ആരാധനകളുടെ ആത്മാവും സൗന്ദര്യവും
'ആരാധന, അനുസരണം എന്നീ രണ്ട് ഉറവിടങ്ങള്‍ ഉള്ളിടത്തോളം ചിത്തത്തിന്റെ അരുവികള്‍ വറ്റിവരണ്ടുപോവുന്നില്ല' -സല്‍മ മഹ്ദി.
വിശ്വാസം, കര്‍മം, സ്വഭാവം, നിയമം, ആരാധന തുടങ്ങിയ വിവിധ ദളങ്ങളുടെ സമുച്ചയമാണ് ഇസ്‌ലാം. ഓരോ ദളത്തിനും അതിന്റെ സ്ഥാനവും സൗന്ദര്യവുമുണ്ട്. ഒന്നിനെയും ഒരിടത്തുനിന്ന് അടര്‍ത്തിമാറ്റാനാവില്ല; കൂട്ടിച്ചേര്‍ക്കാനുമാവില്ല. തനത് രൂപത്തില്‍ ദളങ്ങള്‍ വിടര്‍ന്ന് നിലനില്‍ക്കുമ്പോഴാണ് ഇസ്‌ലാമിന്റെ സുന്ദരമായ രൂപം ദൃശ്യമാവുന്നത്.
ഹൃദയഹാരിയാണ് ഇസ്‌ലാമിലെ ആരാധനകള്‍. ഉള്ളകത്തിന് തെളിച്ചമേകുന്ന ആത്മീയ സാധനകളാണവ. നിര്‍ബന്ധ ആരാധനകളും ഐഛിക ആരാധനകളുമുണ്ട്. അഞ്ചു നേരത്തെ നമസ്‌കാരം (സ്വലാത്ത്), സമ്പത്ത്ദാനം (സകാത്ത്), നോമ്പ് (സ്വൗമ്), തീര്‍ഥാടനം (ഹജ്ജ്) എന്നിവ വളരെ പ്രധാനമാണ്. ഇസ്‌ലാമിന്റെ സ്തംഭങ്ങളാണവ. വിശുദ്ധ വേദത്തിന്റെയും തിരുചര്യയുടെയും പാരായണം, പ്രാര്‍ഥനകള്‍, മന്ത്രങ്ങള്‍ (അദ്കാര്‍) എന്നിവ ആരാധനാഭാവം കടന്നുവരുന്ന ഉത്തമ കാര്യങ്ങളാണ്. ജീവിതത്തില്‍ നിത്യം ശീലിക്കേണ്ടവയാണവ. ഐഛിക നമസ്‌കാരങ്ങള്‍, ഐഛിക നോമ്പുകള്‍, ഐഛിക ദാനങ്ങള്‍ എന്നിവക്കും ഉത്കൃഷ്ട സ്ഥാനമുണ്ട്. നിര്‍ബന്ധ ആരാധനകളില്‍ വരുന്ന വീഴ്ചകള്‍ മായ്ക്കാന്‍ സഹായകമാണ് ഐഛിക കര്‍മങ്ങള്‍.
മുസ്‌ലിം നിര്‍വഹിക്കേണ്ട ബാധ്യതകളാണ് ആരാധനകള്‍. ഓരോ ആരാധനക്കും സവിശേഷമായ നിര്‍വഹണരീതിയും നിയതമായ ലക്ഷ്യങ്ങളുമുണ്ട്. ഉദാഹരണത്തിന്, ദൈവപ്രീതി കാംക്ഷിച്ച് റമദാന്‍ മാസം പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളും ലൈംഗികതയും ഉപേക്ഷിക്കലാണ് നോമ്പിന്റെ നിര്‍വഹണ രീതി. അതിന്റെ ലക്ഷ്യമാവട്ടെ, ധര്‍മബോധത്തിന്റെ സ്വാംശീകരണവും. ആരാധനകളില്‍ ഏര്‍പ്പെടുമ്പോള്‍ നിര്‍വഹണ രീതിയും ലക്ഷ്യങ്ങളും ശ്രദ്ധയോടെ പാലിക്കണം. ഇസ്‌ലാം പഠിപ്പിച്ച രൂപത്തിലാണ് നിര്‍വഹിക്കേണ്ടത്. ''ഞാന്‍ നമസ്‌കരിക്കുന്നത് നിങ്ങള്‍ എങ്ങനെ കണ്ടുവോ, അപ്രകാരം നിങ്ങള്‍ നമസ്‌കരിക്കുക'' (ബുഖാരി) എന്ന് നബി(സ) പറയുകയുണ്ടായി. ലക്ഷ്യങ്ങള്‍ നേടിയാലും, തുടര്‍ന്നും ആരാധനകള്‍ നിര്‍വഹിച്ചുകൊണ്ടേയിരിക്കണം. വ്യക്തിബാധ്യതയായതിനാലാണത്. ദൈവസ്മരണയാണ് നമസ്‌കാരത്തിന്റെ ലക്ഷ്യം. ദൈവസ്മരണയുള്ള ആത്മാവ് രൂപപ്പെട്ടാലും, നമസ്‌കാരം അതിന്റെ മുറക്ക് നടക്കണം.
