടെ പ്രസിഡന്റും  ഹ്യൂമന്‍ വെല്‍ഫയര്‍ സൊസൈറ്റിയുടെ ചുമതലക്കാരനുമായിരുന്നു. ഒരു പതിറ്റാണ്ടിലേറക്കാലം മാധ്യമത്തിന്റെ ഏജന്റ്, മാണിയംതാഴം കര്‍ഷക കൂട്ടായ്മയിലെ അംഗം തുടങ്ങി റിട്ടയര്‍മെന്റിന് ശേഷം വിവിധ മേഖലകളില്‍  സജീവമായിരുന്ന മാഷ് പ്രദേശത്തെ ബൂത്ത് ലെവല്‍ ഓഫീസര്‍കൂടിയായിരുന്നു. മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പാണ് മികച്ച ബൂത്ത് ലെവല്‍ ഓഫീസര്‍ക്കുള്ള പുരസ്‌കാരം തൃശൂര്‍ ജില്ലാ കലക്ടറില്‍ നിന്ന് ഏറ്റുവാങ്ങിയത്.
യൗവനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മാഷ് കൊടുങ്ങല്ലൂര്‍ മേഖലയിലെ ജമാഅത്ത് നേതാക്കളുമായുള്ള സഹവാസങ്ങളിലൂടെയാണ് പ്രസ്ഥാനത്തിലെത്തുന്നത്. മത-ജാതി വ്യത്യാസമില്ലാതെ വ്യക്തിബന്ധങ്ങള്‍ സൂക്ഷിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്ന അദ്ദേഹം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ ചെറുപ്പം മുതല്‍ മുന്‍പില്‍ നില്‍ക്കുമായിരുന്നു. ഈ സാമൂഹിക, സേവന മേഖലകളിലെ കര്‍മാവേശവും സജീവതയും ഇസ്‌ലാമിനും ഇസ്‌ലാമിക പ്രവര്‍ത്തനത്തിനുമായി നിര്‍വഹിച്ചാല്‍ ഇഹലോകത്തും പരലോകത്തും പ്രയോജനപ്പെടുമെന്ന ഉപദേശമായിരുന്നു ജമാഅത്തിനെ പഠിക്കാന്‍ അദ്ദേഹത്തിന് പ്രേരണയായത്. അതിനുള്ള നല്ല വഴിയായി അദ്ദേഹം പ്രസ്ഥാനത്തെ തെരഞ്ഞെടുക്കുകയും നാല് പതിറ്റാണ്ടിലേറക്കാലം പ്രദേശത്തെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളിലും പള്ളിയുടെ പരിപാലനത്തിലുമായി  മുഴുസമയം  വിനിയോഗിക്കുകയും ചെയ്തു.
1990-കളുടെ തുടക്കത്തില്‍ അലുവത്തെരുവ് ജുമാമസ്ജിദിന്റെ പുനര്‍നിര്‍മാണവും ഉദ്ഘാടനവും മാഷുടെ പ്രത്യുല്‍പന്നമതിത്വത്തിനും നിശ്ചയദാര്‍ഢ്യത്തിനും മകുടോദാഹരണമാണ്. പള്ളി നിര്‍മാണത്തിന് രാവും പകലും നാട്ടിലെ മുസ്‌ലിം ചെറുപ്പക്കാരുടെ പങ്കാളിത്തം അദ്ദേഹം ഉറപ്പുവരുത്തുമായിരുന്നു.  ഉദ്ഘാടനത്തില്‍ കെ. മൊയ്തു മൗലവിയോടൊപ്പം അന്നത്തെ ഇരിങ്ങാലക്കുട ബിഷപ്പും പുറണാട്ടുകര ശ്രീകൃഷ്ണാശ്രമ മഠാധിപതിയുമാണ് പങ്കെടുത്തത്. മിഹ്‌റാബിന് താഴെനിന്ന് അവര്‍ നടത്തിയ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ എല്ലാ മതസ്ഥരും പള്ളിയങ്കണത്തില്‍ ഒരുമിച്ചിരുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതൊരു അപൂര്‍വ സംഭവമായതിനാല്‍ നാട്ടില്‍ ചെറുതല്ലാത്ത കോലാഹലമുണ്ടാക്കിയിരുന്നു. അതോടെ പള്ളിയുമായി പ്രദേശത്തെ മുഴുവന്‍ ആളുകള്‍ക്കും വൈകാരികമായ അടുപ്പമുണ്ടാവുകയും എല്ലാ നല്ല പ്രവര്‍ത്തനങ്ങളിലും അവരുടെ സഹകരണം ഉറപ്പാവുകയും ചെയ്തു. അത്  പ്രാസ്ഥാനിക സ്വാധീനം വിപലുമാകുന്നതിനും വഴിവെച്ചു.
