അല്ലാമാ ഖറദാവി കാലത്തിന്റെ വഴികാട്ടി
അല്ലാമാ യൂസുഫുല്‍ ഖറദാവി കാലഘട്ടത്തിന്റെ സമുന്നതനായ വഴികാട്ടിയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മുസ്ലിം സമുദായത്തിന് മാത്രമല്ല, മുഴുവന്‍ മാനവലോകത്തിനും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വം സര്‍വ ജനങ്ങള്‍ക്കും വലിയൊരു അനുഗ്രഹമായിരുന്നു. വിശ്വാസത്തിന്റെ ധീരത, വിജ്ഞാനത്തിന്റെ പരപ്പ്, ചിന്തയുടെ വിശാലത, മാനവരാശിയെക്കുറിച്ചുള്ള വേദന, സര്‍വോപരി പടച്ചവനോടും പ്രവാചകനോടുമുള്ള സ്നേഹം, സത്യസരണിയിലുള്ള ത്യാഗം എന്നിവ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രധാന അധ്യായങ്ങളാണ്. പടച്ചവന്‍ കനിഞ്ഞരുളിയ സുദീര്‍ഘമായ ആയുസ്സ് ശരിയായ നിലയില്‍ പ്രയോജനപ്പെടുത്തുകയും അവസാനം വരെ പ്രബോധന പാതയില്‍ പരിശ്രമിക്കുകയും ഇസ്ലാമിന്റെ സുന്ദര വക്താവായി നിലയുറപ്പിക്കുകയും ചെയ്തു അദ്ദേഹം.
ഈജിപ്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം, അല്‍ അസ്ഹറില്‍ നിന്ന് വിജ്ഞാനത്തിന്റെയും സാഹിത്യത്തിന്റെയും ഉയര്‍ന്ന തലങ്ങളിലെത്തിയ വ്യക്തിത്വങ്ങളില്‍ നിന്നാണ് ശിക്ഷണം നേടിയത്. അവഗാഹമുള്ള പണ്ഡിതനും പ്രബോധകനുമായ ശൈഖ് മുഹമ്മദുല്‍ ഗസാലിയെ വൈജ്ഞാനികമായി വളരെയധികം പ്രയോജനപ്പെടുത്തി. തുടര്‍ന്ന് ഇഖ്വാനുല്‍ മുസ്ലിമൂന്‍ പ്രസ്ഥാനവുമായി ബന്ധപ്പെടുകയും അതിന്റെ വക്താവായി മാറുകയും ആ വഴിയില്‍ വലിയ ത്യാഗങ്ങള്‍ സഹിക്കുകയും, വിശ്വാസബലത്താലും മനക്കരുത്താലും പ്രതിസന്ധികളെ മറികടക്കുകയും ചെയ്തു. പല നാളുകള്‍ ജയിലില്‍ കഴിഞ്ഞു. ജയിലില്‍ ക്രൂര പീഡനങ്ങള്‍ക്കിരയായി. പട്ടിയെക്കൊണ്ട് ദേഹോപദ്രവമേല്‍പ്പിച്ചു. ഒടുവില്‍ ഈജിപ്തില്‍ നിന്ന് ഖത്തറിലേക്ക് പലായനം ചെയ്തു. അവിടെ അദ്ദേഹം അവസാനം വരെ കഴിയുകയും ലോകത്തെ മുഴുവന്‍ പ്രബോധന മണ്ഡലമാക്കി മാറ്റുകയും ചെയ്തു.
