Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 07

3271

1444 റബീഉല്‍ അവ്വല്‍ 11

ആഴവും ആര്‍ജവവുമുള്ള പാണ്ഡിത്യം

ഡോ. അബ്ദുസ്സലാം അഹ്മദ്

ഒരു യുഗത്തിന് അന്ത്യമായി. ലോകത്ത് വ്യത്യസ്ത ദര്‍ശനങ്ങളും നാഗരികതകളും രാഷ്ട്രങ്ങളും തമ്മില്‍ സംഘര്‍ഷം നിറഞ്ഞു നിന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയില്‍ കമ്യൂണിസം, കാപ്പിറ്റലിസം, സയണിസം, അറബ് ദേശീയത, അറബ് സ്വേഛാധിപത്യ വ്യവസ്ഥകള്‍ എന്നിവയൊക്കെയും ഇസ്‌ലാമുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടുകൊണ്ടിരുന്ന  സാഹചര്യത്തില്‍ ഇസ്‌ലാമിന്റെ പക്ഷത്തു നിന്ന് വൈജ്ഞാനികമായി പ്രതിരോധിച്ച ശക്തിഗോപുരമാണ് ഖറദാവിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നത്. കഴിഞ്ഞ നാലു ദശകങ്ങളില്‍ ഇസ്‌ലാമിന്റെ പക്ഷത്തും മറുപക്ഷത്തുമുള്ള ജനങ്ങള്‍ ഏറ്റവുമധികം കാതോര്‍ത്തിരുന്നൊരു ശബ്ദമാണ് നിലച്ചത്.
1926-ല്‍ ഈജിപ്തിലെ സ്വഫ്ത് തുറാബ് ഗ്രാമത്തിലാണ് ഖറദാവിയുടെ ജനനം. രണ്ടു വയസ്സുള്ളപ്പോള്‍ അനാഥനായ അദ്ദേഹത്തെ പിതൃസഹോദരനാണ് പിന്നീട് വളര്‍ത്തിയത്. പത്ത് വയസ്സാകുമ്പോഴേക്ക് വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ ഉസ്വൂലുദ്ദീന്‍ കോളേജില്‍ നിന്ന് 1953-ല്‍ ഒന്നാം റാങ്കോടെ ബിരുദം നേടി. കുടുംബ പ്രാരാബ്ധത്തെത്തുടര്‍ന്ന് ജോലിയില്‍ പ്രവേശിച്ചു. അധ്യാപക വൃത്തിയിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും മുഴുകിയ ഖറദാവി 1960-ല്‍ അതേ കോളേജില്‍നിന്ന് പി.ജി പൂര്‍ത്തിയാക്കി. വീണ്ടും സ്വദേശത്തും വിദേശത്തും വിവിധ ജോലികള്‍ ചെയ്തുവരുന്നതിനിടയിലാണ് തന്റെ ഗവേഷണ പ്രബന്ധം തയാറാക്കുന്നതും അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് 1973-ല്‍ ഡോക്ടറേറ്റ് നേടുന്നതും. ആധുനിക കാലത്തെ സകാത്ത് സംവിധാനത്തിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായ ഫിഖ്ഹുസ്സകാത്ത് (സകാത്തിന്റെ കര്‍മശാസ്ത്രം) എന്ന ഗ്രന്ഥമായിരുന്നു ഗവേഷണ പ്രബന്ധം. 
ഈജിപ്തില്‍ 1928-ല്‍ രൂപംകൊണ്ട ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനമായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ സ്ഥാപകനായ ഇമാം ഹസനുല്‍ ബന്നായുമായി പഠനകാലത്തു തന്നെ ബന്ധപ്പെടുകയും സംഘടനയുടെ സജീവ പ്രവര്‍ത്തകനാവുകയും ചെയ്തു. അധികാരികള്‍ ബ്രദര്‍ഹുഡിനെ വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ യൂസുഫുല്‍ ഖറദാവിയും അതിനിരയായി. 1949-ല്‍ ഫാറൂഖ് രാജാവിന്റെ ഭരണകാലത്ത് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ജമാല്‍ അബ്ദുന്നാസിറിന്റെ ഭരണകാലത്തും 20 മാസക്കാലം ജയിലിലടക്കപ്പെട്ടു. 
