വീടകങ്ങളില്‍ നിന്ന് ആരംഭിക്കട്ടെ
'നവ ലിബറലുകളുടെ കാമ്പസ് പരീക്ഷണങ്ങള്‍' എന്ന തലക്കെട്ടില്‍ ഫിദാ ലുലു എഴുതിയ ലേഖനം ശ്രദ്ധേയമായി. നിലവില്‍ കാമ്പസുകളില്‍ നടക്കുന്നതിന്റെ യഥാര്‍ഥ വശങ്ങള്‍ തുറന്നു കാണിക്കുന്നതായിരുന്നു ലേഖനം.
പ്രത്യേക സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രം നാം ഈ വിഷയം ചര്‍ച്ച ചെയ്യുകയും അതിനു ശേഷം മറന്നു പോവുകയും ചെയ്യുന്നു എന്നതാണ് ലിബറലിസത്തിന്റെ വക്താക്കള്‍ക്കുള്ള ഏറ്റവും വലിയ സൗകര്യം.
ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെക്കുറിച്ച് പോലും വേണ്ട വിധത്തില്‍ സമൂഹത്തില്‍ ബോധവത്കരണം നടത്താന്‍ സാധിച്ചോ എന്നത് സംശയകരമാണ്. പെണ്ണുങ്ങള്‍ ആണുങ്ങളുടെ വേഷം അണിഞ്ഞാല്‍ നിങ്ങള്‍ക്കെന്താണ് കുഴപ്പം എന്ന ലളിതവത്കരണം നമ്മുടെ മക്കളെയും വല്ലാതെ കീഴ്‌പ്പെടുത്തിയിരിക്കുന്നു! ആയതിനാല്‍, മക്കള്‍ക്കുള്ള കൗണ്‍സലിംഗും ഉപദേശങ്ങളും വീടകങ്ങളില്‍ നിന്ന് ആരംഭിക്കട്ടെ.
അതീവ ജാഗ്രത വേണം
കെ.സി ജലീല്‍, പുളിക്കല്‍
കേരളത്തില്‍ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനും ക്രിസ്ത്യന്‍ വോട്ടുബാങ്കിനെ സ്വാധീനിക്കാനും ബി.ജെ.പിക്ക് സാധിക്കുന്നില്ലെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. കേരളം സന്ദര്‍ശിച്ച കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബി.ജെ.പി നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ബി.ജെ.പി കേരള ഘടകത്തിന്റെ കഴിവുകേടിലേക്കുള്ള സൂചന കൂടിയുണ്ട് റിപ്പോര്‍ട്ടില്‍. ഇതര സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കുണ്ടായ വളര്‍ച്ചയോട് താരതമ്യം ചെയ്യുമ്പോള്‍ ഈ വിലയിരുത്തല്‍ സ്വാഭാവികം.
എന്നാല്‍, ഇതര സംസ്ഥാനങ്ങളിലെ വളര്‍ച്ച വര്‍ഗീയ-വംശീയ ചേരിതിരിവുകളിലൂടെയാണ്. കേരളത്തില്‍ അത് എളുപ്പത്തില്‍ സാധ്യമല്ലെന്ന് ബി.ജെ.പി നേതാക്കള്‍ക്ക് അറിയാം. അതിനാല്‍ തന്നെ വര്‍ഗീയത ഇളക്കിവിടുന്ന പ്രസംഗങ്ങള്‍ കേരളത്തിലെ നേതാക്കള്‍ നടത്താറുമില്ല. സാമുദായികാടിസ്ഥാനത്തിലുള്ള വോട്ടുബാങ്ക് ഉപയോഗപ്പെടുത്താനാകാത്തതാണല്ലോ കേന്ദ്ര നേതൃത്വത്തിന്റെ പരിഭവം. അല്ലാതെ, ജനകീയ പ്രശ്‌നങ്ങളിലേക്കിറങ്ങിച്ചെല്ലാനായില്ല എന്നൊന്നുമല്ലല്ലോ. അല്ലെങ്കിലും ജനകീയ പ്രശ്‌നങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന സ്വഭാവം പൊതുവെ ബി.ജെ.പിക്കില്ലല്ലോ.
ശബരി മലപോലുള്ള വിഷയങ്ങള്‍ ഉപയോഗപ്പെടുത്തി ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനാകാത്തതിലും നേതൃത്വത്തിന് പരിഭവമുള്ളതായി റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. എന്നാല്‍, ഇത്തരം ആചാരങ്ങളിലോ ആഘോഷങ്ങളിലോ സാമുദായിക വേര്‍തിരിവുണ്ടാക്കുന്ന സ്വഭാവമേ കേരളീയര്‍ക്കില്ലെന്നതാണ് വാസ്തവം. ശബരിമലയിലേക്ക് പോകുന്ന ഹിന്ദു സഹോദരങ്ങള്‍ മുസ്‌ലിംകളുടെ അടുത്തെത്തി സൗഹാര്‍ദം പങ്കുവെച്ച് ആശീര്‍വാദം ഏറ്റുവാങ്ങി യാത്രയാക്കുന്ന ആനന്ദദായകമായ കാഴ്ചയാണ് മുമ്പ് മുതലേ കണ്ടുവരുന്നത്.
