ഫാഷിസത്തിനെതിരെ വിവേകപൂര്‍ണമായ രാഷ്ട്രീയ പോരാട്ടം നയിക്കണം
അഭിമുഖം /
വിനയമുള്ള വ്യക്തിത്വം, നിലപാടുകളുള്ള നേതൃത്വം - ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഇങ്ങനെ വിശേഷിപ്പിക്കാം. പി.എം.എസ്.എ പൂക്കോയ തങ്ങളുടെയും ഖദീജ ഇമ്പിച്ചി ബീവിയുടെയും മകനായി 1964-ലാണ് അദ്ദേഹത്തിന്റെ ജനനം. മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, ഹൈദറലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, കുഞ്ഞിബീവി എന്നിവര്‍ സഹോദരങ്ങള്‍. എസ്.കെ.എസ്.എസ്.എഫിന്റെയും മുസ്‌ലിം യൂത്ത് ലീഗിന്റെയും സംസ്ഥാന പ്രസിഡന്റും മുസ്‌ലിം ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്നു സാദിഖലി തങ്ങള്‍. നിരവധി മഹല്ലുകളുടെ ഖാദിയായ അദ്ദേഹം, പട്ടിക്കാട് ജാമിഅ നൂരിയ്യ, വളവന്നൂര്‍ ബാഫഖി യതീംഖാന ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും സാരഥ്യം വഹിക്കുന്നു. 2022 മാര്‍ച്ചില്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ജൂണില്‍ നടത്തിയ സൗഹൃദ സദസ്സ് ഏറെ ശ്രദ്ധിക്കപ്പെട്ടു. പാണക്കാട്ടെ സ്വവസതിയില്‍ നിന്ന്, പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്കുള്ള യാത്രക്കിടയിലാണ് പ്രബോധനം വാരികക്ക് വേണ്ടി അദ്ദേഹം സംസാരിച്ചത്.
മുസ്‌ലിം ലീഗിന്റെ ചരിത്രത്തില്‍ വ്യത്യസ്തമായൊരു അനുഭവമാണ് സൗഹൃദ സദസ്സ്. വിപുലമായ പരിപാടികള്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞപ്പോള്‍ ലഭിച്ച പാഠങ്ങള്‍ എന്തൊക്കെയാണ്?
കേരളം വ്യത്യസ്തമായൊരു സംസ്ഥാനമാണ്. ഇന്ത്യയിലെ ഇതര പ്രദേശങ്ങള്‍ക്കില്ലാത്ത സവിശേഷതകള്‍ മലയാള മണ്ണിനുണ്ട്. മത നിരപേക്ഷതയുടെയും സാമുദായിക സൗഹാര്‍ദത്തിന്റെയും അന്തരീക്ഷം ഇവിടെ ശക്തമാണ്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ സാമൂഹികാവസ്ഥകള്‍ ഏറെ ആരോഗ്യകരമാണ്. ഇതാണ് ചരിത്രാനുഭവം. പക്ഷേ, സമീപകാലത്തെ ചില സംഭവങ്ങള്‍, ഇതിന് വിപരീതമായ അവസ്ഥകള്‍ക്ക് കാരണമാകുമെന്ന ആശങ്ക ഉയര്‍ത്തുകയുണ്ടായി. ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് തുടങ്ങിയ വിവാദങ്ങള്‍ ഉദാഹരണം.
കേരളത്തിന്റെ സാമൂഹികാന്തരീക്ഷം വിഷലിപ്തമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ നാം ജാഗ്രതയോടെ നില കൊള്ളണം. കാര്യങ്ങള്‍ കൈവിട്ടു പോകരുത്. എല്ലാവരെയും ചേര്‍ത്തുപിടിച്ചും എല്ലാവരോടും ചേര്‍ന്നിരുന്ന് സംഭാഷണങ്ങള്‍ നടത്തിയും ക്രിയാത്മകമായ ചുവടുവെപ്പുകള്‍ ഇതിനായി ഉണ്ടാകണം. ഇതിന്റെ ആദ്യപടിയായിരുന്നു, മുസ്‌ലിം ലീഗ് സംഘടിപ്പിച്ച സൗഹൃദ സദസ്സ്. ഉയര്‍ന്ന വ്യക്തിത്വങ്ങളെ ജില്ലാതലങ്ങളില്‍ ഒരുമിച്ചുചേര്‍ത്ത് ഒരു തുറന്ന ചര്‍ച്ചയാണ് ആസൂത്രണം ചെയ്തത്. പാര്‍ട്ടിക്ക് മുന്‍ മാതൃകയില്ലാത്തതായിരുന്നു ഇത്തരമൊരു യാത്ര. പ്രാദേശിക തലങ്ങളിലെ ചില പരിപാടികളും മുസ്‌ലിം നേതാക്കള്‍ മാത്രം പങ്കെടുക്കുന്ന സൗഹൃദ വേദിയുടെ യോഗങ്ങളുമൊക്കെയാണ് ഈ വിധത്തില്‍ മുമ്പ് നടന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ, വ്യത്യസ്ത മതനേതാക്കളും പൗരപ്രമുഖരും ഇതിനെ എങ്ങനെ സ്വീകരിക്കും എന്നതില്‍ ചില ആശങ്കകളൊക്കെ ഉണ്ടായിരുന്നു.