പിന്നീട് അല്‍ അസ്ഹറിലും മതകാര്യ മന്ത്രാലയത്തിലും ജോലി ചെയ്ത ഖറദാവി 1961-ല്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ക്ഷണപ്രകാരം തന്റെ പ്രവര്‍ത്തന മണ്ഡലം ഖത്തറിലേക്ക് മാറ്റി. അവിടത്തെ റിലീജ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായി നിയമിതനായ അദ്ദേഹം പിന്നീട് ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ ശരീഅ കോളേജ് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അതിന്റെ ഡീനായി നിയമിതനാവുകയും ചെയ്തു. 1977 മുതല്‍ 90 വരെ ദീര്‍ഘകാലം ആ സ്ഥാനത്ത് തുടര്‍ന്നു. പിന്നീട് ഖത്തര്‍ യൂനിവഴേസ്റ്റിയില്‍ തന്നെ സുന്ന & സീറ റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടറായി. യൂറോപ്യന്‍ ഫത്‌വാ കൗണ്‍സില്‍ അധ്യക്ഷന്‍, വിവിധ ഇസ്‌ലാമിക് ബാങ്കുകളുടെ ശരീഅ സമിതി അധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. 1975-ല്‍ ലോകത്തെ ആദ്യ ഇസ്‌ലാമിക് ബാങ്ക് ദുബൈയില്‍ ആരംഭിച്ചപ്പോള്‍ അതിന്റെ ശരീഅ അഡൈ്വസറായി  നിയമിതനായത് ഖറദാവിയായിരുന്നു.
ഖത്തറിലെത്തിയ ശൈഖ് ഖറദാവിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. പരന്ന വിജ്ഞാനത്തോടൊപ്പം ആകര്‍ഷകമായ വ്യക്തിത്വം, ഘനഗാംഭീര്യമാര്‍ന്ന ശബ്ദം, ഒഴുക്കുള്ളതും ലളിതവുമായ അറബി ഭാഷ, എഴുത്തിലെന്ന പോലെ പ്രസംഗത്തിലുമുള്ള പ്രാഗല്‍ഭ്യം, പ്രഭാഷണങ്ങളിലെ വൈകാരികത, വിപുലമായ വ്യക്തിബന്ധങ്ങള്‍ തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ അദ്ദേഹത്തെ ശ്രദ്ധാ കേന്ദ്രമാക്കി. ഈജിപ്തില്‍ നിന്നു ഭിന്നമായി ഖത്തറില്‍ ലഭിച്ച സ്വാതന്ത്ര്യം തന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ അദ്ദേഹം പ്രയോജനപ്പെടുത്തി. ഖത്തര്‍ പൗരത്വമാകട്ടെ അദ്ദേഹത്തിന് ലോകത്ത് മുഴുവന്‍ സഞ്ചരിക്കാന്‍ സഹായകമായി. ദോഹയിലെ വലിയ പള്ളിയിലും മസ്ജിദ് ഉമറുബ്‌നുല്‍ ഖത്ത്വാബിലും നടത്തിയ ഖുത്വ്ബകളും തറാവീഹ് നമസ്‌കാരത്തിന്റെ നേതൃത്വവും ഖത്തര്‍ ടി.വി യിലെയും അല്‍ ജസീറയിലെയും അശ്ശരീഅ വല്‍ ഹയാത്ത് (ശരീഅത്തും ജീവിതവും) എന്ന പരിപാടിയും ഖറദാവിയെ കൂടുതല്‍ ജനകീയനാക്കി.