എല്ലാ മതസ്ഥരിലും പെട്ട അറുനൂറിലധികം അംഗങ്ങളുള്ള ഹ്യൂമന്‍ വെല്‍ഫയര്‍ സൊസൈറ്റിയും അതിന്റെ സേവന പ്രവര്‍ത്തനങ്ങളും എടുത്തുപറയേണ്ടതാണ്. അതിന്റെ സംഘാടനവും നടത്തിപ്പും മരണംവരെ മാഷുടെ ചുമലിലായിരുന്നു. മാഷുടെ വ്യക്തിബന്ധങ്ങളും സമഭാവനയോടെയുള്ള സമീപനങ്ങളും കാരണം സഹോദര സമുദായങ്ങളിലെ പല സുഹൃത്തുക്കളും റമദാനില്‍ പള്ളിയിലേക്ക് അരിയും, നോമ്പ് തുറകള്‍ ഒരുക്കുന്നതിന് പണവും സംഭാവനയായി നല്‍കാറുണ്ടായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍  പ്രദേശത്തെ എല്ലാവരെയും ക്ഷണിച്ചുകൊണ്ടുള്ള സൗഹൃദ നോമ്പുതുറകള്‍ ഒരുക്കുന്നതിലും ദരിദ്രരായ മുസ്‌ലിമേതര കുടുംബങ്ങള്‍ക്ക് അരിയും മറ്റും നല്‍കുന്നതിലും മാഷ് നിഷ്‌കര്‍ഷ പുലര്‍ത്തി. ജമാഅത്തിനെതിരെ പലതരം വിമര്‍ശനങ്ങളുയരുമ്പോഴും പ്രദേശത്തെ ആളുകള്‍ പള്ളിയുമായും ജമാഅത്തുമായുമുള്ള ഹൃദയബന്ധം തുടരാനും വിമര്‍ശനങ്ങള്‍ തള്ളിക്കളയാനും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്.
വ്യക്തിപരമായി പല പരീക്ഷണങ്ങളെയും അഭിമുഖീകരിക്കേണ്ടിവന്നപ്പോഴും, അവയെല്ലാം ക്ഷമയോടെ തരണം ചെയ്യുകയും സേവന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മുഴുകുന്നതിനുള്ള നിമിത്തമായി അവയെ മാറ്റുകയുമായിരുന്നു. ജീവിത പരീക്ഷണങ്ങള്‍ മാറിനില്‍ക്കാനല്ല, കൂടുതല്‍ പ്രവര്‍ത്തിക്കാനാണ് പ്രചോദിപ്പിക്കേണ്ടതെന്ന് അദ്ദേഹം  ഉണര്‍ത്താറുണ്ടായിരുന്നു.  സര്‍വസമ്മതനായതിനാല്‍ കുടുംബ പ്രശ്‌നങ്ങള്‍ മുതല്‍ സ്വത്ത് വിഷയങ്ങള്‍ വരെയുള്ള തര്‍ക്കങ്ങള്‍ക്ക് മാധ്യസ്ഥം വഹിക്കാന്‍  മത, ജാതി, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ആളുകള്‍ മാഷുടെ അടുത്താണ് വരിക.
പള്ളിയോട് ചേര്‍ന്നുനില്‍ക്കുന്ന രണ്ട് വാര്‍ഡുകളിലെ ഒട്ടുമിക്ക വീടുകളുമായും അടുത്ത ബന്ധമുണ്ടായിരുന്നു മാഷിന്. അവരുടെ സാമ്പത്തിക സ്ഥിതിയും കുട്ടികളുടെ പേരുകള്‍ വരെയും അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. പിരിവിന് പോകുമ്പോള്‍ ഓരോരുത്തരും എത്ര തരണമെന്ന് മാഷ് അങ്ങോട്ട് പറയുകയാണ് ചെയ്യുക. ഒരു വൈമനസ്യവുമില്ലാതെ അവരെല്ലാം അത് തരികയും ചെയ്യും. ചിലര്‍ കൂടുതല്‍ തരാമെന്ന് പറഞ്ഞാല്‍ ഇപ്പോള്‍ നിനക്കതിന് കഴിയില്ല,  ഇത്രമതി എന്ന് പറയും. പത്താം ക്ലാസ് പാസാകുന്ന എല്ലാ കുട്ടികളുടെ വീട്ടിലും മാഷ് എത്തി, അവരുടെ ഭാവി പഠനത്തെ കുറിച്ച് അന്വേഷിക്കുകയും അതിനാവശ്യമായ സഹായങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യും. കരിയര്‍ ക്ലാസുകളൊന്നുമില്ലാത്ത കാലത്ത് ഒരു ഗ്രാമത്തില്‍ കുട്ടികളുടെ പഠനത്തിലും വളര്‍ച്ചയിലും മാഷ് പുലര്‍ത്തിയിരുന്ന ജാഗ്രത എത്രമാത്രം അനുഗൃഹീതമായിരുന്നുവെന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അത്ഭുതത്തോടെ തിരിച്ചറിയുന്നുണ്ട്.
ഭാര്യ: സുഹറ. മക്കള്‍: സുമയ്യ, സബിത, സുഫൈജ, സജിത, അബ്ദുല്‍ മജീദ്.

