ആ നബിവചനത്തെ അന്വര്‍ഥമാക്കിയ പണ്ഡിതന്‍
ആരായിരുന്നു വിടപറഞ്ഞ യൂസുഫുല്‍ ഖറദാവി? ആ നബിവചനത്തെ അക്ഷരാര്‍ഥത്തില്‍ അന്വര്‍ഥമാക്കിയ പണ്ഡിതന്‍ - ''പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്''- അത്തരം പണ്ഡിതര്‍ സമകാലിക ലോകത്ത് അപൂര്‍വമാണ്. കാലത്തോട് സംവദിക്കാനാവാതെ പലവഴിയേ സഞ്ചരിക്കുകയോ സ്തംഭിച്ച് നിന്ന് ജീര്‍ണമാവുകയോ ചെയ്യുന്ന ജനതയെ അല്ലാഹുവിന്റെ കല്‍പനകള്‍ക്കനുസരിച്ചും അന്യാദൃശമായ വ്യക്തിത്വം കൊണ്ടും നേര്‍വഴി കാണിക്കുക എന്ന ദൗത്യമായിരുന്നല്ലോ അല്ലാഹുവിന്റെ ദൂതന്മാര്‍ നിര്‍വഹിച്ചത്. ഇരുപത്, ഇരുപത്തിയൊന്ന് നൂറ്റാണ്ടുകള്‍ പരസ്പരം ഇഴചേര്‍ന്ന് നില്‍ക്കുന്ന ദശാബ്ദങ്ങളില്‍ ഈ ദൗത്യത്തിന്റെ പേരാണ് ഡോ. യൂസുഫ് അബ്ദുല്ലാ അല്‍ ഖറദാവി.
ഖറദാവി എന്ന് കേള്‍ക്കുമ്പോഴൊക്കെയും ഒരു വ്യക്തിയെയല്ല, മറിച്ച് ലോകത്ത് നുബുവ്വത്തിന് ശേഷം ഇസ്‌ലാമിക നവോത്ഥാന സംരഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പണ്ഡിത-നേതൃശൃംഖലയിലെ ജീവിക്കുന്ന കണ്ണി എന്ന നിലക്കാണ് മനസ്സില്‍ തെളിയാറുള്ളത്.
ഖിലാഫത്തുര്‍റാശിദയ്ക്ക് ശേഷം പല നൂറ്റാണ്ടുകളില്‍, വിവിധ ഭൂഖണ്ഡങ്ങളിലൂടെ ഇസ്‌ലാമും മുസ്‌ലിം സമുദായവും സഞ്ചരിച്ചപ്പോള്‍ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ ആശയാടിത്തറ, സമഗ്രത, ചിഹ്നങ്ങള്‍, സമുദായത്തിന്റെ വ്യതിരിക്തമായ അസ്തിത്വം എന്നിവ ശക്തമായി ചോദ്യം ചെയ്യപ്പെട്ടു. വിശേഷിച്ചും പത്തൊന്‍പത്, ഇരുപത് നൂറ്റാണ്ടുകളില്‍. ഈ സാഹചര്യത്തില്‍ തുല്യതയില്ലാത്ത പോരാട്ടവീര്യത്തിലൂടെ ഇസ്‌ലാമിന്റെ ഔന്നത്യവും സമുദായത്തിന്റെ സ്ഥാനവും ഉയര്‍ത്തിപ്പിടിച്ചവരാണ് ബദീഉസ്സമാന്‍ സഈദ് നൂര്‍സി, ജമാലുദ്ദീന്‍ അഫ്ഗാനി, ശാ വലിയ്യുല്ലാ ദഹ്‌ലവി, ഹസനുല്‍ ബന്നാ, അബുല്‍ അഅ്‌ലാ മൗദൂദി, സയ്യിദ് ഖുത്വ്ബ്, മുഹമ്മദുല്‍ ഗസാലി തുടങ്ങിയവര്‍. അവരുയര്‍ത്തിയ ഇസ്‌ലാമിക നവജാഗരണ യജ്ഞങ്ങള്‍ക്ക് ഊര്‍ജവും ശക്തിയും നല്‍കി, അതിന്റെ തുടര്‍ച്ച ഉറപ്പുവരുത്തി ഇരുപത്തിയൊന്നാം ശതാബ്ദത്തിലേക്ക് കൈമാറുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ചു എന്നതാണ് ഖറദാവിയുടെ ചരിത്ര പ്രാധാന്യം.
