ഭൂതകാലത്തിന്റെ നോവും വര്‍ത്തമാനത്തിന്റെ പൊരുളും
അറിവടയാളങ്ങള്‍ /
അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളില്‍ പ്രാവീണ്യവും ഹദീസ് നിദാന ശാസ്ത്രത്തില്‍ അവഗാഹവുമുള്ള മുതിര്‍ന്ന പണ്ഡിതനാണ് ഇ.എന്‍ മുഹമ്മദ് മൗലവി. പള്ളിദര്‍സുകളിലും ദീനീ മദാരിസുകളിലും പഠിച്ച്, പൗരാണിക കിതാബുകളില്‍ നിന്നും ഗുരുമുഖങ്ങളില്‍ നിന്നും വിജ്ഞാനമാര്‍ജിച്ച അദ്ദേഹത്തിന്, ഇസ്‌ലാമിക നവോത്ഥാനത്തിന്റെ വെളിച്ചത്തിലൂടെ സഞ്ചരിച്ച് ആ അറിവുകള്‍ അടയാളപ്പെടുത്താന്‍ അവസരമുണ്ടായി. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അധ്യാപന ജീവിതത്തിലൂടെ തലമുറകളുടെ ഗുരുനാഥനായ അദ്ദേഹം, നാട്യങ്ങളില്ലാത്ത നിഷ്‌കാമ കര്‍മിയാണ്.
ഔദ്യോഗിക രേഖകള്‍ പ്രകാരം 1944 ജൂലൈ ഒന്നിന് വാഴക്കാട്ടാണ് ഇ.എന്‍ മുഹമ്മദ് മൗലവിയുടെ ജനനം. പിതാവ്, 'ഏഴിമല' എന്നറിയപ്പെട്ട പ്രമുഖ പണ്ഡിതന്‍ ഇ.എന്‍ അഹ്മദ് മുസ്‌ലിയാര്‍. മാതാവ്, പണ്ഡിതനും കച്ചവടക്കാരനുമായിരുന്ന വാഴക്കാട് മുസ്‌ലിയാരകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകള്‍ എം.ടി കുഞ്ഞിഫാത്വിമ. ചെറുവാടിയില്‍ നിന്ന് പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം നേടിയ അദ്ദേഹം പ്രദേശത്തെ മദ്‌റസയിലും പഠിച്ചു. ചെറുവാടി- ചുള്ളിക്കാപറമ്പ്, പറപ്പൂര്, കുറ്റിക്കാട്ടൂര്‍, ഓമച്ചപ്പുഴ, പൊന്നാനി, തലക്കടത്തൂര്‍ - തിരൂര്‍ എന്നിവിടങ്ങളിലെ പള്ളിദര്‍സുകളില്‍ പ്രമുഖ പണ്ഡിതരുടെ ശിഷ്യനായി. തുടര്‍ന്ന്, ദാറുല്‍ ഉലും ദയൂബന്ദ് (ദൗറത്തുല്‍ ഹദീസ്, തക്മിലത്തുല്‍ ഫുനൂന്‍), ലഖ്‌നൗ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്തി. ഉമ്മയുടെ കുടുംബാന്തരീക്ഷം, വാണിമേല്‍ കെ. മൊയ്തു മൗലവിയുമായുള്ള സഹവാസം, പ്രബോധനം വാരികയുടെ വായന എന്നിവയിലൂടെ ജമാഅത്തെ ഇസ്‌ലാമിയില്‍ ആകൃഷ്ടനായി. പിന്നീട് സംഘടനയില്‍ അംഗത്വമെടുത്ത അദ്ദേഹം, ചെറുവാടിയില്‍ ഉള്‍പ്പെടെ ദീനീ സ്ഥാപനങ്ങളും സംരംഭങ്ങളും നട്ടു വളര്‍ത്തുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു.
