Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 23

3269

1444 സഫര് 27

ഖല്‍ദൂനിയന്‍ ചരിത്രദര്‍ശനം

വി.എ കബീര്‍  [email protected]

വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്ന് ഇബ്‌നു സീനാ(അവിസെന്ന)യെ വിശേഷിപ്പിക്കാമെങ്കില്‍ ചരിത്രദര്‍ശനത്തിന്റെ പിതാവാണ് ഇബ്‌നു ഖല്‍ദൂന്‍ (1332-1406). കിതാബുല്‍ ഇബര്‍ വ ദീവാനുല്‍ മുബ്തദഇ വല്‍ ഖബര്‍ ഫീ അയ്യാമില്‍ അറബ് വല്‍ അജം വല്‍ ബര്‍ബര്‍ എന്ന ഒട്ടു ദീര്‍ഘവും വിചിത്രവുമായ ശീര്‍ഷകത്തില്‍ എഴുതിയ ചരിത്രത്തിന് അദ്ദേഹം എഴുതിയ ആമുഖമായ മുഖദ്ദിമയുടെ പേരിലാണ് അദ്ദേഹം ഭുവന പ്രശസ്തനായത്. നഫ്ഹുത്ത്വീബ് എന്ന കൃതിയുടെ കര്‍ത്താവായ അല്‍മഖരി കണ്ടെത്തിയ ഇതിന്റെ കൈയെഴുത്ത് പ്രതി മൊത്തം എട്ടു വാള്യങ്ങള്‍ വരും. ചരിത്ര ഗ്രന്ഥത്തിന് അദ്ദേഹം നല്‍കിയ ശീര്‍ഷകത്തില്‍നിന്ന് തന്നെ അദ്ദേഹത്തിന്റെ വീക്ഷണ വ്യതിരിക്തത വ്യക്തമാകും. ചരിത്രത്തെ കേവല ആഖ്യാനത്തിലുപരി ഒരു ഗുണപാഠ(ഇബര്‍)മായാണ് താന്‍ കാണുന്നതെന്നാണ് അതിലൂടെ അദ്ദേഹം ധ്വനിപ്പിക്കുന്നത്. അബൂസൈദ് അബ്ദുര്‍റഹ്മാന്‍ ഇബ്‌നു ഖല്‍ദൂന്‍ അല്‍ഹദ്‌റമി എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണനാമം. ജനിച്ചത് ടുണീഷ്യയിലാണെങ്കിലും വംശ പേരുകള്‍ യമനിലെ ഹദ്‌റമൗത്തില്‍ ചെന്നെത്തുന്നതിനാലാണ് 'ഹദ്‌റമി' എന്ന ദേശീയ വിശേഷണം പേരിനൊപ്പം വന്നത്. കുടുംബം പില്‍ക്കാലത്ത് ടൂണീഷ്യയിലേക്ക് കുടിയേറുകയായിരുന്നു. പക്ഷേ, രാഷ്ട്രീയ കാലാവസ്ഥയുടെ മാറ്റങ്ങള്‍ക്കനുസരിച്ച് മൊറോക്കോയിലും ആന്ദലൂഷ്യയിലുമൊക്കെ ഭരണ രാഷ്ട്രീയ പദവികള്‍ വഹിച്ച അദ്ദേഹം അവസാനം ഈജിപ്തിലെത്തി അധ്യാപനവും മാലികീ ന്യായാധിപസ്ഥാനവും വഹിച്ച ശേഷം അവിടെ വെച്ചുതന്നെ നിര്യാതനാവുകയായിരുന്നു. ആധുനിക കാലത്ത് ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമയും ചരിത്രവും പ്രസിദ്ധീകരിക്കുന്നതില്‍ മുന്‍കൈയെടുത്തതും ഈജിപ്തുകാരാണ്. ഇതര കൃതികളുടെ മുദ്രണത്തില്‍ കൂടുതല്‍ താല്‍പര്യമെടുത്തത് ഓറിയന്റലിസ്റ്റുകളും ഈജിപ്തിന് പുറത്തുള്ള അറബികളുമാണെന്നാണ് പറയപ്പെടുന്നത്. മലയാള വിവര്‍ത്തനത്തിന് ആധാരമാക്കിയിട്ടുള്ളതും മുഖദ്ദിമയുടെ ഈജിപ്ഷ്യന്‍ പതിപ്പാണ്; 2013-ല്‍ കയ്‌റോയില്‍ മുദ്രണം ചെയ്ത പുസ്തകത്തിന്റെ രണ്ടാം പതിപ്പും റോസന്താള്‍ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയ മുഖദ്ദിമ സംഗ്രഹിച്ച ഓറിയന്റലിസ്റ്റ് എന്‍.ജെ ദാവൂദ് എഴുതിയ ജീവചരിത്ര സംക്ഷേപവുമാണ് മലയാള വിവര്‍ത്തനത്തില്‍ കൊടുത്തിട്ടുള്ളത്. ഇബ്‌നു ഖല്‍ദൂനെക്കുറിച്ച എണ്ണമറ്റ പഠനങ്ങള്‍ ലോക ഭാഷകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അവയില്‍ ഭൂരിപക്ഷവും അദ്ദേഹത്തിന്റെ ചരിത്രദര്‍ശനമായ മുഖദ്ദിമയെ കേന്ദ്രീകരിക്കുന്നതാണ്. 2006-ല്‍ അദ്ദേഹത്തിന്റെ 600-ാം ചരമ വാര്‍ഷികം ലോകമെമ്പാടും വിപുലമായി ആഘോഷിക്കപ്പെടുകയുണ്ടായി. ആ സന്ദര്‍ഭത്തിലും അക്കാദമിക വൃത്തങ്ങള്‍ അദ്ദേഹത്തെ കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ നടത്തുകയും ഒട്ടനേകം പഠനങ്ങള്‍ പുറത്തിറങ്ങുകയുമുണ്ടായി.
