ലോകായുക്തയും പഴയ ഗീര്‍വാണങ്ങളും
പ്രതിവിചാരം /
''പൊതുസമൂഹത്തിന്റെ ശുദ്ധിയും ജനങ്ങളുടെ ആശ്വാസവും മുന്‍നിര്‍ത്തി നിരവധി ഇടപെടലുകള്‍ നടത്താന്‍ കേരള ലോകായുക്തക്ക് കഴിഞ്ഞിട്ടുണ്ട്. പൊതുജീവിത ശുദ്ധിയും നിയമപാണ്ഡിത്യവുമുള്ള പ്രഗത്ഭമതികളാണ് ലോകായുക്തയെ നയിച്ചിട്ടുള്ളത്; ഇപ്പോള്‍ നയിച്ചുകൊണ്ടിരിക്കുന്നത്. ഓംബുഡ്സ്മാനെക്കുറിച്ച് സാധാരണ പറയാറുള്ള ഒരു വിശേഷണം 'കുരയ്ക്കാന്‍ മാത്രം കഴിയുന്ന, എന്നാല്‍ കടിക്കാന്‍ കഴിയാത്ത, ഒരു കാവല്‍നായ' എന്നതാണ്. എന്നാല്‍, ആവശ്യമെന്നു കണ്ടാല്‍ കടിക്കാനും കഴിയുന്ന ഒരു സംവിധാനമാണ് നമ്മുടെ ലോകായുക്ത'' (അഴിമതിക്കെതിരായ രാഷ്ട്രീയ ഇഛാശക്തി - പിണറായി വിജയന്‍- ചിന്ത 16 ഡിസംബര്‍ 2019).
രണ്ടാമൂഴത്തിന് അങ്കപ്പുറപ്പാട് നടത്തുന്നതിനിടെ 2019-ലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ 'ലോകായുക്ത'യുടെ ദന്തശൗര്യത്തെ കുറിച്ച് ചിന്തയില്‍ ഇമ്മട്ടില്‍ വാചാലനായത്. പല്ല് പോയ റിട്ടയേര്‍ഡ് 'ശുംഭന്‍'സിന്റെ ഒരു നിര്‍ഗുണ പരബ്രഹ്മ സെറ്റപ്പ് എന്നതിനപ്പുറം ഇരയുടെ സുഷുമ്‌നാ നാഡി തകര്‍ക്കാന്‍ കഴിയുന്ന ദംഷ്ട്രയുള്ള ശ്വാനവീരന്മാര്‍ വന്നുപെടാന്‍ സാധ്യതയില്ലാത്ത സംവിധാനമായിരിക്കും ലോകായുക്ത എന്ന ഏതാണ്ടൊരു ഉറപ്പിലാണ് മുഖ്യമന്ത്രി ഇങ്ങനെയൊരു ഗീര്‍വാണം അന്ന് മുഴക്കിയത്. എന്നാല്‍ ശൗര്യം വീണ്ടെടുത്ത അതിലൊരാള്‍, ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പാകുന്ന കോമ്പല്ലു കൊണ്ട് ഒരു 'ഉന്നത' മന്ത്രിയെ കടിച്ചപ്പോഴാണ് 2019-ലെ ചിന്തയില്‍ നിന്ന് ലോകായുക്ത ഭേദഗതി ബില്‍ എന്ന പുതിയൊരു ചിന്ത മുഖ്യമന്ത്രിയില്‍ മുളപൊട്ടിയത്. കടിയേറ്റതാകട്ടെ ലൗകിക മോഹങ്ങളൊന്നുമില്ലാത്ത, 'സൂര്യന്‍ കിഴക്കുദിക്കുവോളം എനിക്കെന്തിന് ടെന്‍ഷന്‍' എന്ന് ഇടയ്ക്കിടെ മെന്‍ഷന്‍ ചെയ്യാറുള്ള ഒരാള്‍ക്കും!
