Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 23

3269

1444 സഫര് 27

സാമൂഹിക ഇടപെടലിന്റെ  ഇസ്‌ലാമിക രീതി ശാസ്ത്രം

ശൈഖ് മുഹമ്മദ് കാരകുന്ന് [email protected]

ശഹീദ് സയ്യിദ് ഖുത്വ്ബ് തന്റെ വഴിയടയാളങ്ങള്‍ എന്ന വിഖ്യാത ഗ്രന്ഥത്തില്‍, 'ആദര്‍ശ വിപ്ലവം' എന്ന അധ്യായത്തില്‍ ഇസ്‌ലാമിക വിപ്ലവം ആദര്‍ശപരമായ അടിത്തറയിലായത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്നുണ്ട്. ഭൗതിക ദര്‍ശനങ്ങളും പ്രത്യയശാസ്ത്രങ്ങളും ചെയ്യുന്നതു പോലെ വിപ്ലവത്തിന് അടിസ്ഥാനമാക്കാവുന്ന പല സാമൂഹിക ഘടകങ്ങളും പ്രവാചക നിയോഗ കാലത്ത് അറേബ്യയില്‍ നിലനിന്നിരുന്നു. കഠിനമായ മര്‍ദനങ്ങള്‍ക്കും കൊടിയ ചൂഷണങ്ങള്‍ക്കും വിധേയരായ ധാരാളം അടിമകള്‍ അവിടെയുണ്ടായിരുന്നു. ചരിത്രത്തിലെ മറ്റേത് ഇരുണ്ട കാലത്തെയും പോലെ, മനുഷ്യര്‍  അടിമക്കമ്പോളങ്ങളില്‍ കന്നുകാലികളെപ്പോലെ കച്ചവടം ചെയ്യപ്പെട്ടു. അവര്‍ എല്ലാവരാലും അവഗണിക്കപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തിരുന്നു. രാപ്പകല്‍ ഭേദമില്ലാതെ പണിയെടുക്കാന്‍ പിറന്നവരായിരുന്നു എവിടത്തെയും പോലെ അവിടത്തെയും അടിമകള്‍. യജമാനന്മാര്‍ക്ക് അവരെ അടിക്കാനും ഇടിക്കാനും തല്ലാനും കൊല്ലാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. അവരുടെ നടത്തവും ഇരുത്തവും കിടത്തവും മാത്രമല്ല, വിചാരവികാരങ്ങളുള്‍പ്പെടെ എല്ലാം യജമാനന്മാരാല്‍ നിയന്ത്രിക്കപ്പെട്ടു. ചിന്തിക്കാനും സംസാരിക്കാനും ചിരിക്കാനും കരയാനും സ്വാതന്ത്ര്യമില്ലാത്തവരായിരുന്നു അവര്‍.
മുഹമ്മദ് നബിക്ക് ആ അടിമകളെ യജമാനന്മാര്‍ക്കെതിരെ സംഘടിപ്പിച്ച് സ്വാതന്ത്ര്യസമരവും വിപ്ലവവും സംഘടിപ്പിക്കാമായിരുന്നു. അങ്ങനെ അവരെ തന്റെ പിന്നില്‍ അണിനിരത്തിയ ശേഷം ആദര്‍ശ പ്രബോധനം നടത്താമായിരുന്നു. എന്നാല്‍, ഇസ്‌ലാം അത്തരമൊരു സമീപനം സ്വീകരിച്ചില്ല. അത് സംസാരിച്ചത് യജമാനന്മാരോടാണ്. അവരില്‍, അല്ലാഹുവിലും പരലോകത്തിലും പ്രവാചകനിലുമുള്ള വിശ്വാസം വളര്‍ത്തി അവരെ മാന്യന്മാരും മനുഷ്യസ്‌നേഹികളുമാക്കി മാറ്റുകയാണുണ്ടായത്. തുടര്‍ന്ന് അവര്‍ അടിമകളാക്കി വെച്ചവര്‍ തങ്ങളെപ്പോലുള്ള മനുഷ്യരാണെന്നും തങ്ങളുടെ സഹോദരന്മാരാണെന്നുമുള്ള ബോധം അവരില്‍ വളര്‍ത്തിയെടുത്തു. അതോടെ അവരില്‍ പലരും തങ്ങളുടെ കീഴിലുള്ള അടിമകളെ പടച്ചവന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ച്  സ്വതന്ത്രരാക്കി. അവശേഷിച്ച അടിമകളുടെ മേല്‍നോട്ടം വഹിച്ചിരുന്നവര്‍ തങ്ങള്‍ കഴിക്കുന്ന ആഹാരവും കുടിക്കുന്ന പാനീയവും ധരിക്കുന്ന വസ്ത്രവും സൗകര്യപ്രദമായ താമസ സ്ഥലവും നല്‍കി അവരെ ആദരിച്ചു. ക്രമ പ്രവൃദ്ധമായി അടിമ സമ്പ്രദായത്തിന് അറുതി വരുത്തുകയും ചെയ്തു.
