Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 07

3271

1444 റബീഉല്‍ അവ്വല്‍ 11

ഈ യുഗത്തിലെ  നവോത്ഥാന നായകന്‍

എം.വി മുഹമ്മദ് സലീം


ഈ യുഗത്തിലെ ഏറ്റവും പ്രഗത്ഭനും വിജ്ഞനും മധ്യമ നിലപാടിന്റെ ഗുരുവും തീവ്രവാദത്തിന്റെ കണ്ഠ കോടാലിയുമായ ഇസ്ലാമിക പണ്ഡിതനാണ് 2022 സെപ്റ്റംബര്‍ 26-ന് നമ്മോട് വിട പറഞ്ഞ ഇമാം യൂസുഫുല്‍ ഖറദാവി. അര നൂറ്റാണ്ടുകാലം അദ്ദേഹത്തെ അടുത്തറിയാനും ശിഷ്യത്വം സ്വീകരിക്കാനും കേള്‍ക്കാനും പഠിക്കാനും ലഭിച്ച അവസരം ജീവിതത്തിലെ ഏറ്റവും വലിയ നിധിയായി മനസ്സില്‍ സൂക്ഷിക്കുന്നു. 1971-ല്‍ ആരംഭിച്ച ഞങ്ങളുടെ ഗുരു-ശിഷ്യ ബന്ധം അദ്ദേഹം  രോഗശയ്യയിലായിരിക്കുമ്പോഴും തുടര്‍ന്നു. 
2018-ല്‍, ആഗോള തലത്തില്‍ ജനമനസ്സുകളെ ഏറ്റവും സ്വാധീനിക്കുന്ന ചിന്തകരില്‍ മൂന്നാം സ്ഥാനം ഇമാം ഖറദാവിക്ക് നല്‍കപ്പെട്ടിരുന്നു. ഒരു നൂറ്റാണ്ട് മുസ്ലിം ലോകത്ത് നിറഞ്ഞുനിന്ന ആ വ്യക്തി പ്രഭാവത്തിന്റെ ചില വശങ്ങള്‍ പരാമര്‍ശിക്കാന്‍ ശിഷ്യന്മാരും സഹകാരികളും, അദ്ദേഹത്തിന്റെ സപ്തതിയോടനുബന്ധിച്ച് തയാറാക്കിയ ബൃഹദ് ഗ്രന്ഥം ആയിരം പേജ് കവിഞ്ഞിട്ടും പറയാന്‍ ഇനിയും ഒരുപാടുണ്ട് എന്നാണ് എഴുതിയവരുടെ പ്രതികരണം. അതിനാല്‍, ഒന്നും പൂര്‍ണമായി അവതരിപ്പിക്കാന്‍ ആദ്യമേ മുതിരുന്നില്ല. പ്രബോധനം വായനക്കാര്‍ക്ക് വളരെ പ്രസക്തം എന്ന് തോന്നിയ ചില വശങ്ങളില്‍  ഒരു മിന്നലോട്ടം  നടത്താന്‍ മാത്രമേ ഞാന്‍ ശ്രമിക്കുന്നുള്ളൂ.

ഗുരുനാഥന്മാരുടെ ഗുരു
പത്താം വയസ്സില്‍ തന്റെ ഗ്രാമവാസികള്‍ക്ക് റമദാനിലെ രാത്രിനമസ്‌കാരത്തിന് നേതൃത്വം നല്‍കി ആരംഭിച്ച പ്രയാണം, ഖത്തറിലെ വലിയ പള്ളിയില്‍ (മസ്ജിദുശ്ശുയൂഖ്) അനേകം ഭാഷക്കാരും ദേശക്കാരുമായ ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കി വിശുദ്ധ ഖുര്‍ആന്‍ ഒരാവൃത്തി ഓതിത്തീര്‍ക്കുന്ന ഡോ. യൂസുഫുല്‍ ഖറദാവിയാകുന്നതു വരെ, അദ്ദേഹം ചവിട്ടിക്കയറിയ പടവുകള്‍ നിരവധി. ഗ്രാമവാസികളുടെ പ്രശ്‌നങ്ങള്‍ നേരില്‍ കണ്ട് ഹലാലും ഹറാമും ഇസ്‌ലാമില്‍ എന്ന ലളിത ശൈലിയിലുള്ള ബൃഹദ് ഗ്രന്ഥരചനയില്‍ നിന്നാരംഭിച്ച്  അത്യാധുനിക സങ്കീര്‍ണ പ്രശ്‌നങ്ങളില്‍ കാലിക മത വിധികള്‍, എന്ന രചന വരെ എത്തുമ്പോള്‍ ഇസ്‌ലാമിക ഗ്രന്ഥശാലക്ക് ആ പണ്ഡിത വരേണ്യനില്‍ നിന്ന് ലഭിച്ച സംഭാവനകള്‍ നിസ്തുലങ്ങളായി.
അദ്ദേഹത്തിന്റെ അമൂല്യ കൃതി ഫിഖ്ഹുസ്സകാത്ത്  ഡോക്ടറേറ്റിന് തയാറാക്കിയ തിസീസാണ്. അതിന്റെ വൈവ നടത്തിയത് അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റിയിലെ പ്രഗത്ഭരായ പ്രഫസര്‍മാര്‍. 'ഇന്ന് നാം ഒരു സാധാരണ പഠിതാവിനെയല്ല അഭിമുഖ പരിശോധന നടത്തുന്നത്. മുസ്‌ലിം ലോകത്തെ പ്രഗത്ഭ പണ്ഡിതന്മാരില്‍ ഒരാളാണ് നമ്മുടെ മുമ്പിലുള്ളത്' എന്ന ആമുഖത്തോടെയാണ് ശൈഖുല്‍ അസ്ഹര്‍ തിസീസ് ചര്‍ച്ച ആരംഭിച്ചത്. ചര്‍ച്ചയില്‍ ആദ്യന്തം ശൈഖ് ഖറദാവി തിളങ്ങിനിന്നു. ഏകകണ്ഠമായി അദ്ദേഹത്തിന് പ്രത്യേക റാങ്കോടെ ഒന്നാം സ്ഥാനം നല്‍കിയാണ് വൈവ അവസാനിച്ചത്. ഈജിപ്തിലെ രാഷ്ട്രീയ കാലുഷ്യം കാരണം തിസീസ് തയാറായ ശേഷം അതിന്റെ ചര്‍ച്ചയും ബിരുദ ദാനവും നടക്കാന്‍ ഏറക്കാലം കാത്തിരിക്കേണ്ടി വന്നതിനാല്‍ 1973-ലാണ് ഖറദാവിക്ക് ഡോക്ടര്‍ ബിരുദം നല്‍കി  ആദരിച്ചത്.
ഖത്തര്‍ യൂനിവേഴ്‌സിറ്റിയുടെ ശരീഅത്ത് വിഭാഗം സ്ഥാപിച്ചതും ദീര്‍ഘകാലം നേതൃത്വം നല്‍കിയതും ശൈഖ് ഖറദാവിയാണ്. ലോക രാഷ്ട്രങ്ങളിലെല്ലാം ഇസ്‌ലാമിക വിദ്യാലയങ്ങള്‍ക്ക് പാഠ്യപദ്ധതി രൂപപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകളുണ്ട്. മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, പാകിസ്താനിലെ ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റി, ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കേരളത്തില്‍ ശാന്തപുരം അല്‍ ജാമിഅ എന്നിവയുടെയെല്ലാം  കരിക്കുലം തയാറാക്കാന്‍ വിലപ്പെട്ട നിര്‍ദേശങ്ങള്‍ ശൈഖ് ഖറദാവിയില്‍ നിന്ന് സ്വീകരിച്ചിട്ടുണ്ട്. അറബ് ലോകത്ത് ഈജിപ്തിനു പുറമെ അള്‍ജീരിയയിലെ പാഠ്യപദ്ധതി പുനഃക്രമീകരിക്കാനും ലിബിയയില്‍ ഇസ്‌ലാമിക കര്‍മ ശാസ്ത്രം ആധുനിക നിയമ ഭാഷയിലേക്ക് മാറ്റാനും, ഖറദാവിയെ താല്‍ക്കാലിക നിയമനത്തിന് ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് കടമെടുക്കുകയായിരുന്നു.

