Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 07

3271

1444 റബീഉല്‍ അവ്വല്‍ 11

നോക്കുകുത്തിയാക്കുന്നു

അഡ്വ. സദാനന്ദന്‍ പാണാവള്ളി

ഊട്ടിവളര്‍ത്തിയ കൈകൊണ്ട് ഉദകക്രിയ നടത്തിയ വിരളവും വിചിത്രവുമായ  സംഭവമായി മാറിയിരിക്കുകയാണ് സംസ്ഥാന ഭരണകൂടം കൊണ്ടുവന്ന ലോകായുക്ത നിയമ ഭേദഗതി. 1999-ല്‍ നായനാര്‍ മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന്‍ നായര്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കിയെടുത്ത നിയമം,'ഓംബുഡ്‌സ്മാന്‍ കടിക്കാനറിയാത്ത കാവല്‍നായയെങ്കില്‍ കടിക്കാന്‍ തക്ക അധികാരം ലോകായുക്തക്കുണ്ട്' എന്ന് 2019 നവംബറിലെ ലോകായുക്ത ദിനത്തില്‍ വിശേഷിപ്പിച്ച മുഖ്യമന്ത്രിയാല്‍ തന്നെ ആ പല്ല് പിഴുതു കളയുകയാണ്. 1999 മുതലിങ്ങോട്ട് മുപ്പത്തി അയ്യായിരം പരാതികള്‍ തീര്‍പ്പാക്കിയ ലോകായുക്തയുടെ ഒരു തീരുമാനവും ഭരണഘടനാ വിരുദ്ധമാണെന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചതായി ചരിത്രമില്ല.
ലോകായുക്തക്കു പ്രഖ്യാപനങ്ങള്‍ നടത്താനധികാരമുണ്ടെന്നുള്ള പതിനാലാം വകുപ്പിന്റെ കടക്കല്‍ കത്തിവെക്കുന്ന ഭേദഗതിയുടെ അഞ്ചാം വകുപ്പ് യഥാര്‍ഥത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് എന്നും ആശ്രയമായിരുന്ന ഒരു നിയമസംവിധാനത്തെയാകെ നോക്കുകുത്തിയാക്കുന്നതായിപ്പോയി. 


'മന്‍ യംനഉക്ക മിന്‍ഹും?'

പി.കെ.കെ തങ്ങള്‍

പ്രബോധനത്തില്‍ (സെപ്റ്റംബര്‍ 23) ശൈഖ്  മുഹമ്മദ് കാരകുന്ന് എഴുതിയ 'സാമൂഹിക ഇടപെടലിന്റെ ഇസ്‌ലാമിക രീതിശാസ്ത്രം' വായിച്ചപ്പോള്‍ ഈയടുത്ത് ഒരു പണ്ഡിതന്‍ നടത്തിയ വിവാദ പ്രസംഗമാണ് ഓര്‍മവന്നത്. അത്തരക്കാര്‍ ദൈവിക വചനങ്ങള്‍ക്ക് തെറ്റായ വ്യാഖ്യാനം നല്‍കി നിമിഷ വൈകാരികത കുത്തിപ്പൊക്കി ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്. നാലാളെ മുന്നില്‍ കാണുമ്പോള്‍ തരം പോലെ വൈകാരികമായി വ്യാഖ്യാനിക്കാനുള്ളതല്ല ഖുര്‍ആനും ഹദീസുകളും. ശത്രുതാ ഭാവത്തിന്റെ എല്ലാ തീക്ഷ്ണതയും പേറി നടന്ന ഒരു സമൂഹത്തെ അല്ലാഹുവിലും പ്രവാചകരിലും പരലോകത്തിലുമുള്ള വിശ്വാസം ബോധ്യപ്പെടുത്തിയാണ് പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇസ്‌ലാമിന്റെ  സുന്ദര ഭാവങ്ങള്‍ സമൂഹത്തില്‍ സന്നിവേശിപ്പിച്ചാണ് ആദര്‍ശ പ്രചാരണം നടത്തിയത്. മര്‍ദിതരുടെ വിമോചന സമരങ്ങളെയും ഇസ്‌ലാം അതിന്റെ പ്രബോധനത്തിലധിഷ്ഠിതമാക്കുകയും പരലോകവുമായി ബന്ധിപ്പിക്കുകയുമാണ് ചെയ്തത്.  ഒരു ബഹുസ്വര സമൂഹത്തില്‍ വൈകാരികതയുടെ വിഷവിത്തുകള്‍ വിതറി ലാഭം കൊയ്യാന്‍  പണ്ഡിത വേഷധാരികള്‍ രംഗത്തിറങ്ങുമ്പോള്‍ അത് സമൂഹത്തിന്റെ നിലനില്‍പ്  അപകടപ്പെടുത്തും എന്ന് മനസ്സിലാക്കി കേരളീയ ഇസ്‌ലാമിക സമാജം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ഇത്തരം ആളുകളോട് ചോദിച്ചു പോവുകയാണ്, 'മന്‍ യമ്‌നഉക്ക മിന്‍ഹും?' 

