Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 23

3269

1444 സഫര് 27

നവോത്ഥാനത്തില്‍  സയ്യിദ് മൗദൂദിയുടെ ഇടം

കെ.ടി ഹുസൈന്‍  [email protected]

ഒരു സമൂഹം അതിന്റെ ചിന്താപരവും സാംസ്‌കാരികവുമായ ആലസ്യത്തിന് കൊടുക്കേണ്ടിവരുന്ന വിലയാണ് യഥാര്‍ഥത്തില്‍ കൊളോണിയല്‍ അധിനിവേശം. ഈ അധിനിവേശം ജനജീവിതത്തെ വല്ലാതെ ഞെരുക്കാന്‍  തുടങ്ങുമ്പോള്‍ തങ്ങളുടെ ആലസ്യം വിട്ടുണരാനുള്ള പ്രവണത ആ സമൂഹത്തിലെ മധ്യവര്‍ഗത്തില്‍ പ്രകടമാകും. അതാണ് കോളനി രാജ്യത്തെ ജനങ്ങളില്‍  പ്രബുദ്ധത ഉണ്ടാക്കുന്നത്. ഈ സാംസ്‌കാരിക പ്രബുദ്ധതയെ  രാഷ്ട്രീയോര്‍ജമാക്കി മാറ്റുമ്പോഴാണ് അധിനിവേശ വിരുദ്ധ സമരങ്ങള്‍ രൂപപ്പെടുന്നത്.
കൊളോണിയല്‍ അധിനിവേശം ഇന്ത്യന്‍ മുസ്ലിംകളുടെ മുമ്പില്‍ ഇരട്ട വെല്ലുവിളികളാണ് ഉയര്‍ത്തിയത്. ഒന്ന്, മുസ്ലിംകളുടെ രാഷ്ട്രീയാധികാരം നഷ്ടപ്പെട്ടതുതന്നെ. അതായത്, കൊളോണിയല്‍ ഭരണത്തിന് മുമ്പ് ഇന്ത്യയില്‍ രാഷ്ട്രീയാധികാരം മുസ്ലിംകള്‍ക്കായിരുന്നു. 1757-ല്‍ ബംഗാളില്‍ സിറാജുദ്ദൗലയുടെയും 1799-ല്‍ മൈസൂരില്‍ ടിപ്പുവിന്റെയും പരാജയമാണല്ലോ ഇന്ത്യയില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം സാധ്യമാക്കിയത്. സ്വാഭാവികമായും കൊളോണിയല്‍ ഭരണത്തിനെതിരെ ചെറുതും വലുതുമായ ചെറുത്തുനില്‍പ്പുകള്‍ രൂപപ്പെട്ടതും മുസ്ലിംകളില്‍ നിന്നുതന്നെയാണ്. അഹ്മദ് ശഹീദ് നേതൃത്വം നല്‍കിയ മുജാഹിദ് പ്രസ്ഥാനം, ബിഹാറിലെ സാദിഖ്പൂര്‍ കുടുംബം നയിച്ച ചെറുത്തുനില്‍പ്പുകള്‍, ബംഗാളിലെ ഫറാഇദീ പ്രസ്ഥാനം, മലബാറിലെ ഖിലാഫത്ത് സമരങ്ങള്‍, 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം തുടങ്ങിയവയെല്ലാം അതിന്റെ ഉദാഹരണങ്ങളായിരുന്നു.
ഈ ചെറുത്തുനില്‍പ്പുകള്‍ രാഷ്ട്രീയമായി പരാജയപ്പെട്ടെങ്കിലും ദൂരവ്യാപകമായ പല സദ്ഫലങ്ങളുമുണ്ടാക്കിയ ചില  തിരിച്ചറിവുകള്‍  അത് മുസ്ലിംകള്‍ക്ക് നല്‍കി. അവയിലൊന്ന്, സായുധമായ ചെറുത്തുനില്‍പുകള്‍കൊണ്ട് ബ്രിട്ടീഷ് കൊളോണിയല്‍  ഭരണത്തെ പോലുള്ള അതിശക്തമായ അധികാര രൂപത്തില്‍ നിന്ന് രാഷ്ട്രീയമോചനം നേടുക അസാധ്യമാണ് എന്നതാണ്. മുസ്ലിം സമുദായം എല്ലാം മറന്ന് കൊളോണിയല്‍ ഭരണത്തിനെതിരെ സമരം നടത്തിക്കൊണ്ടിരിക്കുമ്പോള്‍, അതിലൊന്നും ഭാഗഭാക്കാവാതെ കൊളോണിയല്‍ ഭരണത്തിന്റെ എല്ലാ പിന്തുണയോടും കൂടി ഹിന്ദു സമുദായത്തില്‍ നടന്നുകൊണ്ടിരുന്ന സാമൂഹിക- സാംസ്‌കാരിക നവോത്ഥാന പ്രവര്‍ത്തനങ്ങളായിരിക്കും ഇനി മുതല്‍ തങ്ങള്‍ക്ക് നേരിടാനുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്ന തിരിച്ചറിവാണ് രണ്ടാമത്തേത്. ഇന്ത്യ പോലുള്ള വിശാലമായ രാജ്യത്ത് സൈന്യത്തെ ഉപയോഗിച്ചുകൊണ്ട് കൊളോണിയല്‍ ഭരണം അധിക കാലം നിലനിര്‍ത്താനാവില്ലെന്നും സമീപ കാലത്ത് തന്നെ അധികാരം തദ്ദേശീയര്‍ക്ക് കൈമാറാന്‍ കൊളോണിയല്‍ ഭരണം നിര്‍ബന്ധിതമാകുമെന്നും ഈ നവോത്ഥാനത്തിന്റെ വക്താക്കള്‍ മനസ്സിലാക്കിയിരുന്നു. കൊളോണിയല്‍ ഭരണത്തിന് തന്നെ ഈ തിരിച്ചറിവുണ്ടായി. അതിനാല്‍, ചരിത്രപരമായും സാംസ്‌കാരികമായും തങ്ങള്‍ക്ക് ഒരിക്കലും വഴങ്ങാത്ത  മുസ്ലിംകളെ എല്ലാ നിലക്കും അടിച്ചമര്‍ത്തി തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് തുടര്‍ന്നും വഴങ്ങുന്ന പുതിയൊരു അധികാരി വര്‍ഗത്തെ തദ്ദേശീയരില്‍നിന്ന് ഉയര്‍ത്തിക്കൊണ്ടുവരികയെന്നത് കൊളോണിയല്‍ ഭരണത്തിന്റെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായിരുന്നു. ഹിന്ദു സമുദായത്തിനകത്ത് നടന്ന സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങളെ കൊളോണിയല്‍ ഭരണം പിന്തുണച്ചത് ഈ ദീര്‍ഘ കാല പദ്ധതിയുടെ കൂടി  ഭാഗമായിരുന്നു. എന്നാല്‍, ഭാവിയില്‍ ഇങ്ങനെ അധികാരം കൈമാറുന്നത് ഹിന്ദുക്കളിലെ പഴയ ഫ്യൂഡല്‍ രാജവംശങ്ങള്‍ക്കായിരിക്കില്ല എന്നും ഈ നവോത്ഥാനത്തിന്റെ വക്താക്കള്‍ തിരിച്ചറിഞ്ഞിരുന്നു. പുതിയ കാലത്ത് അതിന്റെ പ്രസക്തി നഷ്ടപ്പെട്ടതുതന്നെ കാരണം.