ധീരനായ മുജാഹിദ്
ഇസ്‌ലാമിക പ്രബോധനത്തിലേര്‍പ്പെട്ടവര്‍ അധിനിവേശ ശക്തികളുടെ കണ്ണില്‍ കരടാവുക സ്വാഭാവികമാണ്. പഠന കാലത്ത് കമ്യൂണിസ്റ്റുകാരോടൊപ്പം ഇസ്‌ലാമിക പ്രബോധകരെയും   ഈജിപ്തിലെ  ഭരണകൂടം ജയിലിലടച്ചു. ഈ ജയില്‍ വാസക്കാലത്താണ് പ്രഗല്‍ഭ വാഗ്മിയും പണ്ഡിതനുമായിരുന്ന ശൈഖ് അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍ യൂസുഫുല്‍ ഖറദാവിയെ ആദ്യമായി പരിചയപ്പെടുന്നത്. അദ്ദേഹം പറയുന്നു: ഞാന്‍ സെല്ലില്‍ രണ്ടു കമ്യൂണിസ്റ്റുകാരുടെ കൂടെയായിരുന്നു. അവരുടെ പുകവലിയും മറ്റു ദുശ്ശീലങ്ങളും എന്നെ ശ്വാസം മുട്ടിച്ചു. പ്രഭാത നമസ്‌കാരത്തിന് പുറത്ത് പോകുമ്പോഴാണ് ഒരാശ്വാസമുണ്ടാവുക. അവിടെ ഖറദാവിയുടെ വശ്യമധുരമായ ഖുര്‍ആന്‍ പാരായണം. അങ്ങനെയാണ് ഞങ്ങള്‍ ആദ്യമായി പരിചയപ്പെടുന്നത് (പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷം രണ്ടു പേരും ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ വീണ്ടും ഒരുമിച്ചു). ഫലസ്ത്വീന്‍ പ്രശ്‌നം മൂര്‍ധന്യ ദശയിലെത്തിയ കാലം. തങ്ങളുടെ നാട് ബ്രിട്ടീഷുകാര്‍ ജൂതന്മാര്‍ക്ക് നല്‍കിയിരിക്കുകയാണ് എന്ന് ഗ്രഹിക്കാതെ പലരും മോഹവില കിട്ടിയപ്പോള്‍ ഭൂമി വിറ്റുതുടങ്ങി. ഇതിന്റെ ഭവിഷ്യത്ത് മുന്നില്‍ കണ്ട് ദേശവാസികളെ ബോധവല്‍ക്കരിക്കാന്‍ ഈജിപ്തില്‍ നിന്ന് ഒരു സംഘം ഫലസ്ത്വീനിലേക്ക് തിരിച്ചു. സംഘത്തലവനായിരുന്നു ശൈഖ് അബ്ദുല്‍ മുഇസ്സ്. ദൗത്യത്തില്‍ അദ്ദേഹം വിജയം കണ്ടു. അപ്പോഴാണ് അദ്ദേഹത്തെയും കൂട്ടുകാരെയും തുറുങ്കിലടച്ചത്.
ഒരു ദിവസം ജയില്‍ വാസികളിലാരോ പോലീസിനോട് ശബ്ദമുയര്‍ത്തി എന്ന പേരില്‍ 800-ഓളം പട്ടാളക്കാര്‍ തടവുകാരെ മര്‍ദിക്കാനെത്തി.  അവര്‍ക്ക് മതിയായപ്പോള്‍ രണ്ടു ദിവസം അന്നവും വെള്ളവും മുടക്കി ഉത്തരവിട്ടു. യൂസുഫുല്‍ ഖറദാവിയും ഒരു സഹകാരിയും തടവുകാര്‍ക്ക് വെള്ളമെത്തിക്കാന്‍ ശ്രമിച്ചു. സെല്ലിന് ഒരു പഴുതുമുണ്ടായിരുന്നില്ല. അവസാനം അവര്‍ അത്ഭുതകരമായ ഒരു രീതി കണ്ടെത്തി. വാതിലിനടിയിലൂടെ ഒരു പത്രം സെല്ലിനുള്ളിലേക്ക് തള്ളി, അതില്‍ വെള്ളമൊഴിച്ചു. തടവുകാര്‍ അത് നക്കിക്കുടിച്ച് ദാഹമടക്കി.
ത്വൂര്‍ ജയിലിലേക്ക് തടവുകാരെ മാറ്റിയതാണ് അടുത്ത ശിക്ഷാനടപടി.  ജയില്‍വാസം നീളുന്നത് കണ്ടപ്പോള്‍ ജയിലില്‍ ആസൂത്രിത പ്രബോധനം ആരംഭിച്ചു. ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങള്‍ പോലും അറിയാത്തവര്‍ ജയിലില്‍ ഉണ്ടായിരുന്നു. അവരുടെ ഗ്രാഹ്യശേഷിക്കൊത്ത് കാര്യങ്ങള്‍ പഠിപ്പിക്കാന്‍ തടവുകാരെ പല വകുപ്പുകളാക്കി പരിശീലനം നല്‍കി. അതിനിടെയാണ് ജയിലിന് പുറത്തുള്ള സീനാ വാസികള്‍ തടവുകാരുടെ അടുത്തെത്തിയത്. ജീവന്‍ നിലനിര്‍ത്താന്‍ ഒരു തുണ്ട് റൊട്ടിക്ക് വേണ്ടിയാണ് അവര്‍ വരുന്നത്. ഒരു ദിവസം ഒരു യാചകനോട് പേര്, വിശ്വാസം എന്നിത്യാദി കാര്യങ്ങള്‍ അന്വേഷിച്ചു. അപ്പോഴാണ് മുസ്‌ലിംകളായി ജനിച്ച അവരെ തങ്ങളുടെ വിശ്വാസത്തില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ ശത്രുക്കള്‍ ആസൂത്രിതമായി പണിയെടുക്കുന്നുണ്ടെന്ന് മനസ്സിലായത്. അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അവരെ വിശ്വാസത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ജയില്‍ സന്ദര്‍ശകരായ സീനാ നിവാസികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരുന്നു. തടവുകാരുടെ ഓഹരിയില്‍ നിന്ന് അവര്‍ക്ക് ഭക്ഷണം നല്‍കിയാല്‍ മതിയാകാത്ത അവസ്ഥ വന്നു. അപ്പോഴാണ് ആഴ്ചയില്‍ രണ്ടുദിവസം നോമ്പനുഷ്ഠിക്കാനും അങ്ങനെ മിച്ചം വരുന്ന ഒരു നേരത്തെ ഭക്ഷണം ശേഖരിച്ച് സന്ദര്‍ശകരായ സീനാ  നിവാസികള്‍ക്ക് കൊടുക്കാനും തീരുമാനിച്ചത്. ഇത് വ്യവസ്ഥാപിതമായി നടന്നുതുടങ്ങിയപ്പോഴേക്കും ഭക്ഷണം നല്‍കാന്‍ കരാര്‍ എടുത്തിരുന്ന വ്യക്തി മൂന്ന് നേരത്തെ ഭക്ഷണത്തിന് പകരം രണ്ടു നേരം ഭക്ഷണവും ഒരു നേരം പണവും എന്ന രീതി സ്വീകരിച്ചു.  ആ പണം നല്‍കി സന്ദര്‍ശകരായ പാവങ്ങളെ സഹായിക്കാന്‍  കഴിഞ്ഞു.
അതിനിടക്ക് പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് ആവേശം മൂത്ത് അവര്‍ സീനാ നിവാസികളായ കുട്ടികള്‍ക്ക് ഇഖ്‌വാന്റെ മുദ്രാവാക്യം പഠിപ്പിച്ചു. കുട്ടികള്‍ ആവേശത്തില്‍ അത് ചൊല്ലിനടന്നപ്പോള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുകയും സീനാ വാസികളെ ജയില്‍ സന്ദര്‍ശനത്തില്‍ നിന്ന്  തടയുകയും ചെയ്തു. പിന്നീട് ഖറദാവിയെയും കൂട്ടുകാരെയും വീണ്ടും ഈജിപ്തിലെ തടവറകളിലേക്ക് തന്നെ കൊണ്ടുപോയി.
ജയില്‍ മോചിതനായി അസ്ഹറിന്റെ കീഴില്‍ അധ്യാപന ജോലി തുടരുമ്പോഴാണ് ഖത്തറില്‍ വിദ്യാഭ്യാസ മന്ത്രാലയം യൂസുഫുല്‍ ഖറദാവിയടക്കം കുറെയേറെ പണ്ഡിതന്മാര്‍ക്ക് ആതിഥ്യമരുളുന്നത്. ഖത്തറിന്റെ വിദ്യാഭ്യാസ മേഖല സ്വയം പര്യാപ്തമാക്കാനും പാഠപുസ്തകങ്ങള്‍ അവിടെത്തന്നെ രചിക്കാനും ഈ പണ്ഡിതന്മാരുടെ സാന്നിധ്യം ഉപയോഗപ്പെട്ടു. അത്യാധുനിക രീതിയില്‍ തയാറാക്കിയ പാഠ പുസ്തകങ്ങളില്‍, വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ ബുദ്ധിപരമായ ചര്‍ച്ചകള്‍ ഉള്‍ക്കൊള്ളിച്ചു. ഇത് മതമുക്ത ചിന്തക്ക് തടയിടാന്‍ ഏറെ സഹായകമായി.