പക്ഷേ, സൗഹൃദ സദസ്സിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഉണ്ടായ അനുഭവങ്ങള്‍ വലിയ ആത്മവിശ്വാസം തരുന്നതായി. സമുദായ സൗഹാര്‍ദത്തിന്റെ ശബ്ദത്തിനായി കേരളത്തിലെ എല്ലാ വിഭാഗങ്ങളും കാതോര്‍ത്തിരിക്കുന്നതായി പലരും തുറന്ന് പറയുകയുണ്ടായി.
യാത്ര ആരംഭിച്ച, സപ്ത ഭാഷാ സംഗമഭൂമിയായ കാസര്‍കോട്ടെ പരിപാടിയില്‍ എല്ലാ വിഭാഗക്കാരും പങ്കെടുത്തു. ഒരുപാട് പ്രത്യേകതകളുള്ള നാടാണ് കാസര്‍കോട്. ഹിന്ദുക്കളും മുസ്‌ലിംകളും ക്രൈസ്തവരും അവിടെയുണ്ട്. അവരവരുടേതായ മേഖലകളില്‍ എല്ലാവരും ശക്തരാണ്. തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ശക്തമായ മത്സരം കാഴ്ചവെക്കുന്ന മണ്ഡലങ്ങളും കാസര്‍കോട്ടുണ്ട്. പൊതുവെ നിലനില്‍ക്കുന്ന സൗഹാര്‍ദത്തോടൊപ്പം, ചില സന്ദര്‍ഭങ്ങളില്‍ ചെറിയ സംഘര്‍ഷങ്ങളും അവിടെ ഉണ്ടാകാറുണ്ട്. പക്ഷേ, കാസര്‍കോട്ട് സംഘടിപ്പിച്ച ആദ്യത്തെ സംഗമം തന്നെ പ്രതീക്ഷാനിര്‍ഭരമായിരുന്നു. ഭിന്ന വീക്ഷണക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു എന്നതു തന്നെ ശ്രദ്ധേയമായിരുന്നു.
കാസര്‍കോട് ഉള്‍പ്പെടെ പലയിടങ്ങളിലെയും സംഗമങ്ങളില്‍ ശ്രദ്ധിച്ച ഒരു കാര്യം, മനസ്സിലുള്ള ആശങ്കള്‍ എല്ലാവരും തുറന്നുപറഞ്ഞു എന്നതാണ്. രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് പലരുടെയും ഉള്ളില്‍ ആശങ്കകളുണ്ട്. അതുകൊണ്ട്, പ്രശ്‌നങ്ങള്‍ കാണാതെ, സമാധാനവും സൗഹാര്‍ദവുമാണ് ഇവിടെയുള്ളത് എന്നൊക്കെ പ്രസംഗിക്കുന്നതില്‍ അര്‍ഥമില്ല. ഇതിന് പരിഹാരമുണ്ടാകണം. കൂടിയിരുന്ന് പ്രശ്‌നങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യുക എന്നതാണ് ഇതിന്റെ ഒന്നാമത്തെ ഘട്ടം. എന്നാല്‍ ഇത്രയും കാലമായിട്ട്, ഇതിന് വിപുലമായ വേദികളുണ്ടായിരുന്നില്ല. സൗഹൃദ സദസ്സ് ആ ശൂന്യത നികത്തി. ധ്രുവീകരണങ്ങളും സംഘര്‍ഷങ്ങളും ഇല്ലാതാക്കുന്നതില്‍ ഡയലോഗ് വളരെ പ്രധാനമാണ്. ഓരോരുത്തരും അവരവരുടെ ഇടങ്ങളിലിരുന്ന് തോന്നിയതെല്ലാം വിളിച്ചുപറഞ്ഞാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയേ ഉള്ളൂ. ഇതിനു പകരം, മുഖാമുഖം ഇരുന്ന് ഉള്ളു തുറക്കണം. അതിനുള്ള അവസരമാണ് ഈ യാത്ര ഒരുക്കിയത്. ഇതിവിടെ അവസാനിക്കേണ്ടതല്ല. പ്രാദേശിക തലങ്ങളില്‍ കുറെക്കൂടി സജീവമായി ഇത്തരം ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ഈ ചര്‍ച്ചകളില്‍ രൂപപ്പെടുന്ന ആശയങ്ങള്‍ പ്രയോഗത്തില്‍ വരുത്തുക എന്നതാണ് ഇനി ചേയ്യേണ്ടത്.
ഈ യാത്ര, മുസ്‌ലിം ലീഗിന് അംഗീകാരവും സജീവതയും നല്‍കുന്നതിനപ്പുറം, കൂടുതല്‍ ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നു എന്നതാണ് പ്രധാനം. ഇക്കാലത്ത് പാര്‍ട്ടിക്ക് നിര്‍വഹിക്കാനുള്ള ദൗത്യം വലുതാണ്. വൈകാരികതകള്‍ക്കപ്പുറത്ത്, കാര്യങ്ങളെ വിവേകപൂര്‍വം സമീപിക്കാനാകണം. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ നമുക്ക് ബാധ്യതയുണ്ട്. ആ ബാധ്യതകള്‍ നിര്‍വഹിക്കുന്നതിലാണ് ശ്രദ്ധയൂന്നേണ്ടത്.
