Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 07

3271

1444 റബീഉല്‍ അവ്വല്‍ 11

യുഗപ്രഭാവനായ  ഖറദാവി

വി.കെ അലി

നൂറ്റാണ്ടിന്റെ നവോത്ഥാന നായകന്‍ ഡോ. യൂസുഫുല്‍ ഖറദാവി കേവലം ഒരു മതപണ്ഡിതനായിരുന്നില്ല; സങ്കീര്‍ണമായ ഇന്നത്തെ കാലഘട്ടത്തില്‍ ഇസ്‌ലാമിന്റെ നയനിലപാടുകള്‍ ആധികാരികമായി പ്രഖ്യാപിക്കാന്‍ കഴിവുറ്റ തേജഃപുഞ്ജമായിരുന്നു. അതുകൊണ്ടുതന്നെ ശൈഖ് എന്ന് വിളിച്ചായിരുന്നില്ല ഇസ്‌ലാമിക ലോകം അദ്ദേഹത്തെ പരാമര്‍ശിച്ചിരുന്നത്. മറിച്ച്, അത്യുന്നത പണ്ഡിതര്‍ക്കുള്ള പരമോന്നത സ്ഥാനപ്പേരായിരുന്ന ഇമാം എന്ന് വിളിച്ചായിരുന്നു. അതെ, അബൂഹനീഫ, മാലിക്, ശാഫിഈ, ഹമ്പലി, ഇബ്‌നു തൈമിയ്യ തുടങ്ങിയ ആധികാരിക പണ്ഡിത വര്യന്മാരെപ്പോലെ ഒരു നൂറ്റാണ്ടിലുടനീളം, നവംനവങ്ങളായ പ്രശ്‌നങ്ങളെക്കുറിച്ച് പഠന ഗവേഷണങ്ങള്‍ നടത്തി മുസ്‌ലിം സമൂഹത്തിന് ദിശാബോധം നല്‍കിയ ഖറദാവി ഈ സ്ഥാനപ്പേരിന് തികച്ചും അര്‍ഹനായിരുന്നു. 
ഇസ്‌ലാമിക ലോകത്ത് ഇന്ന് ഏറ്റവുമേറെ വായിക്കപ്പെടുന്ന പണ്ഡിതനാണ് ഡോ. ഖറദാവി. നൂറ്റി എഴുപത്തിയഞ്ചോളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അവയില്‍ പലതും ബൃഹദ് ഗ്രന്ഥങ്ങള്‍. തന്റെ അസാധാരണമായ ധിഷണാവൈഭവവും ഗവേഷണ ചാതുരിയും നിമിത്തം പണ്ഡിത ലോകത്ത് അദ്ദേഹം മുടിചൂടാമന്നനായി. ആഗോള പണ്ഡിത സഭയുടെ ചെയര്‍മാനുമായി. അനാരോഗ്യം മൂലം പറ്റെ അവശനായപ്പോള്‍ മാത്രമാണ് ആ സ്ഥാനത്തേക്ക് മറ്റൊരാളെക്കുറിച്ച് അവര്‍ക്ക് ആലോചിക്കേണ്ടിവന്നത്. അദ്ദേഹം എഴുതിയ ബൃഹദ് ഗ്രന്ഥങ്ങളില്‍ ഫിഖ്ഹുസ്സകാത്ത് (2 വാള്യം), ഫിഖ്ഹുല്‍ ജിഹാദ് (2 വാള്യം), ഫതാവാ മുആസ്വറ (4 വാള്യം), അല്‍ മുന്‍തഖാ (2 വാള്യം) എന്നിവ വിവിധ വൈജ്ഞാനിക രംഗങ്ങളില്‍ കിടയറ്റ കൃതികളാണ്. നാല് വാള്യങ്ങളുള്ള അദ്ദേഹത്തിന്റെ ആത്മകഥയും എടുത്തുപറയേണ്ട രചനയാണ്. മധുര സുന്ദരവും അയത്‌ന ലളിതവുമായ ആ ഭാഷാ ശൈലി അറബി ഭാഷാഭിജ്ഞരെ ഹരം കൊള്ളിക്കുക തന്നെ ചെയ്യും.
ഈജിപ്തില്‍ ജമാല്‍ അബ്ദുന്നാസിറിന്റെ തേര്‍വാഴ്ചക്കാലത്ത് ഇസ്‌ലാമിക പ്രവര്‍ത്തകര്‍ നേരിട്ട പീഡനങ്ങളില്‍നിന്ന് രക്ഷ നേടാന്‍ വിവിധ അറബി രാജ്യങ്ങളിലേക്ക് ചേക്കേറിയ പണ്ഡിതന്മാരുടെ കൂട്ടത്തില്‍, ഖത്തര്‍ എന്ന കൊച്ചു രാജ്യത്തേക്ക് എത്തിപ്പെട്ട ഖറദാവി അവിടത്തെ 'അല്‍ മഅ്ഹദുദ്ദീനി'യുടെ ഡയറക്ടറായാണ് തന്റെ ഗള്‍ഫ് ജീവിതം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ വാഗ്വിലാസവും പാണ്ഡിത്യവും ഖത്തര്‍ ഭരണാധികാരികളെ ഹഠാദാകര്‍ഷിച്ചു. പുതുതായി രൂപവത്കരിച്ച ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ ശരീഅഃ കോളേജിന്റെ പ്രിന്‍സിപ്പലായും പിന്നീട് ഇസ്‌ലാമിക് റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടറായും അദ്ദേഹം സേവനം ചെയ്തു. ക്രമേണ ഖറദാവി നേടിയെടുത്ത സാര്‍വ ലൗകിക അംഗീകാരവും, ലോക മുസ്‌ലിംകളില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും ഫത്‌വകളും നേടിയ സ്വീകാര്യതയും, മുസ്‌ലിം പണ്ഡിത വേദികളില്‍ ഖറദാവിയുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് ലഭിച്ച സമ്മതിയും ഖറദാവിയോടൊപ്പം ഖത്തറിന്റെ പേര്‍ ലോക വേദികളില്‍ അറിയപ്പെടാന്‍ നിമിത്തമായി. അങ്ങനെ അവഗണിക്കപ്പെട്ടിരുന്ന ആ കൊച്ചു രാജ്യം ഇന്ന് ലോക ശ്രദ്ധ പിടിച്ചുപറ്റിയെങ്കില്‍ അതില്‍ ഖറദാവിയുടെ പങ്ക് നിസ്തുലമാണ്. അതുകൊണ്ടുതന്നെയാണ് ഖറദാവിക്കും കുടുംബത്തിനും ഖത്തര്‍ ഗവണ്‍മെന്റ് പൗരത്വം നല്‍കുകയും ഖറദാവിക്ക് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് നല്‍കി ആദരിക്കുകയും ചെയ്തത്.
ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ആത്മീയ ഗുരുവാണ് ഡോ. ഖറദാവി. ഫലസ്ത്വീനികളെ പോലെ മര്‍ദിതരായ ജനതക്ക് വേണ്ടി തന്റെ തൂലികയും വാഗ്വിലാസവും അദ്ദേഹം പടവാളാക്കി. അതുകൊണ്ടുതന്നെ ഇസ്രായേലും പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളും അദ്ദേഹത്തെ കടുത്ത ശത്രുവായാണ് ഗണിച്ചത്. എന്നാല്‍, രക്തസാക്ഷിത്വം സ്വപ്‌നം കണ്ട് ജീവിച്ച ഡോ. ഖറദാവി ഒരു ശത്രുവെയും വിലവെച്ചില്ല.
രാത്രി മുഴുവന്‍ ഇരുന്ന് രചനയില്‍ മുഴുകുന്ന ഖറദാവി ജീവിതാന്ത്യം വരെ തന്റെ വൈജ്ഞാനിക സംഭാവനകള്‍ നല്‍കിക്കൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ വായനക്കാരുടെ ചിന്താ മണ്ഡലത്തെ തൃപ്തിപ്പെടുത്തുന്നവയായിരുന്നു. അതുകൊണ്ടുതന്നെ ലോകത്തെങ്ങുമുള്ള സുപ്രധാന ഭാഷകളിലെല്ലാം അവ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.  മലയാളത്തിലും നിരവധി ഖറദാവി കൃതികള്‍ വെളിച്ചം കണ്ടിട്ടുണ്ട്. വിശ്വാസവും ജീവിതവും, ഖുര്‍ആനോടുള്ള നമ്മുടെ സമീപനം, വിധിവിലക്കുകള്‍, ഖറദാവിയുടെ ഫത്‌വകള്‍, ഇസ്‌ലാമിക പ്രസ്ഥാനം- മുന്‍ഗണനാക്രമം, പ്രബോധകന്റെ സംസ്‌കാരം, ന്യൂനപക്ഷ കര്‍മശാസ്ത്രം, മുസ്‌ലിം ഐക്യം-സാധ്യതയും സാധുതയും, ആഗോളവത്കരണവും മുസ്‌ലിംകളും എന്നിവ അവയില്‍ പെടുന്നു.