അതിനാല്‍, ഹിന്ദു സമുദായത്തിനകത്ത്  സാമൂഹിക-സാംസ്‌കാരിക നവോത്ഥാനത്തിലൂടെ ഉയര്‍ന്നുവന്ന പുതിയ മധ്യവര്‍ഗത്തിന്റെ വംശീയവും ജാതീയവും മതപരവുമായ മേല്‍ക്കോയ്മ ഭരണത്തില്‍ എന്നെന്നും നിലനില്‍ക്കണമെങ്കില്‍ പുതിയ ആശയങ്ങളും പദ്ധതികളും ആവശ്യമായിരുന്നു. അങ്ങനെയാണവര്‍ ജനാധിപത്യത്തെയും ദേശീയത്വത്തെയും കൊളോണിയല്‍ ആധുനികതയില്‍നിന്ന് തന്നെ പകര്‍ത്തിയെടുക്കുന്നത്. പ്രത്യക്ഷത്തില്‍ ആകര്‍ഷകവും മനോഹരവുമെന്ന് തോന്നിക്കുന്ന  ഈ രാഷ്ട്രീയ പദ്ധതികളാണ് യഥാര്‍ഥത്തില്‍ കൊളോണിയല്‍ ഭരണത്തെക്കാള്‍ വലിയ വെല്ലുവിളിയായി മുസ്ലിം സമുദായത്തിന് മുമ്പാകെ പൊടുന്നനെ ഉയര്‍ന്നുവന്നത്. കാരണം, മുസ്ലിംകള്‍ ദീര്‍ഘകാലം ഇവിടെ ഭരണം നടത്തിയിരുന്നുവെങ്കിലും അക്കാലത്തൊന്നും  ഭൂരിപക്ഷ-ന്യൂനപക്ഷ ചിന്ത അവരെ അലട്ടിയിരുന്നില്ല. കാരണം, മുസ്ലിം ഭരണകാലത്ത്  മുസ്ലിംകളെക്കൂടാതെ വ്യത്യസ്ത ആചാരങ്ങളും ജീവിത രിതികളും പിന്തുടരുന്ന എണ്ണമറ്റ ജനവിഭാഗങ്ങളും വംശങ്ങളും ഇന്ത്യയിലുണ്ടായിരുന്നുവെങ്കിലും അവരെല്ലാവരും  ഹിന്ദുമതം എന്ന ഒറ്റ കുടക്കീഴില്‍ ഏകീകരിക്കപ്പെട്ടിരുന്നില്ല.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ  മധ്യത്തോടെ ബ്രഹ്മ സമാജത്തിന്റെയും ആര്യ സമാജത്തിന്റെയുമൊക്കെ മുന്‍കൈയാല്‍ ശക്തിപ്പെട്ട സാമൂഹിക-സാംസ്‌കാരിക നവോത്ഥാനത്തോടെയാണ്, മുസ്ലിംകളും ക്രിസ്ത്യാനികളും ബൗദ്ധരും ഒഴികെയുള്ള എല്ലാ വംശീയ ജാതി വിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന ഹിന്ദു ഏകീകരണം ഇവിടെ ഉണ്ടായത്. അതോടുകൂടി മുസ്ലിംകള്‍ ന്യൂനപക്ഷമാവുകയും ഹിന്ദുവെന്ന ഒരു മൃഗീയ ഭൂരിപക്ഷം ഇവിടെ രൂപപ്പെടുകയും ചെയ്തു. പുതുതായുണ്ടാകുന്ന ഇന്ത്യന്‍ ദേശീയതയുടെ അടിത്തറ ഈ ഹിന്ദു മതമായിരിക്കുമെന്നും  അതില്‍ അധികാര പങ്കാളിത്തം  ഉറപ്പിക്കുന്നത് എണ്ണത്തെ ആശ്രയിക്കുന്ന ജനാധിപത്യമായിരിക്കുമെന്നുമുള്ള യാഥാര്‍ഥ്യമാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഒരു വെല്ലുവിളിയായി മുസ്ലിംകളുടെ മുമ്പാകെ ഉയര്‍ന്നുവന്നത്. മുസ്ലിംകളുടെ രാഷ്ട്രീയ നിലനില്‍പ്പിനെ മാത്രമല്ല, അവരുടെ മതപരവും സാംസ്‌കാരികവുമായ  വ്യക്തിത്വത്തിന്റെ  പരിരക്ഷയെപ്പോലും ബാധിക്കുന്നതായിരുന്നു ഈ വെല്ലുവിളി. കൊളോണിയലിസത്തെ അഭിമുഖീകരിച്ച മറ്റ് മുസ്ലിം രാജ്യങ്ങള്‍ക്കൊന്നും ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവന്നിരുന്നില്ല. കാരണം, അവിടങ്ങളിലെല്ലാം മുസ്ലിംകള്‍ ഭൂരിപക്ഷമായിരുന്നു.
അതിനാല്‍, കൊളോണിയലാനന്തരം മുസ്ലിംകളുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ നിലനില്‍പ്പ് അവരുടെ മുന്നില്‍ അത്ര വലിയൊരു വെല്ലുവിളിയായി ഉണ്ടായിരുന്നില്ല. കൊളോണിയല്‍ അവശിഷ്ടങ്ങള്‍ ഉണ്ടാക്കാനിടയുള്ള സാംസ്‌കാരിക പ്രതിസന്ധിയെ മാത്രം നേരിട്ടാല്‍ മതിയായിരുന്നു അവര്‍ക്ക്. അതേസമയം, ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് കൊളോണിയല്‍ അവശിഷ്ടങ്ങള്‍ ഉണ്ടാക്കുന്ന സാംസ്‌കാരിക പ്രതിസന്ധിയോടൊപ്പം ഹിന്ദുത്വ ദേശീയതയും തദടിസ്ഥാനത്തിലുള്ള ജനാധിപത്യവും ഉയര്‍ത്തുന്ന,  അവരുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ നിലനില്‍പ്പിനെ പോലും ബാധിക്കുന്ന വെല്ലുവിളിയെയും നേരിടേണ്ടതുണ്ടായിരുന്നു.