 


അബൂബക്കര്‍ പാവറട്ടി

സര്‍ഗാത്മകതയാല്‍ വേദികളെ പുഷ്‌കലമാക്കുകയും ഇസ്ലാമിക പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കുകയും ചെയ്തിരുന്ന കവിയും ജമാഅത്തെ ഇസ്ലാമി അംഗവുമായിരുന്ന അബൂബക്കര്‍ പാവറട്ടി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 24-ന് അല്ലാഹുവിലേക്ക് യാത്രയായി. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള അദ്ദേഹം കവിയരങ്ങുകളിലും സാഹിത്യ ചര്‍ച്ചകളിലുമൊക്കെ ദിവ്യദീനിന്റെ സന്ദേശകനായി ശോഭിച്ചു. അദ്ദേഹം ഈ കഴിവുകളൊക്കെ ആര്‍ജിച്ചത് ഇസ്ലാമികപ്രസ്ഥാനത്തിലൂടെയാണ്.
ബാല്യത്തില്‍ അദ്ദേഹം തൊഴിലന്വേഷിച്ച്, ബീഡിത്തൊഴിലാളികളുടെ കേന്ദ്രമായ മൂവാറ്റുപുഴയിലെത്തി. പനി പിടിച്ചതിനാല്‍ അവിടെ ഒരു പള്ളിയില്‍ കയറിക്കിടന്നു. ഒരാള്‍ വന്ന് തട്ടിയുണര്‍ത്തി വിവരങ്ങള്‍ തിരക്കി. ഭക്ഷണം കഴിച്ചോ എന്നായിരുന്നു ആദ്യത്തെ അന്വേഷണം. ഇല്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഭക്ഷണം വാങ്ങിക്കൊടുത്തു. ആ ആള്‍ കെ. അബ്ദുസ്സലാം മൗലവിയായിരുന്നു. അത് ആ ബാലനെ സംബന്ധിച്ചേടത്തോളം ഹിദായത്തിന്റെയും വിജ്ഞാനത്തിന്റെയും കവാടങ്ങള്‍ മുട്ടിത്തുറക്കലായിരുന്നു.
മൂവാറ്റുപുഴയില്‍ ബീഡിത്തൊഴിലാളിയായപ്പോഴും പിന്നീട് ബീഡിക്കമ്പനി ഉടമയായപ്പോഴും തൊഴിലാളികളുടെ കൂട്ടായ വായനയില്‍ അബൂബക്കര്‍ സജീവമായി. ഇതിലൂടെ ഇസ്ലാമിക സാഹിത്യങ്ങളുടെ വായനയും മുറക്ക് നടന്നു. ജമാഅത്തിന്റെ മേഖലാ നാസിം കെ. അബ്ദുസ്സലാം മൗലവി പര്യടനത്തിനെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഖാദിമായി ഒപ്പം നടന്ന് നേടിയ അറിവുകളും ഉപദേശങ്ങളും ആ ജീവിതത്തെ ധന്യനാക്കി. പതിയെപ്പതിയെ അദ്ദേഹം