ഇസ്ലാമിക ജ്ഞാന ശാസ്ത്രത്തിന്റെ മൗലിക തത്ത്വങ്ങള്‍
മനുഷ്യന് കരഗതമാവുന്ന അറിവിനനുസൃതമായി അവന്റെ ചിന്താമണ്ഡലം നിരന്തരം വികസിച്ചുകൊണ്ടിരിക്കും. തദ്ഫലമായി, അവനില്‍ ഉരുവം കൊള്ളുന്ന ആശയങ്ങള്‍ അവന്റെ ഭൂതകാല ബോധ്യങ്ങളെ അരക്കിട്ടുറപ്പിക്കുകയോ തിരുത്തുകയോ ചെയ്യുന്നു. ഇങ്ങനെ മനുഷ്യന്‍ ആര്‍ജിച്ചെടുക്കുന്ന അറിവ് അവനെ പുതിയ പര്യാലോചനകളിലേക്ക് വഴി നടത്തുന്നു. അവ വിവിധ ആശയാഖ്യാനങ്ങളെ ഗര്‍ഭം ധരിക്കുന്നു. അങ്ങനെ നിരവധി സിദ്ധാന്ത-ശാസ്ത്ര വിജ്ഞാനീയങ്ങള്‍ ജന്മമെടുക്കുന്നു. ഈ വ്യത്യസ്ത വൈജ്ഞാനിക വ്യവഹാരങ്ങളെ ഉല്‍പാദിപ്പിക്കുന്ന അറിവിനെക്കുറിച്ചറിയാനുള്ള ശാസ്ത്രമാണ് 'ജ്ഞാന ശാസ്ത്രം' എന്നറിയപ്പെടുന്നത്. ഒറ്റവാക്കില്‍ അറിവിന്റെ തത്ത്വചിന്ത എന്നു വിളിക്കാം. അതില്‍ വിജ്ഞാനത്തിന്റെ സത്ത, ഉത്ഭവം, സ്വഭാവം, അറിവ് കൈവരിക്കുന്ന മാര്‍ഗങ്ങള്‍, നിര്‍വചനം, പരിധികള്‍, പരിമിതികള്‍ എന്നിവ ചര്‍ച്ചചെയ്യുന്നു.
സോക്രട്ടീസ്, പ്ലാറ്റോ, തിയറ്റിറ്റസ്, തിയഡോറസ് എന്നിവരിലൂടെയാണ് ജ്ഞാനശാസ്ത്ര സിദ്ധാന്തം രൂപം കൊള്ളുന്നത്. എന്താണ് അറിവ്? ശരിയായ അഭിപ്രായവും അറിവും തമ്മിലുള്ള വ്യത്യാസം എന്താണ്? ഈ ചോദ്യങ്ങള്‍ പ്ലാറ്റോ പങ്കു വെക്കുകയും ഉത്തരമായി തിയറ്റിറ്റസ് മൂന്ന് നിര്‍വചനങ്ങള്‍ കൊണ്ടുവരികയും ചെയ്തു. ആ മൂന്ന് നിര്‍വചനങ്ങളെയും സോക്രട്ടീസ് ഖണ്ഡിച്ചു. ഇതിനുശേഷം ഭൂരിഭാഗം ജ്ഞാന ശാസ്ത്ര പണ്ഡിതരും, 'ന്യായീകരിക്കപ്പെട്ടതും സത്യസന്ധവുമായ വിശ്വാസം' എന്നാണ് അറിവിന് നല്‍കിപ്പോരുന്ന നിര്‍വചനം. എഡ്മണ്‍ട് ഗെറ്റര്‍ 'അറിവെന്നാല്‍ ന്യായീകരിക്കപ്പെട്ടതും സത്യസന്ധവുമായ വിശ്വാസമാണോ?' എന്ന പ്രബന്ധത്തില്‍ ഈ നിര്‍വചനത്തെ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്.