ഓറിയന്റലിസ്റ്റുകളും പാശ്ചാത്യ അക്കാദമികരും എന്നും അത്ഭുതാദരവുകളോടെ നോക്കിക്കണ്ട ധിഷണാ ശാലിയാണ് ഇബ്‌നു ഖല്‍ദൂന്‍. ആധുനിക കാലത്തെ ആധികാരിക ചരിത്രകാരന്മാരിലൊരാളായ അര്‍നോള്‍ഡ് ടോയന്‍ബി ഖല്‍ദൂനിയന്‍ ദര്‍ശനത്തിന്റെ അന്യാദൃശമായ വ്യതിരിക്തതകളെ കുറിച്ചു പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്: 'പ്ലാറ്റോയോ അരിസ്‌റ്റോട്ടിലോ സെന്റ് അഗസ്റ്റിനോ ഇബ്‌നു ഖല്‍ദൂന് തുല്യരല്ല. സ്വന്തം അനുഭവ ബോധ്യങ്ങളില്‍നിന്ന് അദ്ദേഹം രൂപപ്പെടുത്തിയെടുത്ത ചരിത്രദര്‍ശനം ബുദ്ധിയുള്ള മനുഷ്യന്‍ ആവിഷ്‌കരിച്ച ഏറ്റവും മഹത്തായ ചിന്താ സൃഷ്ടികളില്‍ ഒന്നാകുന്നു. ഇബ്‌നു ഖല്‍ദൂന്റെ പേരിനോട് ചേര്‍ന്നു നില്‍ക്കാന്‍ മറ്റൊരു ചരിത്രകാരനും അര്‍ഹനല്ല.' ടോയന്‍ബിയുടെ ഈ വാക്കുകള്‍ കണ്ട ഒരു ചരിത്ര വിദ്യാര്‍ഥിക്കും മുഖദ്ദിമയെ അവഗണിക്കാന്‍ സാധിക്കുകയില്ല.
അഞ്ച് മാസമെടുത്താണ് ഈ ബൃഹദ് ഗ്രന്ഥം പൂര്‍ത്തീകരിച്ചതെന്ന് ഗ്രന്ഥകര്‍ത്താവ് അതിന്റെ ഉപസംഹാര പേജില്‍ പറയുന്നുണ്ട്. പുനഃപരിശോധനയും തിരുത്തലുകളും കൂടാതെയാണിത്. 1377 നവംബറിലാണ് അതെന്നും ഇബ്‌നു ഖല്‍ദൂന്‍ എഴുതിയതായി കാണാം.
ചരിത്രകാരനായ പി.എ സെയ്ത് മുഹമ്മദിന്റെ വലിയൊരാഗ്രഹമായിരുന്നു മുഖദ്ദിമയുടെ മലയാള പരിഭാഷ. പരിശ്രമ ശാലിയായ ആ ചരിത്ര ഗവേഷകന്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിനോട് ഈ ആഗ്രഹം പങ്ക് വെച്ചതായറിയാം. പക്ഷേ, അതിന്റെ ആദ്യത്തെ പരിഭാഷ പുറത്തിറക്കിയത് മാതൃഭൂമിയാണ്. പരേതനായ മുട്ടാണിശ്ശേരി കോയാക്കുട്ടിയാണ് പരിഭാഷകന്‍. ഖത്തര്‍ ഇസ്‌ലാമിക കാര്യാലയം അധ്യക്ഷനായിരുന്ന പരേതനായ ശൈഖ് അബ്ദുല്ലാ അന്‍സാരിയായിരുന്നു അതിന്റെ മുദ്രണം ഉദ്ഘാടനം ചെയ്തത്. അദ്ദേഹം കോപ്പികള്‍ സ്‌പോണ്‍സര്‍ ചെയ്യുകയുമുണ്ടായി. മൂന്ന് പതിറ്റാണ്ടുകള്‍ക്കെങ്കിലും മുമ്പാണ് ഇതൊക്കെ. അതിപ്പോള്‍ അച്ചടിയിലുണ്ടോ എന്നറിയില്ല. കൃതഹസ്തനായ വിവര്‍ത്തകന്‍ കെ.പി കമാലുദ്ദീന്‍െതാണ് രണ്ടാമത്തെ പരിഭാഷ. ഒരു ക്ലാസിക് കൃതിക്ക് ഒന്നിലധികം പരിഭാഷകളുണ്ടാകുന്നതില്‍ കുഴപ്പമൊന്നുമില്ല. ഖല്‍ദൂനിയന്‍ ചിന്തകള്‍ അത് കൂടുതല്‍ കൈകളിലെത്തിക്കുകയേ ഉള്ളൂ. പരിഭാഷയുടെ ഗുണങ്ങള്‍ താരതമ്യപ്പെടുത്തുകയുമാകാം. നല്ലൊരു പദസൂചിയുണ്ടെന്നുള്ളതാണ് 'വചനം' പരിഭാഷാ പതിപ്പിന്റെ ഒരു പ്രത്യേകത. അതടക്കം 848 പേജുകള്‍ വരും.