സര്‍ക്കാര്‍ തലത്തില്‍ അഴിമതി ഇല്ലാതാക്കാന്‍ പൊതുജന താല്‍പര്യത്തിനു വേണ്ടി സംസ്ഥാന തലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഭരണഘടനാ നിയമ വ്യവസ്ഥിതിയാണ് ലോകായുക്ത. ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ടുള്ള അഴിമതി, സ്വജനപക്ഷപാതം, പദവി ദുരുപയോഗം, മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികള്‍, വ്യക്തിപരമായോ മറ്റുള്ളവര്‍ക്കോ നേട്ടമുണ്ടാക്കാന്‍ വേണ്ടി സ്ഥാപിത താല്‍പര്യത്തോടെയുള്ള നടപടികള്‍, മനഃപൂര്‍വം നടപടികള്‍ താമസിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകളെ കുറിച്ച് ലോകായുക്തയ്ക്ക് പരാതികള്‍ നല്‍കി ചോദ്യം ചെയ്യാം. അറുപതുകളിലാണ് ഇന്ത്യയില്‍ ഭരണ തലത്തിലുള്ള അഴിമതി തടയുക എന്ന ലക്ഷ്യത്തോടെ ഓംബുഡ്സ്മാന്‍ സ്വഭാവത്തിലുള്ള ലോക്പാല്‍ സംവിധാനമുണ്ടാകണമെന്ന് നിര്‍ദേശിക്കപ്പെട്ടത്. പണച്ചെലവില്ലാതെയും കാലതാമസവും സാങ്കേതികത്വവും കൂടാതെയും സാധാരണക്കാരന് നീതി ലഭിക്കുന്ന സംവിധാനത്തെക്കുറിച്ച ആലോചനകളില്‍ നിന്നാണ് 'ഓംബുഡ്സ്മാന്‍' എന്ന ആശയം 19-ാം നൂറ്റാണ്ടില്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ രൂപം കൊണ്ടത്. ഒരു സ്ഥാപനവും അതിന്റെ പ്രവര്‍ത്തന മണ്ഡലത്തിനകത്തും പുറത്തുമുള്ള ഇടപാടുകാരുമായുള്ള തര്‍ക്കങ്ങളും പരാതികളും പരിഹരിക്കുന്നതിനുമായുള്ള വിശ്വസ്ത മധ്യസ്ഥനാണ് ഓംബുഡ്‌സ്മാന്‍. പ്രതിനിധി എന്നര്‍ഥം വരുന്ന umboÂsmaÂur എന്ന പദത്തില്‍ നിന്നാണ് ഓംബുഡ്സ്മാന്‍ എന്ന വാക്കിന്റെ നിഷ്പത്തി. പൊതുജനങ്ങളുടെ താല്‍പര്യസംരക്ഷണാര്‍ഥം സര്‍ക്കാരോ പാര്‍ലമെന്റോ ആണ് വിവിധ രാജ്യങ്ങളില്‍ ഓംബുഡ്‌സ്മാനെ നിയമിക്കുന്നത്.
1966-ല്‍, മൊറാര്‍ജി ദേശായി സമര്‍പ്പിച്ച ഭരണ പരിഷ്‌കാര കമീഷന്‍ റിപ്പോര്‍ട്ട് ജനങ്ങളുടെ പരാതികള്‍ പരിഗണിക്കാനും പരിഹരിക്കാനുമായി ലോക്പാല്‍, ലോകായുക്ത എന്നീ രണ്ടു ഭരണഘടനാ സംവിധാനങ്ങള്‍ രൂപവത്കരിക്കണമെന്ന് നിര്‍ദേശിച്ചു. ഒരു കാവല്‍ സംവിധാനം എന്ന നിലക്ക് കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തകളും എന്നതായിരുന്നു ആശയം. 1969-ല്‍ തന്നെ പ്രഥമ ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും, നിയമമാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പരാജയപ്പെട്ട പത്തിലധികം പരിശ്രമങ്ങള്‍ക്കു ശേഷമാണ് 2013-ല്‍ കേന്ദ്രത്തില്‍ ജന്‍ലോക്പാല്‍ കരട് നിയമത്തിന് അംഗീകാരം നല്‍കപ്പെടുകയും 2019 മാര്‍ച്ചില്‍ ലോക്പാല്‍ നിലവില്‍ വരികയും ചെയ്തത്. അതേസമയം സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന ലോകായുക്ത 1998-ല്‍ കേരളത്തില്‍ നിലവില്‍ വരികയും ചെയ്തിരുന്നു.
മന്ത്രിക്കോ പൊതുപ്രവര്‍ത്തകനോ എതിരെ ലോകായുക്ത എടുക്കുന്ന അച്ചടക്ക നടപടികള്‍ ഗവര്‍ണറോ മുഖ്യമന്ത്രിയോ അംഗീകരിക്കണമെന്നാണ് ലോകായുക്ത നിയമത്തിലെ വകുപ്പ് 14 നിര്‍ദേശിക്കുന്നത്. ഈ വകുപ്പനുസരിച്ച് നടപടിക്ക് വിധേയനാവുന്ന വി.ഐ.പി ക്ക് സ്ഥാനം രാജിവച്ച ശേഷമേ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാനാവൂ. അത് ലോകായുക്തയുടെ വിധിക്ക് ഒരു അന്തിമ സ്വഭാവം നല്‍കുന്നു. എന്നാപ്പിന്നെ അത്തരമൊരു അധികാരം നല്‍കുന്ന പല്ല് ഇളക്കിയിട്ട് തന്നെ കാര്യം എന്ന തീരുമാനത്തിലെത്തുകയായിരുന്നു കേരളത്തിന്റെ ക്യാപ്റ്റനും ഗ്യാങ് കമാന്റര്‍മാരും.
