മൈന്‍ഡ് ഹാക്കിംഗ് നമുക്ക് നമ്മെ നഷ്ടപ്പെടുത്താതിരിക്കാം
തിളച്ച വെള്ളത്തിലൊരു തവളയെയിട്ടാല്‍ അതുടനെ ചാടി രക്ഷപ്പെടുമെന്ന് നമുക്കറിയാം. ശരീരം ഇത്തിരി പൊള്ളുമെങ്കിലും അതിന് ജീവന്‍ പോകില്ല. തണുത്ത വെള്ളത്തില്‍ തവളയെയിട്ട് ചൂടാക്കുകയാണെങ്കിലോ? ആദ്യമൊക്കെ അതങ്ങനെ സുഖിച്ച് കിടക്കും. പിന്നീട് ശരീരം പൊള്ളാന്‍ തുടങ്ങുമ്പോള്‍ അതിനൊട്ടും ചാടി രക്ഷപ്പെടാന്‍ സാധിക്കുകയുമില്ല. തവള ചാവുകയേയുള്ളൂ. 'ബോയിലിംഗ് ഫ്രോഗ് സിന്‍ഡ്രോം' എന്നാണിതിന് പറയാറ്. വെള്ളത്തിന് ചൂട് കൂടുന്നത് കണ്ട്, ഇത് അപായ സാധ്യതയാണെന്ന് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മള്‍ മനുഷ്യരും തിളവെള്ളത്തിലെ തവളകള്‍ക്ക് സമമാകും. സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റുമായി സര്‍വസമയവും മുഴുകുകയാണെങ്കില്‍ ഈ തവളക്കഥയിലെ കഥാപാത്രമായി ചിലപ്പോള്‍ നമ്മളും രൂപം മാറും. കാരണം, നമുക്ക് നമ്മെ തന്നെ നഷ്ടപ്പെടാന്‍ ഏറെ സാധ്യതയുള്ള ഇടമാണീ ഓണ്‍ലൈന്‍ ലോകം.
നമ്മുടെ ചുറ്റുമുള്ളവര്‍ക്ക് രണ്ടാമത് മാത്രം പരിഗണന നല്‍കുന്നവരുണ്ട്. തൊട്ടടുത്ത് കൂട്ടുകാരുണ്ടാകും, വീട്ടുകാരുണ്ടാകും. എന്നാല്‍ അവരെയൊന്നും പരിഗണിക്കാന്‍ സമയമില്ലാത്ത, അത്യന്തം തിരക്കേറിയ മനുഷ്യര്‍. അവര്‍ ചിലപ്പോള്‍ തങ്ങള്‍ ആരാണെന്ന ഓര്‍മ പോലും കിട്ടാത്തവരായി മാറുന്നു. കുടുംബ ജീവിതത്തെയും ജോലിയെയും ഒഴിവു സമയത്തെയുമെല്ലാം ഡിവൈസുകള്‍ ഇങ്ങനെ തട്ടിയെടുക്കുന്നു. ഒരു പണിയും വിചാരിച്ച നേരത്ത് തീരാതാകുന്നു. മനസ്സിനൊട്ടും സമാധാനം കിട്ടാതെ വരുന്നു. എവിടെയൊക്കെയോ ഉള്ള മനുഷ്യര്‍ക്ക് സംഭവിച്ച ഭവിഷ്യത്തുകളോര്‍ത്ത് അവരില്‍ സങ്കടമിരമ്പുന്നു. ലോകത്തുള്ള സങ്കടങ്ങളെല്ലാം തന്റേതാകുന്നു. വേറേതോ മനുഷ്യര്‍ ആരെയൊക്കെയോ വിളിച്ച തെറികളെല്ലാം മനസ്സില്‍ സംഘര്‍ഷം നിറക്കുന്നു. വിഷാദവും സ്ട്രെസ്സും വരുന്നു. ഒന്നിലും ശ്രദ്ധ കിട്ടാതാകുന്നു. മറ്റുള്ളവരുടെ ആഘോഷങ്ങളും മറ്റും കണ്ട് തനിക്കിങ്ങനെയൊന്നും പറ്റുന്നില്ലല്ലോ എന്ന് മനസ്സ് വേദനിക്കുന്നു. മടുപ്പ് കൂടുന്നു. ഇങ്ങനെ അനവധിയായ ചിന്താസംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്നു, ഓണ്‍ലൈന്‍ ദ്വീപു സമൂഹത്തില്‍ ജീവിക്കുന്ന ഒരാള്‍.
ഏത് നേരത്തും എവിടെയാണെങ്കിലും ഓണ്‍ലൈന്‍ അഡിക്ഷനായ ഒരാളുടെ ശ്രദ്ധ ചിതറിപ്പോകും. DFRAG (Digital Fragmentation Syndrome) എന്നാണ് ഇത്തരം അവസ്ഥയെ പറയാറ്. ഡിജിറ്റല്‍ ഇടപെടല്‍ കൊണ്ട് ശ്രദ്ധ താറുമാറാകുന്ന അവസ്ഥയാണിത്. ഉണര്‍ന്നെണീക്കുമ്പോള്‍ ആദ്യം അയാള്‍ അന്വേഷിക്കുന്നത് ബ്രഷോ പേസ്റ്റോ ആയിരിക്കില്ല. മൊബൈല്‍ ഫോണ്‍ ആയിരിക്കും. പാതിരാത്രിയില്‍ അയാള്‍ ഉറങ്ങുന്ന നേരത്ത് സംഭവിച്ച കാര്യങ്ങള്‍, വന്ന നോട്ടിഫിക്കേഷനുകള്‍, എല്ലാം ചെക്ക് ചെയ്യാതെ അയാള്‍ക്ക് മനഃസമാധാനം കാണില്ല.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവസാനം അയാള്‍ ഗുഡ്നൈറ്റ് പറയുന്നത് മൊബൈല്‍ ഫോണിനോടായിരിക്കും.
ഇങ്ങനെ, ഏത് നേരവും നമ്മെ സമാനതകളില്ലാത്ത തിരക്കില്‍ നിര്‍ത്തുന്ന ഈ അവസ്ഥയെ ഡിജിറ്റല്‍ പൊല്യൂഷന്‍ എന്ന് വിളിക്കാം. നമ്മുടെ മനസ്സിനെയാണീ പൊല്യൂഷന്‍ ബാധിക്കുന്നത്. നമ്മുടെ മനസ്സ് ഹാക്ക് ചെയ്യാനുള്ള പ്ലാറ്റ്ഫോം ആയി വര്‍ത്തിക്കുകയാണ് മൊബൈല്‍ ഫോണ്‍ എന്ന് സാരം.
ചുറ്റുമുള്ള യാഥാര്‍ഥ്യങ്ങള്‍ക്ക് രണ്ടാം സ്ഥാനമാകുന്നു എന്നതാണ് ഈ പൊല്യൂഷന്റെ പ്രശ്നം. ഇതെത്ര മാത്രം പ്രശ്നമാണ് എന്ന ചര്‍ച്ച തുടങ്ങുന്നത് ഡാനിഷ് ഭാഷയില്‍ Sluk എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടതു മുതലാണ്. Turn it off എന്നാണ് ഈ വാക്കിന്റെ അര്‍ഥം. 18 മാസത്തോളം ഡന്മാര്‍ക്കില്‍ ബെസ്റ്റ് സെല്ലറായിരുന്നു ഈ പുസ്തകം. സ്ട്രെസ്സിനെ കുറിച്ചും ഡിജിറ്റല്‍ ഹാബിറ്റ്സിനെ ക്കുറിച്ചും ചര്‍ച്ച ചെയ്യാനും പഠിക്കാനും ഡെന്‍മാര്‍ക്ക് ഗവണ്‍മെന്റ് ഒരു ടീമിനെ തന്നെ നിശ്ചയിച്ചു. ഈ പുസ്തകത്തെയും അതിലെ ചിന്തകളെയും സോരെന്‍ കന്നറും ഇംറാന്‍ റാഷിദും ചേര്‍ന്ന് ഒന്നുകൂടി പരിഷ്‌കരിച്ചെഴുതിയതാണ് ഓഫ്ലൈന്‍ എന്ന പുസ്തകം (Offline: Free Your Mind from Smartphone and Social Media Stress). ശരീരശാസ്ത്രവും മനഃശാസ്ത്രവും പഠിച്ചയാളാണ് ഇംറാന്‍. സോരന്‍ ആകട്ടെ പരസ്യ എക്സിക്യൂട്ടീവും. ഡിജിറ്റല്‍ ബിഹെവിയറിനെ കുറിച്ചും അതിന്റെ അനന്തര ഫലത്തെ കുറിച്ചും കൂടുതല്‍ പഠിച്ച് എഴുതിയതാണ് ഈ പുസ്തകം.
