Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 28

3274

1444 റബീഉല്‍ ആഖിര്‍ 02

അതിജീവനമോ അതിജയമോ?

പി.എം.എ. ഖാദര്‍

അതിജീവനത്തിനായി നാം നിരന്തരം നടത്തുന്ന ആഹ്വാനങ്ങള്‍ കാലപരിതഃസ്ഥിതിയുടെ ഏതു മാതൃകക്കകത്തുനിന്നുകൊണ്ടാണ്? പലായനപൂര്‍വമായ മക്കീ മാതൃകയോ പലായനാനന്തരമുള്ള മദനീ മാതൃകയോ? അതിജീവനമെന്ന സംജ്ഞക്ക് അര്‍ഥഭേദങ്ങളുണ്ട്. എങ്കിലും എല്ലാ നിര്‍വചനങ്ങളിലും ഒരുപോലെ അങ്കുരിക്കുന്ന ആശയം 'ജീവനോടെ ശേഷിക്കുക' എന്നതാണ്. അത്തരത്തിലുള്ള ആഹ്വാനത്തിനാധാരമായ ഒരു സന്ദേശവും മേല്‍ പരാമര്‍ശിതമായ രണ്ടു കാല പരിസരങ്ങളിലോ പ്രാന്തങ്ങളിലോ ഖുര്‍ആനില്‍ കാണുന്നില്ല.
പുരാതന ഈജിപ്തില്‍ ഫറോവമാരുടെയും വരേണ്യവര്‍ഗത്തിന്റെയും ക്രൂരമര്‍ദനങ്ങള്‍ക്കിടെ വംശനാശം നേരിട്ട ഇസ്രാഈല്‍ സന്തതികള്‍ക്ക് ദൈവം നല്‍കിയ കല്‍പന വിശുദ്ധ ഖുര്‍ആന്‍ പത്താം അധ്യായത്തില്‍(10:87) അനുസ്മരിക്കുന്നുണ്ട്. ഈജിപ്തില്‍തന്നെ വീടുകള്‍ പണിയാനും ആ വീടുകളെ ആരാധനാ മന്ദിരങ്ങളാക്കാനുമുള്ള സവിശേഷമായ കല്‍പന.  ഏകനായ ദൈവത്തെ ആരാധിക്കാന്‍ പൊതുദേവാലയങ്ങള്‍ പണിയാതെ വീടുകളില്‍ ഒതുങ്ങാനുള്ള ഈ ദിവ്യബോധനം മാത്രമാണ് അതിജീവന സന്ദേശത്തോട് അല്‍പമെങ്കിലും സാദൃശ്യം പുലര്‍ത്തുന്ന ദൈവകല്‍പന.
എങ്കിലും, ഇവിടെയുമുണ്ട് ധീരതയുടെയും അവകാശബോധത്തിന്റെയും ദിവ്യമന്ത്രണം. ഈജിപ്തില്‍ തന്നെയാണ് വീടുകള്‍ പണിയേണ്ടതെന്നും അത് നിങ്ങളുടെ മണ്ണാണെന്നുമുള്ള സന്ദേശം.
വംശനാശത്തിന്റെ ഭീതിയാണ് അതിജീവനത്തിന്റെ ആഹ്വാനങ്ങളില്‍ പ്രതിഫലിക്കുന്നത്. ഈ ഭീതിയാകട്ടെ ഫാഷിസ്റ്റുകള്‍ മുസ്‌ലിംകളുടെ ഉപബോധമനസ്സില്‍ ബോധപൂര്‍വം സൃഷ്ടിച്ചെടുക്കുന്നതാണ്.
