യൂറോപ്പ് ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും പേരമക്കളുടെ കൈകളില്‍
യൂറോപ്പിലും വടക്കേ അമേരിക്കയിലും തീവ്ര വലതുപക്ഷത്തിന് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വളര്‍ച്ച ഒരു കാര്യം അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു. ആഗോള തലത്തില്‍ തന്നെ പാശ്ചാത്യ ലിബറല്‍ മോഡല്‍ ഗുരുതരമായ പ്രതിസന്ധി നേരിടുന്നു എന്നതാണത്. ലിബറലിസത്തിന്റെ കാലം കഴിഞ്ഞുവെന്നും ഇനി അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും വരെ ചിലര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കകം ഒന്നിലധികം യൂറോപ്യന്‍ രാജ്യങ്ങളിലാണ് തീവ്ര വലതുകക്ഷികള്‍ അധികാരത്തിലെത്തിയത്. ഏറ്റവുമൊടുവില്‍ അവര്‍ ജയിച്ചുകയറിയത് ഇറ്റലിയിലാണ്. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഇതാദ്യമായി ഇറ്റലിയില്‍ ഒരു വനിത ഭരണചക്രം തിരിക്കാന്‍ പോവുകയാണ്. ആ വനിതയുടെ പേര് ജോര്‍ജിയ മെലോനി. മൂവ്‌മെന്റോ സോഷ്യല്‍ ഇറ്റാലിയാനോ (എം.എസ്.ഐ) എന്ന ഇറ്റാലിയന്‍ നവ ഫാഷിസ്റ്റ് സംഘടനയുടെ പ്രമുഖ നേതാക്കളില്‍ ഒരാള്‍. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ഘട്ടങ്ങളില്‍ ബെനിറ്റോ മുസ്സോളിനി രൂപകല്‍പന ചെയ്ത ഇറ്റാലിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് ഇതിന്റെ പൂര്‍വ രൂപം.
കഴിഞ്ഞ സെപ്റ്റംബറില്‍ സ്വീഡനില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നവനാസികള്‍ വിജയം നേടിയിരുന്നു. തീവ്ര വലതുപക്ഷ സഖ്യം 349 അംഗ പാര്‍ലമെന്റില്‍ 176 സീറ്റുകള്‍ നേടുകയുണ്ടായി. ഈ സഖ്യത്തിലെ പ്രധാന കക്ഷിയാണ് സ്വീഡിഷ് ഡമോക്രാറ്റ്‌സ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ എണ്‍പതുകളില്‍ രൂപം കൊണ്ട ഒരു നവ നാസി സംഘടനയുടെ ഗര്‍ഭപാത്രത്തിലാണ് അതിന്റെ പിറവി. ഇക്കാലമത്രയും അത് ആരാലും ശ്രദ്ധിക്കപ്പെടാത്ത, അരികുവല്‍ക്കരിക്കപ്പെട്ടിരുന്ന ഒരു പാര്‍ട്ടിയായിരുന്നു. 2010-ല്‍ 5.7 ശതമാനം വോട്ട് കിട്ടിയതോടെ അതിന് പാര്‍ലമെന്റ് പ്രവേശം സാധ്യമായി. 2018-ല്‍ അവര്‍ക്ക് 17.5 ശതമാനം വോട്ടുകള്‍ ലഭിച്ചു. അതിനെയും കവച്ചുവെക്കുന്ന പ്രകടനമായിരുന്നു ഇത്തവണ.
