Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 28

3274

1444 റബീഉല്‍ ആഖിര്‍ 02

പാരിസ്ഥിതികാവബോധം  ഉള്ളുറവയായ നബിദര്‍ശനങ്ങള്‍

മുഹമ്മദ്കുട്ടി എളമ്പിലാക്കോട്

ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ വികസിച്ചിട്ടില്ലാത്തതും തദനുസൃതമായ നാഗരികതകള്‍ പിറവിയെടുത്തിട്ടില്ലാത്തതുമായ ആറാം നൂറ്റാണ്ടിലെ തനിമയാര്‍ന്ന പ്രകൃതിയുള്ള അറേബ്യാ ഉപഭൂഖണ്ഡം. ഊഷരമായ മണല്‍കുന്നുകള്‍ക്ക് ഞൊറിയിട്ടുകൊണ്ട് സദാ ചുടുകാറ്റ് വീശുന്ന വിജനമായ മണലാരണ്യങ്ങള്‍. ഈ മരുതടങ്ങളില്‍ കൊല്ലും തല്ലും കൊലവിളികളുമായി കാട്ടാള ജീവിതം നയിച്ചുകൊണ്ടിരുന്ന പുരാതന ഗോത്രങ്ങളില്‍ കലഹങ്ങളുടെ തീവെയില്‍ ആറാതെ കത്തിക്കൊണ്ടിരുന്നു. മക്കയില്‍, പ്രാകൃത നീതിവ്യവസ്ഥകള്‍ അരങ്ങുവാണിരുന്ന ഈ ഗോത്രങ്ങളിലൊന്നിലായിരുന്നു മുഹമ്മദിന്റെ ജനനം. ജാഹിലിയ്യത്തിന്റെ കൊടുമകളില്‍നിന്നും ദുഷിപ്പുകളില്‍നിന്നും ചെറുപ്പം മുതലേ അകലം പാലിച്ചുപോന്നു മുഹമ്മദ്. കലഹങ്ങളും കാപട്യങ്ങളും കൊടികുത്തിവാണിരുന്ന നാട്ടില്‍ സത്യസന്ധന്‍ (അല്‍ അമീന്‍) എന്ന് ശത്രുക്കള്‍ പോലും മനസ്സറിഞ്ഞ് ആശീര്‍വദിച്ച വ്യക്തിപ്രഭാവത്തിനുടമ. പ്രകൃതിയുടെ തനിമപോലെ, കലര്‍പ്പില്ലാത്ത വിശുദ്ധിയാര്‍ന്ന മനോ നൈര്‍മല്യംകൊണ്ട് അനുഗൃഹീതന്‍. കാമ, ക്രോധ, മോഹ, ഭോഗാന്ധ വേഗക്കൊടുങ്കാറ്റ് ചുഴലുന്ന നശ്വരമായ വാഴ്വിന്റെ പൊരുളന്വേഷിച്ചലഞ്ഞ മുഹമ്മദിന്റെ ചിദാകാശത്തില്‍ ജാഹിലിയ്യത്തിനെതിരെ ചില ഉദയ പ്രതീതികള്‍ കൗമാര കാലത്തേ പ്രകടമായിരുന്നു. ജീവരാശിക്കായി തുടിക്കുന്ന ഹൃദയവുമായി നവീനമായ സംസ്‌കാരത്തിന്റെ അമൃത സലിലങ്ങള്‍ തേടി ഉഴറുകയായിരുന്നു ആ ധന്യ യുവചേതന.
