അധ്യായ ങ്ങളാണോ സൂറത്തുകള്‍?
ഖുര്ആന് പഠനം /
ലോകത്ത് അനവധി നിരവധി രചനകള്‍ ഉണ്ടാകുന്നുണ്ട്. കഥകള്‍, കവിതകള്‍, നോവലുകള്‍, പ്രബന്ധങ്ങള്‍ തുടങ്ങി വ്യത്യസ്തങ്ങളായ രചനകള്‍. ഇതില്‍ നിന്നെല്ലാം വിശുദ്ധ ഖുര്‍ആന്റെ ഘടനയെ വേറിട്ട് നിര്‍ത്തുന്നത് എന്താണ്? ഖുര്‍ആന്‍ പടച്ചറബ്ബിന്റെ കലാമാണ് എന്ന നമ്മുടെ അടിസ്ഥാന വിശ്വാസത്തിലുപരി, ലോകത്തുള്ള മറ്റു ഗ്രന്ഥങ്ങളില്‍ നിന്ന് അതിന്റെ രചനാ വ്യതിരിക്തത എന്താണെന്ന് നാം ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. ഏതൊരു ഗ്രന്ഥം പരിശോധിച്ചാലും അതിലെല്ലാം പ്രത്യേകമായൊരു ക്രമം നമുക്കതില്‍ കാണാം. നിരവധി അക്ഷരങ്ങള്‍ ചേര്‍ന്ന് പദങ്ങളായും, നിരവധി പദങ്ങള്‍ ചേര്‍ന്ന് വചനങ്ങളായും മാറുന്ന രീതിയാണ് അവയിലെല്ലാം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അങ്ങനെ, അത് നിരവധി അധ്യായങ്ങളായി ഗ്രന്ഥരൂപം കൈക്കൊള്ളുന്നു.
വിശുദ്ധ ഖുര്‍ആനിലെ സൂറകളെ മലയാളത്തില്‍ നാം 'അധ്യായം' എന്നും ഇംഗ്ലീഷില്‍ ‘Chapter’ എന്നുമാണ് വിളിക്കാറുള്ളത്. ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് നാമിത് നിശ്ചയിച്ചത് എന്ന് ചിന്തിക്കേണ്ടതുണ്ട്. യഥാര്‍ഥത്തില്‍ നാം അധ്യായങ്ങള്‍ എന്ന് വിളിക്കുന്നതല്ല വിശുദ്ധ ഖുര്‍ആനിലെ സൂറകള്‍. നാം നിശ്ചയിച്ചു വെച്ചിരിക്കുന്ന മാനദണ്ഡങ്ങളൊന്നും തന്നെ വിശുദ്ധ ഖുര്‍ആനിലെ സൂറകള്‍ക്ക് ബാധകമല്ല. ഉദാഹരണത്തിന്, നാമൊരു പുസ്തകം എഴുതുകയാണെങ്കില്‍ അതിലെ ഒന്നാം ഭാഗത്തിന് കേരളം എന്ന തലക്കെട്ടാണ് നല്‍കിയതെങ്കില്‍ പ്രസ്തുത ഭാഗത്ത് കേരളത്തെപ്പറ്റിയാകും എഴുതുക. പേരിനോട് നീതി പുലര്‍ത്തുന്ന, അല്ലെങ്കില്‍ അടുത്ത ഭാഗവുമായി ആ ഗ്രന്ഥത്തെ വേര്‍തിരിക്കുന്ന, മാറ്റി നിര്‍ത്തുന്ന ഒരു അതിര്‍ത്തി; അതിനെയാണ് നാം അധ്യായം എന്ന് വിളിക്കുന്നത്. ഇനി വിശുദ്ധ ഖുര്‍ആന്‍ പരിശോധിക്കുക. ഉദാഹരണത്തിന്, സൂറഃ അല്‍ബഖറ. പശു എന്നാണല്ലോ ആ വാക്കിന്റെ അര്‍ഥം. പക്ഷേ, പശുവിനെക്കുറിച്ചല്ല അല്ലാഹു അതില്‍ പഠിപ്പിക്കുന്നത്. ഏതാനും വചനങ്ങള്‍ പശുവിനെക്കുറിച്ച് വന്നിട്ടുണ്ട് എന്നേയുള്ളൂ. ആ പരാമര്‍ശം പോലും മനുഷ്യന് ദൃഷ്ടാന്തവും ഉദ്‌ബോധനവുമായാണ് വന്നിട്ടുള്ളത്. ഓരോ സൂറയും വിഷയ വൈവിധ്യങ്ങളുടെ കലവറയാണ്. ഇവക്ക് കേവലം അധ്യായം എന്ന് പേരിട്ടാല്‍ അതൊട്ടും യോജിക്കുന്നതല്ല.
