എ.കെ അഹ്മദ്
പ്രവാസി സുഹൃത്തുക്കളും നാട്ടുകാരും അമ്മദ്ക്കയെന്ന് വിളിക്കുന്ന എ.കെ അഹ്മദ് സാഹിബ് സെപ്റ്റംബര്‍ 5-ന് അല്ലാഹുവിലേക്ക് യാത്രയായി.
ജീവിത പ്രാരാബ്ധങ്ങളുടെ നടുക്കയത്തില്‍നിന്ന് നിശ്ചയ ദാര്‍ഢ്യത്തിന്റെ തുഴ പിടിച്ചാണ് അമ്മദ്ക്ക ബാല്യ-കൗമാരങ്ങളുടെ കരപറ്റിയത്. അദമ്യമായ വിജ്ഞാന ദാഹം അദ്ദേഹത്തിന്റെ വ്യക്തിത്വം രൂപപ്പെടുത്തുകയായിരുന്നു.
പൈങ്ങോട്ടായിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വി. അബ്ദുല്ല ഉമരി, അഹമ്മദ് റഷീദ് സാഹിബ് തുടങ്ങിയവരുടെ പ്രേരണയാല്‍ 1973-ല്‍ കുറ്റ്യാടി ഇസ്‌ലാമിയാ കോളേജില്‍ പഠനം ആരംഭിച്ചു. അവിടെ നിന്ന് 1980-ല്‍ ഖത്തറില്‍ മഅ്ഹദുദ്ദീനിയില്‍ പഠിക്കാനവസരം ലഭിച്ചു. പഠനാനന്തരം കേബിള്‍ & വയര്‍ലെസ്/ക്യൂ ടെല്ലില്‍ ജോലി നോക്കി.
തുടക്കം മുതല്‍ തന്നെ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു.
ഖത്തറില്‍ പൈങ്ങോട്ടായി മഹല്ല് കമ്മിറ്റിയുടെ രൂപവത്കരണത്തില്‍ നേതൃപരമായ പങ്ക് വഹിച്ചു. 38 വര്‍ഷത്തെ പ്രവാസജീവിതത്തിനൊടുവില്‍ നാട്ടില്‍ തിരിച്ചെത്തുകയും പ്രസ്ഥാന-ദീനീ സേവന രംഗങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തു. ജമാഅത്തെ ഇസ്‌ലാമി പൈങ്ങോട്ടായി പ്രാദേശിക അമീറായും അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നാട്ടിലും മറുനാട്ടിലും സേവനപ്രവര്‍ത്തനങ്ങളുടെ സൗമ്യസാന്നിധ്യമായ അമ്മദ്ക്കയുടെ കൂടി പ്രവര്‍ത്തനഫലമാണ് പൈങ്ങോട്ടായിയുടെ ഹൃദയഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന അല്‍ഫുര്‍ഖാന്‍... ഖത്തറിലെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ വനിതാവിഭാഗം മുന്‍പ്രസിഡന്റും ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയുമായിരുന്ന സഈദ ടീച്ചറാണ് ഭാര്യ.
മക്കള്‍: ഡോ. ഫഹ്മ അഹ്മദ്(ഷാര്‍ജ), ഡോ. ഫാത്തിമ അഹ്മദ്.
മരുമകന്‍: ഡോ. അര്‍ഷദ് അബ്ദുര്‍റഹ്മാന്‍(ഷാര്‍ജ).
Comments