സൗഹൃദത്തിന്റെ രണ്ട് തലങ്ങള്‍ക്ക് ഈ സദസ്സ് വേദിയായിട്ടുണ്ട്. ഒന്ന്, വ്യത്യസ്ത മത സമുദായങ്ങളുടെ പ്രതിനിധികള്‍ പരിപാടികളില്‍ സംബന്ധിച്ചു. രണ്ട്, മുസ്‌ലിം സമുദായത്തിലെ വിവിധ കക്ഷികളുടെ നേതാക്കള്‍ ഒരുമിച്ചിരുന്നു. വര്‍ഗീയ ധ്രുവീകരണത്തിന്റെ പ്രയാസങ്ങള്‍ക്കിടയിലും, വ്യത്യസ്ത മത നേതാക്കള്‍ നല്‍കുന്ന പ്രതീക്ഷകള്‍ എന്താണ്?
കാസര്‍കോട്ടെ സംഗമത്തില്‍ ചിന്മയ മിഷന്റെ സംസ്ഥാന അധ്യക്ഷന്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യവും സംസാരവും ശ്രദ്ധിക്കപ്പെട്ടു. 'ഇങ്ങനെ എല്ലാ വിഭാഗക്കാരെയും ഈ വിധത്തില്‍ ഒരുമിച്ചിരുത്താന്‍ മുസ്‌ലിം ലീഗിന് കഴിയുന്നു. മാത്രമല്ല, സംഘര്‍ഷങ്ങളുടെ സന്ദര്‍ഭത്തില്‍ മലപ്പുറത്തു നിന്നുള്ള ഒരു ശബ്ദത്തിന് ഞങ്ങള്‍ കാതോര്‍ക്കാറുണ്ട്. അത് വന്നുകഴിഞ്ഞാല്‍ സമാധാനമാണ്' - അദ്ദേഹം പറഞ്ഞു. ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ പൊതുവെ മടിക്കുന്ന, പലരും ക്ഷണിച്ചാലും പോകാന്‍ മനസ്സുവെക്കാത്ത ചില മതമേലധ്യക്ഷന്മാരുണ്ട്. പല ജില്ലകളിലും അവര്‍ സൗഹൃദ സംഗമങ്ങളില്‍ പങ്കെടുത്തു. ഒരേ വിഭാഗത്തില്‍ പെട്ടവരാണെങ്കിലും പരസ്പര ഭിന്നതകള്‍ കാരണം ഒരുമിച്ചിരിക്കാത്ത ഒരേ സമുദായത്തിലെ മതപുരോഹിതര്‍ മുസ്‌ലിം ലീഗ് ക്ഷണിച്ചപ്പോള്‍ ഒത്തു ചേരാന്‍ തയാറായി. അവര്‍ പരസ്പരം നേരില്‍ കണ്ടത് തന്നെ ഈ സൗഹൃദ സംഗമത്തിലാണ്! 'ഞങ്ങള്‍ ക്ഷണിച്ചാല്‍ പോലും ഇവര്‍ ഒരുമിച്ചിരിക്കാറില്ല. നിങ്ങള്‍ക്കിത് എങ്ങനെ സാധിച്ചു?'- ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവ് തെക്കന്‍ കേരളത്തിലെ ഒരു പരിപാടിക്കിടെ ചോദിക്കുകയുണ്ടായി.
എല്ലാ വിഭാഗക്കാരും ഒരുമിച്ചിരുന്നിരുന്ന പൊതു ഇടങ്ങള്‍ വലിയ തോതില്‍ കുറയുകയോ നഷ്ടപ്പെടുകയോ ചെയ്തത് സാമുദായിക ധ്രുവീകരണം വര്‍ധിപ്പിക്കാനും വര്‍ഗീയത വളര്‍ത്താനും കാരണമായിട്ടില്ലേ?
പൊതു ഇടങ്ങള്‍ നമ്മുടെ നാടിന്റെ പ്രത്യേകതകളില്‍ ഒന്നായിരുന്നു. ചായ മക്കാനികള്‍, ആല്‍ത്തറകള്‍, നാട്ടുവഴികള്‍, പൊതു വായനശാലകള്‍-ഇവിടങ്ങളിലെല്ലാം മനുഷ്യര്‍ ഒരുമിച്ചിരിക്കാറുണ്ടായിരുന്നു. ഇത് പരസ്പരമുള്ള അടുപ്പം കൂട്ടി, അകലം കുറച്ചു. നഗരവല്‍ക്കരണം, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ പലതും പൊതു ഇടങ്ങള്‍ കുറയാന്‍ കാരണമായി. ഇതിന് പരിഹാരം ഉണ്ടാകേണ്ടതുണ്ട്. പൊതു ഇടങ്ങള്‍ പുനഃസൃഷ്ടിക്കണം. ഇത്തരമൊരു അഭിപ്രായവും സംഗമങ്ങളില്‍ ഉയര്‍ന്നു വരികയുണ്ടായി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സൗഹൃദ വേദികളും സംഗമങ്ങളും സംഘടിപ്പിക്കുകയാണ് മറ്റൊരു പ്രധാന ചുവടുവെപ്പ്. വ്യത്യസ്ത ആശയധാരകളിലും വിശ്വാസ തലങ്ങളിലുമുള്ള വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മറ്റും അടുത്തറിയാനും സൗഹൃദം ഉറപ്പിക്കാനും സാധിച്ചാല്‍, അത് രാജ്യത്തിന്റെ ഭാവിക്ക് വലിയ മുതല്‍ക്കൂട്ടായിരിക്കും. ഓരോ വിഭാഗത്തിനും മറ്റുള്ളവരെക്കുറിച്ച് അറിയാനും പഠിക്കാനും സാധിക്കുന്ന പൊതു പാഠപുസ്തകങ്ങളും ഉണ്ടാകണം. മദ്‌റസയില്‍ പോകുന്ന മുസ്‌ലിം വിദ്യാര്‍ഥി ഇസ്‌ലാം പഠിക്കുന്നു. ഹിന്ദു, ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ അവരവരുടെ മതം പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നു. എന്നാല്‍, എല്ലാ മതവിഭാഗങ്ങള്‍ക്കും മറ്റു മത വിശ്വാസങ്ങളെയും മൂല്യങ്ങളെയും കുറിച്ച് പഠിക്കാന്‍ സംവിധാനമുണ്ടാകണം. ഈ അറിവ് അകല്‍ച്ച കുറക്കുകയും വര്‍ഗീയവല്‍ക്കരണത്തിന്റെ സാധ്യതകള്‍ ഒരു പരിധി വരെ ഇല്ലാതാക്കുകയും ചെയ്യും.