ഒരു ഗ്രന്ഥത്തിന്റെ അധ്യായം എന്ന് നാം പറയുമ്പോള്‍ അതിനൊരു പ്രത്യേകമായ ക്രമം ഉണ്ടാകും. വിഷയങ്ങള്‍ ചിട്ടയോടെ ക്രമീകരിച്ചിരിക്കുന്നതുകൊണ്ടാണ് നാമതിനെ അധ്യായം എന്ന് വിളിക്കുന്നത്. അതുകൊണ്ടു തന്നെ ഒന്നാം അധ്യായം കഴിഞ്ഞാല്‍ രണ്ടാം അധ്യായം - ഇങ്ങനെയൊരു ക്രമത്തിലാണ് മനുഷ്യ രചനകള്‍ എല്ലാം നാം കാണുക. അതുപോലെ, ഒരധ്യായത്തില്‍ പരാമര്‍ശിച്ച വിഷയം ഗ്രന്ഥകാരന്‍ പൊതുവെ അടുത്ത അധ്യായത്തില്‍ സൂചിപ്പിക്കുകയില്ല. ഒന്നുകില്‍ ഗ്രന്ഥകര്‍ത്താവ് 'നേരത്തെ നാം പറഞ്ഞുവല്ലോ' എന്ന് പറയും. അല്ലെങ്കില്‍ അടിക്കുറിപ്പിട്ട് 'ഇന്ന അധ്യായം നോക്കുക' എന്ന് എഴുതും. എന്നാല്‍, വിശുദ്ധ ഖുര്‍ആന്റെ സൂറകള്‍ ഇതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമാണ്.
ഒരേ കാര്യങ്ങള്‍ തന്നെ പരിശുദ്ധ ഖുര്‍ആനില്‍ വ്യത്യസ്ത ഭാഗങ്ങളിലായി ആവര്‍ത്തിക്കുന്നത് കാണാം. മനുഷ്യ രചനകളില്‍ ഒരധ്യായത്തില്‍ നിന്ന് അടുത്ത അധ്യായത്തിലേക്ക് ഒരു പാരസ്പര്യം ഉണ്ടാകും. അനുവാചകന്‍ വായിക്കുമ്പോള്‍ തന്നെ അതനുഭവപ്പെടും. മാത്രമല്ല, ഗ്രന്ഥകാരന്‍ തന്റെ ഗ്രന്ഥത്തിന് കൃത്യമായ ഒരു ക്രമവും നിശ്ചയിച്ചിട്ടുണ്ടാകും. വായനക്കാരന്‍ ആ ക്രമം തെറ്റിച്ചു വായിക്കുകയാണെങ്കില്‍ അനുവാചകന് ഗ്രന്ഥകാരന്‍ ഉദ്ദേശിച്ച ആശയം ഒരിക്കലും ലഭിക്കുകയില്ല. പത്ത് അധ്യായങ്ങളുള്ള ഒരു നോവലെടുത്ത് നാം അതിന്റെ പത്താം അധ്യായം ആദ്യം വായിക്കുന്നു, ശേഷം ഏഴ്, അഞ്ച് എന്നിങ്ങനെ അധ്യായങ്ങള്‍ ക്രമംതെറ്റിച്ചു വായിക്കുന്നു, എങ്കില്‍ ഗ്രന്ഥകാരന്‍ ഉദ്ദേശിച്ച ആശയം നമുക്ക് ഗ്രഹിക്കാന്‍ കഴിയില്ല.
ഇവിടെ അത്ഭുതമുളവാക്കുന്ന കാര്യം, വിശുദ്ധ ഖുര്‍ആന്റെ ഏതൊരു സൂറയിലേക്കും നമുക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാം എന്നതാണ്. അധ്യായ ക്രമം എങ്ങനെ തെറ്റിച്ചു വായിച്ചാലും അത് ആസ്വദിക്കാനോ ആശയം ഗ്രഹിക്കാനോ ഒരു തടസ്സവും നേരിടുന്നില്ല. നമുക്കിടയില്‍ ഒട്ടുമിക്ക ആളുകള്‍ക്കും കൂടുതലും അറിയുന്നത് അവസാന ജുസ്ഇലെ സൂറകളാണ്. ആദ്യ ഭാഗത്തെ സംബന്ധിച്ച് മിക്ക ആളുകള്‍ക്കും യാതൊരു ധാരണയുമില്ല. അതൊന്നും തന്നെ അവര്‍ക്ക് വിശുദ്ധ ഖുര്‍ആനിലെ അവസാന സൂറകള്‍ പഠിക്കുന്നതിനോ, മനസ്സിലാക്കുന്നതിനോ യാതൊരു തടസ്സവും സൃഷ്ടിക്കുന്നില്ല.