ദൈവം മനുഷ്യനെ സൃഷ്ടിച്ചത് അവന് വിധേയപ്പെടാനാണ്. വിശുദ്ധ വേദം പറയുന്നു: ''ജിന്നുകളെയും മനുഷ്യരെയും എനിക്ക് വഴിപ്പെടാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല'' (അദ്ദാരിയാത്ത് 56). വിധേയത്വത്തിന്റെ ഇസ്‌ലാമിക ശബ്ദം ഇബാദത്ത് എന്നാണ്. അനുസരണം, ആരാധന എന്നീ അര്‍ഥങ്ങളും അതിനുണ്ട്. ഇബാദത്തിന്റെ ഉള്‍സാരം സമ്പൂര്‍ണ സമര്‍പ്പണമാണ്. ആരാധനകളിലൂടെ തനിമയുള്ള സമര്‍പ്പണം തളിരിടുന്നു. ആരാധനകളില്ലാത്ത വേളയില്‍, ദൈവനിര്‍ദേശങ്ങളെ അനുധാവനം ചെയ്യുന്നതിലൂടെ ധ്യാനവിശുദ്ധിയുള്ള സമര്‍പ്പണവും രൂപപ്പെടുന്നു. അങ്ങനെ ജീവിതം മുഴുവന്‍ ദൈവത്തിനുള്ള വിധേയത്വമായി മാറുന്നു.
ഇസ്‌ലാമിന്റെ ചിഹ്നങ്ങളാണ് ആരാധനകള്‍. സ്വഫയും മര്‍വയും അവക്കിടയിലെ ഓട്ടവും ദൈവത്തിന്റെ ചിഹ്നങ്ങളാണെന്ന് വിശുദ്ധ വേദം പറയുന്നുണ്ട്. ദൈവിക ചിഹ്നങ്ങളെ മഹത്വപ്പെടുത്തല്‍ ഭക്തിയുടെ ഭാഗമാണ്. ചിഹ്നത്തിന് അറബിയില്‍ ശഈറത്ത് എന്നാണ് പറയുക. ശഈറത്തിന് ശുഊറെന്ന പദവുമായി ബന്ധമുണ്ട്. സംവേദനം, അവബോധം, അനുഭൂതി എന്നൊക്കെയാണ് ശുഊറിന്റെ അര്‍ഥങ്ങള്‍. ചിഹ്നങ്ങള്‍ എന്നതിനൊപ്പം, ആരാധനകള്‍ സംവേദനമാണ്; അനുഭൂതിയാണ്. അവ നിരവധി ബോധങ്ങളിലേക്ക് മുസ്‌ലിമിനെ വഴിനടത്തുന്നു.
ദൈവബോധം
ആരാധനകള്‍ ഉറച്ച ദൈവബോധം ആത്മാവില്‍ നിറക്കുന്നു. മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം ദൈവം എല്ലാമാണ്. വിശ്വാസത്തിന്റെ കേന്ദ്രമാണ് ദൈവം; പരമമായ സത്തയാണ് ദൈവം. എല്ലാം അവനില്‍നിന്ന് തുടങ്ങി അവനിലേക്ക് ഒടുങ്ങുന്നു. ദൈവത്തെക്കുറിച്ചുള്ള തിരിച്ചറിവ് ജീവിതത്തില്‍ ലഭിക്കുന്ന വലിയ അനുഗ്രഹവും സൗഭാഗ്യവുമാണ്. ദൈവത്തെക്കുറിച്ച തിരിച്ചറിവും ബോധവും രൂഢമൂലമാക്കാന്‍ പര്യാപ്തമാണ് ആരാധനകള്‍.