അദ്ദേഹം കേവലമൊരു പണ്ഡിതനോ പ്രസംഗകനോ ഗ്രന്ഥരചയിതാവോ മുഫ്തിയോ ആയിരുന്നില്ല. പ്രത്യുത, നന്മയുടെയും നീതിയുടെയും പുതിയൊരു ലോകം സ്വപ്‌നം കണ്ട് അതിനു വേണ്ടി ഓടിനടന്ന കര്‍മയോഗിയായിരുന്നു. ചരിത്രത്തില്‍ വലിയ നിയോഗം നിര്‍വഹിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒട്ടനവധി സംരംഭങ്ങളും പ്രോജക്റ്റുകളും സ്ഥാപിച്ചെടുത്തുവെന്നതാണ് ശൈഖ് ഖറദാവിയുടെ പ്രത്യേകത.
പലിശക്കെണിയില്‍ പെട്ടുഴലുന്ന ലോകത്ത് പലിശരഹിത ഇസ്‌ലാമിക വ്യവസ്ഥയെ ബോധ്യപ്പെടുത്തുന്നതിലും ഇസ്‌ലാമിക് ബാങ്കുകളുടെ സ്ഥാപനത്തിലും അവയുടെ പ്രവര്‍ത്തനം ശാസ്ത്രീയമാക്കുന്നതിലും ആ പരീക്ഷണത്തെ വിജയിപ്പിക്കുന്നതിലും അദ്ദേഹം പ്രത്യേകം പങ്കുവഹിച്ചു. ദശക്കണക്കിന് ഇസ്‌ലാമിക് ബാങ്കുകളുടെ ഉപദേഷ്ടാവായിരുന്നു അദ്ദേഹം. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി പലിശയെ അനുവദനീയമാക്കാന്‍ ചില മുസ്‌ലിം പണ്ഡിതന്മാര്‍ നടത്തിയ ശ്രമങ്ങളെ അദ്ദേഹം ശക്തിയുക്തം എതിര്‍ത്തു. ദാരിദ്ര്യം മതപരിവര്‍ത്തനത്തിനു കാരണമാവുകയും എഴുപതുകളില്‍ മുസ്‌ലിം ലോകത്ത്, വിശിഷ്യാ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ദരിദ്രരായ മുസ്‌ലിംകള്‍ മതപരിവര്‍ത്തനത്തിനു പ്രലോഭിപ്പിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ അദ്ദേഹം അവതരിപ്പിച്ച പ്രോജക്റ്റാണ് ഇന്ന് കുവൈത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്‍. 'ഒരു ഡോളര്‍ നല്‍കൂ, ഒരു മുസ്‌ലിമിനെ രക്ഷിക്കൂ' എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. ലോകത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സ്ഥാപനമാണ് ഇന്ന് ഈ ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്‍. ഏറ്റവുമൊടുവില്‍ അദ്ദേഹം മുന്‍കൈയെടുത്ത് സ്ഥാപിച്ച ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ മുസ്‌ലിം സ്‌കോളേഴ്‌സ് എടുത്തുപറയേണ്ട മറ്റൊരു സംരംഭമാണ്. മുസ്‌ലിം പണ്ഡിതന്മാര്‍ അധികാരികളുടെയും സ്വേഛാധിപതികളുടെയും ചട്ടുകങ്ങളാവുകയും 'കൊട്ടാരം പണ്ഡിതന്മാര്‍' വര്‍ധിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തില്‍ 'അല്ലാഹുവിന്റെ സന്ദേശമെത്തിക്കുന്നവരും അവനെ ഭയപ്പെടുന്നവരും അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാത്തവരു'മെന്ന (അല്‍ അഹ്‌സാബ് 39) ഖുര്‍ആന്‍ വചനം മുദ്രാവാക്യമായി സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം ഈ പണ്ഡിതസഭക്ക് രൂപം നല്‍കുന്നത്. ഇന്ന് ലോകത്ത് പ്രഗത്ഭരും നിസ്വാര്‍ഥരുമായ ഏറ്റവുമധികം പണ്ഡിതന്മാര്‍ ഉള്‍ക്കൊള്ളുന്ന വേദിയാണത്.
ശൈഖിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി ലോക പ്രശസ്ത അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി. സുഊദി അറേബ്യയുടെ കിംഗ് ഫൈസല്‍ അവാര്‍ഡ് (1994), സുഊദി ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് അവാര്‍ഡ് (1990), മലേഷ്യന്‍ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി അവാര്‍ഡ് (1996), ബ്രൂണായ് സുല്‍ത്താന്‍ അവാര്‍ഡ് (1997), മികച്ച ഇസ്‌ലാമിക വ്യക്തിത്വത്തിനുള്ള ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് (2001) എന്നിവ ഉദാഹരണം. 

ധീരനായ പണ്ഡിതന്‍
അസാമാന്യമായ ധീരതയാണ് യൂസുഫുല്‍ ഖറദാവി എന്ന പണ്ഡിതനെ എന്നും ശ്രദ്ധേയനാക്കിയത്. മുസ്‌ലിം ഭരണാധികാരികളുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ബോധപൂര്‍വം അദ്ദേഹം ശ്രമിച്ചിരുന്നു. ഖത്തര്‍ ഭരണാധികാരികള്‍ക്കു പുറമെ സുഊദി അറേബ്യയിലെ അബ്ദുല്ലാ രാജാവ്, യു.എ.ഇ പ്രധാനമന്ത്രി മുഹമ്മദുബ്‌നു റാശിദ്, കുവൈത്ത് രാജാവ് ജാബിര്‍ അസ്സ്വബാഹ്, അള്‍ജീരിയന്‍ പ്രസിഡന്റ് ബൂത്ത്ഫലീഖ, ലിബിയയുടെ മുഅമ്മറുല്‍ ഖദ്ദാഫി എന്നിവരുമൊക്കെയായി വ്യക്തിബന്ധം നിലനിര്‍ത്തിയിരുന്നു. രഹസ്യമായി അവരെ ഗുണദോഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അതേയവസരം, അത്തരം ബന്ധങ്ങളൊരിക്കലും ഭരണാധികാരികളുടെ കൈയിലെ ചട്ടുകമാകാന്‍ കാരണമാകരുതെന്ന് ഖറദാവിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. മറ്റു പലരെയും പോലെ കൊട്ടാരം പണ്ഡിതനാകാന്‍ അദ്ദേഹം നിന്നുകൊടുത്തില്ല. ഭരണാധികാരികളെ പരസ്യമായി വിമര്‍ശിക്കേണ്ടിടത്ത് ഒട്ടും ഭീരുത്വം കാണിച്ചില്ല. തനിക്ക് പൗരത്വം നല്‍കി ആദരിച്ച ഖത്തര്‍ ഭരണാധികാരികളെപ്പോലും വിമര്‍ശിക്കേണ്ട സമയങ്ങളില്‍ അദ്ദേഹം വിമര്‍ശിച്ചു. ഒരുവേള, ഖത്തര്‍ വിദേശകാര്യ മന്ത്രി ഇസ്രായേലുമായി സംഭാഷണങ്ങള്‍ നടത്തുകയും ഇസ്രായേല്‍ അധികാരികള്‍ക്ക് കൈകൊടുക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ ദോഹയിലെ മസ്ജിദ് ഉമറുബ്‌നുല്‍ ഖത്ത്വാബിലെ ജുമുഅ പ്രസംഗത്തില്‍ ശൈഖ് ഖറദാവി പൊട്ടിത്തെറിച്ചു. ഇസ്രായേല്‍ ഭരണാധികാരികള്‍ക്ക് കൈകൊടുക്കുന്നവര്‍ ഏഴുവട്ടം കൈ കഴുകേണ്ടി വരുമെന്ന് അദ്ദേഹം രോഷം കൊണ്ടു. കരുതിവെപ്പില്ലാത്ത ഇത്തരം നിലപാടുകള്‍ മൂലം, ഖത്തറിലെ മിമ്പറുകളില്‍ അദ്ദേഹത്തെ കാണാതാകുമ്പോള്‍ ഗവണ്‍മെന്റ് വിലക്കുന്നതാണെന്ന അഭ്യൂഹങ്ങള്‍ പരക്കാറുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം തന്നെ പലപ്പോഴും അത് നിഷേധിച്ചു. തനിക്ക് ഖത്തര്‍ ഗവണ്‍മെന്റില്‍ നിന്ന് ഒരിക്കലും ഒരു വിലക്കും ഇതുവരെയും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം തിരുത്താറുണ്ടായിരുന്നു.