ഇന്ത്യാരാജ്യവുമായും ഇവിടത്തെ പണ്ഡിത മഹത്തുക്കളുമായും വലിയ ബന്ധമായിരുന്നു. അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വിയുമായി വളരെയധികം അടുത്തു. ഇരുവരും പരസ്പരം ആദരിക്കുകയും ചെയ്തിരുന്നു. 1951-ല്‍ മൗലാനാ ഈജിപ്തില്‍ പോയപ്പോള്‍ ശൈഖ് ഖറദാവി അസ്ഹറില്‍ വിദ്യാര്‍ഥിയായിരുന്നു. അവിടെവെച്ച് മൗലാനയുമായി അടുപ്പമുണ്ടാക്കിയ വിദ്യാര്‍ഥികളില്‍ പ്രധാനി അദ്ദേഹമായിരുന്നു. മൗലാന പറയുന്നു: ഈജിപ്തില്‍ വെച്ച് ചില പണ്ഡിതരോട് തന്റെ വിശ്രുത ഗ്രന്ഥമായ മാദാ ഖസിറല്‍ ആലമിനെപ്പറ്റി പറഞ്ഞപ്പോള്‍ അവര്‍ അതിനെക്കുറിച്ച് അറിവില്ലെന്ന് പറഞ്ഞു. അല്‍പ്പം കഴിഞ്ഞ് ശൈഖ് ഖറദാവിയെ കണ്ടപ്പോള്‍ അദ്ദേഹത്തോട് ഈ സംഭവം വിവരിച്ചു. ഉടനെ അദ്ദേഹം പ്രതികരിച്ചു: ഞങ്ങളുടെ വീക്ഷണത്തില്‍, മാദാ ഖസിറല്‍ ആലം വായിക്കാത്തവര്‍ പണ്ഡിതനേ അല്ല!
അല്ലാമാ പല പ്രാവശ്യം ഇന്ത്യയില്‍ വന്നു; നദ്വത്തുല്‍ ഉലമായിലും ദിവസങ്ങളോളം താമസിച്ചു. ഗുരുനാഥന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അത് വളരെയധികം പ്രയോജനം ചെയ്തു. പ്രധാന ബന്ധം മൗലാനാ നദ്വിയുമായിട്ടായിരുന്നു. ഇരുവരും കൂടിയിരിക്കുന്ന സദസ്സുകള്‍ വിജ്ഞാനത്താലും സംസ്‌കരണ - പ്രബോധന ചിന്തകളാലും ധന്യമായിരുന്നു. മൗലാനയും പല പ്രാവശ്യം ഖത്തറില്‍ വെച്ച് അല്ലാമയെ സന്ദര്‍ശിക്കുകയുണ്ടായി. മൗലാനയുടെ വിയോഗത്തിന് മൂന്ന് വര്‍ഷം മുമ്പ് ഖത്തറില്‍ പോയപ്പോള്‍ അല്ലാമാ തന്റെ മസ്ജിദില്‍ ഒരു പരിപാടി സംഘടിപ്പിച്ചു. അതില്‍, 'മുസ്ലിം സമുദായത്തിന്റെ പ്രത്യേകതകളും കര്‍ത്തവ്യങ്ങളും' എന്ന വിഷയത്തില്‍ മൗലാനാ വളരെ പ്രധാനപ്പെട്ട പ്രഭാഷണം നടത്തി. പ്രഭാഷണത്തിന് മുമ്പും ശേഷവും മൗലാനയെയും വിഷയത്തെയും അധികരിച്ചുകൊണ്ട് അല്ലാമാ ഖറദാവിയും വളരെ നല്ല ചില നിരീക്ഷണങ്ങള്‍ നടത്തി.
അല്ലാഹുവിന്റെ അലംഘനീയമായ തീരുമാന പ്രകാരം അല്ലാമാ ഖറദാവി പടച്ചവനിലേക്ക് യാത്രയായി. ഇത് വലിയൊരു നഷ്ടം തന്നെയാണ്. അല്ലാമയുടെ ഉത്തമ രചനകളും പ്രഭാഷണങ്ങളും ജീവിത മാതൃകകളും എല്ലാ കാലത്തേക്കുമായി നിലനില്‍ക്കും. അതിനെ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഈ നഷ്ടം ഒരളവോളം പരിഹരിക്കാന്‍ സാധിക്കുന്നതാണ്. പടച്ചവന്‍ അതിന് ഉതവി നല്‍കട്ടെ.
Comments