എന്താണ് ചരിത്രമെന്ന് ആമുഖത്തിന്റെ തുടക്കത്തില്‍ തന്നെ ഇബ്‌നു ഖല്‍ദൂന്‍ വ്യക്തമാക്കുന്നുണ്ട്: രാഷ്ട്രീയ സംഭവങ്ങളും ഭരണ വംശങ്ങളും വിദൂര ഭൂതകാലത്ത് നടന്ന കാര്യങ്ങളും ചമല്‍ക്കാരപൂര്‍വം അവതരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ ചരിത്രം. മാറുന്ന പരിതോവസ്ഥകള്‍ മനുഷ്യാവസ്ഥകളെ എങ്ങനെ സ്വാധീനിച്ചുവെന്നും ചില പ്രത്യേക രാജവംശങ്ങള്‍ താരതമ്യേന ലോകത്ത് എങ്ങനെ വിശാലമായ ഇടം കണ്ടെത്തിയെന്നും ഇതിലൂടെ മനസ്സിലാക്കാം. ഇത് ചരിത്രത്തിന്റെ പ്രത്യക്ഷത്തിലുള്ള ഭാവം. എന്നാല്‍, ആന്തരികമായി നിരീക്ഷണങ്ങളും സത്യാന്വേഷണവും കൂടിയാണ് ചരിത്രം എന്ന് കൂടി ഇബ്‌നു ഖല്‍ദൂന്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു സംഭവം എപ്പോള്‍, എങ്ങനെ ഉണ്ടായി എന്ന് അപ്പോഴാണ് നാം അറിയുന്നത്. അതിനാല്‍, അതിന് ഒരു തത്ത്വശാസ്ത്ര ഭാവം കൂടിയുണ്ടെന്നാണ് ഇബ്‌നു ഖല്‍ദൂന്റെ കാഴ്ചപ്പാട്. ആ കാഴ്ചപ്പാടിന്റെ വിസ്താരമാണ് മുഖദ്ദിമയില്‍ ഗ്രന്ഥകര്‍ത്താവ്  അന്യാദൃശമായ വിശകലന പാടവത്തോടെ വിന്യസിക്കുന്നത്. ചരിത്രദര്‍ശനത്തിന്റെ മേന്മകളും അതിന്റെ വിവിധ രീതികളും പ്രതിപാദിക്കുന്ന മുഖദ്ദിമയില്‍ ചരിത്രകാരന്മാര്‍ക്ക് പിണഞ്ഞ അബദ്ധങ്ങളിലേക്ക് കൂടി ഗ്രന്ഥകാരന്‍ വെളിച്ചം വീശുന്നു. തുടര്‍ന്ന് 11 ഭാഗങ്ങളിലായി വിജ്ഞാനകോശ സമാനമായ വിവരങ്ങളാണ് ഈ അസാമാന്യ തൂലികാ പടു അനാവരണം ചെയ്യുന്നത്. നാഗരികതയുടെ സ്വഭാവം, മനുഷ്യ നാഗരികതയെ കുറിച്ച പൊതുവീക്ഷണം, നാഗരികതയുള്ള ഭൂഭാഗങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങളുടെ സ്വാധീനം, മനുഷ്യ സ്വഭാവത്തില്‍ അത് വരുത്തുന്ന മാറ്റങ്ങള്‍, അതീന്ദ്രിയ ജ്ഞാനങ്ങള്‍, നാടോടികളും ആദിവാസികളും ഗോത്രങ്ങളും, ഭരണവംശങ്ങളും രാജാധികാരവും ഖിലാഫത്തും, രാജ്യങ്ങളും നഗരങ്ങളും സ്ഥിരവാസ നാഗരികതയുടെ രൂപങ്ങളും, വൈവിധ്യമാര്‍ന്ന ഉപജീവന മാര്‍ഗങ്ങള്‍, വിവിധ ശാസ്ത്രങ്ങള്‍ എന്നിങ്ങനെ വിസ്തൃതമായ വിഷയങ്ങളില്‍ ശാഖോപശാഖകളായി വിവര സാഗരം അലതല്ലുന്നതാണ് ഈ പ്രകൃഷ്ട ഗ്രന്ഥം. വിശ്വാസങ്ങളെ സംബന്ധിച്ച്, വിദ്യാഭ്യാസത്തെ സംബന്ധിച്ച്, സാമ്പത്തിക വിഷയങ്ങളെ സംബന്ധിച്ച്, ശാസ്ത്രത്തെ സംബന്ധിച്ച്, രാഷ്ട്രമീമാംസയെ സംബന്ധിച്ച്, കലാസാഹിത്യങ്ങളെ സംബന്ധിച്ച് എല്ലാം ഗ്രന്ഥകാരന് തനതായ വീക്ഷണങ്ങളും വിശകലനങ്ങളുമുണ്ട്. എക്കാലത്തും പ്രസക്തമാണ് പല നിരീക്ഷണങ്ങളും. നാഗരികതകളുടെ ഉത്ഥാന പതനങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതിപാദനങ്ങളില്‍ നിത്യ നൂതനമായ തത്ത്വാവിഷ്‌കാരങ്ങള്‍ അദ്ദേഹം നടത്തിയതായി കാണാം.
