Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 05

3262

1444 മുഹര്‍റം 07

ഇംറാന്‍ ഖാന്ന് കരുത്ത് പകര്‍ന്ന ഉപതെരഞ്ഞെടുപ്പ്

അബൂ സ്വാലിഹ

ഇത്ര വാശിയേറിയ ഒരു ഉപതെരഞ്ഞെടുപ്പ് പാകിസ്താന്റെ സമീപകാല ചരിത്രത്തില്‍ ഉണ്ടായിരിക്കാനിടയില്ല. ഉപതെരഞ്ഞെടുപ്പാകട്ടെ ദേശീയ അസംബ്ലിയിലേക്കു പോലുമല്ല; പഞ്ചാബ് പ്രവിശ്യാ അസംബ്ലിയിലേക്കാണ്. ഈ വീറും വാശിയും മനസ്സിലാകണമെങ്കില്‍ അല്‍പ്പമൊന്ന് പിറകോട്ട് പോകണം. 2018-ലാണ് പൊതു തെരഞ്ഞെടുപ്പിനോടൊപ്പം പഞ്ചാബ് പ്രവിശ്യാ അസംബ്ലി തെരഞ്ഞെടുപ്പും നടന്നത്. മുസ്‌ലിം ലീഗിന്റെ (നവാസ് ശരീഫ് വിഭാഗം) കോട്ടയെന്ന് കരുതപ്പെടുന്ന പഞ്ചാബില്‍ ഇംറാന്‍ ഖാന്റെ പാകിസ്താന്‍ തഹ്രീകെ ഇന്‍സാഫ് (പി.ടി.ഐ) ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്‍സാഫ് പാര്‍ട്ടിയുടെ ഉസ്മാന്‍ ബുസ്ദാര്‍ പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. നവാസ് ശരീഫ് പുറത്ത് നിന്നും അദ്ദേഹത്തിന്റെ സഹോദരനും ഇപ്പോഴത്തെ പാക് പ്രധാനമന്ത്രിയുമായ ശഹ്ബാസ് ശരീഫ് അകത്ത് നിന്നും, നിയന്ത്രിക്കുന്ന മുസ്‌ലിം ലീഗ് (എന്‍) എന്ന ഈ കുടുംബ പാര്‍ട്ടിയുടെ പഞ്ചാബിലെ നേതൃത്വം ശഹ്ബാസിന്റെ മകനായ ഹംസ ശഹ്ബാസിനാണ്. പഞ്ചാബ് അസംബ്ലിയിലെ പ്രതിപക്ഷ നേതാവും ഹംസയായിരുന്നു. ഉസ്മാന്‍ ബുസ്ദാര്‍ അധികാരമേറ്റത് മുതല്‍ അദ്ദേഹത്തെ എങ്ങനെയെങ്കിലും അട്ടിമറിക്കാനുള്ള ഗൂഢ നീക്കങ്ങളിലായിരുന്നു ഹംസ ശഹ്ബാസ്. അത് ഫലം കണ്ടത് കഴിഞ്ഞ മാര്‍ച്ച് 28 - ന്. ഇന്‍സാഫ് പാര്‍ട്ടിയുടെ 25 അസംബ്ലി അംഗങ്ങളെ കൂറുമാറ്റുന്നതില്‍ ഹംസ വിജയിച്ചു. അവരുടെ പിന്തുണയോടെ ഹംസ മുഖ്യമന്ത്രിയാവുകയും ചെയ്തു. കൂറ് മാറിയവരെ സുപ്രീം കോടതി അയോഗ്യരാക്കിയതോടെ ഹംസക്ക് ഭൂരിപക്ഷം നഷ്ടമായി. അയാള്‍ രാജി വെച്ചു.
അങ്ങനെയാണ് കഴിഞ്ഞ ജൂലൈ പതിനേഴിന്  അയോഗ്യത കല്‍പ്പിച്ചത് മൂലം ഒഴിവ് വന്ന പഞ്ചാബിലെ 20 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്. അഞ്ച് സീറ്റുകള്‍ നോമിനേറ്റഡ് സീറ്റുകള്‍ ആയിരുന്നത് കൊണ്ട് (അമുസ്‌ലിം സീറ്റുകള്‍ 2, വനിതാ സീറ്റുകള്‍ 3 ) അത് ഇന്‍സാഫ് പാര്‍ട്ടിക്ക് നേരത്തെ ലഭിച്ചിരുന്നു. ഇരുപതില്‍ പതിനഞ്ച് സീറ്റും നേടി തിളക്കമാര്‍ന്ന വിജയമാണ് ഇന്‍സാഫ് പാര്‍ട്ടി നേടിയത്. മുസ്‌ലിം ലീഗിന് നാല് സീറ്റു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നഷ്ടപ്പെട്ട സീറ്റുകള്‍ മിക്കതും തിരിച്ചു കിട്ടിയതോടെ പി.എം.