പ്രവാചകന്റെ കാലത്ത് അതിസമ്പന്നരും പരമ ദരിദ്രരുമുണ്ടായിരുന്നു. പണക്കാര്‍ പാവങ്ങളെ പല വിധേന ചൂഷണം ചെയ്തു. എന്നിട്ടും ഇസ്‌ലാം പാവപ്പെട്ടവരെ പണക്കാര്‍ക്കെതിരെ സംഘടിപ്പിച്ച് സമരം നടത്തിയില്ല. മറിച്ച്, പണക്കാരെ ബോധവല്‍ക്കരിക്കുകയാണ് ചെയ്തത്. അവരുടെ കൈവശമുള്ള സമ്പത്തിന്റെ ഉടമസ്ഥര്‍ അവരല്ലെന്നും, ദരിദ്രര്‍ക്കും അഗതികള്‍ക്കും അനാഥര്‍ക്കും, പ്രാഥമികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്നവര്‍ക്കും അതില്‍ അവകാശമുണ്ടെന്നും അവരെ പഠിപ്പിച്ചു. അത് നല്‍കിയില്ലെങ്കില്‍ മരണശേഷം കൊടിയ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് താക്കീത് ചെയ്തു. സമ്പന്നരാകട്ടെ തങ്ങളുടെ വശമുണ്ടായിരുന്ന സമ്പത്ത് അതിന്റെ അവകാശികള്‍ക്ക് തികഞ്ഞ സന്തോഷത്തോടെയും ഉള്‍പുളകത്തോടെയും വിട്ടുകൊടുത്തു.
പ്രവാചക നിയോഗ കാലത്ത് വര്‍ഗത്തിന്റെയും വര്‍ണത്തിന്റെയും ഗോത്രത്തിന്റെയും കുടുംബത്തിന്റെയും പേരില്‍ കടുത്ത വിവേചനം നിലനിന്നിരുന്നു. എന്നിട്ടും പ്രവാചകന്‍ വംശീയവാദികള്‍ക്കും ഗോത്ര മേധാവികള്‍ക്കും തറവാടിത്തം പറഞ്ഞ് പൊങ്ങച്ചം നടിച്ചിരുന്നവര്‍ക്കുമെതിരെ ഇരകളെ സംഘടിപ്പിക്കുകയല്ല ചെയ്തത്. മറിച്ച്, മേധാവിത്വ മനസ്സ് പുലര്‍ത്തിയിരുന്ന വംശ, വര്‍ഗ, വര്‍ണ, ഗോത്ര, കുലമേധാവികളോടാണ് സംസാരിച്ചത്. അവരില്‍ മാനവതയുടെ ഏകതാബോധവും സാഹോദര്യ വികാരവും സമത്വചിന്തയും വളര്‍ത്തി. അങ്ങനെ എല്ലാവിധ വിവേചനങ്ങള്‍ക്കും അറുതിവരുത്തി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്, കറുത്തവനും വിദേശിയും അടിമയുമായിരുന്ന ബിലാലിനും അദ്ദേഹത്തെപ്പോലുള്ളവര്‍ക്കും സമൂഹത്തിന്റെ സമുന്നത ശ്രേണികളില്‍ ഇടം നേടാന്‍ സാധിച്ചത്.