1966-ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയിലാണ് അധ്യാപന ജീവിതത്തിന്റെ തുടക്കം. ശേഷം, ചെറുവാടി ഒതയോത്ത് ജുമുഅത്ത് പള്ളിയില്‍ മുദര്‍രിസും കീഴുപറമ്പ്, മാള, പടന്ന തുടങ്ങിയ സ്ഥലങ്ങളില്‍ മദ്‌റസാ അധ്യാപകനുമായി. ഇസ്‌ലാമിയാ കോളേജ് ശാന്തപുരം, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജ്, കോഴിക്കോട് ദഅ്‌വാ കോളേജ്, അല്‍ജാമിഅ ശാന്തപുരം, തളിക്കുളം ഇസ്‌ലാമിയാ കോളേജ്, കാസര്‍കോട് ആലിയാ കോളേജ്, കണ്ണൂര്‍ ഐനുല്‍ മആരിഫ് എന്നിവിടങ്ങളില്‍ വിവിധ ഘട്ടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1977-'92 കാലത്ത് ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജില്‍ വൈസ് പ്രിന്‍സിപ്പലും, 1992-94 വര്‍ഷങ്ങളില്‍ പ്രിന്‍സിപ്പലും ആയിരുന്നു. ഇ.എന്‍ മുഹമ്മദ് മൗലവിയുടെ വൈജ്ഞാനിക ജീവിതത്തിന്റെ ചില ഭാഗങ്ങളാണ് 'അറിവടയാളങ്ങളില്‍' രേഖപ്പെടുത്തുന്നത്.
അറിവും ബുദ്ധിയും തമ്മിലുള്ള ഒരു സംവാദം, സ്വഫ്‌വത്തുത്തഫാസീര്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തില്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അറിവോ, ബുദ്ധിയോ ശ്രേഷ്ഠം എന്ന ചോദ്യത്തിന്റെ ഉത്തരം തേടുന്ന കവിയുടെ ഭാവനയാണ് സംവാദ രൂപത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 'ജ്ഞാനിയുടെ അറിവും ബുദ്ധിമാന്റെ ധിഷണയും ഭിന്നിച്ചു; നമ്മിലാര്‍ക്കാണ് കൂടുതല്‍ ശ്രേഷ്ഠത?' കവിതയുടെ തുടക്കം ഇങ്ങനെയാണ്. ഏതാനും വാദമുഖങ്ങള്‍ പരസ്പരം നിരത്തിയതിനു ശേഷം, അറിവ് ബുദ്ധിയോട് ചോദിക്കുന്നു: 'കാരുണ്യവാനായ ദൈവം ഖുര്‍ആനില്‍ തനിക്കായി സ്വീകരിച്ച ഗുണവിശേഷം എന്താണ്'? ബുദ്ധിക്ക് കാര്യം മനസ്സിലായി. 'അറിവുള്ളവന്‍' (അല്‍ആലിം, അല്‍അലീം) എന്നാണ് അല്ലാഹു സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്, 'ബുദ്ധിമാന്‍' (ആഖില്‍) എന്നല്ല! 'അറിവിന്റെ നായകത്വം ബോധ്യപ്പെട്ട ബുദ്ധി, അറിവിന്റെ നെറ്റിയില്‍ ചുംബിച്ച് കടന്നുപോയി' എന്ന് കവിത അവസാനിക്കുന്നു.
മനുഷ്യന്റെ ബുദ്ധി (അഖ്ല്‍) ഒരു മാധ്യമമാണ്, അറിവാണ് ലക്ഷ്യം. അറിവ് നേടാന്‍ ബുദ്ധി വേണം. നേടിയ അറിവിനെ നല്ലതോ, തീയതോ എന്ന് വേര്‍തിരിക്കാനും ബുദ്ധി ആവശ്യമാണ്. പക്ഷേ, കേവല ബുദ്ധി ലക്ഷ്യമല്ല. അതുപയോഗിച്ച് നേടുന്ന അറിവാണ് പ്രധാനം. ആ അറിവ് നമ്മെ അല്ലാഹുവിലേക്ക് എത്തിക്കുകയും ചെയ്യണം. യഥാര്‍ഥ ലക്ഷ്യമായ അല്ലാഹുവിലേക്ക് വഴികാണിക്കുന്നതാണ് ശരിയായ അറിവ്. മനുഷ്യനെ ശ്രേഷ്ഠനാക്കുന്നത് ഈമാനും ഇല്‍മും, അഥവാ വിശ്വാസവും വിജ്ഞാനവുമാണ്. 'നിങ്ങളില്‍ സത്യവിശ്വാസം കൈക്കൊണ്ടവരെയും, അറിവ് ലഭിച്ചവരെയും അല്ലാഹു പദവികള്‍ ഉയര്‍ത്തുന്നു' എന്നാണല്ലോ ഖുര്‍ആന്‍ (അല്‍മുജാദല 11) പറഞ്ഞിട്ടുള്ളത്. ആദം നബിക്ക് മലക്കുകളെക്കാള്‍ പദവി ലഭിച്ചതിന്റെ കാരണമായി ഖുര്‍ആനിന്റെ വിവരണത്തില്‍നിന്ന് മനസ്സിലാകുന്നത് അല്ലാഹു അദ്ദേഹത്തിന് ഇല്‍മ് നല്‍കിയിരുന്നു എന്നതാണ്. അപ്പോള്‍ അറിവ് ശ്രേഷ്ഠതയുടെ പ്രധാന മാനദണ്ഡമാണെന്ന് മനസ്സിലാക്കാം.