എല്‍ (ക്യൂ) പാര്‍ട്ടിയുടെ പത്ത് സീറ്റും ചേര്‍ത്ത് ഇന്‍സാഫ് മുന്നണിക്ക് 186 സീറ്റായി. കേവല ഭൂരിപക്ഷത്തിന് അത് മതി. പക്ഷേ, അസംബ്ലിയില്‍ വോട്ടിനിട്ടപ്പോള്‍ ഇന്‍സാഫ് മുന്നണിക്ക് 176-ഉം മുസ്‌ലിം ലീഗ് മുന്നണിക്ക് 179-ഉം! ഹംസ വീണ്ടും മുഖ്യമന്ത്രി. വലിയ തിരിമറിയാണ് നടന്നത്. ഇന്‍സാഫ് പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിപ്പിച്ചത് പി.എം.എല്‍ (ക്യൂ) നേതാവ് പര്‍വേസ് ഇലാഹിയെയാണ്. അദ്ദേഹത്തിന് 186 വോട്ട് കിട്ടുകയും ചെയ്തു. പക്ഷേ, ഇലാഹിയുടെ സ്വന്തം പാര്‍ട്ടി അംഗങ്ങളുടെ പത്ത് വോട്ട് അസാധുവാണ് എന്നായിരുന്നു സ്പീക്കര്‍ മുഹമ്മദ് മസാരിയുടെ റൂളിംഗ്! കാരണം, പി.എം.എല്‍ (ക്യൂ) പാര്‍ട്ടിയുടെ മറ്റൊരു നേതാവ് ചൗധരി ശുജാഅത്ത് ഹുസൈന്‍ എല്ലാ പാര്‍ട്ടി അംഗങ്ങളോടും ഹംസ ശഹ്ബാസിന് വോട്ട് ചെയ്യാന്‍ വിപ്പ് നല്‍കിയിട്ടുണ്ടത്രെ. ഈ അട്ടിമറിക്കെതിരെ ഇന്‍സാഫ് പാര്‍ട്ടി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഉദ്വേഗം മുറ്റിയ ആ രാഷ്ട്രീയ നാടകത്തിന്റെ ക്ലൈമാക്‌സ് ആയിട്ടില്ലെന്നര്‍ഥം. വിധി വരും വരെ 'ട്രസ്റ്റി' മുഖ്യമന്ത്രി മാത്രമാണ് ഹംസ.
പഞ്ചാബ് അസംബ്ലി ഉപതെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം മുന്‍ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന് നല്‍കിയ ആത്മവിശ്വാസം ചില്ലറയല്ല. നവാസ് ശരീഫിന്റെ തറവാട്ട് മുറ്റത്ത് പോയി പി.പി.പിയുടെ കൂടി പിന്തുണയുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെയാണ് അദ്ദേഹം തറപറ്റിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ അക്ഷരാര്‍ഥത്തില്‍ ഇംറാന്‍ തന്നെ കൈയേറ്റു. അമേരിക്കയും അതിന്റെ ചട്ടുകങ്ങളായ അന്നത്തെ പ്രതിപക്ഷ കക്ഷികളും പാക് സൈന്യവും ചേര്‍ന്ന മുക്കൂട്ട് മുന്നണി തന്റെ ഭരണത്തെ കുതന്ത്രങ്ങളിലൂടെ പുറത്താക്കുകയായിരുന്നു എന്ന് താന്‍ ആവര്‍ത്തിക്കാറുള്ള 'ഗൂഢാലോചനാ സിദ്ധാന്തം' വികാര വിജൃംഭിതനായി അദ്ദേഹം പുനരാവിഷ്‌കരിച്ചപ്പോള്‍ ജനം അദ്ദേഹത്തിനൊപ്പം നിന്നു. അമേരിക്കന്‍ വിരുദ്ധതക്ക് പാക് രാഷ്ട്രീയത്തില്‍ ഇപ്പോഴും നല്ല മാര്‍ക്കറ്റുണ്ടെന്ന് ഇംറാന് അറിയാം. വിലക്കയറ്റം പറഞ്ഞാണല്ലോ മറ്റു പാര്‍ട്ടികള്‍ ഇംറാനെ വീഴ്ത്തിയത്. വിലക്കയറ്റത്തിനാവട്ടെ ഇപ്പോഴും യാതൊരു കുറവുമില്ല. തനിക്കെതിരെ എറിഞ്ഞതൊക്കെ അങ്ങോട്ട് തിരിച്ചെറിയാന്‍ അങ്ങനെ ഇംറാന് കഴിഞ്ഞു. പാക് ജനസംഖ്യയുടെ ഏകദേശം പകുതിയോളം പേര്‍ താമസിക്കുന്ന ഈ വലിയ പ്രവിശ്യയില്‍ ഇംറാന്‍ നേടിയ വിജയം വലിയ ചില രാഷ്ട്രീയ സൂചനകള്‍ നല്‍കുന്നുണ്ട്. ഏറെ വൈകാതെ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ അദ്ദേഹം ഗോദയിലിറങ്ങിക്കഴിഞ്ഞു. 


