സുബ്ഹാനല്ലാഹ്
കവിത
നീ തന്ന കരങ്ങളില്‍
എഴുത്താണി വെച്ച്
വരച്ചിട്ട ചിത്രങ്ങള്‍
നിന്നിലേക്കടുക്കാനുള്ള
കോണിപ്പടിയായിരുന്നെനിക്ക്
ഹാവഭാവങ്ങളൂഹിക്കാനാവാത്ത
നിന്റെ രൂപങ്ങളെ
നാമങ്ങളിലൂടെ
അറിഞ്ഞെടുക്കാന്‍ ശ്രമിക്കുന്ന
പൈതലാണിന്നു ഞാന്‍
വരയും കുറിയും
തീര്‍ന്നു പോകുമ്പോഴും
നിന്റെ വചസ്സുകള്‍
കാഴ്ചയിലല്‍ഭുതം നിറക്കുന്ന
സപ്ത സാഗരങ്ങളായി
ഒഴുകി മറിയുന്നുവല്ലോ
കണ്ണകം നിറയെ
നീ ഒറ്റ
ഏകനായിരിക്കുന്നവന്‍
വാന ഭുവനങ്ങളില്‍
പ്രകീര്‍ത്തനം ചെയ്യപ്പെടാന്‍
അര്‍ഹനായിരിക്കുന്നവന്‍
നീ മാത്രമല്ലോ
നിന്നെക്കുറിച്ച് പറയാന്‍
ആയിരം നാവുണ്ടെനിക്ക്
നിന്റെ അടുത്തിരിക്കുന്നവ
രോടൊരു നേരമെങ്കിലും
സല്‍പേരു ചൊല്ലി
ഓര്‍ത്തു പോയെങ്കിലെന്ന്
ഉള്ളാലെ കൊതിക്കാത്ത
രാപ്പകലുകളില്ലെനിക്കൊരിക്കലും
അളവറ്റ ദയാപരന്‍
കാരുണ്യവാന്‍
കരുണക്കടല്‍
നിന്റെ നാമങ്ങള്‍
മനതാരില്‍ തീര്‍ക്കുന്ന
സംഗീതപ്പെരുമഴ
പങ്കുവെക്കാനൊരൊഴിഞ്ഞ
നിമിഷങ്ങള്‍
കാത്തിരിക്കുന്നുവല്ലോ
തമ്പുരാനേ
ശ്രുതിമീട്ടിപ്പായുന്ന
കരിവണ്ടുകള്‍ തേനീച്ചകള്‍
മന്ദസ്മിതം തൂകുന്ന മഴത്തുള്ളികള്‍
ആകാശം നിറഞ്ഞിരിക്കുന്ന
കാര്‍മേഘക്കൂട്ടങ്ങള്‍
അടക്കം പറയുന്ന
അണ്ഡകടാഹത്തിനുള്ളിലെ
പരമ രഹസ്യങ്ങളിലൂടെ
ഊളിയിട്ടു പറക്കണം
ശേഷിപ്പു നാളുകള്‍ മുഴുക്കെയും
പിച്ചവെക്കുന്ന ആശതന്‍ ചട്ടിയില്‍
വിടരാതിരിക്കുമോ
സൗഗന്ധ ചെമ്പകം.
Comments