ഈ ഇരട്ട വെല്ലുവിളികളെ എങ്ങനെ നേരിടണമെന്ന  ചിന്തകളില്‍ നിന്നും  ആലോചനകളില്‍ നിന്നുമാണ്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇന്ത്യന്‍ മുസ്ലിംകളില്‍ ദൃശ്യമായ സാമൂഹികവും  സാംസ്‌കാരികവും  രാഷ്ട്രീയവുമായ പ്രബുദ്ധതകളെല്ലാം ഉരുത്തിരിഞ്ഞത്. ഈ പ്രബുദ്ധതയുടെ അടിത്തറ മുഗളാധിപത്യത്തിന്റെ തകര്‍ച്ചയുടെ ഘട്ടത്തില്‍ ഉദയം ചെയ്ത ഷാ വലിയ്യുല്ലാഹിദ്ദഹ്ലവി എന്ന മഹാ ധിഷണാശാലിയുടെ നവോത്ഥാന ചിന്തകളും, അതില്‍നിന്ന് ഊര്‍ജം സ്വീകരിച്ച് അഹ്മദ് ശഹീദും ഷാ ഇസ്മാഈല്‍ ശഹീദും രൂപം നല്‍കിയ, ഇന്ത്യയിലെ ആദ്യത്തെ ഇസ്ലാമിക പ്രസ്ഥാനമായ  തഹ്രീകെ മുജാഹിദീന്‍ (മുജാഹിദ് പ്രസ്ഥാനം) കൊളോണിയല്‍ ഭരണത്തിനെതിരെ നടത്തിയ സായുധ വിപ്ലവം പകര്‍ന്നുനല്‍കിയ രാഷ്ട്രീയ ഉണര്‍വുമായിരുന്നുവെങ്കിലും  ആ പ്രബുദ്ധത ഒരിക്കലും ഏകശിലാത്മകമായിരുന്നില്ല.
ഈ പ്രബുദ്ധത സൃഷ്ടിച്ചവരില്‍ നിലപാടിന്റെ പേരില്‍ പരസ്പരം പോരടിച്ചവര്‍ പോലുമുണ്ട്. ഉദാഹരണം, ഖാസിം നാനൂത്വവി അടിത്തറ പാകിയ ദയൂബന്ദ് പ്രസ്ഥാനവും സര്‍ സയ്യിദ് അഹ്മദ് ഖാന്‍ രൂപംനല്‍കിയ അലീഗഢ് പ്രസ്ഥാനവും. നിലപാടുകളില്‍ ഇത് രണ്ടും ഭിന്ന വിരുദ്ധങ്ങളായിരുന്നുവെങ്കിലും, അടിത്തറയും ലക്ഷ്യവും ഒന്നായിരുന്നു. ഷാ വലിയ്യുല്ലായുടെ നവോത്ഥാന ചിന്തകളും മുജാഹിദ് പ്രസ്ഥാനം പകര്‍ന്നു നല്‍കിയ രാഷ്ട്രീയ ഉണര്‍വുമായിരുന്നു രണ്ടിന്റെയും അടിത്തറയും പ്രചോദനവും. ലക്ഷ്യമാകട്ടെ കൊളോണിയലാനന്തരമുള്ള ഇന്ത്യന്‍ മുസ്ലിംകളുടെ രാഷ്ട്രീയവും  സാംസ്‌കാരികവുമായ  അതിജീവനവും.  കൊളോണിയലിസം ഒരു പ്രശ്നമാണെങ്കിലും കൊളോണിയല്‍ ഭരണം അവസാനിക്കുന്നതോടെ ഹിന്ദുത്വ ദേശീയതയായിരിക്കും ഇന്ത്യന്‍ മുസ്ലിംകളുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ നിലനില്‍പ്പിന് ഏറ്റവും വലിയ വെല്ലുവിളി എന്ന തിരിച്ചറിവാണ് സര്‍ സയ്യിദിനുണ്ടായിരുന്നത്. അതിനാല്‍ അദ്ദേഹം, ഹിന്ദുത്വ ദേശീയതയുടെ രാഷ്ട്രീയ രൂപമായിരുന്ന കോണ്‍ഗ്രസിനെ സംശയത്തോടെ കാണുകയും വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും മുസ്ലിംകള്‍ സ്വന്തം കാലില്‍  നില്‍ക്കണമെന്ന നിലപാട് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. എന്നാല്‍, കൊളോണിയലിസത്തെ മുഖ്യ പ്രശ്നമായി കണ്ട ദയൂബന്ദ് പ്രസ്ഥാനം  ഹിന്ദുത്വ ദേശീയത ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ മറികടക്കാന്‍ ഗാന്ധിജിയെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സൗമനസ്യം സഹായകമാകുമെന്ന കണക്കുകൂട്ടലില്‍ ദേശീയ പ്രസ്ഥാനത്തോട് ചേര്‍ന്നുനില്‍ക്കുകയാണ് ചെയ്തത്. പക്ഷേ, ആരുടെയെങ്കിലും സൗമനസ്യം കൊണ്ട് ഒരു ജനാധിപത്യ ഘടനയില്‍ ഭൂരിപക്ഷത്തെ മറികടക്കാനാവുകയില്ലെന്ന് ഇതിന്റെ വക്താക്കള്‍ക്ക് തിരിച്ചറിയാനായില്ല.
ഏതായാലും പില്‍ക്കാലത്ത് ഇന്ത്യന്‍ മുസ്ലിംകളുടെ രാഷ്ട്രീയ നേത്യത്വത്തിലേക്ക് ഉയര്‍ന്നുവന്ന മൗലാനാ അബുല്‍ കലാം ആസാദും മുഹമ്മദലി ജിന്നയും ഭിന്ന വിരുദ്ധങ്ങളായ ഈ രണ്ട് നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചവരായിരുന്നു. അലീ സഹോദരന്‍മാരില്‍ പെട്ട മൗലാനാ മുഹമ്മദലി തുടക്കത്തില്‍ ദയൂബന്ദ് ഉയര്‍ത്തിപ്പിടിച്ച നിലപാടിന്റെ വക്താവായിരുന്നുവെങ്കിലും അവസാന കാലത്ത് സര്‍ സയ്യിദിന്റെ നിലപാടിലേക്ക് മാറി. അല്ലാമാ ഇഖ്ബാല്‍ മതേതര ജനാധിപത്യത്തെയും ദേശീയത്വത്തെയും ദാര്‍ശനികമായി അഭിമുഖീകരിച്ചെങ്കിലും പ്രായോഗികമായി രണ്ടാമത്തെ നിലപാടിനൊപ്പമാണ് നിന്നത്. മുസ്ലിം ലീഗ് സമ്മേളനങ്ങളുടെ അധ്യക്ഷ പദവിയില്‍ ഇഖ്ബാലുണ്ടായിരുന്നല്ലോ.