വാവരുടെ പള്ളിയിലെത്തി, വാവരും അയ്യപ്പനുമായുള്ള സൗഹൃദം മനസ്സില്‍ വെച്ച് മലചവിട്ടുന്ന ഭക്തര്‍ക്കെങ്ങനെ സാമുദായിക ധ്രുവീകരണത്തെപ്പറ്റി ചിന്തിക്കാനാകും? പരസ്പരം കൊണ്ടും കൊടുത്തും സുഖ-ദുഃഖങ്ങള്‍ പങ്കിട്ടും ഊഷ്മള ബന്ധം പുലര്‍ത്തുന്നവര്‍ക്കെങ്ങനെ സാമുദായികമായി വേര്‍തിരിഞ്ഞു പോരാടാനാകും?
കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് കാര്യമായ മുന്നേറ്റം നടത്തുകയും, കാടിനോടും വന്യമൃഗങ്ങളോടും പടവെട്ടി മലയോര കാര്‍ഷിക കേരളം ഉണ്ടാക്കിയെടുക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്ത ക്രിസ്തീയ സഹോദരങ്ങള്‍, ഇതര മതസ്ഥരായ സഹോദരങ്ങളുമായി ഒന്നിച്ചധ്വാനിച്ചാണ് എല്ലാം നേടിയെടുത്തത്. ഇതിനെതിരാണ് ചില സഭാധ്യക്ഷന്മാരുടെ പ്രചാരണങ്ങള്‍. കടുത്ത തെറ്റിദ്ധാരണയും ഉള്ളില്‍ ഭയവുമായി മലബാറിലേക്ക് ജോലിക്ക് വന്ന അധ്യാപകാധ്യാപികമാരും മറ്റും ദിവ്യസന്ദേശത്തിന്റെ സ്‌നേഹാനുകമ്പയുടെ ശേഷിപ്പുകള്‍ തൊട്ടറിഞ്ഞ് തെറ്റിദ്ധാരണയും ഭയവും വലിച്ചെറിഞ്ഞ്, നവോന്മേഷവുമായി തിരിച്ചെത്തുമ്പോള്‍ വിദ്വേഷ പ്രചാരകര്‍ക്ക് അരിശം വരിക സ്വാഭാവികം. ആ വിദ്വേഷം വോട്ടുബാങ്കിന് ഉപകരിക്കുമെന്ന സ്വപ്‌നം പാഴ്‌വേല മാത്രം.
നോര്‍ത്ത് ഇന്ത്യയും കേരളവും സാംസ്‌കാരിക സാമുദായിക ചരിത്രങ്ങളിലെല്ലാം വ്യത്യസ്തത പുലര്‍ത്തുന്ന പ്രദേശങ്ങളാണ്. അധിനിവേശത്തിന്റെയും വിഭജനത്തിന്റെയും പാപഭാരം ചുമക്കാന്‍ വിധിക്കപ്പെട്ട ന്യൂനപക്ഷ സമൂഹം സാംസ്‌കാരിക സവിശേഷത നഷ്ടപ്പെട്ട ആള്‍ക്കൂട്ടമാണ്. ഇവരുടെ നേരെ ഭൂരിപക്ഷ സമൂഹത്തെ ഇളക്കിവിട്ട് ധ്രുവീകരണം സൃഷ്ടിക്കുക എളുപ്പമാണ്.
