മടങ്ങേണ്ടത് ഖുര്‍ആനിലേക്ക്
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കഴിഞ്ഞ ഒക്‌ടോബര്‍ 13-മുതല്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഒരു ഖുര്‍ആന്‍ കാമ്പയിന്‍ സംഘടിപ്പിക്കുകയുണ്ടായി. ഖുര്‍ആനിലേക്ക് മടങ്ങുക (റുജൂഉ ഇലല്‍ ഖുര്‍ആന്‍) എന്നായിരുന്നു കാമ്പയിന്റെ തല വാചകം. ഇതിനോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുലേഖയില്‍ കാമ്പയിന്‍ ലക്ഷ്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. മുസ്‌ലിം ജനസാമാന്യത്തെയാണ് അത് മുഖ്യമായും അഭിമുഖീകരിക്കുന്നത്. ഖുര്‍ആനാണ് മുസ്‌ലിംകളുടെ ആദര്‍ശ സംഹിത എന്നതിനാല്‍ പണ്ഡിത-പാമര വ്യത്യാസമില്ലാതെ എല്ലാവരും അവരവരുടെ കഴിവനുസരിച്ച് അതിന്റെ ആശയം ഗ്രഹിക്കാന്‍ സമയം കണ്ടെത്തണം. ഖുര്‍ആന്‍ ദര്‍സുകളില്‍ പങ്കെടുത്തും തഫ്‌സീറുകള്‍ വായിച്ചും ഖുര്‍ആനെ ആഴത്തില്‍ അറിയാന്‍ ശ്രമിക്കണം. ഖുര്‍ആനെക്കുറിച്ച് പൊതു സമൂഹത്തില്‍ രൂഢമൂലമായിക്കൊണ്ടിരിക്കുന്ന തെറ്റിദ്ധാരണകള്‍ നീക്കുക എന്നതാണ് കാമ്പയിന്റെ മറ്റൊരു ലക്ഷ്യം. യുദ്ധ സന്ദര്‍ഭങ്ങളിലും മറ്റും ഇറങ്ങിയ ചില ഖുര്‍ആനിക സൂക്തങ്ങളെ അടര്‍ത്തിയെടുത്തും അവയിലെ പദാവലികള്‍ക്ക് തെറ്റായ അര്‍ഥങ്ങള്‍ നല്‍കിയും വ്യാപകമായ കുപ്രചാരണങ്ങള്‍ നടക്കുന്നു. മറ്റു മതവിശ്വാസങ്ങള്‍ക്കും വിശ്വാസികള്‍ക്കും ഒരിടവും നല്‍കാത്ത വേദ ഗ്രന്ഥമാണ് ഖുര്‍ആനെന്നും അതിനാലത് ബഹുസ്വര സമൂഹത്തിന് ഭീഷണിയാണെന്നും വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. ഈ കുപ്രചാരണങ്ങള്‍ക്ക് ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്നത് ഫാഷിസ്റ്റ് ശക്തികളാണെന്നും ഇതിലൂടെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി അവര്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തുകയാണെന്നും പകല്‍ പോലെ വ്യക്തമാണെങ്കിലും, ഒരു മതത്തിലും വിശ്വാസമില്ലെന്ന് അവകാശപ്പെടുന്ന നാസ്തികക്കൂട്ടങ്ങള്‍ വരെ അത് ഏറ്റുപിടിക്കുകയാണ്. ഈ കുത്സിത പ്രചാരണങ്ങളുടെ അടിവേരറുക്കാന്‍ ഖുര്‍ആന്റെ യഥാര്‍ഥ സന്ദേശം ജനങ്ങളിലെത്തിക്കുകയല്ലാതെ വേറെ മാര്‍ഗമില്ല.