സ്ട്രെസ്സ്, ഉറക്കക്കുറവ്, ജാഗ്രതയില്ലായ്മ, തീരുമാനമെടുക്കാനുള്ള പ്രയാസം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളാണ് ഡിജിറ്റല്‍ പൊല്യൂഷന്‍ കാരണം ഏറെപ്പേരും അനുഭവിക്കുന്നത്. മറ്റൊരു പ്രശ്നമാണ് ’ടസശി ഔിഴലൃ.’ സ്പര്‍ശനത്തിന്റെ അഭാവം കൊണ്ട് ഉണ്ടാകുന്ന പ്രശ്നമാണിത്. ഏതൊരു മനുഷ്യനും ഒരു ആശ്ലേഷം ആഗ്രഹിക്കുന്നുണ്ട്! മറ്റൊരര്‍ഥത്തില്‍ നമ്മുടെ ബ്രെയിന്‍ ഹാക്ക് ചെയ്യപ്പെടുകയാണെന്നാണ് ഇംറാന്‍ പറയുന്നത്. ചില ട്രിഗേഴ്സ് നമ്മില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത് നമ്മള്‍ അറിയുന്നില്ലത്രെ. അതുകൊണ്ടാണ് ഒരു നിമിഷം കിട്ടിയാല്‍ വീണ്ടും വീണ്ടും ഓണ്‍ലൈനിലേക്ക് ഓടാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. നോട്ടിഫിക്കേഷന്‍സ് നിരന്തരം ചെക്ക് ചെയ്യിക്കുന്നതും എത്ര ലൈക്ക് കിട്ടി എന്നന്വേഷിക്കാതെ സമാധാനം കിട്ടാത്തതുമെല്ലാം ഇങ്ങനെ ട്രിഗേഴ്സ് നമ്മില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടതിന്റെ ഫലമായാണ്.
ഇരുതല മൂര്‍ച്ചയുള്ള വാളാണ് ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും എന്നാണ് ഇംറാന്റെയും സോരന്റെയും പക്ഷം. അതെങ്ങനെ ഉപയോഗിക്കണമെന്നറിയാത്ത മനുഷ്യര്‍ അവകൊണ്ട് ചെയ്യുന്ന അവിവേകങ്ങളുടെ ഫലം അത്ര ചെറുതുമല്ല. വാളു കൊണ്ടുള്ള അവിവേകങ്ങള്‍ കുറച്ചാളുകളില്‍ ഒതുങ്ങുമെങ്കില്‍ എത്രായിരം പേരിലേക്ക് പടരും എന്ന് യാതൊരു തീര്‍ച്ചയുമില്ലാത്ത അവിവേകമായിരിക്കും സ്മാര്‍ട്ട്ഫോണ്‍ കൊണ്ട് ചെയ്യുന്നത്.