ദൈവബോധം നിത്യം നിലനിര്‍ത്തുന്നതില്‍ നമസ്‌കാരംപോലെ മറ്റൊരു ആരാധനയില്ല. അതിന്റെ സമയം അറിയിക്കുന്ന വിളിയാളം, 'അല്ലാഹുവല്ലാതെ മറ്റൊരു ദൈവമേയില്ല, മുഹമ്മദ്(സ) അല്ലാഹുവിന്റെ ദൂതനാകുന്നു' എന്ന ആദര്‍ശത്തെ ഉരുവിട്ടുറപ്പിക്കാന്‍ സഹായകമാവുന്നു. ഭൗതിക ചിന്തകള്‍ വെടിഞ്ഞ് ഏകാഗ്രചിത്തനായി ദൈവത്തിലേക്ക് ചെല്ലാനുള്ള പ്രവേശികയാണ് അംഗസ്‌നാനം. നമസ്‌കാരത്തില്‍ പ്രവേശിച്ചാലോ, പ്രജ്ഞയും ശരീരവും ദൈവത്തില്‍ വിലയം കൊള്ളുന്നു. നില്‍പ്പിലും ഇരിപ്പിലും വണക്കത്തിലും സാഷ്ടാംഗത്തിലും ദൈവം മാത്രം. പ്രകീര്‍ത്തനവും വാഴ്ത്തലും പുകഴ്ത്തലും ദൈവത്തിനു വേണ്ടി മാത്രം. നമസ്‌കാരത്തിലെ ഓരോ പ്രാര്‍ഥനയും മധുരമൂറുന്ന ആത്മീയ ധ്വനികളാണ്; ത്രസിപ്പിക്കുന്ന വിചാരങ്ങളും അനുഭൂതികളുമാണ്.
ദൈവബോധം നിത്യവും നിലനിര്‍ത്താന്‍ മൂന്ന് തത്ത്വങ്ങള്‍ അനിവാര്യമാണ്: വിധേയത്വമാണ് ഒന്ന്. വിധേയത്വം പ്രകടിപ്പിക്കാന്‍ പര്യാപ്തമായ പ്രാര്‍ഥനയാണ് മറ്റൊന്ന്. പ്രാര്‍ഥനയില്‍ ചിത്തത്തിന്റെയും ശരീരത്തിന്റെയും പൂര്‍ണ പങ്കാളിത്തമാണ് അവസാനത്തേത്. നമസ്‌കാരത്തില്‍ അവ മൂന്നും സാധ്യമാവുന്നു. ദൈവത്തിനുള്ള വിധേയത്വമാണ് നമസ്‌കാരത്തിലൂടെ കൈവരിക്കുന്നത്. നമസ്‌കാരമാവട്ടെ, വിധേയത്വം പ്രകടിപ്പിക്കാന്‍ യോജിച്ച ലക്ഷണമൊത്ത പ്രാര്‍ഥനയും. പ്രാര്‍ഥനകളുടെ പ്രാര്‍ഥനയാണത്. നമസ്‌കാരം ആരംഭിക്കുന്നത് 'വജ്ജഹ്ത്തു' എന്നു തുടങ്ങുന്ന പ്രാരംഭ പ്രാര്‍ഥനയോടെയാണ്. ശേഷമുള്ള ഫാത്തിഹ മറ്റൊരു പ്രാര്‍ഥനയാണ്. സാഷ്ടാംഗങ്ങള്‍ക്കിടയിലെ ഇരുത്തത്തിലും അവസാന ഇരുത്തത്തിലും ഉരുവിടുന്നതും പ്രാര്‍ഥനകള്‍തന്നെ. പ്രാര്‍ഥനകളുടെ സ്വഛന്ദമായ ഒഴുക്കാണ് നമസ്‌കാരത്തില്‍ സാധ്യമാവുന്നത്.
നമസ്‌കരിക്കുന്നവന്റെ മുഴുവന്‍ സാന്നിധ്യവും നമസ്‌കാരത്തില്‍ സാധ്യമാവുന്നു. അകവും പുറവും ദൈവബോധത്തില്‍ ലയിക്കുന്നു; സത്തയും അസ്തിത്വവും അതില്‍ മുഴുകുന്നു; ആത്മാവും പ്രജ്ഞയും ദൈവത്തില്‍ നിമഗ്നമാവുന്നു; അവയവങ്ങളും സൂക്ഷ്മകോശങ്ങളും ത്രസിക്കുന്നു. നമസ്
കാരത്തില്‍ ഓരോ അവയവത്തിനും ദൈവസ്മരണയുണ്ട്. മന്ത്രധ്വനികള്‍ ഉരുവിടുന്നതിലാണ് നാവിന്റെ ദൈവസ്മരണ. അവയുടെ മൗനസ്മിതമായ ശ്രവണത്തിലാണ് ചെവിയുടെ ദൈവസ്മരണ. അവയുടെ പൊരുളുകളുടെ ദര്‍ശനത്തിലാണ് കണ്ണിന്റെ ദൈവസ്മരണ. വിവിധ തരം ചലനങ്ങളിലാണ് കൈകാലുകളുടെ ദൈവസ്മരണ. മനുഷ്യന്റെ സത്തയെയും വിചാരത്തെയും മാത്രമല്ല, ശരീരത്തെയും ദൈവമാണ് സൃഷ്ടിച്ചത്. അതിനാല്‍, സത്തക്കും വിചാരത്തിനുമൊപ്പം ശരീരവും ദൈവത്തിന് വിധേയപ്പെടണം. അതാണ് നമസ്‌കാരം സാധ്യമാക്കുന്നത്.