'അസ്വബിയ്യ' അഥവാ 'സംഘബോധം' എന്ന തിയറി രാഷ്ട്ര മീമാംസക്ക് അദ്ദേഹം നല്‍കിയ സവിശേഷ സംഭാവനയാണ്. ഈ 'സംഘ ബോധ'ത്തിന്റെ കെട്ടുറപ്പിലാണ് ഭരണകൂടങ്ങളുടെ നിലനില്‍പ് എന്നാണ് അദ്ദേഹത്തിന്റെ ഒരു പ്രധാന വാദം. പ്രവാചകന്റെ നിര്യാണ വേളയില്‍ അധികാരത്തര്‍ക്കമുണ്ടായപ്പോള്‍ 'ഭരണാധികാരികള്‍ ഖുറൈശികളില്‍നിന്നാണെ'ന്ന് അബൂബക്ര്‍ പറഞ്ഞതിന്റെ പൊരുള്‍ ഇബ്‌നു ഖല്‍ദൂന്റെ ഈ തിയറിയില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്. അറബികള്‍ ആ ഗോത്രത്തിനേ കീഴടങ്ങൂ എന്നായിരുന്നു അന്ന് അബൂബക്ര്‍ പറഞ്ഞ ന്യായം. ജനപിന്തുണ എന്നതാണ് അതിന്റെ അടിസ്ഥാന തത്ത്വം. അല്ലാതെ എന്നെന്നും ഖുറൈശികളില്‍നിന്ന് എന്നല്ല. ജനാധിപത്യ വ്യവസ്ഥയില്‍ ഗോത്രത്തിന്റെ സ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ വരും എന്ന വ്യത്യാസമേയുള്ളൂ.
2006-ല്‍ ഇബ്‌നു ഖല്‍ദൂന്റെ അറുനൂറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അറബ് ലോകത്തടക്കം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഖല്‍ദൂനിയന്‍ ചിന്തകളുടെ ആഴവും പരപ്പും ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. എണ്ണമറ്റ പഠനങ്ങള്‍ അദ്ദേഹത്തെക്കുറിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. അറബിയില്‍ മാത്രം അത് ആയിരത്തില്‍ പരം വരും. അദ്ദേഹത്തിന്റെ പല ചിന്തകളും കാലത്തെ കവച്ചുവെക്കുന്നതാണെന്ന് മുഖദ്ദിമയിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് ബോധ്യപ്പെടുന്നതാണ്. ആധുനിക കാലത്ത് പല ചിന്തകന്മാരുടെയും 'പേറ്റന്റി'ല്‍ അറിയപ്പെടുന്ന തത്ത്വവിചാരങ്ങളുടെ ആദി സ്ഫുരണങ്ങള്‍ ഖല്‍ദൂനിയന്‍ ചിന്തകളുടെ പരിസരത്ത് നമുക്ക് കണ്ടെത്താന്‍ കഴിയും. 'അധ്വാനത്തിന്റെ മൂല്യമാണ് സമ്പാദ്യം' (അല്‍ കസ്ബു ഖീമത്തുല്‍ അമല്‍) എന്ന് ഇബ്‌നു ഖല്‍ദൂന്‍ എഴുതിയതായി കാണാം. മാര്‍ക്‌സിന്റെ മിച്ചമൂല്യ സിദ്ധാന്തം ഇതിനോടു താരതമ്യം ചെയ്യാവുന്നതാണ്. ഗ്രാമങ്ങള്‍ പട്ടണങ്ങളെ വളയുന്നതിനെ കുറിച്ചു മാവോവിന്റെ മുമ്പേ ഇബ്‌നു ഖല്‍ദൂന്‍ പറഞ്ഞിട്ടുണ്ട്. ബഗ്ദാദ് നാഗരികതയുടെ ഉത്തുംഗതയില്‍ വിരാജിക്കുമ്പോള്‍ പ്രാകൃതരായി അറിയപ്പെടുന്ന താര്‍ത്താരികള്‍ ആ നഗരത്തെ കടന്നാക്രമിച്ച ഉദാഹരണം ഇബ്‌നു ഖല്‍ദൂനെ ശരിവെക്കുന്നു. അമേരിക്കയിലെ ലോക വ്യാപാര സമുച്ചയത്തിന്റെ തകര്‍ച്ച, യു.എസിന് ഒടുവില്‍ ത്വാലിബാനുമായി അനുരഞ്ജനത്തിലെത്തേണ്ടി വന്നത് തുടങ്ങിയ സംഭവങ്ങള്‍ ഖല്‍ദൂനിയന്‍ തിയറിയുടെ വെളിച്ചത്തില്‍ വായിക്കാവുന്നതാണ്.
