തീവ്രത, രഹസ്യ പ്രവര്‍ത്തനം സയ്യിദ് മൗദൂദിയുടെ നിലപാട്
രഹസ്യവും നിഗൂഢവുമായ പ്രവര്‍ത്തനങ്ങളിലൂടെ ഇസ്‌ലാമിക വിപ്ലവം സംജാതമാവില്ല എന്നത് മൗലാനാ മൗദൂദിയുടെ സുചിന്തിതമായ നിലപാടായിരുന്നു. കടുത്ത പ്രതികൂല സാഹചര്യങ്ങളില്‍ പോലും ആ നിലപാടില്‍ മാറ്റമുണ്ടായില്ല. സ്വാതന്ത്ര്യപൂര്‍വ അവിഭക്ത ഇന്ത്യയിലും പിന്നീട് സ്വാതന്ത്ര്യാനന്തരം പാകിസ്താനിലും അതേ തത്ത്വത്തില്‍ ഉറച്ചുനിന്നു. 1945-ല്‍ തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസികയില്‍ ഒരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം എഴുതി: ''നമ്മുടെ ലക്ഷ്യത്തോടാണ് നമ്മുടെ പ്രതിബദ്ധത. ഏതെങ്കിലും പ്രവര്‍ത്തന രീതി(methods)യോടല്ല. സമാധാനപൂര്‍ണമായ പ്രവര്‍ത്തനത്തിലൂടെ, അധികാരം കിട്ടിയില്ലെങ്കിലും നാം നമ്മുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടരും. നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെ വിപ്ലവം സാധിച്ചെടുക്കാന്‍ പ്രയത്‌നിക്കുകയും ചെയ്യും'' (ഇസ്‌ലാമീ രിയാസത്ത്: 715, ലാഹോര്‍, 1988).
1965-ല്‍ ലണ്ടനില്‍ ഒരു ചോദ്യോത്തര സദസ്സില്‍ മൗലാനാ മൗദൂദി പറഞ്ഞു: ''നശീകരണ - തീവ്രവാദ പ്രവര്‍ത്തനങ്ങളിലൂടെ സുഭദ്രവും സുസ്ഥിരവുമായ ഒരു ഭരണകൂടം സ്ഥാപിക്കുക സാധ്യമല്ല. ലാറ്റിനമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അത്തരം നീക്കങ്ങളിലൂടെ നടക്കുന്ന വിപ്ലവങ്ങള്‍ക്ക് ശേഷം പ്രതിവിപ്ലവങ്ങളുടെ ഒരു ശൃംഖലക്കു തന്നെ തുടക്കം കുറിക്കുന്നു. അതിനാല്‍, നാം സ്വയം തീവ്രതയുടെ മാര്‍ഗം തെരഞ്ഞെടുക്കുകയോ അത് തെരഞ്ഞെടുക്കാന്‍ അനുവദിക്കുകയോ ചെയ്യുന്ന പ്രശ്‌നമില്ല'' (തസ്‌രീഹാത്ത്:192, ലാഹോര്‍,1992).
1974-ല്‍ യുവാക്കള്‍ക്ക് നല്‍കിയ ഒരു ഉപദേശത്തില്‍ അദ്ദേഹം പറഞ്ഞു: ''ധീരതയും നിശ്ചയദാര്‍ഢ്യവും സ്വാതന്ത്ര്യബോധവും കൈമുതലാക്കി ഒരു തുറന്ന പുസ്തകമായി പ്രവര്‍ത്തിക്കാത്തേടത്തോളം ഇസ്‌ലാമിക രാഷ്ട്രം നില്‍വില്‍ വരികയില്ല. അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനത്തിലൂടെ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിതമാവില്ല. മുമ്പും ഭൂമിയില്‍ കഠിനാധ്വാനം ചെയ്തു കൊണ്ടാണ് അതുണ്ടായിട്ടുള്ളത്. ധീരരും സമര്‍പ്പിതരുമായ (devoters) ഒരു സംഘത്തെ വളര്‍ത്തിയെടുക്കാന്‍ കുറച്ചു കാലം രഹസ്യ പ്രബോധന രീതി അവലംബിച്ചിട്ടുണ്ടാവാം. പിന്നീടങ്ങോട്ട് പരസ്യമായിട്ടായിരുന്നു എല്ലാ പ്രവര്‍ത്തനങ്ങളും. പ്രവാചകന്റെ കാലത്തും ജനം വിശ്വാസികളെ പല രൂപത്തില്‍ പീഡിപ്പിച്ചു. അവരെ വധിച്ചു. കല്ലെറിഞ്ഞു. ചുട്ടുപഴുത്ത മണലിലൂടെ വലിച്ചിഴച്ചു. കത്തിജ്ജ്വലിക്കുന്ന തീക്കനലില്‍ കിടത്തി. ഇതെല്ലാം അവര്‍ സഹിച്ചു. ആ തീക്ഷ്ണമായ പരീക്ഷണങ്ങളെ അതിജീവിച്ചവരെ പിന്നീട് അറേബ്യയിലെ ഒരു ശക്തിക്കും ഏറ്റുമുട്ടി തോല്‍പിക്കാനായിട്ടില്ല. നിങ്ങള്‍ പരസ്യമായി, യാതൊരു നിഗൂഢതയുമില്ലാതെ കര്‍മരംഗത്തിറങ്ങുക. നിങ്ങളുടെ തല തല്ലിച്ചതച്ചേക്കാം; തടവിലാക്കിയേക്കാം; നഗ്‌നരാക്കിയേക്കാം. നിങ്ങള്‍ക്കെതിരെ സകല അവഹേളനങ്ങളും അധിക്ഷേപങ്ങളും ചൊരിഞ്ഞേക്കാം. പല തരം വിപത്തുകളും കഷ്ടപ്പാടുകളും സഹിച്ചാണെങ്കിലും, നിങ്ങള്‍ നിങ്ങളുടെ നിശ്ചയദാര്‍ഢ്യം നിലനിര്‍ത്തുന്ന പക്ഷം നിങ്ങളെ ഉപദ്രവിച്ചിരുന്നവര്‍ സ്വയം ആപത്തില്‍ അകപ്പെടുന്നത് വൈകാതെ നിങ്ങള്‍ക്ക് കാണാനാകും. അപ്പോള്‍ അവര്‍ക്ക് അവരുടെ ജീവന്‍ രക്ഷിക്കാനെങ്ങനെ സാധിക്കും? അത്തരം ഒരു യുഗം വരിക തന്നെ ചെയ്യും. ഇന്‍ശാ അല്ലാഹ്' (തസ്‌രീഹാത്ത്: 287-288).
തീവ്രത, ഭീകരത, രഹസ്യ-
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍
സയ്യിദ് മൗദൂദി ഇസ്‌ലാം വിജയിച്ചു കാണാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു. അതിനു വേണ്ടിയാണ് സംഘടിതമായി കഠിനാധ്വാനം ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനക്ക് രൂപം നല്‍കിയത്. അദ്ദേഹം തീവ്രതയെയും ഭീകരതയെയും ഭരണഘടനാവിരുദ്ധ-നിയമവിരുദ്ധ നിഗൂഢ പ്രവര്‍ത്തനങ്ങളെയും പിന്തുണച്ചിരുന്നു എന്നത് തീര്‍ത്തും തെറ്റായ, വസ്തുതാ വിരുദ്ധവും വ്യാജവുമായ ആരോപണമാണ്. തുറന്നതും സുതാര്യവും സമാധാനപൂര്‍ണവും നിയമാനുസൃതവുമായ പ്രവര്‍ത്തനങ്ങളേ ചെയ്യാവൂ എന്ന് അനുയായികളെ അദ്ദേഹം നിരന്തരം ഓര്‍മപ്പെടുത്തിയിരുന്നു.
ഒരിക്കല്‍ ജമാഅത്ത് സമ്മേളനത്തില്‍ അംഗങ്ങളെ സംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു: 'അല്ലാഹുവാണ സത്യം (ഞാന്‍ വളരെ കുറച്ചു മാത്രമേ സത്യം ചെയ്ത് പറയാറുള്ളൂ), തീവ്ര നിലപാടുകളോ രഹസ്യ പ്രവര്‍ത്തനങ്ങളോ ഗൂഢാലോചനകളോ ഒന്നും ജമാഅത്തിന്റെ പ്രവര്‍ത്തന രീതികളല്ല. അത്തരം മാര്‍ഗങ്ങളിലൂടെ അത് വിപ്ലവം നയിക്കാന്‍ ഒരിക്കലും ആഗ്രഹിക്കുന്നുമില്ല. ഇത് ആരെയെങ്കിലും ഭയക്കുന്നതു കൊണ്ടല്ല. നമ്മുടെ മേല്‍ ആരെങ്കിലും ഭീകരാരോപണം ഉന്നയിച്ചാല്‍ അത് തെളിയിക്കാന്‍ പറ്റരുത് എന്നതു കൊണ്ടുമല്ല. ജനങ്ങളുടെ വിശ്വാസവും ചിന്തയും സ്വഭാവവും സമ്പ്രദായങ്ങളും മാറ്റിയെടുക്കാതെ ഇസ്‌ലാമിക വിപ്ലവം വേരുറക്കുകയില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഏതെല്ലാം തരത്തിലുള്ള തീവ്രത വെച്ചുപുലര്‍ത്തിയും, ഗൂഢാലോചനയോ വഞ്ചനയോ കളവോ നടത്തി തെരഞ്ഞെടുപ്പു ജയിച്ചാലും അല്ലെങ്കില്‍ മറ്റേതെങ്കിലും വിധത്തില്‍ വിപ്ലവം സാധിച്ചാലും, പിടിച്ചു നിന്നാലും അതൊക്കെ യാതൊരു വേരോട്ടവും കിട്ടാതെ തകര്‍ന്നടിയുക തന്നെ ചെയ്യും' (ഏഷ്യാ വാരിക, 7 ഏപ്രില്‍ 1974, ലാഹോര്‍).
