ഇസ്‌ലാമിക ചിന്തക്ക് പുതിയ മാനം നല്‍കിയ മഹാ പ്രതിഭ
ഈജിപ്തിലെ ത്വന്‍ത്വാ പട്ടണത്തില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന സ്വഫ്ത്വു തുറാബ് എന്ന കുഗ്രാമത്തില്‍ 1926-ല്‍ ജനിച്ച യൂസുഫ് അബ്ദുല്ലാ അല്‍ ഖറദാവി ഇരുപത്-ഇരുപത്തൊന്ന് നൂറ്റാണ്ടുകളിലെ ഇസ്‌ലാമിക പണ്ഡിതന്മാരിലും ചിന്തകരിലും ഏറ്റവും ആദരിക്കപ്പെടുകയും ഒപ്പം വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന ശ്രദ്ധേയ വ്യക്തിത്വമായി വളര്‍ന്നതും ഉയര്‍ന്നതും അവിരാമമായ പഠന ഗവേഷണങ്ങളുടെയും തജ്ജന്യമായ പ്രഭാഷണങ്ങളുടെയും രചനകളുടെയും ഫലമാണെന്നതില്‍ സംശയമില്ല. മുസ്‌ലിം ബ്രദര്‍ ഹുഡ് സ്ഥാപകനായ ശഹീദ് ഹസനുല്‍ ബന്നായുടെ വിപ്ലവചിന്തകളില്‍ സ്വാധീനിക്കപ്പെട്ട ഈ അല്‍ അസ്ഹര്‍ പണ്ഡിതന്‍ സ്വന്തം രാജ്യത്തെ ഏകാധിപതികളുടെ കണ്ണിലെ കരടായി മാറിയത് ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിര്‍ഭയം ശബ്ദമുയര്‍ത്തിയതു കൊണ്ടാണെന്നതാണ് വാസ്തവം. സൈനിക വിപ്ലവത്തിലൂടെ അധികാരമേറ്റ ജമാല്‍ അബ്ദുന്നാസിറിന്റെ സ്വേഛാ വാഴ്ചക്കെതിരെ നാവനക്കിയതിന്റെ പേരില്‍ കാരാഗൃഹത്തിന്റെ അഴിയെണ്ണേണ്ടിവന്ന ഖറദാവി അറുപതുകളുടെ തുടക്കത്തിലാണ് ഖത്തറിലേക്ക് കളംമാറി ചവിട്ടിയത്. അതില്‍ പിന്നെ ഖത്തര്‍ ആസ്ഥാനമാക്കി ആഗോള ഇസ് ലാമിക സംഘടനകളുമായും അവയുടെ സാരഥികളുമായും ബന്ധം സ്ഥാപിച്ചു. ഇരുപതാം നൂറ്റാണ്ടിലെ അപ്രതിരോധ്യ ചിന്താ പ്രസ്ഥാനങ്ങളായി അവയെ പരിവര്‍ത്തിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇരുപത്തൊന്നാം ശതകത്തിലെ രണ്ടാം ദശകത്തില്‍ തുനീഷ്യയിലും ഈജിപ്തിലും ലിബിയയിലും സിറിയയിലും വിരിഞ്ഞ അറബ് വസന്തത്തിന്റെ ദാര്‍ശനികാടിത്തറ നിര്‍ണയിക്കുന്നതില്‍ ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ നേതൃത്വത്തിലെ ലോക ഇസ്‌ലാമിക പണ്ഡിത സഭ ചെലുത്തിയ സ്വാധീനം അനിഷേധ്യമാണ്. സാമ്രാജ്യത്വത്തിനും ഫാഷിസത്തിനും സ്വേഛാ വാഴ്ചക്കുമെതിരെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതലത്തില്‍നിന്നുള്ള അഭൂതപൂര്‍വമായ ചെറുത്തുനില്‍പായിരുന്നു അതെങ്കിലും അമേരിക്കയും ഇസ്രായേലും അവരുടെ പാവകളും ചേര്‍ന്ന് ആ ജനകീയ മുന്നേറ്റത്തെ ചോരയില്‍ മുക്കിക്കൊല്ലുന്നതിന് ലോകം സാക്ഷ്യം വഹിക്കേണ്ടിവന്നു.