നൂറ്റാണ്ടിലെ നവോത്ഥാന നായകന്‍
ഈജിപ്തില്‍ നിരീശ്വര ചിന്ത ശക്തമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ഇതിനെ നേരിടാന്‍ പണ്ഡിതന്മാര്‍ക്ക് വേണ്ടത്ര ധൈര്യമുണ്ടായിരുന്നില്ല. അതിനാല്‍, നിരീശ്വരവാദവും മത നിഷേധവും പൊതുജനങ്ങളില്‍  പ്രചരിച്ചുകൊണ്ടിരുന്നു. ലഭ്യമായ ആധുനിക സൗകര്യങ്ങളും സിനിമയും നാടകവുമൊക്കെ നിരീശ്വരത്വം പ്രചരിപ്പിക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്നു. ആപല്‍ക്കരമായ ഈ വെല്ലുവിളി നേരിടാന്‍ യൂസുഫുല്‍ ഖറദാവി മുന്നോട്ടുവന്നു. നിരീശ്വരവാദത്തിന്റെ തലതൊട്ടപ്പന്മാരെ വെല്ലുവിളിക്കുകയും വാദപ്രതിവാദത്തിന് ക്ഷണിക്കുകയും ചെയ്തു. ആധുനിക മാധ്യമങ്ങളില്‍ തത്സമയം പ്രക്ഷേപണം ചെയ്ത പ്രസ്തുത സംവാദങ്ങള്‍ പൊതുജനങ്ങളില്‍ ആത്മവിശ്വാസവും ഇസ്‌ലാമികമായ ആവേശവും പകര്‍ന്നു. മതപണ്ഡിതന്മാര്‍ക്ക്, യുക്തിവാദവും നിരീശ്വര ചിന്തയും നേരിടാന്‍ കഴിയാത്ത ആശയങ്ങളാണ് എന്ന തെറ്റിദ്ധാരണ ദൂരീകരിക്കാന്‍ ഖറദാവിയുടെ ഈ ചുവടുവെപ്പ് സഹായകമായി.
ജന മനസ്സുകളില്‍, ഇസ്‌ലാം ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണെന്ന് സ്ഥാപിക്കാന്‍ ഗ്രന്ഥരചന നടത്തുകയും പ്രഭാഷണങ്ങളില്‍ അക്കാര്യം ശക്തിയുക്തം സമര്‍ഥിക്കുകയും ചെയ്തതിലൂടെ മുസ്‌ലിംകളില്‍ ഒരു വലിയ വിഭാഗത്തെ വിശ്വാസ വ്യതിയാനത്തില്‍ നിന്ന് രക്ഷിക്കാന്‍ സാധിച്ചു. പാശ്ചാത്യര്‍ ജീവിതസൗകര്യങ്ങള്‍ കയറ്റി അയക്കുന്നതു പോലെ അവിശ്വാസവും മതനിഷേധവും കയറ്റി അയക്കുക പതിവാണല്ലോ.  ഇതിനെ നേരിടാനുള്ള പണ്ഡിതന്മാരുടെ ഒരു നിര തന്നെ ശൈഖിന്റെ പരിശ്രമ ഫലമായി രൂപപ്പെട്ടു.
പ്രശ്‌നപരിഹാരം, കടമെടുത്ത ദര്‍ശനങ്ങളിലല്ല ഇസ്‌ലാമില്‍ തന്നെയാണെന്ന് ബോധ്യപ്പെടുത്തുന്ന രണ്ടു കൃതികളാണ് അല്‍ ഹുലൂല്‍ അല്‍ മുസ്തൗറദ, അല്‍ ഇസ്ലാം ഹുവല്‍ ഹല്ല് എന്നിവ.

