മഹാ തീര്‍ഥാടനത്തിലെ മഹാ പ്രഭാഷണം
ഹജ്ജിനുള്ള ആഹ്വാനം പ്രവാചകന് തന്റെ ശബ്ദം കേള്‍ക്കാന്‍ മനസ്സുള്ള ജനസഞ്ചയത്തെ കേള്‍പ്പിക്കാനുള്ള അവസരം നല്‍കി. തിരുദൂതരുടെ താരപരിവേഷം കാരണം അറേബ്യ ആ ആഹ്വാനത്തില്‍ ചാടിപ്പിടിക്കുകയായിരുന്നു. റസൂലിനെ അവര്‍ക്ക് ഒരു നോക്ക് നേരിട്ടു കാണണം. മുമ്പൊന്നും ഉണ്ടായിട്ടില്ലാത്ത ഈ വാതില്‍പ്പുറ മഹാസംഗമത്തില്‍ സംബന്ധിക്കുകയും വേണം.
ഹജ്ജ് കാലമായതോടെ അറേബ്യയുടെ നാനാഭാഗങ്ങളില്‍ നിന്നുമായി പ്രവാചകന്റെ 114,000 അനുചരന്മാര്‍ മക്കയില്‍ സംഗമിച്ചു. കാഴ്ചക്കാരായി വന്നു ചേര്‍ന്ന ബഹുദൈവ വിശ്വാസികളും ക്രിസ്ത്യാനികളും ജൂതന്മാരും ചേര്‍ന്നപ്പോള്‍ 120,000 ആളുകള്‍. ഇത്രയധികം ആളുകള്‍ ഒരിടത്തു കൂടിയ അനുഭവം അറേബ്യയില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.
ഹജ്ജുല്‍ അക്ബര്‍ (മഹാ തീര്‍ഥാടനം) എന്നാണ് പ്രവാചകന്‍ ഈ ഒത്തുചേരലിനെ വിശേഷിപ്പിച്ചത്. എന്നാല്‍, പുരുഷാരത്തിന്റെ വലുപ്പം അദ്ദേഹത്തെ തന്നെയാണ് ഏറ്റവുമധികം അമ്പരപ്പിച്ചത്. അദ്ദേഹത്തിന്റെ സമ്പന്നനായ മരുമകന്‍ ഉസ്മാനുബ്‌നു അഫ്ഫാന്‍ ജനത്തിനു ഭക്ഷണം നല്‍കാം എന്നേറ്റു. സാധന സാമഗ്രികള്‍ ഒരുക്കൂട്ടുന്ന കാര്യം അദ്ദേഹത്തിന്റെ, ഒരിക്കലും മക്ക വിട്ടുപോയിട്ടില്ലാത്ത പിതൃവ്യന്‍ അബ്ബാസ് ഏറ്റെടുത്തു. മഹാസംഗമം നോക്കി നടത്താന്‍ മത്സരിച്ചെത്തിയ ഒരു സംഘം സന്നദ്ധ സേവകര്‍ പ്രവാചകന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. ജനങ്ങള്‍ക്ക് ഭക്ഷണം എത്തിക്കേണ്ടതുണ്ടായിരുന്നു. പുണ്യസ്ഥലങ്ങള്‍ വൃത്തിയാക്കേണ്ടതുണ്ടായിരുന്നു. അഞ്ചു ദിവസത്തെ ചടങ്ങുകള്‍ക്ക് സമയക്രമം അനുസരിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതുണ്ടായിരുന്നു.