അനൈക്യത്തിന്റെ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ധാരാളമുണ്ട്, മുസ്‌ലിംകള്‍ക്കിടയില്‍. സൗഹൃദ സദസ്സില്‍ പക്ഷേ, എല്ലാ മുസ്‌ലിം സംഘടനകളും ഒരുമിച്ചിരുന്നു. സൗഹൃദ വേദിയോട് മുഖംതിരിച്ചിരുന്നവരും ഈ പരിപാടിയില്‍ പങ്കെടുത്തു. എന്തായിരുന്നു ആ അനുഭവം? ഇസ്‌ലാമിനും ഇന്ത്യാ രാജ്യത്തിനും വേണ്ടിയുള്ള, ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മാര്‍ഗത്തിലുള്ള മുസ്‌ലിം സംഘടനകളുടെ ഐക്യത്തിന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമോ? പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ നേത്യത്വം നല്‍കിയ മുസ്‌ലിം സൗഹൃദ വേദിയുടെ പുനരുജ്ജീവനത്തിന് സാധ്യതയുണ്ടോ?
വ്യത്യസ്ത മുസ്‌ലിം സംഘടനാ പ്രതിനിധികളെ പരിപാടികളിലേക്ക് ക്ഷണിച്ചപ്പോള്‍, ആരും മടി കാണിച്ചില്ല; വിയോജിപ്പ് രേഖപ്പെടുത്തിയതുമില്ല. നേരത്തെ സൗഹൃദ വേദിയില്‍ വരാതിരുന്നവര്‍ പോലും ഇതില്‍ പങ്കാളികളാകാന്‍ മനസ്സ്‌വെച്ചു. മുസ്‌ലിം സംഘടനകളെ ഒരുമിച്ചിരുത്താവുന്ന ഒരു പൊതു പ്ലാറ്റ്‌ഫോം മുസ്‌ലിം ലീഗിന്റെ സാധ്യതയാണ്. മുസ്‌ലിം സൗഹൃദവേദിയുടെ വിജയങ്ങളില്‍ ഒന്ന് ഇതായിരുന്നു. കക്ഷിത്വങ്ങള്‍ക്കപ്പുറം, പൊതു വിഷയങ്ങളില്‍ ഒരുമിക്കേണ്ടതിന്റെ ആവശ്യകത കുറേയൊക്കെ മുസ്‌ലിം സംഘടനകള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പല സംഘടനകളും ഒരുമിച്ചിരിക്കുന്നിടത്തു നിന്ന് ഞങ്ങള്‍ മാത്രം വിട്ടുനിന്നാല്‍, അത് കാലത്തോട് ചെയ്യുന്ന അനീതിയായിരിക്കുമെന്ന് പലരും തിരിച്ചറിഞ്ഞിട്ടുണ്ടാകണം. കാലഘട്ടം ആവശ്യപ്പെടുന്ന കൂട്ടായ്മയാണിത് എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടായിട്ടുണ്ട്.
മുസ്‌ലിം സൗഹൃദ വേദി ഏറക്കാലമായി നിര്‍ജീവമാണല്ലോ. സൗഹൃദ സദസ്സിന്റെ തുടര്‍ പ്രവര്‍ത്തനമെന്നോണം, സൗഹൃദവേദി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമോ?
കേരളത്തിലെ മുസ്‌ലിം സൗഹൃദ വേദി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തും. കോഴിക്കോട്ട് ഒരു നോമ്പ് തുറക്ക് ഒരുമിച്ചു ചേരുന്നതിനപ്പുറം, ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന സ്വഭാവത്തിലേക്ക് മുസ്‌ലിം സൗഹൃദ വേദിയെ സജീവമാക്കേണ്ടതുണ്ട്. വിവിധ നേതാക്കളുമായുള്ള അനൗപചാരിക ചര്‍ച്ചക്കിടയില്‍ ഇതു സംബന്ധിച്ച അഭിപ്രായങ്ങള്‍ പങ്കുവെക്കുകയുണ്ടായി. തീര്‍ച്ചയായും ഔപചാരിക സ്വഭാവത്തില്‍ ഇതിന് തുടര്‍ച്ചയുണ്ടാകണം.
പ്രവാചകനിന്ദ, ബുള്‍ഡോസിംഗ് ഉള്‍പ്പെടെ ആശങ്കപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ സമീപകാലത്തുണ്ടായി. പക്ഷേ, ദല്‍ഹിയിലോ കേരളത്തിലോ മുസ്‌ലിം സംഘടനാ നേതാക്കള്‍ പ്രത്യേകമായി യോഗം ചേരുകയോ, ഒരുമിച്ചുനിന്ന് രാജ്യത്തെയും മുസ്‌ലിം സമുദായത്തെയും അഭിസംബോധന ചെയ്യുകയോ ചെയ്തതായി കാണുന്നില്ല?
