ഒറ്റവരയുടെ ചുരുക്കെഴുത്തല്ല ജീവിതം
ഒഴുക്കു നിലക്കുന്നിടത്തു നിന്നാണ്
പുതിയ അരുവികളുടെ
ആലോചനകള്‍ മുളക്കുന്നത്
അസാധ്യമാണെന്നു
നിനച്ചതെല്ലാം
സാധ്യമാണെന്ന മനസ്സുറപ്പിക്കുന്നത്
തേച്ചുരച്ചു തീര്‍ത്ത
കാലടികളുടെ പിന്നാലെ ഓടുന്നത്
ഇടവഴികളുടെ
എണ്ണമെടുക്കുന്നതില്‍ മാത്രം
തറച്ചു നില്‍ക്കുമ്പോഴാണ്
പുതിയ പുതിയ മതിലുകള്‍
മനസ്സില്‍ രൂപപ്പെടുന്നത്
നിന്നേടത്തു നില്‍ക്കുമ്പോഴാണ്
ഇരുട്ടുകള്‍ക്ക്
ഭീതിയുണ്ടാക്കാന്‍ തോന്നുക
നടക്കുന്നവന്റെ മുന്നില്‍
ഇരുട്ടും വെളിച്ചവും
മാറിമാറിക്കളിക്കും
സ്തംഭനം നിശ്ചലം
പറഞ്ഞു പറഞ്ഞു
പതം വരുത്തിയാല്‍
ഏതൊരു വാക്കിനും
ഒഴുക്കുണ്ടാവും
തറച്ചു പോയാല്‍
ഇളകാന്‍ പാടുണ്ടാവും
നില്‍പിന്റെ സുഖം
ഇളക്കങ്ങള്‍ക്ക് കിട്ടാന്‍
ഇളകിത്തുടങ്ങുക തന്നെ വേണം
എന്റെ ഭൂമി വിശാലമായിരുന്നില്ലേ
പലായനം ചെയ്തുകൂടായിരുന്നോ
ഭൂമിയുടെ ഇടുക്കത്തെക്കുറിച്ച്
പരിഭവം പറയുന്ന അടിമയോട്
മറു ചോദ്യമുതിര്‍ത്ത
ഉടയോന്റെ വാക്കുകള്‍
പത്തരമാറ്റ് കരുത്തില്‍
ആര്‍ത്തിരമ്പുന്നുണ്ട്
ദൈവം വരച്ചപ്പോള്‍
അതിരും പരിധിയും
ഒത്തിരിയുണ്ടായിരുന്നു
ദൈവാധികാരം
കൈയിലെടുത്ത
മനുഷ്യന്‍ വരച്ചപ്പോഴാണ്
അപരന്റെ നെഞ്ചില്‍
തറക്കുന്ന ഒറ്റവരകളായി
ജീവിതം ചുരുങ്ങിപ്പോയത്
ദൈവം വരച്ച പോലെ
അതിര്‍ത്തികള്‍
നീട്ടി നീട്ടി വരക്കുക
ജീവിതം താനേ വലുതായി വരും
Comments