Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 28

3274

1444 റബീഉല്‍ ആഖിര്‍ 02

'നീ എന്നെ ഇല്‍മ്  പഠപ്പിക്കേണ്ട..'

അബ്ദുല്‍ ബാസിത്ത് കുറ്റിമാക്കല്‍

ഡോ. യൂസുഫുല്‍ ഖറദാവിയെക്കുറിച്ചുള്ള ലേഖനങ്ങള്‍ (ലക്കം 19) ശ്രദ്ധയോടെ വായിച്ചു. എല്ലാ ലേഖനങ്ങളിലും ഖറദാവി എന്ന പച്ചയായ മനുഷ്യന്റെ, ധീരനായ നേതാവിന്റെ, മഹാനായ പണ്ഡിതന്റെ സവിശേഷതകള്‍ എടുത്തുപറയുന്നുണ്ട്. അവയില്‍ പെട്ടെന്ന് മനസ്സില്‍ തട്ടിയത് അദ്ദേഹം മറ്റുള്ളവരെ കേള്‍ക്കാനും സ്വയം തിരുത്താനും സദാ സന്നദ്ധനായിരുന്നു എന്ന കാര്യമാണ്. കേള്‍ക്കലും തിരുത്തലും- ഈ രണ്ട് ഗുണങ്ങളും പണ്ഡിതന്മാരില്‍ നിന്നു പോലും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന  കാലമാണിത്. കേള്‍ക്കുക എന്നത്  വലിയ കാര്യമാണ്. എന്നാല്‍, ഇന്ന് പറയാനാണ് ആളുകള്‍ക്ക് കൂടുതല്‍ ഇഷ്ടം. സംഭാഷണത്തില്‍, പറയുന്നവനാണല്ലോ മേല്‍ക്കൈ. അതുകൊണ്ട് പറച്ചില്‍ മാത്രമാണ് നടക്കുന്നത്. അത്തരം സുപ്പീരിയോരിറ്റി കോംപ്ലക്‌സ് വര്‍ധിച്ചുവരുന്നു. കേള്‍ക്കാനുള്ള ക്ഷമയും മനസ്സും കുറഞ്ഞുവരുന്നു. കേള്‍ക്കുന്നത് വിമര്‍ശനങ്ങളാണെങ്കില്‍ പിന്നെ പറയാനുമില്ല.
ഇവിടെയാണ് ഖറദാവി  തന്റെ പക്വതയുടെ തേജസ്സ് പ്രസരിപ്പിച്ചത്. വിമര്‍ശനങ്ങളെയും നിരൂപണങ്ങളെയും അദ്ദേഹം കേട്ടു; സ്വാഗതം ചെയ്തു. അതില്‍ അടിസ്ഥാനമുണ്ടെങ്കില്‍, ശരികളുണ്ടെങ്കില്‍ അംഗീകരിക്കുകയും തിരുത്തുകയും ചെയ്തു. തിരുത്തുക എന്നതും ഒരു വലിയ കാര്യം തന്നെ. ഇന്നത് പക്ഷേ, പലര്‍ക്കും ഒരഭിമാന പ്രശ്‌നമാണ്; തോല്‍പിക്കപ്പെടുകയാണെന്ന ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സ്. എന്നാല്‍, അതില്‍ അപമാനത്തിന്റേതായ ഒരംശവുമില്ലെന്നും അത് നവീകരണവും ധൈഷണികമായ സത്യസന്ധതയുമാണെന്നും അദ്ദേഹം തെളിയിച്ചു.
ഇനി ഈ കുറിപ്പിന്റെ തലവാചകത്തിലേക്ക് വരാം. അത് അടുത്ത കാലത്ത് ഒരു പണ്ഡിതന്‍ ഒരു ചെറുപ്പക്കാരനോട് പറഞ്ഞ വാക്കുകളാണ്. രണ്ടു പേരും ഒരു കുടുംബ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. അതുമായി ബന്ധപ്പെട്ട ഒരു അഭിപ്രായ വ്യത്യാസം ഉടലെടുത്തപ്പോള്‍ ചെറുപ്പക്കാരന്‍ ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസ് വചനങ്ങളും ഉദ്ധരിച്ച് തന്റെ അഭിപ്രായത്തിന്റെ പ്രാമാണികത ഉറപ്പ് വരുത്താന്‍ ശ്രമിച്ചു. ഇത് പണ്ഡിതനെ കുപിതനാക്കി. മേല്‍ പറഞ്ഞ വാക്യം വളരെ രൂക്ഷതയോടെ അദ്ദേഹം പറയുകയും ചെയ്തു. അതായത് സമൂഹത്തില്‍ പണ്ഡിതനായി അറിയപ്പെടുന്ന, ദീന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന തന്നോട് 'ഇത്തിരി'യില്ലാത്ത ഒരു പയ്യന്‍ ഇസ്ലാമിന്റെ തത്ത്വം പറയുന്നു. തന്നോട് അതൊക്കെ പറയാന്‍ അവന്‍ ആയിട്ടില്ല എന്നാണല്ലോ  അതിന്റെ അര്‍ഥം! നോക്കൂ, പണ്ഡിതന്മാര്‍ പോലും സങ്കുചിതവും ബാലിശവുമായ മനോഭാവങ്ങളിലേക്ക് ചുരുങ്ങുന്നു. ഇത്തരം അപകര്‍ഷകളെയും അസഹിഷ്ണുതകളെയും പടിക്ക് പുറത്ത് നിര്‍ത്തിയ ആളാണ് ശൈഖ് ഖറദാവി.
ഈയുള്ളവന്റെ പിതാവ് കെ.എം അബ്ദുര്‍ റസാഖ് മൗലവി (ആലുവ) ശൈഖ് ഖറദാവിയെ പരിചയപ്പെടുന്നത് ഖത്തര്‍ നാവിഗേഷനില്‍ ഉദ്യോഗസ്ഥനായിരിക്കെ 1977-ലാണ്. അന്ന് എന്റെ പിതാവിന്റെ പ്രായം 26 വയസ്സ് മാത്രമാണ്. ശൈഖ് ഖറദാവിയാകട്ടെ അന്‍പത് പിന്നിട്ടിരുന്നു. അറിവിന്റെ  മഹാസാഗരമായി അറിയപ്പെട്ടു കഴിഞ്ഞിരുന്നു. എന്നിട്ടും ഇരുവരും തമ്മില്‍  സൗഹൃദം ഉടലെടുത്തെങ്കില്‍ അത് തിരക്കുകള്‍ക്കിടയിലും ശൈഖ് ഖറദാവി അദ്ദേഹത്തിന് മുഖം കൊടുത്തതുകൊണ്ടല്ലേ? അല്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ശൈഖ് ഖറദാവിയുടെ ഖുത്വ്ബയും കേട്ട്, ഖിറാഅത്തും ശ്രവിച്ച് മടങ്ങിപ്പോകുന്നവരില്‍ ഒരാളായി അദ്ദേഹവും മാറിയേനേ. ഒരു പണ്ഡിതന്റെ ജനകീയ മുഖമാണ് ഇതിലൂടെയെല്ലാം അനാവൃതമാകുന്നത്. വലുപ്പച്ചെറുപ്പമില്ലാതെ, ദേശ -ഭാഷകള്‍ നോക്കാതെ എല്ലാവരെയും ഒന്നായിക്കണ്ടു ശൈഖ് ഖറദാവി. എല്ലാവരോടും ഒരുപോലെ ഒരുമയില്‍ വര്‍ത്തിച്ചു. ഏറെ മഹത്തരം എളിമയാണെന്ന് സ്വന്തം പ്രവൃത്തികളിലൂടെ  തെളിയിച്ചു. ഇത്  ചെറിയ കാര്യമല്ല. ശൈഖ് ഖറദാവി  വലിയ പാഠപുസ്തകമാണെന്നും  വലിയ സര്‍വകലാശാലയാണെന്നുമൊക്കെ ആലങ്കാരികമായി എഴുതുകയും പറയുകയും പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്നതിനപ്പുറം, നാം ജീവിക്കുന്ന കാലത്ത് പ്രവാചക ചര്യകള്‍ പ്രയോഗത്തില്‍ വരുത്തിക്കാണിച്ചു തന്ന മഹാനായ ആ സാമൂഹിക പരിഷ്‌കര്‍ത്താവിന്റെ ഉത്തമ ഗുണങ്ങള്‍ സ്വാംശീകരിച്ചെടുക്കാനും സ്വായത്തമാക്കാനും പ്രയത്‌നിക്കുന്നത് ഉചിതവും ഉത്കൃഷ്ടവുമായിരിക്കും. 