ഈ പ്രബുദ്ധതയുടെ തന്നെ ഭാഗമായിരുന്ന അല്ലാമാ ശിബ്ലി നുഅ്മാനിയും സയ്യിദ് സുലൈമാന്‍ നദ്‌വിയും അവര്‍ നേതൃത്വം  നല്‍കിയ  നദ്വത്തുല്‍ ഉലമായും രാഷ്ട്രീയത്തില്‍ ഇടപെടാതെ, ഇസ്ലാമിക ചരിത്രത്തിലും സംസ്‌കാരത്തിലുമുള്ള മുസ്ലിംകളുടെ ആത്മവിശ്വാസം നിലനിര്‍ത്താനുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധയൂന്നിയത്. കൊളോണിയല്‍ പരിസരത്തായാലും ഹിന്ദുത്വ ദേശീയതയുടെ പരിസരത്തായാലും മുസ്ലിം സ്വത്വം പരിരക്ഷിക്കുന്നതില്‍ ഈ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പങ്ക് നിഷേധിക്കാനാവില്ല. ദയൂബന്ദ് പ്രസ്ഥാനം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയത്തിലും ശ്രദ്ധയൂന്നിയപ്പോള്‍ അതേ ചിന്താധാരയുടെ വക്താവായ മൗലാനാ മുഹമ്മദ് ഇല്യാസ് രൂപം നല്‍കിയ തബ്ലീഗ് ജമാഅത്ത്, രാഷ്ട്രീയേതരമായി മുസ്ലിം ജനസാമാന്യത്തിന്റെ  മതപരവും ധാര്‍മികവുമായ ശാക്തീകരണമാണ് ലക്ഷ്യം വെച്ചത്. മതം ഒളിപ്പിച്ചുവെച്ച ഹിന്ദുത്വ ദേശീയതയുടെ സ്വാംശീകരണത്തില്‍ നിന്ന് മുസ്ലിം ജനസാമാന്യത്തെ വലിയൊരളവോളം രക്ഷിച്ചെടുക്കാന്‍ തബ്ലീഗ് ജമാഅത്തിന് സാധിച്ചുവെന്നത് ചരിത്രമാണ്.
ധൈഷണിക രംഗത്തും ആക്ടിവിസത്തിന്റെ മേഖലയിലും ലോക ഇസ്ലാമിനെ  തന്നെ ഇന്ത്യയിലെ ഇസ്ലാം  മറികടക്കുംവിധം 19,20  നൂറ്റാണ്ടുകളില്‍ ഇന്ത്യയില്‍ സാമൂഹിക നവോത്ഥാനവും പ്രബുദ്ധതയും സൃഷ്ടിച്ച ചില പ്രധാന മുസ്ലിം വ്യക്തികളെയും പ്രസ്ഥാനങ്ങളെയുമാണ് മുകളില്‍  സൂചിപ്പിച്ചത്. രാഷ്ട്രീയവും സാമൂഹികവുമായ ഏതൊരു നവോത്ഥാന ദാര്‍ശനിക പരിസരത്ത് നിന്നാണോ ഈ പ്രബുദ്ധത ഉയിരെടുത്തത്, അതേ സാമൂഹികവും  രാഷ്ട്രീയവുമായ നവോത്ഥാന പരിസരം തന്നെയാണ് ഇതേ പ്രബുദ്ധതയുടെ മറ്റൊരു പ്രധാന വക്താവായ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയെയും രൂപപ്പെടുത്തിയത്. അതായത്, ഷാ വലിയ്യുല്ലായുടെ നവോത്ഥാന ചിന്തകളും അഹ്മദ് ശഹീദിന്റെ കൊളോണിയല്‍ വിരുദ്ധ ചെറുത്തുനില്‍പ്പുകള്‍ സൃഷ്ടിച്ച രാഷ്ട്രീയ ഉണര്‍വും. മറ്റൊരു വിധം പറഞ്ഞാല്‍, വലിയ്യുല്ലാ ചിന്തകളെ അടിത്തറയാക്കി ദയൂബന്ദ് പ്രസ്ഥാനവും അലീഗഢ് പ്രസ്ഥാനവും നദ്വത്തുല്‍ ഉലമായും തബ്ലീഗ് ജമാഅത്തും ഇന്ത്യന്‍ മുസ്ലിംകളില്‍ സൃഷ്ടിച്ച സാമൂഹിക നവോത്ഥാനത്തിന്റെ തുടര്‍ച്ചയും വികാസവുമാണ് സയ്യിദ് മൗദൂദിയുടെ നവോത്ഥാന ചിന്തകളും ആക്ടിവിസവും.
മറ്റെല്ലാ നവോത്ഥാന സംരംഭങ്ങളും വ്യക്തികളും വലിയ്യുല്ലാ ചിന്തകളെ ഭാഗികമായി ആവിഷ്‌കരിച്ചപ്പോള്‍ സയ്യിദ് മൗദൂദി താന്‍ ജീവിച്ച സാഹചര്യത്തില്‍ അതിനെ സമ്പൂര്‍ണമായി ആവിഷ്‌കരിക്കുകയായിരുന്നുവെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. കൊളോണിയലാനന്തരം അധികാരമുറപ്പിക്കാന്‍ പോകുന്ന ഹിന്ദു ദേശീയതയെയും, അതിന്റെ വംശീയ മേല്‍ക്കോയ്മ ഭരണത്തില്‍ എന്നെന്നും നിലനിര്‍ത്താനായി അത് ഉപകരണമാക്കാന്‍ പോകുന്ന മതേതര ജനാധിപത്യത്തെയും പ്രശ്നവല്‍ക്കരിച്ച്  അതിന് താല്‍ക്കാലികവും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള ബദല്‍ നിര്‍ദേശിച്ചുകൊണ്ടല്ലാതെ,  കൊളോണിയലാനന്തരം ഇന്ത്യന്‍ മുസ്ലിംകളുടെ മതപരവും രാഷ്ട്രീയവും സാംസ്‌കാരികവുമായ സ്വത്വം സംരക്ഷിക്കപ്പെടുകയില്ല എന്ന തിരിച്ചറിവാണ് സയ്യിദ് മൗദൂദിയെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. കോണ്‍ഗ്രസിലെ ചിലരുടെ സൗമനസ്യത്തില്‍ മാത്രം വിശ്വാസമര്‍പ്പിച്ച ദയൂബന്ദ് പ്രസ്ഥാനത്തിന് സ്വാതന്ത്ര്യാനന്തരം ഹിന്ദു ദേശീയതക്ക് വരാന്‍പോകുന്ന രൂപമാറ്റത്തെക്കുറിച്ച് ചിന്തിക്കാനായില്ല. എന്തിനധികം, 1905-ലെ ബംഗാള്‍ വിഭജനത്തിലും  1937-ലെ പ്രവിശ്യാ തെരഞ്ഞെടുപ്പിലും  കോണ്‍ഗ്രസ് കൈക്കൊണ്ട പച്ചയായ മുസ്ലിം വിരുദ്ധ നിലപാട് പോലും അവരുടെ കണ്ണ് തുറപ്പിച്ചില്ല. കോണ്‍ഗ്രസിലെ നേതാക്കളും അണികളുമെല്ലാം മുസ്ലിം വിരുദ്ധരായതുകൊണ്ടല്ല ഈ നിലപാട് അവരില്‍നിന്നുണ്ടായത്. മറിച്ച്, അവര്‍ ഉയര്‍ത്തിപ്പിടിച്ച ഹിന്ദുദേശീയതയുടെ പ്രശ്നമാണത്. കൊളോണിയല്‍ അടിച്ചമര്‍ത്തല്‍ മൂലം വികസനപരമായി പിന്നാക്കം തള്ളപ്പെട്ട പൂര്‍വ ബംഗാളിനും അവിടത്തെ മുസ്ലിംകള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന 1905-ലെ കഴ്സണ്‍ പ്രഭുവിന്റെ  ബംഗാള്‍ വിഭജനത്തെ കോണ്‍ഗ്രസ് ചെറുത്തുതോല്‍പിച്ചത് കോണ്‍ഗ്രസിലെ ഏറ്റവും വലിയ മുസ്ലിം നേതാവായ മൗലാനാ അബുല്‍ കലാം ആസാദിനെ മുമ്പില്‍ നിര്‍ത്തിയായിരുന്നുവെന്നതാണ് ഏറെ വിരോധാഭാസം. ആര്യാടന്‍ മുഹമ്മദിനെ മുന്നില്‍ നിര്‍ത്തി കെ. കേളപ്പന്‍ മലപ്പുറം ജില്ലാ രൂപവത്കരണത്തിനെതിരെ സമരം നയിച്ചതിനെ ഓര്‍മിപ്പിക്കുന്നില്ലേ ഇത്!