അനേകങ്ങളായ സാധ്യതകളുടെ കാലമാണിതെന്ന് നമുക്കറിയാം. ചുറ്റുപാടറിയാതെ, നമുക്ക് നമ്മെ നഷ്ടപ്പെട്ട പണ്ടേതോ കാലത്താണ് നാം വാസമുറപ്പിക്കുന്നതെങ്കില്‍ നമ്മള്‍ ഹൗസ്‌കാറ്റ് ആയി മാറാം എന്നാണ് എലണ്‍ മസ്‌ക് പറയുന്നത്. റെലവന്റ് ആയി നില്‍ക്കുകയാണെങ്കില്‍ മാത്രമേ നമുക്ക് നിലനില്‍പുള്ളൂ. അപ്പോഴാണ് അനിതരസാധാരണ കഴിവുള്ള ര്യയീൃഴ ആയി നമ്മള്‍ മാറുന്നതെന്ന് അദ്ദേഹം പറയുന്നു. കാരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭരിക്കുന്ന ഭാവിയാണ് വരാന്‍ പോകുന്നത്. റോബോട്ടിന് മികച്ച രീതിയില്‍ ചെയ്യാന്‍ സാധിക്കാത്ത വളരെ കുറഞ്ഞ ജോലികളേ അന്ന് ഉണ്ടാകൂ. മനുഷ്യന് വാല്യൂ ഉണ്ടാകണമെങ്കില്‍ നമ്മുടെ സ്‌കില്ലുകള്‍ വര്‍ധിപ്പിക്കണം. അതുകൊണ്ടു തന്നെ ഓരോ നിമിഷവും കടന്നു പോകുന്നത് നമ്മള്‍ അറിയണം.
മുമ്പ് എത്രയോ പേരുടെ മൊബൈല്‍ നമ്പറുകള്‍ നമുക്ക് കാണാതെ അറിയുമായിരുന്നു. ഇന്ന് എത്ര നമ്പറുകള്‍ നമുക്ക് ഓര്‍ത്തെടുക്കാന്‍ പറ്റും? ഡിവൈസുകള്‍ക്ക് കഴിവുകള്‍ കൂടുംതോറും നമ്മുടെ കഴിവുകള്‍ കുറഞ്ഞു വരികയാണെന്ന ബോധം വേണം. ബോധപൂര്‍വം തന്നെ, നമ്മുടെ നഷ്ടപ്പെടുന്ന കഴിവുകള്‍ക്ക് പകരം പുതിയ കഴിവുകള്‍ നാം ആര്‍ജിച്ചേ മതിയാകൂ.
കുട്ടികളുടെ കാര്യം എടുത്തുനോക്കൂ: ക്ലാസിലെയോ ക്യാമ്പസിലെയോ കൂട്ടുകാരെ പരിചയപ്പെടുന്നതിനെക്കാള്‍ ഓണ്‍ലൈന്‍ ഫ്രണ്ട്സിനെ പരിചയപ്പെടാന്‍ ആണ് അവര്‍ക്ക് താല്‍പര്യം. അത് തീര്‍ത്തും മറ്റൊരു ലോകമാണല്ലോ. ആ ഭാവനാ ലോകത്ത് വിഹരിക്കാം, ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് നടിക്കാം. ഉള്ളതിനെക്കാള്‍ സൗന്ദര്യം തോന്നിക്കാന്‍ എമ്പാടും ഫില്‍റ്റേഴ്സും ഉണ്ട്. എല്ലാം എക്സാഗരേറ്റ് ചെയ്തൊരു ലോകമാണത്.