അതിജീവനത്തിനായുള്ള മുസ്‌ലിംകളുടെ ഓരോ രോദനത്തിലും ത്വാഗൂത്തുകള്‍ സന്തോഷിക്കുന്നുണ്ടായിരിക്കണം. ഭീതിപ്പെടുത്തുകയെന്നത് ഫാഷിസത്തിന്റെ പ്രധാന തന്ത്രവും ആയുധവുമാണ്. ഭീതി ആത്മവീര്യത്തെയും ഉല്‍ക്കര്‍ഷേഛയെയും ഉന്മൂലനം ചെയ്യുന്നു. ചുറ്റുമുള്ള സാഹചര്യങ്ങളെ പരപ്രേരണ കൂടാതെ മാറ്റിയെടുക്കാനുള്ള ഓരോ വ്യക്തിയുടെയും ആവേശത്തെ ഈ ഭീതി അണച്ചുകളയുന്നു. തല്‍സ്ഥാനത്ത് നിരാശയും മോഹനിരാസവും കൊടികുത്തുന്നു.
ദൈവേതര ശക്തികളോടുള്ള ഭയം വിശുദ്ധ ഖുര്‍ആനിലോ പ്രവാചകവചനങ്ങളിലോ എവിടെയും പ്രതിഫലിക്കുന്നില്ല. സൂറത്തുല്‍ ബഖറയില്‍ പരാമര്‍ശിക്കപ്പെട്ട(2:155)ഭയമാകട്ടെ, അല്ലാഹുവിന്റെ പരീക്ഷണവും യുദ്ധമുഖങ്ങളില്‍ സംഭവിച്ചേക്കാവുന്ന ആക്രമണ ഭീതിയുമാണ്.  ഇസ്രാഈല്‍ വംശത്തില്‍ ഒരു ആണ്‍കുഞ്ഞു പിറന്നാല്‍ അവനെ ഉടന്‍ വധിച്ചു കളയാനും, പെണ്‍കുഞ്ഞാണ് പിറന്നതെങ്കില്‍ ജീവനോടെ വിടാനുമുള്ള  രാജകല്‍പന മനുഷ്യചരിത്രത്തിലെ ഏറ്റവും നിഷ്ഠുരമായ വംശഹത്യയുടെ ഉദാഹരണമാണ്. സര്‍വ സൈന്യസന്നാഹങ്ങളുള്ള വരേണ്യവര്‍ഗത്തിന്റെ ചവിട്ടില്‍ ചതഞ്ഞരഞ്ഞുപോകാന്‍ മാത്രമുള്ള അവരെ അല്ലാഹു നേരിട്ടിടപെട്ടു സഹായിക്കുകയും ചെങ്കടല്‍ പിളര്‍ത്തി രക്ഷയിലേക്കു നയിക്കുകയും, വിജനഭൂമിയില്‍ നാലുദശകങ്ങള്‍ നീണ്ട പരീക്ഷണത്തിലൂടെ സ്ഫുടം ചെയ്‌തെടുക്കുകയും, തുടര്‍ന്ന് പ്രതാപത്തിലേക്കാനയിക്കുകയും ചെയ്ത കഥ ഖുര്‍ആനിലെ ഏറ്റവും നീണ്ടതും ഭാവോദ്ദീപകവുമായ കഥയാണ്.
