Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 23

3269

1444 സഫര് 27

വി. അബ്ദുല്‍ കരീം, വെള്ളൂര്‍

ടി.വി മൊയ്തീന്‍ കുട്ടി,  അത്താണിക്കല്‍

പൂക്കോട്ടൂര്‍ വെള്ളൂര്‍ സ്വദേശി വെളിയങ്ങോടന്‍ അബ്ദുല്‍ കരീം സാഹിബിന്റെ ആകസ്മിക മരണം കുടുംബത്തെയും നാട്ടുകാരെയും പ്രസ്ഥാന പ്രവര്‍ത്തകരെയും ഒരു പോലെ വേദനിപ്പിക്കുന്നതായിരുന്നു. ദീര്‍ഘകാലമായി പ്രവാസിയായിരുന്ന അദ്ദേഹം അവധിക്ക് നാട്ടിലെത്തിയപ്പോഴുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്.
അവധിക്ക് നാട്ടിലെത്തിയ കരീം സാഹിബ് സംസാരത്തിലും പെരുമാറ്റത്തിലുമൊക്കെ മരണത്തെക്കുറിച്ച പല സൂചനകളും നല്‍കിയിരുന്നതായി മൂത്ത സഹോദരന്‍ മുഹമ്മദ് സാഹിബ് അനുസ്മരിക്കുന്നു. തനിക്ക് പോകാനായിട്ടുണ്ടെന്നും അതിന്റെ മുമ്പ് ചിലതൊക്കെ ചെയ്ത് തീര്‍ക്കാനുണ്ടെന്നും ഉമ്മയോടും മറ്റു പലരോടും പറഞ്ഞിരുന്നതായി അദ്ദേഹം ഓര്‍ത്തെടുക്കുന്നു.
മരണത്തിന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരം, സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയുമെല്ലാം കൈ പിടിച്ച് ഓരോരുത്തരോടും നിറപുഞ്ചിരിയോടെ സൗഹൃദം പങ്കിട്ട രംഗം വേദനയോടെ അനുസ്മരിക്കുകയുണ്ടായി പലരും.
വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും  പ്രസ്ഥാന പ്രവര്‍ത്തനത്തിലും കൃത്യമായ നിലപാടുള്ള ആളായിരുന്നു കരീം സാഹിബ്.
കുടുംബത്തിനും അയല്‍വാസികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒത്തിരി നല്ല ഓര്‍മകള്‍ ബാക്കി വെച്ചാണ് അദ്ദേഹം യാത്രയായത്. നിരന്തരമായ വായനയും പഠനവുമാണ് അദ്ദേഹത്തെ ഇസ്‌ലാമിക പ്രസ്ഥാനത്തിലെത്തിച്ചത്.
പ്രസ്ഥാന പ്രവര്‍ത്തകനായിരിക്കുമ്പോഴും പൂര്‍വ സൗഹൃദങ്ങളെല്ലാം കൂടുതല്‍ ഇഴയടുപ്പത്തോടെ നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രസ്ഥാന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ജനസേവന സംരംഭമായ 'അത്താണിക്കല്‍ കാരുണ്യകേന്ദ്ര'ത്തിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു കരീം സാഹിബും കുടുംബവും.

 

 

എന്‍.പി അഹമ്മദ് വാഴക്കാട്ടിരി

 

കൂട്ടിലങ്ങാടി വാഴക്കാട്ടിരി - നടുവില്‍ പീടിയേക്കല്‍ അഹമ്മദ് സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കൂട്ടിലങ്ങാടിയിലെ ആദ്യകാല പ്രവര്‍ത്തകരില്‍ അവസാന കണ്ണിയാണ്.
പ്രസ്ഥാനമാര്‍ഗത്തില്‍ ജീവിതം സമര്‍പ്പിച്ച നിസ്വാര്‍ഥനായ പ്രവര്‍ത്തകനെയാണ് അഹമ്മദ് സാഹിബിന്റെ വേര്‍പാടിലൂടെ പ്രസ്ഥാനത്തിന് നഷ്ടമായത്. കൂട്ടിലങ്ങാടിയിലെ പഴയകാല വ്യാപാരിയായിരുന്ന അദ്ദേഹം തീരെ അവശനാകുന്നത് വരെ ടൗണ്‍ പള്ളിയില്‍ സ്ഥിരമായി എത്തുമായിരുന്നു. അവസാന കാലം വരെ തഫ്ഹീം പഠനവും പ്രബോധനം, മാധ്യമം എന്നിവയുടെ വായനയും മുടങ്ങാതെ കൊണ്ടുപോകാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
ഏറെ പരീക്ഷണങ്ങള്‍ സഹിക്കേണ്ടി വന്ന പ്രസ്ഥാനത്തിന്റെ ആദ്യ കാലങ്ങളില്‍ തന്റെ ചിന്തയും കലാ, വൈജ്ഞാനിക കഴിവുകളും പ്രസ്ഥാനമാര്‍ഗത്തില്‍ ചെലവഴിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കലാപരമായ കഴിവുകളെ എങ്ങനെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു അഹമ്മദ് സാഹിബിന്റെ കഥാ പ്രസംഗം. സ്വന്തം രചനയില്‍ അദ്ദേഹം തന്നെ പാടി അവതരിപ്പിച്ചതായി ഓര്‍മയില്‍ തെളിയുന്ന ഒന്നാണ്
'ലാത്തയും, ഉസ്സയും തമ്പുരാരെ ....
ഉന്മൂലനമാണ് ആവശ്യമേ ....' എന്ന് തുടങ്ങുന്ന വരികള്‍.
തന്റെ സരസമായ സംസാര ശൈലിയിലൂടെ കുട്ടികളെയും ചെറുപ്പക്കാരെയുമൊക്കെ പ്രസ്ഥാന വഴികളിലേക്ക് ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
രോഗശയ്യയില്‍ കിടക്കവെ, അല്‍പം ആശ്വാസം ലഭിച്ചപ്പോള്‍ ഒരിക്കല്‍ തന്റെ ചെറിയ പെട്ടിക്കടയില്‍ നിന്ന് മിച്ചം വെച്ച നാണയത്തുട്ടുകള്‍ കൂട്ടിലങ്ങാടി ടൗണ്‍ മസ്ജിദുല്‍ ഹുദാ പള്ളിയിലേക്ക്, തഫ്ഹീമുല്‍ ഖുര്‍ആന്റെ വാള്യങ്ങളും ഇസ്‌ലാമിക സാഹിത്യങ്ങളും വാങ്ങാന്‍ നല്‍കിയത് ഓര്‍ക്കുന്നു.


സി.എച്ച് അബ്ദുസ്സലാം, കൂട്ടിലങ്ങാടി

 

പരേതരെ അല്ലാഹു മഗ്ഫിറത്തും
മര്‍ഹമത്തും സ്വര്‍ഗത്തില്‍ ഉന്നത
സ്ഥാനവും നല്‍കി 
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-16-18
ടി.കെ ഉബൈദ്‌