 

മൗദൂദിയെ വായിക്കുമ്പോള്‍

ഉമര്‍ മാറഞ്ചേരി

ലക്കം 3269-ല്‍ മൗലാനാ മൗദൂദിയെക്കുറിച്ച് വന്ന  ലേഖനങ്ങള്‍ പഠനാര്‍ഹമായി. ഇസ്‌ലാം ശാന്തിയുടെയും സമാധാനത്തിന്റെയും ആദര്‍ശമാണ്, സമഗ്ര ജീവിത വ്യവസ്ഥയാണ്, പ്രത്യയശാസ്ത്രമാണ്. അതെ, ഒരു കാലഘട്ടത്തില്‍ കേരളത്തിന്റെ നാട്ടുമ്പുറങ്ങളില്‍ വരെ പടര്‍ന്നുകയറിയ ചിന്താധാര. ബീഡിതൊഴിലാളികള്‍ ഒരു തൊഴിലാളിയെ വായനാതൊഴിലാളിയായി അടുത്തിരുത്തി വായിപ്പിച്ചുകേട്ട വലിയ വിപ്ലവാദര്‍ശം. ഒരു നവലോകം അവര്‍ക്കു മുന്നില്‍ തുറക്കുകയായിരുന്നു. കമ്യൂണിസത്തിന്റെ ആശയലോകത്ത് കടന്നാക്രമണം നടത്തി ഇസ്‌ലാമിക പ്രവര്‍ത്തകന്മാരായി പരിവര്‍ത്തിപ്പിക്കപ്പെട്ട സാധാരണക്കാരില്‍ സാധാരണക്കാര്‍. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നെറുകയില്‍ എത്തിയവര്‍. മൗദൂദി വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിച്ച മഹാ മനുഷ്യര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാന വിപ്ലവ ബോധങ്ങള്‍ കൈകോര്‍ത്തു. ജമാഅത്തെ ഇസ്‌ലാമി, ഇഖ്വാനുല്‍ മുസ്‌ലിമൂന്‍...
ദൈവിക നിയമങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനുള്ളതെന്ന് ഉറക്കെ വിളിച്ചുപറഞ്ഞവര്‍. തൗഹീദ് എന്ന ഇസ്‌ലാമിന്റെ അടിവേരിന് കത്തിവെക്കുന്ന പ്രവണതകള്‍ അധികാര-അന്ധവിശ്വാസ കേന്ദ്രങ്ങളില്‍ നിന്നാണ് പ്രധാനമായും എന്നും ഉയര്‍ന്നു വന്നുകൊണ്ടിരിക്കുക. ഇബ്‌റാഹീം, മൂസാ, ഈസാ നബിമാര്‍ നേരിട്ട പരീക്ഷണങ്ങള്‍ ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നു. ലോകാവസാനം വരെ ഈ അവസ്ഥ തുടര്‍ന്നുകൊണ്ടിരിക്കും. കാരണം ഒരു ഭാഗത്ത് ഇസ്‌ലാം, മറുഭാഗത്ത് പൈശാചിക ശക്തികള്‍. ചരിത്രത്തിന്റെ ദശാസന്ധികളില്‍ നബിമാര്‍ കടന്നു വന്നതുപോലെ, പില്‍ക്കാലത്ത് പരിഷ്‌കര്‍ത്താക്കള്‍ വന്നുകൊണ്ടിരിക്കുന്നു. ആ നിരയില്‍ എണ്ണാവുന്ന വ്യക്തിത്വമാണ് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി.  പ്രബോധനത്തില്‍ ഇത്തരം പഠനങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 