മുഖദ്ദിമയെ അടിസ്ഥാനമാക്കി ചരിത്ര ദര്‍ശനത്തെ സംബന്ധിച്ചു മാത്രമല്ല, അതിലെ സാമ്പത്തിക ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ആന്ത്രോപോളജി, നാഗരിക-സാംസ്‌കാരിക ചിന്തകള്‍ തുടങ്ങി അനവധി വിഷയങ്ങളില്‍ പ്രത്യേക പഠന ഗ്രന്ഥങ്ങള്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍ അറുപതുകളില്‍ ഈ ലേഖകന് വായിക്കാന്‍ കഴിഞ്ഞ ഏറ്റവും ബൃഹത്തും ആഴത്തിലുമുള്ള പഠനമാണ് ബഅസ് സോഷ്യലിസ്റ്റ് പ്രത്യയ ശാസ്ത്രകാരനായ സാത്വിഅ് അല്‍ഹുസ്വ്‌രിയുടെ ഗ്രന്ഥം. അതില്‍ അബദ്ധങ്ങളുടെ പേരില്‍ ഇബ്‌നു ഖല്‍ദൂന്‍ വിമര്‍ശിക്കപ്പെട്ടതും അദ്ദേഹം അവലോകനം ചെയ്യുന്നുണ്ട്. അത്തരം അബദ്ധങ്ങള്‍ കൊണ്ടാടപ്പെട്ട പുരാതന ചരിത്രകാരന്മാര്‍ക്കും സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹുസ്വ്‌രി ആ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നത്. കുതിരയുടെ പല്ലുകളുടെ എണ്ണത്തെക്കുറിച്ച് ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് എഴുതിയതാണ് അദ്ദേഹം അതിന് എടുത്തു കാണിച്ച ഉദാഹരണം. വലിയ ഗവേഷണമൊന്നും ആവശ്യമില്ലാത്ത, പ്രത്യക്ഷത്തില്‍ പരിശോധിച്ച് ഉറപ്പാക്കാവുന്ന വിഷയമായിട്ടും ഹെറോഡോട്ടസിനെപ്പോലുള്ള വലിയൊരു പണ്ഡിതന് അതില്‍ അബദ്ധം സംഭവിക്കാമെങ്കില്‍ ഇബ്‌നു ഖല്‍ദൂന്‍ മാത്രം അതിന് അപവാദമാകേണ്ടതില്ലെന്ന് അദ്ദേഹം എഴുതിയതായി ഓര്‍ക്കുന്നു.
2000-ല്‍ റിയാദ് അര്‍രീസ് പുറത്തിറക്കിയ അസീസ് അല്‍ അള്മയുടെ അല്‍ മുന്‍തഖബു മിന്‍ മുദവ്വനാത്ത് അത്തുറാസ് ആണ് മറ്റൊരു വിമര്‍ശന കൃതി. ഇബ്‌നു ഖല്‍ദൂനെ വിഗ്രഹവല്‍ക്കരിക്കുന്നതിനെ കുറിച്ചാണ് അള്മയുടെ പ്രധാന വിമര്‍ശം. ഇബ്‌നു ഖല്‍ദൂനെ ചരിത്രവല്‍ക്കരിച്ചാണ് മുഖദ്ദിമ വായിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ചരിത്ര സംഭവങ്ങളുമായുള്ള കാലിക പൊരുത്തമില്ലായ്മയാണ് ഇബ്‌നു ഖല്‍ദൂന്റെ ഒരു ന്യൂനതയായി അള്മ ചൂണ്ടിക്കാണിക്കുന്നത്. അതിന്റെ ഉദാഹരണമാണ് രസകരം. നൂഹ് നബിക്ക് 950 വയസ്സായിരുന്നു എന്ന് ഇബ്‌നു ഖല്‍ദൂന്‍ പറഞ്ഞു കളഞ്ഞു. ഖുര്‍ആന്‍ വേദത്തില്‍ അങ്ങനെയൊരു പരാമര്‍ശമുള്ളത് അള്മാക്ക് സമ്മതമാവില്ല. കാരണം, ഖുര്‍ആന്‍ അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ ആധികാരിക ചരിത്രഗ്രന്ഥമല്ല. നൂഹ് (നോഹ) എന്നൊരു വ്യക്തി ജീവിച്ചിരുന്നുവെന്ന് അദ്ദേഹം സമ്മതിക്കുമോ, ആവോ! ചരിത്രാതീത കാലത്തെ സംഭവങ്ങള്‍ക്ക് ചരിത്ര രേഖകള്‍ തേടുന്നതിലെ അസാംഗത്യമാണ് 'അള്മ'ക്കുള്ള മറുപടി. അവിടെ ചരിത്രമല്ല മനുഷ്യ രാശിയുടെ സഞ്ചിത സ്മൃതികളായ മതമാണ് വിധികര്‍ത്താവ്. നോഹ ജീവിച്ചിരുന്നുവെന്നതിന് ചരിത്ര രേഖകളുണ്ടായിട്ടു വേണ്ടേ നോഹയുടെ വയസ്സ് ചരിത്രപരമായി തെളിയിക്കാന്‍.