ഹജ്ജ് ആരംഭിക്കുന്നതിന്റെ തലേദിവസം വ്യാഴാഴ്ച വൈകുന്നേരം, പ്രവാചകന്‍ കുടുംബസമേതം മക്കയില്‍ എത്തി. നഗരത്തിനു വെളിയില്‍ ശിഅ്ബു അബീത്വാലിബില്‍, രണ്ടുവര്‍ഷം തന്റെ കുടുംബം ബഹിഷ്‌കരണത്തില്‍ കഴിച്ചുകൂട്ടിയ സ്ഥലത്ത് തമ്പടിച്ചു. പ്രതീകാത്മകമായിരുന്നു ആ സ്ഥലത്തിന്റെ തെരഞ്ഞെടുപ്പ്; സുദൃഢമായ മനോബലത്തിന്റെ സാക്ഷ്യപത്രവും. ശക്തി സംഭരിച്ചു നിര്‍ത്താന്‍ റസൂല്‍ കഠിനമായി ശ്രമിച്ചുവെങ്കിലും ദുഷ്‌കരമായ ഖുര്‍ആന്‍ സമാഹരണം ആരോഗ്യം ക്ഷയിപ്പിച്ചിരുന്നു. കഅ്ബ ത്വവാഫ് ചെയ്യുമ്പോള്‍ അദ്ദേഹം ഊന്നുവടിയുടെ സഹായം തേടിയതും പുറം വളഞ്ഞതും ആളുകള്‍ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. ഉഹുദില്‍ ഏറ്റ പരിക്കിന്റെയും പല്ലു മുറിഞ്ഞതിന്റെയും പാട് ഉണ്ടായിരുന്നു മുഖത്ത്. അനുചരന്മാരെ അഭിവാദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദത്തിലെ ഇടര്‍ച്ച പ്രകടമായിരുന്നു.
പിറ്റേന്നു രാവിലെ അറഫാ മൈതാനിയില്‍ ജനങ്ങള്‍ തമ്പുകള്‍ കെട്ടി. ആര്‍ത്തലച്ചു വന്ന പുരുഷാരത്തെ മൈതാനത്ത് ഒതുക്കിനിര്‍ത്തി. ഉച്ച തിരിഞ്ഞ്, അസ്തമയത്തിനു മുമ്പായി എല്ലാവരും അറഫാ കുന്നിനു താഴെ ഒത്തുകൂടി. പതിനഞ്ചടി ഉയരമുള്ള കൊടിമരത്തില്‍ മരതകപ്പച്ച നിറത്തിലുള്ള ധ്വജം പാറിക്കളിക്കുന്നുണ്ടായിരുന്നു. അബ്ബാസ് കുന്നിന്‍ മുകളില്‍ കാത്തുനില്‍ക്കവെ പുരുഷാരം പ്രവാചകനു കടന്നുവരാനായി വഴിയുണ്ടാക്കി ഒതുങ്ങിനിന്നു. അലി തെളിച്ച ഒട്ടകത്തിന്റെ പുറത്താണ് അദ്ദേഹം വന്നത്. അലിയുടെ കൈ പിടിച്ചും ഊന്നുവടിയില്‍ താങ്ങിയും അവിടുന്ന് കുന്നിന്‍ മുകളിലേക്ക് കയറി.
ഉച്ചിയിലെത്തിയപ്പോള്‍ പ്രവാചകന്‍ താഴെ നാനാ ദിക്കുകളിലേക്കും പരന്നുകിടക്കുന്ന പുരുഷാരത്തെ നോക്കി. ജീവിതത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ളവര്‍. ധവള വസ്ത്ര ധാരികളായ, സകല ഗോത്രങ്ങളിലും പെട്ടവര്‍. കണ്ണെത്താ ദൂരം അവര്‍ ഒഴുകിപരന്നു കിടക്കുന്നു. പുതിയ ഒരനുഭവത്തിനായി തെരഞ്ഞെടുക്കപ്പെട്ടവരാണ് അവര്‍. എങ്ങനെ സ്വയം പുഷ്പിക്കണമെന്നു പഠിക്കുന്നതിനായി മരുഭൂമി താി മക്കയില്‍ എത്തിയവര്‍. മുഹമ്മദ് എന്ന ദീപസ്തംഭം പ്രസരിപ്പിച്ച ഊര്‍ജപ്രവാഹമാണ് അവരെ അവിടേക്ക് ആകര്‍ഷിച്ചത്. ആ ജനമഹാ സഞ്ചയത്തോട് തന്റെ ആശയങ്ങള്‍ പങ്കുവെക്കാനുള്ള അവസരം അദ്ദേഹത്തിനു കൈവന്നിരിക്കുന്നു.