ഒടുവില്‍, ഉള്‍വിളിയാലെന്നവണ്ണം ജബലുന്നൂറിലെത്തി, രണ്ടായിരത്തി ഒരുനൂറ് അടി ഉയരത്തില്‍, മരുഭൂ വക്ഷസ്സില്‍ ഉയര്‍ന്നുനില്‍ക്കുന്ന മലമുകളിലെ ഹിറാ ഗുഹയില്‍, പ്രകൃതിയുടെ അതീത ധ്വനികള്‍ക്ക് കാതോര്‍ത്ത് ജാഗരം കൊള്ളുന്ന ഹൃദയവുമായി ധ്യാനലീനനായിരുന്നു മുഹമ്മദ്. ഹിജാസിന്റെ പ്രാചീനമായ ചക്രവാളങ്ങളില്‍ പുലരിത്തുടുപ്പുകള്‍ പ്രത്യക്ഷമായിത്തുടങ്ങുന്ന ബ്രഹ്മ മുഹൂര്‍ത്തങ്ങളിലൊന്നില്‍, നവയുഗത്തിന്റെ അരുണോദയ ദൂതെന്ന പോല്‍ വഹ്യുമായി ജിബ്രീല്‍ മാലാഖയിറങ്ങി മുഹമ്മദിനെ പുല്‍കുന്നത് ആത്മ പ്രഭാമയമായ ഈ ധ്യാനസ്ഥലിയില്‍വെച്ചാണ്. അജ്ഞാനാന്ധകാരത്തിന്റെ ഇരുളിലുഴറിയ, മാനവരാശിയുടെ ഭാഗധേയം തിരുത്തിക്കുറിക്കുന്ന പുതുയുഗത്തിന്റെ പിറവി മുഹമ്മദിന്റെ ഹൃദയാകാശത്തിലൂടെ സംഭവിക്കുമ്പോള്‍, പ്രകൃതിയിലും ഒരു പുതുപുലരിയുടെ ഭൂപാളമുയരുകയായിരുന്നു. പ്രകൃതിയും മനുഷ്യാവസ്ഥകളും ഏകയോഗാത്മക ഭാവമാര്‍ജിക്കുന്ന സുമോഹനമായൊരു മുഹൂര്‍ത്തം ചരിത്രത്തില്‍ അങ്ങനെ സംജാതമായി.
കരിമ്പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ കാല്‍നടയായി ഏറെ ദൂരം ചരല്‍കുന്ന് കയറണം ജബലുന്നൂറിനു മുകളിലെത്താന്‍. ധ്യാനസ്ഥനായ പ്രിയതമനെ കാണാനെത്തിയിരുന്ന തോഴി ഖദീജ എത്രമേല്‍ പ്രയാസപ്പെട്ടാകും ദുര്‍ഘടമായ ഈ മലമ്പാത താണ്ടിയിട്ടുണ്ടാവുക! പതിറ്റാണ്ട് മുമ്പ് ഈ മല കയറി ഹിറാഗുഹ സന്ദര്‍ശിക്കാനെത്തിയ വേളയില്‍, പ്രവാചകന്റെ പുണ്യപാദങ്ങള്‍ പതിഞ്ഞ, ഈ വഴിത്താരയിലൂടെ നടക്കുമ്പോള്‍, മാനവ ചരിത്രത്തിന്റെ അമര പദങ്ങളിലേക്ക് ഈ മണ്ണിലൂടെ പ്രസരിച്ചുപോയ ഏതൊക്കെയോ ഊര്‍ജ തരംഗങ്ങളെക്കുറിച്ചോര്‍ത്തു. പ്രവാചക സ്നേഹത്തിന്റെ ഭാവത്തില്‍ ഇപ്പോഴുമവ വിശ്വാസികളുടെ കാലടികളെ ത്രസിപ്പിക്കുന്നുണ്ടോ?
തവ പുണ്യ പാദാംബുജങ്ങള്‍ സ്പര്‍ശിച്ചൊരാ
തരിമണ്ണിലനുരാഗ ഭരിതനായ് നിത്യം
തപം ചെയ്വതിന്നായ്
തപിക്കയാണെന്‍മനം അല്ലിലും പകലിലായ്.
എന്ന നബികാവ്യത്തിലെ വരികള്‍ അപ്പോള്‍ സ്മൃതിപഥത്തിലെത്തി.
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇവിടെ എത്തിപ്പെടാനാകുമെന്ന് സ്വപ്നം കാണാന്‍ പോലുമാകാത്തവിധം ദാരിദ്ര്യപൂരിതമായ ചുറ്റുപാടിലായിരുന്നു ആ കവിത എഴുതിയത്.
വിശ്വാസ ദാര്‍ഢ്യത്തിന്റെ ഉടവാള്‍കൊണ്ട് ജാഹിലിയ്യത്തിന്റെ ഭൂതഗണങ്ങളെ തുരത്തി, കരടില്ലാത്ത ഏകദൈവത്വത്തിന്റെ വിശ്വാസ വിഹായസ്സില്‍ അനശ്വര സിംഹാസനത്തില്‍ വാഴുന്ന പിതാമഹന്‍ പണിത വിശുദ്ധ കഅ്ബാലയത്തിന്റെ ദിവ്യസാന്നിധ്യം ദൂരെ ഒളിമങ്ങിക്കാണുന്നുണ്ട്. കുഞ്ഞോമല്‍ പൈതലിന്റെ പൈദാഹമോര്‍ത്ത് ഉള്ളുപുകഞ്ഞ് സഫാ-മര്‍വകള്‍ക്കിടയിലോടിയ ഹാജറ മാതാവിന്റെ അനുതാപക്കണ്ണുനീര്‍പെയ്ത്തിനൊടുവില്‍ ഉറവയെടുത്ത സംസം കുളിര്‍ജല പ്രവാഹം ലക്ഷ്യമാക്കി ദാഹാര്‍ത്തരായ മരുപ്പറവകള്‍ നീങ്ങുന്നത് കാലാന്തരങ്ങളിലൂടെ തുടരുന്ന സൈകത ദൃശ്യമാണ്.