ശീഇകളെ സംബന്ധിച്ച ഇബ്‌നു ഖല്‍ദൂന്റെ പരാമര്‍ശങ്ങളാണ് വിമര്‍ശന പാത്രമായ മറ്റൊരു വിഷയം. വസ്തുതാ വിരുദ്ധമാണ് അവ എന്ന് ഇറാഖിലെ സമുന്നത ശീഈ പണ്ഡിതനായിരുന്ന ആലു കാശിഫുല്‍ ഗിത്വാ പറയുന്നു. വിദൂരമായ മഗ്‌രിബ് ദേശത്തിരുന്ന് വേണ്ടത്ര അന്വേഷണം നടത്താതെയാണ് ശീഇകളെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുള്ളതെന്ന് അസ്വ്‌ലുശ്ശീഅ വ ഉസ്വൂലുഹാ (ശീഇസത്തിന്റെ ഉത്ഭവവും അടിസ്ഥാന പ്രമാണങ്ങളും) എന്ന കൃതിയില്‍ ആലു കാശിഫുല്‍ ഗിത്വാ പരിഭവം പ്രകടിപ്പിക്കുന്നുണ്ട്.
ഇതിനെക്കാളെല്ലാം ഗുരുതരമായിരുന്നു ഈജിപ്തിലെ ഐനുശ്ശംസ് സര്‍വകലാശാലയിലെ മഗ്‌രിബ് ചരിത്ര ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രഫസറായിരുന്ന ഡോ. മഹ്മൂദ് ഇസ്മാഈല്‍ ഇബ്‌നു ഖല്‍ദൂനെതിരെ ഉന്നയിച്ച ആരോപണം. 1996-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ നിഹായത്തു ഉസ്ത്വൂറ (ഒരു ഇതിഹാസത്തിന്റെ അന്ത്യം) എന്ന കൃതിയില്‍, ഇബ്‌നു ഖല്‍ദൂന്റെ മേല്‍ സാഹിത്യ ചോരണം എന്ന ഗുരുതരമായ ആരോപണമാണ് ഉന്നയിക്കുന്നത്. പുസ്തകത്തിന്റെ ആമുഖത്തില്‍, ഇബ്‌നു ഖല്‍ദൂന്‍ വൈജ്ഞാനിക മേഖലയില്‍ സമര്‍പ്പിച്ച അമൂല്യമായ സംഭാവനകള്‍ അനുസ്മരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും 'ഇഖ്‌വാനുസ്സ്വഫാ'യുടെ നിബന്ധങ്ങളില്‍ (റസാഇല്‍) നിന്നുള്ള നേര്‍പകര്‍പ്പുകളാണെന്നാണ് മാര്‍ക്‌സിസ്റ്റ് ചരിത്രകാരനായ ഡോ. മഹ്മൂദ് ഇസ്മാഈല്‍ പറയുന്നത്.
രണ്ടാം അബ്ബാസീ കാലഘട്ടത്തിന്റെ തുടക്കത്തില്‍, കൃത്യമായി പറഞ്ഞാല്‍ ഹിജ്‌റ 232-ല്‍ ഖലീഫ മുതവക്കിലിന്റെ കാലത്തെ ഒരു കൂട്ടം ബുദ്ധിജീവികളുടെ നിഗൂഢ സംഘമാണ് 'പവിത്ര ഭ്രാതൃസംഘം' എന്ന് പരിഭാഷപ്പെടുത്താവുന്ന 'ഇഖ്‌വാനുസ്സ്വഫാ.' രാഷ്ട്രീയ-സാമ്പത്തിക സ്ഥിതികള്‍ കുത്തഴിയുകയും സാമൂഹിക പ്രതിസന്ധികള്‍ ഉരുണ്ടുകൂടുകയും ചെയ്തപ്പോള്‍ അവയ്ക്ക് ബൗദ്ധിക പരിഹാരം തേടിക്കൊണ്ട് ബസ്വറ കേന്ദ്രമാക്കിക്കൊണ്ടായിരുന്നു അവരുടെ പ്രവര്‍ത്തനം. വലിയ ശാസ്ത്രീയ ദാര്‍ശനിക മാനങ്ങളുള്ളതാണ് റസാഇലുകളിലെ അവരുടെ ചര്‍ച്ചകള്‍. അതിനാലായിരിക്കാം ഇസ്‌ലാം വിരുദ്ധ ശക്തികളാണ് അവരെന്ന ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, മതവും രാഷ്ട്രവും ഇരട്ട സന്തതികളാണെന്നും മതത്തിനാണ് ഉന്നത സ്ഥാനമെന്നും വിശ്വസിക്കുന്നവരായിരുന്നു അവര്‍. മുഖദ്ദിമയില്‍നിന്നുള്ള ഭാഗങ്ങളും സമാന്തരമായി റസാഇലിലെ ഉദ്ധരണികളും ചേര്‍ത്തുവെച്ചുകൊണ്ട് കമ്പോട് കമ്പ് സാദൃശ്യം വെളിപ്പെടുത്തിക്കൊണ്ടാണ് ഡോ.  മഹ്മൂദ് ഇസ്മാഈലിന്റെ അവതരണം. അവ മുഴുവന്‍ സ്ഥലപരിമിതി മൂലം ഇവിടെ ഉദ്ധരിക്കുന്നില്ല. മുഖദ്ദിമ വിവര്‍ത്തനത്തിലെ ഒരു ഖണ്ഡികയും റസാഇലിലെ സദൃശ ഖണ്ഡവും മാത്രം ഉദാഹരണാര്‍ഥം താഴെ കൊടുക്കാം:
നാഗരികതയുടെ ഭൂമേഖലകളെ 'ഇഖ്‌വാനുസ്സ്വഫാ'യെപ്പോലെത്തന്നെ 7 മേഖലകളായി ഇബ്‌നു ഖല്‍ദൂനും തരം തിരിക്കുന്നു. ഇബ്‌നു ഖല്‍ദൂന്‍ എഴുതുന്നു: 'നാലാം മേഖലയാണ് ജനവാസമുള്ളതും ഏറ്റവും മിതശീതോഷ്ണ സ്ഥിതി നിലനില്‍ക്കുന്നതുമായ പ്രദേശം. അതിനോട് അതിരിട്ടു നില്‍ക്കുന്ന മൂന്നാമത്തെയും അഞ്ചാമത്തെയും മേഖലകള്‍ ഏതാണ്ട് മിതശീതോഷ്ണാവസ്ഥയുള്ള പ്രദേശങ്ങളാണ്. അവയെ തൊട്ടുകിടക്കുന്ന രണ്ടാമത്തെയും ആറാമത്തെയും മേഖലകള്‍ മിതശീതോഷ്ണാവസ്ഥയില്‍ ആകാന്‍ സാധ്യത കുറവാണ്. ഒന്നും ഏഴും മേഖലകളില്‍ അത് ഒട്ടും പ്രതീക്ഷിക്കാനുമാകില്ല. അതിനാല്‍ ഭൗതിക ശാസ്ത്രങ്ങള്‍, കൈത്തൊഴിലുകള്‍, കെട്ടിടങ്ങള്‍, വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, പഴവര്‍ഗങ്ങള്‍, ജന്തുജാലങ്ങള്‍ പോലും, മാത്രമല്ല ഈ മൂന്ന് മധ്യമേഖലകളിലുമുള്ള സര്‍വ അസ്തിത്വങ്ങളും ഒരു സന്തുലിത സ്വഭാവത്തിന്റെ വ്യതിരിക്തത പുലര്‍ത്തുന്നതായി കാണാം. ഈ മേഖലയില്‍ അധിവസിക്കുന്ന മനുഷ്യരുടെ ശരീര പ്രകൃതി, വര്‍ണം, വ്യക്തിത്വ ഗുണങ്ങള്‍, മതവിശ്വാസം എന്നിവയിലും ഈ സന്തുലിതത്വം ദര്‍ശിക്കാം. പ്രവാചകന്മാരുടെ ആഗമനവും ഈ മേഖലയില്‍ മാത്രമായിരുന്നു. മിതശീതോഷ്ണാവസ്ഥയില്‍നിന്ന് വളരെ അകലെ ജീവിക്കുന്നവരുടെ -ഒന്ന്, രണ്ട്, ആറ്, ഏഴ് മേഖലകള്‍- അവസ്ഥ ശരാശരിക്ക് വളരെ താഴെയാണ്. അവരുടെ സ്വഭാവത്തിന് മൂക ജന്തുക്കളുടെ സ്വഭാവത്തോടാണ് സാദൃശ്യം. ഒന്നാം മേഖലയിലുള്ള നീഗ്രോകള്‍ അധികവും ഏകാന്തതയിലാണ് കഴിയുന്നതെന്നും കൂട്ടുകൂടുകയില്ലെന്നും പരസ്പരം കൊന്ന് തിന്നുമെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സ്ലാവുകളുടെ സ്വഭാവവും ഇങ്ങനെയൊക്കെത്തന്നെ'' (മുഖദ്ദിമ മലയാളം, പേജ് 108-110).
ഇതിനോട് ചേര്‍ത്ത് 'ഇഖ്‌വാനുസ്സ്വഫാ'യുടെ നിബന്ധങ്ങളില്‍ എന്ത് പറയുന്നു എന്നു കൂടി നോക്കാം:
'പ്രവാചകന്മാരുടെയും തത്ത്വജ്ഞാനികളുടെയും മേഖലയാണിത്. കാരണം, മൂന്ന് ദക്ഷിണ മേഖലക്കും മൂന്ന് ഉത്തര മേഖലക്കും മധ്യേയാണ് അത് നിലനില്‍ക്കുന്നത്. പ്രകൃതത്തിലും സ്വഭാവത്തിലും ഏറ്റവും സന്തുലിതത്വം പുലര്‍ത്തുന്ന ജനമാണ് ഇവിടെ വസിക്കുന്നവര്‍. അതിനു ശേഷം മൂന്നും അഞ്ചും മേഖലകള്‍ വരുന്നു. എന്നാല്‍, ബാക്കി മേഖലകളില്‍ വസിക്കുന്നവര്‍ മനുഷ്യ പ്രകൃതത്തില്‍ ന്യൂനതയുള്ളവരാണ്. വികൃത രൂപികളും പരുഷ പ്രകൃതരുമാണവര്‍. നീഗ്രോകളെയും എത്യോപ്യക്കാരെയും പോലെ... ഒന്നും രണ്ടും മേഖലകളിലുള്ള ഭൂരിപക്ഷം ജനങ്ങളും അപ്രകാരം തന്നെ. ആറും ഏഴും മേഖലകളിലുള്ളവരും ഇങ്ങനെത്തന്നെ. യാഗോഗ്, മാഗോഗ്, ബള്‍ഗേറിയക്കാര്‍, സ്ലാവുകള്‍ തുടങ്ങിയവരെപ്പോലെ....''