ഹിന്ദു ദേശീയതയുടെ അപകടം അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ട മുസ്ലിം ലീഗാകട്ടെ, ഇന്ത്യയുടെ അകത്തുനിന്നുകൊണ്ട് സമാന മനസ്‌കരുമായി ഐക്യപ്പെട്ട് അതിനെതിരായ ദീര്‍ഘകാല പോരാട്ടത്തിന് തയാറാകാതെ, കൂടെയുള്ള നവാബുമാരുടെ രാഷ്ട്രീയ മോഹത്തെ പെട്ടെന്ന് തന്നെ തൃപ്തി പ്പെടുത്താനുതകുന്ന ദ്വിരാഷ്ട്ര പദ്ധതിയിലേക്കാണ് ആകര്‍ഷിക്കപ്പെട്ടത്. ഇന്ത്യയില്‍ അവശേഷിച്ച മുസ്ലിംകളെ അത് കൂടുതല്‍ അരക്ഷിതമാക്കിയെന്നത് ചരിത്രം.
എന്നാല്‍ സയ്യിദ് മൗദൂദി,  ഹിന്ദു ദേശീയത മതേതര ജനാധിപത്യത്തെ അധികാര ലബ്ധിക്ക് ഉപയോഗപ്പെടുത്തുമ്പോള്‍ അതില്‍ മുസ്ലിം ന്യൂനപക്ഷം എപ്രകാരം അധികാര സ്ഥാനങ്ങളില്‍നിന്ന് പിന്തള്ളപ്പെടുമെന്നും മുസ്ലിം രാജ്യങ്ങളില്‍  അധികാരലബ്ധിക്ക് ഉപയോഗിക്കുന്ന മതേതര ജനാധിപത്യം ഇസ്ലാമിനെ എപ്രകാരം സാമൂഹിക മണ്ഡലങ്ങളില്‍നിന്ന് നിഷ്‌കാസനം ചെയ്യുമെന്നും വ്യക്തമാക്കിക്കൊണ്ടാണ് തന്റെ ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ഈ നിര്‍ദേശങ്ങളില്‍ ചിലത് താത്ത്വികമാണെങ്കില്‍ ചിലത് പ്രായോഗികമായിരുന്നു. താത്ത്വികമായത് മനുഷ്യത്വത്തിലും ദൈവിക പരമാധികാരത്തിന് കീഴിലെ ജനപ്രാതിനിധ്യത്തിലും അധിഷ്ഠിതമായ ഒരു സാമൂഹിക രാഷ്ട്രീയ ക്രമമായി ഇസ്ലാമിനെ അവതരിപ്പിച്ചതാണ്. ഇത് മുസ്ലിം രാജ്യങ്ങളിലെ ജനാധിപത്യം, മതവിരുദ്ധ മതേതരമാകുന്നതിനെയും  സങ്കുചിത വംശീയതക്ക് കീഴടങ്ങുന്നതിനെയും തടയുന്നു. മുസ്ലിം രാജ്യങ്ങളിലെ മതം ഇസ്ലാമാണെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ അവയൊന്നും ഒറ്റ വംശം മാത്രമുള്ള രാജ്യങ്ങളല്ല. അറബികളും  തുര്‍ക്കികളും പേര്‍ഷ്യക്കാരും അഫ്ഗാനികളും കുര്‍ദുകളും തുടങ്ങി അനേകം വംശങ്ങള്‍ എല്ലാ മുസ്ലിം രാജ്യങ്ങളിലുമുണ്ട്. അവരെയെല്ലാം ഒന്നിപ്പിക്കുന്ന ഒരേയൊരു ഘടകം ഇസ്ലാം മാത്രമാണ്. അതിനാല്‍, വംശീയത അടിസ്ഥാനമായ ദേശീയത ഏതെങ്കിലും രാജ്യത്തിന്റെ  അടിത്തറയായാല്‍ അവിടത്തെ പ്രബല വംശം ഒഴികെ മറ്റെല്ലാ വംശങ്ങളും അപരവല്‍ക്കരിക്കപ്പെടും. ഇസ്ലാമിക ഖിലാഫത്തിനെ തകര്‍ത്തത് ഈ വംശീയത അടിത്തറയായ ദേശീയതയുടെ വളര്‍ച്ചയായിരുന്നുവെന്നത് സുവിദിതമാണ്. മൗദൂദിയുടെ നവോത്ഥാനത്തിന്റെ ഏറ്റവും വലിയ അടിത്തറയായ 'ഹാകിമിയ്യത്ത് സിദ്ധാന്തം' അദ്ദേഹം വികസിപ്പിച്ചത് മുസ്ലിം രാജ്യങ്ങളിലെ വംശീയ ബഹുസ്വരത നിലനിര്‍ത്തിക്കൊണ്ട് തന്നെ അവിടത്തെ ജനാധിപത്യം മതവിരുദ്ധമാകുന്നത് തടയാന്‍ വേണ്ടിയാണ്.
