Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 05

3262

1444 മുഹര്‍റം 07

മലകളും അമാനത്തും തമ്മിലെന്ത്?

നൗഷാദ് ചേനപ്പാടി

വാക്കും പൊരുളും /

'ആകാശ-ഭൂമികളുടെയും പര്‍വതങ്ങളുടെയും മുമ്പില്‍ നാം ഈ അമാനത്ത് വെച്ചുകൊടുത്തു. അപ്പോള്‍ അതേറ്റെടുക്കാന്‍ അവ വിസമ്മതിക്കുകയായിരുന്നു. അവയതിനെ ഭയപ്പെട്ടു. പക്ഷേ, മനുഷ്യന്‍ അതേറ്റെടുത്തു. എന്നിട്ട് അവനിതാ മഹാ അക്രമിയും അവിവേകിയുമായിത്തീര്‍ന്നിരിക്കുന്നു' (അല്‍അഹ്‌സാബ് 72).
ഇവിടെ അല്ലാഹു അമാനത്ത് (ഉത്തരവാദിത്വം) ആകാശഭൂമികളുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അതോടൊപ്പം മലകളെയും എടുത്തു പറഞ്ഞിരിക്കുന്നു. ചോദ്യം ഇതാണ്: മലകള്‍ ഭൂമിയില്‍പെട്ടതായിരിക്കെ എന്തിനാണവയെ പ്രത്യേകം എടുത്തു പറഞ്ഞത്? അതിന്റെ സാംഗത്യം എന്ത്?
ഒരു വിഷയത്തില്‍ പൊതുവായ  തിനെ പറഞ്ഞതിന് തൊട്ടുടനെ അതില്‍നിന്ന് സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നതിനെഎടുത്തു പറയല്‍ ഖുര്‍ആന്റെ ഒരു ശൈലിയാണ്. ഉദാഹരണം:

حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَىٰ (البقرة : ٢٣٨)

ഇവിടെ നമസ്‌കാരങ്ങളെ സൂക്ഷിച്ചു പാലിക്കുവാന്‍ കല്‍പിച്ചതിനുശേഷം ('അത്വ്ഫി'ന്റെ വാവിനുശേഷം) തൊട്ടുടനെ 'സ്വലാത്തുല്‍ വുസ്ത്വാ'യെയും അതുപോലെ സൂക്ഷിച്ചു പാലിക്കണമെന്ന് കല്‍പിച്ചിരിക്കുന്നു. ഇവിടെയുടെ സവിശേഷ പ്രാധാന്യം അല്ലാഹു പരിഗണിച്ചാണ് അങ്ങനെ പറഞ്ഞത്. മറ്റൊന്ന്:

مَن كَانَ عَدُوًّا لِّلَّهِ وَمَلَائِكَتِهِ وَرُسُلِهِ وَجِبْرِيلَ وَمِيكَالَ فَإِنَّ اللَّهَ عَدُوٌّ لِّلْكَافِرِينَ (البقرة :٩٨)

