നിളാമിയ്യ സിലബസിന്റെ തുടക്കവും സവിശേഷതകളും
അറിവടയാളങ്ങള്‍-3 /
വ്യത്യസ്തങ്ങളായ വിദ്യാഭ്യാസ ധാരകള്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ ദീനീവിജ്ഞാന രംഗത്ത് കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. നിളാമിയ്യ സിലബസാണ് അതില്‍ പ്രധാനം.
ദാറുല്‍ ഉലൂം ദയൂബന്ദിന്റെ പാഠ്യപദ്ധതി, നിളാമിയ്യ സിലബസിനെ ഉപജീവിച്ച് പിന്നീട് തയാറാക്കിയതാണ്. എന്നാല്‍, നിളാമിയ്യയും ദയൂബന്ദും ഉള്‍പ്പെടെയുള്ളവ പരിഗണിച്ചും, ഭിന്ന ധാരകളെ ഉള്‍ക്കൊണ്ടും പ്രത്യേക ലക്ഷ്യത്തോടെയാണ് ലഖ്‌നൗ നദ്വത്തുല്‍ ഉലമാ ദാറുല്‍ ഉലൂം പാഠ്യപദ്ധതി രൂപപ്പെടുത്തിയത്. ബറേല്‍വികള്‍, തബ്‌ലീഗ് ജമാഅത്ത്, അഹ്‌ലെ ഹദീസ് എന്നീ വിഭാഗങ്ങള്‍ക്കും തങ്ങളുടേതായ വിദ്യാഭ്യാസ പദ്ധതികള്‍ നിലവിലുണ്ട്. ബനാറസ് കേന്ദ്രീകരിച്ചാണ് സലഫികളുടെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ നിലനിന്നതും വികസിച്ചതും. ദാറുല്‍ ഉലൂം ദയൂബന്ദിലെയും ലഖ്‌നൗ ദാറുല്‍ ഉലൂം നദ് വത്തുല്‍ ഉലമായിലെയും എന്റെ വിദ്യാഭ്യാസ അനുഭവങ്ങള്‍ വിവരിക്കുന്നതിന് മുമ്പ്, ഈ നിളാമീ പഠനരീതികളെക്കുറിച്ച് സാമാന്യമായി ചിലത് പറയാം.
ലഖ്‌നൗവിലാണ് തുടക്കം
ഇന്ത്യയിലെ ഏറ്റവും വലിയ ദീനീ കലാലയ ശൃംഖലകളില്‍ പ്രധാനം ദാറുല്‍ ഉലൂം ദയൂബന്ദ് ആണെങ്കിലും, അതിനും മുമ്പേ നിലവിലുള്ളതാണ് നിളാമിയ്യ സിലബസ്. ദയൂബന്ദ് പാഠ്യപദ്ധതി രൂപപ്പെടുത്തിയത് നിളാമിയ്യ സിലബസിനെ ആധാരമാക്കിയാണ്. പൊതുവില്‍ ദീനും ഭാഷയും പഠിപ്പിക്കുക എന്നതോടൊപ്പം, മുഗള്‍ ഭരണകൂടത്തിന്റെ വിവിധ ഉദ്യോഗതലങ്ങളിലേക്ക് യോഗ്യരായവരെ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യവും നിളാമിയ്യ സിലബസിന് ഉണ്ടായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകള്‍ കൂടി ഇതിന്റെ ഭാഗമായത്. ഇവ രണ്ടും അക്കാലത്തെ ഭരണഭാഷകള്‍ കൂടിയായിരുന്നു. നിളാമിയ്യ സിലബസ് അനുസരിച്ചുള്ള വിദ്യാഭ്യാസമാണ് എന്റെ ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷാ പഠനത്തെ മുഖ്യമായും സഹായിച്ചത്.
നിളാമുദ്ദീന്‍ സിഹാലിവി എന്ന പണ്ഡിതവര്യനാണ് നിളാമിയ്യ വിദ്യാഭ്യാസ രീതിയുടെ ഉപജ്ഞാതാവ്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിനടുത്ത് സിഹാലി പ്രദേശത്തുകാരനായിരുന്നു നിളാമുദ്ദീന്‍ ഇബ്‌നു മുല്ലാ ഖുത്വ്ബുദ്ദീന്‍ (മരണം-ക്രി. 1748, ഹി. 1161). മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസീബിന്റെ (ക്രി. 1618-1707) ഭരണകാലത്ത് ജീവിച്ചിരുന്ന ഫഖീഹായിരുന്നു നിളാമുദ്ദീന്‍. ഒരു ദീനീ കലാലയം ആരംഭിക്കാന്‍ മുല്ലാ നിളാമുദ്ദീനോട് ആവശ്യപ്പെട്ട ഔറംഗസീബ്, പാഠശാല സ്ഥാപിക്കാനായി ലഖ്‌നൗവിലെ പ്രസിദ്ധമായ ഫറന്‍കി മഹല്‍ (അല്‍ഖസ്‌റുല്‍ അഫ്‌റന്‍ജി) അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. 1693-ലായിരുന്നു ഇതെന്ന് ചരിത്ര രേഖകളില്‍ കാണുന്നു. ഈ നിര്‍ദേശം സ്വീകരിച്ച നിളാമുദ്ദീന്‍, വൈകാതെ ഫറന്‍കി മഹലില്‍ ഒരു ദീനീ പാഠശാലക്ക് (ജാമിഅ ഇസ്‌ലാമിയ) തുടക്കം കുറിച്ചു. നിളാമിയ്യ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രാരംഭമായി മാറിയ ദീനീ കലാലയമാണിത്. ഫറന്‍കി മഹലിലെ ജാമിഅ ഇസ്‌ലാമിയക്കായി നിളാമുദ്ദീന്‍ സിഹാലിവി രൂപപ്പെടുത്തിയ പാഠ്യക്രമമാണ് പില്‍ക്കാലത്ത് നിളാമിയ്യ വിദ്യാഭ്യാസ സമ്പ്രദായമായി വികസിച്ചത്.