എന്നിട്ടും, ഒരിക്കല്‍ ഘനഗംഭീരമായിരുന്ന ആ ശബ്ദത്തിന് ഇടിവ് തട്ടിയിട്ടുണ്ട്. ജനക്കൂട്ടത്തിന്റെ ഏറ്റവും പിറകില്‍ നില്‍ക്കുന്ന ആളിലേക്കു പോലും തന്റെ സന്ദേശം എത്തിക്കുന്നതിന് പ്രവാചകന്‍ തന്റേതായ ആശയക്കൈമാറ്റ രീതി ആവിഷ്‌കരിച്ചിരുന്നു. നൂറു കണക്കിനു ഏറ്റു പറച്ചിലുകാര്‍ ആള്‍ക്കൂട്ടത്തിനിടയില്‍ കൃത്യമായ അകലത്തില്‍ നിലയുറപ്പിച്ചു.
പ്രവാചകന്‍ മൊഴിയുന്ന ഓരോ വാക്കും അദ്ദേഹത്തിന്റെ പിതൃവ്യന്‍ മുഴങ്ങുന്ന ശബ്ദത്തില്‍ ആവര്‍ത്തിക്കും. മറ്റു ഏറ്റു പറച്ചിലുകാര്‍ ഓരോരുത്തരായി അതേറ്റു പറയും. അങ്ങനെ അതിന്റെ അലകള്‍ ആള്‍ക്കൂട്ടത്തില്‍ പ്രതിധ്വനി സൃഷ്ടിക്കും. ആ ശബ്ദഘോഷണ സമ്പ്രദായം 120,000 ആളുകളിലേക്കും ആ സന്ദേശം എത്തിച്ചു.
തന്റെ 'വിടവാങ്ങല്‍' പ്രസംഗം മുഹമ്മദ് നിര്‍വഹിച്ചു. തന്റെ സന്ദേശത്തിന്റെ സാരാംശം അതു വ്യക്തമാക്കും എന്നും ഭാവിയിലേക്കുള്ള മാര്‍ഗദര്‍ശനമാവും അതെന്നും അദ്ദേഹം പ്രതീക്ഷിച്ചു.
''ഈ വര്‍ഷത്തിനു ശേഷം ഞാന്‍ നിങ്ങളുടെ കൂടെ ഇവിടെ ഉണ്ടാവണമെന്നില്ല''- അദ്ദേഹം പ്രഖ്യാപിച്ചു. ''എങ്കിലും നിങ്ങള്‍ ഇവിടെ വീണ്ടും സംഗമിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. നല്ല വെളിച്ചമുള്ള ദീപശിഖ ഞാന്‍ നിങ്ങള്‍ക്കു കൈമാറുകയാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് ലോകത്തിനു വെളിച്ചം കാണിച്ചു കൊടുക്കാം. ജനങ്ങളെ അജ്ഞതയുടെയും അകര്‍മണ്യതയുടെയും അന്ധകാരത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യാം.''
പ്രഭാഷണത്തിനിടെ പ്രവാചകന്‍ ആള്‍ക്കൂട്ടത്തിന്റെ ഓരോ ഭാഗത്തേക്കും നോക്കിക്കൊണ്ടിരുന്നു. ഒരു ദശകത്തിലധികം കാലം മുമ്പ് മദീനയുടെ ഭരണഘടനയില്‍ താന്‍ അടിത്തറയിട്ട സമത്വത്തിന്റെ തത്ത്വം സാര്‍വലൗകികമാക്കുന്നതിനാണ് പ്രസംഗത്തില്‍ അദ്ദേഹം ഊന്നല്‍ നല്‍കിയത്:
''ജനങ്ങളേ, നിങ്ങളുടെ രക്തവും സമ്പത്തും വ്യക്തിഗതമായ പ്രതീക്ഷകളുമെല്ലാം ഒന്നിനൊന്ന് പവിത്രമാണ്. ഈ വിശുദ്ധ സ്ഥലത്ത് ഇന്ന് നമ്മള്‍ സംഗമിച്ചിട്ടുള്ളതുപോലെ പവിത്രം. മുമ്പ് ചിന്തിയ രക്തത്തിന് മാപ്പു കൊടുത്തിരിക്കുന്നു. ഇനി പ്രതികാരങ്ങളുണ്ടാവരുത്. എന്റെ കുടുംബത്തില്‍ നിന്ന് കൊല്ലപ്പെട്ടവരുടെ വകയില്‍ കിട്ടാനുള്ള ചോരപ്പണം വിട്ടുകൊടുത്തിരിക്കുന്നു. എന്റെ പിതൃവ്യന്‍ അബ്ബാസിനു കിട്ടാനുള്ളതും റദ്ദാക്കിയിരിക്കുന്നു. മറ്റുള്ളവരുടെ അവകാശങ്ങളില്‍ കൈയേറ്റം ചെയ്യരുത്. നിങ്ങളുടേതില്‍ കൈയേറ്റം നടത്താന്‍ അനുവദിക്കുകയുമരുത്.