തിരുനബിയുടെ നിയോഗ കാലത്ത് സ്ത്രീകള്‍ക്ക് ഒരുവിധ സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. അവര്‍ എല്ലാതലത്തിലും അടിച്ചമര്‍ത്തപ്പെടുകയും കൊടിയ ചൂഷണങ്ങള്‍ക്കിരയാവുകയും ചെയ്തിരുന്നു. അപ്പോഴും ഇസ്‌ലാം ചെയ്തത് സ്ത്രീകളില്‍ പുരുഷ വിരോധം വളര്‍ത്തുകയോ അവര്‍ക്കെതിരെ സ്ത്രീകളെ രംഗത്തിറക്കുകയോ അല്ല. മറിച്ച്, അവരില്‍ സ്വാതന്ത്ര്യ വികാരവും  ഔന്നത്യ ബോധവും വളര്‍ത്തുകയായിരുന്നു. ഒപ്പം പുരുഷ മനസ്സുകളില്‍  സ്ത്രീകളോടുള്ള സമീപനത്തില്‍ സമൂലമായ മാറ്റവും സൃഷ്ടിച്ചു. അവരില്‍ ദൃഢ വിശ്വാസം വളര്‍ത്തി സ്ത്രീകളെ ആദരിക്കുന്നവരും ബഹുമാനിക്കുന്നവരും നന്നായി പരിഗണിക്കുന്നവരും അവരുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നവരുമാക്കി പരിവര്‍ത്തിപ്പിച്ചു. അങ്ങനെ സ്ത്രീകള്‍ സമൂഹത്തില്‍ അങ്ങേയറ്റം ആദരിക്കപ്പെടുന്നവരായി മാറി. ലിംഗ നീതി സ്ഥാപിതമായി.
ഇസ്‌ലാം എല്ലാ സാമൂഹിക തിന്മകളെയും  അവ കൊണ്ടു നടന്നവരില്‍ അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസം വളര്‍ത്തിയാണ് തുടച്ചുനീക്കിയത്. ഇസ്‌ലാമിന് രാഷ്ട്രവും ഭരണവും ലഭിച്ചതോടെ സകല സാമൂഹിക തിന്മകള്‍ക്കും സാംസ്‌കാരിക ജീര്‍ണതകള്‍ക്കും സാമ്പത്തിക ചൂഷണങ്ങള്‍ക്കുമെതിരെ അധികാരമുപയോഗിച്ച് നിയമങ്ങള്‍ നടപ്പാക്കി. അപ്പോഴും അതിന് നേതൃത്വം നല്‍കിയിരുന്നത്, വിശ്വാസ വിപ്ലവത്തിലൂടെ ആദര്‍ശ പരിവര്‍ത്തനത്തിന് വിധേയരായ വ്യക്തികളും സമൂഹവുമായിരുന്നു.

മര്‍ദിതരുടെ മോചനം
മൂസാ നബിയുടെ നിയോഗ കാലത്ത് ഈജിപ്തില്‍ മേധാവിത്വം പുലര്‍ത്തിയിരുന്നത് കടുത്ത വംശീയവാദികളായ കോപ്റ്റുകളായിരുന്നു. അവര്‍ ഇസ്രാഈല്യരെ ക്രൂരമായി പീഡിപ്പിക്കുകയും  കൊടിയ വംശീയ വിവേചനത്തിന് വിധേയരാക്കുകയും ചെയ്തു. മര്‍ദകര്‍ ബഹുദൈവ വിശ്വാസികളും പശു പൂജകരുമായിരുന്നു.
തികച്ചും ഏകാധിപത്യപരവും സ്വേഛാധിപത്യപരവും  നിര്‍ദയവുമായിരുന്നു അവിടത്തെ  ഫറോവമാരുടെ ഭരണം.
വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയ ഇരുപത്തിയഞ്ച് പ്രവാചകന്മാരില്‍, സ്വന്തം സമുദായത്തിന്റെ വിമോചനത്തിനു വേണ്ടി നിയോഗിതനായ ഏക പ്രവാചകനാണ് മൂസാ നബി.