മറ്റൊരിക്കല്‍, ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ പ്രവര്‍ത്തന ശൈലികളില്‍ നിന്ന് പ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് സയ്യിദ് മൗദൂദി പറഞ്ഞു: 'ഞാന്‍ താത്ത്വികമായിത്തന്നെ നിയമഭഞ്ജനത്തോടും ഭരണഘടനാ വിരുദ്ധ - അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനങ്ങളോടും എതിര്‍പ്പുള്ളവനാണ്. എന്റെ ഈ കാഴ്ചപ്പാട് ആരെയെങ്കിലും പേടിക്കുന്നതുകൊണ്ടോ താല്‍ക്കാലിക നേട്ടത്തിന് വേണ്ടിയോ അല്ല. ഒരു പരിഷ്‌കൃത സമൂഹത്തിന്റെ നിലനില്‍പിന് നിയമവാഴ്ചയോടുള്ള ആദരവും ബഹുമാനവും അനിവാര്യമാണെന്നത് വര്‍ഷങ്ങളായുള്ള വായനയുടെയും പഠനത്തിന്റെയും അനന്തര ഫലമായി ഞാന്‍ എത്തിച്ചേര്‍ന്ന നിഗമനമാണ്. എതൊരു പ്രസ്ഥാനവും നിയമത്തോടുള്ള ആദരവ് നഷ്ടപ്പെടുത്തുകയാണെങ്കില്‍ പിന്നീട് പൊതുജനങ്ങളെ നിയമചട്ടങ്ങള്‍ പാലിക്കുന്നവരാക്കുക ഏറെ ദുഷ്‌കരമായിരിക്കും; എന്നല്ല അസാധ്യവുമായിരിക്കും. അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് പല ദൂഷ്യങ്ങളുണ്ട്. ആരുടെ നിഷ്‌കാസനത്തിനായി അവര്‍ ആ പ്രവര്‍ത്തന രീതി തെരഞ്ഞെടുത്തുവോ, ആ വിഭാഗത്തെക്കാള്‍ സമൂഹത്തിന് ആപത്ത് വരുത്തിവെക്കുന്നവരായിരിക്കും ഇത്തരക്കാര്‍. ഇക്കാരണങ്ങളാല്‍ തന്നെ നിയമങ്ങള്‍ ധിക്കരിക്കുന്നതും രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും തീര്‍ച്ചയായും തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ എന്തു ചെയ്തിട്ടുണ്ടെങ്കിലും പരസ്യമായാണ് ചെയ്തിട്ടുള്ളത്. ഭരണഘടനയുടെയും നിയമത്തിന്റെയും പരിധികള്‍ പാലിച്ചുമാണ് ചെയ്തിട്ടുള്ളത്. എനിക്ക് കടുത്ത എതിര്‍പ്പുള്ള നിയമങ്ങള്‍ തിരുത്താന്‍ പോലും ഭരണഘടനാനുസൃതവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെയാണ് പരിശ്രമിച്ചിട്ടുള്ളത്. ഒരിക്കലും അവ ലംഘിച്ചിട്ടില്ല. ഇത് തന്നെയാണ് ജമാഅത്തിന്റെയും നിലപാട്. ജമാഅത്ത് ഭരണഘടന ഖണ്ഡിക അഞ്ചില്‍ ഇത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്:
'ജമാഅത്ത് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ധാര്‍മിക പരിധികള്‍ പാലിക്കുന്നതായിരിക്കും. സത്യസന്ധതക്കും വിശ്വസ്തതക്കും നിരക്കാത്തതോ, നാട്ടില്‍ നാശമുണ്ടാക്കുന്നതോ ആയ മാര്‍ഗങ്ങളും പരിപാടികളും ഒരിക്കലും സ്വീകരിക്കുന്നതല്ല.' നാം ചെയ്യുന്നതെന്തും രഹസ്യ രൂപത്തിലായിരിക്കില്ല;പരസ്യമായിട്ടായിരിക്കും. നിയമവിധേയവും ഭരണഘടനാനുസൃതവുമായിരിക്കും' (തസ്‌രീഹാത്ത്: 89).
(വിവ: എം.ബി അബ്ദുര്‍റശീദ് അന്തമാന്‍)
Comments