വായനയില്‍നിന്ന് രചനയിലേക്ക് കടന്നു. നിഴല്‍പ്പന്തം, നാനാര്‍ഥങ്ങള്‍ എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും എഴുതുമായിരുന്നു. ഇസ്ലാമിക പ്രവര്‍ത്തകരുടെ സര്‍ഗശേഷി പോഷിപ്പിക്കുന്നതിന് പ്രാദേശിക - മേഖലാ തലങ്ങളില്‍ നടത്തപ്പെട്ടിരുന്ന സ്റ്റഡിസര്‍ക്കിള്‍ യോഗങ്ങളില്‍ അബൂബക്കര്‍ സാഹിബിന്റെ പങ്കാളിത്തം പ്രവര്‍ത്തകര്‍ക്ക്  ആവേശം പകര്‍ന്നു.
ജമാഅത്തെ ഇസ്‌ലാമി ചാവക്കാട് ഹംദര്‍ദ് ഹല്‍ഖയില്‍ ചേര്‍ന്നാണ് അദ്ദേഹം ഇസ്‌ലാമിക പ്രവര്‍ത്തനം തുടങ്ങുന്നത്; 1960-കളുടെ ഒടുവില്‍. ഈ കുറിപ്പുകാരനും അക്കാലത്താണ് പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്. ഞങ്ങള്‍ക്കൊക്കെ വൈജ്ഞാനികവും സര്‍ഗാത്മകവുമായി വളരാനുതകുന്ന പ്രചോദനമാണ്, മുതുവട്ടൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ചാവക്കാട് ഹംദര്‍ദ് ഹല്‍ഖയില്‍ നിന്ന് ലഭിച്ചിരുന്നത്. മഹല്ല് ഖത്വീബായിരുന്ന കെ.സി പൂക്കോയ തങ്ങള്‍, ശാന്തപുരം ഇസ്ലാമിയാ കോളേജ് കോഴ്‌സ് കഴിഞ്ഞിറങ്ങിയ കെ.കെ മമ്മുണ്ണി മൗലവി, ഒ.പി ഹംസ മൗലവി, ഉസ്മാന്‍ മൗലവി വലമ്പൂര്‍ തുടങ്ങിയവരായിരുന്നു അന്ന് ഹല്‍ഖയുടെയും ചാവക്കാട് ഫര്‍ക്കയുടെയും നേതൃനിരയില്‍.
നാട്ടുകാര്‍ക്കും പ്രിയങ്കരനായിരുന്നു അബൂബക്കര്‍ പാവറട്ടി. കേച്ചേരി കൈപ്പറമ്പിലേക്ക് താമസം മാറ്റിയപ്പോള്‍ അവിടെ ജമാഅത്ത് ഘടകമുണ്ടാക്കാന്‍ യത്‌നിച്ചു. ഖബര്‍സ്ഥാന്‍ ഇല്ലായിരുന്നു അവിടെ. അദ്ദേഹം മുന്‍കൈയെടുത്ത് പരിശ്രമിച്ചപ്പോള്‍ മഹല്ലിന് ഖബര്‍സ്ഥാനുണ്ടായി. പ്രദേശത്തെ വായനശാലയുടെയും സ്‌നേഹ- സൗഹൃദ കൂട്ടായ്മയുടെയും പ്രവര്‍ത്തകര്‍ക്കും വേണ്ടപ്പെട്ടവനായിരുന്നു.
ഭാര്യ ബീവിക്കുട്ടിയും മകള്‍ സാദിഖയും സജീവ ജമാഅത്ത് പ്രവര്‍ത്തകരാണ്.


