വീണ്ടെടുപ്പിനൊരുക്കമോ മതേതര പ്രതിപക്ഷം?
ഒഡിഷയില്‍ നിന്നുള്ള സന്താള്‍ വനിത ദ്രൗപദി മുര്‍മു ഇന്ത്യയുടെ പ്രഥമ വനിതയായി തെരഞ്ഞെടുക്കപ്പെട്ടത് രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തില്‍ സവിശേഷമായി അടയാളപ്പെടുത്തേണ്ടതാണ്. ജാതിയോ സമുദായമോ ലിംഗമോ പരിഗണിക്കാതെ ആര്‍ക്കു നേരെയും രാഷ്ട്രപതിഭവന്റെ കവാടം തുറന്നുകിടക്കുന്നു എന്ന സന്ദേശം ഇന്നത്തെ ലോകസാഹചര്യങ്ങളില്‍ മാനവികതക്ക് നല്‍കുന്ന പിന്‍ബലം ചെറുതല്ല. ആ നിലക്ക് കൂടി ഇന്ത്യ ഭരിക്കുന്ന തീവ്രവലതുപക്ഷ സഖ്യം അനല്‍പമായ ആശ്വാസത്തോടെയാവും 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങുന്നത്. ഹൈന്ദവരിലെ തന്നെ സവര്‍ണ ജാതികളെയാണ് തങ്ങള്‍ പ്രതിനിധീകരിക്കുന്നതെന്ന പ്രചാരണത്തിന് തടയിടാന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് വഴിയൊരുക്കിയിരിക്കുന്നു. മതേതര ജനാധിപത്യ കക്ഷികളുടെ ഏകീകരണം വിദൂര സാധ്യത പോലുമല്ലെന്ന് തെളിയിക്കാനും ഹിന്ദുത്വ ശക്തികള്‍ക്കിത് മൂലം സാധ്യത തുറന്നിരിക്കുന്നു. നേരത്തെ തന്നെ ദേശീയ നിലപാടുകളില്‍ ബി.ജെ.പിയോടൊപ്പംനിന്ന ഒഡിഷയിലെ ബിജു ജനതാദള്‍, തമിഴ്‌നാട്ടിലെ അണ്ണാ ഡി.എം.കെ, ആന്ധ്രയിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളോടൊപ്പം കര്‍ണാടകയിലെ ജനതാദള്‍ എസും ഝാര്‍ഖണ്ഡിലെ ജെ.എം.എമ്മും വടക്ക് പടിഞ്ഞാറന്‍ മേഖലകളിലെ പ്രാദേശിക പാര്‍ട്ടികളും മഹാരാഷ്ട്രയിലെ ശിവസേനയുമൊക്കെ കാവിപ്പടയോടൊപ്പം നിന്നത് ഭാവിയിലെ ചൂണ്ടുപലകയായി വിലയിരുത്തപ്പെടാം. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിലെ ഉള്‍പ്പെടെ 17 എം.പിമാരും 125 എം.എല്‍.എമാരും കളംമാറിച്ചവിട്ടിയത് പ്രതിപക്ഷത്തിന്റെ മൗലിക ദൗര്‍ബല്യങ്ങളെ ഒരിക്കല്‍ കൂടി അനാവരണം ചെയ്തു. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്താമായിരുന്നിട്ടും ആ ഓപ്ഷന്‍ ഒഴിവാക്കി പ്രതിപക്ഷ ഗ്രൂപ്പുകളുടെ പൊതുസ്ഥാനാര്‍ഥിയായി തൃണമൂല്‍ കോണ്‍ഗ്രസ് അവതരിപ്പിച്ച യശ്വന്ത് സിന്‍ഹയെ പിന്താങ്ങാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് യാഥാര്‍ഥ്യബോധവും വിട്ടുവീഴ്ചയും തന്നെയായിരുന്നു. എന്നിട്ടും ശക്തമായ ഒരു പ്രതിപക്ഷത്തിന്റെ അരങ്ങേറ്റത്തിന് നാന്ദികുറിക്കാന്‍ കഴിയാതെ പോയത്, കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ പ്രഖ്യാപിത പരിപാടിയും തുടര്‍ന്ന് ഇതര പ്രതിപക്ഷ ഗ്രൂപ്പുകളെ സൗഹൃദത്തിലാക്കി കൂടെ കൂട്ടാനുള്ള തന്ത്രങ്ങളും ഇ.ഡി പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള വേട്ടയും കാരണമാണ്.