ഇത്തരമൊരു ഇല്‍മിന്റെ, ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ വഴിയില്‍ സഞ്ചരിക്കാന്‍ കുറച്ചൊക്കെ അവസരമുണ്ടായി എന്നത് അല്ലാഹു തന്ന വലിയ അനുഗ്രഹമാണ്. ഞാനൊരു പണ്ഡിതനോ ഗവേഷകനോ അല്ല; അറിവിന്റെ അന്വേഷകന്‍ മാത്രമാണ്. പണ്ഡിതന്‍മാരുമായി സഹവസിക്കാനും കിതാബുകള്‍ വായിക്കാനും ഭാഗ്യം ലഭിക്കുകയുണ്ടായി. അതില്‍ കുറച്ചൊക്കെ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു കൊടുക്കാനും അവസരമുണ്ടായിട്ടുണ്ട്. എട്ടാമത്തെ വയസ്സില്‍ ദീനീവിജ്ഞാനങ്ങളുമായി ഇടപഴകിത്തുടങ്ങിയതാണ്. ഇക്കാലമത്രയും അത് മുടക്കമില്ലാതെ തുടരാന്‍ കഴിഞ്ഞതില്‍ അല്ലാഹുവിനോട് അളവറ്റ നന്ദിയും പ്രാര്‍ഥനകളുമുണ്ട്.
പ്രചോദനം
കുടുംബപരവും മറ്റുമായ പാരമ്പര്യം അറിവില്‍ മികവ് നേടുന്നതിന് വ്യക്തികളില്‍ സ്വാധീനം ചെലുത്തിയേക്കും. ബുദ്ധിപരമായ ശേഷിയില്‍ മനുഷ്യന്റെ ജീന്‍ ഒരു ഘടകം തന്നെയാണല്ലോ. ധൈഷണിക വൃത്തിയില്‍ പാരമ്പര്യത്തിന് സ്വാധീനമുള്ളതായി പല അനുഭവങ്ങളുമുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. വൈജ്ഞാനിക ശേഷിയുടെയും പാണ്ഡിത്യത്തിന്റെയും ചോദനകള്‍ മനുഷ്യനില്‍ ജന്മനാ തന്നെ അന്തര്‍ലീനമായി കിടക്കുന്നുണ്ട്. ഇത് വികസിച്ചുവരികയോ മുരടിച്ചു പോവുകയോ ചെയ്യാം. സസ്യലതാദികള്‍ അനുകൂല സാഹചര്യത്തില്‍ വളരുകയും പ്രതികൂല കാലാവസ്ഥയില്‍ ഉണങ്ങിപ്പോവുകയും ചെയ്യുന്നതു പോലെ! ഇല്‍മിലും സാഹചര്യത്തിന് വലിയ പങ്കുണ്ട്. കുട്ടികളുടെ അഭിരുചികളും താല്‍പര്യങ്ങളും വളരുന്നതില്‍ മാതാപിതാക്കളും കുടുംബ പശ്ചാത്തലവും ഏറെ നിര്‍ണായകമാണ് താനും. ഒരു പണ്ഡിത കുടുംബത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പുസ്തകങ്ങള്‍, അറിവന്വേഷകര്‍, അധ്യാപനം, വൈജ്ഞാനിക ചര്‍ച്ചകള്‍ തുടങ്ങി, അറിവിന്റെ വ്യത്യസ്ത തലങ്ങളുമായി ഇടപഴകാന്‍ ചെറുപ്പത്തിലേ അവസരം ലഭിക്കുന്നു. ഈ സാഹചര്യം ചിലരുടെയെങ്കിലും വൈജ്ഞാനിക വളര്‍ച്ചയെ സ്വാധീനിക്കേണ്ടതാണ്. പശ്ചാത്തലങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രചോദനങ്ങളാണ് ആദ്യഘട്ടത്തില്‍ കുട്ടിയുടെ അഭിരുചികളെയും മറ്റും സ്വാധീനിക്കുക. ഈ സ്വഭാവത്തില്‍ വളര്‍ന്നുവന്ന പണ്ഡിതന്‍മാര്‍ ഇസ്‌ലാമിക സമൂഹത്തില്‍ കടന്നുപോയിട്ടുണ്ട്. ഇത് ഒരു വശം മാത്രം.