ഇവിടെ ജിബ്‌രീലും മീകായീലും (അ) മലക്കുകളില്‍ ഉള്‍പ്പെടുമല്ലോ. എന്നിട്ടും അല്ലാഹുവിന്റെ അടുക്കല്‍ അവരുടെ ആദരണീയതയും സവിശേഷ പ്രാധാന്യവും പരിഗണിച്ച് അവരെ രണ്ടുപേരെയും എടുത്തു പറഞ്ഞിരിക്കുന്നു.
മറ്റൊന്ന്, മലകള്‍ ഈ ഭൂമിക്കു മാത്രം പ്രത്യേകമായ ഒന്നല്ല. പ്രപഞ്ചത്തിലെ എല്ലാ ഗോളങ്ങളിലുമുള്ള പ്രതിഭാസമാണ് എന്നതാണ്. ആകാശഭൂമികളെ പറഞ്ഞപ്പോള്‍ മലകളെയും എടുത്തുപറഞ്ഞത് അക്കാരണംകൊണ്ടുകൂടിയാവാം.
ഭൂമിയിലെ മനുഷ്യന്റെ അമാനത്തിനെ/ഉത്തരവാദിത്ത നിര്‍വഹണത്തെപ്പറ്റിയാണ് ഇവിടെ ചര്‍ച്ചയും ഈ ആയത്തിലെ മുഖ്യ വിഷയവും. ഇവിടെ മലകളെപ്പറ്റി പറയുമ്പോള്‍ അതിന് വളരെ സാംഗത്യവുമുണ്ട്. കാരണം, ഈ ഭൂമിയെ അല്ലാഹു ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നത് മലകളെക്കൊണ്ടാണെന്ന് ഖുര്‍ആനില്‍ പലേടത്തും പറഞ്ഞിട്ടുണ്ട്.
'അവന്‍ ഭൂമിയില്‍ അടിയിലേക്കാഴ്ന്നിറങ്ങി നില്‍ക്കുന്ന പര്‍വതങ്ങളെ ഇട്ടുറപ്പിച്ചു, അവ നിങ്ങളെയുംകൊണ്ട് ചാഞ്ഞുപോകുമെന്നതിനാല്‍' (അന്നഹ്ല്‍ 15).
'ആഴ്ന്നിറങ്ങി നില്‍ക്കുന്ന പര്‍വതങ്ങളെ നാം ഉണ്ടാക്കിവെച്ചു, ഭൂമി അവരെയുംകൊണ്ട് ഉലഞ്ഞു പോകാതിരിക്കാന്‍' (അല്‍അമ്പിയാഅ് 31).
ഇമാം തിര്‍മിദി ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം: 'അല്ലാഹു ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് അങ്ങോട്ടുമിങ്ങോട്ടും ചായാനും ചരിയാനും തുടങ്ങി. അപ്പോള്‍ അതില്‍ പര്‍വതങ്ങളെ സൃഷ്ടിച്ചുകൊണ്ട് ഭൂമിയെ ഉറപ്പിച്ചു നിര്‍ത്തി. അങ്ങനെ മലകളുടെ കാഠിന്യവും ശക്തിയും കണ്ട് മലക്കുകള്‍ അത്ഭുതം കൂറി.'
അപ്പോള്‍ ഭൂമിയുടെ സ്ഥിരതയിലും ചായാതേയും ചരിയാതെയുമുള്ള അതിന്റെ ഉറപ്പിലും നൈരന്തര്യത്തിലും മലകള്‍ക്കാണ് മുഖ്യ പങ്കും സവിശേഷ പ്രാധാന്യവും.
അതേപോലെ ഈ ഭൂമിയിലെ മനുഷ്യജീവിതത്തിന്റെ നിലനില്‍പും സുസ്ഥിരതയും ഈ ഭൂമിയുടെ പ്രകൃതിയോടുള്ള താളൈക്യത്തിലും അവന്‍ ഏറ്റെടുത്ത 'അമാനത്തി'നെ ശരിയായും വേണ്ടുംവണ്ണവും പാലിക്കുന്നതിലും കൊണ്ടുനടത്തുന്നതിലുമാണ്. മലകളാല്‍ ഭൂമി ചായാതെയും ചരിയാതെയും ഉറച്ചുനിന്നതുപോലെ ഈ അമാനത്തുകൊണ്ടാണ് മനുഷ്യജീവിതവും ഈ ഭൂമിയില്‍ അങ്ങോട്ടുമിങ്ങോട്ടും ആടിയുലയാതെ ഉറപ്പിലും സ്ഥിരതയിലും നിലനില്‍ക്കേണ്ടത്. ഇല്ലെങ്കില്‍ മനുഷ്യനും ഈ ഭൂമിക്കും അതിലെ എല്ലാ ജീവജാലങ്ങള്‍ക്കും ഉലച്ചില്‍ സംഭവിക്കുകയും അങ്ങനെ നശിക്കുകയും ചെയ്യും. അമാനത്തെന്നാല്‍ പ്രപഞ്ചത്തെക്കാള്‍ ഉറപ്പായ സത്യവചനത്തെ ഈ ഭൂമിയില്‍ സാക്ഷാല്‍ക്കരിക്കലാണ്, മനുഷ്യജീവിതത്തില്‍ അതിനെ പ്രയോഗവല്‍ക്കരിക്കലാണ്. ഈ വചനത്തെപ്പറ്റി അല്ലാഹു പറയുന്നു: 'ഉറപ്പായ വചനങ്ങളാല്‍ സത്യവിശ്വാസികളെ അല്ലാഹു ഈ ലോകജീവിതത്തിലും  പരലോക ജീവിതത്തിലും ഉറപ്പിച്ചു നിര്‍ത്തുന്നു' (ഇബ്‌റാഹീം 27).
