ഹിജാബ് നിരോധനശ്രമങ്ങളും ഇസ്‌ലാമോഫോബിയയും
മുസ്‌ലിം പെണ്ണ് എന്നും ഒരു മതേതര ഉത്കണ്ഠയാണ്. അവളെക്കുറിച്ച ആധികളും വേവലാതികളും പങ്കിടാതെ ഒരു മതേതര കൂടിച്ചേരലുകളും അവസാനിക്കാറില്ല. 'മുസ്‌ലിം പെണ്ണിന്റെ തട്ടം മുതല്‍ നോട്ടം വരെ അവള്‍ സമുദായത്തിനകത്ത് അടിച്ചമര്‍ത്തപ്പെടുന്നുവെന്നാണ് വിളിച്ചുപറയുന്നത്. അവളത് സ്വയം പറയുന്നില്ലെങ്കിലും മൗനത്തില്‍ ഒളിപ്പിച്ച അവളുടെ നിലവിളി കേട്ട് രക്ഷകനായി മുന്നോട്ടുവരാന്‍ ഓരോ മതേതരവാദിയും തയാറാകേണ്ടതുണ്ട്. സമുദായത്തിന്റെ പുറത്തുനിന്ന് സംരക്ഷകനില്ലാതെ മുസ്‌ലിം പെണ്ണിന്റെ പുരോഗമനം സാധ്യമാവില്ല.' ഇതെല്ലാമാണ് മുസ്‌ലിം പെണ്ണിനെ കുറിച്ച മതേതര വിധിതീര്‍പ്പ്. കാലങ്ങളായി നിലനില്‍ക്കുന്ന ഇത്തരം മുന്‍വിധികളുടെ വാര്‍പ്പ് മാതൃകയില്‍ നിന്നാണ് മുസ്‌ലിം പെണ്ണിന്റെ വേഷവിധാനങ്ങളായ പര്‍ദയും നിഖാബും ഹിജാബുമെല്ലാം എക്കാലത്തും ചര്‍ച്ച ചെയ്യപ്പെടാറുള്ളത്.
തങ്ങള്‍ നിശ്ചയിച്ചുറപ്പിച്ച യാഥാസ്ഥിതിക വേഷവിധാനങ്ങളുമായി മുസ്‌ലിം പെണ്ണ് പൊതു രംഗത്തിറങ്ങുകയും ഉന്നത വിദ്യാഭ്യാസമടക്കം നേടുകയും ചെയ്യാനാരംഭിച്ചപ്പോള്‍ മതേതര വെപ്രാളം പുതിയ രൂപത്തില്‍ അവളെ വീണ്ടും പൊതിഞ്ഞു. പുരോഗമന അടയാളങ്ങളായ ഉന്നത വിദ്യാഭ്യാസവും പുരോഗമനകാരികള്‍ക്ക് മാത്രം സാധ്യമാകുന്ന സോഷ്യല്‍ ആക്ടിവിസവും യാഥാസ്ഥിതിക വേഷത്തിനകത്തുനിന്ന് എങ്ങനെ സാധ്യമാകും? വിശകലനങ്ങളില്‍ എവിടെയോ പ്രശ്‌നങ്ങളുണ്ട്. അതു പക്ഷേ, തങ്ങള്‍ക്കല്ലെന്നവര്‍ ആദ്യമേ ഉറപ്പിച്ചു. മുസ്‌ലിം പെണ്ണിന്റെ യാഥാസ്ഥിതിക വേഷം അഴിച്ചുവെച്ചിട്ടല്ലാതെ ഇത്തരം ഇടങ്ങളില്‍ മുന്നോട്ടുപോകാനാകില്ലെന്ന് ചിലര്‍ പ്രഖ്യാപിച്ചു.
മതവസ്ത്രങ്ങള്‍ ധരിച്ച് ഉന്നത കലാലയങ്ങളില്‍ മികച്ച വിദ്യാഭ്യാസം നേടുന്നവര്‍ പൊതുഇടങ്ങളിലേക്ക് മതത്തെ കൊണ്ടുവരികയാണെന്ന പുതിയ മതേതരവാദങ്ങള്‍ ഉയര്‍ന്നത് അങ്ങനെയാണ്. വീടിന്റെ ഇരുളറകളില്‍ തളച്ചിടപ്പെട്ടവരെന്ന മുറവിളി പൊതു ഇടങ്ങളില്‍ മതം കൊണ്ടുവരുന്നവര്‍ എന്ന നിലവിളിയായി പെട്ടെന്ന് രൂപാന്തരം പ്രാപിച്ചു. മതേതരവാദികള്‍ എന്ന് സ്വയം പ്രഖ്യാപിച്ച ചിലര്‍ മുസ്‌ലിം പെണ്ണിന്റെ വസ്ത്രത്തെ മുന്‍നിര്‍ത്തി ആരംഭിച്ച ഇസ്‌ലാം പേടിയാണ് ഇപ്പോള്‍ രാജ്യത്തെ വര്‍ഗീയ ഫാഷിസ്റ്റുകള്‍ ഏറ്റെടുത്തത്. സാമൂഹിക ധ്രുവീകരണത്തിന് പറ്റിയ മികച്ച ടൂള്‍ ആയാണ് മതേതരക്കാര്‍ വികസിപ്പിച്ചെടുത്ത മുസ്‌ലിം പെണ്ണിന്റെ ഈ വേഷവിധാന വിവാദത്തെ അവര്‍ കണ്ടത്. അതാണിപ്പോള്‍ ഭരണകൂട മെഷിനറികളെ ഉപയോഗിച്ച് ഹിജാബ് നിരോധന ശ്രമങ്ങളിലേക്ക് എത്തിച്ചത്.