കേരളത്തിലെ മുഖ്യ ന്യൂനപക്ഷം ഒരു പാരമ്പര്യ സമുദായമേ അല്ല. അത്യുല്‍കൃഷ്ടമായ ദിവ്യപ്രകാശത്തില്‍ നിന്നുല്‍ഭൂതമായതാണ് കേരളത്തിലെ ഇസ്‌ലാമിക സമൂഹം. 'മനുഷ്യരെ ഒരാണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമാണ് നാം നിങ്ങളെ സൃഷ്ടിച്ചത്. വിഭാഗങ്ങളും ഗോത്രങ്ങളുമെല്ലാം വേര്‍തിരിച്ചറിയാനുള്ള അഡ്രസ് മാത്രം. മനുഷ്യരെല്ലാം ഏകോദരസഹോദരങ്ങള്‍' - ദിവ്യഗ്രന്ഥത്തിലെ ഈ വചനങ്ങളും പ്രവാചകന്റെ വിശദീകരണവും, പ്രവാചകനില്‍നിന്ന് നേരിട്ട് ഏറ്റുവാങ്ങിയ സന്ദേശവാഹകര്‍ കേരളത്തിലെത്തിയപ്പോള്‍ ജാതീയതയിലും വിഭാഗീയതയിലും പെട്ട് പൊറുതിമുട്ടിയ കേരള ജനത, എല്ലാ വിഭാഗീയതയും വലിച്ചെറിഞ്ഞ് സന്ദേശ വാഹകരില്‍നിന്ന് മോചന പാത ആഹ്ലാദപൂര്‍വം ഏറ്റെടുക്കുകയായിരുന്നു. ഭദ്രമായ ഈ അടിത്തറയില്‍നിന്ന് വളര്‍ന്നു വന്ന കേരളത്തിലെ ജനാധിപത്യ മതേതര പാരമ്പര്യത്തിന് പോറലേല്‍പിക്കാന്‍ വര്‍ഗീയതക്കാവില്ല. പുതിയ കുതന്ത്രങ്ങള്‍ക്കെതിരെ അതീവ ജാഗ്രത വേണം.
ആത്മഹത്യയെ
ക്കുറിച്ച്
കെ.കെ ബഷീര്‍, കടലായി, കുറുവ / 9496177543
ആത്മഹത്യയെക്കുറിച്ച് ജി.കെ എടത്തനാട്ടുകര എഴുതിയ കുറിപ്പ് വായിച്ചു. മനസ്സിലാണ് ആത്മഹത്യയുടെ വിത്ത് മുളക്കുന്നത്. അവിടേക്ക് തന്നെ കയറിച്ചെന്ന് ആ വിത്തിനെ അടിയോടെ പിഴുതെറിഞ്ഞത് കാരണമായി ഇന്നും സന്തോഷത്തോടെ ജീവിക്കുന്ന മനുഷ്യരുണ്ട്.
അദ്ദേഹം എഴുതിയ കുറിപ്പിന്റെ മറ്റൊരു വശമാണ് ഇവിടെ സൂചിപ്പിച്ചത്. ആത്മഹത്യ ഒരുതരം ഉന്മാദമാണ്. മനസ്സില്‍ അതിന്റെ വളര്‍ച്ച പതുക്കെ യായിരിക്കും, ക്രമേണ വളര്‍ന്നുവന്ന് ഒരു പ്രത്യേക സാഹചര്യത്തില്‍ അത് സംഭവിക്കുന്നു. നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മനസ്സിന് കടിഞ്ഞാണില്ലാത്ത അവസ്ഥയുണ്ടാകുന്നു, ആ മനസ്സിനെ ഒന്ന് നേരെ നിര്‍ത്താന്‍ ശരീരവും ബുദ്ധിയും ഒരുമിച്ചു ചേര്‍ന്ന് ശ്രമിക്കുമെങ്കിലും സാധിക്കാതെ വരുന്നു. അപ്പോഴാണ് പുറമേ നിന്നുള്ള സഹായം ആവശ്യമായി വരുന്നത്. കാത്തിരിക്കുന്ന മരണത്തിനപ്പുറം എന്താണുള്ളതെന്ന് പതുക്കെ പതുക്കെ ബോധ്യപ്പെടുത്താനായാല്‍ രക്ഷപ്പെടും. വിശുദ്ധ ഖുര്‍ആനിലെ ഒരായത്തും നബി(സ)യുടെ ഒരു വാചകവും അടിസ്ഥാന മരുന്നാണ്: 'അവനതില്‍ മരിക്കുകയില്ല; ജീവിക്കുകയുമില്ല' (ഖുര്‍ആന്‍ 87:13).
പ്രവാചകന്‍ പറഞ്ഞു: 'ആത്മഹത്യ ചെയ്യുന്നവര്‍ അതേ അവസ്ഥയില്‍ തുടര്‍ന്നുകൊണ്ടിരിക്കും.' അതായത്, ഒരു മനുഷ്യന്‍ എങ്ങനെ ആത്മഹത്യ ചെയ്തുവോ അതേ നിലയില്‍ മരിക്കുകയും വീണ്ടും ജീവിക്കുകയും വീണ്ടും മരിക്കുകയും ചെയ്യും. മുകളില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തം പറയുന്നതും അതുതന്നെയാണ്. മരിച്ചു കിട്ടുകയുമില്ല, ജീവിക്കുകയും ഇല്ല.