അപ്പോള്‍ അല്ലാഹുവിന്റെ ഏകത്വത്തെ ഉദ്്‌ഘോഷിക്കുന്ന സത്യവചനമാണ് ഇവിടെ 'ഉറപ്പായ വചനം' - (അല്‍ഖൗലുസ്സാബിത്ത്). ഈ ലോകത്ത്   അതിന്റെ സാക്ഷാല്‍ക്കാരമാണ് മനുഷ്യജീവിതത്തിന്റെ ഉറപ്പിന്റെയും സ്ഥിരതയുടെയും നൈരന്തര്യത്തിന്റെയും ഗ്യാരണ്ടി. ഇല്ലെങ്കില്‍ മനുഷ്യന്റെ മുഖ്യശത്രുവായ ഇബ്‌ലീസും അവന്റെ നേതൃത്വത്തിലുള്ള അസംഖ്യം മതങ്ങളും ഇസങ്ങളും അവന്റെ തന്നെ ദേഹേഛകളും മനുഷ്യജീവിതത്തെ ആടിയുലച്ച് നശിപ്പിച്ചുകളയും. ഈ 'കലിമത്തുത്തൗഹീദി'ന്റെ സാക്ഷാല്‍ക്കാരം എന്നത് മനുഷ്യന്റെ ആത്മീയ രംഗത്തു മാത്രമല്ല. അതിനു മാത്രമായിരുന്നെങ്കില്‍ ഇവിടെ മലക്കുകളുണ്ട്. അവരത് അല്ലാഹുവിനോട് പറയുകയും ചെയ്തതാണ്. അവന്റെ ആത്മീയതയുടെ അടിത്തറയില്‍ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സകല രംഗങ്ങളിലും ഈ സത്യവചനത്തെ സാക്ഷാല്‍ക്കരിക്കുകയാണ് അമാനത്ത് ഏറ്റെടുത്ത് നിര്‍വഹിക്കുന്നതിന്റെ അനിവാര്യമായ താല്‍പര്യം.
അതില്‍ ഏറ്റവും മുഖ്യമാണ് രാഷ്ട്രീയ രംഗം. അതിന്റെ നിയന്ത്രണത്തിലാണ് മനുഷ്യജീവിതത്തിന്റെ ഏത് മേഖലയും. ഈ സത്യവചനത്തിന്റെ അടിത്തറയിലുള്ള അമാനത്തിനെ അതിന്റെ വക്താക്കള്‍ ഏറ്റെടത്ത് ഈ ഭൂമിയില്‍ നിറവേറ്റിയില്ലെങ്കില്‍, സാക്ഷാല്‍ക്കരിച്ചില്ലെങ്കില്‍ ഇബ്‌ലീസിന്റെ നേതൃത്വത്തിലുള്ള 'അസത്യവചനത്തി'
ന്റെ സംഘമായിരിക്കും ഈ ഭൂമിയുടെ അധികാരവും നിയന്ത്രണവും ഏറ്റെടുത്ത് നടത്തുക. അപ്പോഴാണ് മനുഷ്യജീവിതം ഗതികിട്ടാപ്രേതത്തെപ്പോലെ ആടിയുലയുകയും നാശത്തെ അഭിമുഖീകരിക്കുകയും ചെയ്യുക. ഇന്നു നാം നേരിടുന്നതും അനുഭവിക്കുന്നതും അതുതന്നെ. ഈ ലോകത്ത് 'കലിമത്തുന്‍ ത്വയ്യിബ'യുടെ അഥവാ 'കലിമത്തുന്‍ സാബിത്ത'യുടെ ആധിപത്യവും നിയന്ത്രണവും നേതൃത്വവുമേ ഉണ്ടാവാന്‍ പാടുള്ളൂ. എന്നാല്‍, അതിന്റെ വക്താക്കള്‍ അതിനെ പ്രാര്‍ഥനയിലും കൈകെട്ടിലും വിരലനക്കത്തിലും തലപ്പാവിലും ദിക്‌റിലും താടിയിലും ഒതുക്കി  ഏതെങ്കിലും മൂലയിലേക്ക് ചുരുണ്ടുകൂടുമ്പോള്‍ 'ഗൈറു സാബിത്താ'യ 'കലിമത്തുന്‍ ഖബീസ' ഈ ലോകത്തിന്റെ ആധിപത്യവും നിയന്ത്രണവും നേതൃത്വവും ഏറ്റെടുക്കുകയും കലിമത്തുന്‍ ത്വയ്യിബയുടെ വക്താക്കളെയടക്കം അടക്കി ഭരിക്കുകയും, അതിന്റെ നാനാവിധ പീഡനങ്ങള്‍ അനുഭവിപ്പിക്കുകയും ചെയ്യും; ഇന്നനുഭവിക്കുന്നതുപോലെ.
ആകാശവും ഭൂമിയും മലകളും നശിച്ചുപോയാലും ഈ 'കലിമത്തുന്‍ സാബിത്ത' ശാശ്വതമായി നിലനില്‍ക്കും; അതിന്റെ വക്താക്കളെ അനശ്വരമായ പരലോകത്ത് ഉറപ്പിച്ചുനിര്‍ത്തും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്- സൂക്തം: 48-51
ടി.കെ ഉബൈദ്‌

ഹദീസ്‌

മര്‍മത്തില്‍ തൊടുന്ന മുന്നറിയിപ്പുകള്‍
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്