സാമൂഹിക പരിഷ്‌കരണം
ഇസ്‌ലാമിന്റെ  സാമ്പത്തിക വ്യവസ്ഥയെ കുറിച്ച് ആഴത്തില്‍ പഠിച്ച ശൈഖിന്റെ  രചനകള്‍, സാമൂഹിക ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് യഥാര്‍ഥ പരിഹാരം, ഇറക്കുമതി ചെയ്ത ആശയങ്ങളല്ലെന്നും ഇസ്‌ലാം നിര്‍ദേശിക്കുന്ന പരിഹാരത്തോട് കിടപിടിക്കുന്ന മറ്റൊന്നുമില്ലെന്നും  ജനമനസ്സുകളില്‍ രൂഢമൂലമാകാന്‍ സഹായിച്ചു. ഇത്, ദാരിദ്ര്യത്തില്‍ കഴിഞ്ഞുകൂടിയ പൗരന്മാര്‍ക്ക് ഇസ്‌ലാമിലേക്ക് തിരിച്ചുവരാന്‍ ആവേശം നല്‍കിയതോടൊപ്പം കമ്യൂണിസം പോലുള്ള വിധ്വംസക സിദ്ധാന്തങ്ങളില്‍ നിന്ന് അവരെ അകറ്റാന്‍ കാരണമായിത്തീരുകയും ചെയ്തു. ദാരിദ്ര്യ നിര്‍മാര്‍ജനം അസാധ്യമാണെന്ന് തോന്നുകയും, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടുതല്‍ വലുതായി വരികയും ചെയ്ത സാഹചര്യത്തില്‍ 'ഇസ്‌ലാമും ദാരിദ്ര്യ നിര്‍മാര്‍ജനവും' എന്ന വിഷയം വളരെ ഭംഗിയായി അവതരിപ്പിച്ചുകൊണ്ട് ജനമനസ്സുകളില്‍ ഇസ്‌ലാമിനെ പുനഃപ്രതിഷ്ഠിക്കാന്‍ ശൈഖിന് സാധിച്ചു.