പരിഹാസ്യം 
ഈ ജനഹിത 
പരിശോധന

വര്‍ഷങ്ങളുടെ പഠനങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഏതൊരു നാട്ടിലെയും ഭരണഘടന രൂപം കൊള്ളുക. വിയോജിപ്പുള്ള മേഖലകള്‍ നിരവധിയായിരിക്കും. പലതും വിട്ടുപോയെന്ന ആക്ഷേപവും ഉയരും. ഈ വിമര്‍ശനങ്ങളെല്ലാം മുമ്പില്‍ വെച്ച് വീണ്ടും ചര്‍ച്ചകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍, ഒഴിവാക്കലുകള്‍ .... തുനീഷ്യയുടെ ഉദാഹരണം തന്നെ എടുക്കാം. ആധുനിക തുനീഷ്യക്ക് ഒരു ഭരണഘടനയുണ്ടാകുന്നത് 1959-ലാണ്. 1956 മുതല്‍ 1959 വരെ തുടര്‍ന്ന മൂന്ന് വര്‍ഷത്തെ നിരന്തരമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഭരണഘടന രൂപം കൊള്ളുന്നത്. നിയമജ്ഞര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും മാത്രമല്ല, സാധാരണക്കാര്‍ക്കും അഭിപ്രായം പറയാന്‍ അവസരം നല്‍കിക്കൊണ്ടാണ് ആ പ്രക്രിയ പൂര്‍ത്തിയാക്കുക. ആ ഭരണഘടനയുടെ അന്തസ്സത്ത പിന്നീട് വന്ന രണ്ട് സ്വേഛാധിപതികള്‍ ചോര്‍ത്തിക്കളഞ്ഞപ്പോള്‍ തുനീഷ്യക്കാര്‍ അറബ് വസന്തത്തിന് ശേഷം 2014 - ല്‍ മറ്റൊരു ഭരണഘടനക്ക് രൂപം നല്‍കി. അത് സംബന്ധമായ ദേശീയ ചര്‍ച്ചകളും ജനഹിത പരിശോധനയുമെല്ലാം മൂന്ന് വര്‍ഷം (2011-2014) നീണ്ടു. പാര്‍ലമെന്റിന്റെ സമവായത്തോടെ അത് അംഗീകരിക്കപ്പെടുകയും ചെയ്തു.
രണ്ടാമത്തെ ഈ ഭരണഘടനയെ റദ്ദ് ചെയ്തു കൊണ്ട് ഇപ്പോഴിതാ തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ് രംഗത്തെത്തിയിരിക്കുന്നു. അധികാരത്തിലെത്തിയ ശേഷം ഏകാധിപത്യ പ്രവണതകളേ ഇദ്ദേഹത്തില്‍ നിന്ന് കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. പാര്‍ലമെന്റ് പിരിച്ച് വിട്ടിരിക്കുന്നു. തന്റെ വരുതിയില്‍ നില്‍ക്കാത്ത പല പ്രമുഖരെയും അവരുടെ അധികാര സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കി. വിവിധ അധികാര കേന്ദ്രങ്ങള്‍ പരസ്പരം നിയന്ത്രിക്കുന്ന പ്രകിയ എടുത്ത് കളഞ്ഞ് ജുഡീഷ്യറിയെ വരെ പ്രസിഡന്റിന്റെ കീഴിലാക്കി. ഇതിനൊന്നും നിലവിലുള്ള ഭരണഘടന കൂട്ടുനില്‍ക്കാത്തതിനാല്‍ അത് വലിച്ചെറിഞ്ഞ് സ്വന്തമായി ഒരു ഭരണഘടനയുടെ കരട് എഴുതിക്കൊണ്ട് വന്നിരിക്കുകയാണ് ഖൈസ് സഈദ്. ചര്‍ച്ചകളില്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ പ്രമുഖ നിയമജ്ഞര്‍ക്ക് പോലുമോ പങ്കാളിത്തമില്ല. ഭരണഘടനയുടെ ആ  കരടാണ് കഴിഞ്ഞ ജൂലൈ 25-ന് ജനഹിത പരിശോധനക്ക് വെച്ചത്.
ഹിത പരിശോധന തനി തട്ടിപ്പാണെന്നും അതിനാല്‍ ബഹിഷ്‌കരിക്കണമെന്നും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ആവശ്യപ്പെട്ടിരുന്നു. സംഭവിച്ചതും അത് തന്നെ. ഔദ്യോഗിക കണക്കുകള്‍ പ്രകാരം പോലും 28 ശതമാനമേ, വേണം / വേണ്ട എന്ന് രേഖപ്പെടുത്താനായി ബൂത്തുകളില്‍ എത്തിയുള്ളൂ. ഇത്രതന്നെ ആളുകള്‍ ബൂത്തുകളില്‍ (ആളൊഴിഞ്ഞ ബൂത്തുകളുടെ ചിത്രങ്ങള്‍ ധാരാളമുണ്ട് സോഷ്യല്‍ മീഡിയയില്‍) എത്തിയില്ലെന്നും ഗവണ്‍മെന്റ് കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്നും പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു. ഏത് കണക്ക് നോക്കിയാലും 72 ശതമാനം വോട്ടര്‍മാര്‍ ബൂത്തുകളില്‍ വന്നിട്ടില്ല. ഇത് തീര്‍ച്ചയായും അവരുടെ പ്രതിഷേധമാണ്.
എന്നാല്‍, ഖൈസ് എഴുതിയുണ്ടാക്കിയ ഭരണ ഘടന പ്രകാരം ഭൂരിപക്ഷം വോട്ട് ചെയ്യാനെത്തിയോ അവര്‍ അംഗീകരിച്ചോ എന്നതൊന്നും പ്രശ്‌നമല്ല. ജനഹിത പരിശോധനാ ഫലം എന്തായിരുന്നാലും അതിന്റെ പിറ്റേന്ന് തന്നെ ഭരണഘടന നിലവില്‍ വന്നിരിക്കും. തന്റെ ഏകാധിപത്യം അരക്കിട്ടുറപ്പിക്കാന്‍ ഓരോരോ അടവുകള്‍ പുറത്തെടുക്കുകയാണ് ഖൈസ് സഈദ്. രോഷാകുലരായ ജനം ഇയാളെയും, ഇയാള്‍ ഭരണഘടന എന്ന് പേരിട്ടിരിക്കുന്ന വാറോലയെയും എപ്പോള്‍ തൂക്കി പുറത്തെറിയും എന്നേ ഇനി കാണാനുള്ളൂ.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്- സൂക്തം: 48-51
ടി.കെ ഉബൈദ്‌

ഹദീസ്‌

മര്‍മത്തില്‍ തൊടുന്ന മുന്നറിയിപ്പുകള്‍
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്