പാരമ്പര്യ വൃത്തങ്ങള്‍ക്കപ്പുറം സഞ്ചരിച്ച പണ്ഡിതന്‍
ഡോ. യൂസുഫുല്‍ ഖറദാവിയുടെ വിയോഗം ഇസ്‌ലാമിക ജ്ഞാന ലോകത്തിന് വലിയ നഷ്ടം തന്നെയാണ്. അദ്ദേഹം കൈവെക്കാത്ത അറിവിന്റെ മേഖലകളില്ല. ഇസ്‌ലാം കേവലം അനുഷ്ഠാനങ്ങളുടെ പാരമ്പര്യ വൃത്തങ്ങള്‍ക്കപ്പുറത്ത് മനുഷ്യ ജീവിതത്തെ മുഴുവനായും നിയന്ത്രിക്കുന്ന പ്രായോഗികമായ ചാലകശക്തിയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ രചനകള്‍. ഇരുനൂറോളം കനപ്പെട്ട ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടദ്ദേഹം. അവയില്‍ പലതും ലോകഭാഷകളില്‍ ലഭ്യമാണ്. പലതും മലയാളത്തിലുണ്ട്.
മുതലാളിത്തവും കമ്യൂണിസവുമല്ലാത്ത ഒരു സമ്പൂര്‍ണ സാമ്പത്തിക ശാസ്ത്രം ഇസ്‌ലാമിനുണ്ടെന്ന് അദ്ദേഹം സമര്‍ഥിച്ചു. തന്റെ പി.എച്ച്.ഡി തിസീസ് സമൂഹത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്നതാണ്. ഫിഖ്ഹുസ്സകാത്ത് എന്ന ഗ്രന്ഥമാണ് ഇരുപതാം നൂറ്റാണ്ടില്‍ ഇസ്‌ലാമിലെ ധനതത്ത്വശാസ്ത്രത്തില്‍ നടന്ന ഏറ്റവും ബൃഹത്തായ പഠനം. കിതാബുല്‍ ഖറാജും കിതാബുല്‍ അംവാലും പോലെ മുസ്‌ലിം ലോകം ഒന്നടങ്കം അംഗീകരിക്കുന്ന ഗ്രന്ഥമാണത്.
എന്റെ ഗുരുനാഥന്മാരായ സി.പി അബൂബക്കര്‍ മൗലവി, അബുസ്സ്വലാഹ് മൗലവി തുടങ്ങിയവര്‍ സകാത്ത് വിഷയം പഠിപ്പിക്കുമ്പോള്‍ ഫിഖ്ഹുസ്സകാത്ത് നല്ലൊരു റഫറന്‍സ് ആയി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എ.പി അബ്ദുല്‍ ഖാദര്‍ മൗലവിയുടെ സകാത്ത് സംബന്ധമായ പുസ്തക രചനയിലും ക്ലാസുകളിലും ഏറെ ഉപയോഗപ്പെടുത്തിയ ഗ്രന്ഥമാണത്. കര്‍മശാസ്ത്ര വിഷയങ്ങളില്‍ മദ്ഹബുകളുടെ ഇമാമുകളെയും പണ്ഡിതന്മാരെയും ബഹുമാനപൂര്‍വം അംഗീകരിച്ചുകൊണ്ട് തന്നെ അദ്ദേഹം നടത്തിയ പഠനങ്ങള്‍ ആധുനിക വിഷയങ്ങളില്‍ ഇസ്‌ലാമിന്റെ നിലപാടുകള്‍ വരച്ചു കാട്ടുന്നുണ്ട്. ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിന് അല്‍ ഇഖ്തിസ്വാദുല്‍ ഇസ്‌ലാമി എന്ന പേരില്‍ ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ മുന്നില്‍ പരിചയപ്പെടുത്തുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചു. ഇസ്‌ലാമിക് ബാങ്കിംഗ് എന്ന ആശയത്തിന്റെ ടെര്‍മിനോളജികള്‍ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ വലുതാണ്.
മറ്റൊരു പഠനമായ അല്‍ ഹലാലു വല്‍ ഹറാമു ഫില്‍ ഇസ്‌ലാം എന്ന ഗ്രന്ഥം ലോക പ്രസിദ്ധമാണ്. എന്റെ ഗുരുനാഥന്‍ മൗലവി മുഹമ്മദ് കുട്ടശ്ശേരി ഈ ഗ്രന്ഥം അവലംബിച്ച് ആഴ്ചകളോളം ഖുത്വ്ബകള്‍ നടത്തിയിട്ടുണ്ട്. മുസ്‌ലിം സമൂഹത്തിലെ അമുസ്‌ലിംകളുടെ അവകാശങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥമാണ് ഗൈറുല്‍ മുസ്‌ലിമീന ഫില്‍ മുജ്തമഇല്‍ ഇസ്‌ലാമി. ഇത് വായിച്ച ചില മുസ്‌ലിം ന്യൂനപക്ഷ പ്രദേശങ്ങളിലെ വായനക്കാരുടെ ആവശ്യപ്രകാരമാണ് അമുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ഇസ്‌ലാമിക ജീവിതം വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചത്. തന്റെ യൂറോപ്യന്‍-അമേരിക്കന്‍ യാത്രകളില്‍ അവിടങ്ങളിലെ മുസ്‌ലിംകളില്‍ നിന്നുയര്‍ന്നു വന്ന ചോദ്യങ്ങളും ആ ഗ്രന്ഥരചനക്ക് പ്രേരണയായിട്ടുണ്ട്. ഫിഖ്ഹുല്‍ അഖല്ലിയ്യാത്ത് എന്ന ഒരു വിജ്ഞാനശാഖ തന്നെ പിന്നീടുണ്ടായി. മതത്തിന്റെ പേരിലുള്ള കാര്‍ക്കശ്യതക്കെതിരായിരുന്നു അദ്ദേഹം.