''ജനങ്ങളേ, സ്ത്രീകള്‍ക്ക് എല്ലാ വിധത്തിലുമുള്ള പിന്തുണയ്ക്ക് ജന്മനാ അവകാശമുണ്ട്. അതിനാല്‍ അവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക. അവരുടെ പിന്തുണ കിട്ടുന്നതിനുള്ള നിങ്ങളുടെ അവകാശത്തെപ്പോലെ തന്നെ നിങ്ങളുടേത് അവര്‍ക്കും കിട്ടാന്‍ അവകാശമുണ്ട്. അവരുടെ അവകാശങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടത് നിങ്ങളുടെ ചുമതലയാണ്. സ്ത്രീകളെ ശാക്തീകരിക്കുക വഴി നിങ്ങള്‍ സ്വയം ഉന്നതരാവുക!
''ജനങ്ങളേ, എന്റെ വിയോഗശേഷം നിങ്ങള്‍ അനൈക്യത്തിലേക്കും പരസ്പര ശത്രുതയിലേക്കും അന്യോന്യം കൊല്ലുന്നതിലേക്കും തിരിച്ചുപോവരുത്. ഖുര്‍ആനും സുന്നത്തും (നടപടിക്രമങ്ങള്‍) അടങ്ങുന്ന ഒരു വ്യവസ്ഥ ഞാന്‍ നിങ്ങള്‍ക്കായി ബാക്കിയാക്കുന്നു. അതു മുറുകെ പിടിച്ചാല്‍ നിങ്ങള്‍ ആശയക്കുഴപ്പത്തില്‍ അകപ്പെടുകയില്ല.
''ജനങ്ങളേ, നിങ്ങളുടെ ദൈവം ഒന്നാണ്. ഒരേയൊരുവന്‍. സകല ജനത്തിന്റെയും ആരാധ്യന്‍. അതേപോലെ നിങ്ങളെല്ലാവരും ഒരേ മാതാപിതാക്കളുടെ പിന്മുറക്കാരാവുന്നു. ദൈവത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാകുന്നു.
''ജനങ്ങളേ, നിങ്ങളെല്ലാവരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഭൂമിയുടെ നേര്‍ത്ത മേല്‍പാളിയില്‍ നിന്നാണ്. ദൈവത്തിന്റെ മുമ്പില്‍ നിങ്ങളെല്ലാവരും ഒരേ പ്രഭവത്തില്‍നിന്നു ഭൂജാതരായ സഹോദരീ സഹോദരന്മാരാകുന്നു. രക്തം കൊണ്ടോ വംശാവലി കൊണ്ടോ ആര്‍ക്കും ആരെക്കാളും മേന്മയൊന്നുമില്ല. അറബിക്ക് അനറബിയെക്കാള്‍ വിശേഷാവകാശങ്ങളൊന്നുമില്ല. നന്മയും സുകൃതങ്ങളും വഴി മാത്രമേ ഒരാള്‍ക്ക് മറ്റൊരാളെക്കാള്‍ ശ്രേഷ്ഠത നേടാനാവൂ. അവസര സമത്വമുള്ള സമൂഹത്തില്‍ നിങ്ങളിലെ ഏറ്റവും ദുര്‍ബലന്‍ ഏറ്റവും ശക്തനു സമമാണ്. നിങ്ങളിലെ ന്യൂനപക്ഷങ്ങളെ ഉയര്‍ത്തിക്കൊണ്ടു വന്നു നിങ്ങളുടെ ഉയര്‍ച്ച ഉറപ്പു വരുത്തുക. കാരണം, പവിത്രമായ ദൈവശാസനത്താല്‍ സംരക്ഷിതരാണ് അവര്‍. ദൈവത്തിന്റെ മുമ്പില്‍ നിങ്ങളില്‍ ഏറ്റവും ഉന്നതര്‍ ആത്മീയമായി ഏറ്റവും പരിശുദ്ധിയുള്ളവരാണ്.''