ഇസ്‌ലാമിക ചരിത്രത്തിലെ പ്രഗല്‍ഭമതികളായ ചില പണ്ഡിതന്മാര്‍ പ്രത്യേകമായ ദീനീവിജ്ഞാന പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്തവരായിരുന്നു. മുസ്‌ലിം കുടുംബത്തില്‍ പോലും ജനിച്ചിട്ടില്ലാത്തവര്‍, ഇസ്‌ലാം സ്വീകരിച്ച്, വിജ്ഞാനം കരസ്ഥമാക്കി പണ്ഡിതന്മാരായി മാറിയതിന്റെ ഉദാഹരണങ്ങള്‍ പൗരാണിക കാലത്തും വര്‍ത്തമാന ലോകത്തും ഉണ്ടായിട്ടുണ്ട്. ശാഫിഈ ഫിഖ്ഹിലെ ജനകീയ ഗ്രന്ഥമാണ് ഉംദ. ഈജിപ്തില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്റെ പൂര്‍ണമായ പേരാണ്; ഉംദത്തുസ്സാലിക് വ ഉദ്ദത്തുന്നാസിക്. ഇതിന്റെ കര്‍ത്താവ് അഹ്മദുബ്‌നു ലുഅ്‌ലുഅ് ഇബ്‌നി അബ്ദില്ലാ അര്‍റൂമീ (ക്രി. 1302 -1368) അറിയപ്പെടുന്നത് ശിഹാബുദ്ദീന്‍ ഇബ്‌നുന്നഖീബ് അശ്ശാഫിഈ എന്നാണ്. ഇദ്ദേഹത്തിന്റെ പിതാവ് അന്‍ത്വാകിയ സ്വദേശിയായ ക്രിസ്ത്യാനിയായിരുന്നു. സൈനികനായിരുന്ന ഇബ്‌നുന്നഖീബ് പിന്നീട് ഖുര്‍ആന്‍ മനഃപാഠമാക്കുകയും ഫിഖ്ഹിലും സാഹിത്യത്തിലും അവഗാഹം നേടുകയും ചെയ്തു. അദ്ദേഹം മക്കയിലും മദീനയിലും അറിവ് തേടി യാത്ര ചെയ്യുകയുണ്ടായി.
ഇന്ത്യയില്‍ നിന്ന് ഈ ഗണത്തില്‍ ഉയര്‍ന്നു വന്ന രണ്ട് പണ്ഡിതന്മാര്‍ എന്റെ ഓര്‍മയിലുണ്ട്: ഉബൈദുല്ലാ സിന്ധിയാണ് (1872-1944) ഒന്നാമത്തെയാള്‍. അവിഭക്ത ഇന്ത്യയിലെ പഞ്ചാബില്‍, സിയാല്‍ക്കോട്ട് ഗ്രാമത്തിലെ സിഖ് കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ പേര് ബൂട്ടാ സിങ്ങ് എന്നായിരുന്നു. പതിനഞ്ചാമത്തെ വയസ്സിലാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. പിന്നീട് ഉബൈദുല്ലാ സിന്ധി എന്ന് പേര് മാറ്റി. തുടര്‍ന്ന്, ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ വിദ്യാര്‍ഥിയായ അദ്ദേഹം, റശീദ് അഹ്മദ് ഗങ്കോഹിയുടെയും മൗലാനാ മഹ്മൂദ് ഹസന്‍ ദയൂബന്ദിയുടെയും ശിഷ്യനായി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍നിരയില്‍ നിലയുറപ്പിച്ച ഉബൈദുല്ലാ സിന്ധി, തീരെ ചെറിയ ശമ്പളത്തിന് ജാമിഅ മില്ലിയ ഇസ്‌ലാമിയയില്‍ നീണ്ടകാലം വൈജ്ഞാനിക സേവനത്തിലേര്‍പ്പെട്ട പണ്ഡിതനായിരുന്നു. ഇതേ ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ പഠിക്കാന്‍ പില്‍ക്കാലത്ത് എനിക്കും അവസരമുണ്ടായിട്ടുണ്ട്.