ആന്തരപ്രകൃതിയുടെ ഉള്‍വിളികളും പാരിസ്ഥിതികമായ ഉണര്‍വുകളും സമ്മേളിക്കുന്ന ഭാവഭംഗിയാര്‍ന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ ഇസ്ലാം സംസ്‌കൃതിയുടെ ധന്യതയത്രെ.
അബൂ ഹുറയ്‌റ നിവേദനം ചെയ്ത ഒരു ഹദീസിന്റെ സാരാംശം ഇങ്ങനെയാണ്: തീവെയില്‍ കത്തുന്ന മരുഭൂവിലൂടെ ദാഹിച്ചുവലഞ്ഞ് നാക്കുനീട്ടി ഓടിത്തളര്‍ന്ന് മണ്ണ് കപ്പുന്ന നായക്ക് കിണറ്റില്‍നിന്ന് വെള്ളമെടുത്ത് കൊടുത്ത ആളോടുള്ള നന്ദി സൂചകമായി അല്ലാഹു അദ്ദേഹത്തിന്റെ പാപങ്ങള്‍ പൊറുത്തുകൊടുത്തു എന്നരുള്‍ ചെയ്ത തിരുനബിയോട് അനുചരര്‍ ചോദിച്ചു: 'നാല്‍ക്കാലികള്‍ക്ക് വല്ല ഉപകാരവും ചെയ്താല്‍ പ്രതിഫലം ലഭിക്കുമോ?' അപ്പോള്‍ പ്രവാചകന്‍ അരുളി: 'ജീവനുള്ള ഏത് ജന്തുവിന് ഉപകാരം ചെയ്താലും പ്രതിഫലം ലഭിക്കുന്നതാണ്.' ഭൂതദയയില്‍ ബുദ്ധന്റെ ഗയയില്‍നിന്ന് ഏറെ അകലെയല്ല ഹിറ എന്ന് ഇത്തരം തിരുനബി പാഠങ്ങളില്‍നിന്ന് വായിക്കാമെന്നു പറയുന്ന സന്ദര്‍ഭത്തില്‍തന്നെ പ്രതിരോധത്തിനു വേണ്ടി മുഹമ്മദ് നബി യുദ്ധം ചെയ്തിട്ടുണ്ടെ ന്നതും യാഥാര്‍ഥ്യം തന്നെ.
  നാളെ ലോകാവസാനമാണെന്ന് അറിഞ്ഞാല്‍പോലും ഇന്ന് നിങ്ങളുടെ കൈയില്‍ ചെടിയുണ്ടെങ്കില്‍ അത് മണ്ണില്‍ നടണമെന്നും ഫലം കായ്ക്കുന്ന മരച്ചുവട്ടിലോ ഇഴജീവികളുടെ മാളങ്ങളിലോ മലമൂത്ര വിസര്‍ജനം അരുതെന്നുമുള്ള പ്രവാചക പാഠങ്ങള്‍ കുഞ്ഞുന്നാളില്‍, മദ്‌റസാ പഠനകാലത്തേ അനുശീലിക്കുന്ന ഒരു സംസ്‌കൃതിയുടെ പ്രവാഹഗതിയില്‍ പാരിസ്ഥിതികാവബോധമെന്നത് ആത്മീയസാരം പോലെ അഗാധതയിലെ ഉള്ളുറവയാണെന്നു കാണാം. പ്ലാസ്റ്റിക് മാലിന്യങ്ങളാലും പരിസ്ഥിതി ദൂഷണത്താലും നാടും നഗരങ്ങളും കാടും കടലും എന്നല്ല, നാം അധിവസിക്കുന്ന ഭൂഗോളത്തിലെ ആവാസ വ്യവസ്ഥയപ്പാടെ വിഷമയമാക്കിത്തീര്‍ക്കുന്ന കൊടിയ ദ്രോഹത്തിനെതിരെ സമരമുഖങ്ങള്‍ സൃഷ്ടിക്കാന്‍ തിരുനബിയുടെ അനുയായികള്‍ക്ക് ദീനീപരമായ ബാധ്യതയുണ്ടെന്നര്‍ഥം.