ഡോ. ടി.വി മുഹമ്മദലി


മുഹമ്മദ് അശ്‌റഫ് 
കൊടുങ്ങല്ലൂര്‍

കഴിഞ്ഞ ഒക്‌ടോബര്‍ 15-ന് അല്ലാഹുവിലേക്ക് യാത്രയായ മുഹമ്മദ് അശ്‌റഫ് സാഹിബ് ജമാഅത്തെ ഇസ്‌ലാമി കൊടുങ്ങല്ലൂര്‍ അബ്ദുല്ല റോഡ് കാര്‍ക്കുന്‍ ഹല്‍ഖാംഗമായിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം തന്റെ വരുമാനത്തിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും രണ്ട് പെണ്‍മക്കള്‍ക്കും ഏക മകനും ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുകയും ചെയ്തു.
വാപ്പയുടെ പരിചരണത്തിനും ചികിത്സക്കുമായി കോഴിക്കോട് നിന്ന് നിരന്തരം വന്നുകൊണ്ടിരുന്ന പ്രസ്ഥാന സഹയാത്രികനായ മകന്‍ ആസിഫ് മാധ്യമം സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും മകള്‍ ഫസീല എം.ഇ.എസ് ഹയര്‍ സെക്കന്ററിയിലും മറ്റൊരു മകള്‍ സഫ്‌ന പെരുമ്പിലാവ് അര്‍സാര്‍ സ്‌കൂളിലും അധ്യാപികമാരുമാണ്. സ്വാബിറയാണ് സഹധര്‍മിണി. ബാല്യത്തില്‍ തന്നെ മാതാവ് മരണപ്പെടുകയും പിതാവ് ഉപേക്ഷിച്ച് പോവുകയും ചെയ്ത അശ്‌റഫിനെയും രണ്ട് സഹോദരങ്ങളെയും സംരക്ഷിച്ചുവളര്‍ത്തിയത് മാതാവിന്റെ ഉമ്മയും അമ്മാവനുമായിരുന്നു. ബാല്യത്തില്‍ തന്നെ ജീവിതപ്രയാസങ്ങള്‍ കണ്ടുവളര്‍ന്നതു കൊണ്ട്  സമൂഹത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുടെ വേദന കണ്ടറിഞ്ഞ് പരിഹരിക്കാന്‍ സ്വന്തം നിലക്കും സഹപ്രവര്‍ത്തകരെ കൂട്ടുപിടിച്ചും മുന്നിട്ടിറങ്ങി. പ്രദേശത്ത് നല്ല നിലയില്‍ നടന്നിരുന്ന പലിശരഹിത നിധിയുടെ നടത്തിപ്പില്‍ സജീവ സാന്നിധ്യമായിരുന്നു. തന്റെ അയല്‍വാസിയായ വിധവയുടെ  വീട് റിപ്പയര്‍ ചെയ്ത് വാസയോഗ്യമാക്കാന്‍ പ്രസ്ഥാന പ്രവര്‍ത്തകരുടെ കൂട്ടായ്മയുണ്ടാക്കി. തന്റെ മഹല്ലില്‍ സംഘടിത ഫിത്വ്ര്‍ സകാത്ത് സാമൂഹിക വിതരണ സംവിധാനമില്ലാത്തതിനാല്‍ സമാനമനസ്‌ക്കരുടെ സഹകരണത്താല്‍ ലളിതമായിട്ടാണെങ്കിലും ഫിത്വ്ര്‍ സകാത്ത് അര്‍ഹര്‍ക്ക് വീടുകളില്‍ എത്തിച്ചുനല്‍കിയിരുന്നു.


പി.എസ് ഹബീബുല്ല
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 44-48
ടി.കെ ഉബൈദ്‌

ഹദീസ്‌

മന്ത്രം, ഏലസ്സ്, മാരണം
ഡോ. കെ. മുഹമ്മദ് പാ@ിക്കാട് [email protected]