യൂസുഫുല്‍ ഖറദാവി
മറക്കാന്‍ കഴിയാത്ത ഓര്‍മകള്‍

എം.എ ജലീല്‍ കരമന, തിരുവനന്തപുരം

പ്രബോധനം ശൈഖ് യൂസുഫുല്‍ ഖറദാവി ലക്കം-19 കണ്ടു. 1989-ല്‍ പ്രവാസിയായി ദോഹയിലെത്തിയ എനിക്ക് അദ്ദേഹത്തിന്റെ കുടുംബവുമായി നല്ല ബന്ധം സ്ഥാപിക്കാനായി. ഖത്തറില്‍ മദീനത്തു ശമാല്‍ എന്ന സ്ഥലത്തുള്ള സയ്യിദ് മുത്വവ്വ എന്നറിയപ്പെടുന്ന പണ്ഡിതന്‍ അദ്ദേഹത്തിന്റെ ബന്ധുവായിരുന്നു. സയ്യിദ് മുത്വവ്വ എന്നെ പരിചയപ്പെടുത്തി.  അദ്ദേഹവുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും  ഉമറുബ്‌നുല്‍ ഖത്ത്വാബ് പള്ളിയില്‍ അദ്ദേഹത്തിന്റെ പിന്നില്‍ നിന്ന് ജുമുഅ നമസ്‌കരിക്കാനും കഴിഞ്ഞിട്ടുണ്ട്. ആ മഹാ പണ്ഡിതന്റെ ഖുത്വ്ബ കേള്‍ക്കാനും അദ്ദേഹത്തിന്റെ ഖിറാഅത്ത് ശ്രവിക്കാനും അവസരം ലഭിച്ചത്  മഹാ ഭാഗ്യമായി കരുതുന്നു. 

വേണം നമുക്കൊരു സമര സംസ്‌കാരം


പി.സി മുഹമ്മദ് കുട്ടി, തിരുത്തിയാട്  9847 80 7372

നീതി നിഷേധിക്കപ്പെടുമ്പോഴും അവകാശങ്ങള്‍ നേടിയെടുക്കാനും സമര രംഗത്തിറങ്ങാതെ നിവൃത്തിയില്ല. ഇത്തരം സമരങ്ങള്‍ക്ക് ഇപ്പോള്‍ ഒരു നടപ്പു രീതിയുണ്ട്. ആവശ്യങ്ങള്‍ നേടിയെടുക്കുക എന്നതിനപ്പുറം, സമരം ചെയ്യുന്ന സംഘടനക്ക്  നല്ല വാര്‍ത്താപ്രാധാന്യവും ലഭിക്കും. അതുകൊണ്ടുതന്നെ അതിനുള്ള വഴിയാണ് എല്ലാവരും തെരഞ്ഞെടുക്കുന്നത്. മീഡിയയാണെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സമരഭൂമിയില്‍ അക്രമങ്ങള്‍ നടത്തിയും ക്രമസമാധാനം പാലിക്കാന്‍ നിയോഗിക്കപ്പെട്ട പോലീസുകാരെ കടന്നാക്രമിച്ചും, അവരെ അധിക്ഷേപിച്ചുമൊക്കെയാണ് പരമ്പരാഗത സമരമുറകള്‍. പുതിയ സമര രീതികള്‍ ആവിഷ്‌കരിക്കാന്‍ ബാധ്യസ്ഥമായ സംഘടനകള്‍ ഇവയെ ചാണിന് ചാണായും മുഴത്തിന് മുഴമായും അനുകരിക്കുന്നുണ്ടെങ്കില്‍ അത് ഖേദകരമാണ്. സമര ലക്ഷ്യത്തെ അതു വഴി തെറ്റിക്കും. നമുക്ക് വേറിട്ടൊരു സമര സംസ്‌കാരം വളര്‍ത്തിയെടുക്കാം. പബ്ലിസിറ്റി പിന്നാലെ വരും. 