 

അഭ്രപാളികളിലെ അപഭ്രംശങ്ങള്‍

ഇസ്മായില്‍ പതിയാരക്കര, വടകര

ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തില്‍  ഊന്നിക്കൊണ്ടുള്ള കവര്‍ സ്റ്റോറി (ലക്കം 16) വായിച്ചപ്പോള്‍ തോന്നിയ ചില വിചാരങ്ങളാണ് ഈ കുറിപ്പിനാധാരം. പതിമൂന്നാം വയസ്സ് മുതല്‍ മദ്യത്തിന്റെ രുചി അറിഞ്ഞു തുടങ്ങുന്ന തരത്തില്‍ കേരളത്തിന്റെ കൗമാരം മാറുന്നു എന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെ ആയെങ്കിലും സമൂഹത്തിനോ ഭരണകൂടത്തിനോ എന്തു ചെയ്യാന്‍ കഴിഞ്ഞു എന്നു ചോദിച്ചാല്‍ പറയാന്‍ മാത്രം ഒന്നുമില്ല എന്നതാണ് ഉത്തരം. പല  കോളേജുകളും കഞ്ചാവിന്റെയും ബ്രൗണ്‍ ഷുഗറിന്റെയും ഉപയോഗ ക്രമം കൂടി പഠിപ്പിക്കുന്ന ഇടങ്ങളായി സാമൂഹിക ദ്രോഹികള്‍ മാറ്റിക്കഴിഞ്ഞിട്ടും ഒറ്റപ്പെട്ട പ്രതിരോധങ്ങള്‍ മാത്രമേ കാണാനുള്ളൂ.
ഇന്ന് യുവത്വത്തെ വല്ലാതെ സ്വാധീനിക്കുന്ന സിനിമ എന്ന കലാ രൂപത്തിന്റെ കഴിഞ്ഞ ഇരുപതു വര്‍ഷവും നാം കണക്കിലെടുക്കണം. അപ്പോള്‍ ഒരു കാര്യം സ്പഷ്ടമായും നമുക്ക് ബോധ്യമാവും, മദ്യപാനം യുവത്വത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണെന്നും ആണത്തത്തിന്റെ അടയാളമാണെന്നും ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്നും ധ്വനിപ്പിച്ചുകൊണ്ട് മദ്യപാനത്തെ  അഭിമാനകരമായ ഒന്നാക്കി ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ പഴയ കാല പടങ്ങളെക്കാള്‍ നവ സിനിമകള്‍ വഹിച്ച പങ്ക് ആര്‍ക്കും തള്ളിക്കളയാന്‍ കഴിയില്ല. 
തങ്ങളുടെ ഇഷ്ട താരങ്ങള്‍ സ്‌ക്രീനുകളില്‍ സ്വര്‍ണ വര്‍ണമുള്ള പാനീയം ഗ്ലാസ്സുകളിലേക്ക് പകര്‍ന്ന്, അതിന്റെ കൂടെ കുരുമുളക് മിക്‌സ് ചെയ്തും ഇളനീരിലൊഴിച്ചുമൊക്കെ അകത്താക്കി പ്രതിയോഗികളെ നിലം പരിശാക്കുന്നത് കാണുമ്പോള്‍  ചില കാണികള്‍ക്കെങ്കിലും ലഹരിയുടെ ഹരം കേറും.  ബ്രൗണ്‍ ഷുഗര്‍ പോലുള്ള മയക്കുമരുന്നുകള്‍ കുത്തിവെക്കുന്നത് കാണിക്കുന്ന ന്യൂജന്‍ സിനിമകള്‍ ഇപ്പോള്‍ ധാരാളമായി ഇറങ്ങുന്നുണ്ട്.  അഭ്രപാളികള്‍ സൃഷ്ടിക്കുന്ന ലഹരി അഭിനിവേശത്തിനെതിരെ സമൂഹം രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ലഹരി ഉപയോഗിക്കുന്ന രംഗങ്ങള്‍ കഥക്ക് അനിവാര്യമാണെങ്കില്‍ അതിന്റെ ദൂഷ്യ വശം കൂടി സമൂഹത്തിനു ബോധ്യമാവും വിധത്തില്‍ പാത്രസൃഷ്ടി നടത്താന്‍ ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കുന്ന തരത്തില്‍ ജനരോഷം ഉയര്‍ന്നുവരട്ടെ. മയക്കുമരുന്ന് ഉപയോഗിക്കുന്ന വിധവും അതിനു ശേഷം അഭിനയിച്ച ആള്‍ക്ക് ഉണ്ടാവുന്ന അഭൂതപൂര്‍വമായ സുഖാനുഭൂതിയുമൊക്ക ലഹരിലോബികളില്‍ നിന്ന് വന്‍ തുക വാങ്ങി ചിത്രീകരിക്കുന്ന ഗൂഢ സംഘങ്ങളും ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നു എന്ന തരത്തില്‍,  ഒരു മലയാള പത്രത്തിന്റെ (2022 സെപ്റ്റംബര്‍ 15) കോഴിക്കോട് എഡിഷനില്‍ കണ്ട വാര്‍ത്തയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. 