മനുഷ്യ രചനകളില്‍ സാധാരണ എഴുത്തുകാരന്‍ ആദ്യമായി എഴുതുന്ന അധ്യായം ആയിരിക്കും തന്റെ ഗ്രന്ഥത്തില്‍ ഒന്നാമതായി വെക്കുക. അവസാനം എഴുതുന്നത് അവസാന ഭാഗത്തും. വിശുദ്ധ ഖുര്‍ആന്റെ സൂറകള്‍ അവിടെയും വ്യതിരിക്തമായി നില്‍ക്കുന്നു. ഒന്നാമതായി അവതരിച്ച സൂക്തങ്ങള്‍ ഉള്ള സൂറഃ അല്‍അലഖ് നാം കാണുന്നത് 96-ാമതായിട്ടാണ്. ഇനി, സൂറകള്‍ ക്രോഡീകരിക്കപ്പെട്ടത് വലുപ്പത്തിന്റെ അടിസ്ഥാനത്തിലാണോ? അതുമല്ല. അങ്ങനെയെങ്കില്‍ ഏറ്റവും വലിയ സൂറഃ അല്‍ബഖറ ഒന്നാമതും, എറ്റവും ചെറിയ സൂറഃ അല്‍ കൗസര്‍ അവസാനവുമാണ് വരേണ്ടത്. ഇനി, വിഷയാടിസ്ഥാനത്തിലാണോ? അതുമല്ല! നിരവധി വിഷയങ്ങളുടെ കലവറയാണ് ഓരോ സൂറയും. ഉദാഹരണത്തിന്, സൂറഃ അല്‍ബഖറ പശുവിനെപ്പറ്റിയാണ് എന്ന് കരുതി ഒരാള്‍ വായിക്കുകയാണെങ്കില്‍ തീര്‍ത്തും മറ്റൊരു ചിത്രമായിരിക്കും അയാള്‍ക്ക് ലഭിക്കുക. നബി ചരിത്രമായിരിക്കും എന്ന ധാരണയില്‍ സൂറഃ മുഹമ്മദിനെ സമീപിച്ചാല്‍ അങ്ങനെയൊരു സീറാ വിവരണവും വായനക്കാരന് കണ്ടെത്താനാവില്ല.
സൂറകളുടെ നാമങ്ങളോട് ബന്ധമില്ലാത്ത നിരവധി വിഷയങ്ങള്‍ ഓരോ സൂറയിലും നമുക്ക് കാണാന്‍ കഴിയും. ഇതര ഗ്രന്ഥങ്ങളില്‍ നാം അധ്യായം എന്ന് വിളിക്കാന്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങളൊന്നും തന്നെ വിശുദ്ധ ഖുര്‍ആന് സ്വീകാര്യമല്ല. അതുകൊണ്ടു തന്നെ, അധ്യായം അല്ല സൂറഃ. പക്ഷേ, നാം അധ്യായം അല്ലെങ്കില്‍ ചാപ്റ്റര്‍ എന്ന് വിളിക്കേണ്ടിവരുന്നത് നമ്മുടെ ഭാഷാ പരിമിതിയാണ്. പ്രപഞ്ച നാഥന്റെ ഗ്രന്ഥത്തിലെ സൂറകളെ ഏത് വിധത്തില്‍ വിളിക്കണം എന്നത് കുഴക്കുന്ന ചോദ്യമാണ്. വിശുദ്ധ ഖുര്‍ആന്റെ സൂറകള്‍ക്ക് മനുഷ്യ രചനകള്‍ക്കൊന്നും ഇല്ലാത്ത പ്രത്യേകമായ ഒരു രീതിശാസ്ത്രമുണ്ട്. ആ തലത്തിലെത്തിച്ചേരുക മനുഷ്യ രചനകള്‍ക്ക് പ്രാപ്തമല്ല തന്നെ.
89431 02313
Comments