ഒരു ദീനീ വിദ്യാര്‍ഥി പഠിക്കേണ്ട അടിസ്ഥാന വിഷയങ്ങള്‍ ഏറക്കുറെ നിളാമിയ്യ സിലബസില്‍ ഉണ്ടായിരുന്നു. ഒരാള്‍ക്ക് ഇസ്‌ലാമിക പണ്ഡിതനായി വളരാന്‍ ആവശ്യമായ മൗലികാടിത്തറകള്‍ ഒരുക്കിക്കൊടുക്കുന്നതായിരുന്നു നിളാമീ സിലബസ്. പഴയ കാലത്തെ പള്ളിദര്‍സ് വിദ്യാഭ്യാസത്തിലൂടെ ചില നല്ല ആലിമുകള്‍ വളര്‍ന്നുവന്നത് നിളാമിയ്യ സിലബസിന്റെ ഗുണം കൊണ്ട് കൂടിയായിരുന്നു; ചില പരിമിതികള്‍ ഉണ്ടായിരിക്കാമെങ്കിലും. അറബി ഭാഷാ വ്യാകരണം (സ്വര്‍ഫ്, നഹ്‌വ്), തര്‍ക്കശാസ്ത്രം (മന്‍ത്വിഖ്), തത്ത്വശാസ്ത്രം (ഫല്‍സഫ), ഗണിത ശാസ്ത്രം (അല്‍ഹിസാബ്), ഭാഷാ സാഹിത്യം (അല്‍ ബലാഗ), കര്‍മശാസ്ത്രം (അല്‍ഫിഖ്ഹ്), നിദാന ശാസ്ത്രം (ഉസ്വൂലുല്‍ ഫിഖ്ഹ്), വചന ശാസ്ത്രവും വിശ്വാസ സംഹിതയും (അല്‍കലാമു വല്‍അഖീദ), ഖുര്‍ആന്‍ വ്യാഖ്യാനം (തഫ്‌സീര്‍), നബിചര്യ (ഹദീസ്) എന്നിവയാണ് നിളാമിയ്യ പാഠ്യപദ്ധതിയുടെ അടിസ്ഥാന ഘടകങ്ങള്‍. ഈ വിഷയങ്ങളില്‍ പലതും നിളാമീ മദ്‌റസക്കു മുമ്പുതന്നെ ഇന്ത്യയില്‍ പഠിപ്പിച്ചിരുന്നെങ്കിലും, വ്യത്യസ്തങ്ങളായ കിതാബുകള്‍ ഉള്‍പ്പെടുത്തി പുതിയ ക്രമത്തില്‍ അതിനെ സംവിധാനിക്കുകയാണ് നിളാമുദ്ദീന്‍ സിഹാലിവി ചെയ്തത്. ഓരോന്നിലും ക്രമാനുഗതമായി പഠിക്കേണ്ട ചെറുതും വലുതുമായ നിരവധി കിതാബുകള്‍ നിളാമിയ്യ സിലബസില്‍ ഉണ്ടായിരുന്നു. കേരളത്തിലും ഉത്തരേന്ത്യയിലും ഈ വിദ്യാഭ്യാസ രീതിയില്‍ ഫിഖ്ഹിന് പ്രാമുഖ്യം നല്‍കപ്പെട്ടത് കാണാം. മുസ്‌ലിം ഭരണ സംവിധാനത്തിന്റെ പശ്ചാത്തലത്തില്‍, സാമൂഹിക ജീവിതത്തിലെ ശരീഅത്ത് നിയമങ്ങളുടെ പ്രയോഗവല്‍ക്കരണ ആവശ്യങ്ങളാകാം ഫിഖ്ഹിന് ഇങ്ങനെയൊരു പ്രാധാന്യം കൈവരാന്‍ കാരണമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മാത്രമല്ല, മദ്ഹബുകളെ ആധാരമാക്കിയാണ് മുസ്‌ലിം ജീവിതം നിലനില്‍ക്കുന്നത്. മദ്ഹബുകള്‍ എന്നാല്‍ തന്നെ കര്‍മശാസ്ത്രപരമാണല്ലോ. അപ്പോള്‍, പഠിക്കലും പഠിപ്പിക്കലും പ്രസംഗിക്കലും ചര്‍ച്ച ചെയ്യലുമെല്ലാം ഫിഖ്ഹിന് ഊന്നല്‍ നല്‍കിയാകാം. നിയമങ്ങള്‍ക്കപ്പുറമുള്ള, ആത്മീയതയെക്കൂടി മനസ്സിലാക്കാനാണ് ഇഹ്‌യാ ഉലൂമിദ്ദീന്‍ പോലുള്ള കിതാബുകള്‍ പഠനത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത്.
കേരളത്തിലെ സമീപനങ്ങള്‍
കേരളത്തില്‍ അല്‍പ്പം ഭേദഗതികളോടെയാണ് നിളാമിയ്യ സിലബസ് പിന്തുടര്‍ന്നിരുന്നത്. ഇവിടെ പൊന്നാനി ദര്‍സിന്റെ പാരമ്പര്യവും ഉണ്ടായിരുന്നല്ലോ.
ക്രി. 1695 കാലത്തോടെയാണ് നിളാമിയ്യ സിലബസും മറ്റും രൂപപ്പെടുന്നത്. എന്നാല്‍, 1500-ന്റെ തുടക്കത്തില്‍ സ്ഥാപിതമായ പൊന്നാനി പള്ളിയില്‍, ദര്‍സ് അതിനും മുമ്പേ ഉണ്ടായിരിക്കണമല്ലോ. യമനീ ധാരയിലുള്ള മഖ്ദൂമുമാരുടെ പാരമ്പര്യവും ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ അല്‍ അസ്ഹര്‍ വിദ്യാഭ്യാസം വഴി ഈജിപ്ഷ്യന്‍ സമ്പ്രദായത്തിന്റെ സ്വാധീനവും പൊന്നാനി ദര്‍സ് സമ്പ്രദായത്തിലുണ്ട്. അതുകൊണ്ട്, ഇവിടുത്തെ ദീനീ വിദ്യാഭ്യാസ രീതികളെ ഇവ രണ്ടും ഉള്‍ക്കൊള്ളുക സ്വാഭാവികമാണ്. മാത്രമല്ല, കര്‍മശാസ്ത്രത്തില്‍ ശാഫിഈ ഫിഖ്ഹാണ് കേരള മുസ്‌ലിംകളില്‍ വലിയൊരു വിഭാഗം പിന്തുടര്‍ന്നിരുന്നത്. ഉത്തരേന്ത്യയിലാകട്ടെ ഹനഫീ ഫിഖ്ഹിനാണ് പ്രാമുഖ്യം. കേരളത്തിലെ പള്ളി ദര്‍സുകളിലും അവ വികസിച്ച ആദ്യകാല അറബിക് കോളേജുകളിലും നിളാമിയ്യ വിദ്യാഭ്യാസ സമ്പ്രദായം പിന്തുടര്‍ന്നിരുന്നത് ഈ പശ്ചാത്തലങ്ങളുടെയെല്ലാം സ്വാധീനത്തോടു കൂടിയായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍.