അറബ് വസന്തം മുസ്‌ലിം ലോകത്ത് മാത്രമല്ല, ശൈഖ് ഖറദാവിയുടെ ജീവിതത്തിലും വലിയൊരു വഴിത്തിരിവ് തന്നെയായിരുന്നു. 20-ാം നൂറ്റാണ്ടില്‍ പിറവികൊണ്ട ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ദാര്‍ശനിക പ്രതിരോധത്തെയും പ്രത്യാക്രമണത്തെയും വൈജ്ഞാനികമായും ചിന്താപരമായും മാത്രമല്ല, പ്രായോഗികമായും വികസിപ്പിക്കുകയായിരുന്നു ഖറദാവി തന്റെ പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും. ആ ചിന്താ പരിസരത്താണ് അറബ് വസന്തം മൊട്ടിട്ടത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടു കാലം എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും താന്‍ വിമര്‍ശിച്ചുപോന്ന മുസ്‌ലിം ലോകത്തെ സ്വേഛാധിപത്യത്തിനും അനീതിക്കുമെതിരെ പൊതു ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ അവരെ പിന്തുണച്ചും അവരുടെ ജനകീയ പ്രക്ഷോഭങ്ങളെ ഇസ്‌ലാമിക ബാധ്യതയായി വിശേഷിപ്പിച്ചും രംഗത്തുവന്ന ഖറദാവി, സ്വേഛാധിപതികളെ കടപുഴക്കിയെറിയാന്‍ ആഹ്വാനം ചെയ്തു.  അറബ് വസന്തത്തില്‍ ഈജിപ്തിലെ ഹുസ്‌നി മുബാറക്കിന്റെ ഭരണം അവസാനിപ്പിച്ച പ്രക്ഷോഭകാരികള്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ അത് ആഘോഷിച്ചു കൊണ്ട് നടത്തിയ ആദ്യ ജുമുഅ ഖുത്വ്ബയുടെ ഖത്വീബായി ഖറദാവി ഈജിപ്തിലെത്തി. ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഖുത്വ്ബക്ക് അദ്ദേഹം നേതൃത്വം നല്‍കി.

മധ്യമ നിലപാട്
ചില മുസ്‌ലിം യുവാക്കള്‍ ഇസ്‌ലാമിന്റെ പേരുപയോഗിച്ച് തീവ്ര നിലപാടുകള്‍ സ്വീകരിച്ചു തുടങ്ങിയ എണ്‍പതുകളില്‍ 'മധ്യമ ഇസ്‌ലാം' എന്ന മുദ്രാവാക്യമുയര്‍ത്തി ശക്തമായി രംഗത്തുവന്ന ശൈഖ് ഖറദാവി തീവ്ര നിലപാടുകളെ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഖണ്ഡിച്ചു.
ഇസ്‌ലാമിന്റെ പേരില്‍ നടത്തുന്ന ഭീകരാക്രമണങ്ങളെയും നിരപരാധികളെ വധിക്കുന്നതിനെയും ശക്തമായി എതിര്‍ത്തു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ അതു സംഭവിച്ച ഉടനെത്തന്നെ തള്ളിപ്പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള 70-ലധികം പണ്ഡിതന്മാര്‍ ആ സംഭവത്തെ ഇസ്‌ലാമിക വിരുദ്ധമെന്ന് വിശേഷിപ്പിച്ച് പ്രസ്താവനയിറക്കി. യൂസുഫുല്‍ ഖറദാവി ഒരുപക്ഷേ, ഏറ്റവുമധികം എഴുതിയതും പ്രസംഗിച്ചതും ഇസ്‌ലാമിന്റെ മധ്യമ നിലപാടുകള്‍ സ്ഥാപിച്ചെടുക്കാനായിരിക്കും. ഇതര സമൂഹങ്ങളുമായി വര്‍ത്തിക്കുമ്പോള്‍, ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഉയര്‍ന്ന സഹിഷ്ണുതയും മറ്റുള്ളവരെ ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്‌കതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇസ്‌ലാമിക സമൂഹങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ഇതര മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ വിശദീകരിക്കുന്ന കൃതികളെഴുതി. മുസ്‌ലിം യുവാക്കള്‍ തീവ്ര നിലപാടുകളിലേക്ക് പോകുന്നതിനെ വിലക്കിക്കൊണ്ട് എഴുതിയ ഇസ്‌ലാമും തീവ്രവാദവും എന്ന കൃതി അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസുകളിലൊന്നാണ്.