ആത്മീയതയിലൂന്നിയ പുതു സംസ്‌കൃതിയുടെയും നവ നാഗരികതയുടെയും വരവറിയിച്ചുകൊണ്ട് ഹിജാസിന്റെ ചക്രവാള സീമകളില്‍നിന്ന് ഉദയം ചെയ്ത തിരുനബിദര്‍ശനങ്ങളുടെ വശ്യശോഭ, വിമര്‍ശകരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് ലോകമാകെ വെന്നിക്കൊടി പാറിച്ച് മുന്നേറുകയായിരുന്നു.

Behold this rocky spring
bright with joy
like twingling star
എന്ന് ഭാവ ഗംഭീരമായാണ് വിശ്രുത ജര്‍മന്‍ കവി ഗഥേയുടെ (Goethe) ടong of Muhammed എന്ന കവിതയുടെ തുടക്കം തന്നെ.
കരിമ്പാറക്കെട്ടുകളിലെ
ഈ നീരുറവ നോക്കൂ.
മിന്നുന്ന താരകം പോലെ
ആനന്ദത്താല്‍ തിളങ്ങുന്നു.
.....................
മലയോര പാതകളില്‍
വര്‍ണമണിക്കല്ലുകള്‍ക്കു പിറകെ
അതിന്റെ കുത്തൊഴുക്ക്
ഒപ്പം ഒരു യുവ നേതാവിന്റെ
ചുവടുവെപ്പും.
താഴ്വരകളില്‍
അതിന്റെ പദവിന്യാസങ്ങളില്‍
നറുപൂക്കളും
പുല്‍മേടുകളും വിടരുന്നു...
എന്ന് തുടരുന്ന കവിതയില്‍ അനശ്വരതയുടെ സമുദ്രത്തിലേക്കുള്ള ആ ഒഴുക്കിനെ ഒരു താഴ്വരയ്ക്കും തടഞ്ഞുനിര്‍ത്താനാവില്ലെന്നും സുന്ദര കാവ്യ കല്‍പനകളിലൂടെ അസന്ദിഗ്ധമായി കവി വ്യക്തമാക്കുന്നു.
തൊലി, കുല, ദേശപ്പെരുമകളില്‍ തട്ടിത്തകരാതെ, കിഴക്കെന്നോ പടിഞ്ഞാറെന്നോ ഭേദമില്ലാതെ ഇരുപത്തൊന്നാം നൂറ്റാണ്ടിലും, വിമോചനത്തെക്കുറിച്ച വലിയ മുഴക്കങ്ങള്‍ ലോകവേദികളില്‍ നിശ്ശേഷം നിലച്ചുപോയ ഈ സത്യാനന്തര ഡിജിറ്റല്‍ ഇസ്ലാമോഫോബിയാ യുഗത്തിലും, വിശ്വമാനവികതയുടേതായ തങ്കക്കിനാവ് ബഹുജന ഹൃദയങ്ങളില്‍ ഊട്ടിവളര്‍ത്തുന്നുണ്ട് നബിദര്‍ശനങ്ങള്‍ എന്ന് ലോക ചലനങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിക്കുന്നവര്‍ക്ക് ബോധ്യമാകും.
വിശ്വാസികളെ സംബന്ധിച്ചേടത്തോളം കേവലം വൈകാരികമായ വീരാരാധനാ മനോഭാവത്തോടെയല്ല തിരുദൂതരുടെ മാതൃകയെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് കൊളുത്തിവെച്ചിരിക്കുന്നത്. സംശുദ്ധമായ വിചാര-വികാരങ്ങളില്‍നിന്ന് നെയ്തെടുക്കുന്ന ജീവിതത്തിന്റെ ഊടും പാവുമായാണ് തിരുനബി മാതൃകകള്‍ വര്‍ത്തിക്കുന്നത്. ഇഹ-പര ക്ഷേമം കരഗതമാകുന്ന അതുല്യമായ ആ മാതൃകകള്‍ കൂടുതല്‍ ആവേശത്തോടെ ജീവിതത്തില്‍ പകര്‍ത്താനുതകുംവിധം എതിര്‍പ്പുകളില്‍നിന്ന് ഊര്‍ജമുള്‍ക്കൊള്ളാനും അവര്‍ക്കാകും. 
  8078300878
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 3539
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗത്തിലെ നിധി
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്