സമീപകാലത്ത് മരണപ്പെട്ട പ്രഫ. ദിയാഉര്‍റഹ്മാന്‍ ഈ ഗണത്തിലെ പ്രഗല്‍ഭനായ പണ്ഡിതനാണ്. യാതൊരു ഇസ്‌ലാമിക പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത കുടുംബ പശ്ചാത്തലമാണല്ലോ അദ്ദേഹത്തിന്റെത്. പക്ഷേ, മുസ്‌ലിം പണ്ഡിതലോകത്ത് എത്ര ഉയരത്തിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്! ഇന്ത്യയില്‍ അഅ്‌സംഗഢ് ജില്ലയില്‍, ബിലാരിയ ഗഞ്ചിലെ ഹിന്ദു കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ബാങ്കേ ലാല്‍ ആണ് പില്‍ക്കാലത്ത് ഇസ്‌ലാം സ്വീകരിച്ച്, പ്രഫ. ദിയാഉര്‍റഹ്മാനായി മാറിയത്. സയ്യിദ് മൗദൂദിയുടെ ഇസ്‌ലാം മതം വായിച്ചതാണ് അദ്ദേഹത്തിന്റെ ഇസ്‌ലാം സ്വീകരണത്തിന് വഴിയൊരുക്കിയത്. ഉമറാബാദ് ദാറുല്‍ ഉലൂം, മദീനാ യൂനിവേഴ്‌സിറ്റി, മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി, ഈജിപ്തിലെ അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠിച്ച അദ്ദേഹം കഴിവുറ്റ പണ്ഡിതനായി മാറുകയായിരുന്നു. സമീപകാല മുസ്‌ലിം ലോകത്തെ പ്രഗല്‍ഭനായ ഹദീസ് വിശാരദനായിരുന്ന അദ്ദേഹം, അമൂല്യമായ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇത്തരം പണ്ഡിതന്മാര്‍ ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും മുസ്‌ലിം ലോകത്ത് ഉണ്ടായിട്ടുണ്ട് എന്നാണ് എന്റെ അറിവ്. അതുകൊണ്ട്, പാരമ്പര്യം ഒരു ഘടകമായിരിക്കെത്തന്നെ, അതൊന്നുമില്ലാതെയും പണ്ഡിത ശ്രേഷ്ഠര്‍ രംഗത്തു വരാം എന്നാണ് മനസ്സിലാക്കേണ്ടത്.
പശ്ചാത്തലം
മാതാ-പിതാക്കളുടെ വഴിയില്‍ എനിക്ക് അറിവിന്റെ വേരുകളുണ്ടായിരുന്നു എന്ന് പറയാം. വാപ്പ 'ഏഴിമല' എന്നറിയപ്പെട്ട അഹ്മദ് മുസ്‌ലിയാര്‍ പണ്ഡിതനും മുദര്‍രിസുമായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ പിതാവ് അത്തരമൊരു പണ്ഡിതനായിരുന്നില്ല; കച്ചവടക്കാരനായിരുന്നു. എന്റെ ഉമ്മ കുഞ്ഞിപ്പാത്തുമ്മ വാഴക്കാട് മുസ്‌ലിയാരകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകളാണ്. പണ്ഡിതനും കച്ചവടക്കാരനുമായിരുന്ന കുഞ്ഞഹമ്മദ് ഹാജി, യമനീ വേരുള്ള മഖ്ദൂം കുടുംബാംഗമായിരുന്നു. ഉമ്മയും സാമാന്യം നന്നായിത്തന്നെ ദീനീ വിദ്യാഭ്യാസം നേടിയിരുന്നു; ഇല്‍മിനനുസരിച്ച നിലപാടുകളും ഉമ്മ കൈക്കൊള്ളുകയുണ്ടായി. ഈ രണ്ട് ഘടകങ്ങളും ഇല്‍മിന്റെ വഴിയില്‍ സഞ്ചരിക്കാന്‍ എന്നില്‍ ചെറുപ്പത്തിലേ താല്‍പര്യമുണര്‍ത്തിയിട്ടുണ്ട്. വാപ്പയെയും ഉമ്മയെയും കുറിച്ച ചില കാര്യങ്ങള്‍ പിന്നീട് പറയാം.