സര്‍ക്കാര്‍ യന്ത്രവും പാര്‍ലമെന്റും ജുഡീഷ്യറിപോലും ആസൂത്രിതമായുപയോഗിച്ചു മോദി-അമിത് ഷാ കൂട്ടുകെട്ട് നടത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വസ്റ്റേറ്റ് നിര്‍മിതി സ്വാഭാവിക പരിണതിയിലേക്ക് നീങ്ങവെ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മതനിരപേക്ഷ ജനാധിപത്യ പാര്‍ട്ടികളോ ഭരണഘടനാ വിദഗ്ധരോ മനുഷ്യാവകാശ പ്രസ്ഥാനങ്ങളോ, സര്‍വോപരി ഒന്നാം നമ്പര്‍ ഇരകളായ മതന്യൂനപക്ഷങ്ങളോ ഇനിയും വേണ്ടത്ര ബോധവാന്മാരല്ല എന്ന് വേണം മനസ്സിലാക്കാന്‍. കീഴ്‌ക്കോടതികളും ഹൈക്കോടതികളും സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ കണ്ടറിഞ്ഞു വിധികള്‍ പുറപ്പെടുവിക്കുന്നതില്‍ ഒട്ടൊക്കെ പാകപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പോലീസിന്റെ സമ്പൂര്‍ണ വിധേയത്വം സംഘ്പരിവാറിന്റെ അജണ്ട നിര്‍വിഘ്‌നം നടപ്പാക്കുന്നതില്‍ പ്രകടമാണ്. ഏതോ കാലത്ത് പുറത്തിറങ്ങിയ സിനിമയിലെ ഡയലോഗ് സാന്ദര്‍ഭികമായി ഉപയോഗിച്ചത് തന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തി എന്നാരോപിച്ച് ഒരു മതഭ്രാന്തന്‍ ഫയല്‍ ചെയ്ത ഹരജിയുടെ പിന്‍ബലത്തില്‍ പ്രഗത്ഭനായ ഒരു മാധ്യമ പ്രവര്‍ത്തകനെ പിടികൂടി യു.എ.പി.എ ചുമത്തി ജയിലിലടച്ച നടപടി സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഏറ്റവും ഒടുവില്‍ തടയിടപ്പെട്ടത്. എത്രപേര്‍ക്ക് ഇതുപോലുള്ള പരാതികളില്‍ പരമോന്നത കോടതിയെ സമീപിക്കാന്‍ കഴിയും? സമീപിച്ചാലും എത്ര കേസുകളിലാണ് യഥാസമയം നീതി ലഭിക്കുക? ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്ത് സ്വാതന്ത്ര്യ സമര സേനാനികളെ വിലങ്ങ് വെക്കാന്‍ പടച്ചുണ്ടാക്കിയ രാജ്യദ്രോഹക്കുറ്റം സ്വതന്ത്ര ജനാധിപത്യ ഇന്ത്യയില്‍ എത്ര ലാഘവ ബുദ്ധിയോടെയാണ് ഭരണകൂടങ്ങള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് നേരെ പ്രയോഗിച്ചത്! തല്‍ക്കാലം സുപ്രീം കോടതി ആ ദുര്‍വിനിയോഗം മരവിപ്പിച്ചുവെങ്കിലും രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍ എന്ന വകുപ്പ് യു.എ.പി.എയില്‍ തുടരുന്നേടത്തോളം സര്‍ക്കാറുകള്‍ക്ക് വേറെ വഴികള്‍ തേടേണ്ടതില്ല.