'ലഹരിമുക്ത നാട്' യാഥാര്‍ഥ്യമാക്കാന്‍

കെസി ജലീല്‍ പുളിക്കല്‍

വീടിന് തീപിടിച്ചു വെന്തെരിയുമ്പോള്‍ തീയണക്കാന്‍ ഓടിക്കൂടാത്തവരുണ്ടാവില്ല. ഓടിക്കൂടുന്നവരുടെ ബലാബലങ്ങളോ ഗുണഗണങ്ങളോ പരിഗണിക്കാറില്ല. ഓരോരുത്തരും തന്നാലാവുന്നത് ചെയ്യുക തന്നെ. അതാണ് സന്ദര്‍ഭത്തിന്റെ തേട്ടം. ലഹരിയുടെ വന്‍ നാശത്തില്‍ ഞെരിഞ്ഞമരുന്ന നാടിനെ രക്ഷിക്കാന്‍ അടിയന്തരമായി രംഗത്തിറങ്ങാതിരിക്കാന്‍ നാടിനെ സ്‌നേഹിക്കുന്നവര്‍ക്കോ മനുഷ്യസ്‌നേഹികള്‍ക്കോ ആവില്ല.
പട്ടണങ്ങളും ഗ്രാമങ്ങളും തെരുവുകളും വഴിയോരങ്ങളുമെല്ലാം ലഹരി മാഫിയ കൈയടക്കിക്കഴിഞ്ഞു. വിദ്യാലയങ്ങളും പരിസരങ്ങളുമെല്ലാം ലഹരി വാഹകരുടെ വിളനിലമാണ്. ഉന്നത തല വിദ്യാര്‍ഥികള്‍ മുതല്‍ പ്രൈമറി തലത്തില്‍ പഠിക്കുന്ന ബാലികാ ബാലന്മാര്‍ വരെ ലഹരിക്കടിപ്പെടുകയും വാഹകരാവുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. സര്‍വത്ര അധ്വാനവും അതീവ ശ്രദ്ധയും സമ്പത്തും ചെലവഴിച്ച് സ്വന്തം കുഞ്ഞുങ്ങളെ വിദ്യാലയത്തിലേക്ക് അയക്കുന്ന മാതാപിതാക്കള്‍, സ്വന്തം സന്താനങ്ങളുടെ സ്വഭാവത്തില്‍ പ്രകടമാകുന്ന അസാധാരണ ചലനങ്ങളും വൈകൃതങ്ങളും കണ്ട് അമ്പരക്കുകയാണ്. അന്വേഷിച്ചറിയുമ്പോഴല്ലേ അവര്‍ ഞെട്ടിപ്പോകുന്നത്. തന്റെ മകന്‍ മയക്കുമരുന്നിന്റെ വലയില്‍ പെട്ടുകഴിഞ്ഞെന്ന്! പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ഥിനികള്‍ വരെ മയക്കുമരുന്നിന്റെ വില്‍പനക്കാരിലുണ്ടെന്ന് ഈയിടെ കണ്ടെത്തുകയുണ്ടായി. മാതാപിതാക്കളെ ക്രൂരമായി മര്‍ദിക്കുന്ന മക്കള്‍, സ്വന്തം സഹോദരനെ കുത്തി വീഴ്ത്തുന്ന ജ്യേഷ്ഠാനുജന്മാര്‍-  ഇങ്ങനെ നീണ്ടുപോകുന്ന ദാരുണ സംഭവങ്ങള്‍! എല്ലായിടത്തും വില്ലന്‍ ലഹരി തന്നെ.