കാമ്പയിന്റെ ആരംഭം കുറിച്ചുകൊണ്ട് ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മൂന്ന് പ്രമുഖ പണ്ഡിതന്‍മാരുടെ സാന്നിധ്യമുണ്ടായിരുന്നു. മൗലാനാ സയ്യിദ് ശറഫത് അലി നദ്‌വി (ഭോപ്പാല്‍), മൗലാനാ മുഹമ്മദ് അര്‍ശദ് ഫാറൂഖി (ദയൂബന്ദ്), മൗലാനാ സീഷന്‍ അഹ്മദ് മിസ്ബാഹി (ഇലാഹാബാദ്) എന്നിവരായിരുന്നു അവര്‍. അതില്‍ സീഷന്‍ മിസ്ബാഹിയുടെ പ്രഭാഷണം ശ്രദ്ധേയമായിരുന്നു. ഒരു കാര്യം അദ്ദേഹം പ്രത്യേകം ഊന്നിപ്പറഞ്ഞു: ഖുര്‍ആനിക പാഠ(ലേഃ)േത്തെയും അതിനൊരു പണ്ഡിതന്‍ നല്‍കിയ വ്യാഖ്യാനത്തെയും ഒരു പോലെ കാണരുത്. മുസ്‌ലിം സമൂഹത്തില്‍ വിഭാഗീയത ശക്തിപ്പെടാനുള്ള ഒരു പ്രധാന കാരണമിതാണ്. തങ്ങളുടെ ഗ്രൂപ്പ് അല്ലെങ്കില്‍ അതിലെ ഒരു പണ്ഡിതന്‍ നല്‍കിയ വ്യാഖ്യാനം മാത്രമേ സ്വീകാര്യമാവൂ എന്ന് ഓരോ വിഭാഗവും വാദിക്കുകയാണ്. എന്നല്ല, ആ അഭിപ്രായവും വ്യാഖ്യാനവും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനും നോക്കുന്നു. അതിനാല്‍, ഏത് വ്യാഖ്യാനവും ഒരു ഗവേഷകന്റെ ഇജ്തിഹാദായി കാണാന്‍ കഴിയണം. അതൊരിക്കലും അന്തിമ വിധിയല്ല. മറ്റു പണ്ഡിതന്മാരും വ്യാഖ്യാനങ്ങള്‍ നല്‍കിയിട്ടുണ്ടാവും. ഇവയില്‍ മികച്ചതേതെന്ന് കണ്ടെത്തി ഗ്രൂപ്പുകള്‍ക്കതീതമായി ആ അഭിപ്രായം സ്വീകരിക്കാനുള്ള വിശാല മനസ്‌കത ഉണ്ടാവണം.
ഉത്തരേന്ത്യയില്‍ മാത്രമല്ല, കേരളം പോലുള്ള സംസ്ഥാനങ്ങളിലും ഇതോ ഇതുപോലുള്ള പ്രവണതകളോ നിലനില്‍ക്കുന്നു. ഖുര്‍ആന്‍ പരിഭാഷപ്പെടുത്തരുത്, വ്യാഖ്യാനിക്കരുത്, പൊതു ജനം ഖുര്‍ആന്റെ ആശയം ഗ്രഹിക്കേണ്ടതില്ല, അതവരെ വഴിതെറ്റിക്കും തുടങ്ങിയ വിചിത്ര വാദങ്ങള്‍ ഇപ്പോഴും കേരളത്തില്‍ ഉയര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ഖുര്‍ആനികാധ്യാപനങ്ങള്‍ക്ക് കടക വിരുദ്ധമാണ് ഈ ചിന്താഗതി. ദൈവദൂതന്റെ ദൗത്യമായി ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്, സമൂഹത്തെ വേദ ഗ്രന്ഥം പഠിപ്പിച്ച് അതിലൂടെ അവരുടെ ജീവിതത്തെ സംസ്‌കരിക്കുക (അല്‍ബഖറ 129, അല്‍ ജുമുഅ 2) എന്നതാണ്. അപ്പോള്‍ ഏതൊരു വ്യക്തിയുടെയും വിശ്വാസം ശരിപ്പെടേണ്ടതും സ്വഭാവ ചര്യകള്‍ രൂപപ്പെടേണ്ടതും ഖുര്‍ആന്‍ പഠനത്തിലൂടെയായിരിക്കണം. ആ പഠനത്തിന്റെ രീതിയും തോതുമെല്ലാം ഓരോ വ്യക്തിയെ പ്രതി വ്യത്യസ്തമായിരിക്കുമെങ്കിലും ആ പഠനം കൂടാതെ കഴിയില്ല. അര്‍ഥമോ ആശയമോ മനസ്സിലാക്കാതെയുള്ള ഖുര്‍ആന്റെ ആചാരപരമായ കേവല പാരായണത്തിലൂടെ ഈ പഠനമോ ജീവിത സംസ്‌കരണമോ നടക്കില്ലെന്നുറപ്പാണല്ലോ. പക്ഷേ, അങ്ങനെ മതിയെന്നാണ് യാഥാസ്ഥിതിക വിഭാഗങ്ങള്‍ ഇപ്പോഴും പൊതുജനങ്ങളോട് പറഞ്ഞു കൊണ്ടിരിക്കുന്നത്. മറ്റൊരു വാക്കില്‍, വീട്ടിലും പള്ളിയിലും മദ്‌റസയിലും മുസ്വ്ഹഫുകള്‍ ധാരാളമുണ്ടെങ്കിലും മുസ്‌ലിം ജീവിതത്തിലേക്ക് ഖുര്‍ആന്റെ വെളിച്ചം പ്രസരിക്കുന്നില്ല. അവിടെ ഇപ്പോഴും ഇരുട്ടാണ്. ഈ ഇരുട്ടിലാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തഴച്ചുവളരുന്നത്. അവയെ കടപുഴക്കാന്‍ നിയമ നിര്‍മാണം പോലുള്ള ഒരു മാന്ത്രിക വടിക്കും കഴിയില്ല. ഖുര്‍ആനിക പൊരുളുകളിലേക്ക് മടങ്ങുക മാത്രമാണ് രക്ഷാമാര്‍ഗം.
Comments