ആത്മഹത്യയുടെ മുനമ്പിലെത്തിയവരുടെ മനസ്സ് മന്ത്രിക്കുന്നത് ഒന്നു മരിച്ചുകിട്ടിയെങ്കില്‍ നന്നായിരുന്നു എന്നാണ്. മരണ ശേഷവും ഇതേ അവസ്ഥ തുടര്‍ന്നാലുള്ള കാര്യം ചിന്തിച്ചുകൊണ്ട് മനുഷ്യര്‍ രക്ഷപ്പെട്ടേക്കും. ഇതേ കാര്യം സൂചിപ്പിക്കുന്ന മറ്റൊരു സൂക്തം: 'ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായേനെ' (ഖുര്‍ആന്‍ 78:40).
ആത്മഹത്യാ പ്രേരണയുള്ളവരുടെ മനസ്സിലേക്ക് സ്‌നേഹപൂര്‍വം ഇത്തരം അറിവുകള്‍ ഇട്ടുകൊടുത്താല്‍ അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവരും. അവരുടെ ഭൗതിക ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ കൂടി കൂടെയുണ്ടായാല്‍ ഇത്തരം ആളുകള്‍ കുറച്ചുകാലം കൊണ്ട് പുതിയ ജീവിത പാത കണ്ടെത്തും.
പരിക്ക് വലുതാണ്
കെ.എ ജബ്ബാര്‍ അമ്പലപ്പുഴ / 9995759931
'സ്‌നേഹവും സൗഹൃദവും പൂത്തുലഞ്ഞ സുവര്‍ണകാലം' എന്ന തലക്കെട്ടില്‍ പി.കെ ജമാല്‍ എഴുതിയ അനുഭവക്കുറിപ്പ് (ലക്കം 14) ഏറെ ഹൃദ്യമായി. പോയകാലത്തിന്റെ ഊഷ്മളത വികിരണം ചെയ്യുന്ന ധന്യമായ നാളുകള്‍ വിസ്മരിക്കപ്പെടുകയും സമുദായത്തിലെ ചില നേതാക്കള്‍ സംഘടനാ പക്ഷപാതിത്വത്തിന്റെ ഇടുങ്ങിയ വഴി സ്വീകരിക്കുകയും ചെയ്തു. ഇത് ഇസ്‌ലാമിക സംസ്‌കാരത്തിനേല്‍പിക്കുന്ന പരിക്ക് എത്രമാത്രം വലുതാണ് എന്ന് ഇവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍! മനുഷ്യനിര്‍മിത സംഘടനകള്‍ വിമര്‍ശനവിധേയമാവുക സ്വാഭാവികമാണ്. സൃഷ്ടിപരമായ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണുന്നതിനു പകരം വൈരനിര്യാതന ബുദ്ധിയോടെ അണികളെയും ആ വഴിക്ക് നയിക്കുന്നതു കൊണ്ട് സമുദായത്തിന് പ്രത്യേകിച്ചൊരു ഗുണവും ലഭിക്കുകയില്ല. എന്നു മാത്രമല്ല വിപരീത ഫലമുളവാക്കുകയും ചെയ്യും. ഇന്നലെ വരെ ഒരേ ആശയത്തിനും ആദര്‍ശത്തിനും വേണ്ടി ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചവര്‍ എന്തോ കാരണത്താല്‍ വഴി പിരിയേണ്ടിവന്നപ്പോള്‍ കാട്ടിക്കൂട്ടുന്ന കോലാഹലങ്ങള്‍ ഏതൊരു സത്യാന്വേഷിയെയും ലജ്ജിപ്പിക്കുന്ന തരത്തിലുള്ളതാണ്. സ്റ്റേജും പേജും മാത്രമല്ല, സാമൂഹിക മാധ്യമങ്ങളും അതിന് നേര്‍ സാക്ഷിയാണ്. ഉത്തമ സമുദായത്തിന്റെ ഉത്തരവാദിത്വം നാം മനസ്സിലാക്കിയില്ലെങ്കില്‍ ഇഹവും പരവും നഷ്ടത്തിലാകുമെന്നുറപ്പ്.
അവസാന പേജില്‍ 'അവസാന വരി പാടും മുമ്പേ' എന്ന കവിത (ലക്കം79/15) വായിച്ചു. ഏറെ ഇഷ്ടമായി. പോയ വാരങ്ങളില്‍ യു.പി.യിലും മറ്റും അരങ്ങേറിയ ബുള്‍ഡോസര്‍ രാജിന്റെ പരിസരത്ത് നിന്ന് ജന്മമെടുത്ത കവിതയാണ് 'അവസാന വരിപാടും മുമ്പേ.' ഏതൊരു കവിതക്കും പറയാനുണ്ടാകും കണ്ണീരിന്റെ കഥകള്‍. കവിതയുടെ വിജയ രഹസ്യമാണത്. ഒരുപാട് അര്‍ഥങ്ങളും വ്യാഖ്യാന സാധ്യതകളുമുള്ള കവിതയാണിത്.
Comments