നേരത്തെ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് പോലുള്ള വേദികള്‍ സജീവമായിരുന്നു. അക്കാലത്തൊക്കെ, മുസ്‌ലിം സംഘടനകള്‍ ഒരുമിച്ചിരിക്കുകയും യോഗം ചേര്‍ന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു. ശരീഅത്ത് വിവാദ കാലത്തൊക്കെ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ഇടപെടലുകളും മറ്റുമാണ്, യോജിച്ച പോരാട്ടത്തിലേക്ക് സംഘടനകളെ കൊണ്ടുവന്നത്. അതിന് വലിയ ഫലങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഒരുമിച്ചു നിന്നതുകൊണ്ടാണ് ഇത് സാധിച്ചത്. പക്ഷേ അതിനു ശേഷം, പ്രത്യേകിച്ചും നമ്മുടെ കാലത്ത് അഖിലേന്ത്യാ തലത്തില്‍ അത്തരമൊരു കൂട്ടായ്മ ഉണ്ടായിട്ടില്ല. കേരളത്തില്‍ നടന്ന സൗഹൃദ സംഗമങ്ങള്‍ പോലെ, ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലും വ്യത്യസ്തങ്ങളായ പരിപാടികള്‍ നടക്കണം. ബാംഗ്ലൂരില്‍ രണ്ടാഴ്ച മുമ്പ് ഇത്തരമൊരു സംഗമം നടക്കുകയുണ്ടായി. തുടര്‍ന്ന് ചെന്നൈ, മുംബൈ, ദല്‍ഹി ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സൗഹൃദ സംഗമങ്ങള്‍ നടത്തും. ഇതിന്റെ ഭാഗമെന്നോണം പ്രത്യേകമായ മുസ്‌ലിം നേതൃസംഗമങ്ങളും സംഘടിപ്പിക്കേണ്ടതുണ്ട്.
നൂറ് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കേണ്ട 'ഹിന്ദുത്വ ജാതി രാഷ്ട്ര'ത്തിന്റെ അജണ്ടകള്‍ എഴുതി പ്രസിദ്ധീകരിച്ച സംഘ് പരിവാര്‍ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. 2024-ഓടെ അത് പൂര്‍ത്തിയാകുന്ന സാഹചര്യമാണുള്ളത്. ഭരണകൂടത്തിന്റെ ഏതാണ്ടെല്ലാ തലങ്ങളും അവര്‍ അധീനപ്പെടുത്തിക്കഴിഞ്ഞു. എങ്ങനെ മറികടക്കും ഈ സാഹചര്യത്തെ?
രാഷ്ട്രീയ അധികാരത്തിലൂടെയാണ് സംഘ് പരിവാര്‍ അവരുടെ അജണ്ടകള്‍ വലിയ തോതില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. സംഘ് പരിവാര്‍ ഇവിടെ സജീവമായിരുന്നിട്ടും, കഴിഞ്ഞ പത്തു വര്‍ഷം മുമ്പുവരെ അവര്‍ക്ക് ഇവ്വിധം ചെയ്യാന്‍ കഴിയാതിരുന്നത്, രാഷ്ട്രീയ അധികാരം അവരുടെ കൈയില്‍ ഇല്ലാതിരുന്നതുകൊണ്ടാണ്. പക്ഷേ, ഇപ്പോഴതുണ്ട്. നരേന്ദ്ര മോദിയുടെ അധികാര പ്രവേശത്തോടെ, ആര്‍.എസ്.എസ് അജണ്ടകള്‍ ഒന്നൊന്നായി നടപ്പാക്കപ്പെടുകയാണ്. ഇതേ സംവിധാനത്തിലൂടെ തന്നെയാണ് അതിനെ മറികടക്കാനാവുക. മതനിരപേക്ഷ കക്ഷികള്‍ രാഷ്ട്രീയ അധികാരം തിരിച്ചുപിടിച്ച് വര്‍ഗീയതയെ തുരത്തണം. രാഷ്ട്രീയ പോരാട്ടത്തിലൂടെ ഫാഷിസത്തെ തുരത്തി, മതേതര ഇന്ത്യയെ തിരിച്ചുപിടിക്കണം.
മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ കാര്യമായ പങ്കുവഹിക്കാനുള്ളത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും, പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളും എല്ലാം ഇതില്‍ വലിയ ജാഗ്രത പുലര്‍ത്തണം. മതേതര കക്ഷികള്‍ക്ക് ലഭിക്കുന്ന വോട്ടുകള്‍ ഭിന്നിക്കുകയാണ്. ബി.ജെ.പിയെക്കാള്‍ വോട്ട് മറുഭാഗത്തുണ്ടെങ്കിലും അത് പല പെട്ടികളിലാണ് വീഴുന്നത്. ഈ വോട്ട് ബി.ജെ.പിക്കെതിരെ ഏകീകരിക്കണം. കാലേക്കൂട്ടിയുള്ള ആസൂത്രണങ്ങള്‍ മതേതര കക്ഷികളില്‍ നിന്ന് ഉണ്ടാകണം. മുന്നണി ബന്ധങ്ങള്‍ ശക്തിപ്പെടുത്തണം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തന്നെ യോജിച്ച നീക്കങ്ങള്‍ ആകാമായിരുന്നു. പക്ഷേ, ബി.ജെ.പി മുന്‍കൂട്ടിക്കണ്ട് കാര്യങ്ങള്‍ ചെയ്തു. മതേതര കക്ഷികള്‍ക്ക് അത് കഴിഞ്ഞില്ല. ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഇത് സംഭവിക്കരുത്. രാഷ്ട്രീയ പോരാട്ടത്തില്‍ ഒരുമിച്ചു നില്‍ക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതാണ് ഫാഷിസ്റ്റ് ഭീഷണിയെ മറികടക്കാനുള്ള പ്രധാന വഴി.