അതേയവസരം, ഇസ്‌ലാമിന്റെ വിമര്‍ശകര്‍ ഇസ്‌ലാമിന്റെ മേല്‍ അന്യായമായി ചാര്‍ത്തിക്കൊണ്ടിരുന്ന തീവ്രവാദവും ഭീകരവാദവും ഒരിക്കലും അദ്ദേഹം അംഗീകരിച്ചുകൊടുത്തില്ല. അതിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു. ശത്രുക്കള്‍ക്കു വേണ്ടി ഇസ്‌ലാമിക തത്ത്വങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ തയാറായില്ല.
ഇന്ത്യയില്‍ പ്രധാനപ്പെട്ട മൂന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമ്മേളനങ്ങളില്‍ പങ്കെടുക്കാനാണ് ഖറദാവിയെത്തിയത്. ദാറുല്‍ ഉലൂം ദയൂബന്ദിന്റെ സമ്മേളനമാണ് അതിലൊന്ന്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പങ്കെടുത്ത ആ സമ്മേളനമാണ്, താന്‍ കണ്ട ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള സമ്മേളനം എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. മറ്റൊന്ന്, അബുല്‍ ഹസന്‍ അലി നദ്‌വിയുടെ ദാറുല്‍ ഉലൂം നദ്‌വയുടെ ചടങ്ങുകളായിരുന്നു. ശാന്തപുരം ഇസ്‌ലാമിയാ കോളജിനെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയായി (അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ) പ്രഖ്യാപിക്കുവാനാണ് അദ്ദേഹം അവസാനം ഇന്ത്യയിലെത്തിയത്. 2003-ലായിരുന്നു അത്. നേരത്തെ ശാന്തപുരം ഇസ്‌ലാമിയാ കോളേജിന്റെ സില്‍വര്‍ ജൂബിലിയില്‍ പങ്കെടുക്കാന്‍ 1982-ലും അദ്ദേഹം കേരളത്തിലെത്തിയിരുന്നു. 
എന്നും കാലത്തോടൊപ്പം സഞ്ചരിക്കാന്‍ കാണിച്ച മിടുക്കാണ് ഖറദാവിയെ ഇതര പണ്ഡിതന്മാരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ഒരു കണ്ണുകൊണ്ട് പ്രമാണങ്ങളെയും മറുകണ്ണുകൊണ്ട് സംഭവ ലോകത്തെയും വായിച്ചുകൊണ്ടാണ് അദ്ദേഹം നിലപാടുകള്‍ സ്വീകരിച്ചത്. മതം എന്നത് കുറേ അരുതുകളുടെ ആകത്തുകയാണെന്ന ധാരണ തിരുത്താന്‍ ശ്രമിച്ചു. നിരോധങ്ങളെക്കാള്‍ അനുവാദങ്ങളാണ് ഇസ്‌ലാമെന്നും അത് അരോചകമല്ല, ആസ്വാദ്യമാണെന്നും സ്ഥാപിക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. ഖണ്ഡിത പ്രമാണങ്ങളിലൂടെ നിരോധിക്കപ്പെടാത്തത് സര്‍വതും അനുവദനീയമാണെന്ന് സിദ്ധാന്തിച്ചു. മ്യൂസിക്ക്, സീരിയല്‍, സിനിമ, കല പോലുള്ള വിഷയങ്ങളില്‍ ഉദാരമായ നിലപാടുകള്‍ സ്വീകരിച്ചു. ഫത്‌വകള്‍ നല്‍കുമ്പോള്‍ പ്രമാണങ്ങളുടെ അക്ഷരങ്ങളെക്കാള്‍ അവയുടെ ആത്മാവിന് പ്രാധാന്യം നല്‍കി. ശരീഅത്തിന്റെ ലക്ഷ്യങ്ങളെ (മഖാസിദുശ്ശരീഅ) ഊന്നിപ്പറഞ്ഞു. ഖത്തര്‍ ടി.