പുരാതന ഈജിപ്തിലെ ഇസ്രാഈല്‍ സന്തതികളുടേതില്‍നിന്ന് വ്യത്യസ്തമാണ് ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥ. ഇന്ത്യയില്‍ മുസ്ലിംകളെയെന്നല്ല, ഈ മണ്ണില്‍ പിറന്ന ഏതെങ്കിലുമൊരു മതവിഭാഗത്തെയോ ഗോത്രവൈജാത്യങ്ങളുള്ള ഒരു വംശീയ ന്യൂനപക്ഷത്തെപ്പോലുമോ ഉന്മൂലനം ചെയ്യുക സാധ്യമല്ല. ഭൂമുഖത്തെ മറ്റൊരു രാജ്യത്തുമില്ലാത്ത വിധം ജനസംഖ്യാ ഘടനയില്‍ നിലനില്‍ക്കുന്ന അദ്ഭുതകരമായ വൈവിധ്യമാണ് ഇതിന്റെ പ്രധാന കാരണം. വംശഹത്യയിലൂടെ ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യാന്‍ ആരെങ്കിലും യഥാര്‍ഥമായി ഒരുമ്പെട്ടാല്‍, ഇതര വര്‍ഗങ്ങള്‍ അതിനെ കൂട്ടായി നേരിടും. തികച്ചും അന്യരായി ഇരു ധ്രുവങ്ങളില്‍ വസിക്കുന്ന രണ്ടേരണ്ടു മതവിഭാഗങ്ങള്‍ മാത്രം ഉള്‍പ്പെടുന്നതല്ല ഇന്ത്യയുടെ ജനതതി. ഹിന്ദുക്കള്‍ ഭൂരിപക്ഷവും അഹിന്ദുക്കള്‍ ന്യൂനപക്ഷവുമെന്ന പൊതുധാരണ പോലും ശാസ്ത്രീയ വിശകലനത്തില്‍ തെറ്റാണ്.
വര്‍ണാശ്രമ ധര്‍മത്തിന്റെ ഉച്ചനീചത്വങ്ങളില്‍നിന്ന് രക്ഷ നേടാന്‍, ആപല്‍സന്ധി കുറിക്കുന്ന ഒരു സന്ദിഗ്ധ ഘട്ടത്തില്‍, ബഹുഭൂരിപക്ഷം വരുന്ന ദലിതുകള്‍ എന്തു ചെയ്യുമെന്ന് ഈശ്വരന് മാത്രമേ അറിയൂ.
യഥാര്‍ഥ ഹിന്ദുക്കളാകട്ടെ ഏകമാനവികതയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന അടിസ്ഥാനവേദങ്ങളില്‍ വിശ്വസിക്കുന്നവരാണ്. മനുഷ്യസ്‌നേഹത്തിന്റെ അനശ്വര മൂല്യങ്ങളില്‍ പരമ്പരാഗതമായി വിശ്വസിച്ചു ജീവിക്കുന്ന ഈ സത്യഹിന്ദുക്കള്‍ ഇന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങള്‍ തോറുമുണ്ട്. ഇടയ്ക്കിടെ ഉണ്ടാകാറുള്ള വര്‍ഗീയ കലാപങ്ങളാകട്ടെ, സ്ഥാപിതതാല്‍പര്യക്കാര്‍ കൃത്രിമമായി ഉണ്ടാക്കുന്നതാണ്.
ഇന്ത്യയില്‍ അവിടെയുമിവിടെയും മുസ്‌ലിംകള്‍ക്ക് നേരെ നടന്ന അക്രമങ്ങളും പരസ്യമായ ഹിംസയും മസ്ജിദ് ധ്വംസനങ്ങളും ഉന്മൂലനത്തിന്റെ പ്രമാണങ്ങളായി വിലയിരുത്തുന്നത് ധൃതികൂട്ടലാണ്. 
നീണ്ടു പരന്നു കിടക്കുന്ന ഇന്ത്യാമഹാരാജ്യത്തിലെ പ്രബലമായ ദ്വിതീയ ഭൂരിപക്ഷമാണ് മുസ്‌ലിംകള്‍. ഇന്തോനേഷ്യ ഒഴിച്ചുനിര്‍ത്തിയാല്‍ ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം ജനസംഖ്യ ഇന്ത്യയിലാണ്. അവരെ ഒന്നടങ്കം ഇല്ലായ്മ ചെയ്യാന്‍ വന്യമായ സ്വപ്‌നങ്ങളില്‍പോലും സാധ്യമല്ല.
ആത്മീയമായ ഉന്മൂലനമാണ് വിവക്ഷയെങ്കില്‍, അതിനുത്തരവാദികള്‍ മുസ്‌ലിംകള്‍ മാത്രമായിരിക്കും; ആ സമുദായത്തിന് നേതൃത്വം നല്‍കേണ്ട പണ്ഡിതരായിരിക്കും.
ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ തങ്ങളുടെ വിശിഷ്ട സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതോടൊപ്പം നിയമാനുസൃതമായ പരിധിയില്‍ അന്യ സംസ്‌കാരങ്ങളെ സ്വാംശീകരിക്കാനുള്ള മുസ്‌ലിംകളുടെ സന്നദ്ധതയായിരുന്നു ഇന്ത്യയിലെന്നല്ല, ലോകത്തെവിടെയും ഇസ്‌ലാമിന്റെ പ്രചാരം സുഗമമാക്കിയത്.
അപരവല്‍ക്കരണം ഫാഷിസത്തിന്റെ ചാണക്യതന്ത്രങ്ങളില്‍ ഒന്ന് തന്നെ. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുതുളുമ്പുന്ന ഈ പ്രചാരണങ്ങള്‍, വന്‍തുകകള്‍ പ്രതിഫലം വാങ്ങി പ്രചണ്ഡമായി നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തികളില്‍ പലരും പക്ഷേ, അവരുടെതന്നെ സന്ദേശങ്ങളില്‍ മനസാ വിശ്വസിക്കുകയോ വികാരഭരിതരാവുകയോ ചെയ്യുന്നില്ല. ഫാഷിസ്റ്റ് പ്രചാരണ സ്റ്റുഡിയോകളില്‍ ഇരിക്കുന്ന പലരും സാധാരണ ജീവിതത്തില്‍ മുസ്‌ലിം അയല്‍ക്കാരുമായി സ്‌നേഹബന്ധം പങ്കിടുന്നവരാണ്.
മീഡിയ കൈയടക്കുകയെന്നത് ദൈവേതര ശക്തികളുടെ പരമ്പരാഗതരീതിയാണ്.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം കാല്‍നൂറ്റാണ്ടിനിപ്പുറം മാത്രമാണ് ഒരു ഭേദഗതിയിലൂടെ ഇന്ത്യയെ സെക്യുലര്‍ എന്ന് ഭരണഘടന വിശേഷിപ്പിച്ചതെങ്കില്‍ ആ കാലമത്രയും ഇന്ത്യയുടെ മനസ്സ് അതിനുവേണ്ടി തുടിച്ചിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. ഈ തുടിപ്പില്‍ കാലാകാലങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചേക്കാം. പക്ഷേ, ഇന്ത്യയുടെ നാഡി ഞരമ്പുകളില്‍ ഒരു ജനിതക പരിപ്രവര്‍ത്തനം അസംഭ്യവ്യമാണ്. അങ്ങനെയാണ് ഇന്ത്യയുടെ ജിയോ-ഡെമോഗ്രഫിക്‌സ്.
ധര്‍മവും അധര്‍മവും മുഖാമുഖം നില്‍ക്കുന്ന ഒരു കുരുക്ഷേത്രം എന്നെങ്കിലും ഇനിയുമുണ്ടായാല്‍ ബഹുഭൂരിപക്ഷം ജനതതിയും ജാതി-മത ഭേദമന്യേ മര്‍ദിതരുടെ പക്ഷം ചേരും. മര്‍ദിതര്‍ തന്നെയും ഉയിര്‍ത്തെഴുന്നേല്‍ക്കും. അതിനാല്‍ത്തന്നെ ഒരു കുരുക്ഷേത്രം ഇനിയുണ്ടാകില്ല.
അനുഷ്ഠാനകര്‍മങ്ങളെ സംബന്ധിച്ചോ, സ്വാനുരാഗം ഹലാലോ ഹറാമോ എന്നത് സംബന്ധിച്ചോ ഫത്വകള്‍ നല്‍കി ആത്മസായൂജ്യമടയുകയും ചിന്തയുടെ വാതായനങ്ങള്‍ കൊട്ടിയടച്ചു സുഷുപ്തിയില്‍ വ്യാപരിക്കുകയും ചെയ്യുന്ന പണ്ഡിതന്മാര്‍ തങ്ങളുടെ യഥാര്‍ഥ ധര്‍മം തിരിച്ചറിയലാണ് മാറ്റത്തിന്റെ ആദ്യപടി. അവരുടെ ദൗത്യം ഭാരിച്ചതാണ്.