ഈ രാഷ്ട്രീയം തിരിയാത്തവര്‍ക്ക്, അവരെത്ര വലിയ മതപണ്ഡിതരായാലും, ഹാകിമിയ്യത്തിന്റെ പ്രാധാന്യം മനസ്സിലാവുകയില്ല. അല്‍മുസ്വ്ത്വലഹാതുല്‍ അര്‍ബഅയില്‍ അദ്ദേഹം വിശദീകരിക്കുന്ന ഹാകിമിയ്യത്ത്, ഒരിക്കലും ഇസ്ലാമിക ചിന്താപാരമ്പര്യത്തില്‍  പല ബുദ്ധിജീവികളുടെയും  ധാരാളം സമയവും അധ്വാനവും വെറുതെ പാഴാക്കിയ കേവലമായ ഇല്‍മുല്‍ കലാം അഥവാ ദൈവശാസ്ത്ര ചര്‍ച്ചയല്ല. മറിച്ച്, ഇസ്ലാമിക സാമൂഹികതയുടെ സൈദ്ധാന്തിക അടിത്തറയാണത്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലും ന്യൂനപക്ഷ രാജ്യങ്ങളിലും സാമൂഹിക-രാഷ്ട്രീയ പ്രക്രിയകളില്‍, അതത് നാടുകളിലെ സാഹചര്യങ്ങള്‍ക്കനുസൃതമായി ഇസ്ലാമിന്റെ സാമൂഹിക കര്‍തൃത്വത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയ/നല്‍കിക്കൊണ്ടിരിക്കുന്ന  ഒരു സിദ്ധാന്തമാണത്. ഇസ്ലാമിനെ ഒരു മതമായി മാത്രം കാണാന്‍  പരിശീലിച്ചവര്‍ക്ക് അതിന്റെ പ്രാധാന്യം മനസ്സിലാകാതെ പോയതില്‍ അദ്ഭുതമില്ല. ഒരുപക്ഷേ, ദൈവശാസ്ത്രത്തെ  സാമൂഹികമായി വിശദീകരിച്ച ആദ്യത്തെ മത പണ്ഡിതനായിരിക്കും മൗദൂദി.
മൗദൂദി ദാര്‍ശനികമായി നേരിട്ട കൊളോണിയല്‍ ആധുനികത സാമൂഹിക-സാംസ്‌കാരിക രാഷ്ട്രീയ മാനങ്ങളുള്ള സമഗ്രമായ അധീശ പ്രത്യയശാസ്ത്രമായതുകൊണ്ടാണ് അതിനെ അതേ അളവില്‍ നേരിടാന്‍ ഹാകിമിയ്യത്ത്  എന്ന ഒരു പരികല്‍പ്പന  മൗദൂദിക്ക് വികസിപ്പിക്കേണ്ടിവന്നത്. ഈ വിഷയത്തില്‍ മൗദൂദിക്ക് സാമ്യത ഗ്രീക്ക് ഫിലോസഫിയെ നേരിട്ട ഇമാം ഗസാലിയോടാണ്. എന്നാല്‍, ഗസാലി നേരിട്ട ഗ്രീക്ക് ഫിലോസഫിയുടെ ബൗദ്ധികമായ മികവ് അപ്പോഴും നഷ്ടപ്പെട്ടിരുന്നില്ലെങ്കിലും  അദ്ദേഹം ജീവിച്ച കാലത്ത് അത് രാഷ്ട്രീയാധികാരമുള്ള അധീശ പ്രത്യയശാസ്ത്രമായിരുന്നില്ല. എത്രയോ കാലമായി അത് റോമന്‍ സൈനിക മുഷ്‌ക്കിന് മുന്നില്‍ ഞെരിഞ്ഞമരുകയായിരുന്നു. റോമക്കാരാകട്ടെ, തങ്ങളുടെ പ്രാകൃത ആചാരങ്ങളും വിശ്വാസങ്ങളും കൂട്ടിച്ചേര്‍ത്ത് ഗ്രീക്കുകാരുടെ തെളിഞ്ഞ യുക്തിചിന്തയുടെ ബൗദ്ധിക ഔന്നത്യത്തിന് വലിയ അളവില്‍  പോറലുമേല്‍പ്പിച്ചിരുന്നു. പില്‍ക്കാലത്ത് റോമ, ക്രിസ്തുമതത്തിലേക്ക്  പരിവര്‍ത്തനം ചെയ്തതോടെ ക്രിസ്തീയ ദൈവ ശാസ്ത്രവും റോമിന്റെ പ്രാകൃത വിശ്വാസവും ചേര്‍ന്ന് ഗ്രീക്ക് ഫിലോസഫിയുടെ മൗലികതയെ വീണ്ടും ചോര്‍ത്തിക്കളഞ്ഞു. ഗ്രീക്കിന്റെയും റോമിന്റെയും ക്രിസ്തുമതത്തിന്റെയും  പാരമ്പര്യം ഒരേ സമയം കൈയിലേന്തിയ റോമന്‍ ഭരണകൂടത്തിന്റെ രാഷ്ട്രീയ സ്വാധീനം മധ്യപൗരസ്ത്യ നാടുകളില്‍ ഇസ്ലാമിന്റെ ദ്വിഗ്വിജയത്തിന് മുന്നില്‍ ഏറക്കുറെ അടിയറവ് പറഞ്ഞുകഴിഞ്ഞ രാഷ്ട്രീയ സന്ദര്‍ഭത്തിലാണ് ഗ്രീക്ക് ഫിലോസഫി മുസ്ലിം നാടുകളെ ബൗദ്ധികമായി സ്വാധീനിക്കുന്നത്. രാഷ്ട്രീയാധികാരമില്ലാത്തവരുടെ ചിന്തകള്‍ എത്ര ഉന്നതമാണെങ്കിലും അത് ഭരണവര്‍ഗത്തെ സ്വാധീനിക്കുന്നതിന് ഒരു പരിധിയുണ്ട്. ഇനി, ഭരണവര്‍ഗത്തെ സ്വാധീനിച്ചാല്‍ പോലും പൊതുബോധത്തെ കൂട്ടുപിടിച്ച് അതിനെ നേരിടുക താരതമ്യേന എളുപ്പമായിരിക്കും. ഗസാലിയും അദ്ദേഹത്തിന് മുമ്പ് അതിനെ നേരിട്ട അബുല്‍ ഹസന്‍ അല്‍ അശ്അരിയും ഇമാം അഹ്മദുബ്നു ഹമ്പലുമൊക്കെ ചെയ്തത് അതാണ്. ഇസ്ലാമിക ലോകത്തെ പൊതുബോധം അവരുടെ കൂടെയായിരുന്നുവെന്ന് ചുരുക്കം.