വിദ്വേഷ പ്രചാരണവും നീതിനിഷേധവും നിത്യ സംഭവങ്ങളായി മാറിക്കഴിഞ്ഞിരിക്കെ ഫാഷിസത്തിനെതിരെ ജനാധിപത്യ പാര്‍ട്ടികളുടെ കൂട്ടായ ചെറുത്ത് നില്‍പിലൂടെ മാത്രമേ വല്ലതും ഫലപ്രദമായി ചെയ്യാനാവൂ എന്നെല്ലാവരും സമ്മതിക്കുന്നു. പക്ഷേ, വിശാലമായ ദേശീയ താല്‍പര്യങ്ങള്‍ മുന്‍നിറുത്തി വിട്ടുവീഴ്ചകള്‍ക്ക് തയാറാവാന്‍ ഒരു പാര്‍ട്ടിയും ഒരുക്കമല്ലെന്നതാണ് ഫാഷിസത്തിന് ആശ്വാസം പകരുന്ന ഘടകം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അനൈക്യം മറനീക്കി പുറത്ത് വന്നു. ഒന്നുകില്‍ പണച്ചാക്കും സ്ഥാനമാനങ്ങളും വെച്ചുനീട്ടിയുള്ള പ്രലോഭനങ്ങള്‍; അല്ലെങ്കില്‍ ഇ.ഡിയെ ഉപയോഗിച്ചുള്ള ഭീഷണി- രണ്ടിലും വീഴാത്ത പാര്‍ട്ടികളോ നേതാക്കളോ ഇന്ത്യയിലുണ്ടെന്ന് ഇനി തെളിഞ്ഞിട്ടുവേണം. ഭൂരിപക്ഷ വോട്ട് നഷ്ടത്തെക്കുറിച്ച ഭീതി രാജ്യമാകെ പടര്‍ത്തുന്നതില്‍ കാവിപ്പട വിജയിച്ചു കഴിഞ്ഞിരിക്കുന്നു. ഏറ്റവും ഒടുവില്‍ മതേതരപരമായ തന്റെ വിശ്വാസ്യതയും പ്രതിബദ്ധതയും ചോദ്യം ചെയ്യപ്പെടാന്‍ കടുകിട അവസരം നല്‍കാത്ത സല്‍മാന്‍ ഖുര്‍ഷിദിനെപ്പോലുള്ള ഒരു മുസ്‌ലിം കോണ്‍ഗ്രസ് നേതാവിന് പോലും പാര്‍ട്ടി നേതൃത്വത്തോട് ചില കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയേണ്ടി വന്നത് കാണാതിരുന്നു കൂടാ.
'രാജ്യത്തെ മുസ്‌ലിംകളോടുള്ള കോണ്‍ഗ്രസ് സമീപനത്തില്‍ കാതലായ മാറ്റം തുറന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്, 'ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലി'യുടെ ജൂലൈ രണ്ട് ലക്കത്തില്‍ 'മതനിരപേക്ഷ സംവാദകര്‍ എന്ന നിലയില്‍ മുസ്‌ലിംകള്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധപ്പെടുത്തിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെടുന്നത്.
കോണ്‍ഗ്രസിന്റെ മതേതര പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഇടത്തരം നേതാക്കള്‍ മടിക്കുകയാണെന്നും മതനിരപേക്ഷതയോട് പ്രധാനമന്ത്രി നരേന്ദ്രമോദി പുലര്‍ത്തുന്ന ശത്രുതാപരമായ നിലപാടിനെ തുറന്നെതിര്‍ക്കാന്‍ വിമുഖത കാട്ടുകയാണെന്നും കത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ജനങ്ങളുടെ താല്‍പര്യത്തിന് എതിരാകുമെന്നതാണ് മോദിയെ വിമര്‍ശിക്കാന്‍ മടിക്കുന്നതിന് അവര്‍ നിരത്തുന്ന ന്യായം. ഇത് അസംബന്ധമാണെന്നും പ്രത്യയശാസ്ത്രമില്ലാതെ എങ്ങനെയും നിന്നുപിഴക്കാനല്ല നമ്മള്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുന്നതെന്നും ഖുര്‍ഷിദ് പറയുന്നു.