ഇസ്‌ലാം സാര്‍വകാലികമാണ് എന്ന യാഥാര്‍ഥ്യത്തെ സമകാലിക ലോകത്തിന് ബോധ്യപ്പെടുത്തുന്നതില്‍ ധൈഷണിക ജിഹാദ് തന്നെ ഖറദാവി നടത്തിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിലെയും നബിചര്യയിലെയും ആശയങ്ങളെ ലോകത്തിന്റെ കിഴക്കും പടിഞ്ഞാറും വടക്കും തെക്കും എങ്ങനെ പ്രയോഗവല്‍ക്കരിക്കാനാവും എന്ന് ലോകത്തെ അദ്ദേഹം പഠിപ്പിച്ചു. കേവല തത്ത്വങ്ങളില്‍ സമാധാനമടയുന്നതിന് പകരം ആവേശത്തോടെ ദീനിന് എങ്ങനെ മുന്നോട്ട് പോകാനാവും, നാലു ദിക്കുകളിലുമുള്ള മനുഷ്യ ജീവിതങ്ങളോട് ഇസ്‌ലാമിന് ഇണങ്ങി, ഇഴുകിച്ചേരാനാവും എന്ന ബോധ്യമാണ് അദ്ദേഹം ലോകത്തിന് നല്‍കിയത്. പച്ചയായ മനുഷ്യജീവിതത്തെ മുന്നില്‍ കണ്ടുകൊണ്ട് ഇസ്‌ലാമിന്റെ വിധിവിലക്കുകളെ വായിക്കാന്‍ അതിസാഹസികമായ ധൈര്യം കാണിച്ച പ്രതിഭാധനത്വത്തിന്റെ തെളിവാണ് അല്‍ഹലാലു വല്‍ ഹറാമു ഫില്‍ ഇസ്‌ലാം എന്ന കൃതി.
ദീനിന്റെ സന്തുലിതത്വമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മറ്റൊരു കാര്യം. ആരാധനയില്‍, ആത്മീയതയില്‍, ഭൗതികതയില്‍, രാഷ്ട്രീയം, സാമൂഹികം തുടങ്ങി ജീവിതത്തിന്റെ എല്ലാ അടരുകളിലും രണ്ടറ്റങ്ങളോടും അകലം പാലിച്ച് മധ്യമ നിലപാട് എന്ന ഇസ്‌ലാമിന്റെ അടിസ്ഥാന ഭാവത്തില്‍ അദ്ദേഹം ഊന്നി. വ്യക്തി - സാമൂഹിക ജീവിതത്തില്‍ ദീനിന്റെ സാക്ഷാല്‍ക്കാരത്തിന് പ്രായോഗികത, എളുപ്പം, നൈരന്തര്യം എന്നീ തലങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി. ഇസ്‌ലാം ജീര്‍ണതക്കും തീവ്രതക്കും മധ്യേ, മത തീവ്രവാദം എന്നീ ഗ്രന്ഥങ്ങളില്‍ അദ്ദേഹം ഇക്കാര്യം സമര്‍ഥിക്കുന്നു. അതേസമയം, മുസ്‌ലിം സമുദായം ഒരു പ്രബോധക സംഘമാണെന്നും ആ സംസ്‌കാരമാണ് സമുദായത്തിന് മൊത്തത്തിലും, വ്യക്തിതലത്തില്‍ ഓരോരുത്തരുടെയും അടിസ്ഥാന പ്രകൃതമെന്നും പഠിപ്പിച്ചു. അത്തരം ഗുണങ്ങളാര്‍ജിക്കാന്‍ ആഹ്വാനം ചെയ്തു. ആഗോള തലത്തില്‍ സമുദായത്തിനകത്തെ അതിവാദക്കാര്‍ക്കും യാഥാസ്ഥികര്‍ക്കും അദ്ദേഹം അനഭിമതനാകാന്‍ കാരണവും മറ്റൊന്നല്ല.
വിവിധ സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംവാദങ്ങള്‍ക്കും ആദാനപ്രദാനങ്ങള്‍ക്കും വലിയ പ്രാമുഖ്യം നല്‍കി. അമേരിക്കക്കും യൂറോപ്പിനും ഏഷ്യക്കും ആഫ്രിക്കക്കും സ്വീകാര്യമാവുന്ന ദീനിനെയാണ് അദ്ദേഹം പ്രബോധനം ചെയ്തത്. മനുഷ്യസ്‌നേഹമാണ്, സര്‍വരോടുമുള്ള ഗുണകാംക്ഷയാണ്, സഹവര്‍ത്തിത്വമാണ് ഇസ്‌ലാം എന്ന യാഥാര്‍ഥ്യത്തെ അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പറഞ്ഞുകൊണ്ടിരുന്നു.