ഫാഷിസം സര്‍വതലങ്ങളിലും വിനാശം വിതക്കും. സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളില്‍ മതന്യൂനപക്ഷങ്ങളെ ഉന്നം വെക്കും. വിദ്യാഭ്യാസ രംഗത്ത് നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമങ്ങളുണ്ടാകും; ഹിജാബ് പ്രശ്‌നം പോലെ. സാമ്പത്തികമായി തകര്‍ക്കാനുള്ള അജണ്ടകളുമുണ്ടാകാം. ബാങ്ക് വിളിയും ആരാധനകളും വരെ നിയന്ത്രിക്കപ്പെടാം. ഇതിനെ എങ്ങനെ അഭിമുഖീകരിക്കും?
മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതി പലരെയും അസൂയപ്പെടുത്തുന്നതാണ്. സ്വാതന്ത്ര്യാനന്തരം ദുര്‍ബലരായിരുന്നു ഇന്ത്യന്‍ മുസ് ലിംകള്‍. സമ്പന്നരും വിദ്യാഭ്യാസമുള്ളവരും മറ്റും വിഭജനത്തോടെ പാകിസ്താനിലേക്ക് പോയി. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ തന്നെ ജീവിക്കാന്‍ തീരുമാനിച്ച മുസ്‌ലിംകള്‍ ഈ രാജ്യത്തോട് സ്‌നേഹവും ആത്മബന്ധവുമുള്ളവരാണ്. അവരെ ദേശദ്രോഹികളായി മുദ്രകുത്തുകയാണ് വര്‍ഗീയ വാദികള്‍. സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിംകള്‍, വിശേഷിച്ചും കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പതിറ്റാണ്ടുകള്‍ പരിശ്രമിച്ച് വലിയ വളര്‍ച്ച നേടിയെടുക്കുകയുണ്ടായി. വിദ്യാഭ്യാസ രംഗത്ത് ഉള്‍പ്പെടെ നേടിയ മുന്നേറ്റം കേരളത്തില്‍ വളരെ പ്രകടമാണ്. കര്‍ണാടകയില്‍, ബംഗളൂരും മറ്റും കേന്ദ്രീകരിച്ചാണ് മുസ്‌ലിംകള്‍ വിദ്യാഭ്യാസ- സാമ്പത്തിക വളര്‍ച്ച കൈവരിച്ചിട്ടുള്ളത്. ഇത് വര്‍ഗീയ ഫാഷിസ്റ്റുകളെ ഏറെ അലോസരപ്പെടുത്തുന്നുണ്ട്. ഹിജാബ് വിഷയത്തില്‍ സംഘ് പരിവാര്‍ കര്‍ണാടകയെ തെരഞ്ഞെടുക്കാനുള്ള ഒരു കാരണം, വിദ്യാഭ്യാസ രംഗത്തെ മുസ്‌ലിംവളര്‍ച്ച അവിടെ പ്രകടമാണ് എന്നുള്ളതാണ്. ഫാഷിസ്റ്റുകളുടെ ഒരു ടാര്‍ഗറ്റാണ് ഇന്ന് കര്‍ണാടക. മുസ്‌ലിം സമൂഹത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുക, അവരെ ഒന്നുമല്ലാതാക്കുക എന്നതാണ് ലക്ഷ്യം.
ഒന്നാമതായി, ഫാഷിസത്തെ രാഷ്ട്രീയമായി നേരിടണം. മതേതര കക്ഷികളുമായി പരമാവധി സഹകരിക്കണം. രണ്ടാമതായി, മുസ്‌ലിം സമൂഹം സ്വന്തം അജണ്ടകളുമായി, വിദ്യാഭ്യാസ രംഗത്തും മറ്റെല്ലാ മേഖലകളിലും കൂടുതല്‍ സജീവമാകണം. ഒരു വഴി അടയ്ക്കുമ്പോള്‍, മറ്റൊരുപാട് വഴികള്‍ തുറക്കണം. ഇതിന് നമുക്ക് സാധിക്കും. നമ്മുടെ വിഭവശേഷി അതിന് പ്രയോജനപ്പെടുത്തണം. മൂന്നാമതായി, ഐക്യം കാത്തുസൂക്ഷിക്കണം. സംഘബോധമുള്ള സമൂഹമാകണം മുസ്‌ലിംകള്‍. എന്തിനും ഏതിനും പരസ്പരം പഴിചാരുന്ന ഭിന്നതയുടെ ശൈലി ഉപേക്ഷിക്കണം. ഒരുമിച്ച് നില്‍ക്കുക എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. അതുകൊണ്ട്, മുസ്‌ലിം സമൂഹത്തിലെ എല്ലാ സംഘടനകളും ഒറ്റക്കെട്ടായി നില്‍ക്കണം. ഒരുമിച്ച് നിന്ന് പോരാടുക എന്നതു തന്നെയാണ്, ഫാഷിസത്തെ അതിജയിക്കാനുള്ള പ്രധാന മാര്‍ഗം.