ഒന്നാം പ്രതി പിശാച്

കെ.സി ജലീല്‍ പുളിക്കല്‍

അവിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പ്രഭവ കേന്ദ്രം പിശാചാണ്. സത്യവിശ്വാസത്തിന്റെയും സന്മാര്‍ഗത്തിന്റെയും പ്രഭവ കേന്ദ്രം ദൈവമായതുപോലെ തന്നെ. ഇവിടെ നടക്കുന്ന രാഷ്ട്രീയവും മതപരവും ജാതീയവും വംശീയവുമായ എല്ലാ അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും അരക്ഷിതാവസ്ഥകള്‍ക്കും പിന്നില്‍ പിശാച് തന്നെയാണ്. സമാധാനവും ശാന്തിയും ദൈവത്തില്‍നിന്നാണെന്ന പോലെ തന്നെ.
ഇലന്തൂരിലെ നരബലി നോക്കൂ. മനുഷ്യ വര്‍ഗത്തോട് പിശാചിനുള്ള ഒടുങ്ങാത്ത അരിശം തീര്‍ക്കുന്നതിന്റെ നേര്‍ കാഴ്ചയാണതെന്ന് കാണാം. കാരുണ്യമോ ദയയോ മനുഷ്യസ്‌നേഹമോ മറ്റു ദൈവദത്തമായ സല്‍ഗുണങ്ങളോ തൊട്ടുതീണ്ടിയിട്ടില്ലാത്ത, നൂറു ശതമാനവും പൈശാചികത മാത്രം ഒത്തുകൂടിയ കൊടും ക്രൂരതയാണ് ഇലന്തൂര്‍ നരബലി.
പിശാചിന്റെ ആള്‍രൂപമായ മുഖ്യ സൂത്രധാരന്‍ ഗുണകാംക്ഷിയുടെ വേഷത്തിലാണ് ദമ്പതികളെ സമീപിക്കുന്നത്. ക്ഷേമാൈശ്വര്യവും അഭിവൃദ്ധിയും വാഗ്ദത്തം ചെയ്യുന്നു. ദമ്പതികള്‍ കെണിയില്‍ വീഴുന്നു. ആദിമ മനുഷ്യന്‍ പിശാചിന്റെ കെണിയിലകപ്പെട്ട പോലെതന്നെ. ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വെച്ച് ഭാര്യയുമായി വേഴ്ച നടത്തി, മാനുഷികതയുടെ വല്ല അംശവും ദമ്പതികളിലുണ്ടെങ്കില്‍ വലിച്ചെടുത്ത് ദൂരെ എറിയുന്നു. പൈശാചികതയുടെ പകര്‍ന്നാട്ടത്തിന്റെ  ഫീ ആയി ലക്ഷങ്ങള്‍ കൈക്കലാക്കുന്നു.
ഇനിയങ്ങോട്ട് പൈശാചികതയുടെ പൂര്‍ണ രൂപം ദമ്പതികളുടെ പങ്കാളിത്തത്തോടെ അഭ്യസിപ്പിക്കുന്നു. ഇരകളെ വാഗ്ദത്തം നല്‍കി കട്ടിലില്‍ ബന്ധിക്കുന്നു. വായില്‍ തുണി തിരുകി നിശ്ശബ്ദരാക്കുന്നു. ജീവനോടെ ജനനേന്ദ്രിയത്തില്‍ മൂര്‍ച്ചയേറിയ ആയുധം കുത്തിക്കയറ്റുന്നു. മാറിടങ്ങള്‍ മുറിച്ചെടുക്കുന്നു. മനുഷ്യന് ജന്മം നല്‍കുകയും പാലൂട്ടി വളര്‍ത്തുകയും ചെയ്തതിനോടുള്ള അടങ്ങാത്ത അരിശം മനുഷ്യ ശത്രുവായ പിശാച് ഈ കൊടും ക്രൂരതയിലൂടെ വ്യക്തമാക്കുകയായിരുന്നു. എന്നിട്ടും അരിശം തീരാതെ അരിഞ്ഞെടുത്ത മാംസം കറിവെച്ച് കൂട്ടുകയായിരുന്നു.  രണ്ടാമത്തെ ഇരയുടെ പ്രസ്തുത ഭാഗങ്ങള്‍ മുറിച്ചെടുത്ത് പിന്നീട് സേവിക്കാന്‍ ഉപ്പു പുരട്ടി സൂക്ഷിക്കുന്നു. ബാക്കി ശരീര ഭാഗങ്ങള്‍ വെട്ടി നുറുക്കി കഷണങ്ങളാക്കുന്നു. ഓരോ വെട്ടും ദൈവത്തോടും മനുഷ്യനോടുമുള്ള കടുത്ത അരിശത്തോടെയാണ്.
ഈ നരബലിക്ക് നാട്ടില്‍ നടന്ന മറ്റു നരബലികളുമായി ഒരിടസ്ഥാന വ്യത്യാസമുണ്ട്. മറ്റുള്ള നരബലികളില്‍ പൈശാചികതക്ക് ദിവ്യ പരിവേഷമണിഞ്ഞ വ്യാജ സിദ്ധന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇലന്തൂര്‍ നരബലിയില്‍ അതൊന്നുമില്ല. മുഖ്യ സൂത്രധാരന്‍ ദൈവനിഷേധിയും പ്രചാരകനുമാണ്. ദമ്പതികളും അങ്ങനെത്തന്നെ. ദമ്പതിമാരിലെ പുരുഷന്‍ അവിശ്വാസത്തില്‍നിന്ന് അന്ധവിശ്വാസത്തിലേക്ക് മടങ്ങിയിരുന്നു എന്ന ചര്‍ച്ച അപ്രസക്തമാണ്. രണ്ട് വിശ്വാസങ്ങളും പിശാചില്‍ നിന്നുള്ളവ തന്നെ. 