ഇസ്ലാമിലേക്ക് തിരിച്ചു വിളിക്കല്‍
ലോക മുസ്‌ലിംകള്‍ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ പിന്നാലെ കൂടി ഛിന്നഭിന്നമായി പോയ കാലത്ത് മുസ്‌ലിംകള്‍ക്ക് നേതൃത്വം നല്‍കേണ്ട  ഈജിപ്തിലെ പണ്ഡിതന്മാര്‍ നിഷ്‌ക്രിയരാവുകയായിരുന്നു.  ഇത് ഒരളവോളം പരിഹരിക്കാന്‍ ശൈഖ് റശീദ് റിദാ ശ്രമിച്ചെങ്കിലും, വിപുലമായ തോതില്‍ ഓരോ പ്രദേശത്തെയും ജനങ്ങളെ നേരില്‍ കണ്ടു അവിടങ്ങളിലെ പണ്ഡിതന്മാരെ പ്രത്യേകം  ബോധവല്‍ക്കരിച്ചു പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചത് ഖറദാവിക്കാണ്. അദ്ദേഹം ലോകത്ത് അങ്ങോളമിങ്ങോളം സഞ്ചരിച്ച് ഇസ്‌ലാമിന്റെ  യഥാര്‍ഥ  രൂപമെന്തെന്ന് പഠിപ്പിച്ചുകൊണ്ടിരുന്നു. പാഠ്യ പദ്ധതികളും പണ്ഡിതന്മാരുടെ അശ്രാന്ത പരിശ്രമവും മുസ്‌ലിംകളെ ഇസ്‌ലാമിന്റെ  മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ അനിവാര്യമാണെന്ന് അദ്ദേഹം എല്ലാവരെയും ബോധ്യപ്പെടുത്തി.
ഇസ്‌ലാമിന്റെ നേരെ നടത്തപ്പെട്ട അപ്രഖ്യാപിത കുരിശു യുദ്ധത്തിന്റെ  പ്രതിഫലനം ഒരു വലിയ അളവ് വരെ തടഞ്ഞുനിര്‍ത്താന്‍ ശൈഖിന്റെ പ്രവര്‍ത്തനം സഹായകമായി. ഓരോ പ്രദേശത്തും ഇസ്‌ലാമിനുവേണ്ടി ശരിയായ പന്ഥാവിലൂടെ പ്രവര്‍ത്തനം നടത്തുന്ന ഒരു പണ്ഡിത സമൂഹത്തെ ഉണ്ടാക്കുന്നതാണ് പ്രശ്‌നത്തിന് പരിഹാരം എന്നും അദ്ദേഹത്തിന് ബോധ്യപ്പെട്ടിരുന്നു.  അങ്ങനെയാണ് ഈ ആശയത്തോട് യോജിപ്പുള്ള ഏതാനും പണ്ഡിതന്മാരെ കൂട്ടിയിരുത്തി ആഗോള മുസ്‌ലിം പണ്ഡിത സഭക്ക് രൂപം നല്‍കിയത്.  ദീര്‍ഘകാലം അതിന്റെ  സാരഥ്യം വഹിക്കുകയും അത് ലക്ഷ്യത്തിലേക്ക് മുന്നേറുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.  സാധാരണക്കാരെ സംഘടിപ്പിക്കുന്നതിന് പകരം അവരെ നയിക്കാന്‍ പ്രാപ്തരായ പണ്ഡിതന്മാരെ സംഘടിപ്പിക്കുക എന്ന മഹത്തായ ഈ ആശയം നവോത്ഥാന സംരംഭങ്ങളില്‍ വിരളമായി മാത്രമേ നമുക്ക് കാണാന്‍ കഴിയുന്നുള്ളൂ.

ഇസ്‌ലാമിക നവ ജാഗരണം
നവോത്ഥാന നായകന്മാരുടെ നിരന്തര ശ്രമത്തിന്റെ ഫലമായി ആഗോളതലത്തില്‍ മുസ്‌ലിംകളില്‍ ആത്മീയ ബോധം വര്‍ധിച്ചുവരികയും പുതിയ  ഉണര്‍വ് ഉണ്ടായി വരികയും ചെയ്തു. ഈ ഉണര്‍വ് ദുര്‍വിനിയോഗം ചെയ്യാന്‍ ചില ശക്തികള്‍ മുന്നോട്ടുവന്നു. ദീര്‍ഘകാലം അനുഭവിച്ച ആത്മീയതയുടെ ശൂന്യത ഉണര്‍വിന്റെ കൂടെ തീവ്രമായ വിശ്വാസത്തിലേക്കും ജനങ്ങളെ നയിച്ചു. ഇത് ഇസ്‌ലാം വിരോധിച്ച ആത്മീയ തീവ്രതയായി രൂപം കൊള്ളുന്നത് ക്രാന്ത ദര്‍ശികളായ നവോത്ഥാന നായകര്‍ക്ക് ഗ്രഹിക്കാന്‍ പ്രയാസമുണ്ടായില്ല. ഒരു വശത്ത് മതനിഷേധികള്‍ ശക്തിപ്രാപിക്കുന്നത് ഇത്തരം തീവ്ര ചിന്തക്ക് വളം നല്‍കുന്നതായിരുന്നു. അതിനാല്‍, മുസ്‌ലിം ഉമ്മത്തിന്റെ സുരക്ഷിതമായ മുന്നോട്ടുള്ള ഗമനത്തിന് ഈ രണ്ടു പ്രതിലോമ ചിന്തകളെയും ഒരേസമയം നേരിടേണ്ടതുണ്ടായിരുന്നു. ഇസ്‌ലാം എല്ലാ കാര്യങ്ങളിലും മധ്യമ നിലപാട് സ്വീകരിക്കാനാണ് പഠിപ്പിക്കുന്നത് എന്ന അടിസ്ഥാന തത്ത്വം ഓര്‍മിപ്പിച്ചുകൊണ്ട് നിലവിലുള്ള ആത്മീയ ആവേശത്തെ ശരിയായ ദിശയിലേക്ക് തിരിച്ചുവിടാന്‍ ഖറദാവി തന്റെ പ്രബന്ധങ്ങളിലൂടെയും  പ്രഭാഷണങ്ങളിലൂടെയും ശ്രമിച്ചു. യുവാക്കളായിരുന്നു ഈ അമിതാവേശത്തില്‍ കുടുങ്ങിയതില്‍ ഭൂരിപക്ഷവും. അതിനാല്‍, അവരെ പ്രത്യേകം അഭിസംബോധന ചെയ്തു.