അഖീദ, ഫിഖ്ഹ്, ലുഗത്ത്, അദബ് തുടങ്ങി എല്ലാ വിജ്ഞാന കലകളിലുമുള്ള കിതാബുകള്‍ പ്രത്യേക ക്രമമനുസരിച്ചാണ് പള്ളിദര്‍സുകളില്‍ പഠിപ്പിച്ചിരുന്നത്. ഫിഖ്ഹിലെ പ്രാഥമിക ഗ്രന്ഥങ്ങളും അഖീദയിലെ ചെറിയ കിതാബുകളും ആദ്യം പഠിക്കണം. അദബും മന്‍ത്വിഖുമാണ് തുടര്‍ന്ന് വരുന്നത്. ഉംദ, ഫത്ഹുല്‍ മുഈന്‍, അല്‍ഫിയ, നഫാഇസ്, ഖുലാസത്തുല്‍ ഹിസാബ്, മിശ്കാത്ത്, ജലാലൈനി തുടങ്ങിയ കിതാബുകളൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമാണ്. മുഖ്തസ്വറുല്‍ മആനി, ശറഹുത്തഹ്ദീബ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പഠിക്കണം. മന്‍ത്വിഖ് പ്രാധാന്യമുള്ള വിഷയമാണ്. ഖുതുബി, മീര്‍ ഖുതുബി തുടങ്ങിയവ മന്‍ത്വിഖിന്റെ വിശദാംശങ്ങളുള്ള കിതാബുകളാണ്. ഈസാ ഗുഞ്ചിയാണ് മറ്റൊന്ന്. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം തുടങ്ങിയ ഹദീസ് കൃതികളും ഖദ്‌റുസ്സബകും മറ്റും ഉയര്‍ന്ന ക്ലാസ്സുകളില്‍ പഠിപ്പിക്കുന്നവയാണ്. ബൈദാവിയില്‍ നിന്ന് തെരഞ്ഞെടുത്ത ഭാഗങ്ങളാണ് ഖദ്‌റുസ്സബക്. ഇത്തരം കേവല മതപരമായ വിഷയങ്ങള്‍ മാത്രമായിരുന്നില്ല പള്ളിദര്‍സുകളില്‍ പഠിപ്പിച്ചിരുന്നത്. ഗണിത ശാസ്ത്രം, ഗോള ശാസ്ത്രം തുടങ്ങിയവയും ദര്‍സ് വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്നു. തശ്‌രീഹുല്‍ അഫ്‌ലാക്, ഉഖ്‌ലിദീസ് തുടങ്ങിയ കിതാബുകള്‍ ഈ ഗണത്തില്‍ വരുന്നവയാണ്. അതുപോലെ ഇല്‍മുല്‍ ഖിബ്‌ലയില്‍ രിസാലത്തുല്‍ മാറദീനി തുടങ്ങിയ കിതാബുകളുമുണ്ട്.
പള്ളിദര്‍സുകള്‍, ദയൂബന്ദ് ദാറുല്‍ ഉലൂം എന്നിവിടങ്ങളില്‍ നിളാമിയ്യ പാഠ്യപദ്ധതി പ്രകാരം പഠിച്ചതിനാല്‍, വ്യത്യസ്ത ഫന്നുകളില്‍ സാമാന്യം ധാരണ രൂപപ്പെടുത്താന്‍ എനിക്ക് സാധിക്കുകയുണ്ടായി. ഒരേ സ്വഭാവമുള്ള കിതാബുകള്‍ ആവര്‍ത്തിച്ച് പഠിക്കുന്നത് വലിയ സമയനഷ്ടത്തിന് കാരണമാകുന്നു എന്നത് വസ്തുതയാണ്. ഏതെങ്കിലും ചില വിഷയങ്ങള്‍ വായിച്ചുപോകുന്നതിന് പകരം എല്ലാ ഫന്നുകളും പരിചയപ്പെടുക എന്നത് ദീനീ വിദ്യാഭ്യാസത്തില്‍ പ്രധാനമാണ്. ഇത് നിളാമിയ്യ സിലബസിലൂടെ സാധിക്കുന്നു. രണ്ടാമത്, പല കിതാബുകളില്‍ നിന്ന് ശേഖരിച്ച ഉദ്ധരണികളോ മറ്റോ പഠിക്കുന്നതിന് പകരം, പൗരാണിക കിതാബുകള്‍ നേരിട്ട് പഠിക്കുന്നതിന് പല ഗുണങ്ങളുമുണ്ട്. മൂന്നാമതായി, മത്‌നും ശര്‍ഹും ഉള്ള കിതാബുകള്‍ ഏറെ പ്രയോജനം ചെയ്യുന്നതാണ്.