മുഹമ്മദ് ഇടയ്ക്ക് നിര്‍ത്തി ആള്‍ക്കൂട്ടത്തോട് ചോദിച്ചു: ''ഞാന്‍ ഈ കാര്യങ്ങള്‍ വ്യക്തമായും കൃത്യമായും നിങ്ങള്‍ക്ക് പറഞ്ഞു തന്നില്ലേ?''
ആള്‍ക്കൂട്ടം വിളിച്ചു പറഞ്ഞു: ''നഅം!'' (അതെ). ഒരു ലക്ഷത്തി ഇരുപതിനായിരം കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശബ്ദം മലകള്‍ക്കിടയില്‍ ഗര്‍ജനം പോലെ പ്രതിധ്വനിച്ചു.
അവസാനത്തെ അഭ്യര്‍ഥനയോടു കൂടി ഉപസംഹരിക്കുന്നതിന് മുമ്പ് ശബ്ദത്തിന്റെ അലകള്‍ അടങ്ങുന്നതിനായി പ്രവാചകന്‍ അല്‍പനേരം കാത്തുനിന്നു.
''എങ്കില്‍ ഇവിടെ ഹാജരുള്ളവന്‍ ഈ സന്ദേശം തങ്ങള്‍ കേട്ടതുപോലെ ഇവിടെ ഹാജരില്ലാത്തവര്‍ക്ക് എത്തിക്കുക.''
പുരുഷാരം ആ വാക്കുകള്‍ ഉള്ളിലേക്ക് ആവാഹിച്ചു കൊണ്ട് കുറേ നിമിഷങ്ങള്‍ നിശ്ശബ്ദമായി നിന്നു. അവിടെ കൂടിയവരില്‍ മിക്കവരും ആദ്യമായിട്ടായിരുന്നു ഒരിടത്തുവെച്ച് ആ സന്ദേശങ്ങള്‍ സംഗൃഹീത രൂപത്തില്‍ കേള്‍ക്കുന്നത്. മുഹമ്മദ് തന്റെ ജീവിത ദൗത്യത്തിന്റെയും ഇസ്‌ലാമിന്റെ ചൈതന്യത്തിന്റെയും സാരസംഗ്രഹം ആണ് അവിടെ അവതരിപ്പിച്ചത്.
ജനങ്ങള്‍ സംഭാഷണങ്ങളിലേക്ക് തിരിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടത്തിലൂടെ ഒരു മര്‍മരം പടര്‍ന്നു. അന്നു രാത്രി മുസ്ദലിഫയില്‍ ആകാശത്തിനു ചുവട്ടില്‍ കിടന്നുറങ്ങുമ്പോള്‍ മുഹമ്മദിന്റെ വാക്കുകള്‍ അവരുടെ മനസ്സുകളില്‍ പ്രകമ്പനം സൃഷ്ടിച്ചു. അടുത്ത മൂന്നു ദിവസങ്ങളില്‍ മിനയില്‍ താമസിക്കവെ അവര്‍ വിശദമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു. പതിമൂന്നു വയസ്സുള്ള തന്റെ ആശ്രിതന്‍ അബ്ദുല്ലാഹിബ്‌നു അബ്ബാസിനെ പിന്നിലിരുത്തി മുഹമ്മദ് ആള്‍ക്കൂട്ടത്തിലൂടെ അവരെ അഭിവാദ്യം ചെയ്തും അവരുടെ സംഭാഷണത്തില്‍ ഇടപെട്ടും മുന്നോട്ടു പോയി. അവരെ അദ്ദേഹം പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