വ്യക്തമാണ് സാദൃശ്യം. ഡോ. മഹ്മൂദ് ഇസ്മാഈല്‍ മുഖദ്ദിമയില്‍നിന്നും റസാഇലില്‍ നിന്നും ഒട്ടേറെ വിവരണങ്ങള്‍ എടുത്തു കാണിക്കുന്നുണ്ട്. 1996-ല്‍ ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലെ ഡോ. ഫാത്വിമാ മുഹമ്മദ് സുവൈദി ഈ വിഷയത്തിലേക്ക് അക്കാദമിക ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയുണ്ടായി. കയ്‌റോ, മൊറോക്കോ, രിയാദ് എന്നിവിടങ്ങളില്‍നിന്നുള്ള പ്രശസ്തരായ അക്കാദമികര്‍ തങ്ങളുടെതായ വീക്ഷണകോണിലൂടെ ഇതിന് വ്യാഖ്യാനം ചമച്ചിട്ടുമുണ്ട്. താര്‍ത്താരികളുടെ ബഗ്ദാദ് ആക്രമണത്തിന് ശേഷം തകര്‍ന്നുപോയ, ഇസ്‌ലാമിന്റെ വൈജ്ഞാനിക പൈതൃകത്തില്‍ രക്ഷപ്പെട്ട അവശിഷ്ടങ്ങള്‍ കയ്‌റോയിലെത്തിച്ചേര്‍ന്നിട്ടുണ്ടെന്നും പലരും അവ സ്വന്തമാക്കിയിട്ടുണ്ടെന്നുമാണ് സോഷ്യോളജി പ്രഫസറായ അഹ്മദ് സുബ്ഹി മന്‍സൂര്‍ അഭിപ്രായപ്പെട്ടത്. ഇമാം സുയൂത്വിയെപ്പോലുള്ള പലരും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സര്‍വവിജ്ഞാനകോശ സമാനമായ കൃതികളില്‍ പുരാതന കാലത്ത് ഈ ജ്ഞാന സഞ്ചാരം സാധാരണമാണെന്നും ഇക്കാലത്തെ പകര്‍പ്പവകാശ നിയമം അക്കാലത്തേക്ക് ബാധകമാക്കുന്നതില്‍ അര്‍ഥമില്ലെന്നുമാണ് മറ്റൊരു സോഷ്യോളജി പ്രഫസറായ അലി ഫഹ്മി ഈ ആരോപണത്തിന് നല്‍കിയ മറുപടി. പ്രഥമ ദൃഷ്ട്യാ വിഷയങ്ങളില്‍ സാദൃശ്യമുണ്ടെങ്കിലും ഇബ്‌നു ഖല്‍ദൂന്റെയും ഇഖ്‌വാനുസ്സ്വഫായുടെയും സമീപന രീതികളില്‍ സൂക്ഷ്മമായ അന്തരമുണ്ടെന്നതിലേക്കാണ് മുന്‍ തുണീഷ്യന്‍ സാംസ്‌കാരിക മന്ത്രി ബശീര്‍ സലാമ ശ്രദ്ധ ക്ഷണിക്കുന്നത്. ഇഖ്‌വാനുസ്സ്വഫാ മുഖ്യമായും വിവര ശേഖരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇബ്‌നു ഖല്‍ദൂനാകട്ടെ ഡേറ്റകളെ ടൂളുകളായി പ്രയോജനപ്പെടുത്തി എന്നേയുള്ളൂ. അവയെ ആസ്പദമാക്കി അദ്ദേഹം നടത്തുന്ന നിരീക്ഷണങ്ങളും നിഗമനങ്ങളും ആശയ രൂപവത്കരണങ്ങളുമാണ് പ്രധാനം. സിദ്ധാന്തങ്ങള്‍ ശൂന്യതയില്‍ നിന്നുണ്ടാകുന്നതല്ലെന്ന് ബശീര്‍ സലാമ ചൂണ്ടിക്കാണിക്കുന്നു. അവ മിക്കപ്പോഴും പൂര്‍വാശയങ്ങളുടെ മേല്‍ അധിക ശിലകളും ചമയങ്ങളും നടത്തിയാണ് കെട്ടിപ്പടുക്കുന്നത്. 
9074318223
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-16-18
ടി.കെ ഉബൈദ്‌