എന്നാല്‍, അദ്ദേഹം ഫറവോനെതിരെ ഇസ്രാഈല്യരെ സംഘടിപ്പിച്ച് സമരം നയിക്കുകയായിരുന്നില്ല; മറിച്ച് ഇസ്രാഈല്യരെ മോചിപ്പിക്കാന്‍ ഫറവോനോട് ആവശ്യപ്പെടുകയായിരുന്നു. അപ്പോഴും സംസാരഭാഷ സൗമ്യമാകണമെന്നായിരുന്നു അല്ലാഹുവിന്റെ നിര്‍ദേശം (20:43,44).
അല്ലാഹുവെയും പരലോകത്തെയും ഓര്‍മിപ്പിച്ചു കൊണ്ടാണ് മൂസാ നബി ഫറവോനോട് ഇസ്രാഈല്യരുടെ മോചനം ആവശ്യപ്പെട്ടത്. അഥവാ, ഇസ്‌ലാമിക പ്രബോധനത്തിന് ഊന്നല്‍ നല്‍കിയായിരുന്നു അദ്ദേഹത്തിന്റെ വിമോചന സമരം(20:47-52). ഇസ്രാഈല്യരുടെ മോചനം സാധ്യമായത് അല്ലാഹുവിന്റെ പ്രത്യേകമായ ഇടപെടലിലൂടെയും സഹായത്തിലൂടെയുമാണ്. അത് സാധ്യമായതോ, ഇസ്‌ലാമിന്റെ പ്രബോധന ദൗത്യം പൂര്‍ത്തീകരിച്ച ശേഷവും.
ഖുര്‍ആനിലെ അധ്യായം 79-ലെ 15-26 സൂക്തങ്ങളുടെ വ്യാഖ്യാനത്തില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി എഴുതുന്നു: ''ചിലയാളുകള്‍ വിചാരിക്കുന്നതു പോലെ മൂസാ (അ) ഇസ്രാഈല്യരെ ഫറവോനില്‍ നിന്ന്  മോചിപ്പിക്കാന്‍ വേണ്ടി മാത്രം നിയുക്തനായ പ്രവാചകനല്ല. അദ്ദേഹത്തിന്റെ പ്രഥമ നിയോഗ ലക്ഷ്യം ഫറവോനും അയാളുടെ സമൂഹത്തിനും സന്മാര്‍ഗം കാണിച്ചു കൊടുക്കുകയായിരുന്നു. ദ്വിതീയ ലക്ഷ്യം ഇതായിരുന്നു: ഫറവോന്‍ സന്മാര്‍ഗം സ്വീകരിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, അപ്പോഴാണ് ഇസ്രാഈല്യരെ (അവര്‍ അടിസ്ഥാനപരമായി ഒരു മുസ്‌ലിം സമൂഹമായിരുന്നു) അയാളുടെ അടിമത്തത്തില്‍ നിന്ന് രക്ഷപ്പെടുത്തി ഈജിപ്തില്‍ നിന്ന് പുറത്തുകൊണ്ടുവരേണ്ടത്. ഈ ആശയം പ്രകൃത സൂക്തങ്ങളില്‍ നിന്ന് വ്യക്തമാകുന്നതാണ്'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ ഭാഗം 6, പേജ് 208).