വഖ്ഫ് ബോര്‍ഡിലെ പി.എസ്.സി നിയമന വിഷയത്തില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് തെറ്റായ നിലപാട് തിരുത്തിയത് ഈ സംഘടിത പോരാട്ടത്തിന്റെ വിജയമാണല്ലോ!
ഏകപക്ഷീയമായ നടപടിയായിരുന്നു വഖ്ഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥ നിയമനത്തില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് സ്വീകരിച്ചത്. നിയമനങ്ങള്‍ പി.എസ്.എസിക്ക് വിടാനുള്ള തീരുമാനം പലതരം പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നതായിരുന്നു. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തതാണിത്. കേന്ദ്ര വഖ്ഫ് ആക്ടിനും ഇത് എതിരായിരുന്നു. ഇതിനെതിരെ മുസ്‌ലിം സംഘടനകള്‍ യോജിച്ച പോരാട്ടം തന്നെ നടത്തുകയുണ്ടായി. സംയുക്ത നിയമസഭാ മാര്‍ച്ച് സംഘടിപ്പിച്ചു. ഇഛാ ശക്തിയുള്ള പോരാട്ടമായിരുന്നു ഇത്. മുസ്‌ലിം ലീഗും ശക്തമായ പ്രക്ഷോഭം നയിച്ചു, നിയമസഭയിലും പ്രശ്‌നം ഉന്നയിച്ചു.
തുടര്‍ന്ന് എല്‍.ഡി.എഫ് ഗവണ്‍മെന്റ് തെറ്റായ നയം തിരുത്തിയിരിക്കുന്നു. മുസ്‌ലിം സംഘടനകള്‍ കാഴ്ചവെച്ച ഐക്യത്തിന്റെ നേട്ടമാണിത്. പ്രതീക്ഷ നല്‍കുന്നതാണ് ഈ അനുഭവം. ഒരു പ്രശ്‌നമുണ്ടായപ്പോള്‍ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ കാണിച്ച ഈ നിലപാട് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിലും കാണേണ്ടതുണ്ട്.
മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന മത നേതാക്കളെയും, മതനിരപേക്ഷരായ സാഹിത്യ സാംസ്‌കാരിക നായകരെയും മറ്റും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ എങ്ങനെ അണിനിരത്താനാകും? ഇവരില്‍ പലരും മുസ്‌ലിം സദസ്സില്‍ സൗഹാര്‍ദവും സമാധാനവും പ്രസംഗിക്കും. പക്ഷേ, വര്‍ഗീയവല്‍ക്കരിക്കപ്പെടാന്‍ സാധ്യതയുള്ള, സംഘ് പരിവാറിന്റെ ഭാഗമായേക്കാവുന്ന ഭൂരിപക്ഷ സമുദായാംഗങ്ങളോട് ഫാഷിസത്തിനെതിരെ അവര്‍ എത്രത്തോളം സംസാരിക്കുന്നുണ്ട്? കൂട്ടക്കൊലകള്‍, നബി നിന്ദ, മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം തുടങ്ങിയവക്കെതിരെ ഇവരില്‍ പലരും പരസ്യമായി രംഗത്ത് വരുന്നില്ലല്ലോ?
നാം സംഘടിപ്പിക്കുന്ന വേദികളിലെത്തുന്ന സാംസ്‌കാരിക നായകര്‍ ഫാഷിസത്തെ ശക്തമായി എതിര്‍ക്കുന്നവരാണ്. പക്ഷേ, അവര്‍ ഭൂരിപക്ഷ സമൂഹത്തോട് ഇത് ഉറക്കെ പറയേണ്ടതുണ്ട്. അതിനുള്ള വേദികള്‍ ഉണ്ടാകേണ്ടതുണ്ട്. അപ്പോഴാണ് അവരുടെ പോരാട്ടം കൂടുതല്‍ ഫലപ്രദമാവുക. മത ന്യുനപക്ഷ വേദികളില്‍ മാത്രം ഫാഷിസ്റ്റ് വിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയാല്‍ അത് പൂര്‍ണമാവുകയില്ല. അതേ സമയം, ഭൂരിപക്ഷ സമൂഹത്തിനിടയിലും ഫാഷിസ്റ്റ് വിരുദ്ധ ആശയങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ സാംസ്‌കാരിക നായകരും സാമൂഹിക പ്രവര്‍ത്തകരും തയാറാകണം. ഈ കാലഘട്ടത്തില്‍ കൂടുതല്‍ ഗൗരവത്തില്‍, പ്രതിജ്ഞാബദ്ധമായി ഇക്കാര്യം അവര്‍ ഏറ്റെടുക്കണം.
ആത്മവിശ്വാസത്തോടെ പോരാടണം എന്ന് താങ്കള്‍ സൂചിപ്പിക്കുകയുണ്ടായി. ഫാഷിസം ശക്തിപ്പെടുമ്പോള്‍, ചിലര്‍ക്കെങ്കിലും ആത്മവിശ്വാസം ചോര്‍ന്നു പോകും. ഇന്ത്യാ വിഭജനകാലത്തെ മതപരിത്യാഗത്തിന്റെ സാഹചര്യം, ഹിന്ദുത്വ ഫാഷിസത്തിന്റെ കാലത്തും പുനഃപ്രവേശം ചെയ്‌തേക്കാം. മുസ്‌ലിം സമുദായത്തില്‍ നിരാശാബോധവും ശക്തിപ്പെടാം. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ മുന്‍ വൈസ് ചാന്‍സ്‌ലറുടെ ശബരിമല ദര്‍ശനം ഉദാഹരണം. ഈ ദുരവസ്ഥകളെ എങ്ങനെ നേരിടാം?