ഈ ദുരവസ്ഥയില്‍ പൊറുതിമുട്ടിയാണ് സംസ്ഥാന ഗവണ്‍മെന്റും യുവജന സംഘടനകളും ലഹരി നിര്‍മാര്‍ജന യജ്ഞവുമായി രംഗത്ത് വരുന്നത്. ലഹരി വ്യാപനം തടയാന്‍ ശക്തമായ നടപടികളുമായാണ് ഗവണ്‍മെന്റ് കാമ്പയിന്‍ നടത്തുന്നത്. ഗവണ്‍മെന്റ് അനുകൂല യുവജന സംഘടനകളും യജ്ഞവുമായി രംഗത്തുണ്ട്. 
ലഹരി വ്യാപനം തടയുക അത്ര എളുപ്പമുള്ളതല്ല. ഏറെ സങ്കീര്‍ണമാണ്, ഏറെ ശ്രമകരവും. അന്താരാഷ്ട്ര തലത്തില്‍ വിപുലമായ ശൃംഖലകളുള്ള ലഹരി മാഫിയയുടെ ഉറവിടം കണ്ണിയില്‍ അണിചേര്‍ന്നവര്‍ക്ക് പോലും വ്യക്തമായറിയില്ല.
ഒന്നോ രണ്ടോ ഇനം ലഹരി വസ്തുക്കളല്ല വിതരണം ചെയ്യപ്പെടുന്നത്. പലതരം വസ്തുക്കള്‍ പല രൂപത്തിലാണ് വിതരണം ചെയ്യപ്പെടുന്നത്. മില്ലി ഗ്രാമിന്റെ അംശത്തിന് അതിശക്തമായ 'പ്രഹരശേഷി'യുള്ളവ വരെ ഇതിലുണ്ട്. എങ്ങനെയും ഒളിച്ചു കടത്താം. ഗവണ്‍മെന്റ് സംവിധാനങ്ങള്‍ക്കോ മിഷനറികള്‍ക്കോ അത്ര എളുപ്പം കണ്ടെത്താനാകില്ല. നിയമപാലകരും രഹസ്യ വിഭാഗവും ഒത്തുചേര്‍ന്ന് ആത്മാര്‍ഥമായി ശ്രമിച്ചാല്‍ ചിലതൊക്കെ സാധിക്കും. എന്നാലതുണ്ടാകുമോ? ആനുകൂല്യം പറ്റി കണ്ണ് ചിമ്മുന്നവര്‍ നിയമപാലകരിലുണ്ടോ?
പ്രയോജനപ്പെടുന്ന ഒറ്റ മാര്‍ഗമേയുള്ളൂ. വിദ്യാര്‍ഥി യുവജന സംഘടനകളും സാധാരണക്കാരും ഗ്രാമതലങ്ങളില്‍ കൈകോര്‍ത്ത് വിതരണ-വില്‍പന വ്യാപന രംഗങ്ങള്‍ കണ്ടെത്തി നിയമപാലകരെ ഏല്‍പിക്കുകയും തുടര്‍ നടപടികളു
മായി മുന്നോട്ടു പോവുകയും ചെയ്യുക. പട്ടണങ്ങളെ ഡിവിഷനുകളാക്കിത്തിരിച്ച് അരിച്ചു പെറുക്കുക. എല്ലാവരും ഒരുമിച്ച് ഉണരുക.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 2326
ടി.കെ ഉബൈദ്‌

ഹദീസ്‌

സമ്പാദ്യം സംശുദ്ധമാണോ?
കെ.പി ബഷീര്‍ ഈരാറ്റുപേട്ട