എന്നാല്‍, ഇതിനൊരു മറുവശവുമുണ്ട്. സമയനഷ്ടം വരുത്തുന്ന അനാവശ്യമായ ആവര്‍ത്തനം പള്ളി ദര്‍സ് വിദ്യാഭ്യാസത്തിന്റെ വലിയൊരു പ്രശ്‌നമാണ്. ചില വിഷയങ്ങളില്‍ ഒരു പാട് കിതാബുകള്‍ പഠിക്കേണ്ടി വരുന്നത് സമയനഷ്ടമാണ്. ഉദാഹരണമായി, മന്‍ത്വിഖില്‍ ഒന്നോ രണ്ടോ കിതാബുകള്‍ പഠിച്ചാല്‍ മതി. പക്ഷേ, ശര്‍ഹുല്‍ മന്‍ത്വിഖ്, ഈസാഗുഞ്ചി, ശര്‍ഹുത്തഹ്ദീബ്, ഖുതുബി, മീര്‍ ഖുത്വുബി തുടങ്ങി, നാലോ അതിലേറെയൊ കിതാബുകളൊക്കെ ചില ദര്‍സുകളില്‍ പഠിപ്പിക്കും. ഉംദ, ഫത്ഹുല്‍ മുഈന്‍, മിന്‍ഹാജ് തുടങ്ങിയവയെല്ലാം ഫിഖ്ഹീ കിതാബുകളാണ്. നഹ്‌വിന്റെ ഗ്രന്ഥങ്ങളാണ് തഖ്‌വീമുല്ലിസാന്‍, ഖതറുന്നദാ, അല്‍ഫിയ, മുല്ലാ ജാമിഅ് തുടങ്ങിയവ. തലക്കടത്തൂരില്‍ പഠിക്കുമ്പോള്‍ മുല്ലാ ജാമിഇന്റെ ചില ഭാഗങ്ങള്‍ ഞാന്‍ ഓതിയിട്ടുണ്ട്. ഈ പുസ്തകങ്ങളിലെല്ലാം ഒരേ വിഷയം തന്നെ ആവര്‍ത്തിച്ച് പഠിക്കേണ്ടിവരുന്നു. ഇവയിലെല്ലാം ചില ഭാഗങ്ങള്‍ ചുരുക്കാവുന്നതാണ്. അല്ലെങ്കില്‍ ഒരു കിതാബില്‍ നിന്ന് ഒരു വിഷയവും, അതേ ഫന്നിലെ അടുത്ത കിതാബില്‍നിന്ന് മറ്റൊരു വിഷയവും പഠിപ്പിക്കാം. പക്ഷേ, ഒരേ വിഷയങ്ങള്‍ പല കിതാബുകളില്‍ പഠിക്കുമ്പോള്‍ മറ്റുള്ളവ പഠിക്കാനോ പ്രവര്‍ത്തിക്കാനോ ചെലവഴിക്കേണ്ട ആയുസ്സിന്റെ ഒരു ഭാഗമാണ് ഇതുവഴി നഷ്ടപ്പെടുന്നത്. അക്കാലത്തൊന്നും, സമയത്തിനും ആയുസ്സിനും ഇന്നത്തെപ്പോലെ വില കല്‍പ്പിക്കപ്പെട്ടിരുന്നില്ല. അല്ലാഹുവേ, എന്നെ വിദ്യാര്‍ഥിയായി ജീവിപ്പിക്കുകയും വിദ്യാര്‍ഥിയായി മരിപ്പിക്കുകയും വിദ്യാര്‍ഥികളോടൊപ്പം മഹ്ശറില്‍ ഒരുമിപ്പിക്കുകയും ചെയ്യേണമേ (അല്ലാഹുമ്മ അഹ്‌യിനീ മുതഅല്ലിമന്‍, വ അമിത്‌നീ മുതഅല്ലിമന്‍, വഹ്ശുര്‍നീ മഅല്‍ മുതഅല്ലിമീന്‍) എന്ന് ചിലര്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നല്ലോ. അധികവായന (ലില്‍മുത്വാലഅ) എന്നൊരു രീതി പള്ളിദര്‍സുകളിലും അറബിക് കോളേജുകളിലും ഉണ്ടായിരുന്നില്ല. വിഷയം പഠിപ്പിക്കാന്‍ മത്‌നും ചെറിയ ശര്‍ഹുമുള്ള രചനകള്‍ പാഠപുസ്തകങ്ങളായി ഉപയോഗിക്കുകയും, അതേ സമയം വലിയ കിതാബുകള്‍ വിശദ വായനക്ക് നിര്‍ദേശിച്ച് പരിശീലനം നല്‍കുകയും ചെയ്യുന്ന രീതി ഇല്ലാതിരുന്നതും ഒരു കാരണമാണ്. ഞാന്‍ ഓമച്ചപ്പുഴയില്‍ വിദ്യാര്‍ഥിയായി ചെല്ലുമ്പോള്‍, മഹല്ലി എട്ടുവര്‍ഷമെടുത്താണ് അവിടെ പഠിപ്പിച്ചിരുന്നത്. ഉസ്താദ് എഴുതിയ ശര്‍ഹും തഅ്‌ലീഖാത്തുമൊക്കെ പകര്‍ത്തിയെഴുതുകയായിരുന്നു അവര്‍. എന്നാലത് വായിച്ച് പഠിക്കുകയുമില്ല. ഫത്ഹുല്‍ മുഈന്‍, മഹല്ലി, ജംഉല്‍ ജവാമിഅ എന്നിവക്ക് കരിങ്ങപ്പാറ എഴുതിയ ശര്‍ഹുകള്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ദമീര്‍ മടക്കുക എന്നത് അല്‍പ്പം പ്രയാസമുള്ള കാര്യമാണല്ലോ. ഇതെല്ലാം വിശദീകരിച്ചിട്ടുണ്ടാകും ഉസ്താദിന്റെ ശര്‍ഹില്‍. അതൊക്കെ സൂക്ഷ്മമായി പഠിക്കാന്‍ നിന്നാല്‍ ഒരാളുടെ ആയുസ്സ് തീരും! ചിലരുടെയൊക്കെ വിഷയത്തില്‍ ഇതായിരുന്നു അവസ്ഥ. ഞാന്‍ പക്ഷേ, ഇമ്പിച്ചാലി മുസ്‌ലിയാരുടെ അടുത്ത് നിന്ന് മൂന്ന് വര്‍ഷം കൊണ്ട് മഹല്ലി ഓതിത്തീര്‍ത്തിട്ടുണ്ട്. ദയൂബന്ദിലെ പഠനം കഴിഞ്ഞ് തിരിച്ചുവന്ന ഞാന്‍, പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ അധ്യാപകനായി ചെന്നപ്പോള്‍, കരിങ്കപ്പാറയില്‍ എന്റെ കൂടെപ്പഠിച്ച ഒരാള്‍, ഇവിടെ എന്റെ ക്ലാസില്‍ വിദ്യാര്‍ഥിയായി ഉണ്ടായിരുന്നു. അത്ര ദൈര്‍ഘ്യമുള്ളതായിരുന്നു ചിലര്‍ക്കെങ്കിലും അന്നത്തെ ദര്‍സ് പഠനം.