യവന ദര്‍ശനങ്ങളുടെ കൂലംകുത്തിയൊഴുക്കില്‍ മുസ്‌ലിം ബൗദ്ധിക ലോകം പിടിവിട്ടു മുങ്ങിപ്പൊന്തിയപ്പോള്‍ ഒറ്റക്കു നിന്ന് അതിനു തടയിട്ട ഇമാം ഗസാലിയെപ്പോലെ, അപഭ്രംശിതനായ ഒരു ചക്രവര്‍ത്തിയെയും അയാളുടെ സാമ്രാജ്യത്തെയും തനിച്ചുനിന്നു തിരുത്തിയ അഹ്മദ് സര്‍ ഹിന്ദിയെപ്പോലെ, സാമ്രാജ്യത്വത്തിന്റെ തേരോട്ടത്തില്‍ മുസ്‌ലിംകള്‍ ഛിഹ്ന ഭിന്നമായിപ്പോയപ്പോള്‍ ഇസ്‌ലാമിക ശക്തിയെ യൂറോപ്പിലാകെ തിരിച്ചുകൊണ്ടുവരികയും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഹിന്ദു-മുസ്‌ലിം ഐക്യം പുനഃസ്ഥാപിക്കുകയും ചെയ്ത ജമാലുദ്ദീന്‍ അഫ്ഗാനിയെപ്പോലെ, ഒരു ജീവിത വ്യവസ്ഥയെന്ന നിലയില്‍ ഇസ്‌ലാമിന്റെ സമഗ്രത വിളംബരം ചെയ്ത സയ്യിദ് മൗദൂദിയെപ്പോലെ- പ്രവാചകന്മാരുടെ നിയോഗം ഏറ്റെടുക്കാന്‍ തയാറുള്ള പണ്ഡിതന്മാരുടെ പാദസ്പന്ദങ്ങള്‍ക്കുവേണ്ടി ലോകം കാതോര്‍ക്കുന്നുണ്ട്. മനുഷ്യ മനസ്സുകളില്‍ ചങ്കൂറ്റത്തിന്റെ നാമ്പ് നട്ടുനനക്കാന്‍ പ്രാപ്തിയുള്ള പണ്ഡിതന്മാര്‍ക്ക് വേണ്ടിയാണ് അവര്‍ കാത്തിരിക്കുന്നത്.
മുസ്‌ലിം സമുദായത്തിലെ ഓരോ അംഗത്തിനുമുണ്ട് അവനവന്റെ ദൗത്യം. സത്യത്തിന്റെയും നീതിയുടെയും ധര്‍മനിഷ്ഠയുടെയും ജീവിക്കുന്ന മാതൃകകളാവണം ഓരോ മുസ്‌ലിമും. ഇസ്‌ലാം എവിടെയൊക്കെ സ്വീകരിക്കപ്പെട്ടിട്ടുണ്ടോ അവിടെയൊക്കെ ഈ സ്വഭാവ വൈശിഷ്ട്യങ്ങളായിരുന്നു അവരുടെ കൈമുതല്‍.