ചെറിയ കുട്ടികളാകട്ടെ എപ്പോഴും മാതാപിതാക്കളുടെ ശ്രദ്ധ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ എപ്പോഴും നോക്ക് ഉമ്മീ, വാപ്പീ എന്ന് കൂടക്കൂടെ വിളിക്കുന്നത്. അവരെ നോക്കാന്‍ പക്ഷേ ഡിവൈസില്‍ മുഴുകിയ രക്ഷകര്‍ത്താക്കള്‍ക്ക് സമയമില്ല. കുട്ടികള്‍ക്കും ഒരു ഡിവൈസ് കൊടുക്കും. കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ അന്നേരം മുതല്‍ ഡിവൈസ് ആയി മാറുന്നു. ’technoference’ എന്ന പ്രയോഗം തന്നെയുണ്ട്. ഫാമിലി റിസര്‍ച്ചറും ഡിജിറ്റല്‍ ഹെല്‍ത്ത് എജുക്കേറ്ററുമായ ബ്രാന്‍ഡന്‍ മക്ഡാനിയേല്‍ ആണ് ഈ വാക്കിന്റെ ഉപജ്ഞാതാവ്. കുടുംബജീവിതത്തിനു മേല്‍ ഡിവൈസിന്റെ സ്വാധീനത്തെക്കുറിച്ച് ഏറെ പഠനങ്ങള്‍ നടത്തിയയാളാണ് ബ്രാന്‍ഡന്‍.
കുട്ടികള്‍ ഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ അധിക രക്ഷിതാക്കളും ഡിവൈസില്‍ ആണെന്നാണ് അദ്ദേഹം പറയുന്നത്.
ടെലിവിഷന്‍, റേഡിയോ, പോപ് മ്യൂസിക്, കോമിക് ബുക്സ് തുടങ്ങി മുമ്പ് സമൂഹത്തില്‍ വന്ന മാറ്റങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് സ്മാര്‍ട്ട് ഫോണ്‍ എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
മൈന്‍ഡ് ഹാക്കിംഗില്‍ നിന്ന് അങ്ങനെ ഊരിപ്പോവുക എളുപ്പമല്ല. കാലങ്ങളായി നമ്മള്‍ അറിയാതെ നമ്മില്‍ കുടിയേറിയ കുറേ ഡിജിറ്റല്‍ ഹാബിറ്റ്സുകളുണ്ട്. അത് ഇല്ലാതാക്കാന്‍ നല്ല മനോദാര്‍ഢ്യം ആവശ്യമാണ്. ഒരു മാസം ഫോണ്‍ ഉപയോഗിക്കാതുള്ള തന്റെ അനുഭവം ഗോള്‍ ഗയ്സ് (Goal Guys)പറയുന്നുണ്ട്. സമ്പൂര്‍ണമായി ഫോണ്‍ മാറ്റി നിര്‍ത്തിയപ്പോള്‍ അദ്ദേഹത്തിന് ബോറടിക്കാന്‍ തുടങ്ങി. ക്യൂ നില്‍ക്കുമ്പോഴും യാത്ര ചെയ്യുമ്പോഴുമെല്ലാം മുമ്പ് ബോറടിക്കുമായിരുന്നില്ല. കുറച്ച് സമയം കിട്ടിയാല്‍ വേഗം ഓണ്‍ലൈന്‍ ലോകങ്ങളിലേക്ക് യാത്ര പോവുകയാണല്ലോ പതിവ്. ബോറടി മാറ്റാന്‍ എന്തു ചെയ്യും എന്ന് അദ്ദേഹം ആലോചിച്ചു. അങ്ങനെ അദ്ദേഹം വായന തുടങ്ങി. അല്ലെങ്കില്‍ എന്തെങ്കിലുമൊക്കെ ചിന്തിക്കും. സ്വന്തത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും കൂടുതല്‍ മനോഹരമായ ഭാവി നിര്‍മിക്കുന്നതിനെ കുറിച്ചും ഏറെ ആലോചിക്കും. അതുമല്ലെങ്കില്‍ അടുത്തുള്ളവരുമായി സംവദിക്കും. കുറേ കാലമായി അദ്ദേഹത്തിന് ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നില്ലായിരുന്നു. വേറെ ആരുടെയൊക്കെയോ ജീവിതത്തിലൂടെ സഞ്ചരിക്കുകയായിരുന്നല്ലോ. മാത്രമല്ല, ഇപ്പോള്‍ വളരെ നന്നായി ഉറങ്ങാനും പറ്റുന്നുണ്ട്. ഒരു മാസത്തെ ഡിജിറ്റല്‍ ഫാസ്റ്റിംഗിന് ശേഷം പുതിയ എന്തോ വെളിച്ചം വന്ന പോലെ അദ്ദേഹത്തിന് തോന്നി. ഫോണ്‍ എങ്ങനെ ആരോഗ്യകരമായി ഉപയോഗിക്കാം എന്ന് പഠിച്ചു കഴിഞ്ഞതായി ഒരു മാസത്തിന് ശേഷം അദ്ദേഹം മനസ്സിലാക്കി. അങ്ങനെയാണ് ഗോള്‍ ഗയ്സ് വീണ്ടും ഫോണ്‍ ഉപയോഗിക്കുന്നത്.