കമ്യൂണിസത്തിന്റെ തകര്‍ച്ചയോടെ രൂപപ്പെട്ട പുതിയ സാഹചര്യത്തില്‍, വിശേഷിച്ചും ലോക മുതലാളിത്തം ഉല്‍പാദിപ്പിച്ച ആഗോളീകരണവും ഉദാരീകരണവും മൂല്യങ്ങള്‍, സംസ്‌കാരം, ദേശാതിര്‍ത്തികള്‍, വികസനം, സാമ്പത്തിക വളര്‍ച്ച തുടങ്ങിയവയെ പുനര്‍നിര്‍വചിച്ചപ്പോള്‍, മൂന്നാം ലോകരാജ്യങ്ങള്‍ വരെ ആ വഴി സഞ്ചരിക്കാന്‍ നിര്‍ബന്ധിതരായപ്പോള്‍, ഇസ്‌ലാമിനെ മുറുകെപിടിച്ച് അത്തരം പ്രവണതകളെയും സിദ്ധാന്തങ്ങളെയും നിരൂപണം ചെയ്യാനും വഴികാണിക്കാനും ശ്രദ്ധിച്ചു. ഇസ്‌ലാമിക പണ്ഡിത ലോകത്തെ അപൂര്‍വം ഇടപെടലായിരുന്നുവല്ലോ അത്.
ഫലസ്ത്വീന്‍ - വിമോചനപ്പോരാട്ടത്തിന്റെ നിത്യവിസ്മയവും ആവേശവുമായി ഫലസ്ത്വീനെ ജ്വലിപ്പിച്ചു നിര്‍ത്തി. ഫലസ്ത്വീന്‍ ഖറദാവിക്കൊരു വികാരമായിരുന്നു. പോരാട്ട ഭൂമിയില്‍ പടച്ചട്ടയണിഞ്ഞിട്ടില്ലെന്നേയുള്ളൂ. അവരുടെ നേതാവായി, ആവേശമായി, ലോകത്തെല്ലായിടത്തും ഫലസ്ത്വീന്‍ പോരാട്ടത്തിന്റെ വക്താവായി, അംബാസഡറായി നിലകൊണ്ടു. ഈജിപ്തില്‍ ജനിച്ച് ഖത്തറില്‍ ജീവിക്കേണ്ടിവന്ന ഖറദാവിക്ക് അഭയാര്‍ഥികളുടെ വേദനകളെ സ്വന്തം വേദനകളായി മനസ്സിലാക്കാനാവുമായിരുന്നു.
മേല്‍ പറഞ്ഞതൊക്കെയും അതിന്റെ ആദ്യാവസരങ്ങളില്‍ തന്നെ പ്രതിധ്വനിച്ച പ്രദേശമാണ് കേരളം. കേരളത്തിലെ ഇസ്‌ലാമിക ചലനത്തെ അടുത്തറിഞ്ഞ വ്യക്തിത്വം കൂടിയാണദ്ദേഹം. മലയാളികളുടെ പ്രവാസവും, പണ്ട് മുതലേ അറബ് സമൂഹവുമായുള്ള മലയാളത്തിന്റെ സമ്പര്‍ക്കങ്ങളും അതിന് കാരണമായിരിക്കാം. ഇന്ത്യയിലെ ബഹുസ്വരതയെയും ജനാധിപത്യത്തെയും, കേരളത്തിലെ സഹവര്‍ത്തിത്വത്തെയും അവ നല്‍കുന്ന തുറസ്സിനെയും അദ്ദേഹം നന്നായി മനസ്സിലാക്കിയിരുന്നു. ജനോപകാരപ്രദമായ സംരംഭങ്ങള്‍ മത-ജാതി-ലിംഗ-പ്രാദേശിക ഭേദമന്യേ എല്ലാവര്‍ക്കും പ്രാപ്യമാകണമെന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികള്‍, ഉച്ചനീചത്വങ്ങള്‍ എന്നിവക്കെതിരെ നിലപാടുള്ളതായിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
വിരലിലെണ്ണാവുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അദ്ദേഹത്തെ നേരില്‍ കണ്ടിട്ടുള്ളത്. പ്രഭാഷണത്തിന്റെ സൗന്ദര്യം, ശബ്ദത്തിലെ അചഞ്ചലതയും ഗാംഭീര്യവും, വിനയം, ചേര്‍ത്തുപിടിക്കല്‍, നമസ്‌കാരത്തിലെ ഇമാമത്തില്‍ സവിശേഷ രീതിയിലുള്ള ഖുര്‍ആന്‍ പാരായണം- മനസ്സില്‍ എന്നും കെടാതെ സൂക്ഷിക്കുന്ന ഓര്‍മകളാണവ.
അല്ലാഹുവേ, നബിമാരുടെയും സ്വിദ്ദീഖീങ്ങളുടെയും ശുഹദാക്കളുടെയും സ്വാലിഹീങ്ങളുടെയും കൂടെയായിരിക്കും നീ അദ്ദേഹത്തിന് സ്ഥാനം നല്‍കുക എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, പ്രാര്‍ഥിക്കുന്നു. അദ്ദേഹത്തെയും ഞങ്ങളെയും നീ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചുകൂട്ടേണമേ, അദ്ദേഹത്തിന്റെ വിയോഗം പ്രയാസപ്പെടുത്തുന്ന ലോകത്തിന് നീ ആശ്വാസവും പകരവും നല്‍കേണമേ.
Comments