എല്ലാവരെയും സ്‌നേഹിച്ച മനസ്സ്
നബി തിരുമേനി സത്യവിശ്വാസികളുടെ ഉപമയായി ശരീരവും അവയവങ്ങളും തമ്മിലുള്ള ബന്ധം ചിത്രീകരിച്ചത് ശൈഖിന്റെ ജീവിതത്തില്‍ നേരിട്ട് വായിച്ചെടുക്കാന്‍ നമുക്ക് കഴിയുമായിരുന്നു. ലോകത്ത് എവിടെ, ഏത് ഭാഷ സംസാരിക്കുന്ന മുസ്‌ലിം ആണെങ്കിലും അയാളുടെ സന്തോഷത്തില്‍ സന്തോഷിക്കാനും പ്രയാസത്തില്‍ ദുഃഖിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരിശ്രമിക്കാനും പഠിപ്പിച്ച നിസ്തുല വ്യക്തിത്വമായിരുന്നു അദ്ദേഹം. ഭാഷയും ദേശവും ജനങ്ങളെ വേര്‍തിരിച്ചുകൊണ്ടിരിക്കുന്ന അജ്ഞാത യുഗത്തിലെ ശീലങ്ങള്‍ നാമറിയാതെ നമുക്കിടയില്‍ നിലനില്‍ക്കുകയാണ്. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാനും അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെക്കാനും  പ്രബോധനം ജീവിതത്തിന്റെ അടിസ്ഥാന ലക്ഷ്യമാക്കാനും അദ്ദേഹത്തിന് സാധിച്ചതു പോലെ വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ.
വത്തിക്കാനില്‍  പോയി പോപ്പിനെ കണ്ടു ആഗോള മനുഷ്യരുടെ പ്രശ്‌നങ്ങള്‍  ചര്‍ച്ച ചെയ്യുക, ഫലസ്ത്വീനില്‍ തദ്ദേശീയരെ നിരന്തരം വേട്ടയാടി ക്കൊണ്ടിരിക്കുന്ന ജൂതന്മാരില്‍ വ്യത്യസ്ത ചിന്തയുള്ള റബ്ബികളും പുരോഹിതന്മാരുമായി കൂടിയിരുന്ന് അവര്‍ക്ക് സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ആവേശം നല്‍കുക, അപരനെ  അംഗീകരിക്കുകയും ആശയവൈവിധ്യങ്ങളെ സ്വീകരിക്കുകയും ചെയ്യുക എന്നിത്യാദി സ്വഭാവ വൈശിഷ്ട്യങ്ങള്‍ സമൂഹത്തില്‍ ഉന്നതസ്ഥാനീയനായി നില്‍ക്കുമ്പോഴും നിലനിര്‍ത്തുന്ന വിശാല ഹൃദയനായിരുന്നു അദ്ദേഹം.

വിശാല മുസ്‌ലിം ഐക്യം
ദീര്‍ഘകാലം ശ്രമിച്ചിട്ടും അദ്ദേഹത്തിന് വിജയം കണ്ടെത്താന്‍ സാധിക്കാത്ത ഒരു മേഖലയായിരുന്നു സുന്നി-ശീഈ ശത്രുത അവസാനിപ്പിച്ച് സഹവര്‍ത്തിത്വത്തിന്റെ മേഖല കണ്ടെത്താനുള്ള പരിശ്രമം.  മുസ്‌ലിംകളില്‍ ഒരു നല്ല ശതമാനം വരുന്ന ശീഇകളെ സംവാദത്തിലൂടെ അടുപ്പിക്കാനും ഒരു വിശാല മുസ്‌ലിം ഐക്യം സാധിക്കാനും സ്വപ്‌നം കണ്ട് അദ്ദേഹം ദീര്‍ഘകാലം അതിനു വേണ്ടി പരിശ്രമിച്ചു.  അവസാനം, തനിക്കു മുന്‍പ് ഇതേ ശ്രമം നടത്തിയവര്‍ വിജയിക്കാതിരിക്കാനുള്ള കാരണം എന്താണെന്ന് മനസ്സിലാക്കുകയും ആ വലിയ ദൗത്യം നിര്‍ത്തിവെക്കുകയും ചെയ്തു.

ന്യൂനപക്ഷ കര്‍മശാസ്ത്രം
പാശ്ചാത്യ ലോകത്ത് കുടിയേറിയ മുസ്‌ലിംകള്‍ക്കും അവിടെ നിന്ന് ഇസ്‌ലാം പരിചയപ്പെട്ട മുസ്‌ലിംകള്‍ക്കും, അവര്‍ അഭിമുഖീകരിച്ചിരുന്ന പ്രശ്‌നങ്ങളില്‍ ഇസ്‌ലാമിന്റെ ഏറ്റവും വിശാലമായ കോണിലൂടെ പരിഹാരം നിര്‍ദേശിക്കാന്‍ അദ്ദേഹം നിഷ്‌കര്‍ഷിക്കുകയുണ്ടായി.  നബി തിരുമേനി എപ്പോഴും കാര്യങ്ങള്‍ ലളിതമാക്കാനും ജനങ്ങളെ പ്രയാസപ്പെടുത്താതിരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട് എന്ന കാര്യം അടിക്കടി ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.  ഈ അടിസ്ഥാനത്തില്‍, മുസ്‌ലിം രാജ്യങ്ങളില്‍ കണിശമായി പാലിക്കപ്പെടുന്ന പല നിയമങ്ങളും പാശ്ചാത്യ നാടുകളില്‍ ന്യൂനപക്ഷമായി കഴിഞ്ഞുകൂടുന്നവര്‍ക്ക് ബാധകമല്ലെന്ന് അദ്ദേഹം മതവിധി നല്‍കി. കാലത്തിന്റെയും സ്ഥലത്തിന്റെയും മാറ്റമനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് മതവിധി എന്ന് പ്രത്യേകം ഊന്നിപ്പറയുകയും ചെയ്തു.
കാലഘട്ടത്തിന്റെ നാഡിമിടിപ്പ് നന്നായി ഗ്രഹിച്ച ശേഷം ഇസ്‌ലാമിക നവോത്ഥാന പാതയില്‍ വെളിച്ചം പ്രസരിപ്പിച്ച നായകനായിരുന്നു ഖറദാവി.  അദ്ദേഹത്തിന്റെ ശിക്ഷണങ്ങളില്‍ ആളുകള്‍ ധാരാളമായി ആകൃഷ്ടരാവുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതിയോഗികള്‍ ഇസ്‌ലാമിലെ തീവ്രവാദികളല്ല, മിതവാദികളാണ് അപകടകാരികള്‍ എന്നു വരെ മാറ്റിപ്പറയാന്‍ നിര്‍ബന്ധിതരായി!