'ചിലയാളുകള്‍ തെറ്റിദ്ധരിക്കുന്നതു പോലെ, മൂസാ(അ)യുടെയും ഹാറൂ(അ)ന്റെയും  ദൗത്യം ഒരു പ്രത്യേക സമുദായത്തെ മറ്റൊരു സമുദായത്തിന്റെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുക എന്നത് മാത്രമായിരുന്നുവെങ്കില്‍ ഈ പശ്ചാത്തലത്തില്‍ ഒരു ചരിത്ര മാതൃക എന്ന നിലയില്‍ പ്രസ്തുത സംഭവം ഉദ്ധരിക്കുന്നത് സംഗതമാകുമായിരുന്നില്ല. ആ രണ്ട് മഹാത്മാക്കളുടെയും ദൗത്യത്തിന്റെ ഒരു ഭാഗം ബനൂ ഇസ്രാഈലിനെ (മുസ്‌ലിം ജനത) സത്യനിഷേധികളായ വിഭാഗത്തിന്റെ (അവര്‍ സത്യനിഷേധത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍) ആധിപത്യത്തില്‍ നിന്ന് മോചിപ്പിക്കുക എന്നതായിരുന്നുവെന്നതില്‍ സംശയമില്ല. പക്ഷേ, അത് അടിസ്ഥാന ലക്ഷ്യമായിരുന്നില്ല. മുഴുവന്‍ പ്രവാചകന്മാരുടെയും ലക്ഷ്യമാക്കിയതേതാണോ അത് തന്നെയായിരുന്നു അവരുടെയും അടിസ്ഥാന ലക്ഷ്യം. അധ്യായം അന്നാസിആത്തിലെ 17- 19 സൂക്തങ്ങള്‍ അക്കാര്യം വ്യക്തമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്: ഫിര്‍ഔന്റെ അടുത്തേക്ക് പോവുക. അവന്‍ ധിക്കാരിയായിരിക്കുന്നു. അവനോടു പറയുക: നീ വിശുദ്ധി കൈക്കൊള്ളാന്‍ സന്നദ്ധനാണോ? ഞാന്‍ നിന്നെ നിന്റെ നാഥങ്കലേക്ക് മാര്‍ഗദര്‍ശനം ചെയ്യാം. അങ്ങനെ നീ അവനെ ഭയപ്പെടുന്നവനാകും.' പക്ഷേ, ഫറവോന്‍ പ്രഭൃതികള്‍ ആ സത്യപ്രബോധനം സ്വീകരിച്ചില്ല. അതിനാല്‍, അവസാനം വിശ്വാസികളായ തന്റെ ജനതയെ ഫറവോന്റെ ആധിപത്യത്തില്‍ നിന്ന് രക്ഷപ്പെടുത്തേണ്ടി വന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ ഈ ഭാഗം ചരിത്രത്തില്‍ മുഴച്ചുകാണുന്നത്. ഖുര്‍ആനിലും പ്രസ്തുത സംഭവം ചരിത്രത്തിലുള്ളതു പോലെ വ്യക്തമായിത്തന്നെ വിവരിച്ചിട്ടുണ്ട്. ഖുര്‍ആനിലെ വിശദീകരണങ്ങളെ അതിന്റെ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുക്കുക എന്ന അബദ്ധം പ്രവര്‍ത്തിക്കാതെ അവയെ ആ സാകല്യത്തിന്റെ അനുബന്ധമായിത്തന്നെ വീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഏതൊരാളും, ഒരു പ്രവാചക ദൗത്യത്തിന്റെ അടിസ്ഥാന ലക്ഷ്യം ഒരു ജനതയുടെ സ്വാതന്ത്ര്യമായിരുന്നുവെന്നും സത്യദീനിന്റെ പ്രബോധനം ഉപ ലക്ഷ്യമായിരുന്നുവെന്നും തെറ്റിദ്ധരിക്കുകയില്ല' (തഫ്ഹീമുല്‍ ഖുര്‍ആന്‍,  വാള്യം 2, പേജ് 282).