ഡിവൈസ് നമ്മെ നിയന്ത്രിക്കരുതെന്നും നമ്മുടെ സമയത്തിനനുസരിച്ച് ഡിവൈസ് ഉപയോഗിക്കാന്‍ കഴിയണമെന്നും തന്നെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം. നെറ്റ് എറര്‍ ആകുമ്പോള്‍ മാത്രം ഒഴിവ് സമയം എന്ന നില ഉണ്ടാകരുത്. ജീവിതത്തിലെ പ്രധാനപ്പെട്ട ഒരുപാട് കാര്യങ്ങളില്‍ ഡിവൈസ് മൂലം അലംഭാവം ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിച്ചാല്‍ മതിയാകും. വീട്ടുകാരുമായും കുട്ടികളുമായും ചെലവഴിക്കാന്‍ ഉള്ള ഫാമിലി ടൈം, കൂട്ടുകാരെ കാണാനും പുതിയ പരിചയങ്ങള്‍ ഉണ്ടാക്കാനുമുള്ള സമയം, യാത്രകള്‍ പോലെ, വായനപോലെ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള സമയം, ഏറെ കാര്യങ്ങള്‍ ആലോചിക്കാനും പുതിയ സ്‌കില്ലുകള്‍ വളര്‍ത്താനുമുള്ള സമയം, ഭക്ഷണത്തെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും ആലോചിക്കാനുള്ള സമയം- ഇതെല്ലാം ലഭ്യമാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. അതുപോലെ തന്റെ ജോലിയില്‍ ഫോക്കസ് ചെയ്യാന്‍ പറ്റുന്നുണ്ടോ, അതില്‍ കൂടുതല്‍ മികവ് കാണിക്കാനാകുന്നുണ്ടോ, ആ ജോലി തനിക്ക് മെച്ചപ്പെടുത്താന്‍ കഴിയുന്നുണ്ടോ എന്നെല്ലാം വിലയിരുത്തണം. നമ്മുടെ സമയം കളയുന്ന ഓണ്‍ലൈന്‍ ഇടങ്ങളില്‍ നിന്ന് അകന്ന് ക്രിയേറ്റീവായ ഇടങ്ങള്‍ തെരഞ്ഞെടുക്കാനും കഴിയണം.
യഥാര്‍ഥ ജീവിതത്തില്‍ നല്ല സുഹൃദ് ബന്ധങ്ങളെ തെരഞ്ഞെടുക്കുന്നതു പോലെ സോഷ്യല്‍ മീഡിയയിലും അങ്ങനെ ചെയ്യാവുന്നതേയുള്ളൂ.
എലണ്‍ മസ്‌ക് പറഞ്ഞ പോലെ, ആരോഗ്യകരമായ ഡിജിറ്റല്‍ ഹാബിറ്റ്സിലൂടെ സൈബോര്‍ഗ് (cyborg)ആകാന്‍ കഴിയുന്ന അത്രയേറെ കഴിവുകള്‍ ഒളിഞ്ഞിരിക്കുന്നവരാണ് നമ്മളോരോരുത്തരും. പക്ഷേ കരുതി നടക്കണം, നമുക്ക് നമ്മെ നഷ്ടപ്പെടാതെ നോക്കണം.
Comments