ഭീകര വാദാരോപണം
ഇന്റര്‍ പോള്‍ മുഖേന ശൈഖിനെ നിശ്ശബ്ദനാക്കാനും പിടികൂടാനും കുറ്റവിചാരണ നടത്താനും ചില വിരോധികള്‍ പരിശ്രമിച്ചതിന്റെ ഫലമായി അദ്ദേഹത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ അധികൃതര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും ലക്ഷ്യവും മാര്‍ഗവും വിശദമായി പഠിച്ചു കഴിഞ്ഞശേഷം അദ്ദേഹത്തിന്റെ പേര് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുകയാണ് ചെയ്തത്. ഒരു തരത്തിലുള്ള ഭീകരവാദവും അദ്ദേഹത്തിന്റെ  പ്രസംഗത്തിലോ പ്രവര്‍ത്തനത്തിലോ കാണാന്‍ കഴിഞ്ഞിട്ടില്ല എന്ന് ശത്രുക്കള്‍ക്ക് പോലും സമ്മതിക്കേണ്ടിവന്നു.
കൊട്ടാരത്തിലെ പാദസേവകനായി ഒരു നിമിഷം പോലും താന്‍ ജീവിച്ചിട്ടില്ല, കാപട്യം തന്റെ വഴിയല്ല എന്നദ്ദേഹം തീര്‍ത്ത് പറഞ്ഞിട്ടുമുണ്ട്. ഭരണാധികാരികളെ തൃപ്തിപ്പെടുത്തുന്ന മത പണ്ഡിതന്മാര്‍ ധാരാളമുള്ള ഇക്കാലത്ത് ആ നിലപാടിന് ഏറെ പൊരുളുകളുണ്ട്.

തലമുറകളെ 
സ്‌നേഹിച്ചു വളര്‍ത്തിയ മുറബ്ബി
ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും വിജ്ഞാന കുതുകികള്‍ ശൈഖ് ഖറദാവിയെ തേടിയെത്തുമായിരുന്നു. ശൈഖിന്റെ ഖത്തറിലെ ഗ്രന്ഥശാലയും ഓഫീസും ഒന്നിച്ചാണ്. ആര്‍ക്കും അവിടെയിരുന്ന് വായിക്കാനും പഠിക്കാനും സ്വാഗതം. വാത്സല്യത്തോടെ അവരുമായി ശൈഖ് സംശയങ്ങള്‍ പങ്കുവെക്കും.  കൂടുതല്‍ പഠിക്കാന്‍ പ്രചോദനമേകും. ശിഷ്യന്മാരെ ശൈഖ് എന്ന് ചേര്‍ത്താണ് വിളിക്കുക. മറക്കാനാവില്ല ആ മധുരസ്മിതം.  ഒരു ഗുരുവിനോട് ശിഷ്യനുണ്ടാകേണ്ട ബഹുമാനം പതിന്മടങ്ങ് വര്‍ധിക്കാന്‍ ഇത് കാരണമാകും.
ലോകത്തിന്റെ  നാനാഭാഗത്ത് നിന്നും അനേകായിരം ശിഷ്യന്മാരും പരിചയക്കാരും പണ്ഡിത സുഹൃത്തുക്കളും സന്ദര്‍ശിക്കുമ്പോള്‍ അവരെ കണ്ടമാത്രയില്‍ പേരും ഊരും ഓര്‍ക്കാനുള്ള അനിതര സാധാരണമായ ഓര്‍മശക്തി ശൈഖിന്റെ വലിയ സവിശേഷതയായിരുന്നു. കുശലാന്വേഷണത്തില്‍ അവരുടെ നാട്ടിലെ പണ്ഡിതന്മാരെ ഓര്‍ക്കാന്‍ ഒരിക്കലും വിട്ടു പോകുമായിരുന്നില്ല.