ഹജ്ജിന്റെ സമാപന ചടങ്ങായ വിടവാങ്ങല്‍ ത്വവാഫിന് അബ്ബാസിന്റെ സന്നദ്ധസേവകര്‍ ആളുകളെ കഅ്ബയിലേക്കു തിരിച്ചുവിട്ടു. ഏഴുതവണ അവര്‍ കഅ്ബ ചുറ്റി. ഹജ്ജ് കഴിഞ്ഞ് ആളുകള്‍ സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ തയാറെടുത്തുകൊണ്ടിരിക്കുന്നു. തീര്‍ഥാടകരില്‍ അധികപേര്‍ക്കും അത് ആനന്ദപ്രദമായ അനുഭവമായിരുന്നു; ചിലര്‍ക്കത് പരിവര്‍ത്തനത്തിന്റെയും. ഹജ്ജിന്റെ സന്ദേശവും ചൈതന്യവും അറേബ്യയുടെ പുറത്തേക്ക് എത്തിക്കുക എന്ന ആവേശത്തോടെ, പൂര്‍ണമായ നിറവിലാണ് ചിലര്‍ മക്ക വിട്ടത്. ചിലര്‍ ചൈന വരെ പോവാന്‍ തയാറായിരുന്നു. അഞ്ചു ദിവസത്തെ സഹവാസം ആയിരക്കണക്കിനു യുവജനങ്ങളില്‍ അടങ്ങാത്ത ഊര്‍ജത്തിന്റെ ഉറവ സൃഷ്ടിച്ചിരുന്നു. അറഫാത്തില്‍ ഊന്നുവടിയില്‍ ഊന്നിനിന്ന് പ്രവാചകന്‍ തങ്ങളോട് മൊഴിഞ്ഞ കാര്യങ്ങള്‍ ലോകത്തിനു പഠിപ്പിച്ചു കൊടുക്കുന്നതിന് ശിഷ്ടകാല ജീവിതം വിനിയോഗിക്കാന്‍ തീരുമാനിച്ചു അവര്‍.
ഈ മഹാസംഗമത്തിന്റെ ഓര്‍മയ്ക്കായി ബുറാഖ് എന്ന അറബി മാസത്തിന് മുഹമ്മദ് പുതിയ പേരു നല്‍കി: ദില്‍ ഹിജ്ജ (തീര്‍ഥാടന മാസം). ഹജ്ജിനു ശേഷം എല്ലാ അറബി മാസങ്ങളുടെയും പേരുകള്‍ മുഹമ്മദ് മാറ്റുകയുണ്ടായി. ദിവസങ്ങളുടെ പേരുകളും മാറ്റി. ഹജ്ജ് കാലത്ത് മക്കയിലേക്ക് കച്ചവടച്ചരക്കുകളുമായി വരുന്ന സംഘത്തിലെ വിശ്രമിക്കുന്ന ഒട്ടകങ്ങളാണ് ബുറാഖ്. പുതിയ പേര് മാസത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യം വെളിപ്പെടുത്തുന്നതായിരുന്നു. കച്ചവടം മാത്രമായിരുന്നില്ല; ആശയങ്ങളുടെ വിനിമയം കൂടിയായിരുന്നു അത്. ഘോഷ പ്രഘോഷങ്ങളൊന്നുമില്ലാതെ, ഒരാഴ്ചത്തെ വാസത്തിനു ശേഷം മുഹമ്മദ് മക്കയോട് വിടപറഞ്ഞു. തിങ്കളാഴ്ച രാവിലെ തന്റെ ഒട്ടകപ്പുറത്തു കയറി അദ്ദേഹം മദീനയിലേക്കു തിരിച്ചു. ബറകയും ഫാത്വിമയും അലിയും പേരക്കുട്ടികളും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ജന്മനാടിനോട് അവസാനമായി വിട പറയുമ്പോള്‍ അദ്ദേഹം തിരിഞ്ഞു നോക്കിയില്ല.
വിവ: എ.കെ അബ്ദുല്‍ മജീദ്
(മുഹമ്മദ്, ദ വേള്‍ഡ് ചെയ്ഞ്ചര്‍ എന്ന പുസ്തകത്തില്‍നിന്ന്)
Comments