ഭൗതികതയില്‍ അടിത്തറ പാകിയ ആധുനിക പാശ്ചാത്യ ജ്ഞാനശാസ്ത്രം, മതങ്ങളെയും അവ മുന്നോട്ടുവെക്കുന്ന ധാര്‍മിക മൂല്യങ്ങളെയും സാമൂഹിക പരിസരത്തുനിന്ന് പുറന്തള്ളി മനുഷ്യയുക്തിയെ കേന്ദ്രസ്ഥാനത്ത് അവരോധിക്കുകയാണ് ചെയ്തത്. അതുവഴി രൂപപ്പെട്ടുവരുന്ന ആശയങ്ങളെയും സിദ്ധാന്തങ്ങളെയും മൂല്യങ്ങളെയും സാമൂഹിക മണ്ഡലത്തില്‍ പ്രതിഷ്ഠിച്ചു. അതിനാല്‍, പാശ്ചാത്യ ജ്ഞാന ശാസ്ത്രം പടച്ചുവിടുന്ന പലവിധത്തിലുള്ള ആശയങ്ങളോട് പ്രതികരിക്കാനും, അതില്‍ സര്‍ഗാത്മകവും സംവാദാത്മകവുമായ ഇടപെടല്‍ നടത്താനും ഒരു ബദല്‍ ജ്ഞാന ശാസ്ത്രത്തെക്കുറിച്ച അന്വേഷണം അനിവാര്യമാണ്. ഈയൊരു അനിവാര്യത പരിഗണിച്ച് ഇസ്ലാമിക ജ്ഞാന ശാസ്ത്രത്തെ പരിശോധിക്കുകയാണ്, ബ്രൂണെയ് യൂനിവേഴ്‌സിറ്റി ദാറുസ്സലാമില്‍ സുല്‍ത്താന്‍ ഒമര്‍ അലി സൈഫുദ്ദീന്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗത്തില്‍ ഗവേഷകനും അസോസിയേറ്റ് പ്രഫസറുമായ ഡോ. മുല്യാദി കര്‍ടനെഗാരെ തന്റെ ഋലൈിശേമഹ െീള കഹെമാശര ഋുശേെലാീഹീഴ്യ : അ ജവശഹീീെുവശരമഹ കിൂൗശൃ്യ കിീേ വേല ളീൗിറമശേീി ഛള ഗിീംഹലറഴല എന്ന പുസ്തകത്തില്‍.
പുസ്തകത്തിന്റെ ആദ്യഭാഗത്ത് ശാസ്ത്രം, ഇല്‍മ് എന്നീ പദങ്ങള്‍ ഉള്‍ക്കൊള്ളുന്ന അര്‍ഥതലങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്. ശാസ്ത്രം ഒരു വസ്തുവിനെക്കുറിച്ച 'ക്രമപ്പെടുത്തിയ അറിവ്' ആകുമ്പോള്‍, ഇല്‍മ് 'ഒരു വസ്തുവിനെക്കുറിച്ച യഥാര്‍ഥമായ അറിവ്' ആയി നിര്‍വചിക്കപ്പെടുന്നു. 'ക്രമപ്പെടുത്തിയ അറിവ്' കാലക്രമത്തില്‍ പഞ്ചേന്ദ്രിയങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥാപിത അറിവ് ആയി പുനര്‍നിര്‍വചിക്കപ്പെട്ടു. എന്നാല്‍, 'ഇല്‍മ്' എന്നതിന് കാലാന്തരത്തില്‍ മുന്‍ നിര്‍വചനത്തില്‍ നിന്ന് തെല്ലു പോലും മാറ്റം സംഭവിക്കുകയുണ്ടായില്ല. കാരണം, ഇല്‍മ് എന്നാല്‍ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ട വ്യക്തമായ അറിവാണ്. അതിനാല്‍, വ്യവസ്ഥാനുസൃതമായ ജ്ഞാനമായിത്തീരാന്‍ ശാസ്ത്രം പുലര്‍ത്തുന്ന മാനദണ്ഡങ്ങളൊക്കെയും ഇല്‍മും സ്വീകരിക്കുന്നുണ്ട്. ശാസ്ത്രം അനുഭവസിദ്ധമായതിലേക്ക് പരിമിതപ്പെടുകയാണുണ്ടായത്. 'ഇല്‍മ്' അനുഭവപരമല്ലാത്ത ഗണിതം, മെറ്റാഫിസിക്‌സ് തുടങ്ങിയ മേഖലകളെക്കൂടി ഉള്‍ക്കൊള്ളുകയും ചെയ്തു.
ശാസ്ത്രീയ വീക്ഷണങ്ങള്‍ പ്രപഞ്ചത്തിലെ മനുഷ്യന്റെ കുലീന സ്ഥാനത്തെ തകര്‍ക്കുകയാണുണ്ടായതെന്ന് ഗ്രന്ഥകാരന്‍ വാദിക്കുന്നു. ശാസ്ത്രത്തിന്റെ അതിപ്രസരം മതേതര ഭൗതികവാദത്തിലധിഷ്ഠിതമായ ഒരു ലോകവീക്ഷണം മുന്നോട്ടുവെച്ചു. അത് മനുഷ്യനെ സങ്കീര്‍ണമായ മസ്തിഷ്‌ക - നാഡീവ്യൂഹം മാത്രമായി നിര്‍വചിച്ചു. അതിനാല്‍, ശാസ്ത്രം മനുഷ്യനോടും മറ്റു ജീവജാലങ്ങളോടും സ്വീകരിക്കുന്ന ഈ ന്യൂനീകൃത സമീപനത്തെ പ്രശ്‌നവല്‍ക്കരിക്കണം. മനുഷ്യന്റെ ആത്മീയമാനത്തെയും പ്രപഞ്ചത്തില്‍ അവനുള്ള അര്‍ഥപൂര്‍ണമായ സ്ഥാനത്തെയും (ദൈവത്തിന്റെ പ്രതിനിധി) വീണ്ടെടുക്കണം. അതിന് മതവും തത്ത്വചിന്തയും ആവശ്യമായി വരുന്നുണ്ടെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു.
തുടര്‍ന്ന്, അറിവിന്റെ സ്രോതസ്സുകളെ പരിശോധിക്കുന്നു. പഞ്ചേന്ദ്രിയങ്ങള്‍ വഴി ലഭ്യമാവുന്ന ജ്ഞാനം ഒറ്റപ്പെട്ടതും ഭാഗികവുമാണ്. അതിനാല്‍, ഇന്ദ്രിയജന്യ വിവരങ്ങളെ സംയുക്തമായി ഏകീകരിക്കാന്‍ അവക്ക് സാധിക്കില്ല. അതിനായി പഞ്ചേന്ദ്രിയ ബാഹ്യമായ ഒരു കഴിവ് ആവശ്യമായി വരും. മനുഷ്യന്റെ ഉള്ളില്‍ നിലകൊള്ളുന്ന ഈയൊരു കഴിവിനെ ഇബ്‌നു സീനാ കണ്ടെത്തുന്നുണ്ടെന്ന് തുടര്‍ന്ന് രേഖപ്പെടുത്തുന്നു. തദ്‌സംബന്ധമായി ഇബ്‌നു സീനാ മുന്നോട്ടുവെച്ച അല്‍ഹിസ്സുല്‍ മുശ്തറക്ക്, ഖയാല്‍, വഹ്മ്, അല്‍മുതഖയ്യില എന്നീ സംജ്ഞകളെ പരിചയപ്പെടുത്തുന്നുമുണ്ട്. പഞ്ചേന്ദ്രിയ ലബ്ധമായ അറിവുകളില്‍ പലതും തെറ്റിദ്ധരിപ്പിക്കുന്നവ കൂടിയാണ്. അതിനാല്‍, ഒരു വസ്തുവിനെക്കുറിച്ച ശരിയായ ജ്ഞാനം കൈവരിക്കുന്നതില്‍ യുക്തിക്കു കൂടി പങ്കുണ്ട്. അതേസമയം യുക്തിപരമായ അറിവ് ഒരിക്കലും അഗാധ ജ്ഞാനവുമാവില്ല. ഹൃദയത്തെ അത്തരത്തിലൊരു ജ്ഞാന സമ്പാദനം സാധ്യമാവുന്ന സ്രോതസ്സായി എണ്ണുകയാണ് പിന്നെ ചെയ്യുന്നത്. ഏതൊരു വസ്തുവിനെയും അതിന്റെ യാഥാര്‍ഥ്യത്തില്‍ മനസ്സിലാക്കുന്നതിനായി ഭൗതികവും അതിഭൗതികവുമായ വസ്തുക്കളുടെയും അത് സംബന്ധിച്ചു നിലവില്‍ വന്ന വിവിധ വിജ്ഞാനങ്ങളുടെയും സത്താപരമായ നിലനില്‍പിനെ അദ്ദേഹം സ്ഥാപിക്കുന്നു. ശേഷം, ആധുനിക ശാസ്ത്രം വസ്തുക്കളെ മനസ്സിലാക്കാന്‍ അവലംബമാക്കുന്ന നിരീക്ഷണ രീതി ഭൗതിക വസ്തുതകളില്‍ പരിമിതമാണെന്നും അതിനാല്‍ മുസ്ലിം തത്ത്വചിന്തകരും ശാസ്ത്രജ്ഞരും വികസിപ്പിച്ച ബുര്‍ഹാനി, ഇര്‍ഫാനി, അല്‍ഇല്‍മുല്‍ ഹുദൂരി എന്നീ നിരീക്ഷണ രീതികള്‍ വളരെ പ്രസക്തമാണെന്നും ഗ്രന്ഥ കര്‍ത്താവ് സൂചിപ്പിക്കുന്നു. അവസാന ഭാഗത്ത്, വിദേശ ശാസ്ത്രങ്ങളെ പുതിയ ദേശത്തെ സംസ്‌കാരത്തിന് യോജിച്ച രീതിയില്‍ പൂര്‍ണമായി സ്വാംശീകരിക്കുന്ന 'അറിവിന്റെ സ്വാഭാവികവല്‍ക്കരണം' എന്ന പ്രക്രിയയെ വിശദീകരിക്കുകയും, ഈയൊരു സ്വാഭാവികവല്‍ക്കരണം അറിവിന്റെ യവനവല്‍ക്കരണത്തിലും ക്രൈസ്തവ വല്‍ക്കരണത്തിലും ഇസ്‌ലാമിക വല്‍ക്കരണത്തിലും കാണാന്‍ സാധിക്കുന്നുണ്ടെന്ന നിരീക്ഷണം മുന്നോട്ടു വെക്കുകയും ചെയ്യുന്നു.
ജ്ഞാന ശാസ്ത്ര പാഠ്യപദ്ധതിയുടെ ഭാഗമായി രചിക്കപ്പെട്ട ഈ പുസ്തകം ഇസ്ലാമിക ജ്ഞാനശാസ്ത്രത്തിലേക്കുള്ള പ്രവേശികയാണ്. അതിനാല്‍, അറിവിന്റെ തത്ത്വചിന്ത പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ജ്ഞാനശാസ്ത്രത്തിന്റെ അടിത്തറ തേടുന്ന വായനക്കാര്‍ക്കും ഉപകാരപ്രദമാണ്. ഇംഗ്ലീഷില്‍ രചിക്കപ്പെട്ട ഈ പുസ്തകത്തിന്റെ മലയാള മൊഴിമാറ്റമായ ഇസ്ലാമിക ജ്ഞാന ശാസ്ത്രത്തിനൊരാമുഖം സുഗ്രാഹ്യവും ലളിതവുമായി മൊഴിമാറ്റം നടത്തിയിരിക്കുന്നത് ഹസീം മുഹമ്മദ് ആണ്. ഇമാം ഗസ്സാലി: ചിന്തയും നവോത്ഥാനവും എന്ന ഗ്രന്ഥവും അദ്ദേഹത്തിന്റെതാണ്.
ഇസ്‌ലാമിക
ജ്ഞാന ശാസ്ത്രത്തി
നൊരാമുഖം
ഡോ. മുല്യാദി കര്‍ടനെഗാര
വിവ: ഹസീം മുഹമ്മദ്
ബുക് പ്ലസ് പബ്ലിഷേഴ്‌സ്
വില: 220 രൂപ
Comments