ലോകായുക്തയുടെ രൂപവത്കരണ കാലം തൊട്ട് 'പ്രവര്‍ത്തനരഹിത'മായിരുന്ന 14-ാം വകുപ്പ് 2021-ല്‍ കെ.ടി ജലീലിന്റെ ബന്ധു നിയമനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രവര്‍ത്തനക്ഷമമായത്. ഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീലിന്റെ രാജിയായിരുന്നു. ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന വിധിന്യായം പുറപ്പെടുവിച്ചത് സിറിയക് ജോസഫ് ലോകായുക്തയായി പദവിയിലിരിക്കുമ്പോഴാണ്. തുടര്‍ന്ന് ജഡ്ജിയും മന്ത്രിയും തമ്മില്‍ നടന്ന പൊരിഞ്ഞ വാക്‌പോരില്‍ സംസ്‌കൃത കേരളം 'കോള്‍മയിര്‍' കൊണ്ടു. 'പട്ടി എല്ലുമായി ഗുസ്തി തുടരട്ടെ' എന്ന് മന്ത്രിയെ ലാക്കാക്കി ലോകായുക്ത തൊടുത്ത ശരം പന്നിയെ കൊണ്ടാണ് മന്ത്രി പ്രതിരോധിച്ചത്. മുഖപുസ്തകത്തില്‍ 'പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം' വിരചിച്ചു കൊണ്ടായിരുന്നു ജലീലിന്റെ പ്രത്യാക്രമണം. ഒരു സ്റ്റാറ്റിയൂറ്ററി സ്ഥാപനമായ ലോകായുക്തക്ക് ഭരണഘടനാ സ്ഥാപനത്തിന് മുകളില്‍ മേല്‍ക്കോയ്മ നല്‍കേണ്ടതില്ല എന്ന മട്ടില്‍ സര്‍ക്കാറിന്റെ ലോകായുക്ത നിയമ ഭേദഗതിയെ അനുകൂലിച്ചു കൊണ്ട് റിട്ട. ഡിസ്ട്രിക്ട് ജഡ്ജും മുന്‍ നിയമസഭാ സെക്രട്ടറിയുമായ വി.കെ ബാബു പ്രകാശ് (ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് പരിശോധിക്കുമ്പോള്‍ - വി.കെ ബാബു പ്രകാശ്- ദേശാഭിമാനി - 26/01/2022) കൂടി ഭരണപക്ഷത്ത് 'കക്ഷി' ചേര്‍ന്നതോടെ പോര് മുറുകുകയും ചെയ്തു. ലോകായുക്ത ഒരു ഭരണഘടനാ സ്ഥാപനമോ ഭരണഘടനാ കോടതിയോ അല്ല; ഒരു അര്‍ധ നീതിന്യായ സംവിധാനമാണ്; അതിന്റെ വിധികള്‍ ശിപാര്‍ശനീയം മാത്രമെന്ന് ഹൈക്കോടതി വിധികളുണ്ട് എന്നും ഭേദഗതിയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.
ലോകായുക്തയുടെ വിധി അംഗീകരിക്കാനും തള്ളാനുമുള്ള വിവേചനം മുഖ്യമന്ത്രിക്ക് ലഭിക്കുന്ന വിധമാണ് ഇപ്പോള്‍ കേരള ലോകായുക്ത ഭേദഗതി ബില്‍ നിയമസഭ പാസ്സാക്കിയത്. ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഹിയറിംഗ് നടത്തി ലോകായുക്തയുടെ വിധി പുനഃപരിശോധിക്കാമെന്നും വേണ്ടിവന്നാല്‍ വിധി തള്ളിക്കളയാമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. വിധി അംഗീകരിക്കണോ വേണ്ടയോ എന്ന് കുറ്റാരോപിതനായ മന്ത്രിയെ കേട്ടശേഷം മുഖ്യമന്ത്രി തീരുമാനിക്കും! അത് ഭരണഘടന വിഭാവന ചെയ്യുന്ന വകുപ്പ് 164-ന്റെ അന്തഃസത്തയാണ് എന്നാണ് വാദം. എന്നാല്‍, ഒരാളും സ്വന്തം കേസില്‍ വിധികര്‍ത്താവാകരുത് എന്ന ഭരണഘടനയുടെ അടിസ്ഥാന തത്ത്വമാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടതു പോലെ 14-ാം വകുപ്പിലെ ഭേദഗതിയിലൂടെ അര്‍ധ ജുഡീഷ്യല്‍ സംവിധാനമായ ലോകായുക്ത, എക്‌സിക്യൂട്ടീവിന്റെ ഭാഗമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടീവിനെതിരെയും നടത്തുന്ന വിധിപ്രസ്താവങ്ങള്‍ പുനഃപരിശോധിക്കാനുള്ള അവകാശം എക്‌സിക്യൂട്ടീവിന് കൈമാറ്റപ്പെടുന്നു. മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കുമെതിരെ വിധിയുണ്ടായാല്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുമെന്ന നിയമം, മുഖ്യമന്ത്രിക്കെതിരാണെങ്കില്‍ നിയമസഭയും, മന്ത്രിമാര്‍ക്കെതിരാണെങ്കില്‍ മുഖ്യമന്ത്രിയും, എം.എല്‍.എമാര്‍ക്കെതിരാണെങ്കില്‍ സ്പീക്കറും, ഉദ്യോഗസ്ഥര്‍ക്കെതിരാണെങ്കില്‍ സര്‍ക്കാരും തീരുമാനമെടുക്കും എന്നിങ്ങനെ ഭേദഗതി ചെയ്യപ്പെട്ടിരിക്കുന്നു.
രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും ലോകായുക്ത പരിധിയില്‍ നിന്നൊഴിവാക്കുന്നതാണ് മറ്റൊരു ഭേദഗതി. ചുരുക്കത്തില്‍, ചിറകരിഞ്ഞ കിളിയെ വിഹായസ്സിലേക്ക് പറക്കാന്‍ വിടുന്നതാണ് ഭേദഗതി ചെയ്യപ്പെട്ട ഈ ലോകായുക്ത ബില്ല്. നിയമസഭ പാസാക്കിയ ബില്ല് ഗവര്‍ണര്‍ ഒപ്പ് വെക്കുന്നതോടെ നിയമമാവും. ഈ കുറിപ്പ് എഴുതുന്നതു വരെ ബില്ല് അന്തിമ അംഗീകാരത്തിനായി ഗവര്‍ണറുടെ മുന്നിലെത്തിയിട്ടില്ല. സെപ്റ്റംബര്‍ മൂന്നാം വാരം മാത്രമേ ബില്ലില്‍ ഒപ്പിടുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകൂ എന്നാണ് ഏറ്റവുമൊടുവിലത്തെ വിവരം. വിരിക്കുന്ന പായയില്‍ കിടക്കുന്ന ആളല്ല രാജ്ഭവനിലുള്ളത് എന്നതിനാല്‍ കഥയുടെ പരിണാമ ഗുപ്തി പ്രവചനാതീതമാണ്. തൊമ്മന്‍ അയയുമ്പോള്‍ ഇത്തവണയും ചാണ്ടി മുറുകിയാല്‍ സംഭവിക്കുന്നത് ഭരണഘടനാ പ്രതിസന്ധിയായിരിക്കും.
എന്തായാലും അഴിമതി വിരുദ്ധ - ഫാഷിസ്റ്റു വിരുദ്ധ പാല്‍ പായസം വിളമ്പി അധികാര സോപാനം കയറിയ ഇടത് സര്‍ക്കാറിന്റെ യു.എ.പി.എ മുതല്‍ ലോകായുക്ത വരെയുള്ള വിഷയങ്ങളിലുള്ള യു ടേണും എബൗടേണും കാണുമ്പോള്‍ ഇത്ര വലത്തോ ഇടത് എന്ന പതിവ് ചോദ്യം ആവര്‍ത്തിക്കാനേ നിവൃത്തിയുള്ളൂ. 'അഴിമതി വിമുക്ത മതനിരപേക്ഷ കേരളം എന്നതാണ് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത നയം.' പ്രൊട്ടക്ടീവ് പോളിസി ഓഫ് സീറോ ടോളറന്‍സ് ടു കറപ്ഷന്‍' എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് അഴിമതിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിവരുന്നത്', എന്ന് ചിന്തയില്‍ തന്റെ ഒന്നാമൂഴത്തില്‍ ആലോചനാമൃതം വിളമ്പിയ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇപ്പോള്‍ 'ശേഷിപ്പുള്ള വെള്ളിയും പൊന്നും കൊണ്ടു ചെയ്‌വാന്‍ നിനക്കും നിന്റെ സഹോദരന്മാര്‍ക്കും യുക്തമെന്നു തോന്നുംപോലെ ചെയ്തുകൊള്‍വിന്‍' (എസ്രാ 7:18) എന്ന 'പഴയ നിയമം' പുതുക്കിയെഴുതിയിരിക്കുന്നത്.
7025195092
Comments