വിയിലും തുടര്‍ന്ന് അല്‍ ജസീറയിലും അദ്ദേഹം നടത്തി വന്നിരുന്ന അശ്ശരീഅ വല്‍ ഹയാത്ത് (ശരീഅത്തും ജീവിതവും) എന്ന പരിപാടി, ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആന്റെയും പ്രവാചക ചര്യയുടെയും വെളിച്ചത്തില്‍ അദ്ദേഹം നിര്‍ദേശിക്കുന്ന പ്രായോഗിക പരിഹാരങ്ങളായിരുന്നു. അതാണ് ആ പരിപാടിക്ക് ലോകത്തുടനീളം സ്വീകാര്യത നേടിക്കൊടുത്തത്. അത്തരം ഫത്‌വകള്‍ ഉള്‍ക്കൊള്ളുന്ന ഫത്താവാ അല്‍ മുആസ്വറ (ആനുകാലിക ഫത്‌വകള്‍) എന്ന കൃതി ശ്രദ്ധേയമാണ്. 
വ്യത്യസ്ത രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളായിക്കഴിയുന്ന മുസ്‌ലിംകള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതില്‍ ഖറദാവി പ്രത്യേകം ശ്രദ്ധിച്ചു. ന്യൂനപക്ഷത്തിന്റെ കര്‍മശാസ്ത്രത്തെ കാലാനുസൃതമായി വികസിപ്പിച്ചു. ഇതര സമൂഹങ്ങളുമായി, സ്വന്തം ഐഡന്റിറ്റി സംരക്ഷിച്ചുകൊണ്ട് എങ്ങനെ സഹവര്‍ത്തിക്കാം എന്ന് പ്രമാണങ്ങളനുസരിച്ച് ബോധവല്‍ക്കരിച്ചു. മുസ്‌ലിം ലോകത്ത് സാമൂഹിക പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ തന്നെ പുതിയ ലോകത്ത് ഇസ്‌ലാമിന്റെ പ്രസക്തി സ്ഥാപിച്ചെടുക്കാന്‍ ഡോ. ഖറദാവി അത്യധ്വാനം ചെയ്തു. ക്യാപ്പിറ്റലിസം, കമ്യൂണിസം, നിരീശ്വരവാദം, സെക്യുലരിസം, അറബ് ദേശീയത തുടങ്ങി ഇസ്‌ലാമിനോട് മുഖാമുഖം നില്‍ക്കുന്ന ദര്‍ശനങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്തു. ഇസ്‌ലാമിന്റെ സമഗ്രതയും അതിന്റെ രാഷ്ട്രീയ ഉള്ളടക്കവും ഊന്നിപ്പറഞ്ഞു. ഖുര്‍ആനിലും പ്രവാചക ചര്യയിലും മാത്രമല്ല, പൂര്‍വികരായ പ്രാമാണിക പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിലുമുണ്ടായിരുന്ന അവഗാഹം പ്രയോജനപ്പെടുത്തി അദ്ദേഹം തന്റെ നിരീക്ഷണങ്ങളെ പ്രമാണബദ്ധമാക്കി. ആ പ്രാമാണികതയാണ് ഖറദാവിയെ നിരാകരിക്കുന്നതില്‍ പല പരമ്പരാഗത പണ്ഡിതന്മാരെയും നിരായുധരാക്കിയത്.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 2326
ടി.കെ ഉബൈദ്‌

ഹദീസ്‌

സമ്പാദ്യം സംശുദ്ധമാണോ?
കെ.പി ബഷീര്‍ ഈരാറ്റുപേട്ട