ശര്‍ഹും മത്‌നും
ഒരു ഗ്രന്ഥത്തിന്റെ യഥാര്‍ഥ പാഠം (ടെക്സ്റ്റ്) ആണ് മത്ന്‍. വിഷയത്തിന്റെ കാമ്പും കാതലും ഇതില്‍ സംക്ഷിപ്തമായി പ്രതിപാദിച്ചിട്ടുണ്ടാകും. ഇതിന്റെ വിശദീകരണമാണ് ശര്‍ഹ്. മനസ്സുവെച്ചാല്‍ നമുക്ക് മത്‌ന് മനഃപാഠമാക്കാന്‍ കഴിയും. അതോടെ വിഷയത്തിന്റെ മര്‍മം എക്കാലത്തും നമ്മുടെ മനസ്സില്‍ മായാതെ കിടക്കും. ഓര്‍ത്തെടുക്കാന്‍ പ്രയാസപ്പെടേണ്ടി വരില്ല. അഖീദയില്‍ ഏറ്റവും വിഖ്യാതമായ പുസ്തകമാണ് ശര്‍ഹുല്‍ അഖാഇദ്. അശ്അരീ അഖീദയുടെ പ്രാമാണിക ഗ്രന്ഥം എന്ന് ഇതിനെ വിശേഷിപ്പിക്കാം. 'ഹഖാഇഖുല്‍ അശ്‌യാഇ സാബിതതുന്‍, വല്‍ഇല്‍മു ബിഹാ ഹഖ്ഖുന്‍' എന്നാണ് ഈ കിതാബ് ആരംഭിക്കുന്നത്. ഇതിലെ ഹഖ്, ഇല്‍മ്, ശൈഅ് തുടങ്ങിയവയെല്ലാം ഏറെ വിശദാംശങ്ങളോടെ പഠിക്കണം. മൂലഗ്രന്ഥത്തില്‍ പക്ഷേ, വിശദാംശങ്ങള്‍ ഉണ്ടാകില്ല. പകരം, ഈ വിശദാംശങ്ങളെല്ലാം ഒരു ചെപ്പില്‍ ഒതുക്കുന്നതാണ് മത്ന്‍. വിസ്തരിച്ച ഒരു ആശയത്തെ വളരെ സംക്ഷിപ്തമായ വാചകത്തിലേക്ക് മാറ്റുക എന്നതാണ് മത്‌നിലൂടെ സാധിക്കുന്നത്. ഒരു ചെപ്പും അതില്‍ നിന്ന് ഒഴുകിവരുന്ന വിശദീകരണങ്ങളും അടങ്ങുന്നതാണ് ശര്‍ഹ്-മത്ന്‍ ശൈലിയിലുള്ള ഗ്രന്ഥങ്ങള്‍. ഇത്തരം കിതാബുകളാണ് നിളാമിയ്യ സിലബസില്‍ ഉണ്ടായിരുന്നതും പള്ളിദര്‍സുകളില്‍ പഠിപ്പിച്ചിരുന്നതും.
അദ്കിയാഅ് എന്ന പേരില്‍ വിശ്രുതമായ ഒരു കിതാബുണ്ട് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്. ഹിദായത്തുല്‍ അദ്കിയാഅ് ഇലാ ത്വരിഖില്‍ ഔലിയാഅ് എന്നാണ് മുഴുവന്‍ പേര്. അദ്കിയാഇല്‍ ഒരിടത്ത് മത്‌നിന്റെ മേന്‍മ വിവരിക്കുന്നുണ്ട്; ഖാബില്‍ കിതാബക ഖബ്‌ല വഖ്തി മുത്വാലഅ, ബി സ്വഹീഹി കുതുബിന്‍ വാദിഹിന്‍ ഖദ് ഉവ്വിലാ, ത്വാലിഅ് മിറാറന്‍ മത്‌നഹു ഖബ്‌ല ശുറൂഹ് ഫഇന്നഹു ഔലാ വഅഹ്‌സനു മൗഇലാ, വല ഫഹ്മു സത്വ്‌റിന്‍ മിന്‍ മുതൂനിന്‍ അഹ്‌സനു, മിന്‍ അശ്‌രി അസ്ത്വുറി മിന്‍ ശുറൂഹിന്‍ ഫഖ്ബലാ'. മത്‌നുകള്‍ ആവര്‍ത്തിച്ച് വായിക്കുക, അവയാണ് ഏറ്റവും മികച്ച അവലംബം. ഒരു വരി മത്ന്‍ മനസ്സിലാക്കലാണ്, ശര്‍ഹിലെ പത്ത് വരികളെക്കാള്‍ ഉത്തമം' എന്നാണ് ഇതിന്റെ ആശയം.
വിഷയത്തിന്റെ മൗലിക വശം മത്‌നിലൂടെ ഓര്‍മിച്ചു വെക്കാന്‍ സാധിക്കും. ഒരു ബീജം മനസ്സില്‍ സൂക്ഷിക്കാം. ആവശ്യാനുസാരം അതിനെ വികസിപ്പിക്കാം. ഏതു സമയത്തും അതിനെ അവലംബിക്കാന്‍ സാധിക്കും. അത് ചിന്താശേഷി വളര്‍ത്തും. ഭാഷാ പഠനത്തിന്റെ രീതി ഉദാഹരണമായെടുക്കാം. പൗരാണിക ഭാഷാ പാഠപുസ്തകങ്ങള്‍ പരിശോധിച്ചാല്‍, അവയില്‍ രണ്ട് ഭാഗങ്ങള്‍ കാണാം: ഒന്ന്: ഖാഇദ, ഇത് അടിസ്ഥാന നിയമമായിരിക്കും. രണ്ട്: മിസാല്‍, ആ നിയമം മനസ്സിലാക്കാവുന്ന ലഘുവായ ഉദാഹരണങ്ങള്‍. പിന്നീട് ഭാഷാപഠന കൃതികളില്‍ വന്ന തംരീന്‍, അഥവാ പരിശീലിച്ച് പഠിക്കാനുള്ള അഭ്യാസങ്ങള്‍ പൗരാണിക ഗ്രന്ഥങ്ങളില്‍ കാണില്ല. അടിസ്ഥാന നിയമവും (ഖാഇദ) വളരെ ചെറിയ ഉദാഹരണവും (മിസാല്‍) മാത്രമാണ് അവയില്‍ ഉണ്ടാവുക. ആശയങ്ങള്‍ ഓര്‍ത്തുവെക്കാന്‍ എളുപ്പത്തില്‍ ബൈത്തുകളാക്കി മാറ്റിയിട്ടുമുണ്ടാകും.