ബഹുമുഖ പ്രതിഭ
അയത്‌ന ലളിതമായ ശൈഖിന്റെ ഭാഷ അനുകരിക്കാന്‍ പ്രയാസമാണ്. പ്രതിബന്ധമില്ലാതെ പ്രവഹിക്കുന്ന വാക്കുകളിലും വാക്യങ്ങളിലും പ്രാസവും താളവും എല്ലാം ഒത്തുചേര്‍ന്നിരിക്കും. അറബി ഭാഷയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അഗാധമായ പാണ്ഡിത്യമാണ് ഈ ഭാഷാ സൗന്ദര്യത്തിന് പിന്നില്‍. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഇസ്‌ലാമിക പ്രബോധനത്തിന് പ്രയോജനകരമായ നാടകങ്ങളും ചെറുകഥകളും അദ്ദേഹം രചിച്ചിരുന്നു. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ കവിതകളും രചിച്ചിട്ടുണ്ട്. ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ പാടാന്‍ പറ്റുന്ന ഒരുപാട് ഗാനങ്ങളും അദ്ദേഹത്തിന്റെ രചനയില്‍ പെടുന്നു.
ഏത് മേഖലയിലാണ് അദ്ദേഹത്തിന് കൂടുതല്‍ കഴിവ് എന്ന് നിര്‍ണയിക്കുക പ്രയാസമാണ്. ഗ്രന്ഥരചനയില്‍ നിസ്തുലനായ ശൈഖ് ഖറദാവി പ്രസംഗ പീഠത്തില്‍ എത്തിയാല്‍ മറ്റാരെയും വെല്ലുന്ന പ്രസംഗകനായിരിക്കും. സംവാദത്തിനോ ചര്‍ച്ചകള്‍ക്കോ വരികയാണെങ്കില്‍ തന്റെ വാദത്തിന് അദ്ദേഹം ഉന്നയിക്കുന്ന തെളിവുകള്‍ മറ്റാരുടെയും മനസ്സില്‍ തോന്നിയിട്ടുണ്ടാവില്ല. അതൊരു നിലക്കാത്ത പ്രവാഹമായിരിക്കും. ദര്‍ശനങ്ങളും പ്രത്യയശാസ്ത്രങ്ങളും ആഴത്തില്‍ പഠിച്ചു ഖണ്ഡിക്കാന്‍ കഴിയുന്ന ശൈഖ് പരിശുദ്ധ ഖുര്‍ആനിലാണോ തിരുസുന്നത്തിലാണോ  കൂടുതല്‍ നൈപുണ്യം നേടിയത് എന്ന് പറയാനാവില്ല.  എല്ലാം അദ്ദേഹത്തിനു വഴങ്ങും. മനശ്ശാസ്ത്രത്തിന്റെയും യുക്തി ചിന്തയുടെയും പിന്‍ബലത്തിലാണ്  സംവാദങ്ങളില്‍ നിലപാട് വ്യക്തമാക്കുക.
ഖത്തറിലെ വിദ്യാഭ്യാസ കാലത്ത് ഗുരുനാഥന്മാരില്‍  നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കാന്‍ എനിക്ക് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. എന്നാല്‍, സ്ഥാപനത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷവും ശിഷ്യത്വം തുടരാനും കൂടുതല്‍ പഠിക്കാനും പ്രചോദനമായിരുന്നു ശൈഖുമായുള്ള സഹവാസം. 1971 മാര്‍ച്ച് മാസത്തിലെ ആദ്യ വാരത്തില്‍ ഖത്തറിലെ റിലീജിയസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് ആദ്യമായി ഖറദാവിയുമായി കണ്ടുമുട്ടുന്നത്. ഉപരിപഠനത്തിനായി ഇന്ത്യയില്‍ നിന്ന് ശാന്തപുരം ഇസ്‌ലാമിയാ കോളേജിന് ലഭിച്ച അഞ്ചു സീറ്റുകളില്‍ ആദ്യ ബാച്ചായ മൂന്ന് പഠിതാക്കളായിരുന്നു ഞങ്ങള്‍. രണ്ടുപേര്‍ പാസ്സ്‌പോര്‍ട്ട് ലഭിക്കാന്‍ കാത്തിരുന്നു അല്‍പം താമസിച്ചു. 
ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ച് ശൈഖ് ഒരഭിമുഖ പരിശോധന നടത്തി, ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാന്‍ അര്‍ഹതയുണ്ടെന്ന് കണ്ടെത്തി. ഇന്ത്യയിലുള്ള ഞങ്ങളുടെ ഗുരുനാഥന്മാര്‍ പ്രഗത്ഭരാണെന്നും ഞങ്ങള്‍ക്ക് അറബി ഭാഷ നല്ല വശമാണെന്നും പറഞ്ഞ് ഞങ്ങള്‍ക്ക് പ്രവേശനം നല്‍കി. വിജ്ഞാന ദാഹമാണ് ഞങ്ങളെ ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന വസ്തുത മറ്റു വിദ്യാര്‍ഥികളില്‍ നിന്ന് ഞങ്ങളെ വേര്‍തിരിച്ചുനിര്‍ത്തി.
ശിഷ്യന്മാരുടെ സംഗമത്തില്‍ അല്ലാമാ മൗദൂദിയുടെയും ഇമാം ഖറദാവിയുടെയും നവോത്ഥാന സംരംഭങ്ങളുടെ ഒരു താരതമ്യ പഠനം അവതരിപ്പിക്കാന്‍ എനിക്ക് അവസരം നല്‍കിയിരുന്നു. അതിന്റെ സംഗ്രഹം സദസ്സിനെ കേള്‍പ്പിച്ചപ്പോള്‍ എന്നെ മുക്തകണ്ഠം പ്രശംസിച്ചു കൊണ്ട് ശൈഖ്, ഞാന്‍ ഇന്ത്യയില്‍ നിന്ന് വന്ന് പഠിച്ച വിദ്യാര്‍ഥിയാണെന്നും ഇന്ത്യയില്‍ നിന്ന് വന്ന വിദ്യാര്‍ഥികള്‍ മാതൃകയാണെന്നും സ്ഥിരോല്‍സാഹികളാണെന്നും പറയുകയുണ്ടായി. ഞങ്ങള്‍ പഠിച്ച ഖത്തറിലെ ദീനീ വിജ്ഞാന കേന്ദ്രത്തിലെ അനുഭവങ്ങള്‍  ഉള്‍ക്കൊള്ളുന്ന  ഒരു ലേഖനം എന്നോടാവശ്യപ്പെട്ടു. അഞ്ച് വാള്യങ്ങളുള്ള ഒരു സമാഹാരത്തില്‍ എന്റെ ലേഖനം ചേര്‍ത്ത് അവ എനിക്ക് സമ്മാനിച്ചു.
പ്രഗത്ഭരായ അനേകം ശിഷ്യന്മാരുണ്ടായിരിക്കെ ശിഷ്യഗണങ്ങളുടെ സംഗമത്തില്‍  അവരെ പ്രതിനിധാനം ചെയ്ത് സംസാരിക്കാന്‍ എന്നെ തെരഞ്ഞെടുത്തു. ഇങ്ങനെ അനേകം സന്ദര്‍ഭങ്ങളില്‍ ശൈഖിന്റെ പിതൃതുല്യമായ പ്രത്യേക വാത്സല്യം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായ ഒരു ശിഷ്യനാണ് ഞാന്‍. കഴിഞ്ഞ ഒരു വര്‍ഷം മുഴുവനും ശൈഖ് ശയ്യാവലംബിയായിരുന്നു. ഇടക്കിടെ ശബ്ദ സന്ദേശമയച്ച് ശൈഖിനെ ഉന്മേഷവാനാക്കാന്‍ സെക്രട്ടറി മുഖേന ശ്രമിച്ചുകൊണ്ടിരുന്നു.  ഏറ്റവും നല്ല ചികില്‍സ നല്‍കിയിട്ടും വാര്‍ധക്യവും രോഗവും ആ ശരീരത്തെ ദുര്‍ബലമാക്കി. ഇമാം യൂസുഫുല്‍ ഖറദാവി തന്റെ ദൗത്യം പൂര്‍ത്തീകരിച്ച് അല്ലാഹുവിലേക്ക് യാത്രയായി. അല്ലാഹു അദ്ദേഹത്തിന് ധാരാളമായി പ്രതിഫലം നല്‍കി സ്വര്‍ഗത്തിലെ അത്യുന്നതങ്ങളില്‍ വിരാജിക്കുന്ന ദൈവദാസന്മാരില്‍ ഒരുമിച്ചു കൂട്ടട്ടെ. അദ്ദേഹം തുടങ്ങിവെച്ച നവോത്ഥാന സംരംഭങ്ങള്‍ ശിഷ്യന്മാരിലൂടെ ലോകത്തുടനീളം തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മുസ്‌ലിം ഉമ്മത്തിന് ഈ നൂറ്റാണ്ടിന്റെ പ്രത്യേക സാഹചര്യങ്ങളെ നേരിടാന്‍ പ്രാപ്തനായ ഒരു നവോത്ഥാന നായകനെ അല്ലാഹു നിയോഗിച്ചു തരുമാറാകട്ടെ!
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 2326
ടി.കെ ഉബൈദ്‌

ഹദീസ്‌

സമ്പാദ്യം സംശുദ്ധമാണോ?
കെ.പി ബഷീര്‍ ഈരാറ്റുപേട്ട