എന്നാല്‍, പാശ്ചാത്യ ആധുനികത  ഇസ്ലാം അടക്കമുള്ള എല്ലാ പൗരസ്ത്യന്‍ നാഗരികതകളുടെയും മേല്‍ രാഷ്ട്രീയ  മേല്‍ക്കോയ്മ സ്ഥാപിച്ചു കൊണ്ടാണ് അവരുടെ മേല്‍ ബൗദ്ധിക മേധാവിത്വം കൂടി സ്ഥാപിച്ചെടുത്തത്. അതിനാല്‍, പൗരസ്ത്യ നാടുകളിലെ പൊതുബോധം തന്നെ വലിയ അളവില്‍ പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇതിനെയാണ് മൗദൂദിക്ക് നേരിടാനുണ്ടായിരുന്നത്. ഇസ്ലാമിന്റെ സാമൂഹികത സ്ഥാപിക്കാന്‍ അദ്ദേഹത്തിന് ഹാകിമിയ്യത്ത് സിദ്ധാന്തം ആവശ്യമായി വന്നതും അതുകൊണ്ടാണ്.
ഇസ്ലാമിന്റെ സാമൂഹിക-രാഷ്ട്രീയ ക്രമം ഉയര്‍ത്തിപ്പിടിക്കുമ്പോഴും പുതിയ കാലത്ത് അത് ജനാധിപത്യത്തിലൂടെ മാത്രമേ സ്ഥാപിക്കപ്പെടാവൂ എന്നും മൗദൂദിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കാരണം, കൊളോണിയലിസത്തില്‍നിന്ന് മോചനം നേടിയ രാജ്യങ്ങളിലെ ഭരണമാറ്റത്തിന് സായുധമായ ബല പ്രയോഗം പാടില്ലെന്നത് മൗദൂദിയെ സംബന്ധിച്ചേടത്തോളം ഒരു തത്ത്വം തന്നെയായിരുന്നു. അതിനാല്‍,  തന്റെ സ്വപ്‌നത്തിലുള്ള ജനാധിപത്യപരമായ ഇസ്ലാമിക രാഷ്ട്രീയ ക്രമം വിശദീകരിക്കാനുള്ള ഉറച്ച  അടിത്തറ അദ്ദേഹത്തിന് ഇസ്ലാമിക ചരിത്രത്തില്‍നിന്ന് തന്നെ കണ്ടെടുക്കണമായിരുന്നു.
പക്ഷേ, അദ്ദേഹത്തിന് മുമ്പില്‍ പരന്നുകിടക്കുന്ന ഇസ്ലാമിക ചരിത്രമെന്ന് പറയുന്നത് ജനാധിപത്യത്തിന്റെ എല്ലാ മൂല്യങ്ങളെയും കാറ്റില്‍പ്പറത്തിയ രാജവാഴ്ചയുടേതാണ്. അതുകൊണ്ടാണ് ജനാധിപത്യത്തിന്റെ എല്ലാ മൂല്യങ്ങളെയും പൂര്‍ണാര്‍ഥത്തില്‍ പ്രകാശിപ്പിച്ച ഖിലാഫത്തുര്‍റാശിദയെ ഒരു റോള്‍ മോഡലായി എടുത്തുകൊണ്ട്, ഈ റോള്‍ മോഡലിനെ രാജവാഴ്ചയിലേക്ക് അധഃപതിപ്പിച്ചതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍, ആദ്യകാല ഇസ്ലാമിനെ സത്യസന്ധമായി നിരൂപണം ചെയ്യുകയെന്ന ധീരമായ സാഹസത്തിന് അദ്ദേഹം തുനിഞ്ഞത്. ഇസ്ലാമിക ചരിത്രത്തെ, പ്രത്യേകിച്ചും ആദ്യകാല ഇസ്ലാമിനെ ഭക്തിയോടെ മാത്രം സമീപിക്കുന്നവര്‍ക്ക് ഈ ചരിത്ര നിരൂപണം ദഹിക്കുകയില്ലെങ്കിലും മൗദൂദിയുടെ നവോത്ഥാനത്തിന് ഈ ചരിത്ര നിരൂപണം ഒഴിച്ചുകൂടാനാവാത്തതാണ്. കാരണം, അദ്ദേഹം സംസാരിച്ചത് മുസ്ലിംകളോട് മാത്രമല്ല; ഇസ്ലാമിക ഭരണക്രമത്തെക്കുറിച്ച്  ഇസ്ലാമിക ചരിത്രത്തില്‍നിന്ന് തന്നെ ന്യായമായ പല സംശയങ്ങളും തെറ്റിദ്ധാരണകളും ഉണ്ടായിട്ടുള്ള മുസ്ലിംകളല്ലാത്തവരോട് കൂടിയാണ്. നാഗരികതക്കും സംസ്‌കാരത്തിനും വിലമതിക്കാനാവാത്ത പല സംഭാവനകളും രാജവാഴ്ചക്കാലത്തെ ഇസ്ലാമും നല്‍കിയിട്ടുണ്ട് എന്ന വസ്തുത അംഗീകരിച്ചുകൊണ്ട് തന്നെ ഇസ്ലാമിക ഭരണത്തിന്റെ യഥാര്‍ഥ മാതൃക ജനാധിപത്യമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച ഖിലാഫത്തുര്‍റാശിദ മാത്രമാണെന്ന് മൗദൂദിക്ക് അവരോട് പറയണമായിരുന്നു. അതിനാല്‍, മൗദൂദിയുടെ ഇസ്ലാമിക നവോത്ഥാനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരടിത്തറയാണ് ഈ ചരിത്ര നിരൂപണം. അതിനെ സംശയിക്കുന്നവര്‍ക്ക് മൗദൂദിയുടെ നവോത്ഥാനത്തെ പൂര്‍ണമായി മനസ്സിലായിട്ടില്ലെന്നേ പറയാനാവൂ. അത് മൗദൂദിയുടെ പ്രശ്നമല്ല, അവരുടെ പരിമിതിയാണ്.