ഉദാഹരണമായി, 'കലാമുനാ ലഫ്‌ളുന്‍ മുഫീദുന്‍ കസ്തഖിം' - അല്‍ഫിയ എന്ന അറബി വ്യാകരണ ഗ്രന്ഥത്തിന്റെ തുടക്കമാണിത്. അറബി ഭാഷാ വ്യാകരണത്തില്‍ അഗ്രഗണ്യനായിരുന്ന മുഹമ്മദു ബ്‌നു അബ്ദുല്ലാഹിബ്‌നി മാലികിന്റെ (ഹി. 600-672) വിഖ്യാത ഗ്രന്ഥമാണ് അല്‍ഫിയ. ആയിരം ബൈത്തുകളിലൂടെ അദ്ദേഹം അറബി ഭാഷാ വ്യാകരണനിയമങ്ങള്‍ അവതരിപ്പിക്കുന്നു. ഇവിടെ നാം ഉദ്ധരിച്ചത് ഒരു മത്‌നാണ്. എന്നാല്‍, ഓര്‍ത്തുവെക്കാന്‍ എളുപ്പമുള്ള ബൈത്തുമാണ്. എന്താണ് കലാം, എന്താണ് ലഫ്‌ള്, മുഫീദിന്റെ ഉദാഹരണമെന്ത്? ഇതെല്ലാം മനസ്സിലാകുന്ന വിധത്തില്‍ ഈ ബൈത്തിലെ ഓരോ വാക്കും ശര്‍ഹ് ചെയ്യണം, ഉദാഹരണങ്ങള്‍ കൊടുക്കണം. അങ്ങനെ ചെയ്തുകഴിഞ്ഞാല്‍, 'കലാമുനാ ലഫ്‌ളുന്‍ മുഫീദുന്‍ കസ്തഖിം' എന്ന മത്‌ന് ഉള്‍ക്കൊള്ളുന്ന ആശയത്തിന്റെ വിസ്തരിച്ച ചക്രവാളങ്ങളിലേക്ക് പഠിതാവിന് ഉയര്‍ന്നു പോകാന്‍ കഴിയും. ഈ ശൈലി ഫിഖ്ഹിനും നഹ്‌വിനും മന്‍ത്വിഖിനുമെല്ലാം ബാധകമാണ്. ഈജിപ്ഷ്യന്‍ ഭാഷാപണ്ഡിതന്‍ ഇബ്‌നു ഉഖൈല്‍ (ഹി.694- 769) അല്‍ഫിയക്ക് എഴുതിയ ശറഹ് വായിക്കാന്‍ അവസരം ലഭിച്ചാല്‍, മത്‌ന് - ശര്‍ഹ് ശൈലിയുടെ സൗന്ദര്യം നമുക്ക് മനസ്സിലാക്കാനാകും.
ഖുര്‍ആന്‍ വിവരണ ഗ്രന്ഥമായ തഫ്‌സീറുല്‍ ജലാലൈനി നിരവധി തഫ്‌സീറുകളുടെ സംക്ഷിപ്തമാണ്. ജലാലുദ്ദീന്‍ മഹല്ലി (ഹി. 791-864), ജലാലുദ്ദീന്‍ സുയൂത്വി (849-911) എന്നിവരാണ് ഇതിന്റെ രചയിതാക്കള്‍. തഫ്‌സീറുല്‍ ജലാലൈനി ശരിയാം വിധം മനസ്സിലാകണമെങ്കില്‍, മറ്റു പല തഫ്‌സീറുകളും നാം മുത്വാലഅ ചെയ്യേണ്ടതുണ്ട്. അഥവാ, പല തഫ്‌സീറുകളുടെയും മത്‌നായി തഫ്‌സീറുല്‍ ജലാലൈനിയെ കാണാവുന്നതാണ്. ചില കെട്ടുകഥകള്‍ (മൗദൂഅ് ആയ നിവേദനങ്ങള്‍) ഉള്‍പ്പെട്ടതു പോലുള്ള സ്ഖലിതങ്ങള്‍ ഇതില്‍ സംഭവിച്ചുപോയിട്ടുണ്ടെങ്കിലും, ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് ജലാലൈനി മികച്ച ഒരു ഗൈഡാണ്. നല്ലൊരു മുഖവുരയോടു കൂടി ഈ ഗ്രന്ഥം ഇപ്പോഴും അറബ് നാടുകളില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. പക്ഷേ, ഇന്നത്തെ ഉസ്താദുമാര്‍ക്ക് ജലാലൈനി ക്ലാസെടുക്കാന്‍ മാത്രം പരിജ്ഞാനമില്ലാത്ത അവസ്ഥയുണ്ട്. മാത്രമല്ല, പുതിയ കാലത്തിന്റെ അവസ്ഥാന്തരങ്ങള്‍ക്കനുസരിച്ച് ഖുര്‍ആന്‍ മനസ്സിലാക്കാന്‍ മറ്റു തഫ്‌സീറുകളും ആവശ്യമാണ്. അങ്ങനെയാണ് ഇമാം സ്വാബൂനിയുടെ സ്വഫ്‌വത്തുത്തഫാസീര്‍ പോലുള്ള കൃതികള്‍ രചിക്കപ്പെടുന്നത്. കേരളത്തിലെ പല ദീനീ മദാരിസുകളിലും അത് പാഠപുസ്തകമാണ്. കണ്ണൂരിലെ ഐനുല്‍ മആരിഫിലും ഇത് പഠിപ്പിക്കുന്നുണ്ട്.