ഒരു മുസ്‌ലിമിനെ സംബന്ധിച്ച് അവന്റെ ഏറ്റവും വലിയ ശക്തി അല്ലാഹുവിലുള്ള വിശ്വാസവും മത ബോധവുമാണ്. അതില്‍ ദൗര്‍ബല്യമുണ്ടാകുമ്പോഴാണ് മറ്റുള്ളവരെ പ്രീണിപ്പിക്കാനുള്ള മനസ്സ് വരുന്നത്. ഇതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകും. വിശ്വാസമാണ് നമ്മുടെ കരുത്ത്. ഇസ്‌ലാമിക ചരിത്രം പഠിപ്പിക്കുന്നതും അതാണ്. വലിയ ഭൗതിക ശക്തിയുള്ള ശത്രുക്കള്‍ക്കെതിരെ മുസ്‌ലിംകള്‍ വിജയിച്ചത് വിശ്വാസവും മനഃശക്തിയും കൊണ്ടാണ്. ഇത്തരം മുസ്‌ലിം വിജയങ്ങളെക്കുറിച്ച് നിരീക്ഷിച്ച് പഠിച്ചിട്ടുള്ള സാമൂഹിക ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്, വിശ്വാസ പ്രചോദിതമായ മനഃശക്തിയും ആത്മവിശ്വാസം നിറഞ്ഞ പോരാട്ടവുമാണ് കാരണം എന്നത്രെ. പ്രാര്‍ഥനകളും പോരാട്ട വീര്യം നല്‍കിയ പ്രധാന ഘടകം തന്നെയാണ്.
'നിങ്ങള്‍ ക്ഷമ മുറുകെപ്പിടിച്ചും നമസ്‌കരിച്ചും അല്ലാഹുവിനോട് സഹായം തേടുക' എന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. ഏറ്റവും ശ്രേഷ്ഠമായ കര്‍മം നമസ്‌കാരമാണല്ലോ. പക്ഷേ, ഖുര്‍ആന്‍ നമസ്‌കാരത്തിന്റെ മുമ്പ് സഹനശക്തിയെ (സ്വബ്ര്‍) കുറിച്ചാണ് പറഞ്ഞത്. എടുത്തു ചാട്ടങ്ങളില്ലാതെ, ക്ഷമാപൂര്‍വം കാര്യങ്ങള്‍ മനസ്സിലാക്കി മുന്നോട്ടു പോകണം എന്നാണ് പറഞ്ഞത്. ഇത് യഥാവിധി നടപ്പാകണമെങ്കില്‍ ഒരു നേതാവ്, 'അമീര്‍' നമുക്കുണ്ടാകണം. അമീറിന്റെ ആഹ്വാനമനുസരിച്ചാണ് നാം പ്രവര്‍ത്തിക്കേണ്ടത്. എല്ലാവരും നേതാവാകുന്ന അവസ്ഥ ദോഷമുണ്ടാക്കും. എല്ലാ അമീറുമാരെയും ഉള്‍ക്കൊള്ളുന്ന പൊതു പ്ലാറ്റ്‌ഫോമാണ് ഉണ്ടാകേണ്ടത്. എല്ലാവരും ഒരുമിച്ച് നില്‍ക്കുന്ന, ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കുന്ന, സമുദായത്തിനകത്തെ ആ പൊതു പ്ലാറ്റ്‌ഫോമിനെ നാം അമീറായി സ്വീകരിച്ച് മുന്നോട്ട് പോകണം.
എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ സംഘടനാ നേതൃത്വങ്ങള്‍ക്ക് ഉണ്ടാകേണ്ട യോഗ്യത എന്താണ്?
വിശാലമായ മനസ്സാണ് മുസ്‌ലിം സംഘടനാ നേതൃത്വങ്ങള്‍ക്ക് ഉണ്ടാകേണ്ടത്. എങ്കിലേ എല്ലാവരെയും ഉള്‍ക്കൊള്ളാനാകൂ. അണികളുടെ വികാരത്തിനനുസരിച്ച് നില്‍ക്കുകയല്ല നേതൃത്വം ചെയ്യേണ്ടത്. അണികള്‍ക്ക് വിവേകം പറഞ്ഞു കൊടുക്കലാണ് നേതൃത്വത്തിന്റെ ചുമതല. ഏതു വിഭാഗത്തില്‍ പെട്ടവരായാലും അണികള്‍ പൊതുവെ, വികാരഭരിതരായിരിക്കും. അണികളെ ഭരിക്കുന്നത് വൈകാരികതയായിരിക്കും. അണികള്‍ക്കൊത്ത് നിന്നാല്‍ നേതൃത്വത്തിന് കാലിടറും. നേത്യത്വം പക്വതയോടെ അണികളെ ഉപദേശിക്കാനും തിരുത്താനും തയാറാകണം. അണികളുടെ കൈയടി പ്രതീക്ഷിച്ച് നേതൃത്വം തീരുമാനങ്ങളെടുക്കരുത്. അണികള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയാണ് നേതൃത്വത്തിന്റെ ബാധ്യത. വിശാല മനസ്സ് ചുരുങ്ങുമ്പോഴാണ് പരസ്പരം കൂടിയിരിക്കാന്‍ സംഘടനകള്‍ക്ക് കഴിയാതിരിക്കുന്നത്. ഇത് തിരുത്താന്‍ നമ്മുടെ നേതാക്കള്‍ക്ക് സാധിക്കും.
Comments