രാഷ്ട്രീയ മാറ്റങ്ങളെക്കാളേറെ ഖറദാവിയുടെ സമയവും ശ്രദ്ധയും ആകര്‍ഷിച്ച മണ്ഡലം ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെതായിരുന്നു എന്ന് എടുത്തു പറയേണ്ടതുണ്ട്. മദ്ഹബുകളെ അംഗീകരിച്ചതോടൊപ്പം ഏതെങ്കിലുമൊന്നിന്റെ ചട്ടക്കൂടിലൊതുങ്ങി മതവിധി പുറപ്പെടുവിക്കുന്ന സാമ്പ്രദായിക മതപണ്ഡിതനായിരുന്നില്ല അദ്ദേഹം. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും പണ്ഡിതാഭിപ്രായങ്ങളും മുന്നില്‍ വെച്ച് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സുതാര്യവും സുചിന്തിതവുമായ വീക്ഷണ നിരീക്ഷണങ്ങളാണ് അദ്ദേഹം നടത്തിയത്. വിവിധ ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട വിധിവിലക്കുകള്‍ ഉദാഹരണമാണ്. ഖറദാവിക്ക് ഡോക്ടറേറ്റ് നേടിക്കൊടുത്ത 'സാമ്പത്തിക-സാമൂഹിക പ്രശ്‌ന പരിഹാരത്തില്‍ സകാത്തിന്റെ പങ്ക്' സവിസ്തരം പ്രതിപാദിക്കുന്ന ഫിഖ്ഹുസ്സകാത്ത് ആധുനിക കാലഘട്ടത്തിലെ യാഥാര്‍ഥ്യങ്ങളും ആവശ്യങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള സമഗ്ര പഠനമാണ്. 120-ല്‍ പരം കൃതികളുടെ കര്‍ത്താവായ ഖറദാവിക്ക് ഇസ്‌ലാമിക വിജ്ഞാനീയ സംഭാവനകളുടെ പേരില്‍ 1994-ല്‍ വേള്‍ഡ് ഫൈസല്‍ അവാര്‍ഡ് ലഭിച്ചിരുന്നു. കൃത്യം അരനൂറ്റാണ്ട് മുമ്പ്, 1972 സെപ്റ്റംബറില്‍ ഞങ്ങള്‍ ഏതാനും പേര്‍ ഖത്തര്‍ റിലീജ്യസ് സ്റ്റഡി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടര്‍ പഠനത്തിന് ചെന്നുചേര്‍ന്നപ്പോള്‍ ശൈഖ് ഖറദാവിയായിരുന്നു സ്ഥാപനത്തിന്റെ ഡയറക്ടര്‍. അദ്ദേഹത്തിന്റെ അപൂര്‍വം ക്ലാസ്സുകൡലിരിക്കാന്‍ സൗഭാഗ്യം ലഭിച്ചത് അഭൂതപൂര്‍വമായ അനുഭവമായിരുന്നു. അന്ന് മുതല്‍ ആരംഭിച്ച ഗുരു-ശിഷ്യ ബന്ധം പതിറ്റാണ്ടുകള്‍ നീണ്ട ഖത്തര്‍ സന്ദര്‍ശനവേളകളില്‍ പുതുക്കാന്‍ അവസരമുണ്ടായി. ഖത്തര്‍ മഅ്ഹദുദ്ദീനിയിലെ കേരളീയ വിദ്യാര്‍ഥികളെ സവിശേഷമായി ഖറദാവി ഒപ്പമുള്ളവരോട് വാഴ്ത്തിപ്പറയുന്നതും ചാരിതാര്‍ഥ്യജനകമായ അനുഭവമായിരുന്നു. എം.വി മുഹമ്മദ് സലീം മൗലവിയുടെ അറബി ഭാഷാ പരിജ്ഞാനം അദ്ദേഹത്തെ ഹഠാദാകര്‍ഷിക്കുകയുണ്ടായി. ഈ സത്യാനന്തര ലോകത്ത് മാനവികതക്കും സ്വാതന്ത്ര്യത്തിനും ധാര്‍മിക വിപ്ലവത്തിനും വേണ്ടി എഴുതുകയും ശബ്ദമുയര്‍ത്തുകയും ഇസ്‌ലാമിക ജീവിത ദര്‍ശനത്തെ സമഗ്രമായി അവതരിപ്പിക്കുകയും ചെയ്ത അത്യപൂര്‍വ വ്യക്തിത്വമാണ് ഡോ. യൂസുഫുല്‍ ഖറദാവിയുടെ വിടവാങ്ങലിലൂടെ നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ അനശ്വര സംഭാവനകളും സേവനങ്ങളും സര്‍വശക്തന്‍ സ്വീകരിക്കുമാറാകട്ടെ...
Comments