ഉസ്വൂലുല്‍ ഹദീസിലെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നാണ് നുഖ്ബത്തുല്‍ ഫിക്ര്‍. ഇബ്‌നു ഹജറില്‍ അസ്ഖലാനിയുടെതാണ് ഈ ഗ്രന്ഥം. തന്റെ മൂലഗ്രന്ഥത്തിന് അദ്ദേഹം തന്നെ ശര്‍ഹ് എഴുതിയിട്ടുണ്ട്. നുഖ്ബത്തുല്‍ ഫിക്ര്‍ വിദ്യാര്‍ഥികള്‍ക്ക് നന്നായി പഠിക്കാവുന്നതും ഓര്‍ത്തുവെക്കാന്‍ എളുപ്പമുള്ളതുമാണ്. തുഹ്ഫ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന, തുഹ്ഫത്തുല്‍ മുഹ്താജ് ബി ശര്‍ഹില്‍ മിന്‍ഹാജ് എന്ന, ഇബ്‌നു ഹജറില്‍ ഹൈസമിയുടെ (ഹി. 909-974) കിതാബ് മറ്റൊരു ഉദാഹരണമായെടുക്കാം. ഇമാം നവവിയുടെ (മരണം ഹി. 676) മിന്‍ഹാജുത്ത്വാലിബീന്റെ ശര്‍ഹാണത്. തുഹ്ഫയില്‍ ധാരാളം വിശദാംശങ്ങള്‍ ഉണ്ടാകും. തുഹ്ഫയുടെ ആശയങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളിച്ച്, സംക്ഷിപ്തമായ പാഠങ്ങളാക്കി എഴുതിയതാണ് ഫത്ഹുല്‍ മുഈന്‍. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ (മരണം ഹി. 987, ക്രി. 1579) രചിച്ച ശാഫിഈ ഫിഖ്ഹിലെ പ്രധാന കൃതിയാണിത്. തന്റെ തന്നെ ഗ്രന്ഥമായ ഖുര്‍റത്തുല്‍ ഐനിന് അദ്ദേഹം സ്വയം എഴുതിയ ശര്‍ഹാണ് ഫത്ഹുല്‍ മുഈന്‍. ഖുര്‍റത്തുല്‍ ഐനിനെ ലളിതമായി മനസ്സിലാക്കുക എന്നതായിരുന്നു ഈ ശര്‍ഹിന്റെ ലക്ഷ്യം. വിശദാംശങ്ങള്‍ ഒഴിവാക്കി, സംക്ഷിപ്തമാക്കിയ കൃതിക്ക് ഉദാഹരണമാണ് അബ്ദുല്‍ ഖാഹിര്‍ ജുര്‍ജാനിയുടെ (ക്രി. 1009-1078) അല്‍ അവാമിലുല്‍ മിഅ എന്ന പുസ്തകം. അല്‍ അവാമിലുല്‍ മിഅത് മത്‌നാണ്. അതിനെ ഉദാഹരണങ്ങള്‍ ചേര്‍ത്ത് ജുര്‍ജാനി തന്നെ ശര്‍ഹ് ചെയ്തിട്ടുണ്ട്. ഖതറുന്നദാ എന്ന അറബി വ്യാകരണക്യതിയാണ് മറ്റൊരു ഉദാഹരണം. ഈജിപ്ഷ്യന്‍ പണ്ഡിതനായ ഇബ്‌നു ഹിശാമില്‍ അന്‍സ്വാരി (ക്രി. 1309- 1360) രചിച്ച, നഹ്‌വിന്റെ വിശദാംശങ്ങള്‍ പഠിപ്പിക്കുന്ന കിതാബാണിത്. ഇതിന് ശര്‍ഹു ഖത്വറുന്നദാ, വ ബല്ലുസ്സ്വദാ എന്ന പേരില്‍ അദ്ദേഹം തന്നെ ശര്‍ഹ് എഴുതിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് യഥേഷ്ടം തെരഞ്ഞെടുത്ത്, സംക്ഷിപ്തമായോ വിശദാംശങ്ങളോടെയോ പഠിക്കാന്‍ ഗ്രന്ഥകാരന്‍ തന്നെ അവസരമൊരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. മത്‌ന്, ശര്‍ഹ്, ഹാശിയ, തഅ്‌ലീഖാത്ത് എന്നിങ്ങനെയുള്ള രീതിയില്‍ എഴുതപ്പെട്ട കിതാബുകളാണ് പഴയകാലത്ത് പള്ളി ദര്‍സുകളില്‍ പഠിപ്പിച്ചിരുന്നത്. ഇങ്ങനെയുള്ള കിതാബുകള്‍ കേന്ദ്രീകരിച്ച്, വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കുന്ന സമ്പ്രദായമാണ് നിളാമിയ്യ പാഠ്യപദ്ധതിയിലുള്ളത്.
തഹ്ഖീഖും തദ്ഖീഖും
മനഃപാഠമാക്കല്‍ ദീനീ പഠനത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ജംഉല്‍ ജവാമിഅ്, മിന്‍ഹാജ് തുടങ്ങിയവയുടെ മത്‌നുകള്‍ ഒരു കാലത്ത് വിദ്യാര്‍ഥികള്‍ ഹിഫ്‌ളാക്കാറുണ്ടായിരുന്നു. വിഷയങ്ങള്‍ മനസ്സില്‍ തങ്ങിനില്‍ക്കാനും ഏതു സന്ദര്‍ഭത്തിലും ആവശ്യാനുസാരം പ്രയോജനപ്പെടുത്താനും ഇത് സഹായിച്ചിരുന്നു. പക്ഷേ, പില്‍ക്കാലത്ത് അത് ഇല്ലാതായി. ശര്‍ഹും മത്‌നും ഉള്ള പാഠപുസ്തകങ്ങള്‍ ഒഴിവാക്കപ്പെട്ടത് ഇതിന്റെ ഒരു കാരണമാണ്. അതേസമയം അറബ് നാടുകളിലെ ചില പാഠ്യപദ്ധതികളില്‍, ചെറുപ്പത്തിലേ ശീലിപ്പിക്കുന്നതിനാല്‍ മത്‌ന് ഹിഫ്‌ളാക്കുന്ന രീതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട്, എവിടെ വെച്ച്, എപ്പോള്‍ ഒരു വിഷയം ചോദിച്ചാലും, മത്‌നോ ബൈത്തോ ഉദ്ധരിച്ച് ആധികാരികമായി സംസാരിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. ഇത്തരം അനുഭവങ്ങള്‍ ചില ഉസ്താദുമാര്‍ പങ്കുവെക്കാറുണ്ട്. പക്ഷേ, കേരളത്തില്‍ മനഃപാഠത്തിന്റെ രീതി ഈ സ്വഭാവത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. ഖുര്‍ആന്‍ മനഃപാഠമാക്കുന്നത് ഈയടുത്ത കാലത്ത് കുറച്ചൊക്കെ വ്യാപകമായിട്ടുണ്ട്. പക്ഷേ, മറ്റു പ്രധാന വിഷയങ്ങളില്‍ പുസ്തകങ്ങള്‍ വായിച്ച് മനസ്സിലാക്കി പോവുക എന്നതാണ് നമ്മുടെ രീതി. ഇത് വിഷയത്തെ സംബന്ധിച്ച സാമാന്യ ധാരണയുണ്ടാക്കാന്‍ സഹായിക്കാം. പക്ഷേ, പണ്ഡിതന്‍മാരെ വളര്‍ത്തിയെടുക്കാന്‍ ഇത് മതിയാകില്ല. മുമ്പൊക്കെ ചിലര്‍ മത്‌നും ബൈത്തും മനഃപാഠമാക്കിയിരുന്നു. കുറെക്കാലം വിഷയങ്ങളുടെ പിന്നാലെ കൂടുകയും കിതാബുകള്‍ നന്നായി പഠിക്കുകയും വിഷയങ്ങള്‍ ആഴത്തില്‍ ഗ്രഹിക്കുകയും ചെയ്താല്‍ ഒരാള്‍ പണ്ഡിതനായി മാറുകയാണ് ചെയ്യുക. അതത്ര എളുപ്പമുള്ള കാര്യമല്ല.