കഴിഞ്ഞ ഫ്രഞ്ച് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ സംഘടനയായ നാഷനല്‍ റാലിയുടെ നേതാവ് മറീന്‍ ലീ പെന്‍ രണ്ടാം സ്ഥാനത്തെത്തുകയുണ്ടായി. രണ്ടാം റൗണ്ടില്‍ മാത്രമാണ് നിലവിലെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് മറീന്‍ എന്ന ഈ വനിതാ നേതാവിനെ തോല്‍പ്പിക്കാനായത്. ഒരു തീവ്ര വലതുപക്ഷ നേതാവ് രണ്ടാം റൗണ്ടിലെത്തുക എന്നത് ഫ്രഞ്ച് വിപ്ലവത്തിന് ശേഷമുള്ള രണ്ട് നൂറ്റാണ്ടിനിടയില്‍ ഇതാദ്യമാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തീവ്ര വലതുപക്ഷ ഭരണത്തിന്റെ പിടിയിലാവും എന്നാണ് രാഷ്ട്രീയ പ്രവചനങ്ങള്‍. ചരിത്രത്തിലെ നിര്‍ണായകമായ ഒരു വഴിത്തിരിവാണിത്. ലിബറല്‍ ആശയങ്ങളും മൂല്യങ്ങളും പോപുലിസ്റ്റ് - ഷോവനിസ്റ്റ് മൂല്യങ്ങള്‍ക്ക് അടിപ്പെട്ടു പോവുകയാണ്. പോപുലിസവും ഷോവനിസവും മറ്റുള്ളവരെ അംഗീകരിക്കില്ല. ആശയപരവും സാംസ്‌കാരികവും മതപരവുമായ ബഹുത്വങ്ങളെയും അത് നിരാകരിക്കുന്നു. ഒന്നാം ലോകയുദ്ധത്തിന് ശേഷമുള്ള അവസ്ഥയിലേക്ക് യൂറോപ്പ് തിരിച്ചുപോവുകയാണെന്നര്‍ഥം. സമാന്തരമായി റഷ്യ-യുക്രെയ്ന്‍ യുദ്ധവും നടക്കുന്നു. അതിന്റെ പിന്നിലുള്ളത് യൂറോപ്പും അമേരിക്കയുമാണ്. യൂറോപ്യന്‍ സമൂഹങ്ങളില്‍ വലിയ തോതിലുള്ള ശൈഥില്യമാണ് അത് ഉണ്ടാക്കിയിരിക്കുന്നത്. യുദ്ധം രൂക്ഷമാകുന്നതിനനുസരിച്ച് ഈ ശൈഥില്യവും പിളര്‍പ്പും വര്‍ധിച്ചുകൊണ്ടിരിക്കും. യുദ്ധമാണെങ്കില്‍ പെട്ടെന്ന് തീരുന്ന ലക്ഷണവുമില്ല.
മുപ്പത് വര്‍ഷം മുമ്പ് ഫ്രാന്‍സിസ് ഫുക്കുയാമ എന്ന അമേരിക്കന്‍ ഗവേഷകന്‍ 'ചരിത്രത്തിന്റെ അന്ത്യ'ത്തെക്കുറിച്ച് നമ്മോട് സംസാരിക്കുകയുണ്ടായി. മറ്റെല്ലാ ആശയ- ചിന്താധാരകള്‍ക്ക് മീതെയും പടിഞ്ഞാറന്‍ മോഡല്‍ മേധാവിത്വം നേടിയിരിക്കുന്നു എന്ന് അറിയിക്കുകയായിരുന്നു അദ്ദേഹം. സോവിയറ്റ് യൂനിയന്‍ തകരുകയും പാശ്ചാത്യ ലിബറലിസത്തിന് മുന്നില്‍ കമ്യൂണിസം മുട്ടുകുത്തുകയും ചെയ്തതോടെ അതാണത്രെ സംഭവിച്ചിരിക്കുന്നത്. പേര് കേട്ട ഫോറിന്‍ അഫയേഴ്‌സ് മാഗസിന് നേതൃത്വം നല്‍കിയിരുന്ന ഫരീദ് സകരിയ്യ, ലിബറല്‍ അല്ലാത്ത ജനാധിപത്യ പരീക്ഷണങ്ങളുടെ പ്രതിസന്ധികളെക്കുറിച്ചാണ് എഴുതിയത്. ജനാധിപത്യ മാറ്റങ്ങള്‍ക്ക് അവലംബിക്കാവുന്ന ഏക രീതി പാശ്ചാത്യ ലിബറലിസമാണെന്നും അദ്ദേഹം വാദിച്ചു.
