Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 07

3271

1444 റബീഉല്‍ അവ്വല്‍ 11

ഇസ്‌ലാമിക വിജ്ഞാന ലോകത്തെ വേറിട്ട ശബ്ദം

സി.പി ഉമര്‍ സുല്ലമി  (ജനറല്‍ സെക്രട്ടറി, കെ.എന്‍.എം മര്‍ക്കസുദ്ദഅ്‌വ)

ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ അഗാധമായി പരിചയപ്പെടുത്തിയ ഒട്ടേറെ പണ്ഡിതര്‍ ചരിത്രത്തിലും വര്‍ത്തമാന കാലത്തും ഉണ്ട്. പലരും മതത്തിലെ പ്രത്യേക മേഖലകളിലോ ഗവേഷണങ്ങളിലോ വ്യുല്‍പ്പത്തിയുള്ളവരാണ്. മതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും ആഴത്തില്‍ അപഗ്രഥിക്കുകയും സമകാല വിജ്ഞാനങ്ങളിലൂടെ സഞ്ചരിച്ച് ഇസ്‌ലാമിന്റെ അതിജീവനം അക്കാദമികമായി ബോധ്യപ്പെടുത്തുകയും ചെയ്ത വിശ്വപ്രതിഭകള്‍ അപൂര്‍വമാണ്. കാലത്തെ വായിച്ചും വിലയിരുത്തിയും കാലഘട്ടങ്ങളെ വിശകലനം ചെയ്തും മതത്തിന്റെ ആശയപ്രപഞ്ചത്തെ ശക്തമായി ബോധ്യപ്പെടുത്തുകയും ചെയ്ത പണ്ഡിതരും പരിമിതമാണ്. പുതിയതെല്ലാം നിഷിദ്ധത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയും മതസന്ദേശങ്ങളെ അക്ഷര വായനയില്‍ പരിമിതപ്പെടുത്തിയും ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നവര്‍ക്ക് മുന്നില്‍, മതപ്രമാണത്തിന്റെ പരിശുദ്ധിയും മൗലികതയും ചോരാതെ മതത്തെ കാലവുമായി ചേര്‍ത്തു വായിച്ച മഹാ പണ്ഡിതനാണ് യൂസുഫുല്‍ ഖറദാവി.
ഒമ്പത് പതിറ്റാണ്ടുകാലം താപസജന്യമായ ജ്ഞാന സപര്യയായിരുന്നു ഖറദാവിയുടെത്. ആധുനിക കാലത്ത് പുതിയ പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍, പ്രാമാണിക വിശകലനങ്ങളിലൂടെ ഇസ്‌ലാമിന്റെ ആദര്‍ശ സംഹിതയെ ഉയര്‍ത്തിക്കാണിക്കാന്‍ അദ്ദേഹത്തിന് സാധ്യമായിട്ടുണ്ട്. സാമ്പത്തിക ശാസ്ത്ര രംഗത്ത് നാം കാണുന്ന പുതിയ വിശകലനങ്ങളുടെയും വിജ്ഞാന ശാഖകളുടെയും മുന്നില്‍ ഒരു മുസ്‌ലിം പകച്ചുപോവേണ്ടതില്ലെന്ന് ബോധ്യപ്പെടുത്തുന്ന കനപ്പെട്ട ഗ്രന്ഥങ്ങളാണ് ഖറദാവിയുടേത്. ദൗറുല്‍ ഖിയമി വല്‍ അഖ്‌ലാഖ് ഫില്‍ ഇഖ്തിസ്വാദില്‍ ഇസ്‌ലാമി, അല്‍ഹലാലു വല്‍ ഹറാമു ഫില്‍ ഇസ്‌ലാം, ഫിഖ്ഹുസ്സകാത്ത് എന്നിവ ഉദാഹരണങ്ങളാണ്. ഇസ്‌ലാമിക് ഫിനാന്‍സ്, ബാങ്കിംഗ് എന്നീ വിജ്ഞാന മേഖലകള്‍ വികസിക്കുന്നതിന് എത്രയോ മുമ്പ് തന്നെ ഈ രംഗത്ത് മത സന്ദേശങ്ങളിലൂടെ ദിശാബോധം പകരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സകാത്തിന്റെ വിവിധ വശങ്ങളെ കേവലം ഫിഖ്ഹ് എന്നതില്‍ പരിമിതപ്പെടുത്താതെ, വര്‍ത്തമാനകാല സാമ്പത്തിക പഠനങ്ങള്‍ മുന്നില്‍ വെച്ച് വിശകലന വിധേയമാക്കിയ അപൂര്‍വ ഗ്രന്ഥമാണ് ഫിഖ്ഹുസ്സകാത്ത്.
പരിസ്ഥിതിയും ഇസ്‌ലാമുമായി ബന്ധിപ്പിച്ചുള്ള അദ്ദേഹത്തിന്റെ രിആയത്തുല്‍ ബീഅഃ ഫീ ശരീഅത്തില്‍ ഇസ്‌ലാം (പരിസ്ഥിതി പരിപാലനം ഇസ്‌ലാമിക ശരീഅത്തില്‍) എന്ന ഗ്രന്ഥവും അല്‍ വഖ്ത്തു ഫീ ഹയാത്തില്‍ മുസ്‌ലിം (സമയം വിശ്വാസിയുടെ ജീവിതത്തില്‍) എന്ന ഗ്രന്ഥവും ഔലവിയ്യാത്തു ഹര്‍കത്തില്‍ ഇസ്‌ലാമിയ്യ (ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്‍ഗണനാ ക്രമം) എന്ന ഗ്രന്ഥവും ഇസ്‌ലാമിക വിജ്ഞാന ലോകത്ത് പുതുമയുള്ള ആദ്യ പഠനങ്ങളാണ്.
മദ്ഹബിന്റെ ഇമാമുകളുടെയും മറ്റും പണ്ഡിതാഭിപ്രായങ്ങളെ തികഞ്ഞ ബഹുമാനത്തോടെ അംഗീകരിച്ചുകൊണ്ടുതന്നെ തന്റെ വീക്ഷണങ്ങളെയും പഠനങ്ങളെയും കൃത്യമായി അവതരിപ്പിക്കുന്ന ഖറദാവിയുടെ ശൈലിയും നിലപാടും മാതൃകാപരമാണ്.
മതാശയങ്ങളെ സങ്കീര്‍ണമാക്കാതെ അവയുടെ സരളതയിലും സുതാര്യതയിലും ഊന്നുന്ന, അദ്ദേഹത്തിന്റെ അവതരണം ഏറെ പ്രസക്തമാണ്. ഫിഖ്ഹുത്തയ്‌സീര്‍ അതിന് ഉദാഹരണമാണ്.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 2326
ടി.കെ ഉബൈദ്‌

ഹദീസ്‌

സമ്പാദ്യം സംശുദ്ധമാണോ?
കെ.പി ബഷീര്‍ ഈരാറ്റുപേട്ട