അദ്ദീനു യുസ്‌റുന്‍ (മതം എളുപ്പമാണ്) എന്ന് അദ്ദേഹം പറയുമായിരുന്നു. ഫിഖ്ഹുത്തയ്‌സീര്‍ (എളുപ്പമുള്ള കര്‍മശാസ്ത്രം) അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ആണ്. ഇമാം ശാത്വിബിയുടെ മഖാസിദുശ്ശരീഅ (ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍) ആധുനിക കാലത്ത് നന്നായി വിശദീകരിച്ചത് അദ്ദേഹമാണ്. കാല-ദേശ വ്യത്യാസമനുസരിച്ച് ഫത്‌വകള്‍ മാറുമെന്ന ഇമാം ഇബ്‌നുല്‍ ഖയ്യിമിന്റെ അഭിപ്രായം ഖറദാവി വിശദീകരിച്ചിട്ടുണ്ട്.
സലഫി, അശ്അരി, മാതുരീദി മാര്‍ഗങ്ങളെല്ലാം അഹ്‌ലുസ്സുന്നയില്‍ പെടുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അപ്രകാരം തന്നെ ശീഇകളും മുസ്‌ലിം ഉമ്മത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെയൊക്കെ പേരില്‍ അദ്ദേഹം ധാരാളം വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. ഇസ്‌ലാമിക പഠന ഗവേഷണങ്ങള്‍ക്കായുള്ള 1994-ലെ സുഊദിയിലെ കിംഗ് ഫൈസല്‍ അന്താരാഷ്ട്ര അവാര്‍ഡും 2000-ല്‍ ദുബൈ സര്‍ക്കാറിന്റെ ഹോളി ഖുര്‍ആന്‍ ഇന്റര്‍നാഷനല്‍ അവാര്‍ഡും നേടി.
അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ഒരു വെള്ളപ്പാച്ചില്‍ പോലെയാണ്. ഒരു കുറിപ്പും നോക്കാതെ അദ്ദേഹം ദീര്‍ഘമായി പ്രസംഗിക്കുമായിരുന്നു. മുന്‍ കാല പണ്ഡിതന്മാരോട് പല വിഷയത്തിലും വിയോജിക്കുന്ന അദ്ദേഹത്തോട് വിയോജിക്കുന്നവരോടും അദ്ദേഹത്തിന്ന് നല്ല ബന്ധമായിരുന്നു. വിവിധ മുസ്‌ലിം വിഭാഗങ്ങള്‍ സ്വയം സ്വീകരിച്ച പേരുകള്‍ മാത്രമേ അവരെപ്പറ്റി മറ്റുള്ളവരും പറയാവൂ എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഞാന്‍ ഖറദാവിയുടെ ഗ്രന്ഥങ്ങള്‍ പലതും വായിച്ചിട്ടുണ്ട്. മക്കയില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേട്ടിട്ടുണ്ട്. റാബിത്വ സംഘടിപ്പിച്ച ലോക മുസ്‌ലിം പണ്ഡിത സമ്മേളനത്തില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്തിട്ടുണ്ട്. ഖത്തറില്‍ അദ്ദേഹത്തിന്റെ ഖുത്വ്ബകള്‍ കേട്ടിട്ടുണ്ട്. അദ്ദേഹത്തെ വീട്ടില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവസാനമായി അദ്ദേഹം കോഴിക്കോട്ട് വന്നപ്പോള്‍ അദ്ദേഹവുമായി ആശയവിനിമയം നടത്തുകയുണ്ടായി. ഗവേഷണ സ്വഭാവമുള്ള വിഷയങ്ങളില്‍ ഏതൊരു പണ്ഡിതനോടും മറ്റു പല പണ്ഡിതന്മാരും എതിര്‍പ്പ് പ്രകടിപ്പിക്കുക സ്വാഭാവികമാണ്. അത് ഖറദാവിക്കെതിരിലും ഉണ്ടായിട്ടുണ്ട്.
അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ക്കെതിരില്‍ പല പണ്ഡിതന്മാരും ലേഖനങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അദ്ദേഹം വിമര്‍ശനങ്ങള്‍ക്കതീതനൊന്നുമല്ലല്ലോ. അദ്ദേഹത്തിന്റെ വിയോഗം ഇസ്‌ലാമിക വൈജ്ഞാനിക ലോകത്തിന് വലിയൊരു നഷ്ടം തന്നെയാണ്. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാവട്ടെ. ആമീന്‍.
Comments