മൂന്നാമതായി, ചെറുവാടിയിലെയും വാഴക്കാട്ടെയും വൈജ്ഞാനിക അന്തരീക്ഷം അറിവന്വേഷണത്തിന് എനിക്ക് പ്രചോദനമായി വര്‍ത്തിച്ചിരുന്നു. ജനിച്ചുവളര്‍ന്ന ചെറുവാടിയിലെ പള്ളിദര്‍സും പണ്ഡിതന്‍മാരും, കുട്ടിക്കാലത്തേ ഉമ്മയുടെ വീട്ടില്‍ പോകുമ്പോള്‍ കാണുന്ന വാഴക്കാട്ടെ ഇല്‍മീ ചുറ്റുപാടുകളും അത്തരമൊരു അഭിരുചി രൂപപ്പെടുത്തുക സ്വാഭാവികമാണല്ലോ. എന്റെ അമ്മാവന്‍ എം.ടി അബ്ദുര്‍റഹ്മാന്‍ മൗലവി ഉള്‍പ്പെടെയുള്ളവര്‍ ഈ ചരിത്രത്തിന്റെ ഭാഗമാണ്. വാപ്പയോടൊപ്പം പള്ളി ദര്‍സുകളില്‍ ആരംഭിച്ച വിദ്യാര്‍ഥി ജീവിതം, തുടര്‍ന്ന് പൊന്നാനിയിലും തിരൂരിലും ചെന്നെത്തി. പിന്നീട് ദയൂബന്ദ് ദാറുല്‍ ഉലൂമും ലഖ്‌നൗവിലെ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമായും വിദ്യാര്‍ഥി ജീവിതത്തിന്റെ ഭാഗമായി. ചെറുവാടിയിലെ കുഞ്ഞാപ്പ ഹാജിയും കുറ്റിക്കാട്ടൂരിലെ ഇമ്പിച്ചാലി മുസ്‌ലിയാരും തിരൂരിലെ മുഹ്‌യിദ്ദീന്‍ എന്ന ബാപ്പു മുസ്‌ലിയാരും തുടങ്ങി, ദയൂബന്ദിലെ ശൈഖുല്‍ ഹദീസ് ഫഖ്‌റുദ്ദീന്‍ അഹ്മദ് വരെയുള്ള ഉസ്താദുമാര്‍ ഇല്‍മിന്റെ വഴികളില്‍ വെളിച്ചം വിതറിയവരാണ്.
പട്ടിക്കാട് ജാമിഅ നൂരിയ്യയും ചെറുവാടിയിലെ പള്ളിദര്‍സും അധ്യാപന ജീവിതത്തിന്റെ പ്രാരംഭ ഇടങ്ങളായിരുന്നു. ശേഷം, നവോത്ഥാന പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഗമാകാന്‍ സാധിച്ചു. തുടര്‍ന്ന്, അരീക്കോടിനടുത്ത കീഴുപറമ്പ്, കാസര്‍കോട് പടന്ന, തൃശൂരിലെ മാള തുടങ്ങിയ സ്ഥലങ്ങളിലെ മദ്‌റസാ അധ്യാപനങ്ങള്‍ക്ക് ശേഷം, ചേന്ദമംഗല്ലൂര്‍ ഇസ്വ്‌ലാഹിയ കോളേജ്, കോഴിക്കോട് ദഅ്‌വാ കോളേജ്, ശാന്തപുരം അല്‍ജാമിഅ എന്നിവിടങ്ങളില്‍ അധ്യാപകനായി. തളിക്കുളം ഇസ്‌ലാമിയ കോളേജും കാസര്‍കോട് ആലിയയും കണ്ണൂര്‍ ഐനുല്‍ മആരിഫും അടുത്ത ഘട്ടങ്ങളില്‍ കടന്നുവന്നു. ഇവിടങ്ങളിലെല്ലാമായി ഒരുപാട് വിദ്യാര്‍ഥികളും അധ്യാപകരും ബഹുമുഖ തലങ്ങളില്‍ വൈജ്ഞാനിക ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. അവരോടെല്ലാം ഇല്‍മിയായ നീതി പാലിക്കാന്‍ പൂര്‍ണാര്‍ഥത്തില്‍ സാധിച്ചിട്ടുണ്ടോ എന്നറിയില്ലെങ്കിലും, അല്ലാഹു എന്ന ലക്ഷ്യത്തില്‍ കളങ്കം കലരാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