പലിശക്കെണി 
ബോധവത്കരണം വേണം

ബഷീര്‍ ആദൃശ്ശേരി, എടരിക്കോട് 8281529979

പതിനഞ്ച് വര്‍ഷം മുമ്പ് ജമാഅത്തെ ഇസ്‌ലാമി പലിശക്കെതിരെ ഒരു മാസം നീണ്ട കാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു. ധാരാളം പേര്‍ ഇതുവഴി പലിശയുമായി ഇടപെടുന്നതിന്റെ ഭവിഷ്യത്തുകള്‍ മനസ്സിലാക്കി. പലിശയില്‍നിന്ന് മാറിനില്‍ക്കാനുള്ള സാഹചര്യവും അതൊരുക്കി. അന്ന് പ്രസന്നനെ പോലുള്ളവര്‍ എഴുതിയ ലേഖനങ്ങള്‍ ഓര്‍മ വരുന്നു. ഇന്ന് പലിശക്കെണിയില്‍ കുടുങ്ങി ആത്മഹത്യ ചെയ്തവര്‍, വീട് ജപ്തിയാകുന്നവര്‍ ധാരാളമാണ്. സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുമ്പോള്‍ പലര്‍ക്കും പറയാനുള്ളത് പലിശക്കെണിയില്‍ കുടുങ്ങിയ കഥകളാണ്. പലിശക്കെണിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ബാങ്കില്‍ സേവിംഗ് അക്കൗണ്ടില്‍ പണം ഇടുന്നവരുടെ പലിശപ്പണം കൊടുത്ത് സഹായിക്കാന്‍ തുടങ്ങിയതോടെ പലരും ഇതൊരു തണലായി കാണുകയാണ്. പണയത്തിലായ ആധാരമോ ആഭരണമോ എടുത്തു കൊടുത്താല്‍ അവര്‍ വീണ്ടും ഇവ കൊണ്ടുപോയി പണയപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ട്. പലിശക്കെണിയെക്കുറിച്ച് മാത്രം ബോധ്യപ്പെടുത്തിയിട്ട് കാര്യമില്ല. ആര്‍ഭാട വിവാഹം, ആഡംബര കാര്‍, കൂറ്റന്‍ പാര്‍പ്പിടം എന്നിവയാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് കരുതുന്നവരെ, ഇവകളൊക്കെ നിസ്സാരമാണെന്നും അല്ലാഹു തീരുമാനിച്ച സമ്പാദ്യമേ ഓരോരുത്തര്‍ക്കും ഉണ്ടാവൂ എന്നും ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിയണം. 

 

അഖില കേരള 
ഖുര്‍ആന്‍ പാരായണ-ഹിഫ്‌ള് മത്സരം
പൊന്നാനി മുസ്‌ലിം സര്‍വീസ് സൊസൈറ്റിയുടെ ഹോപ്പ് എം.എസ്.എസ് സ്‌പെഷ്യല്‍ സ്‌കൂളിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2022 ഡിസംബര്‍ 3,4 തീയതികളില്‍ അഖില കേരള ഖുര്‍ആന്‍ പാരായണ-ഹിഫ്‌ള് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പങ്കെടുക്കാം. 2022 നവംബര്‍ 10-ന് മുമ്പായി അപേക്ഷകള്‍ നല്‍കേണ്ടതാണ്.
t^m¬ 9847054180, 9539570008
Email: [email protected]
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 3539
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗത്തിലെ നിധി
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്