മുസ്‌ലിം പെണ്ണിന്റെ തട്ടത്തിലും മുഖാവരണത്തിലും പര്‍ദയിലും പിടിച്ചു വലിക്കുന്ന ആദ്യത്തെ മതേതര രാജ്യമല്ല ഇന്ത്യ. സെക്യുലറിസത്തിന്റെ വിശുദ്ധ ഇടമായ ഫ്രാന്‍സടക്കമുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളിലെ ഭരണകൂടവും കോടതികളും ഇതിനു മുമ്പിത് ചെയ്തിട്ടുണ്ട്. ഭൂരിപക്ഷ ജനതയുടെ വിശ്വാസത്തെയും ആചാരങ്ങളെയുമാണ് ഒരു രാജ്യത്തിന്റെ മതേതരത്വമായി കാണുന്നത്. അതിനെ സംസ്‌കാരമായി സ്വാംശീകരിച്ചുകൊള്ളണമെന്നാണ് ഇത്രയും കാലത്തെ ലോക മതേതര ജനാധിപത്യ പ്രാക്ടീസിംഗ് അനുഭവം. ന്യൂനപക്ഷത്തിന്റെ വിശ്വാസ സാംസ്‌കാരികാടയാളങ്ങള്‍ രാജ്യത്തിന്റെ മതേതരത്വത്തിന്റെ പുറത്തുള്ള ഒന്നായിരിക്കും. അതെപ്പോഴും വെറുപ്പോടെയും പേടിയോടെയും വീക്ഷിക്കപ്പെടാം. അവ രാജ്യത്തിന്റെ മതേതര വിശുദ്ധിയെ കളങ്കപ്പെടുത്തുന്ന ചിഹ്നങ്ങളായും പ്രഖ്യാപിക്കപ്പെടാം. ഇതൊന്നും ആശ്ചര്യകരമായ സംഭവങ്ങളല്ല.
ഇന്ത്യയില്‍ ഇപ്പോള്‍ ഉയരുന്ന ഹിജാബ് നിരോധന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട ലേഖന സമാഹാരമാണ് ബുഷ്‌റ ബഷീര്‍ എഡിറ്റ് ചെയ്ത് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ഹിജാബ്: തട്ടത്തില്‍ തട്ടിത്തടയുന്ന മതേതരത്വം എന്ന പുസ്തകം. ഫ്രാന്‍സിലെ സമാനമായ വിവാദകാലത്ത് എഴുതപ്പെട്ട ലേഖനങ്ങളും പഠനങ്ങളും പുസ്തകത്തിന്റെ ഉള്ളടക്കമാണ്. വിവിധ കാലങ്ങളില്‍ ഇത്തരം വിഷയങ്ങളില്‍ എഴുതപ്പെട്ട ഇംഗ്ലീഷ്, അറബി, മലയാളം ഭാഷകളിലുള്ള ശ്രദ്ധേയ എഴുത്തുകളാണ് ഈ പുസ്തകത്തില്‍ ക്രോഡീകരിച്ചിരിക്കുന്നത്. മുസ്‌ലിം പെണ്ണും അവളുടെ വേഷവിധാനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തുയരുന്ന ചര്‍ച്ചയുടെ ഭാഗമായി വായിച്ചിരിക്കേണ്ട പ്രമുഖ എഴുത്തുകാരുടെ അഭിപ്രായങ്ങളും നിരൂപണങ്ങളുമെല്ലാം പുസ്തകം വായനക്ക് വെക്കുന്നുണ്ട്.
ഹിജാബ്:
തട്ടത്തില്‍ തട്ടിത്തടയുന്ന മതേതരത്വം
എഡിറ്റര്‍: ബുഷ്‌റ ബഷീര്‍
പ്രസാധനം: ഐ. പി.എച്ച്
വില: 160
Comments