നമുക്ക് ലഭ്യമാകുന്ന സൗകര്യങ്ങളും സാഹചര്യങ്ങളും വൈജ്ഞാനിക സേവനങ്ങള്‍ക്കു വേണ്ടി പ്രയോജനപ്പെടുത്തണം എന്നതാണ് മുന്‍ഗാമികളായ മഹാന്‍മാരുടെ മാതൃക. ഇസ്‌ലാമിക ഖിലാഫത്തിന്റെ കാലത്തും തുടര്‍ന്നുള്ള മുസ്‌ലിം ഭരണ ഘട്ടങ്ങളിലും പണ്ഡിതന്‍മാര്‍ ഇതു ചെയ്തതായി കാണാം. ചിലര്‍ സ്വയം സന്നദ്ധരായി മുന്നോട്ടു വരികയും മറ്റു ചിലര്‍ സാമൂഹിക, രാഷ്ട്രീയ പിന്തുണയോടെ അത് നിര്‍വഹിക്കുകയും ചെയ്തു. ഇമാം മാലികിന് പില്‍ക്കാലത്ത് ചില പ്രയാസങ്ങളുണ്ടായെങ്കിലും, അനുകൂലമായ പല ഘടകങ്ങളും തന്റെ കുടുംബത്തിലും മദീനയിലും അദ്ദേഹത്തിനുണ്ടായിരുന്നു. ഈ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ഇന്നറിയപ്പെടുന്ന ഇമാം മാലിക് എന്ന മഹാപണ്ഡിതന്‍ ഉണ്ടായിട്ടുള്ളത്. ഇമാം ശാഫിഇക്ക്, ഇമാം മാലിക്കില്‍ നിന്നും മറ്റു പലരില്‍ നിന്നും പിന്തുണ ലഭിച്ചിട്ടുണ്ട്. അഹ്മദുബ്‌നു ഹമ്പല്‍ കര്‍ഷകനായിരുന്നു; അബൂ ഹനീഫ കച്ചവടക്കാരനും. ഇത്തരം സൗകര്യങ്ങള്‍ അവര്‍ക്ക് ദീനീ വിജ്ഞാന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സഹായകമായിട്ടുണ്ട്. ഭൗതികമായ സൗകര്യങ്ങളില്‍ അവരാരും മതിമറന്നു പോയിട്ടില്ല. മറിച്ച്, അവയെല്ലാം ഉപയോഗപ്പെടുത്തി തങ്ങളുടെ യഥാര്‍ഥ ധര്‍മം നിര്‍വഹിക്കുകയാണ് അവരെല്ലാം ചെയ്തിട്ടുള്ളത്. ഭൗതിക താല്‍പര്യങ്ങള്‍ പിടികൂടിയാല്‍ അറിവിന്റെ വില കെട്ടുപോവുകയും പാണ്ഡിത്യത്തിന് നിലവാരത്തകര്‍ച്ച നേരിടുകയും ചെയ്യും.
കേരളത്തിലെ ദീനീ വൈജ്ഞാനിക മേഖലയുടെ ചരിത്രത്തിലും വര്‍ത്തമാനത്തിലുമുള്ള എന്റെ ഇത്രയും കാലത്തെ അനുഭവങ്ങളില്‍ നിന്നുകൊണ്ട്, മൊത്തത്തില്‍ പറയാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്; പല തലങ്ങളിലുള്ള പണ്ഡിതന്‍മാരെ നമുക്ക് കാണാനാകും. ചിലര്‍ നിസ്വാര്‍ഥരായി ഇല്‍മീ മേഖലയില്‍ സേവനം ചെയ്യുന്നവരാണ്. പള്ളിദര്‍സുകളിലും മറ്റും ഇത്തരം നല്ല മുദര്‍രിസുമാര്‍ ഉണ്ടായിരുന്നു. ചിലര്‍ പ്രയാസകരമായ സാഹചര്യങ്ങള്‍ കാരണം തളര്‍ന്നു പോയവരാണ്. മറ്റു ചിലര്‍ മദ്ഹബിപരമോ സംഘടനാപരമോ ആയ കക്ഷിത്വങ്ങളുടെ ഭാഗമായി സങ്കുചിത നിലപാടുകള്‍ സ്വീകരിച്ചവരാണ്. ഇത്തരത്തിലെല്ലാമുള്ള പണ്ഡിതന്‍മാരെ കണ്ടിട്ടുണ്ട്. പക്ഷേ, അവരുടെയൊന്നും വിഷയത്തില്‍ വിധി തീര്‍പ്പ് നടത്താന്‍ നമുക്ക് അധികാരമില്ല.
