സാമ്പത്തിക പ്രതിസന്ധിയും ജനജീവിതവും
കൊറോണയുടെ താണ്ഡവത്തില്‍ ആടിയുലഞ്ഞ ലോക സമ്പദ്ഘടന രോഗവ്യാപനം കുറഞ്ഞതോടെ ഒരുവിധം നേരെയായി വരുന്ന സന്ദര്‍ഭത്തിലാണ് റഷ്യ യുക്രെയ്നെ കടന്നാക്രമിച്ചത്. ഇത് വികസ്വര രാഷ്ട്രങ്ങളുടെ നടുവൊടിക്കുമെന്നും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പറ്റാത്ത സ്ഥിതിയിലെത്തുമെന്നും പ്രവചിക്കാന്‍ വിദഗ്ധരുടെ പാനല്‍ റിപ്പോര്‍ട്ടൊന്നും ആവശ്യമില്ല. ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നതും അതാണ്. ഏകാധിപത്യം ജനജീവിതത്തെ വരിഞ്ഞ് മുറുക്കുന്ന ഈജിപ്ത് പോലുള്ള രാജ്യങ്ങളില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പല നാടുകളില്‍നിന്നും പട്ടിണി മരണങ്ങള് തന്നെ റിപ്പോര്‍ട്ട് ചെയ്തേക്കാം. ഇത്തരമൊരു തകര്‍ച്ചക്ക് പ്രത്യക്ഷ നിമിത്തമായ റഷ്യ അതിന്റെ സമ്പദ് ഘടന പന്ത്രണ്ട് ശതമാനത്തിലധികം ചുരുങ്ങുന്നത് കാണേണ്ടി വരുമെന്നായിരുന്നു മറ്റൊരു പ്രവചനം. അത് വലിയൊരു തകര്‍ച്ച തന്നെയായിരിക്കുമെന്നും പാശ്ചാത്യ പഠനകേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്കി.
പക്ഷേ, ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അവസാനം പറഞ്ഞ പ്രവചനത്തിന് വിരുദ്ധമായ കാര്യങ്ങളാണ്. റഷ്യയുടെ യുക്രെയ്ന് ആക്രമണം അഞ്ച് മാസം പിന്നിടുമ്പോഴും കാര്യമായ സാമ്പത്തിക പ്രഹരമൊന്നും റഷ്യക്ക് ഏറ്റതായി കാണുന്നില്ല. റഷ്യന്‍ കറന്‍സിയായ റൂബിളിന് കടലാസ് വിലയേ ഉണ്ടാവൂ എന്ന അതിമോഹത്തിനും തിരിച്ചടിയേറ്റു. അമേരിക്കയുടെയും യൂറോപ്പിന്റെയും സാമ്പത്തിക ഉപരോധങ്ങളൊന്നും കാര്യമായി ഏശുന്നില്ല എന്ന സൂചനയാണ് ഇത് നല്‍കുന്നത്. എന്ന് മാത്രമല്ല, റഷ്യക്ക് നല്ല സാമ്പത്തിക സുസ്ഥിതിയുണ്ടായിരുന്ന കാലത്തെക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണത്രെ ഇപ്പോള്‍ റൂബിള്‍ കാഴ്ചവെക്കുന്നത്. ഒരു പക്ഷേ, ഇതൊരു താല്‍ക്കാലിക പ്രതിഭാസമാണെന്നും വൈകാതെ, പ്രവചിക്കപ്പെട്ട തകര്‍ച്ച ഉണ്ടാകുമെന്നും നമുക്ക് ആശ്വസിക്കാമെന്ന് മാത്രം.
റഷ്യ-യുക്രെയ്ന് യുദ്ധം ആ മേഖലയില്‍ ഒതുങ്ങുമെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ വികസ്വര രാജ്യങ്ങളെ നന്നായി കഷ്ടപ്പെടുത്തുമെന്നുമുള്ള കണക്ക് കൂട്ടലിലായിരുന്നു പാശ്ചാത്യ സാമ്പത്തിക വിദഗ്ധര്‍. 'മൂന്നാം ലോക' വികസ്വര രാജ്യങ്ങള്‍ നന്നായി ഞെരുങ്ങുന്നുണ്ടെന്നത് വാസ്തവം തന്നെ. പക്ഷേ, ഇപ്പോഴത്തെ നിലവെച്ചു നോക്കിയാല്‍ റഷ്യ-യുക്രെയ്ന് യുദ്ധം ഏറ്റവും വലിയ ആഘാതമേല്‍പ്പിച്ചത് യൂറോപ്യന്മാര്ക്ക് തന്നെയാണെന്ന് ബോധ്യമാവും. അമേരിക്കയില്‍ പോലും പണപ്പെരുപ്പം അതിരൂക്ഷമാണ്.