രാജസ്ഥാനിലെ ഉദയ്പൂരില്‍ ഖുര്‍ഷിദ് കൂടി പങ്കെടുത്ത കോണ്‍ഗ്രസിന്റെ 'ചിന്തന്‍ ശിബിരി'നു ശേഷമാണ് ഈ കത്ത് പ്രസിദ്ധപ്പെടുത്തിയതെന്നത് ശ്രദ്ധേയമാണ്.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുസ്‌ലിം അംഗങ്ങള്‍ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായ്‌പ്പോകുമെന്ന ഭീഷണിയിലാണെന്ന് അദ്ദേഹം പറയുന്നു. ''പക്ഷേ, നമ്മള്‍ ഒന്നു മനസ്സിലാക്കണം: ഇപ്പോള്‍ ലോക്‌സഭയില്‍ നമ്മുടെ സാന്നിധ്യംപോലും കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും മുസ്‌ലിംകളില്‍ നല്ലൊരു വിഭാഗം നമുക്ക് വോട്ട് തന്നതുകൊണ്ടാണ്. ഉത്തര്‍പ്രദേശിലും ദല്‍ഹിയിലും സ്വീകരിച്ച തന്ത്രം തെറ്റിപ്പോയെന്ന് മുസ്‌ലിംകള്‍ ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്.
അപ്രതീക്ഷിത സംഭവവികാസങ്ങളുടെയും ചില വ്യാമോഹങ്ങളുടെയും അടിസ്ഥാനത്തില്‍ അവര്‍ സ്വീകരിച്ച സമീപനം നമുക്ക് ദോഷമായി മാറി. പക്ഷേ, അതിനര്‍ഥം ന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് മുസ്‌ലിംകളോടുള്ള ബന്ധം പുനഃസ്ഥാപിച്ചുകൊണ്ടല്ലാതെ നമുക്ക് തിരിച്ചുവരവ് സാധ്യമല്ലെന്നാണ്.
മൃദു കാവികൊണ്ട് കാര്യമില്ല. മതനിരപേക്ഷത ഉപേക്ഷിച്ച് ഇന്ത്യ കാവിയിലേക്ക് നീങ്ങിയെന്ന പരാജയം സമ്മതിക്കലുമാകുമിത്. നമ്മള്‍ മുസ്‌ലിം പ്രീണനത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തുവെന്ന ബി.ജെ.പി വിമര്‍ശനത്തിന്റെ കുതന്ത്രത്തില്‍ വീഴാതെതന്നെ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ സഹപ്രവര്‍ത്തകരെ അനുവദിക്കണം'' - അദ്ദേഹം പറയുന്നു. ത്വലാഖ്, 370-ാം വകുപ്പ് എടുത്തു കളയല്‍, പൗരത്വ നിയമം, ദല്‍ഹി കലാപം തുടങ്ങിയ വിഷയങ്ങളില്‍ പല കോണ്‍ഗ്രസ് നേതാക്കളും മടിച്ചുമടിച്ചാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറയുന്നു.
(മാതൃഭൂമി, 2022 ജൂലൈ 16)
ഉദയ്പൂരിലെ ചിന്തന്‍ ശിബിരം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എന്തെങ്കിലും തിരിച്ചറിവുകളോ പുനര്‍വിചിന്തനമോ പ്രദാനം ചെയ്തുവോ? തുടര്‍നടപടികളാണ് തെളിയിക്കേണ്ടത്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിലെ വീണ്ടുവിചാരത്തിന് തെളിവ് നല്‍കുന്നില്ല. രാഹുല്‍ ഗാന്ധിയുടെ ഇടതടവില്ലാത്ത ട്വിറ്റര്‍ ചിന്തകള്‍ അണികളെ ബോധവത്കരിക്കുന്നുന്നെ് കരുതാനും അവസരമൊരുക്കുന്നില്ല. കോഴിക്കോട്ടെ ചിന്തന്‍ ശിബിരം വഴിത്തിരിവാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. മറ്റൊരു മതേതര മുന്നണി തന്നെയായ എല്‍.ഡി.എഫാണ് സംസ്ഥാനത്തെ മുഖ്യപ്രതിയോഗി എന്നതുകൊണ്ട് ദേശീയ തലത്തില്‍ ഫാഷിസത്തെ പ്രതിരോധിക്കുന്നതില്‍ കോഴിക്കോട്ടെ ചിന്തന്‍ ശിബിരം പ്രസ്താവ്യമായ സംഭാവനകളൊന്നും നല്‍കാനുമിടയില്ല.
Comments