'തങ്ങളെ സ്വയം മാറ്റാന്‍ തുനിയുവോളം അല്ലാഹു ഒരു സമുദായത്തിന്റെ അവസ്ഥ മാറ്റുകയില്ല' (13:11) എന്ന ഖുര്‍ആന്‍ വാക്യം ഓര്‍ക്കുക. ഈ ദൗത്യം നിറവേറ്റാന്‍ സമയം ഇനിയും വൈകിയിട്ടില്ല. ഒരു വിശ്വാസിക്ക് സമയം ഒരിക്കലും വൈകുന്നില്ല. നടുവാനായി ഒരു വൃക്ഷത്തൈ കൈയിലേന്തി നിങ്ങളിലാരെങ്കിലും ഇരിക്കവേ അന്ത്യനാള്‍ ആരംഭിക്കുകയാണെങ്കില്‍ ആ തൈ നട്ടിട്ടേ അവന്‍ എഴുന്നേല്‍ക്കാവൂ എന്ന പ്രവാചക വചനമോര്‍ക്കുക.
അതിജീവിക്കുക എന്നതിന് പകരം അതിജയിക്കുക എന്ന സന്ദേശമാണ് ഖുര്‍ആന്‍ (48:28, 61:9) നല്‍കുന്നത്. ഇത് വിശ്വാസത്തിലൂടെയാകാം, സഹനത്തിലൂടെയാകാം, പരിത്യാഗത്തിലൂടെയാകാം, പരിത്രാണത്തിലൂടെയാകാം, പലായനത്തിലൂടെയാകാം, പ്രതിരോധത്തിലൂടെയാകാം. പക്ഷേ, ഭീകരാക്രമണത്തിലൂടെ ഒരിക്കലുമാകാന്‍ പാടില്ല.
അശക്തനാക്കപ്പെടുമ്പോള്‍ സര്‍വവുമുപേക്ഷിച്ചു മോചനത്തിലേക്കു നടത്തുന്ന ദേശാടനമാണ് ഹിജ്റ.
പിറന്നുവീഴുകയും പിച്ചവച്ചു നടക്കുകയും ചെയ്ത ഭൂമിയായിരുന്നു പ്രവാചകന്റെ മക്ക. തന്റെ പ്രാണപ്രേയസിയായ ഖദീജാ ബീവിയെ മറവുചെയ്ത താഴ്‌വര സ്ഥിതിചെയ്യുന്ന പ്രിയപ്പെട്ട ഭൂമി. ആ ഖബ്‌റിടം സിയാറത്ത് ചെയ്യാന്‍ പോലും അവകാശമില്ലാതെ, രാജ്യപരിത്യാഗിയായി, ഉടുവസ്ത്രം മാത്രം ധരിച്ചു മരുഭൂമിയിലൂടെ മദീനയുടെ തണലിലേക്ക് പലായനം ചെയ്ത പ്രവാചകന്‍ ദര്‍ശനം ചെയ്തതെന്തായിരുന്നു? ഭൂമുഖത്തെ ഏറ്റവും വലിയ രണ്ടു സാമ്രാജ്യങ്ങളില്‍ ഒന്നിന്റെ സമീപ പതനം!
കിസ്‌റാ ചക്രവര്‍ത്തിയും അയാളുടെ സാമ്രാജ്യവും നിലംപരിശാകുന്നത്, തന്റെ നെറ്റിയില്‍ നിന്ന് വിയര്‍പ്പു വടിച്ചെടുത്തുകൊണ്ടു മദീനയിലേക്കുള്ള പാതിവഴിയില്‍ പ്രവാചകന്‍ എങ്ങനെ മനോദര്‍ശനം ചെയ്തു? കിസ്‌റായുടെ അധികാര ചിഹ്നങ്ങളായ സുവര്‍ണ കങ്കണങ്ങള്‍, തന്നെ പിടിച്ചുകെട്ടാന്‍ വന്ന സുറാഖക്കു വാഗ്ദാനം ചെയ്യാന്‍ തിരുനബിക്ക് എങ്ങനെ ധൈര്യം വന്നു?
അടങ്ങാത്ത ആ ആത്മവിശ്വാസവും അണയാത്ത ആ ധൈര്യവുമായിരുന്നു അതിജയത്തിന്റെ അടിത്തറ. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 3539
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗത്തിലെ നിധി
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്