ബ്രിട്ടന്റെ കാര്യം എടുക്കുക. ബ്രിട്ടീഷ് മാധ്യമങ്ങളുടെ തന്നെ റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടക്ക് ഇത്ര ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ആ രാജ്യം അഭിമുഖീകരിച്ചിട്ടില്ലത്രെ. പണപ്പെരുപ്പം പത്ത് ശതമാനത്തിനടുത്ത് എന്ന് ഗവണ്മെന്റ് വക്താവ് തന്നെ പറയുമ്പോള്‍, വിലക്കയറ്റത്തിന്റെ തോത് ഊഹിക്കാവുന്നതേയുള്ളൂ. യൂറോപ്പിലെ ഏറ്റവും ശക്തമെന്ന് അറിയപ്പെടുന്ന ജര്‍മന്‍ സമ്പദ് ഘടനയും പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന അന്ധാളിപ്പിലാണ്. റഷ്യ-യുക്രെയ്ന് യുദ്ധം തുടങ്ങിയ ശേഷം വിലക്കയറ്റത്തെക്കുറിച്ച് മാത്രമാണ് ജര്‍മന്‍ പൊതുസമൂഹം സംസാരിക്കുന്നത്. യൂറോപ്പിലെ മികച്ച സമ്പദ്ഘടനകളുടെ സ്ഥിതി ഇതാണെങ്കില്‍ ഗ്രീക്ക്, സ്പാനിഷ്, ബള്‍ഗേറിയന്‍, പോളിഷ് സമ്പദ് ഘടനകളുടെ സ്ഥിതി എന്തായിരിക്കുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ. ചൈനയുടെ 'ബെല്‍റ്റ് ആന്റ് റോഡ്' മെഗാ പദ്ധതി വികസ്വര രാഷ്ട്രങ്ങളെ (ഉദാഹരണം ശ്രീലങ്ക) വന്‍ കടക്കെണിയിലേക്ക് തള്ളിവിടുമെന്ന ആശങ്കയും ശക്തമാണ്. നമ്മുടെ നാട്ടിലും സ്ഥിതി ഒട്ടും ആശാവഹമല്ല. പണപ്പെരുപ്പം ജനജീവിതം ദുസ്സഹമാക്കുമ്പോഴും അതിനെ പിടിച്ച് കെട്ടാന്‍ ഭരണകൂട മെഷിനറികളെ സജ്ജമാക്കുന്നതിന് പകരം, പ്രതിപക്ഷ കക്ഷികള്‍ നയിക്കുന്ന സംസ്ഥാന ഭരണകൂടങ്ങളെ എങ്ങനെ അട്ടിമറിക്കാമെന്ന ഒരൊറ്റ ചിന്തയേ കേന്ദ്രം ഭരിക്കുന്ന കക്ഷിക്കുള്ളൂ. അതുണ്ടാക്കുന്ന സാമൂഹിക സംഘര്‍ഷങ്ങളും രാഷ്ട്രീയ അസ്ഥിരതയും ഏറ്റവുമാദ്യം ബാധിക്കുക സമ്പദ് ഘടനയെ തന്നെയാണ്. മറുവശത്ത്, പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന നവ ലിബറല്‍ നയങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇതെല്ലാം സൃഷ്ടിക്കുന്ന സാമൂഹിക, സാമ്പത്തിക അരക്ഷിതാവസ്ഥ ഉയര്‍ത്തിക്കാട്ടി ജനങ്ങളെ അണിനിരത്താന്‍ പ്രതിപക്ഷത്തിന് ശേഷിയില്ല എന്നതാണ് നമ്മുടെ ജനാധിപത്യം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന്.
Comments