പാശ്ചാത്യ ലിബറലിസത്തിന്റെ ന്യൂനതകളും പരാജയങ്ങളും ഓരോന്നോരോന്നായി പുറത്തുവരാന്‍ തുടങ്ങിയതോടെ ഈയടുത്ത കാലത്ത് ഫുക്കുയാമ തന്റെ വാദഗതികള്‍ തിരുത്തി. ലിബറല്‍ മോഡല്‍ കാലിടറുകയും പിന്നാക്കം പോവുകയുമാണ്. ഓരോ രാജ്യത്തും നടക്കുന്ന സാമ്പത്തികവും സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ കുഴമറിച്ചിലുകളുടെ ഫലമാണിത്. ഇത് തീവ്ര വലതുപക്ഷ ചിന്തകള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കി. ലിബറല്‍ ഡമോക്രസി ആഴത്തില്‍ വേരൂന്നിയെന്നും നാസി - ഫാഷിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ക്ക് ഒരിടവും ലഭിക്കില്ലെന്നും വിശ്വസിക്കപ്പെട്ടിരുന്ന നാടുകളിലാണ് ഈ നവ ഫാഷിസ്റ്റ് തേരോട്ടം എന്നും ഓര്‍ക്കണം.
ഗവേഷകര്‍ക്കും ചിന്തകര്‍ക്കും ഈ ചരിത്ര മാറ്റത്തിന്റെ കാരണങ്ങളെക്കുറിച്ച് പഠിക്കാതിരിക്കാനാവില്ല. ഇതൊരു താല്‍ക്കാലിക പ്രതിഭാസമാണോ? അതല്ലെങ്കില്‍ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങള്‍ സൃഷ്ടിച്ചെടുത്ത, ഈ നൂറ്റാണ്ടിന്റെ പകുതി വരെയെങ്കിലും തുടരാന്‍ സാധ്യതയുള്ള ഒന്നാണോ? പക്ഷേ, ആര്‍ക്കും തര്‍ക്കമില്ലാത്ത ഒരു വസ്തുതയുണ്ട്. പാശ്ചാത്യ ലിബറലിസം യഥാര്‍ഥത്തില്‍ തന്നെ വലിയ തിരിച്ചടികളും പിളര്‍പ്പുകളും നേരിട്ടുകൊണ്ടിരിക്കുന്നു എന്നതാണത്. സ്വാതന്ത്ര്യവും സമത്വവും നീതിയും സാക്ഷാല്‍ക്കരിക്കാന്‍ എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ട പാശ്ചാത്യ ലിബറല്‍ മോഡല്‍, സമ്പത്തും അധികാരവുമെല്ലാം ഒരു പിടിയാളുകള്‍ കൈപ്പിടിയിലൊതുക്കുന്നതിനുള്ള ഉപകരണമായി മാറുകയാണുണ്ടായത്. തീവ്ര വലതുപക്ഷത്തിന് വോട്ട് ചെയ്യുന്നവരില്‍ ഭൂരിപക്ഷവും തീവ്ര ദേശീയതയാണ് പരിഹാരം എന്ന ബോധ്യത്താലൊന്നുമല്ല അവരെ പിന്തുണക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഭരണവര്‍ഗം പിന്തുടരുന്ന നിയോ ലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ വോട്ടാണത്. ആ നയങ്ങള്‍ മധ്യവര്‍ഗത്തിനേല്‍പ്പിച്ച ആഘാതം വളരെ വലുതാണ്. മധ്യവര്‍ഗമാണല്ലോ ലിബറല്‍ മോഡലിന്റെ അടിക്കല്ല്.
വിരോധാഭാസമെന്ന് പറയട്ടെ, പാശ്ചാത്യ ലിബറല്‍ മോഡല്‍ പ്രതിസന്ധിയിലകപ്പെടുമ്പോള്‍ അതുപോലുള്ള പ്രതിസന്ധികള്‍ യൂറോപ്പിലെ ഇടത് ചിന്താധാരകളും അഭിമുഖീകരിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഭരണം പങ്കിട്ട ഇടത്-ലിബറല്‍ ചിന്താധാരകള്‍ രണ്ടും അവയുടെ ചിന്താപരവും രാഷ്ട്രീയവുമായ പാപ്പരത്തം സ്വയം തുറന്നുകാട്ടുകയാണ്. അതിനാല്‍, ഭീഷണമായ ഒരു ഭാവിയിലേക്കാണ് യൂറോപ്പ് അതിന്റെ കവാടം തുറന്നുവെച്ചിരിക്കുന്നത്.
(അല്‍ ജസീറ നെറ്റ് കോളമിസ്റ്റാണ് ലേഖകന്‍)
Comments