മൗദൂദിയുടെ ബദല്‍ അവതരണത്തിന്റെ താത്ത്വിക വശങ്ങളെക്കുറിച്ചാണ് ഇതുവരെ പറഞ്ഞത്. ഇനി പറയുന്നത് പ്രായോഗികമായ ബദല്‍ നിര്‍ദേശങ്ങളെക്കുറിച്ചാണ്. കൊളോണിയല്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊള്ളുമ്പോഴാണ് മൗദൂദിയുടെ ചിന്തകള്‍ രൂപപ്പെടുന്നതും അദ്ദേഹത്തിന്റെ പ്രസ്ഥാനം പിറവിയെടുക്കുന്നതും. ഈ സ്വാതന്ത്ര്യ സമരത്തിന്റെ അടിത്തറയാകട്ടെ നേരത്തെ സൂചിപ്പിച്ച ഹിന്ദു ദേശീയതയും തദടിസ്ഥാനത്തിലുള്ള മതേതര ജനാധിപത്യവും. ഈ വ്യവസ്ഥയില്‍ മുസ്ലിംകളുടെ അധികാര പങ്കാളിത്തം അസാധ്യമാണെന്ന് തിരിച്ചറിഞ്ഞവരുടെ നേതൃത്വത്തില്‍ സാമുദായിക രാഷ്ട്രീയവും ശക്തിപ്പെട്ടുകൊണ്ടിരുന്ന സാഹചര്യവുമായിരുന്നു അത്. കോണ്‍ഗ്രസിന്റെ ഹിന്ദു ദേശീയതക്കകത്ത് തന്നെ മുസ്ലിംകള്‍ക്ക് സൂചി കുത്താന്‍ പോലും ഇടം അനുവദിക്കാത്ത തീവ്ര ഹിന്ദുത്വം പിടിമുറുക്കിയതും, ലീഗുമായി ചേര്‍ന്ന് അധികാര പങ്കാളിത്തത്തിന് കരാറുണ്ടാക്കിയ ശേഷം കോണ്‍ഗ്രസ് ഏകപക്ഷീയമായി അത് റദ്ദ് ചെയ്തതും മുസ്ലിം ലീഗില്‍ ചേക്കേറിയ പഴയ നവാബുമാരുടെ അധികാര മോഹവും എല്ലാ ചേര്‍ന്ന് ഈ സാമുദായിക രാഷ്ട്രീയം ദ്വിരാഷ്ട്ര വാദത്തിലേക്ക് വഴിമാറാനുള്ള പ്രവണതയും സാമുദായിക രാഷ്ട്രീയത്തിനകത്ത് പ്രകടമായിക്കൊണ്ടിരുന്നു. ഈ സാഹചര്യത്തില്‍ ഹിന്ദു ദേശീയതയെയും സാമുദായികതയെയും കുറിച്ച വിമര്‍ശനം മാത്രം മതിയാകുമായിരുന്നില്ല. മറിച്ച്, അത് സൃഷ്ടിക്കുന്ന പ്രതിസന്ധിയെ മറികടക്കാന്‍ താല്‍ക്കാലികാടിസ്ഥാനത്തിലും ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ളതുമായ ബദല്‍ പദ്ധതികള്‍ ആവശ്യമായിരുന്നു.
എല്ലാ മത-ജാതി വിഭാഗങ്ങളുടെയും സാംസ്‌കാരിക സ്വയം നിര്‍ണയാവകാശം ഉറപ്പുവരുത്തുന്ന ഒരു കോണ്‍ഫെഡറേഷനായി ഇന്ത്യ പരിവര്‍ത്തിക്കപ്പെടുകയെന്നതായിരുന്നു, ഹിന്ദു ദേശീയതയെ അടിസ്ഥാനമാക്കിയുള്ള  ശക്തമായ കേന്ദ്രം എന്ന  കോണ്‍ഗ്രസ് നിലപാടിനും സ്വതന്ത്ര മുസ്ലിം രാജ്യം എന്ന മുസ്ലിം ലീഗ് നിലപാടിനും ബദലായി മൗദൂദി മുന്നോട്ടുവെച്ച താല്‍ക്കാലികമായ ബദല്‍ നിര്‍ദേശം. പക്ഷേ, ഈ നിര്‍ദേശം തള്ളപ്പെടുകയും കോണ്‍ഗ്രസും മുസ്‌ലിം ലീഗും തങ്ങളുടെ നിലപാട് കര്‍ക്കശമാക്കുകയും ചെയ്തതോടെ കൊളോണിയല്‍ ഇന്ത്യ രണ്ട് സ്വതന്ത്ര പരമാധികാര രാജ്യങ്ങളായി വിഭജിക്കപ്പെടുമെന്ന യാഥാര്‍ഥ്യ ബോധം മറ്റെല്ലാവര്‍ക്കുമെന്ന പോലെ മൗദൂദിക്കുമുണ്ടായി. ആ നിര്‍ണായക ഘട്ടത്തിലും സ്വാതന്ത്ര്യാനന്തരം രണ്ട് രാജ്യങ്ങളിലായി ചിതറിപ്പോകുന്ന, താന്‍ രൂപം നല്‍കിയ പ്രസ്ഥാനത്തിന് വ്യതിരിക്തമായ രണ്ട് പ്രവര്‍ത്തന പദ്ധതികള്‍ നിര്‍ദേശിക്കാനും മൗദൂദിക്ക് സാധിച്ചു. ഇസ്ലാമിന്റെ പേരില്‍ വിലപേശി നേടിയെടുത്ത പാകിസ്താന്റെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തില്‍ ഇസ്ലാം അന്യവല്‍ക്കരിക്കപ്പെടാതിരിക്കാനുള്ള ജനാധിപത്യ പ്രക്ഷോഭം ശക്തിപ്പെടുത്താനുള്ള പദ്ധതികളാണ് അദ്ദേഹം വരാന്‍പോകുന്ന പാക് ജമാഅത്തിന് മുമ്പില്‍ വെച്ചത്. ഇന്ത്യന്‍ യൂനിയനില്‍ അവശേഷിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ മുമ്പില്‍ രാജ്യ നിവാസികള്‍ക്ക് ഇസ്ലാമിനെ നിശ്ശബ്ദം പ്രബോധനം ചെയ്യാനുള്ള പ്രവര്‍ത്തന പദ്ധതികളും അദ്ദേഹം മുന്നോട്ടുവെച്ചു. ഈ പ്രബോധനം തുടരുമ്പോഴും സ്വതന്ത്രാനന്തര ഇന്ത്യയുടെ അടിത്തറയാകുന്ന ഹിന്ദു ദേശീയതയെ ആന്തരികമായി ദുര്‍ബലമാക്കുന്ന ഹിന്ദുമതത്തിലെ ജാതീയമായ വൈരുധ്യത്തില്‍ കണ്ണ്‌വെക്കണമെന്ന് നിര്‍ദേശിച്ചതിലൂടെ മൗദൂദി മുന്നോട്ടുവെച്ച പ്രബോധനമെന്ന കര്‍മപദ്ധതി ശക്തമായ രാഷ്ട്രീയ ഉള്ളടക്കം കൂടിയുള്ളതായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.
മൗദൂദി അദ്ദേഹത്തിന്റെ പല സമകാലികരെയും പോലെ കേവല മതപണ്ഡിതനോ കേവല രാഷ്ട്രീയക്കാരനോ ആയിരുന്നില്ല. മറിച്ച്, വിപ്ലവകരമായ മാറ്റം സ്വപ്‌നം കാണുകയും അതിനായി പ്രായോഗിക പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്ത സാമൂഹിക ചിന്തകനും ആക്ടിവിസ്റ്റും കൂടിയായിരുന്നുവെന്ന്  പറയുന്നത് അതുകൊണ്ടാണ്. കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിലും ഇസ്ലാമിക ചിന്തയെയും ആക്റ്റിവിസത്തെയും മൗദൂദിയോളം സ്വാധീനിച്ച  മറ്റൊരാളില്ല എന്ന് പറയേണ്ടിവരുന്നതും അതുകൊണ്ടുതന്നെ.  
 90379 48840
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-16-18
ടി.കെ ഉബൈദ്‌