അടിസ്ഥാനങ്ങളും വിശദാംശങ്ങളും ആഴത്തില്‍ ഗ്രാഹ്യമുള്ള പണ്ഡിന്‍മാരാവുക എന്നത് ശ്രമകരമാണ്. തഹ്ഖീഖ്, തദ്ഖീഖ് എന്നിങ്ങനെ രണ്ട് പ്രയോഗങ്ങളുണ്ട്. ഒരു വിഷയം സൂക്ഷ്മമായി മനസ്സിലാക്കുന്നതാണ് തഹ്ഖീഖ്, അത് പിന്നെയും തെളിവുകളോടെ ഭദ്രമാക്കലാണ് തദ്ഖീഖ്. ചിലരെക്കുറിച്ച്, തഹ്ഖീഖും തദ്ഖീഖുമുള്ള പണ്ഡിതന്‍ എന്ന് വിശേഷിപ്പിക്കാറുള്ളത് ഈയര്‍ഥത്തില്‍ നിപുണരാകുമ്പോഴാണ്. വിഷയത്തെ ഇഴകീറി സൂക്ഷ്മമായി അറിയുകയും പറയാന്‍ സാധിക്കുകയും ചെയ്യണം അവര്‍ക്ക്. ഒരു ഉദാഹരണം പറയാം: ഖുര്‍ആനിലെയും പ്രാര്‍ഥനകളിലെയും 'അയ്യുഹാ' എന്ന പ്രയോഗം എടുക്കുക. എന്താണ് 'അയ്യുഹാ' എന്നതിന്റെ ഉദ്ദേശ്യം? ഇത് വിളി (നിദാഅ്) ആണോ? അതോ, സവിശേഷം (തഖസ്സ്വുസ്വ്) ആക്കലോ?
ബാഖിയാത്തില്‍ നിന്നും മറ്റും ബിരുദം എടുത്തിട്ടുള്ള, ദീര്‍ഘകാലം അറബി ഭാഷാ അധ്യാപന രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ചിലരുടെ അബദ്ധം ഈ വിഷയത്തില്‍ ചൂണ്ടിക്കാട്ടേണ്ടി വന്നിട്ടുണ്ട്. അവര്‍ക്കൊന്നും അത് ശരിയായി, സംശയലേശമില്ലാതെ വിശദീകരിക്കാന്‍ സാധിക്കുന്നില്ല. സംബോധനാ ചിഹ്നം (അദവാത്തുന്നിദാഅ്) ആയാണ് അവര്‍ ഇതിനെ മനസ്സിലാക്കിയിട്ടുള്ളത്. 'അയ്യുഹന്നബിയ്യു' എന്ന് നമസ്‌കാരത്തില്‍ ചൊല്ലുമ്പോള്‍, 'നബിയേ' എന്ന് വിളിക്കുകയല്ലേ?' അങ്ങനെ നമസ്‌കാരത്തില്‍ ഒരാളെ വിളിച്ചാല്‍ പിന്നെ, നിങ്ങളുടെ നമസ്‌കാരം എങ്ങനെ ശരിയാകും? ജമാഅത്തിനെയും മുജാഹിദിനെയും വിമര്‍ശിക്കുന്ന ചിലര്‍, വഅ്‌ളില്‍ തന്നെ ഇത് ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നമസ്‌കാരത്തില്‍ തന്നെ നബിയെ വിളിക്കുകയാണ്, ഇത് തവസ്സുലിന് തെളിവാണ് എന്നൊക്കെയാണ് അവരുടെ വാദം. എന്നാല്‍, ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് വിഷയത്തില്‍ തഹ്ഖീഖും തദ്ഖീഖും ഇല്ലാത്തതിനാലാണ്. ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാത്തതും അതുകൊണ്ടുതന്നെ. യഥാര്‍ഥത്തില്‍, അയ്യുഹാ എന്നത് നിദാഇന്റെ പ്രയോഗമല്ല, സവിശേഷമാക്കലിന്റേത് (തഖസ്സ്വുസ്വ്) ആണ്. അഥവാ, റസൂല്‍ / നബി എന്ന സ്ഥാനത്തെ അടയാളപ്പെടുത്തുകയാണ് ഈ പ്രയോഗം. അല്‍ഫിയയില്‍ ഈ വിഷയം വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. നിദാഇന്റെ പ്രയോഗങ്ങളില്‍ എവിടെയും അയ്യുഹാ എന്നു മാത്രമായി ഇല്ല. ഒരു വാചകത്തിന്റെ തുടക്കത്തില്‍ അയ്യുഹാ എന്ന് മാത്രം വന്നാല്‍, അത് മനസ്സിലാക്കേണ്ടത് 'യാ അയ്യൂഹാ' എന്നാണ്. അവിടെ കളയപ്പെട്ട (മഹ്ദൂഫ്) 'യാ' എന്ന പ്രയോഗം സങ്കല്‍പ്പത്തില്‍ (മുഖദ്ദര്‍) ഉണ്ടാക്കുന്നു. അഥവാ, അയ്യുഹന്നാസ് എന്ന് മാത്രം ഒരു വാചകം തുടങ്ങിയാല്‍, അത് 'യാ അയ്യുഹന്നാസ്' എന്നാണ്. അതേ സമയം, ഒരു വാചകത്തിന്റെ ഇടയില്‍ 'അയ്യുഹന്നാസ്' വന്നാല്‍, അത് പ്രത്യേകമാക്കല്‍ മാത്രമാണ്; 'അസ്സലാമു അലൈക അയ്യുഹന്നബിയ്യു' എന്ന വചനം ഇതിന്റെ ഉദാഹരണമാണ്. 'യൂസുഫു അയ്യുഹസ്സ്വിദ്ദീഖു' എന്ന ഖുര്‍ആന്‍ വചനം മറ്റൊരു ഉദാഹരണം. ഇത്, വിളി (നിദാഅ്) അല്ല. ഇക്കാര്യം പക്ഷേ, ഏറക്കാലം ദര്‍സ് നടത്തിയവരില്‍ പലരും ഓര്‍ക്കാറില്ല എന്നതാണ് എന്റെ അനുഭവം. അതുകൊണ്ടാണ് തവസ്സുലിന് തെളിവായി ഇത് ഉദ്ധരിക്കുന്നത്.
(തുടരും)
7025786574
Comments