'അവര്‍ പറഞ്ഞു: ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ ഏതൊരു മാര്‍ഗം മുറുകെപ്പിടിക്കുന്നതായി ഞങ്ങള്‍ കണ്ടുവോ അതില്‍ നിന്ന് ഞങ്ങളെ തെറ്റിച്ചു കളയാനാണോ നീ ഞങ്ങളുടെ അടുത്ത് വന്നത്? ഭൂമിയില്‍ നിങ്ങളിരുവരുടെയും മേധാവിത്വം സ്ഥാപിക്കാനും? എന്നാല്‍, ഞങ്ങളൊരിക്കലും നിങ്ങളിരുവരിലും വിശ്വസിക്കുന്നവരാവുകയില്ല' (10:78) എന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ സയ്യിദ് മൗദൂദി എഴുതുന്നു: 'മൂസാ(അ)യുടെയും ഹാറൂ(അ)ന്റെയും അടിസ്ഥാന ആവശ്യം ഇസ്രാഈല്‍ വംശത്തിന്റെ സ്വാതന്ത്ര്യമായിരുന്നുവെങ്കില്‍, രണ്ടുപേരുടെയും പ്രബോധനം ഈജിപ്തില്‍ പ്രചരിക്കുകയാണെങ്കില്‍ ഈജിപ്തിന്റെ മതം തന്നെ മാറിപ്പോകുമെന്നും തങ്ങളുടെ അധീശത്വത്തിന് പകരം അവരുടെ ആധിപത്യമായിരിക്കും പുലരുകയെന്നും ഫിര്‍ഔന്‍ പ്രഭൃതികള്‍ ആശങ്കിക്കുമായിരുന്നില്ല. മൂസാ (അ) ഈജിപ്തുകാരെ യഥാര്‍ഥ ദൈവത്തിലേക്ക് പ്രബോധനം ചെയ്തുകൊണ്ടിരുന്നു. അത് ബഹുദൈവത്വ വ്യവസ്ഥിതിയിലധിഷ്ഠിതമായ ഫറവോന്റെ  രാജത്വത്തെയും പ്രമാണിമാരുടെ നേതൃത്വത്തെയും മത പുരോഹിതന്മാരുടെ പൗരോഹിത്യത്തെയും അപകടപ്പെടുത്തുമെന്നവര്‍ മനസ്സിലാക്കി. അതാണ് അവരുടെ ആശങ്കക്ക് കാരണം' (വാള്യം 2, പേജ് 283).
മര്‍ദിതരുടെ വിമോചന സമരത്തെപ്പോലും ഇസ്‌ലാം അതിന്റെ പ്രബോധനത്തിലധിഷ്ഠിതമാക്കുകയും പരലോകവുമായി ബന്ധിപ്പിക്കുകയുമാണുണ്ടായതെന്ന് ഇതൊക്കെയും അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.

സാമൂഹിക ഇടപെടല്‍
സാമൂഹിക തിന്മകള്‍ നിലനിന്നിരുന്ന സമൂഹങ്ങളിലേക്ക് നിയോഗിതരായിരുന്ന പ്രവാചകന്മാരെല്ലാം അവയുടെ നിഷ്‌കാസനത്തിന് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. നൂഹ്, ഹൂദ്, സ്വാലിഹ്, ശുഐബ്, ലൂത്വ് (അ) തുടങ്ങിയ പ്രവാചകന്മാരെല്ലാം ഇവ്വിധം തങ്ങളുടെ കാലത്തെ മുഖ്യ തിന്മകള്‍ക്കെതിരെ ശക്തമായ സമീപനം സ്വീകരിച്ചവരാണ്. അവയില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചവരുമാണ്. എന്നാല്‍, അവരുടെയൊക്കെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും വിമോചന ശ്രമങ്ങളും അല്ലാഹുവിലും പരലോകത്തിലുമുള്ള  വിശ്വാസത്തിലധിഷ്ഠിതമായിരുന്നു. അഥവാ, വിശ്വാസത്തിലേക്കുള്ള ക്ഷണം നടത്തിക്കൊണ്ടായിരുന്നു. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നുവെന്നര്‍ഥം.