ഇന്ത്യന്‍ മുസ്‌ലിംകളെ അതിയായി സ്‌നേഹിക്കുന്ന പണ്ഡിതവര്യനായിരുന്നു ഖറദാവി. മഅ്ഹദുദ്ദീനിയിലും ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലും പഠിച്ച നിരവധി മലയാളി വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. ഇന്ത്യയില്‍ ഒന്നിലേറെ തവണ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. കേരളത്തിന് രണ്ട് തവണ അദ്ദേഹത്തിന് ആതിഥ്യം നല്‍കാന്‍ അവസരമുണ്ടായി; 1984-ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജിന്റെ രജത ജൂബിലി ആഘോഷത്തിനും 2003-ല്‍ ശാന്തപുരം കോളേജിനെ അല്‍ജാമിഅയാക്കി പ്രഖ്യാപിച്ച സന്ദര്‍ഭത്തിലും. മലയാളികളെ അതിയായി സ്‌നേഹിക്കുന്ന ഖറദാവി മലയാളി വിദ്യാര്‍ഥികളുടെ ബുദ്ധിശക്തിയെയും ജ്ഞാനതൃഷ്ണയെയും എപ്പോഴും പ്രശംസിക്കാറുണ്ടായിരുന്നു. ഇത് സംബന്ധമായ ചില പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ആത്മകഥയിലും കാണാം.
മൗലാനാ മൗദൂദിയുടെ ഉറ്റമിത്രമായിരുന്നു ഡോ. യൂസുഫുല്‍ ഖറദാവി. മൗദൂദിയുടെ മരണവൃത്താന്തമറിഞ്ഞ അദ്ദേഹം പാകിസ്താനില്‍ ഓടിയെത്തുകയും ജനാസ നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. ഖറദാവിയുടെ ഫിഖ്ഹുസ്സകാത്ത് എന്ന ഗ്രന്ഥത്തെക്കുറിച്ച് മൗദൂദി പറഞ്ഞത് 'ഇരുപതാം നൂറ്റാണ്ടില്‍ ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന് ലഭിച്ച ഏറ്റവും മികച്ച സംഭാവന' എന്നായിരുന്നു. മൗദൂദിയെക്കുറിച്ച് ഡോ. ഖറദാവി ഒരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട്.
ഓരോ ശതകങ്ങളിലും ഇസ്‌ലാമിക നവോത്ഥാനത്തിനായി മുജദ്ദിദുകളെ അല്ലാഹു നിയോഗിക്കും എന്ന് പ്രവാചകന്‍ മുഹമ്മദ് നബി പ്രസ്താവിച്ചിട്ടുണ്ട്. ഏഷ്യനാഫ്രിക്കന്‍ നാടുകൡും യൂറോപ്പിലും അമേരിക്കയിലുമെല്ലാം ഖറദാവി നേടിയെടുത്ത സ്വീകാര്യതയും അദ്ദേഹത്തിന്റെ വൈജ്ഞാനിക സംഭാവനകളുടെ അംഗീകാരവും നിസ്സംശയം ബോധ്യപ്പെടുത്തും, ഖറദാവി കാലഘട്ടത്തിന്റെ മുജദ്ദിദ് തന്നെയെന്ന്.
മുസ്‌ലിം സമൂഹത്തില്‍ പൊതുവിലും പണ്ഡിത ലോകത്ത് വിശേഷിച്ചും ചര്‍ച്ചാ വിഷയമായ മിക്ക വിഷയങ്ങളിലും ഖറദാവിയുടെ തൂലിക ഇടപെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രചുര പ്രചാരമായ കൃതി ഫിഖ്ഹുസ്സകാത്ത് ഇസ്‌ലാമിലെ സകാത്ത് വ്യവസ്ഥയുടെ വിജ്ഞാന കോശമാണ്. സങ്കീര്‍ണമായ കര്‍മശാസ്ത്ര പ്രശ്‌നങ്ങളെ അതിസമര്‍ഥമായി കെട്ടഴിക്കുന്നതില്‍ ഈ ഗ്രന്ഥത്തില്‍ ഖറദാവി വിജയിച്ചിട്ടുണ്ട്. ലോക മുസ്‌ലിംകളുടെ ഒരു റഫറന്‍സ് ഗ്രന്ഥമായി മാറാന്‍ ഈ ഡോക്ടറേറ്റ് തിസീസിന് സാധിച്ചിട്ടുണ്ട്.