ആത്മബോധം
ആത്മബോധം സന്നിവേശിപ്പിക്കാന്‍ പര്യാപ്തമാണ് ആരാധനകള്‍. ആരാണ് മനുഷ്യന്‍, എവിടെനിന്നാണ് അവന്റെ തുടക്കം, ഭൂമിയില്‍ ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെയാണ്, എങ്ങോട്ടാണ് യാത്ര തുടങ്ങിയ ചോദ്യങ്ങള്‍ മനുഷ്യന്റെ മുമ്പിലുണ്ട്. അതുപോലെ, മനുഷ്യന്റെ മൂല്യമെന്താണ്, അവനും ഇതര ജീവജാലങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണ്, മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനമെന്താണ് തുടങ്ങിയ ചോദ്യങ്ങളുമുണ്ട്. ആരാധനകള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ശമനം നല്‍കുകയും ആത്മബോധമുള്ള മനുഷ്യരെ ആവിഷ്‌കരിക്കുകയും ചെയ്യുന്നു.
വിശുദ്ധ വേദത്തിന്റെയും തിരുചര്യയുടെയും പാരായണം, പ്രാര്‍ഥനകള്‍, മന്ത്രങ്ങള്‍ എന്നിവ ആരാധനാഭാവമുള്ള കാര്യങ്ങളാണെന്ന് പറഞ്ഞുവല്ലോ. ഇപ്പറഞ്ഞവ ഏറിയോ, കുറഞ്ഞോ അളവില്‍ നിര്‍ബന്ധ ആരാധനകളില്‍ കടന്നുവരുന്നുണ്ട്; അവയെ ജീവിതത്തില്‍ അനുശീലിക്കുകയും ചെയ്യുന്നുണ്ട്. ഇസ്‌ലാം മികച്ച പ്രോത്സാഹനമാണ് അവക്ക് നല്‍കുന്നത്. വിശുദ്ധ വേദത്തിന്റെയും തിരുചര്യയുടെയും വായനയും വിചിന്തനവും മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുന്നു. തുടര്‍ന്ന്, ആത്മീയ സ്പര്‍ശമുള്ള സത്തയാണ് താനെന്ന ബോധ്യം ഉണ്ടാവുന്നു; ദൈവത്തില്‍നിന്ന് ദൈവത്തിലേക്കാണ് തന്റെ സഞ്ചാരമെന്ന വിശ്വാസം രൂഢമൂലമാവുന്നു.
വാക്കുകള്‍ക്കും വര്‍ണനകള്‍ക്കും അപ്പുറമാണ് പ്രാര്‍ഥന നല്‍കുന്ന ആത്മബോധം. സ്വന്തത്തെ ദൈവത്തോട് ചേര്‍ത്തുവെക്കുന്ന പ്രക്രിയയാണത്. പരിധിയെക്കുറിച്ചും പരിമിതിയെക്കുറിച്ചുമുള്ള ബോധ്യത്തില്‍നിന്നാണ് ആത്മാര്‍ഥത നിറഞ്ഞ പ്രാര്‍ഥനയുടെ ഉദ്ഭവം. പ്രാര്‍ഥന ഒരേസമയം മുസ്‌ലിമില്‍ കരുത്തും താന്‍ നിസ്സഹായനാണെന്ന ബോധവും നിറക്കുന്നു. കരുത്തെന്നാല്‍ ആത്മീയ കരുത്താണ്. ആത്മാര്‍ഥമായി പ്രാര്‍ഥിച്ചാല്‍, ദൈവത്തിന്റെ സാന്നിധ്യം ഒപ്പമുണ്ടാവുമെന്ന വിശ്വാസത്തില്‍നിന്ന് ഉയിരെടുക്കുന്ന കരുത്താണത്. നിസ്സഹായതയെന്നാല്‍, ദൈവത്തിന്റെ പിന്തുണയും സഹായവും ഇല്ലെങ്കില്‍ ഭൗതികമായി താന്‍ ഒന്നുമല്ലെന്ന ബോധമാണ്. ദൈവത്തോട് പ്രാര്‍ഥിച്ചില്ലെങ്കില്‍, കേവലം ഒരു ഭൗതികവസ്തുവായി മനുഷ്യന്‍ ചുരുങ്ങും.