അളത്തത്തിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നതുള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റങ്ങള്‍, അഗതികളോടും അനാഥരോടും അടിയാളരോടുമുള്ള അവഗണന, പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടല്‍, മാതാപിതാക്കളോടുള്ള ബാധ്യതയില്‍ വീഴ്ച വരുത്തല്‍, പരിഹാസം, പരദൂഷണം പറയല്‍, സദാചാര ലംഘനം തുടങ്ങിയ എല്ലാ തിന്മകളെയും വിശുദ്ധ ഖുര്‍ആന്‍ നിശിതമായി കൈകാര്യം ചെയ്യുന്നു. അവയില്‍നിന്നെല്ലാം സമൂഹത്തെ മോചിപ്പിക്കാന്‍ ശക്തമായി ആഹ്വാനം ചെയ്യുന്നു. എന്നാല്‍, അതൊന്നും ഇരകളെ മര്‍ദകര്‍ക്കെതിരെയും ചൂഷിതരെ ചൂഷകര്‍ക്കെതിരെയും സച്ചരിതരെ കുറ്റവാളികള്‍ക്കെതിരെയും സംഘടിപ്പിച്ചുകൊണ്ടായിരുന്നില്ല. മറിച്ച്, കുറ്റവാളികളില്‍ അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസം വളര്‍ത്തി അവരുടെ മനസ്സ് മാറ്റിക്കൊണ്ടായിരുന്നു. അതുകൊണ്ട് തന്നെ സമൂഹത്തെ പരസ്യമായെന്ന പോലെ രഹസ്യമായും കുറ്റകൃത്യങ്ങളില്‍ നിന്ന് പൂര്‍ണമായും മോചിപ്പിക്കാന്‍ കഴിഞ്ഞു. അധികാരവും ഭരണവും ലഭിക്കുന്നത് വരെ അന്ത്യപ്രവാചകനായ മുഹമ്മദ് നബി തിരുമേനിയും ഇതേ സമീപനം തന്നെയാണ് സ്വീകരിച്ചിരുന്നത്. അധികാര ലബ്ധിയോടെ ഭരണ സംവിധാനങ്ങളുപയോഗിച്ച് നിയമം നടപ്പാക്കിക്കൊണ്ടിരുന്നു. ഇസ്‌ലാമിക രാഷ്ട്രവും ഭരണകൂടവും അതിനുപയോഗിച്ചുകൊണ്ടിരുന്നത്, വിശ്വാസത്തിലൂടെ ആദര്‍ശ മാറ്റം സംഭവിക്കുകയും പൊതുജീവിതത്തെ വിശ്വാസത്തിന് വിധേയമാക്കുകയും ചെയ്തിരുന്നവരെയാണ്.
എല്ലാ സാമൂഹിക ഇടപെടലും പരലോക കേന്ദ്രീകൃതമായിരിക്കണമെന്നും ഇസ്‌ലാമിക പ്രബോധനപരമായിരിക്കണമെന്നും വിശുദ്ധ ഖുര്‍ആനിലൂടെ സഞ്ചരിക്കുന്ന ഏവര്‍ക്കും അനായാസം ബോധ്യമാകും.
സ്ഥിര സ്വഭാവമുള്ള സാമൂഹിക മാറ്റത്തിനും പരിവര്‍ത്തിത സമൂഹം വിട്ടേച്ചു പോന്ന തിന്മകളിലേക്ക് തിരിച്ചു പോവാതിരിക്കാനും അതനിവാര്യമാണ്.
എന്നാല്‍, ഇസ്‌ലാമിക രാഷ്ട്രവും ഭരണവുമില്ലാത്തപ്പോഴും സാമൂഹിക തിന്മകള്‍ തടയാന്‍ സാധ്യതയുടെ പരമാവധി ജനകീയ സമ്മര്‍ദവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിക്കാവുന്നതാണ്; ഉപയോഗിക്കേണ്ടതാണ്. അതിനാവശ്യമായ കൂട്ടായ്മയും അനിവാര്യമാണ്. ജനാധിപത്യ സംവിധാനത്തില്‍ അതിന് ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ട്.
എന്നാല്‍, ഇസ്രാഈലീ  സമൂഹത്തിന്റെ വിമോചനത്തില്‍ മൂസാ നബി സ്വീകരിച്ചതു പോലെ അത് ഇസ്‌ലാമിക സമൂഹത്തിന്റെ  മുഖ്യ ലക്ഷ്യമാകരുത്. മുഖ്യ ലക്ഷ്യം സത്യപ്രബോധനത്തിലൂടെ സമൂഹത്തോടുള്ള ബാധ്യതാ നിര്‍വഹണവും അവരെ നേര്‍വഴിയിലേക്ക് ക്ഷണിക്കലുമായിരിക്കണം. സ്വന്തം സമുദായത്തിന്റെ മോചനമുള്‍പ്പെടെ എല്ലാ സാമൂഹിക ഇടപെടലുകളും, സയ്യിദ് മൗദൂദി വിശദീകരിച്ചതു പോലെ ഉപലക്ഷ്യമേ ആകാവൂ. 
94474 26247
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-16-18
ടി.കെ ഉബൈദ്‌