പ്രതികൂല സാഹചര്യങ്ങളില്‍ ആലിമിന്റെ കഴിവും യോഗ്യതകളുമൊക്കെ മരവിച്ചുപോകുന്ന അവസ്ഥയുണ്ടാകും. സംഘടനാപരമായ പക്ഷപാതിത്വങ്ങള്‍ ആലിമിന്റെ ലോകം പരിമിതപ്പെടുത്തിക്കളയും. കേവല മതം എന്ന അര്‍ഥത്തിലുള്ള സമീപനങ്ങള്‍ക്ക് ഈ പ്രശ്‌നമുണ്ടാകാം. പാരമ്പര്യമായി ഇവിടെ നിലനിന്നു വരുന്ന ഖാദി, മുദര്‍രിസ് തുടങ്ങി മുസ്‌ലിം സമൂഹത്തിലെ പ്രധാന നേതൃചുമതലകള്‍ക്ക് അത്തരം വലിയ പരിമിതികള്‍ അനുഭവിക്കേണ്ടി വരുന്നുണ്ട് എന്നത് നമുക്ക് ബോധ്യമുള്ള കാര്യമാണ്. സൂക്ഷ്മതാബോധമുള്ള പണ്ഡിതന്റെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് വ്യക്തിത്വ വികാസത്തെയും വൈജ്ഞാനിക സേവനത്തെയും പ്രതികൂലമായി ബാധിക്കും. അതേസമയം, അനുകൂലമായ സാഹചര്യങ്ങള്‍ ധാരാളം തുറവികള്‍ പണ്ഡിതന് നല്‍കും. സമഗ്രമായ ഇസ്‌ലാമിക കാഴ്ചപ്പാടുള്ള ദീനീ പ്രസ്ഥാനത്തിന് ഈ രംഗത്ത് മാതൃകാപരമായ നിലപാടുകള്‍ കൈക്കൊള്ളാനാവും. കേരളത്തില്‍, ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ദീനീ കലാലയങ്ങള്‍ ഈ ചരിത്രത്തെ അടയാളപ്പെടുത്തുന്നുണ്ട്. കാലികമായി വ്യതിരിക്തതയുള്ള കാഴ്ചപ്പാടോടെയാണ് അവ ഉയര്‍ന്നു വന്നത്. പക്ഷേ, സാമ്പത്തിക പരാധീനതകളും വിഭവക്കമ്മിയും അവയെ പ്രയാസപ്പെടുത്തിയിരുന്നു. കാസര്‍കോട് ആലിയ, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ, ശാന്തപുരം ഇസ്‌ലാമിയാ കോളേജ് തുടങ്ങിയവ ഉദാഹരണം. ഇസ്സുദ്ദീന്‍ മൗലവി, കെ.സി അബ്ദുല്ല മൗലവി, അബുല്‍ ജലാല്‍ മൗലവി പോലുള്ളവര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം ആരംഭിക്കുന്ന ഘട്ടത്തില്‍ കുറച്ചുപേരൊക്കെ അവരെ സഹായിക്കാനുണ്ടായിരുന്നുവെങ്കിലും, ആവശ്യമായ പിന്തുണയോ സഹകരണമോ മൊത്തം സമൂഹത്തില്‍ നിന്ന് ആദ്യമൊന്നും അവര്‍ക്ക് ലഭിച്ചിരുന്നില്ല. പക്ഷേ, പില്‍ക്കാലത്ത് അവസ്ഥകള്‍ ഏറെ അനുകൂലമാവുകയുണ്ടായി. ചരിത്രത്തിലെ നോവേറിയ നാളുകളില്‍ ചവിട്ടി നിന്നുകൊണ്ടാണല്ലോ വര്‍ത്തമാനത്തിന്റെ ഫലങ്ങള്‍ നാം അനുഭവിക്കേണ്ടത്.
(തുടരും)
7025786574
Comments