ധര്‍മബോധമില്ലാതെ മനുഷ്യജീവിതം അസാധ്യമാണ്. ധാര്‍മികമായ സ്വഭാവങ്ങളാണ് മനുഷ്യന്റെ സവിശേഷത. സ്വഭാവം നന്നായാല്‍ മനുഷ്യന്‍ നന്നാവും. സ്വഭാവം ചീത്തയായാലോ, മനുഷ്യനും ചീത്തയാവും. ആത്മബോധത്തിന്റെ നിത്യതക്ക് മികച്ച സ്വഭാവങ്ങള്‍ നിര്‍ബന്ധമാണ്. ആരാധനകള്‍ സദ്‌സ്വഭാവികളെ രൂപപ്പെടുത്തുന്നു. ആരാധനകള്‍ നല്ല സ്വഭാവങ്ങള്‍ വളര്‍ത്താനും ചീത്ത സ്വഭാവങ്ങള്‍ വര്‍ജിക്കാനും പ്രചോദനം നല്‍കുന്നു. വിശുദ്ധ വേദം പറയുന്നു: ''നീ നമസ്‌കാരം നിലനിര്‍ത്തുക. നിശ്ചയം അത് മ്ലേഛ കാര്യങ്ങളെയും ചീത്ത സ്വഭാവങ്ങളെയും തടയുന്നു'' (അല്‍അന്‍കബൂത്ത് 45). നോമ്പിന്റെ ലക്ഷ്യം ധാര്‍മിക വിശുദ്ധിയാണ്. ''ചീത്ത വാക്കും ചീത്ത കര്‍മവും ഒരാള്‍ ഉപേക്ഷിക്കുന്നില്ലെങ്കില്‍, അവന്റെ വിശപ്പും ദാഹവും ദൈവത്തിന് ആവശ്യമില്ല''(ബുഖാരി) എന്ന് പ്രവാചകന്‍ മൊഴിഞ്ഞിട്ടുണ്ട്. സമ്പത്തിനോടുള്ള അമിത പ്രേമം ചില സ്വഭാവദൂഷ്യങ്ങളിലേക്ക് മനുഷ്യനെ നയിക്കും. പിശുക്ക്, സങ്കുചിതത്വം, ചൂഷണം, മോഷണം എന്നിവ അവയില്‍ ചിലതാണ്. സമ്പത്ത്ദാനത്തിലൂടെ ഇത്തരം സ്വഭാവദൂഷ്യങ്ങള്‍ ഇല്ലാതാവുന്നു. ആത്മീയമായും സാമ്പത്തികമായും സംസ്‌കൃതമാവാന്‍ സാഹചര്യമൊരുക്കുന്ന ഔഷധമാണ് ദാനം.
ആരാധനകള്‍ മനുഷ്യന്റെ സഹജമായ സാമൂഹികബോധത്തിന് താങ്ങും തണലുമായി വര്‍ത്തിക്കുന്നു. സംഘടിത സ്വഭാവമാണ് നിര്‍ബന്ധ ആരാധനകള്‍ക്കുള്ളത്. വ്യക്തിക്ക് ആത്മീയവും സാമൂഹികവുമായ ഫലങ്ങള്‍ അവ നല്‍കുന്നു. ഒറ്റക്ക് നമസ്‌കരിക്കുന്നതിനെക്കാള്‍ അനേകമിരട്ടി പ്രതിഫലം സംഘടിത നമസ്‌കാരത്തിനുണ്ട്. ഈ പ്രതിഫലം ആത്മീയവും ഭൗതികവുമാണ്. ആരാധനകള്‍ സംഘടിതമായി നിര്‍വഹിക്കുമ്പോള്‍, സ്‌നേഹവും സാഹോദര്യവും സൗഹൃദവും വിട്ടുവീഴ്ചാ മനോഭാവവും സഹാനുഭൂതിയും വളരുന്നു. സമൂഹം തുറന്നിടുന്ന സാധ്യതകളുടെ ഫലമായി ജീവിതത്തില്‍ മറ്റു നേട്ടങ്ങളും വന്നുചേരുന്നു.
98469 72640
Comments