ആധുനിക മുസ്‌ലിം ലോകത്ത് കോളിളക്കം സൃഷ്ടിച്ച മറ്റൊരു വിഷയമാണ് ജിഹാദ്. 1500-ഓളം പേജുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ ഗ്രന്ഥം തദ്വിഷയകമായി എഴുതപ്പെട്ട സമഗ്രവും നിസ്തുലവുമായ കൃതിയാണ്. അതുപോലെ സമകാലിക വിഷയങ്ങളെക്കുറിച്ച് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നും ഉന്നയിക്കപ്പെടുന്ന സംശയങ്ങളുടെ മറുപടിയാണ് നാല് വാള്യങ്ങളിലുള്ള ഫതാവാ മുആസ്വറ. ഇമാം മുന്‍ദിരിയുടെ അത്തര്‍ഗീബ് വത്തര്‍ഹീബ് എന്ന പ്രഖ്യാതമായ ഹദീസ് ഗ്രന്ഥത്തില്‍നിന്ന് പ്രബലമായ ഹദീസുകള്‍ തെരഞ്ഞെടുത്ത് രണ്ട് വാള്യങ്ങളിലാക്കി സംഗ്രഹിച്ചതാണ് അല്‍ മുന്‍തഖാ എന്ന കൃതി.
ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കിടയില്‍ നിരന്തരം ചര്‍ച്ചക്ക് വിഷയീഭവിച്ച നിരവധി പ്രശ്‌നങ്ങള്‍ ഖറദാവിയുടെ വിശകലനത്തിന് വിധേയമായിട്ടുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്‍ഗണനാക്രമം, ഇസ്‌ലാമിക ജാഗരണം ജാഡ്യതക്കും ആത്യന്തികതക്കും മധ്യെ എന്നിവ മുസ്‌ലിം സംഘടനകള്‍ക്കുള്ള മാര്‍ഗ ദര്‍ശനമാണ്. ഇജ്തിഹാദിനെക്കുറിച്ചും ഫിഖ്ഹുല്‍ മഖാസ്വിദിനെക്കുറിച്ചും അദ്ദേഹം എഴുതിയ കൃതികള്‍ മികച്ച പഠനങ്ങളാണ്.
കര്‍മശാസ്ത്ര വിഷയങ്ങളിലാണ് ഖറദാവിയുടെ പ്രാഗത്ഭ്യം കൂടുതല്‍ തെളിഞ്ഞു കാണുക. കാലഘട്ടത്തിന്റെ പരിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടും അടിസ്ഥാന പ്രമാണങ്ങളിലൂന്നിയും അദ്ദേഹം പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ സശിരകമ്പം സമ്മതിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കും. ന്യൂനപക്ഷ കര്‍മശാസ്ത്രത്തെക്കുറിച്ചും ഇസ്‌ലാമിക രാഷ്ട്രത്തെക്കുറിച്ചും (മിന്‍ ഫിഖ്ഹിദ്ദൗല), ബാങ്ക് പലിശയെക്കുറിച്ചുമെല്ലാം അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഖുര്‍ആനിനെയും പ്രവാചക ചര്യയെയും എങ്ങനെ സമീപിക്കണം എന്ന വിഷയത്തില്‍ അദ്ദേഹം എഴുതിയ രണ്ട് കൃതികളും ശ്രദ്ധേയങ്ങളാണ്.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 2326
ടി.കെ ഉബൈദ്‌

ഹദീസ്‌

സമ്പാദ്യം സംശുദ്ധമാണോ?
കെ.പി ബഷീര്‍ ഈരാറ്റുപേട്ട